Monday, November 23, 2020
കൂടെ ഒരപരിചിതൻ
ഒന്നാമത്തെ പ്രധാന വഴിയുമായി ഈ ക്രോസ് റോഡ് സന്ധിക്കുന്ന സ്ഥലം ജനാലയിലൂടെ കാണാം . ഈ ചെറിയ കോളനിയുടെ ദിനചര്യയുടെ നിമിഷ ദൃശ്യങ്ങൾ അവിടെ പ്രത്യക്ഷപ്പെട്ടു മറയും.
പ്രഭാതത്തിന്‍റെ ഇളംതണുപ്പിൽ ഒരു ബിസ്ക്കറ്റും കടുപ്പമുള്ള കാപ്പിയും നുണഞ്ഞിരിക്കുമ്പോൾ, ഏറെക്കുറെ ഒരേ ക്രമത്തിൽ, ആവർത്തിച്ച്, കാണുന്ന കാഴ്ചകൾ .....
- രാവിലത്തെ വ്യായാമത്തിന്‍റെ ഭാഗമായി, ഒരേ ദിശയിൽ തുടർച്ചയായി പ്രത്യക്ഷപ്പെട്ടു മറയുന്ന മൂന്ന് മലയാളി അയൽക്കാരികൾ -.
- കന്നഡ പാട്ടുകൾ കേൾപ്പിച്ച്, വരുന്ന വാനിൽ നിന്ന് പാൽ കവറുകൾ തൂക്കിയെടുത്ത് വീടുകൾ കയറിയിറങ്ങുന്ന രണ്ട് കുട്ടികൾ
- സൈക്ക്ളിൽ പത്രവുമായി വരുന്ന തമിഴ് നാട്ടുകാരൻ ചെറുപ്പക്കാരൻ …
- തുറന്ന ട്രക്കിൽ, കൈയുറകൾ ധരിക്കാതെ, മാലിന്യം നിറച്ച കവറുകൾ ശേഖരിച്ചും തരം തിരിച്ചും രണ്ടുപേർ ..
- വീടുകൾക്ക് മുന്നിൽ പാർക്ക് ചെbയ്തിരിക്കുന്ന, കാറുകൾ കഴുകി, തുടച്ച്, ഒരു യുവാവ്..
- കൈയിലെ പ്ലാസ്റ്റിക് കവറിലോ തുണി സഞ്ചിയിലോ, ചെടികളിൽ നിന്ന്, പൂജയ്ക്കുള്ള പൂക്കൾ ഇറുത്ത് ശേഖരിച്ച്, രണ്ടോ മൂന്നോ, തറ്റുടുത്ത വൃദ്ധജനങ്ങൾ .. ...
ലെ ഔട്ട് ഉണർന്നെണീക്കുന്ന, മടുപ്പിക്കാത്ത, കാഴ്ചകൾ..
അണ്ണാന്‍റെയും കിളികളുടെയും ചിലയ്ക്കലുകളുടെ പശ്ചാത്തലത്തിൽ, ഇവിടേയ്ക്കാണ് അപരിചിതൻ നടന്നുവന്നത്.
ഇരുവശങ്ങളിലുമുള്ള വീടുകൾ ഒന്നൊന്നായി പിന്നിട്ട്, സംശയമില്ലാത്ത ചുവടുവെപ്പുകളോടെ നടന്നുവന്നപ്പോഴും ഇവിടേയ്ക്കാണെന്നു തോന്നിയില്ല. പരിചയമില്ലാത്ത മുഖവും നടപ്പും...
എതിർവീട്ടിൽ പുതിയ താമസക്കാർ എത്തിയത് രണ്ടാഴ്ച മുൻപാണ്. അവരുടെ ബന്ധുവോ സുഹൃത്തോ ആയിരിക്കാമെന്ന് കരുതി.
അപ്രതീക്ഷിതമായി, ഹൃദ്യമായ ചിരിയോടെ എന്‍റെ നേരെ കൈവീശി കാണിച്ച്, ഗേറ്റ് തുറന്ന്, അപ്പോഴാണ്, അയാൾ, ഒന്നാം നിലയിലെ ഞങ്ങളുടെ വീട്ടിലേയ്ക്കുള്ള പടികൾ കയറിയത് ..
മുകളിലെത്തി, ചിരിച്ച്, അയാള്‍ അഭിവാദ്യം ചെയ്തു:
ശ്രീധരൻ മാഷല്ലേ …? സുപ്രഭാതം!”
“വരൂ…!”
അകത്തേയ്ക്ക് നടന്നുകൊണ്ട് ഞാൻ ക്ഷണിച്ചു.
ഓർമ്മകളിൽ എവിടെയെങ്കിലും അങ്ങനെയൊരു മുഖം തെളിയുന്നുണ്ടോ….?.
അയാളുടെ രൂപത്തിലെ, വ്യക്തമാവാത്ത എന്തോ ഒന്ന്, വ്യക്തമാവാത്ത ഏതോ രീതിയിൽ എന്നെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു:
ഇയാൾ വന്നിരിക്കുന്നത് നല്ല വാർത്തയുമായല്ല..
അന്തരീക്ഷത്തിലെ തണുപ്പിനെ പറ്റി- കോളനിയുടെ ഉറക്കച്ചടവിനെ പറ്റി- എന്തൊക്കെയോ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞുകൊണ്ട് അയാള്‍ കൂടെ വന്നു
സ്വീകരണമുറിയിൽ, വശത്തെ സോഫയിൽ ഇരുന്നു.
മുപ്പത്തഞ്ചിനും നാല്പതിനും ഇടയ്ക്ക് -അതോ നാല്പതിനും നാല്പത്തഞ്ചിനും ഇടയ്‌ക്കോ ?- പ്രായം തോന്നിക്കുന്ന, ശരാശരി പൊക്കവും തടിയുമുള്ള ഒരു സാധാരണ മനുഷ്യൻ.
സംസാരിക്കുന്ന ഭാഷയിൽ നിന്ന് സ്വദേശം ഊഹിക്കാനാവുന്നില്ല.
ഏറെക്കുറെ അച്ചടി ഭാഷ.
“മാഷിന് മനസ്സിലായില്ല...അല്ലേ?”
“....നല്ല പരിചയം തോന്നുന്ന മുഖം ...ശബ്ദം….. പക്ഷേ …..!”.
“നമുക്ക് സംസാരിച്ചിരിക്കാം….മാഷ്ക്ക് ഓർത്തെടുക്കാൻ ആവുന്നില്ലെങ്കിൽ…,..........., ഞാൻ തന്നെ എന്നെ പരിചയപ്പെടുത്താം…”
എന്‍റെ വയറൊന്നാളി…
ഒരു വശത്തേയ്ക്ക് ചുണ്ടുകോട്ടിയുള്ള ചിരി
സംസാരിക്കുമ്പോള്‍ ഉള്ള മുരടനക്കങ്ങള്‍ ..
അംഗവിക്ഷേപങ്ങള്‍
എല്ലാം എന്നോ എവിടെയോ കണ്ടുമറന്നവ.
ഞാൻ ക്ഷമാപണഭാവത്തിൽ ചിരിച്ചു..
“ വയസ്സ് കുറെയായി.. ഓർമ്മപ്പിശകുകളൊക്കെ വന്നുതുടങ്ങേണ്ട പ്രായത്തിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു… ഈയിടെയായി ചിലത് …, വിശേഷിച്ചും, പേരുകൾ…., ഓർമ്മിച്ചെടുക്കാൻ കഷ്ടപ്പെടാറുണ്ട്….”
“......................................”
“ ….നമ്മുടെ പരിചയം എന്ന് ..എവിടെവെച്ചായിരുന്നു എന്ന് മാത്രം സൂചിപ്പിക്കാമോ ?… ഞങ്ങളുടെ ഗ്രാമത്തിൽ വെച്ച്, കുട്ടിക്കാലത്ത്...? പട്ടണത്തിൽ, സ്‌കൂൾ കോളേജ് വിദ്യാഭ്യാസകാലത്ത്….? . സർക്കാർ ഉദ്യോഗകാലത്ത്...? -..? തൃശ്ശൂര്…?. എറണാകുളം ..? തിരുവനന്തപുരം ..? ഇതൊന്നുമല്ലെങ്കിൽ, ഇവിടെ,ബെംഗളൂരുവിൽ താമസമാക്കിക്കഴിഞ്ഞുള്ള ഇക്കഴിഞ്ഞ മൂന്ന് ദശകക്കാലത്ത് ….?”
"പകരം,....ചില അടയാളവാക്യങ്ങളായാലോ,.., മാഷേ.. !"
രാഗിണി മൂന്നോ നാലോ ദിവസത്തേയ്ക്ക്, നഗരത്തിൽ തന്നെയുള്ള അനിയത്തിയുടെ വീട്ടിലേയ്ക്ക് പോയിരിക്കുന്നു അനിയത്തിയോടൊപ്പം താമസിക്കുന്ന അമ്മയ്ക്ക് കൂട്ടായി
ഇടയ്ക്ക്, ഈ മൂന്നോ നാലോ ദിവസത്തെ പരിപാടി, ഒരു പതിവാണ്.
ഇന്നലെ. സംസാരിക്കാൻ ആളില്ലാതെ മുഷിഞ്ഞിരിക്കുകയായിരുന്നു….
അങ്ങനെ ആലോചിക്കുമ്പോൾ, പതിഞ്ഞ ശബ്ദത്തിൽ, പ്രസന്നമായി സംസാരിക്കുന്ന ഈ മനുഷ്യനെ, കടംകഥകളുമായി ഇങ്ങോട്ടയച്ച ശക്തിക്ക് നന്ദി...
"...കേൾക്കട്ടെ… അതിന് മുൻപ്, അടുക്കളയിൽ ബാക്കിയിരിക്കുന്ന കാപ്പി ഒരു ഗ്ലാസ്സിലാക്കി കൊണ്ടുവരാം…"
അയാള്‍ കൈയുയര്‍ത്തി വിലക്കി -
“വേണ്ട, മാഷേ - ഈ സമയത്തൊന്നും പതിവില്ല…”
“ ഒരു ഗ്ലാസ് വെള്ളം …?”
“ഒന്നും വേണ്ട ...മാഷിരിക്കു…….”
നേരെ എതിർവശത്തെ കസേരയിൽ ഞാനിരുന്നു...
“... പേര് ...പറഞ്ഞില്ല....”
മുഖത്തെ ചിരി മായ്ക്കാതെ, വായടച്ച്, എന്തോ ചവയ്ക്കുന്ന മട്ടിൽ, മുഖത്തെ പേശികൾ ചലിപ്പിച്ച്, അയാൾ, അൽപനേരം മിണ്ടാതിരുന്നു.
പിന്നെ കണ്ണിലേക്ക് തന്നെ, ഇമ വെട്ടാതെ നോക്കിക്കൊണ്ട്, ഒരു മുന്നറിയിപ്പിൻറെ മട്ടില്‍, പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു :
“.....ദേവദത്തൻ…….….!”
“ദേ..വ..ദ..ത്ത..ൻ.. ..!..ദേവദത്തൻ …! അത്ര സാധാരണമല്ലാത്ത പേര്.. ……..ആ പേരിൽ എന്തായാലും ഒന്നിലധികം പേരെ എനിക്ക് പരിചയമുണ്ടാവാൻ വഴിയില്ല ...എനിക്ക് സമയം തരു...ഞാൻ ദേവദത്തനെ ഓർത്തെടുത്തോളാം… ………. ദേവന്‍ …….ഞാനങ്ങനെ വിളിക്കാം …….. വന്ന കാര്യം പറയു..”
“ഞാൻ വന്നത് ………, മാഷെ കാണാൻ….”
“..എന്നെ കാണാനോ ?......ഞാനെന്താണ് ദേവന് ചെയ്തുതരേണ്ടത്…?”
“..... അത് പറയണമെങ്കിൽ…., ഞാനെന്നെ പരിചയപ്പെടുത്തണം മാഷേ. നമുക്ക്, ആ സൂചനകളിലേയ്ക്ക് കടക്കാം … “
“...... ആവട്ടെ !”
“ആദ്യത്തേത്…,”
അയാൾ വലതുകൈ കൊണ്ട് ഇടതുകൈയിലെ ചെറുവിരൽ മടക്കി.
".........…കള്ളക്കടത്ത് ള്ള കൂട്ടരാണ്……. കാലൊടിക്കണേ ന്‍റെ, ഗുരുവായൂരപ്പാ..!” കൃത്രിമമായ ശബ്ദത്തിൽ അയാൾ പറഞ്ഞു
ഞാൻ, ചെറിയ അദ്ഭുതത്തോടെ ദേവദത്തനെ നോക്കി-
“ഓർമ്മയുണ്ടോ മാഷക്ക്…?”
“ദാമോദരേട്ട’ന്‍റെ വാക്കുകള്‍………!”
അന്ന് താമസിച്ചിരുന്ന കോളനിയിൽ,ബുധനാഴ്ചകളിൽ, മുടങ്ങാതെ വരാറുണ്ടായിരുന്ന ഭിക്ഷക്കാരന്‍…..
എതിര്‍ വീട്ടുകാർ ഭിക്ഷയില്ലെന്ന് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ക്ഷിപ്രകോപിയായിരുന്ന ദാമോദരേട്ടന്‍ . .
“സംഗതി നടന്നതാണ്….ഒരുപാട് പേരോട്, വ്യത്യസ്ത സന്ദർഭങ്ങളിൽ ഞാനീ കഥ പറഞ്ഞിട്ടുണ്ട്… അതുകൊണ്ട് ….. “
“...മനസ്സിലാവുന്നു…! മാഷക്ക് ഊഹിക്കാനാവുന്നില്ലെന്ന്….അല്ലേ? ...സാരമില്ല...ദാ, അടുത്തത്…”
“..................”
“ 2633!”
“ ഓ, ദേവന്‍..! ….. “
മുഖത്തെ പുഞ്ചിരി മായ്ക്കാതെ, ഇമ ചിമ്മാതെ, ദേവനിരുന്നു . അൽപനേരം എന്റെ നിശബ്ദത അവസാനിക്കാൻ കാത്തിരുന്നു. പിന്നെ, പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു :
“....മാഷേ……!”
“........ അമ്പതിലധികം കൊല്ലങ്ങളായി അതെന്‍റെ പ്രിയപ്പെട്ട സംഖ്യ! ……….. എന്നെ കൂടാതെ അത് ഉറപ്പായി അറിയാവുന്ന ഒരാള്‍ രാഗിണി - ഇനിയൊരാള്‍…….., ആ സംഖ്യ എന്‍റെ ജീവിതത്തിന്‍റെ ഭാഗമായപ്പോള്‍, ഒപ്പമുണ്ടായിരുന്ന സുഹൃത്ത്….! പിന്നെ, ആരോടെങ്കിലുമൊക്കെ… , എപ്പോഴെങ്കിലുമൊക്കെ ……. പറഞ്ഞിട്ടുണ്ടാവാം ... … ….അങ്ങനെയൊരു സംഖ്യയുണ്ടെന്നതില്‍ കവിഞ്ഞ ഒരോര്‍മ്മ …,പക്ഷേ അവര്‍ക്കാര്‍ക്കും ഉണ്ടാവാന്‍ വഴിയില്ല .”
ദേവദത്തന്‍ ചിരിച്ചു . മൂന്നാമത്തെ വിരല്‍ മടക്കി
“ ഇതോ, മാഷേ ?
മത്തനറുത്തു.
കഷണം വെട്ടി.
എരിശ്ശേരി വെച്ചു.
ഊൺ കഴിച്ചു….. ”
വാ പൊളിച്ചിരുന്ന എന്നെ നോക്കി, ഒരു നിമിഷം നിർത്തി, അയാള്‍ തുടർന്നു :
“.....നഖം മുറിച്ചു
കൈ കഴുകി
എന്തൊരു ചന്തം! .. “
.
മൂന്നാംക്ലാസിൽ പഠിക്കുമ്പോൾ, വിഭജിക്കാൻ ഇടച്ചുമരുകളില്ലാത്ത സ്‌കൂളിൽ, അടുത്ത ക്ലാസിന്‍റെ ചെത്തിത്തേയ്ക്കാത്ത, ചുമരിൽ, രണ്ട് കാർഡ്ബോർഡ് പലകകളിൽ, ഒട്ടിച്ച വെള്ള കടലാസിൽ, ഭംഗിയുള്ള കൈപ്പടയിൽ, എഴുതിയിരുന്ന വാക്യങ്ങൾ!
ഏറ്റവും വിദൂരമായ സ്മരണകളിൽ ഒന്ന്-
ഓര്‍മ്മശക്തിയില്‍, പരസ്യമായി അഹങ്കരിക്കാന്‍ പലപ്പോഴും പുറത്തെടുക്കാറുള്ള ഒരായുധം -
“……..എനിക്ക് വ്യക്തമായി ഓർമ്മയുണ്ടെങ്കിലും, പലരോടും- പ്രത്യേകിച്ച്, സുഹൃദ് സദസ്സുകളിൽ, പല തവണ, പറഞ്ഞിട്ടുണ്ടെങ്കിലും……., അവരിലാരെങ്കിലും അത് മുഴുവൻ തെറ്റ് കൂടാതെ ഓർത്ത് വെച്ചിട്ടുണ്ടാകും എന്ന് വിശ്വസിക്കാൻ വയ്യ…. …..എന്‍റെ ഓർമ്മകൾ, ആവർത്തിച്ചാവർത്തിച്ച്, ഏറ്റവും കൂടുതൽ തവണ, കേട്ടിരിക്കുക, തീർച്ചയായും, രാഗിണിയായിരിക്കും ...അവൾക്ക് പോലും, ഇത് കൃത്യമായി ഓർത്തെടുക്കാൻ ആവില്ലെന്നെനിക്ക് ഉറപ്പുണ്ട്…”
ദേവൻ മിണ്ടാതിരുന്നേയുള്ളു
“ഇത് തീര്‍ത്തും അവിശ്വസനീയം….”
അയാളുടെ മുഖത്തെ ചിരി കൂടുകയോ കുറയുകയോ ചെയ്യാതെ നിന്നു. ഇല്ലാത്തതെന്തോ ചവച്ചുകൊണ്ട്, വീണ്ടും അയാൾ ചോദിച്ചു…
“ഇപ്പൊ എന്നെ ഓർക്കാനാവുന്നുണ്ടോ,മാഷേ…?”
“ഇല്ല…! ...ഇത്രയും അടുത്ത് പരിചയമുണ്ടായിരുന്ന ഒരാളെ ഓർമ്മിച്ചെടുക്കാൻ ആവുന്നില്ല എന്നതിലേറെ എന്നെ ആശ്ചര്യപ്പെടുത്തുന്നത്, തെറ്റാതെ ചൊല്ലിയ ആ നാലഞ്ചു കുഞ്ഞുവാക്യങ്ങൾ നിങ്ങൾ ഓർത്തിരിക്കുന്നു എന്ന വസ്തുതയാണ്….”
“ഒരേയൊരു ഓർമ്മ കൂടിയേ ഞാൻ പങ്ക് വെയ്‌ക്കു …. “
കാരണം വ്യക്തമാക്കാനാവാത്ത ഒരു ഭയം എന്നെ ഗ്രസിച്ചു ”
“കേൾക്കാൻ മാഷ് തയ്യാറായോ..?”
“..പറയു …”
“പറയട്ടേ …?”
അല്‍പനേരം മിണ്ടാതിരുന്ന്, അയാള്‍ ചോദ്യം ആവര്‍ത്തിച്ചു :
“മാഷേ, പറയട്ടേ?”
എന്‍റെ മറുപടിക്ക് കാക്കാതെ, നിർത്തി, നിർത്തി, അയാള്‍ പറഞ്ഞു:
“നാട്ടിൻപുറത്തെ …. ബന്ധുവീട്ടിനകത്ത്, ….., കിണറിനെ …... തൊട്ടുകിടക്കുന്ന ……….. കുളിമുറിക്ക്, ………. അകത്ത് നിന്ന് …….. ഇടാവുന്ന ……….കൊളുത്തില്ല …...!”
മുഖമടച്ചുള്ള ഒരടിയായിരുന്നു അത് -
എന്‍റെ ചിരി വറ്റി ഇല്ലാതായത് ഞാനറിഞ്ഞു .
ഞാന്‍ കേട്ടത് ,..........ഒരാള്‍ക്കും എന്നെ കേള്‍പ്പിക്കാനാവാത്തത് !….
മറക്കാനാഗ്രഹിക്കുന്ന അപൂര്‍വ്വം അനുഭവങ്ങളില്‍ ഒന്ന് --
ലീവില്‍ നാട്ടില്‍ ഉള്ളപ്പോള്‍, ഒരു ദിവസത്തെ താമസത്തിനായി ബന്ധുവീട്ടില്‍ പോയതായിരുന്നു.
ഉമ്മറത്തിരുന്ന് വിയര്‍ത്തൊലിക്കുന്നതിന്നിടെ ഒന്നു മുഖം കഴുകാന്‍ അകത്തു പോയി..
വന്ന ഉടനെ കൈയും കാലും കഴുകാന്‍ പോയത് അവിടെ, ‘കൊട്ടത്തള’ത്തിലാണ്
ആ ധൈര്യത്തിലാണ് ചെന്നത് -
ചാരിയിരുന്ന വാതില്‍ തുറന്ന, ഞാന്‍ ,മുന്നില്‍ കണ്ടത്, ബന്ധുവായ സുഹൃത്തിന്‍റെ ഭാര്യയുടെ നൂല്‍ബന്ധമില്ലാത്ത ഉടലാണ്-
കുളി കഴിഞ്ഞ് തല തുവര്‍ത്തുകയായിരുന്നു അവര്‍.
സീല്‍ക്കാര ശബ്ദത്തില്‍ ‘അയ്യോ !” എന്ന് ഒരേ സമയം ഞങ്ങള്‍ രണ്ടുപേരും ഒച്ചയിട്ടു
ധൃതിയില്‍ വാതില്‍ ചാരി ഞാന്‍ മടങ്ങി.
ഉച്ചയ്ക്ക് ഉണ്ണാനിരുന്നപ്പോൾ മറ്റുള്ളവരോടൊപ്പം അവരാണ് വിളമ്പിത്തന്നത്.
പിന്നെ പല തവണ തമ്മില്‍ കണ്ടു-
അന്യോന്യം അതെക്കുറിച്ചൊരു വാക്കും പറഞ്ഞില്ല-
നീരസമോ കുറ്റബോധമോ പെരുമാറ്റത്തില്‍ ഒരിക്കലും നിഴല്‍ വീഴ്ത്തിയില്ല .
സുഹൃത്തിനോടോ രാഗിണിയോടോ പങ്കു വെയ്ക്കാന്‍ വയ്യാത്ത അനുഭവം.
ഒന്നും നടന്നില്ലെന്ന മട്ടില്‍ ഇടപഴകുമ്പോഴും അതൊരു ഭാരമായി മനസ്സില്‍ കല്ലിച്ചു കിടന്നു…..- കിടക്കുന്നു .
ഞാനും സുഹൃത്തിന്‍റെ ഭാര്യയുമല്ലാതെ, ഈ ലോകത്ത് ആരും അറിയാന്‍ ഇടയില്ലാത്ത സംഭവം.-
തീര്‍ച്ചയായും, ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും, മൂന്നാമതൊരാള്‍ അറിയരുതെന്ന് നിര്‍ബന്ധമുള്ള കാര്യം --
ചിരി വരാത്ത മുഖവുമായി ഞാന്‍ എഴുന്നേറ്റു …
ദേവദത്തന്‍റെ മുന്നില്‍ ചെന്ന് നിന്നു :
“ആരാണ് നിങ്ങള്‍ …?”
II
എന്‍റെ ശബ്ദവും ശരീരവും വിറയ്ക്കുന്നുണ്ടായിരുന്നു .
തോളത്ത് കൈവെയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അയാൾ ഒഴിഞ്ഞു മാറി . ..
“വേണ്ട മാഷേ , എന്നെ തൊടണ്ട ….!”
പിന്നെ, ആ അപേക്ഷയിലെ അസാധാരണത്വം ഒഴിവാക്കാനാവണം, തണുത്ത, പ്രഭാതവുമായി ഒത്തുപോവാത്ത, ഒരു നുണ പറഞ്ഞു…:
“ …. വിയര്‍ത്തൊട്ടിയിരിക്കുന്നു ..!”
ദേവദത്തന്‍ കയറിവന്ന നിമിഷം മുതല്‍ എന്നെ അലോസരപ്പെടുത്തിയിരുന്ന ആ എന്തോ ഒന്ന്, വ്യക്തമായ ഭയമായി ഉള്ളില്‍ പതഞ്ഞുയര്‍ന്നു . .
അത് മനസ്സിലാക്കിക്കൊണ്ടെന്ന പോലെ അയാൾ പറഞ്ഞു :
“മാഷ് പരിഭ്രമിക്കണ്ട...അസ്വസ്ഥനാവണ്ട… ഒരു സഹായാഭ്യര്‍ത്ഥനയുമായാണ് ഞാന്‍ മുന്‍പില്‍ ഇരിക്കുന്നത് . മാഷക്കേ എന്നെ സഹായിക്കാനാവു ….ഒരു തരത്തിലും ഞാന്‍ ബുദ്ധിമുട്ടിക്കില്ല ...മാഷക്ക് വിശ്വസിക്കാം !”
എനിക്ക് സമനിലയിലേയ്ക്ക് മടങ്ങാനായില്ല..
ദേവദത്തൻ സൗമ്യമായി ചിരിച്ചു.
"ഇനിയുമൊരു സൂചനയായി, ഈ നിമിഷം, മാഷ് ചിന്തിക്കുന്നതെന്താണെന്ന് ഞാന്‍ പറയട്ടേ……?
“ ………………………”
“ ‘.... ‘ഇത്, സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്നെനിക്ക് തീര്‍ച്ചയാവുന്നില്ല, സുഹൃത്തേ.... ആവശ്യം എന്തായാലും അത് നിവര്‍ത്തിച്ചു തരാന്‍ ഞാനൊരുക്കമല്ല എന്ന് പറഞ്ഞാല്‍ എന്തായിരിക്കും താങ്കളുടെ പ്രതികരണം ……...….’ എന്നല്ലേ ?”
എന്‍റെ വായ്ക്കകത്ത് രൂപപ്പെട്ടുവന്ന വാക്യം, അതേപടി !
“മാഷേ …, ആ ‘സുഹൃത്തേ‘ യും ‘താങ്ക’ളും ഒന്നും കേള്‍ക്കാന്‍ വയ്യ . ഇത് നമ്മുടെ ഒരേയൊരു കൂടിക്കാഴ്ചയാണ്.. തീരുമാനം രണ്ടായാലും, നീരസത്തിന്‍റെ തരിയില്ലാതെ, യാത്ര പറഞ്ഞ്, വന്ന വഴി ഞാന്‍ മാഷെ വിട്ടുപോകും …. എന്നേയ്ക്കുമായി …”
.... ആ പറഞ്ഞത്, എനിക്ക്.വിശ്വസിക്കാമോ …-- ഞാൻ ആലോചിച്ചു
“തീര്‍ച്ചയായും മാഷേ ..!”
ദേവദത്തന്‍ വീണ്ടും എൻ്റെ മനസ്സ് വായിച്ചു.
“.........എങ്കില്‍ എന്‍റെ ചോദ്യത്തിനൊരു മറുപടി തന്ന്…….., ബാക്കി പറയു ..ആരാണ് …...ദേവ...ന്‍ ?”
“......ആരാണ് ദേവന്‍ ...മാഷേ ….? മാഷിന്‍റെ മനസ്സിലിരിപ്പ് വള്ളിപുള്ളി വിടാതെ പറഞ്ഞിട്ടും മാഷക്കെന്തിനാണ് സംശയം …? ഞാന്‍ പറയാം ….ഒരു വെറും ആശയമാണ്, മാഷേ,ഞാന്‍ ….എഴുതാന്‍ വിട്ടുപോയ ഒരു കഥയിലെ ഇല്ലാത്ത ഒരു കഥാപാത്രം…എഴുതാത്ത കാലത്തോളം, എൻ്റെ കാര്യത്തിൽ, ആ ഇല്ലായ്മയ്ക്കും ഉണ്ട് വല്ലായ്മപ്പെടുത്തുന്ന ഒരില്ലായ്മ .. ….അതില്‍ നിന്നെനിക്കൊരു മോചനം വേണം, മാഷേ ……”
“......ഞാനെന്തു ചെയ്യണമെന്നാണ് ...ദേവൻ ..ഉദ്ദേശിക്കുന്നത്….. ?”
“ഞാന്‍ മുഴുവന്‍ പറയാം ...മാഷ് വെറുതെ ഇരുന്നു കേട്ടാല്‍ മതി …. അതിന് മുന്‍പൊരു കാര്യം ...മാഷക്ക് മാഷിന്‍റെ അച്ഛനേയും അമ്മയേയും, ...അവരുടെ അച്ഛനമ്മമാരേയും …..നല്ല ഓർമ്മയില്ലേ….. അവരുടെ രൂപം ..ശബ്ദം ...പെരുമാറ്റരീതികൾ..?”
സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്ന സംശയം വിട്ടുമാറിയിരുന്നില്ലെങ്കിലും ഞാന്‍ സമനിലയിലേയ്ക്ക് മിക്കവാറും മടങ്ങിക്കഴിഞ്ഞിരുന്നു .
“.... ഇന്നലെ കണ്ടതു പോലെ ഓര്‍ക്കാം… “
“ …..അച്ഛനമ്മമാര്‍ ,രണ്ടുപേര്‍ ..അവരുടെ അച്ഛനമ്മമാര്‍ , നാലുപേര്‍ ...അവരുടെ അച്ഛനമ്മമാരായ എട്ടുപേരെയോ ,മാഷേ ..?"
“...അറിയില്ല…!...... അല്പം നിരാശയോടെ, ഞാനും ഓര്‍ക്കാറുള്ള കാര്യം, ദേ...വന്‍! ….അവര്‍ എട്ടുപേരുണ്ടെന്ന് ഇതേ വരെ ശ്രദ്ധയില്‍ വന്നിട്ടില്ലെങ്കിലും ……!”
“ഒരു ജ്യാമിതീയ പുരോഗതിയാണത് മാഷേ….തലകീഴായ ആ പിറമിഡില്‍, അവിടന്നങ്ങോട്ടുള്ളവരില്‍ ആരെയും മാഷക്കറിയില്ല…. മാഷക്കറിയാത്തത് കൊണ്ട് എനിക്കും അവരെയാരെയും അറിയില്ല ….നമുക്ക് മാത്രമല്ല, ആര്‍ക്കുമറിയില്ല, സ്വന്തം കഥയില്‍, അവിടന്നങ്ങോട്ട്…..എട്ടില്‍ നിന്ന് പതിനാറ് ….മുപ്പത്തിരണ്ട്…അറുപത്തിനാല് …. അതൊരു വലിയ ജനക്കൂട്ടമാണ്.. മാഷേ ...മാഷ്, കണക്കുമാഷല്ലേ… ഇരുപതു തലമുറ പിന്നിലേയ്ക്ക് പോയാൽ പിറമിഡിന്റെ അടിയിലെ വരിയിൽ പത്തുലക്ഷതിലേറെ പേരുണ്ടാവും എന്നാണ് കണക്ക്, അദ്‌ഭുതപ്പെടുത്തുന്നത്… ഒരാറ് നൂറ്റാണ്ട് മുൻപത്തെ കഥയാണ് പറയുന്നത്……. മാഷ് അടക്കമുള്ളവരെ ഇവിടെ എത്തിച്ച, അവരിലൊരാളെയും നമുക്കറിയില്ല ---അറിയാനിനി മാര്‍ഗ്ഗവുമില്ല… പക്ഷേ, അവരെല്ലാവരും ജീവിച്ചിരുന്നു എന്നത് സത്യം - അതിന്‍റെ,നിഷേധിക്കാനാവാത്ത തെളിവാണ് മാഷ്! ...ആ വസ്തുത ഭയപ്പെടുത്തുന്നതല്ലേ മാഷേ ...ചരിത്രമില്ലാത്ത ആ ജനസമൂഹത്തിലേയ്ക്ക് എല്ലാവരും ചേരും. പേരമക്കളുടെ മക്കളുടെ കാലം തൊട്ട്, കാലത്തിന്‍റെ രേഖകളിൽ നിന്ന്, അടയാളം ബാക്കിനിര്‍ത്താതെ, മാഷും മാഞ്ഞുപോകും..”
ദേവന്‍ ഒരു നിമിഷം സംസാരം നിര്‍ത്തി.
“ഈ അവസ്ഥ, നിങ്ങള്‍, ജീവിച്ചിരിക്കുന്നവര്‍ക്കേയുള്ളു ..മാഷേ. കോളേജില്‍ പഠിക്കുന്ന കാലത്ത് വായിച്ചാസ്വദിച്ച ആ അപസര്‍പ്പക കഥ ഓര്‍മ്മയില്ലേ ? ഒരു നഴ്സറി റൈമിന്‍റെ വരികള്‍ക്കൊത്ത്, ആകെയുള്ള പത്ത് കഥാപാത്രങ്ങളില്‍ പത്തുപേരും മരിച്ചു പോകുന്ന കഥ ….? പുസ്തകം വായിച്ചു മടക്കി വെയ്ക്കുമ്പോള്‍, ജീവിച്ചിരിക്കുന്നവരായി ആരുമില്ല. ലൈബ്രറിയില്‍ നിന്ന് അടുത്ത വായനക്കാരന്‍, അത് എടുത്ത് വായിച്ചു തുടങ്ങുമ്പോഴോ ..? പത്തുപേര്‍ക്കും വീണ്ടും ജീവന്‍ വെയ്ക്കുന്നു… ആദ്യത്തെയാള്‍ വായിച്ചറിഞ്ഞ , സംഭവങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നുപോയി, അവരോരോരുത്തരും സ്വന്തം ജീവിതം ആവർത്തിക്കും…. , മനുഷ്യരെ പോലെയല്ല…, മരണമില്ലാത്തവരാണ്, ഞങ്ങള്‍…., കഥാപാത്രങ്ങള്‍ ……………...
മാഷക്ക് മുഷിയുന്നുണ്ടോ..? "
".......... ഇല്ല, ദേവൻ പറയു ….”
ഞാന്‍ ചിരിച്ചു .
എനിക്ക് മുഷിയുന്നുണ്ടായിരുന്നില്ല.
“....വ്യത്യസ്തമായ ഒരര്‍ത്ഥത്തില്‍ ഞങ്ങളുടെ കൂട്ടത്തിലുമുണ്ട് നിര്‍ഭാഗ്യശാലികള്‍….ഒരു കഥയെഴുത്തുകാരനും മനസ്സിലെ അവസാനത്തെ കഥയും പറഞ്ഞുതീര്‍ത്തല്ല രംഗം വിടുന്നത്. പുസ്തക ഷെല്‍ഫിലെ ചില പുസ്തകങ്ങള്‍ പിന്നീടാവാമെന്ന വിശ്വാസത്തില്‍ അനന്തമായി വായിക്കാതെ വെച്ചിട്ടില്ലേ ..അത് പോലെ, എഴുതപ്പെടാതെ, അവസാനിക്കുന്ന കഥകളുണ്ട്.. വായിക്കപ്പെടാത്ത പുസ്തകങ്ങള്‍ പിന്നീട് എപ്പോഴെങ്കിലുമൊക്കെ , ആരെങ്കിലുമൊക്കെ, വായിക്കും., എഴുതപ്പെടാത്ത കഥകള്‍, എഴുത്തുകാരനോടൊപ്പം ഇല്ലാതാവുന്നു. വായനകളോ തുടര്‍വായനകളോ ഇല്ലാതെ അവസാനിക്കുന്ന അത്തരം കഥാപാത്രങ്ങളുടെ കൂടി ശബ്ദമാണ്,ഞാന്‍ കേള്‍പ്പിക്കുന്നത് . ഇനി , ഞാന്‍ എന്‍റെ കഥയിലേയ്ക്ക് കടക്കാം മാഷേ …. “
ഒന്നും മിണ്ടാതെ, പരസ്പരം നോക്കിയിരുന്നു, ഞങ്ങള്‍…
ശ്വാസോച്ഛ്വാസം പോലെ അസ്തിത്വത്തിന്റെ ഭാഗമായിരുന്ന ലെ ഔട്ടും പരിസരവും മങ്ങി... പശ്ചാത്തലത്തിലേയ്‌ക്കൊതുങ്ങി . ..
“മാഷ് എഴുതാൻ ഉദ്ദേശിച്ച് എഴുതാതെ വിട്ട ആ കഥയ്ക്ക് അഞ്ചോ ആറോ ദശകം പ്രായമുണ്ട്... ഇന്ന് അതൊരു …. ഒരു ... കഥയേയാവില്ല.
“ കഥയുടെ ആശയം ഇങ്ങനെ : അവിചാരിതമായി അയാളും പഴയകാല സുഹൃത്തും, വർഷങ്ങൾക്ക് ശേഷം, കണ്ടുമുട്ടുന്നു-- ജോലികിട്ടി പിരിയുന്നതുവരെ ഒരേ ക്ലാസിലിരുന്ന് പഠിച്ച്, ഒപ്പം വളർന്നവർ--അടുത്ത കൂട്ടുകാർ -- അയാളുടെ ഭാര്യ മൂന്നാം തവണ ഗർഭിണിയാണെന്നറിഞ്ഞ, സുഹൃത്ത്, ഓർമ്മയിൽ അല്പനേരം പരതി, ചോദിക്കുന്നു :
രജനിക്കും ബാലചന്ദ്രനും ശേഷമുള്ള ദേവദത്തനാണോ ……എഞ്ചിനീയർ ആവാനുള്ളയാൾ ? ”
ഒന്ന് നിർത്തി, ദേവൻ എന്നെ നോക്കി
“..മാഷ് ശ്രദ്ധിക്കുന്നുണ്ടോ …..?......എഞ്ചിനീയർ ആവാനുള്ള ‘ഈ ഞാ’നെന്ന മൂന്നാമനാണോ ഗർഭത്തിൽ’ എന്നാണന്വേഷണം .കോളേജിൽ ഉണ്ടായിരുന്നപ്പോൾ തന്നെ തൻ്റെ വരുംകാലത്തെ കുറിച്ച്, പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ - അവർക്കുള്ള പേരുകളടക്കം- കുറിച്ച്, അവരുടെ ജീവിതങ്ങളെ കുറിച്ച്- തീരുമാനിച്ചുറപ്പിച്ചിരുന്നു അയാൾ-- !.......
“ പാതി സ്വന്തം ഇഷ്ടപ്രകാരവും പാതി വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയും,സ്വന്തം വിവാഹനിശ്ചയത്തിന് നാട്ടിൽ പോകുകയാണ് സുഹൃത്തെന്നറിഞ്ഞപ്പോൾ ഒമ്പതു മാസങ്ങൾക്ക് ശേഷം നടക്കാനിരിക്കുന്ന വിവാഹത്തിൽ സുഹൃത്തിന് ജനിക്കാൻ പോകുന്ന ആദ്യ ശിശു പെണ്ണായിരിക്കുമെന്നും ദേവദത്തനെ കൊണ്ട് അവളെ വിവാഹം കഴിപ്പിച്ച് തങ്ങളുടെ സൗഹൃദം ഒന്നുകൂടി ഉറപ്പിക്കുമെന്നും, കഥകളിൽ എന്നതുപോലെ, അയാൾ സുഹൃത്തിന് വാക്ക് കൊടുക്കുന്നു--.
“സുഹൃത്തിനെ യാത്രയാക്കി, വീട്ടിലെത്തി, ഭാര്യയോട് നടന്നതെല്ലാം പറയുന്നു--
“ഗർഭത്തിൻ്റെ ആ ആദ്യനാളുകളിൽ എപ്പോഴോ, ഒരൊഴിവുദിവസം നടന്നുനടന്ന്, ഭാര്യയോടൊപ്പം, അബദ്ധത്തിൽ ഒരു കുടുംബാസൂത്രണ സെമിനാറിൽ, ശ്രോതാവായി കയറിക്കൂടിയ നിമിഷം കഥ അപ്രതീക്ഷിതമായി,വഴിമാറുന്നു --
“അവിടെവെച്ച് എൻ്റെ കഥ, തുടങ്ങാതെ തന്നെ അവസാനത്തിലേയ്ക്ക് നീങ്ങുന്നു --
“സെമിനാറിനൊടുവിൽ, രാജ്യപുരോഗതിക്ക്, ഒരച്ഛനും അമ്മയ്ക്കും കുട്ടികൾ രണ്ടേ ആകാവൂ എന്ന ആശയം അയാൾക്ക് ബോദ്ധ്യപ്പെടുന്നു -- അടുത്ത ദിവസങ്ങളിൽ നടന്ന ചർച്ചകൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ, നഗരത്തിലെ പ്രസവാസ്പത്രിയിൽ അനാർഭാടമായി ഞാനെന്ന ജീവകണിക അവസാനിക്കുന്നു .
“ ..മാഷേ, ’ദേവദത്തൻ്റെ ദുരന്തം’ എന്ന കഥയുടെ സാരം അതായിരുന്നു…”.
“ ...ചെറിയ ഓർമ്മ തോന്നുന്നു …,ദേവൻ…”
“.....ജനിക്കാത്ത കഥാപാത്രമാവാൻ തയ്യാറായി ഞാനിരുന്നു മാഷേ ….ഇന്നുവരെ ! എത്രകാലം എന്ന് എനിക്കറിയില്ല ...മാഷക്ക് അറിയില്ല... എനിക്കെത്ര വയസ്സായി എന്ന് എനിക്കോ മാഷക്കോ അറിയില്ല .. പറഞ്ഞതുപോലെ മാഷിൻ്റെ മനസ്സിലും ഞാൻ വെറും ഒരു ‘ചെറിയ’ ഓർമ്മയായിരിക്കുന്നു ..ആ ഓർമ്മക്കൂടൊന്ന് പൊടിതട്ടിയെടുത്ത്,എന്നെ ജീവിക്കാൻ വിടുമോ എന്നന്വേഷിക്കാനാണ് ഞാൻ വന്നത് .….”
ഒരു ദീർഘനിശ്വാസത്തിനവസാനം ഹൃദ്യമായി ചിരിച്ച്, ദേവൻ .പുറത്തെ വരാന്തയിലേയ്ക്ക് നടന്നു…
അടുക്കളയിൽ ബാക്കിയിരുന്ന കാപ്പി ഒരു കപ്പിൽ എടുത്ത്, ഞാനും --.
ജനാലയ്ക്കടുത്തെത്തി പതിവ് കസേരയിൽ ഞാനിരുന്നു .
എതിരെ അതേ, ജനാലയിലൂടെ ദൂരേയ്ക്ക് കണ്ണയച്ച് ദേവനും..
“…പറഞ്ഞു ബോദ്ധ്യപ്പെടുത്താനാവാത്തത്ര സന്തോഷമുണ്ട്, മാഷേ…!...”
എന്തോ ആലോചനയിൽ ഞാൻ വെറുതെ മൂളി.
കഥ എഴുതാൻ ശ്രമിക്കാം എന്ന് പറയാൻ ശ്രമിക്കവേ ദേവൻ വിലക്കി…
"മാഷ്..നേരത്തേതു പോലെ പുറത്തേയ്ക്ക് നോക്കിയിരിക്കു... ഈ ജനൽക്കാഴ്ച അതീവ മനോഹരം…ഇന്ന് വിശേഷിച്ചും ... ! പറയാതെ വയ്യ ”
“.....................”
മാഷേ, എൻ്റെ ഈ കഥ, സന്തോഷത്തോടെ, ഒരു തവണ ഞാൻ വായിച്ചു കേൾപ്പിക്കട്ടേ ..?"
ഉദ്ദേശിച്ചത് എന്തെന്ന് വ്യക്തമാവാതെ ഞാനിരുന്നു….
പതിഞ്ഞ ശബ്ദത്തിൽ, ദേവൻ തുടങ്ങി :
“ഒന്നാമത്തെ പ്രധാനവഴിയുമായി ഈ ക്രോസ് റോഡ് സന്ധിക്കുന്ന സ്ഥലം ജനാലയിലൂടെ കാണാം...
"ഈ ചെറിയ കോളനിയുടെ ദിനചര്യയുടെ നിമിഷദൃശ്യങ്ങൾ അവിടെ പ്രത്യക്ഷപ്പെട്ടുമറയും.. പ്രഭാതത്തിൻ്റെ ഇളം തണുപ്പിൽ ഒരു ബിസ്ക്കറ്റും കടുപ്പമുള്ള കോഫിയും നുണഞ്ഞിരിക്കുമ്പോൾ, ഏറെക്കുറെ ഒരേ ക്രമത്തിൽ ആവർത്തിച്ച് കാണുന്ന കാഴ്ചകൾ ….…"
……………………..
………………………
"അണ്ണാന്‍റെയും കിളികളുടെയും ചിലയ്ക്കലുകളുടെ പശ്ചാത്തലത്തിൽ, ഇവിടേയ്ക്കാണ് അപരിചിതൻ നടന്നുവന്നത്…."
ആ വരിയോടൊപ്പം, തിരിവ് തിരിഞ്ഞ്, അപരിചിതൻ, സംശയമില്ലാത്ത ചുവടുവെപ്പുകളോടെ നടന്ന് വരുന്നത് ഞാൻ കണ്ടു . ..
ആളൊഴിഞ്ഞ വരാന്തയിൽ, പതിഞ്ഞ ശബ്ദത്തിൽ, അശരീരിയായി കഥ തുടർന്നു...
കഥാപാത്രമായി മാറി, അയാൾ , എവിടേയ്ക്കാണെന്നോ ആരാണെന്നോ ഊഹിക്കാനാവാതെ ഞാനിരുന്നു …… ….!
Subscribe to:
Post Comments (Atom)
No comments:
Post a Comment