Tuesday, September 2, 2025

അസം യാത്രകൾ (ഭാഗം മൂന്ന്) ഇക്ര വീടുകള്‍

അസം യാത്രകൾ (ഭാഗം മൂന്ന്) ഇക്ര വീടുകള്‍ ഷില്ലോംഗിലേയ്ക്കുള്ള യാത്രയില്‍ അവിടവിടെ പഴയ മാതൃകയിലുള്ള ‘പതിഞ്ഞ’ വീടുകള്‍ ചൂണ്ടിക്കാണിച്ച്, വീടുകളുടെ അസം മാതൃകയാണവയെന്ന് ഡ്രൈവര്‍ വിജയ് പറഞ്ഞു. മിതഭാഷിയായിരുന്നതുകൊണ്ട് അതില്‍ കവിഞ്ഞ ഒരു വിശദീകരണമുണ്ടായില്ല. കോണ്‍ക്രീറ്റ് ഫ്ലാറ്റുകള്‍ക്കിടയ്ക്ക് ഓലയോ ലോഹത്തകിടോ മേഞ്ഞതോ ഓടിട്ടതോ ആയ ‘കെട്ടിക്കാഴ്ച’യില്ലാത്ത വീടുകള്‍ ഫോട്ടോ എടുക്കാന്‍ നിന്നുതരാതെ ഓടിമറഞ്ഞു. അവയുടെ പഞ്ചഭൂജരൂപത്തിലുള്ള പരിച്ഛേദം കുട്ടിക്കാലത്ത് വരച്ചുപഠിച്ച വീടുകളെ ഓര്‍മ്മിപ്പിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വീടുകള്‍ ആയിരിക്കും എന്നേ കരുതിയുള്ളൂ. രണ്ട് ദിവസത്തിന് ശേഷം ദിസ്പ്പൂരില്‍ ശ്രീ മൂര്‍ത്തിയുടെ വീട്ടില്‍ തിരിച്ചെത്തി. ഒരു ദിവസം വിശ്രമിച്ചു. വീണ്ടും യാത്ര. ഇത്തവണ കാസിരംഗ നാഷണല്‍ പാര്‍ക്ക്, ആര്‍വാ ഗുഹ, ഏഴ് ശാഖകളുള്ള നോഹ്സ്ങ്തിയാങ് വെള്ളച്ചാട്ടം എന്നിവ കാണാന്‍. (സപ്തസഹോദരി സംസ്ഥാനങ്ങളില്‍ ഒന്നായ മേഘാലയയിലെ, സപ്തസഹോദരിമാര്‍ എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം !) യാത്രയുടെ രണ്ടും മൂന്നും ഘട്ടങ്ങളില്‍ ഇടവിട്ടിടവിട്ട് നൂപുറും മോണ്‍ടുവും ആണ് ഡ്രൈവര്‍മാരായി വന്നത്. രണ്ടുപേരും സംസാരപ്രിയരായിരുന്നു. അവരാണ് ഗൃഹനിര്‍മ്മാണത്തിലെ അസം രീതി നിസ്സാരമല്ലെന്ന് മനസ്സിലാക്കിത്തന്നത്. ആധുനിക ശൈലിയിലുള്ള വീടുകളുടെ മലവെള്ളപ്പാച്ചിലില്‍ അസം തനിമ അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന വേദനയോടെ മോണ്‍ടു തുടങ്ങിയപ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു: സ്വന്തം നാടിനെ പറ്റി, കാലത്തെ പറ്റി, അവയിൽ വന്ന മാറ്റങ്ങളെ പറ്റി, സ്വകാര്യദു:ഖങ്ങളും നഷ്ടബോധങ്ങളുമായി ജീവിക്കുന്നവരാണ് എല്ലാവരും. നാം വിട്ടുപോന്ന നാടിനെ പോലെത്തന്നെ ഗൃഹാതുരത്വം ഉണര്‍ത്താറുണ്ട് പടിപടിയായി നമ്മെ ഉപേക്ഷിച്ചു പോകുന്ന നാടും. കഴിഞ്ഞ ലേഖനത്തില്‍ പരാമര്‍ശിച്ച മൌലിനോങ് (‘ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം’) ഗ്രാമത്തില്‍ വെച്ച് പരിചയപ്പെട്ട ഖാസി യുവതിക്ക് സ്ഥലത്തെ കുറിച്ച് അല്പം വ്യത്യസ്തമായ അഭിപ്രായമാണ് ഉണ്ടായിരുന്നത്. ഞങ്ങള്‍ സന്ദര്‍ശനം കഴിഞ്ഞ് പുറത്തേയ്ക്ക് നടന്നുകൊണ്ടിരിക്കെ അവര്‍, രണ്ട് യുവതികൾ, മുന്നില്‍ വന്നു നിന്നു. ചിരിച്ചു. പരിചയപ്പെട്ടു. അസാധാരണമായ പൊക്കവും എഴുന്നുനിന്ന കവിളെല്ലുകളും അല്പം ഇടുങ്ങിയ കണ്ണുകളും ഇരുനിറവും ഇടതുവശത്തേയ്ക്ക് നേരെടുത്ത് ഒതുക്കിയ മുടിയുമായി വന്ന രണ്ടുപേരും സുന്ദരികളായിരുന്നു. സംസാരിക്കാന്‍ മുന്‍കൈ എടുത്ത സ്ത്രീ യാത്ര പറയുന്നതിന് മുന്‍പ് ഞങ്ങളോടൊപ്പം ഒരു ഫോട്ടോവിന് ഇരുന്നുതരികയും ചെയ്തു. “നിങ്ങള്‍ ഗ്രാമം കണ്ടുമടങ്ങുകയാണല്ലോ. അസാധാരണമായി നിങ്ങള്‍ എന്തൊക്കെയാണവിടെ കണ്ടത് ?” ഞങ്ങള്‍ വിശദീകരിച്ചു: “സന്ദര്‍ശകരുടെ വണ്ടികള്‍ക്ക് അകത്തേയ്ക്ക് പ്രവേശനമില്ല. അതുകൊണ്ട് കരിയും പുകയുമില്ലാത്ത അന്തരീക്ഷം. പുകവലിയും പ്ലാസ്റ്റിക് ഉപയോഗവും നിരോധിച്ചിരിക്കുന്നു. നാട്ടില്‍ സുലഭമായ ജൈവവിഘടന സ്വഭാവമുള്ള വസ്തുക്കള്‍ ദൈനംദിനജീവിതത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. മാലിന്യശേഖരണത്തിന്, മുളച്ചീന്ത് മെടഞ്ഞ് ഉണ്ടാക്കിയിരിക്കുന്ന വൃത്തസ്ഥൂപാകൃതിയിലുള്ള തുറന്ന കൂടകള്‍ അവിടവിടെ മുളംകാലുകളില്‍ ഉയര്‍ത്തിനിര്‍ത്തിയിരിക്കുന്നു. ജൈവമാലിന്യം പൂര്‍ണമായും ജൈവവളം ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നു. പരിസരം വൃത്തിയായി സൂക്ഷിക്കുന്നത് ഗ്രാമത്തിലെ ഓരോ വ്യക്തിയുടെയും നിര്‍ബന്ധപങ്കാളിത്തത്തോടെയാണ്. മഴവെള്ളസംഭരണത്തിന്‍റെയും സൌരോര്‍ജ്ജത്തിന്‍റെയും കാര്യത്തിലും ഗ്രാമം ശ്രദ്ധ വെയ്ക്കുന്നു ചെറിയ പ്രദേശമാണെങ്കിലും മാതൃകാപരമായി തോന്നി.” അകത്തേയ്ക്ക് പോകേണ്ടതില്ലെന്ന തീരുമാനത്തോടെ അവളും കൂട്ടുകാരിയും ഞങ്ങളോടൊപ്പം പുറത്തേയ്ക്ക് നടന്നു. “ഞാനൊരു ഖാസി വംശജയാണ്. ജനിച്ചുവളര്‍ന്നത് ഇവിടെയാണ്. ചുറ്റുമുള്ള ഞങ്ങളുടെ ഗ്രാമങ്ങളത്രയും ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ എന്നുമുതലേ ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്. നിങ്ങള്‍ കണ്ടത് ഞങ്ങളുടെ ഗോത്രത്തിന്‍റെ ജീവിതരീതിയാണ്. ഖാസി ഗ്രാമങ്ങളില്‍ സ്കൂളും പോസ്റ്റ് ഓഫീസും ബാങ്കും എല്ലാമുണ്ട്. ഞങ്ങളുടെ ജീവിതശൈലി പ്രദര്‍ശിപ്പിച്ച് കാശ് സമ്പാദിക്കുകയാണ് ഇവരെ പോലുള്ളവര്‍.” പ്രാദേശികച്ചുവ തോന്നാത്ത നല്ല ഇംഗ്ലിഷിലാണ് യുവതി സംസാരിച്ചത്. ഉയര്‍ന്ന സാക്ഷരതാനിലവാരമുള്ള സംസ്ഥാനമാണ് മേഘാലയ. കണ്ടുവളര്‍ന്ന ഖാസി ഗ്രാമം മറ്റൊന്നായി മാറിയതിലുള്ള ഗൃഹാതുരത്വം ആണ് അവളെക്കൊണ്ട് അങ്ങനെ പറയിച്ചത് എന്ന് ഞാന്‍ കരുതുന്നു. അസം പാരമ്പര്യവീടുകള്‍ക്ക് ഒരു പരിധി വരെ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പണ്ട് സര്‍വസാധാരണമായിരുന്ന ഓലപ്പുരകളോട് സാദൃശ്യമുണ്ട്. ഉദാഹരണത്തിന് ഇവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മുഖ്യസാമഗ്രികള്‍ മണ്ണ്, കുമ്മായക്കൂട്ട്, ചാണകം, മരം, മുള, ഓല എന്നിവയാണ്. അവയെല്ലാം പ്രാദേശികമായി ലഭിക്കുന്നവയായതിനാല്‍ നിര്‍മ്മാണച്ചെലവ് തീർത്തും കുറവാണ്. ഓല (അഥവാ ഓട്) മേഞ്ഞിരിക്കുന്ന മേല്‍ക്കട്ടിയുടെ പ്രതലങ്ങള്‍ മഴവെള്ളം എളുപ്പം വാര്‍ന്നൊഴിയുന്നതിനായി ചെരിച്ചാണ് സംവിധാനം ചെയ്തിരിക്കുന്നത്. വലിയ ജനലുകളും വാതിലുകളും പ്രകാശവും വായുസഞ്ചാരവും ഉറപ്പാക്കുന്നു. മരപ്പലകകൾ ഉപയോഗിച്ചുള്ള നിലം ഈ വീടുകളിൽ പതിവാണ് – മൊസൈക്ക് ടൈലുകളും കോൺക്രീറ്റും ഉപയോഗിച്ചുള്ളവയും ഉണ്ടെങ്കിലും. നമ്മുടെ നാട്ടിലെ പഴയകാലഓലപ്പുരകളില്‍ നിന്ന് ചില കാര്യങ്ങളില്‍ ഇവ വ്യത്യസ്തവുമാണ്. മഴക്കാലത്തെ രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ നിന്നും വെള്ളക്കെട്ടുകളില്‍ നിന്നും ക്ഷുദ്രപ്രാണികളടക്കം വന്യജീവികളിൽ നിന്നും രക്ഷ കിട്ടുന്നതിനായി, തൂണുകള്‍ക്ക് മേലെയാണ് പലപ്പോഴും ഇവ കെട്ടിപ്പൊക്കുന്നത്. കല്ലും ഇഷ്ടികയും സിമന്‍റും ഉപയോഗിച്ചാണ് തൂണുകള്‍ നിര്‍മ്മിക്കുക. അവയ്ക്ക് മീതെ ഉറപ്പിന് വേണ്ടി ചുമരുകളുടെ ഒരു മീറ്ററോളം വരുന്ന ആദ്യഭാഗം ഇഷ്ടികയും കല്ലും ഉപയോഗിച്ച് നിർമ്മിക്കുന്നു. മുളമ്പരമ്പുകള്‍ ചേര്‍ത്തുപിണച്ചുവെച്ച് അവയ്ക്ക് മുകളില്‍ കുമ്മായക്കൂട്ടും ചാണകവും കലര്‍ത്തി തേച്ചുപിടിപ്പിച്ചാണ് ചുമരുകള്‍ മുഴുമിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ ഇടവിട്ടുണ്ടായ തീവ്രതയേറിയ രണ്ട് ഭൂമികുലുക്കങ്ങളെ അതിജീവിച്ച ചരിത്രം ഈ ലളിതഭവനങ്ങള്‍ക്കുണ്ട്. ആധുനിക രീതിയില്‍ നിര്‍മ്മിക്കപ്പെട്ട വീടുകള്‍ക്ക് അങ്ങനെ അവകാശപ്പെടാനാവില്ല. പരിസ്ഥിതി സൌഹൃദം നിലനിര്‍ത്തിയും കാര്‍ബണ്‍ കാല്‍പ്പാട് പരമാവധി കുറച്ചുമാണ് ഇക്ര ഭവനങ്ങളുടെ നിര്‍മ്മാണം. പ്രദേശത്തെ കാലാവസ്ഥയും ഭൂചലന സാദ്ധ്യതകളും കണക്കിലെടുത്ത് ശാസ്ത്രീയമായി ഇവ രൂപകല്‍പ്പന ചെയ്തത്, ഇംഗ്ലീഷുകാര്‍ തന്നെയായിരുന്നു എന്ന് വായിച്ചു. അവരുടെ അധിനിവേശത്തിന് മുന്‍പ് പണക്കാരായ നാട്ടുകാര്‍ കൂറ്റന്‍ മാളികകളിലും പാവപ്പെട്ടവര്‍ കുടിലുകളിലുമായിരുന്നുവത്രെ ജീവിച്ചിരുന്നത്. ഇന്ന് എന്തായാലും ഈ പുതിയ പാരമ്പര്യരീതികള്‍ ഇഷ്ടപ്പെടുന്നവരാണ് പൊതുജനം എന്നുവേണം അനുമാനിക്കാന്‍. വെയില്‍ പെയ്ത് സോഹ്റ പിറ്റേന്ന് ഫെബ്രുവരി 24 ആം തിയ്യതി രാവിലെ, ഏറ്റ നേരത്തില്‍ നിന്ന് ഒരു മണിക്കൂറോളം വൈകി ഞങ്ങള്‍ സോഹ്‌റയിലേയ്ക്ക് പുറപ്പെട്ടു. പഴം എന്ന അര്‍ത്ഥം വരുന്ന ‘സൊഹ്’ ഉം ചുമക്കുക എന്നര്‍ത്ഥം വരുന്ന ‘റാ(ഹ്)’യും ചേര്‍ന്നാണ് സോഹ്റ ഉണ്ടായതത്രെ. പത്തൊമ്പതാം ശതകത്തിന്‍റെ ആദ്യവര്‍ഷങ്ങളില്‍ ഇവിടെ സ്വന്തം താവളം ഉറപ്പിച്ച ഇംഗ്ലീഷുകാര്‍ സോഹ്റയെ ചെറയാക്കി. രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നെത്തിയ സഞ്ചാരികള്‍ ഗ്രാമങ്ങളുടെ കൂട്ടം എന്ന അര്‍ത്ഥത്തില്‍ അതിനോടൊരു പുഞ്ജി കൂടി ചേര്‍ത്ത് ചെറാപ്പുഞ്ജിയാക്കി. ഓറഞ്ചിന്‍റെ നാടാണ് ചെറാപ്പുഞ്ജി എന്നും കണ്ടു. ലോകത്തില്‍ ഏറ്റവും മഴ ലഭിക്കുന്ന സ്ഥലമായി താഴ്ന്ന ക്ലാസ് തൊട്ട് നമ്മളൊക്കെ മനസ്സിൽ ‘ചിറാപ്പുഞ്ചി’ കൊണ്ടുനടന്നപ്പോഴും ഖാസിഗോത്രക്കാരായ ദേശീയജനത സ്വന്തം നാടിനെ സോഹ്റയായി മാത്രം കണ്ടു. പതിനെട്ട് കൊല്ലം മുന്‍പ്, 2007 ല്‍ ഗോത്രജനതയുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തെ മാനിച്ച് മേഘാലയ സര്‍ക്കാര്‍ സ്ഥലത്തെ സോഹ്റയായി പുനര്‍നാമകരണം ചെയ്തു- നമ്മളിന്നും ചിറാപ്പുഞ്ചിയിലാണെങ്കിലും ! നാല്‍പ്പത് കൊല്ലം മുന്‍പ്, 1985 ല്‍, ഏറ്റവും മഴ ലഭിക്കുന്ന സ്ഥലം എന്ന പട്ടം മൌസിന്‍റാമിന് കിട്ടി. സോഹ്റയില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം ദൂരെ അല്പം താഴെയായി കിടക്കുന്ന ഈ കൊച്ചുപട്ടണവും മേഘാലയയില്‍ തന്നെ ഉള്ളതാണ്. സോഹ്റയില്‍ മഴയുടെ വാര്‍ഷികഅളവ് കുറഞ്ഞുവരുന്നതായും മൌസിന്‍റാമില്‍ അത് അല്‍പ്പാല്‍പ്പമായി കൂടിവരുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പന്ത്രണ്ട് മാസവും മഴ ലഭിക്കുന്ന സോഹ്റയും മൗസിന്‍റാമും കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളുമാണ് എന്നത് പുതിയ അറിവായിരുന്നു. മഴയുടെ അളവില്‍ വന്ന കുറവും ജലസംഭരണമാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള പൊതുജനത്തിന്‍റെ അറിവില്ലായ്മയും ജനസംഖ്യാവര്‍ദ്ധനവും കാരണമായി പറയുന്നുണ്ട്. ഉപരിതലമണ്ണിലെ ചുണ്ണാമ്പുകല്ലിന്‍റെ സാന്നിദ്ധ്യവും ഒരു കാരണമാവാം. സോഹ്റയിലേയ്ക്കുള്ള യാത്ര തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ക്ക് മുന്നില്‍ അങ്ങോട്ടും എതിര്‍ വശത്തെ സമാന്തരപാതയില്‍ ഇങ്ങോട്ടും വാഹനങ്ങളുടെ നെടുങ്കന്‍ നിരകള്‍ നിശ്ചല ചിത്രമായി മുന്നില്‍ നിവര്‍ന്നു. അടഞ്ഞ കാർജനാലകൾപ്പുറം പൊങ്ങിപ്പടര്‍ന്ന പൊടിപടലത്തിലൂടെ, ഷില്ലോംഗിലെ മലമ്പാതകളിലെ നീങ്ങാത്ത ട്രാഫിക് കുരുക്കുകളിലൂടെ, കുന്നുകൾ ചുരണ്ടിയെടുത്ത് മണ്ണുമാന്തികൾ കുത്തനെ വരച്ചെടുത്ത ചുവന്ന (?) വരക്കുറികൾ നിശ്ശബ്ദം നിലവിളിക്കുന്ന ‘ഇര’ക്കാടുകളിലൂടെ ബീഹാറിയായ ഡ്രൈവർ വിജയ് ക്ഷമയോടെ ചക്രം തിരിച്ചു. തിരകള്‍ക്ക് മേലെ നീങ്ങുന്ന തോണിയില്‍ എന്ന പോലെ ഞങ്ങള്‍ കാറിനകത്ത് ചാഞ്ഞും ചെരിഞ്ഞും കുലുങ്ങിയും എടുത്തെറിയപ്പെട്ടും ഇരുന്നു. ശരീരത്തിലെ സന്ധിബന്ധങ്ങളെ വെല്ലുവിളിച്ച അനുഭവം. ഒപ്പം മനസ്സിനെ വേദനിപ്പിച്ചതും. അമ്പതിലധികം കിലോമീറ്റർ ദൂരം നീണ്ട ആ യാത്രയിൽ റോഡ് നിര്‍മ്മാണത്തിന്‍റെ ഭാഗമായി മല ഇടിച്ചും തുരന്നും പ്രവര്‍ത്തനനിരതമായി എണ്ണമറ്റ ജെ സി ബികള്‍ കണ്ടു. എതിര്‍ക്കാനാവാതെ കിടന്ന പ്രകൃതിയിലേയ്ക്ക് കൂര്‍ത്ത പല്ലുകളും തുറന്ന വായുമായി കഥകളിയരങ്ങിലെ രൌദ്രഭീമനെ പോലെ ജെ സി ബി കള്‍ താണു. ഡ്രൈവര്‍ ഒഴികെ നാലുപേരും മുതിര്‍ന്ന പൌരന്മാരാണ്. നേരത്തേ പുറപ്പെടാനായിരുന്നെങ്കില്‍ തിരക്ക് കൂടുന്നതിന് മുന്‍‌പേ നമുക്ക് ബഹുദൂരം പിന്നിടാന്‍ കഴിയുമായിരുന്നേനേ എന്ന് കുറ്റപ്പെടുത്തുന്ന മട്ടിലല്ലെങ്കിലും വിജയ് പറഞ്ഞു. അപ്പോഴും വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാനേ ആവുമായിരുന്നുള്ളൂ. കുറെ ദൂരം റോഡ് ഒരു സങ്കല്‍പ്പം മാത്രമായിരുന്നു. ദിസ്പ്പൂരിൽ നിന്ന് ഷില്ലോംഗിലേയ്ക്ക് വന്ന ദേശീയപാതയും നിർമ്മാണകാലത്ത് ഈ മലമ്പ്രദേശത്ത് ഇതേ അവസ്ഥയിൽ ആയിരുന്നിരിക്കണം – ഞങ്ങൾ യാത്ര ചെയ്തുകൊണ്ടിരുന്ന വഴിയും നാളെ തീര്‍ച്ചയായും അതിന്റെ നിലവാരത്തിലേയ്ക്കെത്തും എന്ന് പ്രതീക്ഷിക്കാം. ഭൂകമ്പങ്ങളുടെയും മണ്ണിടിച്ചിലുകളുടെയും കൂടി നാടാണ് ഉത്തരപൂര്‍വേന്ത്യന്‍ സംസ്ഥാനങ്ങള്‍. എത്തിക്കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷം ഭൂചലനത്തിന്‍റെ ഒരു കുഞ്ഞനുഭവം ഞങ്ങള്‍ക്കും ലഭിച്ചു. രാത്രി മൂന്ന് മണിക്ക് ദിസ്പ്പൂരിലെ മൂര്‍ത്തിയുടെ വീട്ടില്‍ അപരിചിതമായ ഒരു ഇളക്കം അനുഭവപ്പെട്ട് ഞാനുണര്‍ന്നു. താഴത്തെ നിലയില്‍ നിന്നോ അയല്‍പക്കത്തെ വീടുകളില്‍ നിന്നോ ഒക്കെയായി ആള്‍ക്കാര്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ടു. മുറിയിലെ വസ്തുക്കള്‍ ചലിച്ചതായി സ്വപ്നം കണ്ടതായിരിക്കും എന്ന ധാരണയില്‍ ഞാന്‍ വീണ്ടും ഉറക്കത്തിലേയ്ക്ക് വഴുതി. രാവിലെ പത്രത്തില്‍ ഭൂചലനത്തിന്‍റെ ഗ്രാഫ് കണ്ടപ്പോഴാണ് അത് സ്വപ്നമായിരുന്നില്ല എന്നറിഞ്ഞത്. ഇത്തരം ‘ചെറിയ ചെറിയ ഭൂകമ്പങ്ങള്‍’ പതിവാണെന്നായിരുന്നു വീട്ടുകാരുടെ മറുപടി. ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ബംഗ്ലാദേശില്‍ ആയിരുന്നു എന്നണോര്‍മ്മ. മലമ്പാതയിലെ മുടിപ്പിന്‍ വളവുകളില്‍, അരുണാചല്‍പ്രദേശില്‍ വിശേഷിച്ചും, പലയിടത്തും തെന്നി താഴോട്ടിറങ്ങിയതെന്ന് വ്യക്തമാവുന്ന ചുണ്ണാമ്പ് പാറകളുടെ ഷീറ്റുകളും ഉരുളന്‍ കല്ലുകളും പൊട്ടും പൊടിയും കാണാം. മഴക്കാലത്ത് മണ്ണിടിച്ചിലുകള്‍ പതിവാണെന്ന് വിജയ് പറഞ്ഞു. പ്രകൃതിദുരന്തങ്ങളിൽ പെട്ട് വഴിയില്‍ കുടുങ്ങിയവരുടെ രക്ഷയ്ക്ക് തയ്യാറായി എപ്പോഴും പട്ടാളവും വായുസേനയും പോലീസും ഉണ്ടായിരിക്കും– രക്ഷാപ്രവർത്തനങ്ങൾക്ക് പട്ടാളവും ഹെലിക്കോപ്റ്റർ വഴി ഭക്ഷണവും മരുന്നും എത്തിക്കാൻ വായുസേനയും തിരക്കും ബഹളവും നിയന്ത്രിക്കാൻ പോലീസും! പറഞ്ഞുകേട്ട, നനഞ്ഞുകുതിര്‍ന്ന ചിറാപ്പുഞ്ചിക്ക് പകരം വെയില്‍ പെയ്യുന്ന സോഹ്റയാണ് ഞങ്ങളെ കാത്തിരുന്നത്. വഴിക്ക് ഉച്ചഭക്ഷണത്തിന് കയറിയ റെസ്റ്റോറന്‍റിന്‍റെ ചുറ്റുവട്ടങ്ങളില്‍ നിന്ന് കൊണ്ട ചാറ്റല്‍ മഴ, ഞങ്ങളുടെ രണ്ടാഴ്ച നീണ്ട ഉത്തരപൂര്‍വേന്ത്യന്‍ യാത്രയിലെ രണ്ടാമത്തേതും അവസാനത്തേതും ആയ മഴയനുഭവമായിരുന്നു. തീവ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെങ്കിലും വര്‍ഷം മുഴുവനും മഴ ലഭിക്കുന്ന സ്ഥലമാണ് സോഹ്റ. നവംബര്‍ മുതലുള്ള നാല് മാസങ്ങള്‍ പ്രായേണ വരണ്ട കാലാവസ്ഥയാണ്. പല ഭാഷകളില്‍ സ്വാഗതം പറയുന്ന ബോര്‍ഡുമായി നിന്ന റെസ്റ്റോറന്‍റ് മൊത്തമായും കൊണ്ടുനടത്തിയിരുന്നത് ഒരേ പ്രായത്തിലും രൂപത്തിലുമുള്ള കൃശഗാത്രികളായ എട്ടൊമ്പത് യുവതികളായിരുന്നു. ഒരേസമയം ഒരുപാട് കണ്ണാടികളില്‍ ഒരാളുടെ പ്രതിബിംബങ്ങള്‍ കാണുന്നത് പോലെയായിരുന്നു അനുഭവം. ചുറുചുറുക്കോടെ ഓടിനടന്ന് അവര്‍ ജോലി ചെയ്തു. എല്ലായിടത്തും കാണാറുള്ളതുപോലെ അളവ് ഊണും അളവില്ലാത്ത ഊണും ഉണ്ടായിരുന്നു. രണ്ടാമത്തെ ഇനം, പങ്കിടാന്‍ അനുവദിക്കില്ലെന്ന് പുറത്തെ ബോര്‍ഡില്‍ വലുതായും വ്യക്തമായും എഴുതിവെച്ചിരുന്നു. മുന്‍കൂര്‍ പണം കൊടുത്ത് ടോക്കണ്‍ വാങ്ങിക്കുമ്പോള്‍ കൌണ്ടറില്‍ ഇരുന്ന സ്ത്രീ ഓരോരുത്തരോടും സംഗതി വിശദീകരിക്കുന്നുമുണ്ടായിരുന്നു. അടുത്ത മേശയില്‍ അച്ഛനും അമ്മയും ചേര്‍ന്ന് മകനെ മാറിമാറി ഊട്ടിക്കൊണ്ടിരുന്നത് കണ്ടപ്പോള്‍ നിയമലംഘനത്തിന് വളഞ്ഞ വഴികള്‍ കണ്ടെത്താന്‍ മനുഷ്യനുള്ള അപാരമായ കഴിവ് ഓര്‍ത്ത് അത്ഭുതപ്പെടുകയായിരുന്നു ഞങ്ങള്‍. അല്പം അകലെ ചുമര്‍ ചാരി നിന്നിരുന്ന ജീവനക്കാരികളുടേയും നോട്ടം അവരിലായിരുന്നു എന്ന് ഞാന്‍ ശ്രദ്ധിച്ചു. ആ വഴി വന്ന ജീവനക്കാരിയോട് ദമ്പതികള്‍ രണ്ടാമത് ചോറും കറികളും ആവശ്യപ്പെട്ടു. ചുമര്‍ ചാരി നിന്നവരില്‍ രണ്ടുപേര്‍ മേശയ്ക്കടുത്തെത്തി. ഉച്ചത്തില്‍ സംസാരിച്ചും ദേഷ്യപ്പെട്ടുമുള്ള പുരുഷന്‍റെ ശ്രമങ്ങളെ സംഘം ചേര്‍ന്ന സ്ത്രീശക്തി പരാജയപ്പെടുത്തി. കാഷ് കൌണ്ടറില്‍ ഇരുന്ന യുവതി മൂന്നാമത്തെ കൂപ്പണുമായി വന്ന് നീതി നടപ്പാക്കി. ഊണ് കഴിഞ്ഞ് മുഷിപ്പോടെ കുടുംബം ഇറങ്ങിപ്പോയി. റെസ്റ്റോറന്‍റ് ജീവനക്കാരികളുടെ മുഖങ്ങളില്‍ തെളിഞ്ഞ പുഞ്ചിരി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ മുഖങ്ങളിലേയ്ക്കും പടര്‍ന്നു.

അസം യാത്രകൾ (ഭാഗം രണ്ട്) സതീശന്‍ പുതുമന April 17, 2025 തുറന്നുവെച്ച പുസ്തകങ്ങള്‍

ഗുവാഹാത്തിയിലെത്തിയതിന്‍റെ പിറ്റേന്ന്, ഫെബ്രുവരി 23 ആം തിയ്യതി രാവിലെ ഞങ്ങള്‍ പുറപ്പെട്ടു. ദിസ്പൂരില്‍ നിന്ന് ഷില്ലോംഗിലേയ്ക്ക്. അസമിന്‍റെ തലസ്ഥാനത്തുനിന്ന് മേഘാലയയുടെ തലസ്ഥാനത്തേയ്ക്ക്. ഗുവാഹാത്തി-ഷില്ലോംഗ് ദേശീയപാതയിലെ രണ്ടര മണിക്കൂർ നേരത്തെ ഈ യാത്ര തന്നെ ഹൃദ്യമായ അനുഭവമാണ്.അഞ്ചോ പത്തോ മിനുട്ട് നേരത്തെ യാത്രയ്ക്ക് ശേഷം ഡ്രൈവര്‍ വിജയ് പറഞ്ഞു: “ഇനി ഈ റോഡിന്‍റെ ഇടതുവശം അസമും വലതുവശം മേഘോലൊയുമാണ്” ആ ‘ഘോ’യും ‘ലൊ’യും ശ്രദ്ധിച്ചോ? അസമീസ് ഭാഷയ്ക്ക് ഏറ്റവും അടുപ്പം ബംഗാളിയോടാണ് എന്ന് തുടര്‍ന്നുള്ള യാത്രകളില്‍ കൂടെ വന്ന നൂപുര്‍ രഞ്ജനും മണ്‍ടു എന്ന മൊണ്‍ടുവും പറഞ്ഞു. ദേശീയപാത 40 ൽ ഒരടിയിലധികം ഉയരവും അതിലിരട്ടി വീതിയുമുള്ള കോണ്‍ക്രീറ്റ് ‘വന്മതില്‍’ – ഇടയ്ക്ക് കമ്പിവേലികളും ആളുയരത്തില്‍ വളര്‍ത്തിയ ചെടികളും – നൂറോളം കിലോമീറ്റര്‍ നീളത്തിൽ പ്രദേശത്തെ, ഒരു തുറന്ന പുസ്തകം പോലെ രണ്ട് സംസ്ഥാനങ്ങളായി പകുത്തിട്ടിരിക്കുകയാണ്. ദിവസങ്ങൾക്ക് ശേഷം അരുണാചൽ പ്രദേശിലെ രൂപ പട്ടണത്തില്‍ നിന്ന് ദിസ്പൂരിലേയ്ക്കുള്ള മടക്കയാത്രയിൽ എവിടെയോ വെച്ച് മൊൺടു പറഞ്ഞു: “ഇനി ഈ റോഡിന്‍റെ ഇടതുവശം അസമും വലതുവശം ഭൂട്ടാനുമാണ്.” ദേശീയപാത 152 ൽ മുപ്പത്തെട്ട് കിലോ മീറ്റർ നീളത്തിൽ തുറന്നുവെച്ച മറ്റൊരു പുസ്തകം ! ഇത്തവണ ഇരുവശങ്ങളിൽ സംസ്ഥാനങ്ങൾക്ക് പകരം രണ്ട് രാജ്യങ്ങളാണ് എന്ന വ്യത്യാസം മാത്രം. റോഡിന്റെ ഇടതുവശം അസമും വലതുവശം മേഘോലൊയുമാണ് ബെംഗളൂരിൽ നിന്ന് നാട്ടിലേയ്ക്കുള്ള യാത്രയിൽ ഒരു ചുവടുവെപ്പിൽ കർണാടകയിൽ നിന്ന് തമിഴ് നാട്ടിലേയ്ക്കും മറ്റൊന്നിൽ തമിഴ് നാട്ടിൽ നിന്ന് കേരളത്തിലേയ്ക്കും കൂട് വിട്ട് കൂടുമാറി ശീലിച്ച ഞങ്ങൾക്ക്, മുന്നിൽ നിവർന്ന ആ കാഴ്ച കൗതുകം പകർന്നു. വിജയിന്‍റെ പേര് വിജയ് എന്നല്ല. മൂന്ന് തവണ പറഞ്ഞിട്ടും ഞങ്ങള്‍ക്ക് കൃത്യമായി പിടിതരാതെ പോയ ആ ‘ആസാമി’ പേരിന്‍റെ ഇംഗ്ലീഷ് സ്പെല്ലിങ്ങ് പറയാനുള്ള വിദ്യാഭ്യാസം തനിക്കില്ലെന്ന് പറഞ്ഞ്, വിളിക്കാനും ഫോണില്‍ സേവ് ചെയ്യാനും എളുപ്പമാക്കിത്തന്നതാണ് ‘വിജയ്’. ‘ഇതൊരു പതിവാ’ണെന്ന് ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. തെങ്ങും കവുങ്ങും (കാട്ടു)വാഴയും കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളുമായി കേരളത്തിന്‍റെ പ്രകൃതിയോട് ഒത്തുനോക്കാൻ പ്രേരിപ്പിക്കുന്നതാണ് ഇവിടത്തെ സമതലങ്ങളിലെ കാഴ്ചകൾ. കവുങ്ങുകളാണ് എണ്ണത്തില്‍ കൂടുതല്‍. ഗുവാ എന്ന അടയ്ക്കയും ഹാത്തി എന്ന അങ്ങാടിയും ചേര്‍ന്നതാണത്രേ ഗുവാഹാത്തി. മൂന്ന് സംസ്ഥാനങ്ങളിലായി നടന്ന പതിന്നാല് ദിവസത്തെ ‘ചുഴലിക്കാറ്റ്’യാത്രയില്‍ കണ്ട, കുട്ടികളൊഴികെയുള്ള ജനം ആണ്‍പെണ്‍ഭേദമില്ലാതെ പ്രായവ്യത്യാസമില്ലാതെ രാപ്പകലില്ലാതെ വെറ്റിലപ്പാക്ക് – തമ്പാക്ക് – പാന്‍ മസാല – സുപ്പാരി ചവയ്ക്കുന്നവരാണ്. ഇവിടെ കാണാറുള്ളതുപോലെ കടകളില്‍ അവയുടെ പാക്കറ്റുകള്‍ ‘കോമ്പല’കളായി തൂങ്ങിക്കിടക്കുന്നത് കാണാം. എന്നിട്ടും യാത്ര ചെയ്ത വഴികളിലൊന്നും അവയുടെ ഒഴിഞ്ഞ കൂടുകള്‍ ചിതറിക്കിടക്കുന്നത് കണ്ടില്ല. കടകൾക്ക് മുന്നിലും പൊതുസ്ഥലങ്ങളിലെ നിലത്തും ചുമരുകളിലും മുറുക്കിത്തുപ്പിയതിന്‍റെ പാടുകള്‍ കണ്ടില്ല. അതൊരു നാടിന്‍റെ പൊതുബോധമാണെന്ന് എഴുതാന്‍ മാത്രം നാട് ചുറ്റിക്കണ്ടിട്ടില്ല. എന്നാലും സന്തോഷം തോന്നി. തീര്‍ച്ചയായും അപവാദങ്ങളുണ്ടാവും. ഇല്ലെങ്കിൽ, ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി ഡിസ്കവര്‍ ഇന്ത്യ മാസിക തെരഞ്ഞെടുത്ത മേഘാലയയിലെ മൌലിനോങ് ഗ്രാമത്തിന്‍റെ പടിക്കല്‍ ഉള്ള ശുചിമുറിയുടെ വാതിലില്‍ ഇങ്ങനെ ഒരു നിർദ്ദേശം വരുമായിരുന്നില്ല: ‘നിലത്ത് തുപ്പരുത്- ചുമരില്‍ ചുണ്ണാമ്പ് തേയ്ക്കരുത്.’ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം വഴിയില്‍ നിന്ന് ചെറുതായൊന്ന് തെന്നിമാറി ഷില്ലോംഗ് പീക്കിലേയ്ക്കാണ് ഞങ്ങള്‍ നേരെ പോയത്. മേഘാലയയിലെ ഏറ്റവും ഉയരത്തിലുള്ള പ്രദേശം. ഇന്ത്യന്‍ എയര്‍ഫോഴ്സ് സ്റ്റേഷന്‍റെ അധീനതയിലാണ് വ്യൂ പോയന്‍റ് അടക്കമുള്ള കൊടുമുടി. സ്വകാര്യവാഹനങ്ങള്‍ക്ക് പ്രവേശനവിലക്കുണ്ട്. ഡ്രൈവറുടേതടക്കം ഫോട്ടോ ഐ ഡി സമര്‍പ്പിച്ച്, സന്ദര്‍ശകര്‍ക്കായി ഏര്‍പ്പാട് ചെയ്തിരിക്കുന്ന ടാക്സി കാറുകളില്‍ വേണം അവിടന്നങ്ങോട്ടുള്ള ചെറിയ യാത്ര. ചോദ്യങ്ങള്‍ക്കൊന്നും മറുപടി തരാതെ, വായിലെ മുറുക്കാന്‍ ചവച്ച് തലയാട്ടുക മാത്രമേ ചെയ്തുള്ളൂ ഡ്രൈവര്‍. ഭാഷയായിരുന്നു പ്രശ്നം. അനുനിമിഷം മാറിക്കൊണ്ടിരുന്ന ആകാശത്തിന്‍റെ പശ്ചാത്തലത്തില്‍ ഷില്ലോംഗ് പീഠഭൂമിയുടെയും നഗരത്തിന്‍റെയും കിഴക്കന്‍ ഖാസി കുന്നുകളിലെ വനനിബിഡതയുടെയും ദൂരദൃശ്യങ്ങളിലേയ്ക്ക് കണ്ണയച്ച് എത്ര നേരം വേണമെങ്കിലും ഇരിക്കാം. മേഘാലയയിലെ പ്രധാനഗോത്രങ്ങളില്‍ ഒന്നായ ഖാസി ജനത കൂടുതലുള്ള പ്രദേശമായതുകൊണ്ടാണ് കുന്നിന് ആ പേര്. ഗാരോ – ജെയ്ന്തിയാ വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള അയൽക്കുന്നുകൾ അവരുടെ പേരുകളിലും അറിയപ്പെടുന്നു. ട്രക്കുകളും ബൈക്കുകളും യൂണിഫോമിട്ട വ്യോമസേനാംഗങ്ങളും അവരുടെ വ്യായാമങ്ങളും ചേര്‍ന്ന എയര്‍ ഫോഴ്സ് കാമ്പസ് ബെങ്ഗളൂരുകാര്‍ക്ക് അപരിചിതകാഴ്ചയല്ല. സർക്കാർ ഓഫീസുകളിലെ മെല്ലെപ്പോക്ക് അനുഭവപ്പെടാത്ത സര്‍ക്കാര്‍ ഓഫീസുകളാണ് പട്ടാള-എയർ ഫോഴ്സ് സ്ഥാപനങ്ങള്‍ എന്ന വിശ്വാസം ഉറപ്പിക്കുന്നതായിരുന്നു ഇവിടത്തെ എ എഫ് സ്റ്റേഷനും എന്നിട്ടും എവിടെയോ എന്തോ അസാധാരണത്വം അനുഭവപ്പെട്ടു. പത്തു ദിവസത്തിന് ശേഷം അരുണാചല്‍ പ്രദേശിലെ രൂപയില്‍ പോയിരുന്നു. 1962 ലെ ഇന്ത്യ – ചൈന യുദ്ധസമയത്ത് വീട്ടിലുള്ളതെല്ലാം ഉപേക്ഷിച്ച് അച്ഛനമ്മമാരോടും ബന്ധുക്കളോടുമൊപ്പം പലായനം ചെയ്യേണ്ടി വന്ന ഒരു സ്കൂൾ കുട്ടിയെ ആറ് പതിറ്റാണ്ടുകൾക്ക് ശേഷം അവിടെവെച്ച് ഞങ്ങൾ പരിചയപ്പെട്ടു. അന്നത്തെ അനുഭവങ്ങൾ മനസ്സിലേൽപ്പിച്ച ഭയവും വിഹ്വലതയും മുറിവുകളും അമ്പത് വർഷങ്ങൾക്ക് ശേഷം, 2012 ല്‍ ഡോർജീ ഖണ്ഡു തോങ്ഡോക് ചെറിയ ഒരു പുസ്തകമാക്കിയിട്ടുണ്ട്. പുസ്തകത്തിന്‍റെ ഒപ്പിട്ട കോപ്പികള്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സമ്മാനിച്ചു. അരുണാചൽപ്രദേശിലെ വീട്ടിൽ ഒരത്താഴത്തിന് അദ്ദേഹത്തിന്‍റെ അതിഥികളായിരുന്നു ഞങ്ങൾ. ജയിക്കുന്നവർക്കും തോൽക്കുന്നവർക്കും യുദ്ധം ചരിത്രത്തിന്‍റെ ഭാഗമാണ്. യുദ്ധത്തിലൂടെ, അതിനെ അതിജീവിക്കേണ്ടി വരുന്നവർക്കോ ? സാഹിത്യഭംഗിയില്ലാത്ത ഭാഷയിൽ നൂറിൽ കുറവ് പേജുകളിൽ ഡി ജി സർ എന്ന അദ്ദേഹം എഴുതിയിരിക്കുന്നത് ആ ഇരകളുടെ അനുഭവങ്ങളാണ് – ദുരിതങ്ങളാണ് – കാഴ്ചപ്പാടാണ്. ഷില്ലോംഗ് പീക്കിലെ വ്യോമസേന ആസ്ഥാനത്തെ ബെങ്ഗളൂരുവിലേതില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്തെന്ന് ആ പുസ്തകം എനിക്ക് വ്യക്തമാക്കിത്തന്നു. നുഴഞ്ഞുകയറ്റങ്ങൾക്കും ഒളിപ്പോരുകൾക്കും സംഘര്‍ഷങ്ങൾക്കും ഉള്ള സാദ്ധ്യതകൾ അതിര്‍ത്തി പ്രദേശങ്ങളിലെ അന്തരീക്ഷത്തിന്റെ ആപേക്ഷികസാന്ദ്രത’ വര്‍ദ്ധിപ്പിച്ചതായി സന്ദർശകന് അനുഭവപ്പെട്ടതാവാം. 1962 ലെ ഒരു മാസം മാത്രം നീണ്ടുനിന്ന യുദ്ധം അവസാനിച്ചതിന് ശേഷം സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയെത്തിയ തങ്ങളോട് തകര്‍ന്നടിഞ്ഞ രൂപ ഗ്രാമം ഇങ്ങനെ പറയുന്നതായി തനിക്ക് തോന്നി എന്ന് പുസ്തകത്തില്‍ ഡി ജി സർ രേഖപ്പെടുത്തുന്നു: “ഭീരുക്കളായ നിങ്ങള്‍ ഒടുവില്‍ തിരിച്ചെത്തി അല്ലേ ? ഞങ്ങളെ തനിച്ചാക്കി, ശത്രുക്കള്‍ക്ക് വിട്ടുകൊടുത്ത്, പലായനം ചെയ്തവരല്ലേ? അന്യരുടെ വീടുകളില്‍ സുഖമായി ജീവിച്ചിട്ടുണ്ടാവും നിങ്ങള്‍. ഈ അതിര്‍ത്തിക്കകത്ത് കാല്‍ കുത്തിപ്പോകരുത്. രൂപ നിങ്ങളോട് ഒരിക്കലും ക്ഷമിക്കില്ല.” മറ്റേത് വിനോദസഞ്ചാരകേന്ദ്രത്തിലുമെന്നതുപോലെ സന്ദര്‍ശകരെ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു നിര കടകളുണ്ട് ഷില്ലോംഗ് കൊടുമുടിയില്‍. പ്രാദേശിക മുദ്രയുള്ള ഉടുപ്പുകള്‍, കമ്പിളിക്കുപ്പായങ്ങള്‍ ഫ്രിജ് കാന്തങ്ങള്‍ പോലുള്ള കൌതുകവസ്തുക്കള്‍ അടക്കമുള്ള സ്മരണികകള്‍ തുടങ്ങിയവയാണ് വില്‍പ്പനവസ്തുക്കള്‍. കടകൾ ഏറെക്കുറെ മുഴുവനായും സ്ത്രീകളുടെ നിയന്ത്രണത്തിലാണ്. അടുത്ത ദിവസം ചിറാപ്പുഞ്ചിയിൽ ഉച്ചഭക്ഷണത്തിന് കയറിയ തിരക്കുള്ള ഹോട്ടലിൽ എല്ലാ ജോലികളും ചെയ്തിരുന്നത് ഒരേ അച്ചിൽ വാർത്ത കൃശഗാത്രികളായ സ്ത്രീകളായിരുന്നു. അസമിലെ കാസിരംഗ നാഷണൽ പാർക്കിനോട് ചേർന്നുള്ള ഓർക്കിഡ് തോട്ടത്തിലും തൊട്ടടുത്ത മ്യൂസിയത്തിലും ഞങ്ങൾക്ക് കാര്യങ്ങൾ വിശദീകരിച്ചുതന്നത് ചെറുപ്പക്കാരികൾ ആയിരുന്നു. സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന കൊടുക്കുന്ന – സ്വത്ത് കൈമാറ്റത്തിലും പാരമ്പര്യത്തിലും മാതൃരേഖ പിന്തുടരുന്ന അപൂര്‍വം ജനസമൂഹങ്ങളില്‍ പെട്ടവരാണ് മേഘാലയയിലെ ഖാസി-ഗാരോ-ജെയ്ന്തിയ ഗോത്രങ്ങള്‍. അടുത്ത ബന്ധത്തില്‍ നിന്ന് വിവാഹം കഴിക്കാനുള്ള വിലക്കടക്കം അനുകരണീയമായ മാതൃകകള്‍ ഇവരുടെ രീതികളില്‍ കാണാം. മേഘാലയ അടക്കമുള്ള ഉത്തരപൂര്‍വമേഖലയിലെ ഏഴ് സംസ്ഥാനങ്ങള്‍ സപ്തസഹോദരികള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര എന്നിവയാണ് മറ്റാറുപേര്‍. ഇവര്‍ക്ക് കൂട്ടായി സിക്കിം എന്ന പുരുഷനുമുണ്ട്. ആദ്യം പറഞ്ഞ ഏഴുപേരും സാമൂഹ്യമായും സാംസ്കാരികമായും പരസ്പരം ആശ്രയിക്കുന്ന, അതിര്‍ത്തികള്‍ പങ്കിടുന്ന, സഹോദരികളായി. ഉത്തരപൂര്‍വ മേഖലയുടെ ഭാഗമാണെങ്കിലും സ്വതന്ത്രമായി, അതിര്‍ത്തികള്‍ പങ്കിടാതെ, വൈകിയെത്തിയ സിക്കിം ഏഴുപേരുടെയും സഹോദരനുമായി. താമസസ്ഥലത്തേയ്ക്കുള്ള വഴിയില്‍ അധികം അകലെയല്ലാതെയുള്ള എലിഫന്‍റ് ഫാള്‍സിലും പോയിരുന്നു. മൂന്ന് തലങ്ങളില്‍ നിന്ന് മൂന്ന് വഴിക്ക് ഒഴുകി ഒന്നുചേരുന്ന മൂന്ന് വെള്ളച്ചാട്ടങ്ങളാണ് ഇവ. മഴക്കാലം അല്ലാത്തതിനാല്‍ മൂന്നും മെലിഞ്ഞും ശോഷിച്ചുമുള്ള അവസ്ഥയിലായിരുന്നു. താഴെ വെള്ളം പതിക്കുന്ന ചെറിയ ജലാശയം വരെയും ഇറങ്ങിച്ചെല്ലാന്‍ പടവുകളുണ്ട്. ഞാനും മൂന്ന് വയസ്സിന്‍റെ മൂപ്പുള്ള ബന്ധു ശ്രീ ശര്‍മ്മയും ഒരു ആരോഗ്യ പരീക്ഷണമായി കൂടി കണക്കാക്കി നൂറിലധികം വരുന്ന പടവുകൾ ഇറങ്ങി അടിത്തട്ട് വരെ ചെന്നു. Elephant Falls ന്റെ അടിത്തട്ടിലേയ്ക്ക് പെട്ടെന്നെത്തിയ മഴ അവിടന്നങ്ങോട്ടുള്ള സാഹസികതകള്‍ക്ക് തടയിട്ടു. സമയം ഒരുമണി ആവാറായിരുന്നു. ഞങ്ങള്‍ ഉച്ചഭക്ഷണം അന്വേഷിച്ച്, തിരക്കുള്ള പോലീസ് ബസാറില്‍ ചെന്നു. ഹോട്ടലില്‍ നല്ലതെന്നോ അല്ലാത്തതെന്നോ പറയേണ്ടതില്ലാത്ത വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ച്, നേരത്തെ ബുക് ചെയ്തിരുന്ന ഗസ്റ്റ് ഹൌസില്‍ എത്തിച്ചേര്‍ന്നു. ഞങ്ങളുടെ മുറിയുടെ വാതിലിൽ ഒരു ഗാരോ സുന്ദരിയുടെ ചിത്രം പതിച്ചിരുന്നു. പെട്രോമാക്സിന്റെ രൂപത്തിലുള്ള ഹീറ്ററിന് ചൂടാക്കാനാവാത്ത തണുപ്പായിരുന്നു ഷില്ലോംഗിൽ. ചൂടുള്ള ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും കടുപ്പം കൂടിയ അസമീസ് ചായയും കഴിച്ച് കംഫർട്ടറിനകത്തേയ്ക്ക് വലിയുകയല്ലാതെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഷില്ലോംഗിൽ തങ്ങിയ മുറിയുടെ വാതിലിൽ ഒരു ഗാരോ സുന്ദരിയുടെ ചിത്രം

അസം യാത്രകൾ (ഭാഗം-ഒന്ന്) : ഗംച എന്ന ഗമുച്ച എന്ന ഗമോസ എന്ന ഗമുസ

2025 ഫെബ്രുവരി ഇരുപത്തിരണ്ടാം തിയ്യതി. സമയം പകല്‍ ഒന്നര മണി കഴിഞ്ഞിരുന്നു. ബാഗുകള്‍ കയറ്റിയ ട്രോളിയുമായി ഞങ്ങള്‍, സുശീലയും ഞാനും, ഗുവാഹാത്തിയിലെ ലോക്‍പ്രിയ ഗോപിനാഥ് ബോര്‍ഡോലോയ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്‍റെ പുറത്തേയ്ക്കുള്ള വാതില്‍ കടന്നു. കാത്തുനിന്നവര്‍ ഉയര്‍ത്തിക്കാട്ടിയ പ്ലക്കാര്‍ഡുകളുടെ കൂട്ടത്തില്‍ അപ്രതീക്ഷിതമായി എന്‍റെ പേരെഴുതിയ ഒന്ന് ! ഇതുവരെ ഉണ്ടായിട്ടില്ല – വേണ്ടിവന്നിട്ടില്ല. കൈയുയര്‍ത്തിക്കാണിച്ച്, അടുത്തെത്തി, ട്രോളി കൈമാറി. ബന്ധുവും ഞങ്ങളുടെ ആതിഥേയനുമായ ശ്രീ മൂർത്തി കുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ ആണെന്നറിഞ്ഞിരുന്നു. സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ശേഷം, അസം കേന്ദ്രമായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന്‍റെ എം ഡി യും ചെയര്‍മാനുമായി ജോലി നോക്കുകയാണ് അദ്ദേഹം. തന്‍റെ സുഹൃത്ത് പങ്കജ് ദാസ് ഞങ്ങളെ കൂട്ടിക്കൊണ്ടു പോകാന്‍ എയർപോർട്ടിൽ എത്തുമെന്ന് പറഞ്ഞിരുന്നു. ട്രോളി പോര്‍ട്ടറെ ഏല്‍പ്പിച്ച്, ഞങ്ങള്‍ മുന്നോട്ട് നടന്നു, ഫോണില്‍ പങ്കജിന്‍റെ അന്വേഷണങ്ങള്‍ക്ക് മറുപടി കൊടുത്തുകൊണ്ട്. തിരക്കിലൂടെ വഴിയുണ്ടാക്കി നടന്നുവന്ന സുമുഖനായ ചെറുപ്പക്കാരന്‍ മുന്നിലെത്തി, നിന്നു. തൊഴുതു. ചിരിച്ച് സ്വയം പരിചയപ്പെടുത്തി. “പങ്കജ് ദാസ്, സർ!” പിന്നെ കൈയില്‍ കരുതിയിരുന്ന ചുവന്ന കരയും ബോർഡറുകളുമുള്ള വെള്ള ഷാളുകള്‍, മടക്കുകള്‍ ഉലയാതെ ഞങ്ങളെ അണിയിച്ചു! അപരിചിതമായ ആ വരവേല്‍പ്പ് സന്തോഷിപ്പിച്ചതിനെക്കാള്‍ അദ്ഭുതപ്പെടുത്തി. അതങ്ങനെ അസാധാരണമായ ഒന്നല്ലെന്ന് – അസം സംസ്കാരത്തിന്‍റെ തന്നെ ഭാഗമാണെന്ന് – പിന്നീടറിഞ്ഞു. ഗംച എന്നാണ് പ്രാദേശികമായി ഈ ഷാൾ അറിയപ്പെടുന്നത്. രാജ്യത്തിന്‍റെ വടക്കുകിഴക്കന്‍ മേഖലയില്‍ കിടക്കുന്ന സംസ്ഥാനങ്ങളില്‍ പലതിലും (ബംഗ്ലാദേശിലും എന്ന് വായിച്ചു,) ‘വിശിഷ്ടാതിഥിക’ളെ ഇങ്ങനെ സ്വീകരിക്കുന്ന പതിവുണ്ട്. വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്ന ഈ അംഗവസ്ത്രം പരുത്തിത്തുണിയിലോ പട്ടിലോ നെയ്തെടുത്തവയാണ്. ഡിസൈന്‍സ് ഒന്നുമില്ലാത്തവയും ദേശത്തെ പ്രതിനിധീകരിക്കുന്ന ചിത്രപ്പണികള്‍ കൊണ്ട് ഉടനീളം മോടിപിടിപ്പിച്ചവയുമുണ്ട്. ദേഹം തുടയ്ക്കാനുള്ള തുണി എന്നാണ് രണ്ട് വാക്കുകൾ ചേർന്നുണ്ടായ ഈ സമസ്തപദത്തിനർത്ഥം. പേര് സൂചിപ്പിക്കുന്നത് പോലെ ഇതിനെ ദേഹം തുടയ്ക്കുന്ന തോര്‍ത്താക്കാം. കാസിരംഗയില്‍ അസമിന്‍റെ തനത് നാടോടി നൃത്തമായ ബിഹുവിൽ പുരുഷന്മാർ തലപ്പാവായി ഉപയോഗിച്ചുകണ്ടു. റെസ്റ്റോറന്‍റുകളിലും മറ്റും അലങ്കാരത്തിന്‍റെ ഭാഗമായി ഇടവിട്ടിടവിട്ട് ചുറ്റോട് ചുറ്റും കലാപരമായി തൂക്കിയിട്ടിരിക്കുന്നത് കണ്ടു. പൂജകളിൽ വിഗ്രഹങ്ങളോ ഗ്രന്ഥങ്ങളോ വെയ്ക്കാനായി നിലത്ത് വിരിയായി ഉപയോഗിക്കാം. കഴുത്തിൽ ചുറ്റി തണുപ്പിനെ ചെറുക്കാം. വേണ്ടിവന്നാൽ, അറ്റത്ത് കല്ല് കെട്ടി വന്യമൃഗങ്ങൾക്കോ അക്രമകാരികൾക്കോ എതിരെ ആയുധമായും ഉപയോഗിക്കാമത്രെ ! പത്ത് ദിവസങ്ങള്‍ക്ക് ശേഷം അയൽ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പോയിരുന്നു. ഗസ്റ്റ് ഹൌസിന്‍റെ നടത്തിപ്പുകാരന്‍, മൂർത്തിയുടെ സുഹൃത്ത്, അഭിജിത്ത് ഞങ്ങളെ സ്വീകരിച്ചതും ഗംച അണിയിച്ചുകൊണ്ടായിരുന്നു. മുന്‍കാല രാഷ്ട്രീയപ്രവര്‍ത്തകനും ഗ്രന്ഥകാരനും ഗാനരചയിതാവും സംഗീത സംവിധായകനും സിനിമാസംവിധായകനുമായ ഡോര്‍ജീ ഖണ്ഡു തോങ്ഡോക്കി (ഡി.കെ.) നെ പരിചയപ്പെടുത്തിയത് അഭിജിത്താണ്. ഡി കെ.യും മൂര്‍ത്തിയുടെ അടുത്ത കൂട്ടുകാരനാണ് ! പൊതുരംഗത്ത് അറിയപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന ‘മൂർത്തിജി’ ഒരു വലിയ സുഹൃദ് വലയം സ്വന്തമായുള്ള വ്യക്തിയുമാണെന്നതിന് ചെന്ന ഇടങ്ങളിലെല്ലാം ഞങ്ങള്‍ക്ക് തെളിവുകള്‍ കിട്ടി. കാസിരംഗ നാഷണല്‍ പാര്‍ക്കിലെ ആന സഫാരിയിലും കാമാഖ്യ ക്ഷേത്രദര്‍ശനത്തിലും അരുണാചൽ പ്രദേശിലെ ബുദ്ധവിഹാരങ്ങളിലും ആ സൗഹൃദത്തിന്‍റെ അദൃശ്യസാന്നിദ്ധ്യം ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ബുദ്ധിസ്റ്റ് മൊണാസ്റ്റ്രികളിൽ ഗൈഡ് ആയി കൂടെ വന്ന ബാബുവിന് പിരിയാൻ നേരം ഒരു തുക കൈമാറാൻ ശ്രമിച്ചു. ഞങ്ങളുടെ സന്തോഷത്തിനാണെന്ന് പറഞ്ഞ് പല തവണ ശ്രമിച്ചിട്ടും പണം വാങ്ങാൻ ബാബു വിസമ്മതിച്ചു : “വേണ്ട, സര്‍ – മൂർത്തിജി ഞങ്ങളുടെ സ്വന്തം ആളാണ്. അദ്ദേഹത്തിന് വേണ്ടപ്പെട്ടവരായ നിങ്ങളും!” രാജ്യത്തിന്‍റെ തെക്കേ അറ്റത്ത് നിന്നുള്ളവരാണെന്നറിഞ്ഞപ്പോള്‍ ഡി കെ യ്ക്ക് ഞങ്ങളെ നന്നെ ഇഷ്ടപ്പെട്ടു, മൂന്നാമത്തെ ജോടി ഗംച അദ്ദേഹവും പത്നിയുമാണ് സമ്മാനിച്ചത്. ഇത്തവണ നിറപ്പകിട്ടുള്ളവയായിരുന്നു. ഹൃദ്യമായ ആ കൂടിക്കാഴ്ചയെ കുറിച്ച് പിന്നീടാവട്ടെ. ഒഴിവുദിനങ്ങള്‍ക്കവസാനം ഈ മാസം ഏഴാം തിയ്യതി, ഉച്ചഭക്ഷണം കഴിഞ്ഞ് മൂർത്തിയുടെ വീട്ടില്‍ നിന്ന് ഞങ്ങള്‍ മടക്കയാത്രയ്ക്കായി എയര്‍പോര്‍ട്ടിലേയ്ക്ക് തിരിച്ചു. വീട്ടുകാര്‍, ഖാസി ചെറി എന്നും അറിയപ്പെടുന്ന സോഹിയോങ് പഴത്തിന്റെ ജാമും അസം ചായയുടെ കൂടും ചേര്‍ന്ന ഓരോ ചെറിയ സഞ്ചികള്‍ യാത്രയയപ്പിന്‍റെ ഭാഗമായി സമ്മാനിച്ചു. പിന്നെ, അസമില്‍ ചെല്ലുമ്പോള്‍ അസംകാരെ പോലെ എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി ഞങ്ങളെ, പതിനാല് ദിവസത്തിനുള്ളിലെ നാലാമത്തെയും അവസാനത്തെയുമായ ഗംച അണിയിച്ചു. മറ്റ് നാടുകളുമായി സമപ്പെടുത്താനാവാത്ത, അസമമായ, പ്രദേശം എന്ന അര്‍ത്ഥത്തില്‍ ആണത്രെ അസം എന്ന പേര് വീണത്. ലഘുക്കളെ പാടിനീട്ടി നമ്മള്‍ ഗുരുക്കളാക്കി. ആസാമാക്കി. അവിടെ നിര്‍ത്താം. ഒരുപടി കൂടി കടന്ന് ആസ്സാമെന്ന ഇരട്ടിപ്പിലേയ്ക്ക് പോകണ്ട എന്ന് പറയുന്നു മനസ്സ്. തിരിച്ചിട്ട ഉദ്ധരണി സന്ദര്‍ശനത്തിന് എത്തിയ നാട്ടില്‍ വണ്ടിയിറങ്ങി അവിടത്തെ താമസസ്ഥലത്തേയ്ക്കുള്ള ആദ്യയാത്രയില്‍ എന്നും കടന്നുപോകുന്ന ഒരു മാനസികാവസ്ഥയുണ്ട്. സഞ്ചാരിയുമായുള്ള ആദ്യമുഖാമുഖത്തില്‍ നാടിനും സമാനമായ അനുഭവമുണ്ടാവും എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. വിവാഹത്തിന് ശേഷം മുന്‍പരിചയമില്ലാത്ത ഭര്‍തൃഗൃഹത്തിലേയ്ക്ക് കയറുന്ന (പഴയകാല) പുതുപ്പെണ്ണിന്‍റെ മനോനില പോലെ എന്തോ ആണത്. സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ നാടുമായുള്ള പാരസ്പര്യത്തില്‍ വരുന്ന മാറ്റം, അതെപ്പോഴും ഓര്‍മ്മപ്പെടുത്തും. ‘ആദ്യമായി കാണുമ്പോള്‍ താങ്കളെ ഒരു തെമ്മാടിയായാണ് ഞാന്‍ കാണുക. ആ ധാരണ ശരിയല്ലെങ്കില്‍ അത് തെളിയിക്കേണ്ട ബാദ്ധ്യത താങ്കളുടേതാണ്.’ എന്ന അര്‍ത്ഥത്തില്‍ ഒരുദ്ധരണി കേട്ടിട്ടുണ്ട്. ഇത് തിരിച്ചിട്ട് വായിക്കാനാണ് എനിക്കിഷ്ടം. ആദ്യ ഇടപെടലില്‍ കാണുന്നത് നന്മയാണ്. വ്യക്തിക്കായാലും നാടിനായാലും. തിരുത്തേണ്ടിവന്ന ഉദാഹരണങ്ങള്‍ ഇല്ല എന്നില്ല. പക്ഷേ നൂറില്‍ തൊണ്ണൂറ്റൊമ്പതിലും വേണ്ടിവന്നിട്ടില്ല. ഗുവാഹാട്ടി എയര്‍പോര്‍ട്ടില്‍ നിന്ന് അസമിന്‍റെ തലസ്ഥാനമായ ദിസ്പൂരില്‍ മൂര്‍ത്തിയുടെ വീട്ടിലേയ്ക്കുള്ള യാത്രയിലും അതുണ്ടായി. വഴിക്കാഴ്ചകളുമായി നിന്ന പുത്തന്‍ നാടും ഞാനുമായി മൂകമായ കൊടുക്കല്‍ വാങ്ങലുകള്‍ നടന്നു. പതിവ് പോലെ, ‘ഓർമ്മയിൽ സൂക്ഷിക്കാവുന്ന അനുഭവങ്ങൾ നമുക്ക് പരസ്പരം കൈമാറാൻ കഴിയട്ടെ. ആശംസകൾ – നന്ദിയും!’ എന്നാണ് രണ്ടുകൂട്ടരും പറയാതെ പറഞ്ഞത്. ഒരർത്ഥത്തിൽ അസം യാത്ര ആന്ധ്രപ്രദേശിലേയ്ക്കുള്ള യാത്ര കൂടിയായി. ജീവിതശൈലിയിലും ഭക്ഷണത്തിലും മൂര്‍ത്തിയും വീട്ടുകാരും മുഴുവനായും സ്വന്തം ആന്ധ്ര രീതികളാണ് പിന്തുടരുന്നത്. പാചകത്തിന്‍റെ ചുമതല അസം സ്വദേശിയായ വിനീത് ലാൽ എന്ന ചെറുപ്പക്കാരനാണ്. സ്വന്തം ഭാഷയും ശ്ലഥഹിന്ദിയുമല്ലാതെ ഒന്നും വശമില്ലാത്ത ലാൽ തയ്യാറാക്കുന്നതത്രയും സ്വാദിഷ്ട ഹൈദരാബാദ് വിഭവങ്ങളാണ്. അവനതിന്‍റെ ചാരിതാര്‍ഥ്യത്തിലും ആവേശത്തിലുമാണ്. അടുത്ത തവണ വരുമ്പോഴേയ്ക്ക് കൂടുതൽ വിഭവങ്ങൾ ഉണ്ടാക്കാൻ പഠിക്കാം എന്ന് വാക്ക് തന്നിട്ടുണ്ട്. രുചിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കും സാഹസികതകൾക്കും തയ്യാറായ നാവും സഹകരിക്കുന്ന ദഹനവ്യവസ്ഥയും യാത്രകളിൽ വലിയ അനുഗ്രഹമാണ്. അവയില്ലെങ്കിൽ അതില്‍ കവിഞ്ഞൊരു രസംകൊല്ലിയുമില്ല. പുളുസുവും പപ്പു കൂറയൂമടക്കം ഞങ്ങളെ സ്വീകരിക്കാൻ ലാൽ തയ്യാറാക്കിയിരുന്ന വിഭവങ്ങളിൽ മിക്കവാറും ഇനങ്ങൾ, ‘സാദൃശ്യത്താല്‍ സ്മൃതി ഭ്രാന്തി സന്ദേഹങ്ങള്‍’ ഉണര്‍ത്തിയെങ്കിലും ആ സ്വാദില്‍ ഞങ്ങൾ ആദ്യമായി രുചിക്കുകയായിരുന്നു. ചോറ് വിളമ്പുന്നതിന് മുന്‍പേ ഉപദംശങ്ങളില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും വിളമ്പിയിരിക്കണം എന്ന വീട്ടുകാരുടെ ശീലം ലാല്‍ വിശദീകരിച്ചു. “മരണവീട്ടിലാണ് ചോറ് ആദ്യം വിളമ്പുക.” മൂർത്തിയുടെ വീട് ‘അടിസ്ഥാന ക്യാമ്പാ’യി നിലനിർത്തി യാത്രകൾ പോകാനായിരുന്നു പദ്ധതി. ‘രണ്ട് ദിവസം ചുറ്റുക. തിരികെ ദിസ്പ്പൂരെത്തുക. ഒരു ദിവസം വിശ്രമിക്കുക.‘ – മൂർത്തി തയ്യാറാക്കിത്തന്ന യാത്രാകാര്യക്രമത്തിന്‍റെ ചിട്ട അതായിരുന്നു. എത്തിയ ദിവസം വൈകുന്നേരം അധികം ദൂരെയല്ലാതെയുള്ള പൂര്‍വ തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ പോയി. അവിടെ കല്യാണോത്സവ് നടക്കുകയായിരുന്നു. ശ്രീ വെങ്കിടാചലപതിയും ദേവി പത്മാവതിയും തമ്മിലുള്ള വിവാഹം ആണ് കല്യാണോത്സവിന്‍റെ മുഖ്യ ചടങ്ങ്. നിറഞ്ഞ സദസ്സായിരുന്നു. വിവാഹത്തിന്‍റെ ചടങ്ങുകള്‍ ഉച്ചത്തിലുള്ള മന്ത്രോച്ചാരണത്തോടെ നടക്കുന്നുണ്ടായിരുന്നു. അന്തരീക്ഷത്തില്‍ സുഖകരമായ തണുപ്പുണ്ടായിരുന്നു. തുറന്ന ഹാള്‍ ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. രണ്ട് മണിക്കൂറോളം മുഷിയാതെ ചടങ്ങുകള്‍ കണ്ട് ഇരുന്നു. പൂജാരികളില്‍ ഒരാള്‍ ഞങ്ങളുടെ കൈത്തണ്ടകളിലും മന്ത്രോച്ചാരണത്തോടെ ഓരോ മഞ്ഞച്ചരട് കെട്ടിത്തന്നു. കൂടെയുള്ളവരുടെ വിശ്വാസങ്ങളെ മാനിക്കുന്നതിന് എനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറില്ല. പിറ്റേന്ന് രാവിലെ പ്രാതലിന് ശേഷം ഞങ്ങള്‍ കാറില്‍ ഷില്ലോംഗിലേയ്ക്ക് പുറപ്പെട്ടു. കൂടെ മൂർത്തിയുടെ സഹോദരൻ ശ്രീ ശർമ്മയും പത്നിയുമുണ്ടായിരുന്നു. കുട്ടിക്കാലത്ത് അസമിന്‍റെ തലസ്ഥാനമായി പഠിച്ച ഷില്ലോംഗ് ഇന്ന് അയല്‍ സംസ്ഥാനമായ മേഘാലയയുടെ തലസ്ഥാനമാണ്. നാഷണല്‍ ഹൈവേയിലെത്തി സമാന്തരപാതകളിലൂടെ യാത്ര തുടരവേ ഡ്രൈവര്‍ വിജയ് പറഞ്ഞു: “ഇനി ഈ റോഡിന്‍റെ ഇടതുവശം അസമും വലതുവശം ‘മേഘോലൊയു’ മാണ്. “ ഒരേ ബോര്‍ഡിന്‍റെ അപ്പുറവും ഇപ്പുറവുമായി ‘നന്ദി, വീണ്ടും വരിക ‘ എന്നും ‘സ്വാഗതം ‘ എന്നും എഴുതിക്കണ്ട് ശീലിച്ച മനസ്സിന് അതൊരു പുതുമയുള്ള കാഴ്ചയായിരുന്നു.

മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകള്‍

ഞാന്‍ ഇടനാഴിയിലെ പതിവ് നടത്തത്തിന് വാതില്‍ തുറന്ന നിമിഷം ലിഫ്റ്റിൽ നിന്നുയര്‍ന്നിരുന്ന പശ്ചാത്തല സംഗീതം നിലച്ചു. ‘അന്തര്‍ജ്ജനങ്ങള്‍’ക്കായി അറിയിപ്പ് വന്നു : ‘തേഡ് ഫ്ലോർ !’ മെലിഞ്ഞുയര്‍ന്ന ഒരു രൂപം ഇടനാഴിയുടെ മദ്ധ്യത്തില്‍ ലിഫ്റ്റിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. എതിരെ ചുമരിൽ ഒന്നരയാളുയരത്തിൽ, വലിയ നീല അക്ഷരങ്ങളില്‍, ‘സെക്കന്‍ഡ് ഫ്ലോര്‍’ എന്ന് എഴുതിയതില്‍ കണ്ണുടക്കി, എല്ലാവരെയും പോലെ, അൽപനേരം നിന്നു. പിന്നെ എന്‍റെ നേരെ തിരിഞ്ഞു. രണ്ടറ്റത്തുമുള്ള തുറന്ന ജനലിലൂടെ വരുന്ന വെളിച്ചം കാരണം ഇടനാഴിയില്‍ അകന്ന് അഭിമുഖം നില്‍ക്കുന്നവര്‍ക്ക് അന്യോന്യം മുഖം കാണാനാവില്ല. “ക്ഷമിക്കൂ - ഇത് തേഡ് ഫ്ലോർ അല്ലേ? ” പ്രാദേശികച്ചുവയുള്ള ഇംഗ്ലിഷിലായിരുന്നു ചോദ്യം - സ്ത്രീശബ്ദത്തിലും ! സംസാരിക്കുന്നയാള്‍ വാര്‍ദ്ധക്യത്തിന്‍റെ പടിയിലെത്തി നില്‍ക്കുന്ന പുരുഷന്‍ ആണ് എന്ന് ശരീരഭാഷയില്‍ നിന്നറിയാം. പഠിച്ചതും പഠിപ്പിച്ചുകൊണ്ടിരുന്നതും എന്‍റെ ഓർമ്മയിലെത്തി : ‘ശബ്ദതരംഗങ്ങളുടെ ആവൃത്തിയിലാണ് പുരുഷശബ്ദവും സ്ത്രീശബ്ദവും വ്യത്യസ്തമാവുന്നത്. സ്ത്രീശബ്ദതരംഗങ്ങള്‍ക്ക് ആവൃത്തി കൂടുതലാണ്. സംസാരിക്കുമ്പോഴുള്ള ഏറ്റവും കൂടിയ പുരുഷശബ്ദ ആവൃത്തി ഏറ്റവും കുറഞ്ഞ സ്ത്രീശബ്ദ ആവൃത്തിയെക്കാള്‍ കുറവാണ് ! ’ നിന്നിടത്തുനിന്നിളകാതെ അല്പം ശബ്ദമുയർത്തി ഞാന്‍ പറഞ്ഞു. “ആണെന്നും അല്ലെന്നും പറയാം!.“ കേട്ടതിന്‍റെ പൊരുള്‍ പിടികിട്ടാതെ അയാള്‍ അടുത്ത ചോദ്യം ചോദിച്ചു: “ഗുരുരാജ് താമസിക്കുന്നത് ഈ ഫ്ലോറില്‍ അല്ലേ ?” ഞാന്‍ ചിരിച്ചു : “വീണ്ടും, ആണെന്നും അല്ലെന്നും പറയണം. ഇവിടെ ഞങ്ങൾക്ക് രണ്ട് ഗുരുരാജ് മാരുണ്ട്.“ “രണ്ട് തേഡ് ഫ്ലോറുമുണ്ടോ?” ചിരിയുടെ ശബ്ദത്തിൽ അയാൾ ചോദിച്ചു.. മറുപടി പറയാതെ ഞാന്‍ അയാളുടെ അടുത്തേയ്ക്ക് നടന്നു. ആദ്യമായാണ് രണ്ടു ചോദ്യങ്ങള്‍ക്കും ഒരേ ഉത്തരം നല്‍കേണ്ടി വന്നത്. എന്തൊരസാധാരണ പ്രോബബിലിറ്റി! അയാളും നടന്നടുത്തുവന്നു കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ കൈ നീട്ടി: “ജയപ്രകാശ് മേനോന്‍ - ജോലിയില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന ഗണിതശാസ്ത്ര/ഭൌതികശാസ്ത്ര അദ്ധ്യാപകനാണ്.” “നമ്മള്‍ ഒരേ തൂവല്‍ പക്ഷികള്‍ ! ഞാനുമൊരു റിട്ടയേഡ് അദ്ധ്യാപകനാണ്- വിഷയം ഭാഷയാണെന്ന വ്യത്യാസമേയുള്ളൂ. പേര് പ്രസന്ന.” പ്രസന്ന എന്ന വിളിപ്പേരുമായി ആ സ്ത്രീശബ്ദം നന്നായിണങ്ങി. “സര്‍, അന്വേഷിച്ചുവന്നയാളെ വിളിച്ച് ഫ്ലാറ്റ് നമ്പർ ചോദിക്കൂ.“ തിരിഞ്ഞുനടന്ന്, അയാള്‍ ഗുരുരാജുമായി സംസാരിച്ചു. “മുകളിലത്തെ നിലയിലാണ് . മുന്നൂറ്റി നാലാം നമ്പര്‍ ഫ്ലാറ്റ്.” “അപ്പൊ ശരി - കണ്ടതിൽ സന്തോഷം!” പ്രസന്ന ചിരിച്ചു. “ആൾ അവിടെയില്ല - എന്തോ കാര്യത്തിന് പുറത്തുപോയിരിക്കുകയാണ്. ഒന്നൊന്നര മണിക്കൂര്‍ കഴിയും തിരിച്ചെത്താന്‍. ഞാന്‍ പോയിട്ട്, പിന്നെ വരാം.” “എന്തെങ്കിലും കാര്യമായിട്ട് വന്നതാണോ ? എനിക്ക് എങ്ങനെയാണ് സഹായിക്കാന്‍ കഴിയുക എന്ന് പറയൂ.” “ഈ വഴി വന്നപ്പോള്‍ ഗുരുവിന്‍റെ പുതിയ താമസസ്ഥലം ഒന്ന് കണ്ടുപോകാം എന്ന് കരുതി - അത്രേയുള്ളൂ. ഞങ്ങള്‍ ചങ്ങാതിമാരാണ്.” “ഏതായാലും വന്നതല്ലേ? മറ്റ് ബദ്ധപ്പാടുകള്‍ ഇല്ലെങ്കില്‍ സുഹൃത്തിനെ കണ്ടിട്ട് പോകാം. അകത്തേയ്ക്ക് വരൂ. തത്കാലം ഞാനും സ്വതന്ത്രനാണ്.“ “മുൻപ് താമസിച്ചിടത്ത് ഞങ്ങള്‍ അയൽക്കാരായിരുന്നു. ലൊക്കേഷൻ അയച്ചുതന്നിരുന്നു. ഇന്ന് അപ്രതീക്ഷിതമായി ഈ വഴി വന്നതാണ്. അപ്പാർട്ട്മെന്‍റ് കോംപ്ലെക്സിന്‍റെ ബോർഡ് കണ്ടപ്പോൾ, പെട്ടെന്ന് ഓര്‍ത്തു ഗുരുവിന്‍റെ വീട് ഇതിനകത്താണല്ലോ എന്ന്.” ഒരു കോഫിപ്പുറത്ത് ജീവിതവും തൊഴിലും കുടുംബവും നിരുപദ്രവരാഷ്ട്രീയവും, കൂട്ടത്തില്‍ അദ്ധ്യാപനവും ചര്‍ച്ച ചെയ്ത് ഞങ്ങള്‍ കുറെ നേരം ഇരുന്നു. പ്രസന്ന എന്നത് മലയാളികള്‍ക്ക് ഒരു പെണ്‍പേരാണ് എന്ന് ഞാന്‍ പറഞ്ഞു. ആണാണെങ്കിൽ പ്രസന്നനാവണം. പഴയകാല ക്രിക്കറ്റ് കളിക്കാരന്‍ പ്രസന്നയാണ് ആ പേരുള്ള ആണുങ്ങളും ഉണ്ടെന്ന് ആദ്യമായി കാണിച്ചുതന്നത്. ബെങ്ഗളൂരു എത്തിയതിന് ശേഷം അഞ്ചെട്ട് ആണ്‍പ്രസന്നമാരുമായി ഇടപഴകേണ്ടിവന്നിട്ടുണ്ട്. “സെക്കന്‍ഡ് ഫ്ലോര്‍ - തേഡ് ഫ്ലോര്‍ പ്രശ്നം മനസ്സിലായില്ല.” ഞങ്ങൾ ഹാളിൽ അഭിമുഖമായി ഇരുന്നു. “ ഒരുദാഹരണം വഴി വ്യക്തമാക്കിത്തരാം. കേരളത്തില്‍ പണ്ട് പതിനൊന്ന് കൊല്ലം സ്കൂളും ഒരു കൊല്ലം പ്രീ യൂണിവേഴ്സിറ്റിയുമായിരുന്നു. ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന വര്‍ഷം സര്‍ക്കാര്‍ പതിനൊന്നും ഒന്നും എന്നതില്‍ നിന്ന് അത് പത്തും രണ്ടും എന്നാക്കാന്‍ തീരുമാനിച്ചു. മാറ്റം ആറാം ക്ലാസില്‍ നിന്ന് തുടങ്ങാനും. ആ വര്‍ഷം ആറില്‍ നിന്ന് ജയിച്ചവര്‍ ഏഴില്‍ എത്തുന്നതിന് പകരം ആറ് (പുതിയത്) എന്ന ക്ലാസിലാണ് എത്തിയത്. അന്നനുഭവിച്ച വേദന, നിരാശ, നഷ്ടബോധം, മരണം വരെ ആ ബാച്ചുകാരാരും മറക്കില്ല. ‘പേരിലേയുള്ളൂ കുഴപ്പം. പഠിക്കുന്നത് എല്ലാ വിഷയങ്ങളിലും പുതിയ കാര്യങ്ങളാണ്’ എന്നൊക്കെ പറഞ്ഞ് അദ്ധ്യാപകര്‍ ഞങ്ങളെ ആശ്വസിപ്പിക്കാറുണ്ടായിരുന്നു. കാര്യം സത്യവുമായിരുന്നു. എന്നാലും – തോറ്റവരുടെ കാര്യം ഒന്നുകൂടി ദയനീയമായിരുന്നു. ആറ് (പുതിയത്) വന്നപ്പോള്‍ ‘പഴയത്’ ഇല്ലാതെയായി. അതോടെ ആറില്‍ തോറ്റവര്‍ അഞ്ചിലേയ്ക്ക് താഴ്ത്തപ്പെട്ടു ! ജയിക്കുന്ന ക്രമത്തിന് ഞങ്ങള്‍ ഏഴ് (പുതിയത്), എട്ട് (പുതിയത്) ...... എന്നിങ്ങനെ മുന്നോട്ട് പോയി. അങ്ങനെ ഒരു വര്‍ഷവും തോല്‍ക്കാതെ പഠിച്ചിട്ടും പതിനൊന്ന് വര്‍ഷം കൊണ്ടാണ് ഞങ്ങള്‍ പത്താം ക്ലാസ് ജയിച്ചത്. ഏത് ക്ലാസിൽ പഠിക്കുന്നു എന്ന ചോദ്യത്തിന്, വിഷമത്തോടെ, ‘എഴിലാണ്, പക്ഷേ ശരിക്കും എട്ടിലാണ്.’ എന്ന മട്ടിൽ പ്രതികരിക്കുമായിരുന്നു ഞങ്ങള്‍. നമ്മള്‍ നില്‍ക്കുന്ന ഈ ഫ്ലോര്‍ അങ്ങനെയൊരര്‍ത്ഥത്തില്‍ ഒരേ സമയം സെക്കന്‍ഡ് ഫ്ലോറും തേഡ് ഫ്ലോറുമാണ്.” “വിചിത്രമായി തോന്നുന്നു.” പ്രസന്ന സഹാനുഭൂതിയോടെ ചിരിച്ചു “ഈ അപ്പാർട്ട്മെന്‍റ് സമുച്ചയത്തിൽ അടുത്തടുത്ത് ക്രമീകരിക്കപ്പെട്ട രണ്ട് ലിഫ്റ്റുകള്‍ ഉണ്ട് - കണ്ടുകാണുമല്ലോ. അവ രണ്ട് വ്യത്യസ്തകമ്പനികള്‍ നിര്‍മ്മിച്ചവയും രണ്ട് വ്യത്യസ്തസന്ദര്‍ഭങ്ങളില്‍ ഇവിടെ സ്ഥാപിക്കപ്പെട്ടവയുമാണ്. ഒന്നില്‍ G,1,2,3,4,…. എന്നിങ്ങനെയാണ് നിലകള്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. പാര്‍ക്കിങ് സ്പേസ് ആയ താഴത്തെ സ്റ്റില്‍റ്റ് ഫ്ലോറിനെ - 1 ആക്കി, മറ്റേതില്‍ -1, 0,1,2,3, …. എന്നിങ്ങനെയും ! ചുമരുകളില്‍ കാണിച്ചിരിക്കുന്നത് രണ്ടാമത്തേതിലെ സംഖ്യകളാണ്.” ഭാഷാദ്ധ്യാപകനായ പ്രസന്നയെ കണക്ക് മുഷിപ്പിച്ചു എന്ന് വ്യക്തമായിരുന്നു. സുഹൃത്ത് വീട്ടിലെത്തിയ വിവരം കിട്ടിക്കഴിഞ്ഞ് യാത്ര പറയുമ്പോള്‍ വരണ്ട ചിരിയോടെ മൂപ്പര്‍ ചോദിച്ചു: “ഇത് പരിഹരിക്കപ്പെടേണ്ടതാണെന്ന് ആര്‍ക്കും തോന്നാറില്ലേ ?” “വേണം - എല്ലാവരും പറയാറുണ്ട്. എന്തെങ്കിലും ചെയ്യണം. ഒഴിവുള്ളപ്പോള്‍ ഒക്കെ എന്‍റെ വ്യായാമനടത്തം ഈ ഇടനാഴിയിലാണ്. ദിവസവും ഫ്ലോറിനെ കുറിച്ചും അപ്പാര്‍ട്ട്മെന്‍റിനെ കുറിച്ചും സംശയങ്ങളുമായി രണ്ടോ മൂന്നോ പേര്‍ സമീപിക്കും. എല്ലാ നിലകളിലും ഇത് സംഭവിക്കുന്നുണ്ടാവണം. എന്നും കുറച്ചുപേര്‍ക്ക് വഴികാട്ടിയാവാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ഞാന്‍ രാത്രി ഉറങ്ങാന്‍ കിടക്കുക.” ലിഫ്റ്റിന് എതിരെയുള്ള പടികള്‍ നടന്നുകയറി പ്രസന്ന കാഴ്ചപ്പുറത്ത് നിന്ന് മറഞ്ഞു. സ്വാഗതം ചെയ്യലും യാത്ര പറച്ചിലും നന്ദിപ്രകടനവും പശ്ചാത്തല സംഗീതവുമായി ലിഫ്റ്റ് ജോലിത്തിരക്കിലായിരുന്നു . ‘തേഡ് ഫ്ലോര്‍’ എന്ന അറിയിപ്പ് വീണ്ടും അന്തരീക്ഷത്തില്‍ ഉയര്‍ന്നു. മെലിഞ്ഞുയര്‍ന്ന മറ്റൊരു രൂപം അതേ സ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. പ്രസിദ്ധമായ, ‘ദേജാ വൂ’ അനുഭവം ! മുകളില്‍ ചുമരിലേയ്ക്ക് നോക്കി അതേ സംശയഭാവത്തോടെ രൂപം തിരിഞ്ഞു. “എക്സ്ക്യൂസ് മി സര്‍- ഇത് ഏത് ഫ്ലോര്‍ ആണ്?“ അരികുകള്‍ ചെത്തിമിനുക്കിയ കോര്‍പ്പറേറ്റ് ഇംഗ്ലീഷ്- “താങ്കള്‍ക്ക് ഏത് നമ്പര്‍ അപ്പാര്‍ട്മെന്‍റിലാണ് പോകേണ്ടത് ?” അയാള്‍ മറുപടി പറയാന്‍ ശ്രമിക്കുന്നതിന്നിടെ കൈയിലൊരു പാഴ്സലുമായി ഒരു ചെറുപ്പക്കാരന്‍ ധൃതിയില്‍ പടികള്‍ കയറിവന്നു. ആദ്യം വന്നയാള്‍ വാതില്‍ക്കല്‍ എന്‍റെ തൊട്ടുമുന്നില്‍ നിൽക്കുകയായിരുന്നു. ചെറുപ്പക്കാരന്‍ മികച്ച പൗരബോധം പ്രകടിപ്പിച്ച് അയാള്‍ക്ക് പിന്നിൽ നിൽപ്പുറപ്പിച്ചു. ശബ്ദമില്ലാതെ കയറുകയും ഇറങ്ങുകയും ചെയ്യുന്ന രണ്ടാം ലിഫ്റ്റിന്‍റെ വാതിലുകള്‍ തുറന്നു. രണ്ട് കന്യാസ്ത്രീകളും ഒരു മൂന്നംഗകുടുംബവും പുറത്തിറങ്ങി. രംഗനിരീക്ഷണം നടത്തി അല്പനേരം നിന്നു. സംശയിച്ചുസംശയിച്ച് മുന്നോട്ട് വന്നു. ക്ഷമിക്കൂ എന്ന അര്‍ത്ഥത്തില്‍ ചിരിച്ച് കന്യാസ്ത്രീകള്‍ ചെറുപ്പക്കാരന്‍റെ പിന്നില്‍ പോയി വരിനിന്നു. ശേഷിച്ച മൂന്നുപേര്‍ അവര്‍ക്ക് പിന്നിലും. മറ്റേ ലിഫ്റ്റില്‍ സംഗീതം അകന്നകന്നു പോയി. നോക്കിനില്‍ക്കേ താഴേയ്ക്കും മുകളിലേയ്ക്കും ഉള്ള പടികളില്‍ നിന്നും രണ്ട് ലിഫ്റ്റുകളില്‍ നിന്നുമായി ഒറ്റയ്ക്കും തെറ്റയ്ക്കും ആള്‍ക്കാര്‍ വന്നുതുടങ്ങി ! ഒരേ സമയം വരിനിന്നവരുടെ എണ്ണം പത്തിലേറെയായി. എന്നുമില്ലാത്ത കാഴ്ച ! സംശയനിവൃത്തി വരുത്തിയവര്‍ നന്ദി പറഞ്ഞുപിരിഞ്ഞു. പുതുതായി വന്നവര്‍ അച്ചടക്കത്തോടെ വരിയുടെ അറ്റത്ത് പോയി നിന്നു. നടത്തത്തിനുള്ള ശ്രമം തത്ക്കാലം ഞാന്‍ മാറ്റിവെച്ചു. ഇടനാഴിയിലെ തിരക്കൊഴിയട്ടെ - എന്നിട്ടാലോചിക്കാം. സുഹൃത്ത് ഗുരുരാജുമൊത്ത് പ്രസന്ന വീണ്ടും വന്നു. കൂടെ ഈ പരിസരത്ത് കണ്ട് മുഖപരിചയമുള്ള മൂന്ന് ചെറുപ്പക്കാരും. ക്യൂവിന് നീളം കൂടിക്കൊണ്ടേയിരുന്നു . “സര്‍, ഞാന്‍ തിരിച്ചുപോകുന്നു.” പ്രസന്ന പറഞ്ഞു. “പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം. തീര്‍ച്ചയായും വീണ്ടും കാണാം. ഒരു പത്ത് മിനുട്ട് നേരത്തേയ്ക്ക് നമുക്ക് അകത്തിരുന്നാലോ ? ഒരു കാര്യം സംസാരിക്കാനുണ്ടായിരുന്നു. ” “ഈ കാത്തുനില്‍ക്കുന്നവരൊക്കെ….” മുഴുവനാക്കാന്‍ സമ്മതിക്കാതെ പ്രസന്ന എന്നെ സ്നേഹപൂര്‍വം അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. കൂടെ ഗുരുരാജും ചെറുപ്പക്കാരില്‍ രണ്ടുപേരും വന്നു. “സാറ് വെഷമിക്കേണ്ട. അവരെ സഹായിക്കാന്‍ ഗുരുരാജ് തത്ക്കാലത്തേയ്ക്ക് ഒരാളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. സോഫയിലും കസേലകളിലുമായി ഞങ്ങള്‍ അഞ്ചുപേരും ഇരുന്നു. ചെറുപ്പക്കാരെ ഗുരുരാജ് പരിചയപ്പെടുത്തി : ഇവര്‍ മഞ്ജുനാഥും അലനും - രണ്ടുപേരും ബഹുരാഷ്ട്രകമ്പനികളില്‍ തടിച്ച ശമ്പളം വാങ്ങി ജോലി ചെയ്തിരുന്നവരാണ്. ഉന്നത വിദ്യാഭ്യാസത്തിനായി ഒരു വര്‍ഷത്തേയ്ക്ക് ജോലിയില്‍ നിന്നു വിട്ടുനില്‍ക്കുന്നവര്‍. മഞ്ജു ഇവിടത്തുകാരനാണ്. അലന്‍ ഇവിടെ ജനിച്ചുവളര്‍ന്ന മലയാളിയും. ചെറുപ്പക്കാര്‍ എഴുന്നേറ്റുനിന്നു- തൊഴുതു. പ്രസന്നയാണോ ഗുരുരാജ് ആണോ തുടങ്ങേണ്ടതെന്ന സംശയത്തില്‍ അല്‍പസമയം ശബ്ദമില്ലാത്ത ആശയവിനിമയം നടന്നു. തുടര്‍ന്ന് പ്രസന്ന സംസാരിച്ചു. “ സര്‍, ഞാനും ഗുരുവും ഏറെനേരം സാറിനേയും മുന്നില്‍ വരിനിന്നിരുന്നവരേയും ശ്രദ്ധിച്ച് പിന്നിലേയ്ക്ക് മാറി ഇവിടെത്തന്നെയുണ്ടായിരുന്നു. മാതൃകാപരമായ ഒരു സന്നദ്ധസേവനമാണ് ഇവിടെ നടക്കുന്നത്. തിരിച്ച് മുറിയില്‍ പോയിരുന്ന് ഞങ്ങള്‍ ഇതെങ്ങനെ കൂടുതല്‍ കാര്യക്ഷമവും സാറിന് ആയാസരഹിതവും ആക്കാമെന്നാലോചിച്ചു. ചര്‍ച്ച ചെയ്ത് ഞങ്ങള്‍ കണ്ടെത്തിയ പ്രവര്‍ത്തനരീതി സാറുമായി പങ്കിടാനാണ് ഈ കൂടിക്കാഴ്ച. ഞാനത് ചുരുക്കി പറയാം. പ്രയോഗത്തില്‍ വരുമ്പോള്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ സാറിന് ചെയ്യാവുന്നതേയുള്ളൂ. ഇടനാഴിയുടെ ഈ അറ്റത്ത് സാറിന് ഉപയോഗിക്കാനായി ഒരു മേശയും കസേലയും ഒരുക്കുന്നുണ്ട്. മേശപ്പുറത്ത് ലാപ്ടോപ്പും വെള്ളകടലാസ് ഉള്‍ക്കൊള്ളുന്ന ബുക് ഫയലും പേനയും ചൂടുവെള്ളം നിറച്ച ഫ്ലാസ്കും ഗ്ലാസും ഉണ്ടാവും. മുന്നില്‍ അല്പം മാറി, രണ്ട് മോഡകളിട്ട് മഞ്ജുവും അലനും ഇരിക്കും. അന്വേഷണവുമായി എത്തുന്ന സന്ദര്‍ശകന്‍റെ വിവരങ്ങള്‍ മഞ്ജു സ്വന്തം ലാപ്ടോപ്പില്‍ ഒരു അപേക്ഷാ ഫോറത്തിന്‍റെ രൂപത്തില്‍ ശേഖരിക്കും. അത് സാറിന്‍റെ ലാപ്ടോപ്പിലേയ്ക്ക് അയച്ചുതരും. പേരും ക്രമനമ്പറും രേഖപ്പെടുത്തിയ ടോക്കണുമായി സന്ദര്‍ശകന്‍ സാറെ സമീപിക്കും. ഫോറത്തില്‍ രേഖപ്പെടുത്തിയ അപ്പാര്‍ട്ട്മെന്‍റിലേയ്ക്ക് എത്ര നില കയറണം/ ഇറങ്ങണം (+3 അല്ലെങ്കില്‍ -2 എന്ന മട്ടില്‍ ) എന്നു ടോക്കണില്‍ രേഖപ്പെടുത്തേണ്ട ജോലിയേ സാറിന്നുള്ളൂ. ഇതേ നിലയിലെ വീടാണെങ്കില്‍ ‘0’ രേഖപ്പെടുത്താം. അപേക്ഷകനെ ലിഫ്റ്റ് വരെ അനുഗമിച്ച്, ശരിയായ നിലയിലേയ്ക്ക് അയയ്ക്കുന്ന ജോലിയാണ് അലന് . ഞാനൊരു മന:ശാസ്ത്രജ്ഞനല്ല. എങ്കിലും ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ പറയട്ടെ. മണിക്കൂറുകളോളം ആരോടും ഒന്നും സംസാരിക്കാതെ അക്കങ്ങളുമായി മാത്രം ഇടപെട്ട് എഴുന്നേല്‍ക്കുമ്പോള്‍ കുറച്ചുനേരത്തേയ്ക്ക് ഒരസ്വസ്ഥത അനുഭവപ്പെട്ടേയ്ക്കാം. അതൊന്നു ശരിയാവുന്നതുവരെ അഞ്ചു മിനുട്ട് നേരത്തേയ്ക്കെങ്കിലും നനഞ്ഞ ടിഷൂ കൊണ്ട് കണ്ണുകള്‍ മൂടി വെറുതെ കിടക്കുന്നത് നന്നായിരിക്കും. “ “ഇനി വാതില്‍ തുറക്കാം..?” ഗുരുരാജ് എഴുന്നേറ്റു. പിന്നാലെ ബാക്കിയുള്ളവരും. എന്നെ മുന്നില്‍ നിര്‍ത്തിയാണ് സംഘം പുറത്തേക്കിറങ്ങിയത് കസേലയും വിരിയിട്ട ചെറിയ മേശയും മോഡകളും, പറഞ്ഞത് പോലെ ക്രമീകരിച്ചിരുന്നു. ക്യൂ ഇടനാഴിയുടെ മറ്റേയറ്റം വരെ നീണ്ടുകിടന്നു. അവരെ സഹായിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരന്‍, മേശപ്പുറത്ത് വാഴയിലയില്‍ പൊതിഞ്ഞ്, നീളത്തില്‍ മടക്കിവെച്ചിരുന്ന പൂമാല എടുത്ത് എന്നെ അണിയിച്ചു. ക്യൂവില്‍ നിന്നിരുന്നവര്‍ കൈയടിയോടെ സ്വീകരിച്ചു. ഞാന്‍ എനിക്ക് നിശ്ചയിച്ചുറപ്പിച്ച ഇടത്തില്‍ തുറന്നുവെച്ച ലാപ്ടോപ്പിന് മുന്നില്‍ ഇരുന്നു. കസേലയ്ക്ക് പിന്നില്‍ ഉയരത്തില്‍ ചുമരുകള്‍ക്ക് കുറുകെ തുണികൊണ്ടുള്ള ബാനര്‍ വലിച്ചുകെട്ടിയിരിക്കുന്നു. ബാനറില്‍ ഒരറ്റത്ത് തുടങ്ങി മറ്റേയറ്റത്ത് അവസാനിക്കുന്ന രീതിയില്‍ ‘His little, nameless, unremembered, acts of kindness and of love’ എന്ന് ആലങ്കാരിക അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നു. അടുത്ത വരിയില്‍ വലിയ അക്ഷരങ്ങളില്‍ ‘സന്ദര്‍ശകര്‍ക്കുള്ള അറിയിപ്പ്’ എന്ന തലക്കെട്ടോടെ, ‘ഫ്ലോര്‍ നമ്പര്‍ ഭാഗികസത്യം മാത്രം - വീട്ടുനമ്പറാണ് ശാശ്വതസത്യം’ എന്ന് ഇംഗ്ലിഷിലും കന്നഡത്തിലും എഴുതിയിരിക്കുന്നു ഏറ്റവും അടിയിലായി, ‘പ്രവര്‍ത്തന സമയം : തിങ്കള്‍ മുതല്‍ ശനി വരെ : രാവിലെ, 9.00 — 12.00, വൈകുന്നേരം, 5.00 — 7.00 ഞായറാഴ്ച മുടക്കം- എന്നും എഴുതിയിട്ടുണ്ട്. പ്രവര്‍ത്തനത്തിന്‍റെ തുടക്കം നേരില്‍ കാണാനായി പ്രസന്നയും ഗുരുരാജും മോഡകളില്‍ ഇരിപ്പുറപ്പിച്ചു. പൂരിപ്പിച്ച ആദ്യ അപേക്ഷ, മഞ്ജു ഫോര്‍വേഡ് ചെയ്ത് എന്‍റെ ലാപ്ടോപ്പില്‍ വന്നു. അടുത്തെത്തിയ അപേക്ഷകനെ നിര്‍ത്തിക്കൊണ്ടുതന്നെ ഞാന്‍ അത് വായിച്ചുനോക്കി. അപേക്ഷകന്‍റെ പേര്‍ : (ടോക്കണില്‍ തന്നിരിക്കുന്ന പേരുമായി ഞാന്‍ ഒത്തുനോക്കി) ; വിലാസം ;മൊബൈല്‍ ഫോണ്‍ നമ്പര്‍; സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന വീടിന്‍റെ നമ്പര്‍; താമസക്കാരന്‍റെ പേര്‍- അപേക്ഷയില്‍ തന്നിരിക്കുന്ന വീട്ടുനമ്പര്‍ 405 ആണ്. ടോക്കണില്‍ ‘+2’ എന്നെഴുതി ഞാന്‍ അത് തിരിച്ചേല്‍പ്പിച്ചു. അലന്‍ അയാളെ കൂട്ടി ലിഫ്റ്റിന് നേരെ നടന്നു. മഞ്ജുവിന്‍റെ ലാപ്ടോപ്പില്‍ നിന്ന്, പൂരിപ്പിച്ച രണ്ടാമത്തെ ഫോം എന്‍റെ മുന്നിലെത്തി. ഒപ്പം ടോക്കണുമായി അപേക്ഷകനും. ആദ്യത്തെ പത്ത് അപേക്ഷകളില്‍ തീരുമാനം നടപ്പാക്കിക്കഴിയുന്നത് വരെ പ്രസന്നയും ഗുരുരാജും ഇരുന്നു. പിന്നെ എഴുന്നേറ്റ്, വിജയാശംസകള്‍ നേര്‍ന്ന് യാത്രയായി. ഞാനിപ്പോള്‍ സ്ക്രീനില്‍ തെളിയുന്ന അപേക്ഷകളിലെ വീട്ടുനമ്പര്‍ മാത്രമേ കാണുന്നുള്ളൂ. അത് കണ്ണില്‍ പെടുന്ന നിമിഷം -1, +3 … എന്ന മട്ടില്‍ എന്‍റെ തീരുമാനം മുന്നിലെ കൈ നീട്ടുന്ന ടോക്കണില്‍ പതിയും. ഒരാള്‍ കൂടി ഇടം കാലിയാക്കും. ക്യൂ മുന്നോട്ട് നീങ്ങും.

Tuesday, March 25, 2025

സാഹിത്യവാരഫലം ഭാഷയും ഭാഷ്യവും. സാഹിത്യവാരഫലം എന്തുകൊണ്ടു ചര്‍ച്ച ചെയ്യപ്പെടുന്നില്ല ? ഇരുപത്തിയേഴ് വര്‍ഷങ്ങളിലൂടെ മലയാളികളായ വായനക്കാരുടെ ശീലമായി മാറിക്കഴിഞ്ഞ ഒന്നാണ് സാഹിത്യവാരഫലം . നല്ലതെന്ന് തനിക്ക് തോന്നുന്ന സാഹിത്യത്തെ താലോലിച്ചും അല്ലാത്തവയെ ആക്രമിച്ചും എം.കൃഷ്ണന്‍ നായര്‍ എന്ന ഒറ്റയാള്‍ പട്ടാളം കൊണ്ടുനടത്തുന്ന ഈ പംക്തി കാര്യമായ ഒരു വിലയിരുത്തലിനും വിധേയമായി കണ്ടിട്ടില്ല. പൈങ്കിളി സാഹിത്യമെന്നറിയപ്പെടുന്ന സാഹിത്യശാഖയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃഷ്ണന്‍ നായരോടും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളോടും വെറുപ്പാണ് . ആധുനിക-അത്യന്താധുനിക-ആധുനികോത്തരശാഖകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പുച്ഛവും.ഈ രണ്ടു തീവ്രവാദസംഘങ്ങളിലും പെടാതെ,വായനക്കാരെക്കൊണ്ട് നല്ലതും ചീത്തയും പറയിക്കാതെ കാലയാപനം നടത്തുന്ന മദ്ധ്യവര്‍ഗസാഹിത്യകാരന്മാരും ഭാഷയില്‍ വേണ്ടുവോളമുണ്ട്.എന്നിട്ടും,ഗൌരവബോധത്തോടെ നടത്തപ്പെടുന്ന സെമിനാറുകളിലോ യോഗങ്ങളിലോ ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ അപ്പൊഴപ്പോള്‍ അരങ്ങേറുന്ന ചര്‍ച്ചകളിലോ വാരഫലം ഒരു വിഷയമായി കണ്ടിട്ടില്ല .ഓ.വി.വിജയന്‍റെ നോവലുകളും മാധവിക്കുട്ടിയുടെ കഥകളും വായിക്കുന്ന താത്പര്യത്തോടെ തന്നെ അവയെക്കുറിച്ച് കെ.പി.അപ്പനോ ആഷാമേനോനോ എഴുതുന്ന നിരൂപണലേഖനങ്ങളും വായിക്കുന്നവനാണ് മലയാളി വായനക്കാരന്‍.ഒരു പടി കൂടി കടന്ന് കെ.പി.അപ്പന്‍റെ നിരൂപണ സമ്പ്രദായത്തെ കുറിച്ചും ആഷാമേനോന്‍റെ ശൈലിയിലെ ഭാഷാപരമായ വ്യതിരിക്തതയെ കുറിച്ചും നമ്മള്‍ വായിക്കാറുണ്ട്.നാട്ടുനടപ്പില്‍ നിന്ന് വഴി മാറിയ ശൈലിയും അഭിപ്രായങ്ങളുമായി, ഏകദേശം മൂന്നു പതിറ്റാണ്ടുകളായി,വാരം തോറും നമ്മുടെ മുന്നിലെത്തുന്ന 'വാരഫല'ത്തിലെ ലേഖനങ്ങളെ കുറിച്ച് എന്തെങ്കിലുമൊന്നു പറയണമെന്ന് നമുക്ക് തോന്നാത്തതെന്ത്?കുഞ്ചന്‍ നമ്പ്യാരെ ഭാഷാസാഹിത്യത്തിലെ കോമാളിയായി കരുതിയ കുട്ടികൃഷ്ണമാരാരും നമ്പ്യാരുടെ വാങ്മയചിത്രങ്ങള്‍ അത്യുജ്ജ്വലങ്ങളെന്നു വിശ്വസിച്ച എം.ആര്‍.നായരും ജി.യുടെ കവിതകള്‍ സാഹിത്യഗുണം കുറഞ്ഞ ബുദ്ധിവ്യായാമങ്ങളാണെന്നു കരുതിയ മുണ്ടശ്ശേരിയും പ്രതിഭാധനനായ കവിയാണ്‌ ജി. എന്ന് വിശ്വസിച്ച എന്‍.വി.യും ഒരു വളച്ചെട്ടിയെക്കാളേറെ 'വളവള' കളും തൂക്കി നടക്കുന്ന 'കോരപ്പുഴ'യെന്നു ചങ്ങമ്പുഴയെ പരിഹസിച്ച എം.ആര്‍.നായരും അഭൌമമായ അന്തരീക്ഷത്തിലേയ്ക്ക് വായനക്കാരനെ ഉയര്‍ത്തുന്ന അദ്ഭുതമാണ്‌ ചങ്ങമ്പുഴക്കവിത എന്ന് വിശ്വസിക്കുന്ന കൃഷ്ണന്‍ നായരും നമുക്ക് ഒരുപോലെ സ്വീകാര്യരാണ്‌.കൃഷ്ണന്‍ നായരെഴുതുന്ന വാരഫലവും വാരഫലമെഴുതുന്ന കൃഷ്ണന്‍ നായരും,പക്ഷേ, എന്നോ എവിടെയോ നടക്കുന്ന ചില പ്രഭാഷണങ്ങളില്‍ ഒറ്റപ്പെട്ട ശകാരങ്ങളില്‍ മാത്രം വിലയിരുത്തപ്പെടുന്നു. എന്താവാം കാരണം?എഴുത്തുകാരിലാരുടേയും ശ്രദ്ധ പിടിച്ചു പറ്റാന്‍ വാരഫലത്തിന് കഴിയുന്നില്ല എന്ന് പറഞ്ഞുകൂട.അറിയപ്പെടുന്ന എഴുത്തുകാരുടെ നാടകങ്ങളിലും കഥകളിലും കാര്‍ട്ടൂണുകളിലും കൃഷ്ണന്‍ നായരുടെ ശൈലിയില്‍ നടക്കുകയും സംസാരിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളെ കണ്ടിട്ടുണ്ട്. പരോക്ഷമായി അദ്ദേഹത്തെ പരിഹസിക്കാനോ വിമര്‍ശിക്കാനോ ആ വഴിക്ക് അവര്‍ മുതിര്‍ന്നിട്ടുമുണ്ട്.മലയാളത്തിലെ സകല സമസ്തപദങ്ങളും വിഗ്രഹിച്ച് അര്‍ത്ഥം പറയുന്ന 'ചാത്തമംഗലത്തെ കിട്ടനെ' പറ്റി സാക്ഷാല്‍ വി.കെ.എനും പറഞ്ഞിട്ടുണ്ട്. 'കൃഷ്ണന്‍' ലോപിച്ചിട്ടാണ് 'കിട്ടന്‍' ആയത് എന്നൊരഭിപ്രായമുണ്ട്.ഇത് ശരിയല്ല എന്നാണു വി.കെ,എന്‍. പറയുന്നത്.'പൊട്ടന്‍' ലോപിച്ചിട്ടാണത്രെ 'കിട്ട'നായത്.' ലിറ്റററി ജേണലിസം' മാത്രമാണെന്ന് കൃഷ്ണന്‍ നായര്‍ തന്നെ ചെറുതായി കാണുന്ന വാരഫലം ഗൌരവത്തോടെയുള്ള ഒരു പഠനം അര്‍ഹിക്കുന്നില്ല എന്ന് വരുമോ? ഏതെങ്കിലും സാഹിത്യകൃതിയെ കുറിച്ചോ എഴുത്തുകാരനെ കുറിച്ചോ സമഗ്രമായ പഠനം സാഹിത്യ വാരഫലത്തില്‍ കാണാറില്ല എന്നത് സത്യം. ഉത്തരക്കടലാസ് പരിശോധിക്കുന്ന ഒരു പരീക്ഷകന്‍ ചെയ്യുന്നതില്‍ കവിഞ്ഞൊന്നും കൃഷ്ണന്‍ നായര്‍ ചെയ്യാറില്ല. കമ്പോളനിലവാരം പോലെയോ സിനിമാനിരൂപണം പോലെയോ ഉള്ള ഈ പ്രതിവാര റിപ്പോര്‍ട്ടിന് ഭാഷയില്‍ ചരിത്രപരമായ ദൌത്യമേതും നിര്‍വഹിക്കാനില്ല എന്ന് വേണമോ മനസ്സിലാക്കാന്‍? ഏതു ഭാഷയിലേയും സാഹിത്യത്തിന്‍റെ നിലനില്‍പ്പും പുരോഗതിയും എഴുത്തുകാരന്‍റേയും വായനക്കാരന്‍റേയും സജീവ സാന്നിദ്ധ്യത്തിലാണ് വേരൂന്നുന്നത്.ഒരു പക്ഷം അരങ്ങത്തും മറ്റേത് അമുഖമായ സദസ്സിലുമാണ്. സദസ്സിന്‍റെ പ്രതികരണം പലപ്പോഴും ഒരു കൈയടിയിലോ ചൂളം വിളിയിലോ അവസാനിക്കും.അല്ലെങ്കില്‍ പത്രാധിപര്‍ക്കുള്ള കത്തുകളിലെ ഒരു കുറിപ്പില്‍ വായനക്കാരന്‍ എഴുത്തുകാരനായി മുഖം കാണിക്കും.കാര്യകാരണങ്ങളോടെയുള്ള ഒരു വിശകലനമോ ഇഴ പിരിച്ചുള്ള അപഗ്രഥനമോ അവന്‍റെ ലക്ഷ്യമല്ല-ചുമതലയുമല്ല.ഒരു സാഹിത്യസൃഷ്ടി തന്‍റെ അന്തര്‍മണ്ഡലങ്ങളില്‍ സൃഷ്ടിക്കുന്ന അനുരണനങ്ങളില്‍ അബോധമായി അഭിരമിക്കുക അല്ലെങ്കില്‍ അവയ്ക്കെതിരെ പ്രക്ഷുബ്ധനാവുക മാത്രമാണവന്‍റെ കടമ.അവന്‍റെ മനസ്സില്‍ എന്തു നടക്കുന്നു എന്ന് കണ്ടെത്തി അവനെ അറിയിക്കേണ്ടത്,എഴുത്തുകാരന്‍റെ,നിരൂപകന്‍റെ ബാദ്ധ്യതയാണ് .ഖസാക്കിന്‍റെ ഇതിഹാസവും ഭാഷയില്‍ അതിന്‍റെ സ്ഥാനം ഉറപ്പിച്ചത് അതിനെക്കുറിച്ചുള്ള പഠനങ്ങളിലൂടെയാണ്.എഴുത്തുകാരന്‍ ബാഹ്യശരീരമാണെങ്കില്‍ വായനക്കാരന്‍ അവന്‍റെ സമസ്തവ്യാപാരങ്ങളേയും നിയന്ത്രിക്കുന്ന ആന്തരിക ഘടനയാണ്.പരോക്ഷത്തിന്‍റെ സഹകരണമില്ലാതെ പ്രത്യക്ഷത്തിനു നിലനില്‍പ്പില്ല. സാഹിത്യവാരഫലത്തിന്‍റെ സ്വഭാവത്തെ കുറിച്ച്,സാദ്ധ്യതകളെ കുറിച്ച്, പ്രസക്തിയെ കുറിച്ച്,പരിമിതികളെ കുറിച്ച് അനുകൂലിച്ചാവട്ടെ മറിച്ചാവട്ടെ എന്തെ ങ്കിലും പറയേണ്ടതുണ്ടെന്ന് നമ്മുടെ എഴുത്തുകാര്‍ക്ക് തോന്നാതിരുന്നത്,ബോധപൂര്‍വമല്ലാത്ത ഒരു വീഴ്ചയായി എനിക്ക് തോന്നുന്നു. സാഹിത്യ വാരഫലം ഇരുപത്തെട്ടാം വര്‍ഷത്തിലും ആരോഗ്യത്തോടെ നില നില്‍ക്കുന്നതെങ്ങനെ ? നിലവാരമുള്ള ഒരു വാരികയിലാണ്‌ വാരഫലം ജന്മമെടുത്തത്.രണ്ടു തവണ രംഗം മാറിയിട്ടും അത് നിലനില്‍ക്കുന്നതും അത്തരമൊരു പ്രസിദ്ധീകരണത്തിലാണ്.ഒരു വ്യക്തി മാത്രം കൈകാര്യം ചെയ്തിട്ടും ആ വ്യക്തിയുടെ അഭിപ്രായങ്ങളെ മാത്രം അവലംബിച്ചു നിന്നിട്ടും സമകാലീനഎഴുത്തുകാരില്‍,ഒരു പക്ഷേ, എല്ലാവരുടെയും മുഷിപ്പ് സമ്പാദിച്ചിട്ടും ഈ പംക്തി ജീവിക്കുന്നു-അതുള്‍ക്കൊള്ളുന്ന പ്രസിദ്ധീകരണത്തിന്‍റെ പ്രചാരത്തെ അനുകൂലമായി സ്വാധീനിച്ചുകൊണ്ട് തന്നെ. വാരികയുടെ വായന വാരഫലത്തിന്‍റെ പേജില്‍ തുടങ്ങുന്ന ഒട്ടേറെ പേരുണ്ട്. ഇക്കൂട്ടര്‍ വായിക്കുന്നത് ഈ ലേഖനങ്ങളിലെ നേരമ്പോക്കുകളും വിചിത്രങ്ങളായ നിര്‍വചനങ്ങളും ചോദ്യോത്തരങ്ങളും സ്വകാര്യസംഭാഷണങ്ങളിലെ സ്വകാര്യത കളഞ്ഞ് കൃഷ്ണന്‍ നായര്‍ അവതരിപ്പിക്കുന്ന പരദൂഷണങ്ങളും മാത്രമാണെന്ന വാദം പൂര്‍ണമായും ശരിയല്ല.ഓരോ ലേഖനവും ആദ്യാവസാനം വായിക്കുമ്പോള്‍ പുത്തനായ അറിവിന്‍റെ ഒരു ചെറിയ അംശം സ്വായത്തമാക്കാനാവുന്നുണ്ടെന്നു കരുതുന്നവരാണ് കൂടുതല്‍. വിശ്വസാഹിത്യത്തിലെ ശ്രദ്ധേയങ്ങളായ കൃതികളെ അവയുടെ മൂല്യനിര്‍ണ്ണയത്തിനു സഹായകമാവാത്ത വിധം സംഗ്രഹിച്ച് അവതരിപ്പിക്കുക വഴി വികലമായ ഒരാസ്വാദകസംസ്കാരത്തെയാണ് കൃഷ്ണന്‍ നായര്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന വാദത്തിലും സത്യത്തിന്‍റെ അംശമേയുള്ളൂ. സാഹിത്യത്തെ ഗൌരവത്തോടെ സമീപിക്കുന്ന, സര്‍ഗശക്തിയുള്ള ഒരെഴുത്തുകാരനേയും കൃഷ്ണന്‍ നായരുടെ അഭിപ്രായങ്ങള്‍ സ്വാധീനിക്കില്ല.മറിച്ച്,ഏതെങ്കിലും ചേരി യില്‍ അംഗമാകണമെന്ന നിര്‍ബന്ധമില്ലാത്ത സാധാരണ വായനക്കാരന് ഉത്തമസാഹിത്യത്തിലേയ്ക്കുള്ള ഒരു കിളിവാതിലായി പ്രവര്‍ത്തിക്കാന്‍ അതിനു കഴിയുന്നുമുണ്ട്.'ഡോറിയന്‍ ഗ്രേ'യുടെ കഥാസംഗ്രഹമോ അന്നാകരനീനയിലെ കഥാസന്ദര്‍ഭങ്ങളോ നേരിട്ടുള്ള അദ്ധ്വാനം കൂടാതെ ഒരാള്‍ മനസ്സിലാക്കിയെടുക്കുന്നെങ്കില്‍ ‍ അത് നമ്മെ അലോസരപ്പെടുത്തേണ്ടതില്ല.എഴുത്തുകാരനല്ലാത്ത ഈ വായനക്കാരന്‍റെ അഭിപ്രായരൂപീകരണത്തിലും കൃഷ്ണന്‍ നായര്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നു എന്നു പറഞ്ഞുകൂട.വാരഫലത്തിന്‍റെ വായനക്കാര്‍, കൃഷ്ണന്‍ നായരുടെ അഭിപ്രായങ്ങളെ, സ്വകാര്യസംഭാഷണങ്ങളില്‍, അദ്ദേഹത്തിന്‍റെ തന്നെ അഭിപ്രായങ്ങളായി ഉദ്ധരിക്കുന്നതായിട്ടാണ് അനുഭവം.മുണ്ടശ്ശേരി,മാരാര്‍, അഴീക്കോട്, കെ. പി. അപ്പന്‍ , ആഷാമേനോന്‍ തുടങ്ങി പലരുടേയും ചിന്താസരണികളെ സ്വയംവരിച്ച വായനക്കാര്‍ ഏറെയുണ്ട്.ഇങ്ങനെ ഒരനുയായിവൃന്ദം കൃഷ്ണന്‍ നായര്‍ക്ക് സ്വന്തമായി അവകാശപ്പെടാനാവില്ല.ഇത് ഒരു നിരൂപകന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്‍റെ കഴിവാണോ കഴിവുകേടാണോ എന്നതും വിവാദവിഷയമാകാം.വിദ്യാര്‍ത്ഥികളില്‍ ചിന്താശക്തിയുടെ തീപ്പൊരി സൃഷ്ടിച്ച് പിന്‍വാങ്ങുന്നവനാണ്,അവരെ സ്വന്തം വിശ്വാസത്തിന്‍റെ പാതയിലൂടെ കണ്ണും കെട്ടി നടത്തുന്നവനല്ല യഥാര്‍ത്ഥ അദ്ധ്യാപകന്‍ എന്നു വായിച്ചിട്ടുണ്ട്.സമാനമായ ഒരു നിര്‍വചനത്തിന്‍റെ സഹായത്തോടെ കൃഷ്ണന്‍ നായരുടെ രീതിയേയും സാധൂകരി ക്കാം.കൃഷ്ണന്‍ നായരുടെ ഇഷ്ടാനിഷ്ടങ്ങള്‍ വായനക്കാര്‍ക്ക് സംശയമുണ്ടാവാത്ത വിധം വ്യക്തങ്ങളാണ്.സ്വന്തം ശരിയിലുള്ള അസന്ദിഗ്ദ്ധമായ വിശ്വാസമാവാം കാരണം,ഒരു പ്രത്യേക അര്‍ത്ഥത്തില്‍ ശക്തമാണദ്ദേഹത്തിന്‍റെ ഭാഷ.വ്യക്തമായ കാഴ്ചപ്പാട്, കരുത്തുള്ള ഭാഷ, നിരന്തരമായ സാന്നിദ്ധ്യം, വളരെയേറെ വായനക്കാര്‍-ഒരു ചിന്താരീതിയുടെ പ്രയോക്താവായി എന്നിട്ടും കൃഷ്ണന്‍ നായര്‍ മാറാതിരുന്നതെന്തുകൊണ്ട് എന്നന്വേഷിക്കേണ്ടതാണ്.സാഹിത്യസംബന്ധിയും അല്ലാത്തതുമായ വിഷയങ്ങളെ പറ്റി കൊച്ചു കൊച്ചു കഥകളുടെ അകമ്പടിയോടെ വാരം തോറും കൃഷ്ണന്‍ നായര്‍ ഒരുക്കുന്ന 'കൊളാഷി'ന്‍റെ ഘടന തന്നെയാണ് ഇതിന്‍റെ പ്രചാരത്തിന്‍റെ മുഖ്യകാ രണം. വാരഫലത്തിന്‍റെ വായനക്കാരന് ഒരു തയ്യാറെടുപ്പ് ആവശ്യമില്ല. ലളിതമായ അതിന്‍റെ ശൈലി ഒരു രണ്ടാം വായന പോലും ആവശ്യപ്പെടുന്നില്ല.ഈ ലാളിത്യവും കഥാസമൃദ്ധിയും അവ ഇഷ്ടപ്പെടുന്ന വായനക്കാരുമാണ് സാഹിത്യവാരഫലത്തെ നിലനിര്‍ത്തുന്നത്. സാഹിത്യ വാരഫലം ഭാഷയുടെ അംഗീകാരമോ അഭിനന്ദനമോ അര്‍ഹിക്കുന്നുണ്ടോ? ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരം പംക്തികള്‍ മിക്കവാറും കൈകാര്യം ചെയ്യാറുള്ളത് ഒന്നിലേറെ എഴുത്തുകാരാണ്.നിയന്ത്രണാതീതമായ ചുറ്റുപാടുകളിലൊഴികെ ഒരിക്കലും വീഴ്ച വരുത്താതെ ഇരുപത്തേഴു കൊല്ലം പരസഹായമില്ലാതെ ഒരു പംക്തി കൊണ്ടുനടന്നു എന്ന ഒറ്റ കാര്യത്തിനു തന്നെ നാം കൃഷ്ണന്‍ നായരെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം പക്ഷേ,നല്ല സാഹിത്യത്തിന്‍റെ പക്ഷം ചേര്‍ന്നുകൊണ്ടുള്ള ആ പ്രയത്നത്തിന്‍റെ വ്യാപ്തത്തെ മാത്രം മാനിച്ചെങ്കിലും നാം നമ്മുടെ കടപ്പാട് അറിയണം -വ്യക്തമാക്കണം.അതത് വാരങ്ങളില്‍ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണങ്ങളിലെ കഥകളേയും കവിതകളേയും ലേഖനങ്ങളേയും മാത്രം മിക്കവാറും ആശ്രയിച്ചു കൊണ്ടുള്ള ആദ്യകാല ഘടനയില്‍ നിന്ന് അതേറെ മാറിയിട്ടുണ്ട്. അഭിപ്രായങ്ങളുടെയോ നുറുങ്ങു കഥകളുടെയോ ചിലപ്പോള്‍ കാണാറുള്ള ആവര്‍ത്തനമോ കയറ്റങ്ങളോ ഇറക്കങ്ങളോ ഇല്ലാത്ത,സവിശേഷതകളില്ലാത്ത, ഭാഷാശൈലിയോ അതിന്‍റെ പാരായണക്ഷമത കുറയ്ക്കുന്നില്ല.ഒരു വൈയാകരണന്‍റെ കാര്‍ക്കശ്യത്തോടെ ഭാഷയിലെ എഴുത്തുകാരുടെ തെറ്റായ പദപ്രയോഗങ്ങളെ കുറിച്ചും വ്യാകരണപ്പിശകുകളെ കുറിച്ചും ഉച്ചാരണവൈകല്യങ്ങളെ കുറിച്ചും വിസ്തരിക്കുന്ന കൃഷ്ണന്‍ നായരുടെ ലേഖനങ്ങള്‍,നിരൂപണ ലേഖനങ്ങള്‍ വായിക്കുന്നതില്‍ വൈമനസ്യം കാണിക്കാറുള്ള സാധാരണ വായനക്കാരന്‍,തള്ളി ക്കളയുന്നതിനു പകരം,രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണുണ്ടായത്. വായനക്കാരുടെ ഒരു പുതിയ സമൂഹത്തെ വാര്‍ത്തെടുത്തതിനു നാം കൃഷ്ണന്‍ നായരോട് നന്ദി പറയണം.സുഗതകുമാരിയെ പോലെ അംഗീകരിക്കപ്പെട്ട ഒരെഴുത്തു കാരിയുടെ/എഴുത്തുകാരന്‍റെ ഒരു കൃതിയുടെ കലാപരമായ മേന്മയെ പൂര്‍ണമനസ്സോടെ വാഴ്ത്തുമ്പോള്‍ തന്നെ മറ്റൊന്നിന്‍റെ പരാജയത്തെ നിശിതമായി വിമര്‍ശിക്കാന്‍ ധൈര്യം കാണിക്കുന്ന കൃഷ്ണന്‍ നായരുടെ സ്വഭാവവും വാരഫ ലത്തെ മറ്റു നിരൂപണ ലേഖനങ്ങളില്‍ നിന്ന് വേറെ നിര്‍ത്തുന്നു. ഇത്തരത്തിലൊരു നിഷ്പക്ഷത തീരെയില്ലെന്നു പറഞ്ഞുകൂടെങ്കിലും ഭാഷയിലെ നിരൂപകരുടെ ഒരു പൊതുസ്വഭാവമാണെന്നു കരുതുക വയ്യ.വ്യക്തി ബന്ധങ്ങള്‍, വാരഫലമെഴുതുമ്പോള്‍ ഒരിക്കലും കൃഷ്ണന്‍ നായരെ സ്വാധീനിക്കാറില്ല എന്നു വിവക്ഷയില്ല. സാഹിത്യവാരഫലത്തിന്‍റെ പോരായ്മകളെ കുറിച്ചൊരന്വേഷണം ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യമല്ല എന്നു മാത്രം കരുതിയാല്‍ മതി.കേരളീയ സാംസ്കാരികത്തനിമയുടെ മുഖമുദ്രകളായി നാം വാഴ്ത്താറുള്ള കഥകളിയുടെ വേഷവിധാനങ്ങളിലോ കൈകൊട്ടിക്കളിയുടെ ചുവടുകളിലോ അഭംഗിയുടെ ഒരംശമുണ്ടെന്ന് തുറന്നെഴുതാനുള്ള ചങ്കൂറ്റത്തെ അഭിനന്ദിക്കാന്‍ കഴിയണം. അപ്പോഴും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളോട് നമുക്ക് വിയോജിക്കാം.ലേഖനങ്ങള്‍ക്കുള്ള എഴുത്തുഭാഷയുടെ നിര്‍വചിക്കപ്പെട്ട ഗാംഭീര്യത്തേയും മാന്യതയേയും നോവിപ്പിക്കുന്ന പദപ്രയോഗങ്ങള്‍ വാരഫലത്തില്‍ കാണാറുണ്ട്.'പീറ', 'പറട്ട', 'ഉഡാന്‍സ്' തുടങ്ങിയ പദങ്ങള്‍ കൊണ്ട് സാഹിത്യകൃതികളെ വിലയിരുത്തുന്ന രീതി ശരിയോ എന്നത് മറ്റൊരു വിഷയം.('ആഭാസത്തിലാറാടിയ ഈ പീറക്കഥ വായിച്ച് ഞാന്‍ ലജ്ജിക്കുന്നു') 'ചൂര്', 'ചെത്തം' തുടങ്ങി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നാടന്‍ പദങ്ങളെ പുനരുദ്ധാരണം ചെയ്യാനുള്ള ഒരു ശ്രമം ഭാഷാസ്നേഹികളായ എഴുത്തുകാരില്‍ കാണാറുണ്ട്.സംസാര ഭാഷയിലെ കരുത്തുള്ള ചില വാക്കുകള്‍ക്ക്, പ്രയോഗങ്ങള്‍ക്ക് എഴുത്തു ഭാഷയിലേയ്ക്ക് സ്ഥാനക്കയറ്റം കൊടുക്കാന്‍ ഒരാള്‍ ഒരുമ്പെട്ടാല്‍ അയാളോടും നമുക്ക് മതിപ്പ് തോന്നേണ്ടതല്ലേ? നിയതമായ ഒരു ചട്ടക്കൂടില്ലാത്തതു കൊണ്ട് ശൈലിയില്‍ മാത്രമല്ല വിഷയസ്വീകരണത്തിലും കൃഷ്ണന്‍ നായര്‍ക്ക് അനന്തമായ സ്വാതന്ത്ര്യമുണ്ട്.ഒരു ഖണ്ഡികയില്‍ കാരൂരിന്‍റെ ചെറുകഥയെ കുറിച്ചും അടുത്തതില്‍ പി.ടി.ഉഷയുടെ ഓട്ടത്തെ കുറിച്ചും അതിനടുത്തതില്‍ പ്രപഞ്ചോല്‍പ്പത്തിയിലെ സ്ഫോടനത്തെ കുറിച്ചും എഴുതാന്‍ കഴിയുന്ന ഈ രീതി അദ്ദേഹത്തിന്‍റെ തന്നെ കണ്ടുപിടുത്തമാണ്.നിരൂപണ ലേഖനങ്ങളെ, പഠനവിധേയമാക്കാവുന്ന,സാഹിത്യകൃതികളില്‍ നിന്നുരുത്തിരിഞ്ഞ, സ്വതന്ത്ര സൃഷ്ടികളായി കാണാന്‍ ഭാഷയിലെ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഇന്ന് കഴിയുന്നുണ്ട്. സാഹിത്യവാരഫലം കൃഷ്ണന്‍ നായരുടെ സാഹിത്യ സൃഷ്ടിയാണ്.സമകാലീന സാഹിത്യത്തിന്‍റെ ഒരു പരിച്ഛേദം എപ്പോഴും ഉള്‍ക്കൊള്ളുന്നതു കൊണ്ട് ഭാവിയിലെ സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും ഈ ലേഖനങ്ങള്‍ ഗുണം ചെയ്യും.സവിശേഷതകളുള്ള, വായനക്കാര്‍ ഇഷ്ടപ്പെടുന്ന, ഈ നിരൂപണ ലേഖനങ്ങളേയും ഇവയുടെ കര്‍ത്താവിനേയും മലയാളം അറിഞ്ഞാദരിക്കേണ്ടിയിരിക്കുന്നു.

Friday, December 20, 2024

മരണം എന്ന കഥാപാത്രം

ഒന്ന് : മരിച്ചവരെ തിരിച്ചറിയുന്നതെങ്ങനെ ? രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, പത്ത് വര്‍ഷത്തോളം പ്രഫസര്‍ റൂബകാന്തത്തിന്‍റെ കുടുംബവും ഞങ്ങളും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള ഒരേ കോളനിയിലെ താമസക്കാരായിരുന്നു. ഒരു മിന്നല്‍ സന്ദര്‍ശനത്തിന് വരുന്നു എന്ന് പറഞ്ഞപ്പോള്‍ ഫോണിലൂടെ അടുത്തെവിടെയോ നിന്ന് ഭാര്യ പ്രിയയാണ് പ്രാതലിന് കണക്കാക്കി എത്താന്‍ നിര്‍ബന്ധിച്ചത്. തുടര്‍ന്ന് ഇത്രയും കൂടി പറഞ്ഞു: “മാഷേ, ഞാന്‍ മകളോടൊപ്പം രാവിലെ പുറത്തിറങ്ങും. ബ്രിഗേഡ് റോഡും കബന്‍ പാര്‍ക്കും കമേഴ്സ്യല്‍ സ്റ്റ്രീറ്റും ഒക്കെ കഴിഞ്ഞ് വൈകുന്നേരമാവും തിരിച്ചെത്താൻ. നേരത്തേ ഏറ്റ പരിപാടിയായതുകൊണ്ടാണ് പോകുന്നത്. പ്രാതലും ഉച്ചഭക്ഷണവും ഒരുക്കിവെച്ചിട്ടുണ്ട്. കഴിക്കാതെ പോകരുത്. ഈ പ്രിയയില്ലെങ്കിലും കൂട്ടിന് മാഷിന്‍റെ ‘പ്രിയ’കൂട്ടുകാരനുണ്ട്.” പരിചയപ്പെട്ട കാലത്ത് റൂബകാന്തത്തിന്‍റെ ദൈനംദിനജീവിതത്തിന് കൃത്യമായി ആവർത്തിക്കുന്ന മൂന്ന് ഘട്ടങ്ങളുണ്ടായിരുന്നു. ആദ്യത്തേതില്‍, ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ എന്നും രാവിലെ സുന്ദരിയായ ഭാര്യയോടൊപ്പം പ്രഫസര്‍ വീട്ടില്‍ നിന്നിറങ്ങും. പത്തോ പതിനഞ്ചോ തവണ ഒരേ വേഗത്തില്‍ ചുറുചുറുക്കോടെ നടത്തുന്ന കോളനി പ്രദക്ഷിണം കഴിഞ്ഞ് കുളിച്ച് കുറി തൊട്ടാണ് ജോലിക്കിറങ്ങുക. ഭാര്യയെ അടുത്ത ബസ് സ്റ്റോപ്പില്‍ നിന്ന് യാത്രയാക്കിക്കഴിഞ്ഞ് സ്വന്തം ഇരുചക്രവാഹനത്തില്‍ കോളേജിലേയ്ക്ക് യാത്ര തിരിക്കും. പ്രിയ റൂബയുടെ ശിഷ്യയായിരുന്നു. ഒച്ചപ്പാടുണ്ടാക്കിയ ഒരു പ്രേമവിവാഹമായിരുന്നു അവരുടേത്. രാവിലത്തെ നടത്തവും ചിട്ടപ്പെട്ട ദിനചര്യകളും മൂന്നോ നാലോ ആഴ്ച തുടരും. വേണ്ടെന്ന് മാറ്റിനിര്‍ത്തിയ മദ്യപാനം അത്താഴത്തിന് ശേഷം ഒരു തവണ മാത്രം എന്ന മട്ടില്‍ പുനരാരംഭിക്കുന്നിടത്ത് അടുത്ത ഘട്ടം തുടങ്ങും. ദിവസങ്ങള്‍ കഴിയവേ അതിന്‍റെ അളവും ആവൃത്തിയും കൂടും. രാവിലത്തെ കുളിയും നടത്തവും കുറഞ്ഞുകുറഞ്ഞുവരും. കോളേജില്‍ പോക്ക് കൂടെക്കൂടെ മുടങ്ങും. സ്ഥിതിഗതികള്‍ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുന്നതോടെ ജോലിക്ക് തീരെ പോകാതാവും. ഉണര്‍ന്നിരിക്കുന്ന നേരമത്രയും കുപ്പിയും ഗ്ലാസും വറുത്ത നിലക്കടലയും കപ്പലണ്ടിയുമായി ഇരിക്കലും കിടക്കലുമാവും. ഈ നിലയിലെത്താൻ മൂന്നോ നാലോ ആഴ്ചയെടുക്കും. പ്രിയയും സുഹൃത്തുക്കളും ചേര്‍ന്ന് മൂപ്പരെ പതിവ് ഡി അഡിക്ഷന്‍ സെന്‍ററില്‍ പ്രവേശിപ്പിക്കുന്നതോടെ അവസാന ഘട്ടം ആരംഭിക്കും. അത് രണ്ടോ മൂന്നോ മാസം നീളും. തിരിച്ചെത്തിക്കഴിഞ്ഞാൽ ആദ്യഘട്ടം ആഘോഷമായി വീണ്ടും തുടങ്ങും. ആ ദിവസങ്ങളില്‍ ഞങ്ങള്‍ രണ്ടുപേര്‍, ഞാനും റൂബയും, മാത്രമായി നടത്തിയിരുന്ന സുദീര്‍ഘകൂടിക്കാഴ്ചകളാണ് അക്കാലത്തിന്‍റെ വിലപ്പെട്ട നീക്കിയിരിപ്പ്. ഇന്നായിരുന്നെങ്കിൽ ഞാൻ അവ റെക്കോഡ് ചെയ്ത് സൂക്ഷിച്ചു വെയ്ക്കുമായിരുന്നു. സാഹിത്യവിഷയങ്ങളിൽ വിശേഷിച്ചും, മണിക്കൂറുകളോളം ഇരുന്ന് സംസാരിക്കാനുള്ള കോപ്പുണ്ടായിരുന്നു ഇംഗ്ലീഷ് ഭാഷാദ്ധ്യാപകനും വലിയ വായനക്കാരനുമായിരുന്ന റൂബകാന്തത്തിന്‍റെ പക്കല്‍. പത്തൊമ്പത് വയസ്സു മാത്രം പ്രായമുള്ളപ്പോള്‍ മേരി ഷെല്ലിക്ക് ഫ്രാങ്കന്‍സ്റ്റീന്‍ പോലെ ഒരു കഥ സങ്കല്‍പ്പിക്കാനും എഴുതാനും എങ്ങനെ കഴിഞ്ഞു എന്ന സാമുവല്‍ റോസന്‍ബര്‍ഗിന്‍റെ അന്വേഷണാത്മക ലേഖനത്തെ കുറിച്ചായിരുന്നു ഒരു ദിവസത്തെ ചര്‍ച്ച. ഒമ്പതോ പത്തോ വയസ്സില്‍ ബ്രെയ്ന്‍ റ്റ്യൂമറിനും മരണത്തിനുമെതിരെ സ്വന്തം മകന്‍ നടത്തിയ പോരാട്ടത്തിന്‍റെ കഥ പറയുന്ന, ജോണ്‍ ഗുന്തറിന്‍റെ Death, Be Not Proud എന്ന ചെറിയ പുസ്തകത്തെ കുറിച്ചായിരുന്നു ഇനിയൊരു ദിവസത്തേത്. മലയാളകഥാസാഹിത്യത്തിലെ രചനകള്‍ പരിചയപ്പെടുത്തുമ്പോള്‍ ശ്രദ്ധയോടെ ക്ഷമയോടെ കേട്ടിരിക്കും സഹൃദയനായ കോളേജ് അദ്ധ്യാപകൻ. താമസം നഗരത്തിന്‍റെ മറ്റൊരു ഭാഗത്തേയ്ക്ക് മാറ്റിക്കഴിഞ്ഞും ഇടയ്ക്ക് വിളിക്കാറുണ്ടായിരുന്നു - അപൂര്‍വം കാണാറുമുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ ഫോണ്‍ നമ്പര്‍ മാറി. ആ വിവരം കൈമാറിയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം, അടച്ചിരിപ്പുകാലത്തെ സാമൂഹ്യവിലക്കുകള്‍ ആ ബന്ധത്തെ മുഴുവനായും ഇല്ലാതാക്കി. ഇന്ന് രാവിലെ ഉണര്‍ന്നെഴുന്നേറ്റത് മുതല്‍ റൂബയാണ് മനസ്സില്‍. അര-മുക്കാല്‍ മണിക്കൂര്‍ നേരത്തെ കഠിനശ്രമത്തിനൊടുവില്‍ പൊതുസുഹൃത്തുക്കളില്‍ ഒരാളില്‍ നിന്ന് നമ്പര്‍ കിട്ടി. ഫോണ്‍വിളിയില്‍ അവസാനിപ്പിക്കാം എന്ന് കരുതിയെങ്കിലും സംസാരിച്ചുവന്നപ്പോള്‍ നേരില്‍ കാണണം എന്ന് തോന്നി. ആ സുഹൃദ്ബന്ധം അതിന്‍റെ മുഴുവൻ ഊഷ്മളതയോടെ പൊടുന്നനെ മനസ്സിലെത്തി. കാറിലോ ഓട്ടോറിക്ഷയിലോ ഗൂഗ്ളിന്‍റെ സഹായത്തോടെ വീട്ടുമുറ്റത്ത് ഇറങ്ങാമായിരുന്നു. പകരം അഞ്ഞൂറ് മീറ്ററകലെ, 27th മെയ്ന്‍ തുടക്കത്തില്‍ കാബ് നിര്‍ത്തി ഇറങ്ങി. ‘ഓര്‍മ്മകള്‍ …ഓര്‍മ്മകള്‍…ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ..’ മൂളി ഓര്‍മ്മവഴികളിലൂടെ നടന്നു. റോഡിനിരുവശവും വീടുകളായും കടകളായും കെട്ടിടങ്ങള്‍ നിറഞ്ഞിരിക്കുന്നു. പരിസരത്തെ മേല്‍പ്പാലങ്ങളും കൂടിയായപ്പോള്‍ എച്ച് എസ് ആർ ലേ ഔട്ട് തിരിച്ചറിയാനാവാത്ത വിധം മാറിയിരിക്കുന്നു. വീട്ടുവാതില്‍ക്കല്‍ മുറിയൻ പാന്‍റിട്ട്, മേൽക്കുപ്പായമില്ലാതെ, സ്നേഹം കിനിയുന്ന പല്ലന്‍ ചിരിയുമായി പ്രഫസർ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കുടവയറും നരച്ച മുടിയും മാറ്റിനിര്‍ത്തിയാല്‍ പഴയ റൂബ തന്നെ. ഡൈനിങ്‌ ടേബ്ളിൽ രണ്ടുപേർക്കുള്ള പ്രാതൽ വിളമ്പി അടച്ചുവെച്ചിരുന്നു. കട്ടിയിൽ പതുപതുപ്പോടെ തട്ടുദോശയെ ഓർമ്മിപ്പിക്കുന്ന അടദോശയും കടുക് വറുത്തിട്ട തക്കാളി ചട്ണിയും. മൊരുമൊരുക്കനെയുള്ള ഞങ്ങളുടെ അടദോശയുടെ തമിഴ് പരിഭാഷ ! “ നല്ല വിശപ്പുണ്ട്. നമുക്ക് ആദ്യം ഭക്ഷണം കഴിക്കാം. പ്രിയ തനിക്കായി ഓർമ്മിച്ചുണ്ടാക്കിയതാണ് തക്കാളി ചട്ണി! “ പ്രാതലിനിടെ റൂബകാന്തം തുടര്‍ന്നു : “ സിങ്‌ക്രോണിസിറ്റിയായാണോ ടെലിപ്പതിയായാണോ ഇരുപത് കൊല്ലങ്ങള്‍ക്ക് ശേഷമുള്ള ഈ കൂടിക്കാഴ്ചയെ കാണേണ്ടത് എന്നെനിക്കറിയില്ല. മാസങ്ങള്‍ക്ക് ശേഷം- അഥവാ വര്‍ഷങ്ങള്‍ക്ക് ശേഷം തികച്ചും അവിചാരിതമായി ഇന്നലെ തന്നെക്കുറിച്ച് സംസാരിച്ചിരുന്നു. മകളുടെ കുട്ടി പത്താം ക്ലാസിലാണ്. കണക്കാണ് അവളുടെ ഇഷ്ടവിഷയം. അതറിഞ്ഞപ്പോള്‍ കണക്കുമാഷായിരുന്ന പഴയ അയല്‍ക്കാരനെ കുറിച്ച് ഞാന്‍ പറഞ്ഞു. സംഖ്യകള്‍ കൊണ്ട് താന്‍ ചെയ്തിരുന്ന കണ്‍കെട്ടുകളെക്കുറിച്ചും ജാലവിദ്യകളെ കുറിച്ചും ! ഓര്‍മ്മയിലുണ്ടായിരുന്ന ഒരുദാഹരണം അവളെ പഠിപ്പിക്കാമെന്ന് തോന്നി. പാതി എത്തിയപ്പോഴാണ് വിഷയം ഇപ്പോഴും എനിക്കൊരു ബാലികേറാമലയാണെന്ന് തിരിച്ചറിഞ്ഞത്.” ജനിച്ചതും വളര്‍ന്നതും ബെങ്ഗളൂരുവിലാണെങ്കിലും ഒരു ശരാശരി മലയാളിയെക്കാള്‍ നന്നായി മലയാളം സംസാരിക്കും തമിഴ്നാട്ടില്‍ നിന്നെത്തി ഇവിടത്തുകാരനായ പ്രഫസര്‍. ആ 'ബാലികേറാമല' മൂപ്പര്‍ക്കൊരൂ ബാലികേറാമലയല്ലെന്നര്‍ത്ഥം. "ഏതായിരുന്നു ആ ഉദാഹരണം ?" "ചെറിയ ക്ലാസുകളില്‍ തന്‍റെ സഹപാഠിയായിരുന്ന ഒരു ഹനീഫയുടെ മരണത്തിന്‍റെ കഥ ചേര്‍ത്താണ് അന്നത് പറഞ്ഞുതന്നത് എന്ന് ഓര്‍മ്മയുണ്ട്. രാവിലെ റൂബയെ വിളിക്കാന്‍ തോന്നിപ്പിച്ച വിചിത്രമായ സാഹചര്യം ഓര്‍ത്താവാം മരണം എന്ന വാക്ക് ചെറിയ ഞെട്ടലുണ്ടാക്കി. “ ദാ ആ കഥ ഒരു തവണ കൂടി - ഹനീഫ ബാല്യകാലസുഹൃത്തും ആറും ഏഴും ക്ലാസുകളില്‍ സഹപാഠിയുമായിരുന്നു. ഏഴാം ക്ലാസില്‍ അവസാന പരീക്ഷയ്ക്ക് തൊട്ടുമുന്‍പ് അവന്‍ മരിച്ചു. താമസിച്ചിരുന്ന കോളനിയോട് ചേര്‍ന്ന് ഉയര്‍ന്നുവന്ന വലിയ സര്‍ക്കാര്‍ ആസ്പത്രിയില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യമരണങ്ങളില്‍ ഒന്നായിരുന്നു അത്. ഒരു സാധാരണ ജലദോഷപ്പനിയായിത്തുടങ്ങിയ അസുഖം പൊടുന്നനെ മറ്റെന്തോ ആയി വളരുകയാണുണ്ടായത്. ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് പത്താം ദിവസം അവന്‍ മരണത്തിന് കീഴടങ്ങി. ജീവിതയാത്രയില്‍ അങ്ങനെ വഴിക്കൊരു സ്റ്റേഷനില്‍ ഹനീഫ ‘വണ്ടി’യില്‍ നിന്നിറങ്ങി. ഞാന്‍ യാത്ര തുടര്‍ന്നു. മരിക്കുമ്പോള്‍ അവന് പന്ത്രണ്ട് വയസ്സായിരുന്നു - എനിക്കും. ഹനീഫയ്ക്ക് ഇന്നും പന്ത്രണ്ട് ! എനിക്ക് എഴുപത്താറും. സമപ്രായക്കാരായിരുന്ന ഞങ്ങള്‍ തമ്മില്‍ ഇന്ന് അറുപത്തിനാല് വയസ്സിന്‍റെ വ്യത്യാസം ! ഇനി ഇതിന്‍റെ എതിര്‍വശം - എഴുപത്തെട്ടാം വയസ്സിലാണ് എന്‍റെ മുത്തച്ഛൻ മരിക്കുന്നത്. അന്നെനിക്ക് പത്ത് വയസ്സായിരുന്നു. അറുപത്തെട്ട് വയസ്സിന്‍റെ ഇളപ്പം. വഴിയില്‍ വണ്ടിയിറങ്ങി നിന്ന മുത്തച്ഛന് ഇന്നും അതേ പ്രായം.യാത്ര തുടര്‍ന്ന എനിക്ക് എഴുപത്താറും. ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഇപ്പോൾ രണ്ടേരണ്ട് വയസ്സിന്‍റേത് !” “ഇനി മറക്കില്ല.” കള്ളക്കണക്കിന്‍റെ സ്വാരസ്യം ആസ്വദിച്ച് പ്രഫസര്‍ ചിരിച്ചു. ഡയറിയെടുത്ത് ചുരുക്കെഴുത്തില്‍ സംഗതി രേഖകളിലാക്കി. “ഇനി ഓര്‍ക്കാപ്പുറത്തുള്ള ഈ സന്ദര്‍ശനത്തിന്‍റെ പിന്നിലുള്ള കഥ അഥവാ കണക്ക് കേള്‍ക്കട്ടെ.” “ ഇന്ന് രാവിലെ എഴുന്നേൽക്കുന്നതിന് തൊട്ടുമുൻപ് തന്നെ സ്വപ്നം കണ്ടു.” “ഓ !” റൂബ അത്ഭുതം പ്രകടിപ്പിച്ചു. “അത് മനസ്സിൽ നിന്ന് പോകാതെ നിന്നപ്പോൾ കൂട്ടുകാരുടെ ഫോൺ നമ്പറുകൾ തേടിപ്പിടിച്ച് വിളിച്ച് തന്‍റെ നമ്പർ സമ്പാദിച്ചു. വിളിച്ച് സംസാരിച്ചുതുടങ്ങിയപ്പോൾ നേരിൽ കാണണമെന്ന് തോന്നി.” “ നല്ല കാര്യം - എന്തായിരുന്നു സ്വപ്നം?” “ പ്രിയയെ ഓർത്തപ്പോൾ, അത് ഫോണിലൂടെ പറഞ്ഞാൽ ശരിയാവില്ലെന്ന് തോന്നി…. അതിന്‍റെ ഫലമാണ് ഈ വരവ്. സ്വപ്നം,.... ഇത് പോലൊരു സ്വീകരണമുറിയില്‍… നിലത്ത്… താൻ…മരിച്ചുകിടക്കുന്നതായി…” വാക്യം മുഴുവനാക്കാൻ സമ്മതിക്കാതെ പ്രഫസര്‍ തല പിന്നോട്ടെറിഞ്ഞ്, ഇടിവെട്ടുന്ന ശബ്ദത്തില്‍ അസംസ്കൃതമായ ആ ചിരി ചിരിച്ചു - വാ ഗുഹ പോലെ തുറന്ന്, തുപ്പല്‍ തെറിപ്പിച്ച്, വലിയ മഞ്ഞപ്പല്ലുകള്‍ മുഴുവന്‍ കാണിച്ച്- “വിശദമായി പറ..!’ “ നിലത്ത് വെള്ളയില്‍ പൊതിഞ്ഞ് താന്‍ കിടക്കുന്നു. മൂക്കില്‍ പഞ്ഞി വെച്ചിട്ടുണ്ട്. താടിക്ക് കീഴെക്കൂടി ചുറ്റി ഒരു വെളുത്ത തുണിക്കഷണം നെറുകയില്‍ കെട്ടിവെച്ചിരിക്കുന്നു. സംസാരിക്കാത്തപ്പോഴും അടഞ്ഞുകണ്ടിട്ടില്ലാത്ത തന്‍റെ ചുണ്ടുകള്‍ അങ്ങനെ പൂര്‍ണമായും അടഞ്ഞുകിടക്കുന്നു. കാലിന്‍റെ പെരുവിരലുകള്‍ ചേര്‍ത്തുകെട്ടിയിരിക്കുന്നു. ചുറ്റും അരിയും പൂവിതളുകളും ചിതറിക്കിടപ്പുണ്ട്. എവിടെനിന്നൊക്കെയോ സ്ത്രീശബ്ദത്തില്‍ തേങ്ങിക്കരച്ചിലുകള്‍ ഉയരുന്നുണ്ട്. ചന്ദനത്തിരിയുടെ പുകയും മണവും കാറ്റില്ലാത്ത അന്തരീക്ഷത്തില്‍ തളംകെട്ടിനില്‍ക്കുന്നു. അവിശ്വാസിയുടെ ചുമരിൽ മുരുകന്‍റെ ചിത്രമുള്ള കലന്‍റർ കണ്ടതുകൂടി എനിക്കോര്‍ക്കാം. ആൾക്കാർ വന്നും പോയുമിരുന്നു. “ “ താനെന്‍റെ ശവദാഹം കഴിയുന്നതുവരെ നിന്നോ എന്നാണറിയേണ്ടത്.” റൂബ വീണ്ടും ചിരിച്ചു. “ജോയ് ജോസഫാണ് വിവരമറിയിച്ച് എന്നെ കൂട്ടിക്കൊണ്ടുവന്നത്. അവന്‍ കുറച്ചുനേരം മൃതദേഹത്തിന്‍റെ മുഖത്ത് നോക്കിനിന്നു. പിന്നെ, തളർന്ന്, തലയ്ക്കൽ നിന്നല്പം മാറി, താഴെ ഇരുന്ന് പൊട്ടിക്കരഞ്ഞു. ഏങ്ങലടിച്ചുള്ള ആ ശബ്ദം പെണ്‍കരച്ചിലുകള്‍ക്കിടയില്‍ വേറിട്ടുനിന്നു. ആശ്വസിപ്പിക്കുന്ന മട്ടില്‍ അവന്‍റെ തലയില്‍ കൈവെച്ച് നില്‍ക്കുകയേ ചെയ്തുള്ളൂ ഞാന്‍ ” “ആരാ ഈ ജോയ് ജോസഫ് ? “ “തനിക്കറിയില്ല !” തട്ടുപൊളിപ്പന്‍ പൊട്ടിച്ചിരി വീണ്ടും. “അതാണ് ആലോചിച്ചപ്പോള്‍ എന്നെ അദ്ഭുതപ്പെടുത്തിയത്.” ഞാന്‍ തുടര്‍ന്നു: “പാലക്കാട്ട് കോളേജില്‍ എന്‍റെ സഹപാഠിയായിരുന്നു . തന്‍റെ ശവശരീരത്തിനടുത്ത് വന്നിരുന്ന് കരയാന്‍ അയാള്‍ക്ക് ഒരു കാര്യവുമുണ്ടായിരുന്നില്ല. അത് പോട്ടെ. ശ്വാസകോശസംബന്ധമായ ഒരപൂര്‍വരോഗം ബാധിച്ച് , മരിച്ചുപോയയാളാണ് ജോയ് - വര്‍ഷങ്ങള്‍ക്ക് മുന്‍പേ ! എന്നോ മരിച്ച ജോയ് ജോസഫ്, മരിക്കാത്ത തന്നെ മൃതദേഹമാക്കി, അതിന്‍റെ തലയ്ക്കല്‍ ഇരുന്ന് ഏങ്ങലടിച്ച് കരയുകയായിരുന്നു !” രണ്ട് : ആള്‍മാറാട്ടം രേഖകളില്‍ പുതിയ വിലാസം ചേര്‍ക്കാനുള്ള അപേക്ഷ കൊടുത്ത് ഞാന്‍ പുറത്തേയ്ക്ക് വന്നു. ഓഫീസര്‍ ഒപ്പിട്ട് രശീതി കൈയില്‍ കിട്ടാന്‍ അര-മുക്കാല്‍ മണിക്കൂറാകും. അടുത്ത മാസത്തെ വൈദ്യുതി ബില്ലില്‍ പുതിയ വിലാസമായിരിക്കും എന്നുറപ്പ് തന്നു സെക്ഷന്‍ ഗുമസ്ത. ഒരു കോഫി കുടിക്കാമെന്ന് കരുതി അടുത്ത ഇടവഴിയിലേയ്ക്ക് നടന്നു. റെസ്റ്റോറന്‍റില്‍ തിരക്ക് തീരെ കുറവായിരുന്നു. പാതയില്‍ നിന്ന് മാറി സ്ഥിതിചെയ്യുന്നതു കൊണ്ട് സ്വൈരമായിരുന്ന് പ്രണയിക്കാന്‍ പറ്റിയ സ്ഥലമാണ് ഇവിടം. ഉച്ചയാവുന്നതോടെ അകവും പുറവും, പ്രേമബദ്ധരായ ഇണകളെക്കൊണ്ട് നിറയും. മൂലയില്‍ രണ്ട് പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ഇരിപ്പിടം കണ്ടെത്തി ഒരു കോഫിയും വടയും പറഞ്ഞു. “വടയോടൊപ്പം ചട്ണി മതി - സാമ്പാര്‍ വേണ്ട !” കര്‍ണാടകക്കാരുടെ മധുരിക്കുന്ന സാമ്പാര്‍, കീഴടക്കാന്‍ ഇതുവരെ കഴിയാതെ പോയ അപൂര്‍വം രുചിക്കൊടുമുടികളില്‍ ഒന്നാണ്. മധുരം ചേര്‍ക്കാത്ത, കടുപ്പം കൂടിയ ഫില്‍റ്റര്‍ കോഫിയുമായി, ഫോണില്‍ വായിച്ചും എഴുതിയും ഞാനിരുന്നു. അടുത്ത ടേബ്ളില്‍ ശബ്ദായമാനമായ ഒരു തെലുങ്ക് കുടുംബമാണ്. കരഞ്ഞും വാശിപിടിച്ചും മൂന്ന് കുട്ടികളുമുണ്ട് സംഘത്തില്‍. അവരിലൊരാളുടെ കൈ തട്ടി താഴെ വീണുടഞ്ഞ പ്ലേറ്റിന്‍റെ കഷണങ്ങള്‍ അടിച്ചുകൂട്ടിയെടുക്കുകയാണ് ഒരു ജീവനക്കാരന്‍. അടുത്ത സീറ്റില്‍ ഒറ്റക്കിരുന്ന് ചായ കുടിക്കുകയായിരുന്ന മനുഷ്യന്‍റെ കാലുറയിലേയ്ക്ക് പ്ലേറ്റില്‍ നിന്ന് എന്തൊക്കെയോ തെറിച്ചിട്ടുണ്ട്. ഒരു വാക്ക് മിണ്ടാന്‍ നില്‍ക്കാതെ ഗ്ലാസിലെ വെള്ളത്തില്‍ ടിഷ്യൂ മുക്കി കാലുറ തുടച്ചുകൊണ്ടിരുന്ന അയാളോട് ക്ഷമ ചോദിക്കണമെന്നോ വസ്ത്രം തുടച്ച് വൃത്തിയാക്കൂന്നതില്‍ അയാളെ സഹായിക്കണമെന്നോ ഒന്നും ആര്‍ക്കും തോന്നുന്നില്ല. പൊതുസ്ഥലങ്ങളില്‍ മാന്യമായി പെരുമാറാന്‍ നമ്മള്‍ എന്നാണ് പഠിക്കുക ? ഉടഞ്ഞ പ്ലേറ്റിന്‍റെ വിലയും ബില്ലില്‍ ചേര്‍ക്കണമെന്ന് നിര്‍ബന്ധിച്ചത് കാര്‍ഡുമായി കൌണ്ടറില്‍ എത്തിയ കുടുംബാംഗം തന്നെയാണ്. പണം കൊടുത്ത് അവര്‍ പുറത്തേക്കിറങ്ങിയതോടെ അന്തരീക്ഷത്തിലെ പിരിമുറുക്കം അയഞ്ഞു. അപരിചിതരായ അന്തേവാസികള്‍ പരസ്പരം കൈമാറിയ ചെറുചിരികളില്‍ അത് തെളിഞ്ഞുകണ്ടു. ദൂരെ എതിര്‍മൂലയില്‍ ശരീരപ്രകൃതിയിലും വേഷത്തിലും ടോള്‍സ്റ്റോയിയെ അനുസ്മരിപ്പിച്ച ഒരു വൃദ്ധന്‍ ഒറ്റക്കിരുന്ന് പ്രാതല്‍ കഴിക്കുന്നുണ്ടായിരുന്നു നോട്ടം മുഖത്ത് വീണപ്പോള്‍ അയാള്‍ എന്തോ ചോദിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് തോന്നി. സംശയനിവൃത്തിക്കായി വീണ്ടും നോക്കി. മുഖത്തെ ചോദ്യഭാവത്തില്‍ ഒരു ചെറുചിരി തിരനോട്ടം നടത്തി. സംശയിച്ച് സംശയിച്ച് അയാള്‍ കൈയുയര്‍ത്തി. നീട്ടിവളര്‍ത്തിയ നരച്ച താടിയുടേയും തലമുടിയുടേയും പശ്ചാത്തലത്തില്‍, ‘പുളിച്ച’ ആ ചിരി മാത്രം ഓര്‍മ്മയില്‍ എവിടെയോ തെളിഞ്ഞും മറഞ്ഞും പിടി തരാതെ നിന്നു. ആ ചിരി എനിക്ക് പരിചയമുണ്ട്. ഞാന്‍ കൌണ്ടറിലേയ്ക്ക് നീങ്ങി. കാത്തുനില്‍ക്കാന്‍ കൈ കാണിച്ച് അയാള്‍ വാഷ് റൂമിന് നേരെ ചൂണ്ടി. പൈസ കൊടുത്ത് തിരിഞ്ഞപ്പോള്‍ അവിടെ നിന്ന് പുറത്തിറങ്ങി അയാള്‍ കൌണ്ടറിലേയ്ക്ക് നടക്കുകയായിരുന്നു. ഒരു കാല്‍ വലിച്ചുവലിച്ചുള്ള ആ നടപ്പ് കണ്ട നിമിഷം മനസ്സിലൂടെ ഒരു മിന്നല്‍ കടന്നുപോയി. അടുത്തുവന്ന് അയാള്‍ കൈ നീട്ടി. മുറം പോലെ പരന്ന ആ വലിയ കൈവെള്ളയില്‍ എന്‍റെ തണുത്ത് ദുര്‍ബലമായ കൈ വിറയ്ക്കുന്നതായും വിയര്‍ക്കുന്നതായും ഞാനറിഞ്ഞു. “സാറിന് മനസ്സിലായോ?” “ ഈ താടിയും മുടിയും ....?” എവിടെയും തൊടാതെ ഞാന്‍ തുടങ്ങി. “കോവിഡ് കാലത്ത് ബാര്‍ബര്‍ ഷോപ്പില്‍ പോകുന്നത് നിര്‍ത്തി. ഇതാണ് സൌകര്യമെന്ന് മനസ്സിലായപ്പോള്‍ അതങ്ങനെ തുടരാമെന്ന് നിശ്ചയിച്ചു. നിങ്ങളുടെ കോളനിയില്‍ എട്ടാമത്തെ ക്രോസില്‍ ആയിരുന്നു ഞാന്‍ താമസിച്ചിരുന്നത്. “ “ എവിടെയോ കണ്ടുപരിചയമുള്ള മുഖമാണല്ലോ എന്ന് കുറച്ചുനേരമായി ആലോചിക്കുകയായിരുന്നു. “ ഞാന്‍ നുണ പറഞ്ഞു “എന്താണ് ഇവിടെ ?” അയാള്‍ പറഞ്ഞ ഉത്തരമോ തുടര്‍ന്ന് ഞങ്ങള്‍ക്കിടയില്‍ നടന്ന സംഭാഷണത്തിന്‍റെ വിശദാംശങ്ങളോ പിന്നീട് അവ്യക്തമായേ എനിക്ക് ഓര്‍ത്തെടുക്കാനായുള്ളൂ. യാത്ര പറഞ്ഞ്, ഇലക്ട്രിസിറ്റി ഓഫീസില്‍ ബാക്കിയായിരുന്ന ജോലി തീര്‍ത്ത്, ഞാന്‍ ജയശങ്കറിനെ വിളിച്ചു. “തിരക്കിലാണോ? നേരില്‍ കാണാന്‍ സമയമുണ്ടോ? അഞ്ചുമിനുട്ടില്‍ ഞാനവിടെയെത്താം.” രണ്ടാം നിലയിലുള്ള ഓഫീസിന്‍റെ പടികളിറങ്ങി ജയശങ്കര്‍ താഴെ നില്‍ക്കുന്നുണ്ടായിരുന്നു. അടുത്ത കാള്‍ അര മണിക്കൂര്‍ കഴിഞ്ഞേയുള്ളൂ എന്നു പറഞ്ഞു. ഞങ്ങള്‍ പുറത്തേയ്ക്ക് നടന്നു. മുഖവുരയില്ലാതെ ഞാന്‍ വിഷയത്തിലേയ്ക്ക് കടന്നു. “ കോവിഡിന്‍റെ ആദ്യവരവില്‍ നമ്മുടെ കോളനിയിലെ രാഘവേന്ദ്ര മരിച്ച വിവരം ഫോണില്‍ എന്നെ അറിയിച്ചത് ഓര്‍മ്മയുണ്ടോ ?” “ ഓര്‍മ്മയുണ്ടല്ലോ- അടച്ചിരിപ്പിന്‍റെ കെണിയില്‍ പെട്ട് മാഷ് നാട്ടിലായിരുന്നു.” "അന്ന് രാഘവേന്ദ്ര ആരാണെന്ന് അറിയാതെ പരുങ്ങിയ എന്നോട് 'ഓട്ടോറിക്ഷ സ്റ്റാന്‍ഡിന് മുന്നില്‍ വെച്ച് ഒരിക്കല്‍ ഞാന്‍ തന്നെയാണ് മാഷക്ക് പരിചയപ്പെടുത്തിത്തന്നത്' എന്ന് പറഞ്ഞ് സഹായിച്ചത് ഓര്‍മ്മയുണ്ടോ?" "മറന്നിരുന്നു. ഇപ്പോള്‍ ഓര്‍മ്മ വന്നു. " “ കോളനിയില്‍ നിന്ന് എയര്‍പോര്‍ട്ടിലേയ്ക്കുള്ള വഴിയില്‍ നാലാമത്തെയോ അഞ്ചാമത്തെയോ ഇടത്തോട്ടുള്ള തിരിവില്‍ ഒരു ഉഡുപ്പി റെസ്റ്റോറന്റ് ഉണ്ട്. കണ്ടിട്ടുണ്ടോ ? “ ജയശങ്കർ മൂളി. “ ഇന്ന് അവിടെ വെച്ച് ഞാനയാളെ കണ്ടു. “ ജയശങ്കറിന്‍റെ മുഖത്ത് ഒരു ചെറുപുഞ്ചിരി മിന്നിമറഞ്ഞു. “തമാശ പറയാനാണോ എന്നെ ഓഫീസില്‍ നിന്ന് വിളിച്ചിറക്കിയത് ?” “ തമാശയല്ല ! എന്‍റെ ഉള്ളിലെ വിറ ഇപ്പോഴും മാറിയിട്ടില്ല.” റെസ്റ്റോറന്‍റിലെ കൂടിക്കാഴ്ചയെ കുറിച്ച് കേട്ടുകഴിഞ്ഞ് ജയശങ്കര്‍ ചോദിച്ചു : “താന്‍ രാഘവേന്ദ്രയാണെന്ന് അയാള്‍ പറഞ്ഞോ ? അതോ മാഷ് അനുമാനിച്ചോ? മാഷ് കണ്ടത് ജയദേവപ്പയെയാണ്. അവര്‍ രണ്ടുപേരും എട്ടാം ക്രോസിലായിരുന്നു. മാഷ് കോളനി വിട്ടതിന് പിന്നാലെ അയാളും വാടകവീട് ഒഴിഞ്ഞു.” “മുടന്തുള്ളയാൾ ആയിരുന്നില്ലേ രാഘവേന്ദ്ര ?” “അതാണ് മാഷെ കുഴപ്പത്തിലാക്കിയത് എന്ന് മനസ്സിലായി. മാഷ് മാത്രമല്ല മറ്റ് പലരുമുണ്ട് സംശയാലുക്കളുടെ സംഘത്തില്‍. ജയദേവപ്പയ്ക്കും ആ പറഞ്ഞ ‘ദുര്‍ന്നടപ്പു’ണ്ട്. ഒരാള്‍ക്ക് ജന്‍മനാല്‍ ഒരു കാലിന് നീളക്കുറവുണ്ട്. മറ്റേയാള്‍ക്ക് പക്ഷാഘാതം ഒരു കാലിന് സമ്മാനിച്ച വലിവും. രണ്ടുപേരും ഒരേ വീട്ടിന്‍റെ താഴത്തെയും മുകളിലെയും നിലകളില്‍ ഒറ്റയ്ക്കൊറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുകയായിരുന്നു. എല്ലാവരുമായും പരിചയപ്പെടാന്‍ വേണ്ടത്ര കാലം അവര്‍ കോളനിയില്‍ ഉണ്ടായിരുന്നില്ല. രാഘവേന്ദ്ര മരിച്ച് ആഴ്ചകള്‍ക്കുള്ളില്‍ ജയദേവപ്പയും വീടൊഴിഞ്ഞു. ‘പകലും രാത്രിയും ഭേദമില്ലാതെ രാഘവേന്ദ്ര വീട്ടില്‍ കയറിവരുന്നു.വാതില്‍ അടച്ചുകുറ്റിയിട്ടാലും ഇഷ്ടന് വരാനും പോകാനും തടസ്സമാവുന്നില്ല. സ്വൈരമായി ഉണ്ണാനോ ഉറങ്ങാനോ കഴിയുന്നില്ല’ എന്നതായിരുന്നു വീടൊഴിയാന്‍ കാരണമായി പറഞ്ഞത് എന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ രാഘവേന്ദ്ര മാഷേയും വന്നുകണ്ടു. നന്നായി!” വീട്ടിലേയ്ക്കുള്ള മടക്കയാത്രയിലും വീട്ടിലെത്തിക്കഴിഞ്ഞും എനിക്ക് സ്വസ്ഥത തിരിച്ചുകിട്ടിയില്ല - റെസ്റ്റോറന്‍റില്‍ ഞാന്‍ കണ്ടത് ജയദേവപ്പയേയോ അതോ തന്നെ വന്നു കാണാറുണ്ടായിരുന്നു എന്ന് ജയദേവപ്പ പറഞ്ഞ രാഘവേന്ദ്രയേയോ ? ജയദേവപ്പ എന്ന പുതുമുഖത്തെ പറ്റി ജയശങ്കര്‍ പറഞ്ഞത് പൂര്‍ണമായും വിശ്വസിച്ചാലും പ്രശ്നം തീരുന്നില്ല. മൂന്ന് വര്‍ഷം മുന്‍പ് മനസ്സില്‍, മരിച്ച് മണ്ണടിഞ്ഞ മനുഷ്യന്‍ ആള്‍മാറാട്ടം നടത്തി, ഇന്നെന്‍റെ മുന്നില്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അയാള്‍ക്ക് പകരം അന്ന് മരിച്ച ആളുടെ പരിചയപ്പെടുത്തല്‍ രേഖകളൊന്നും ഇനി ഒരിക്കലും എനിക്ക് കിട്ടില്ല. രാഘവേന്ദ്രയായി ഞാന്‍ സങ്കല്‍പ്പത്തില്‍ മറവ് ചെയ്തത് ജയദേവപ്പയെയാവാം. തെറ്റ് തിരുത്തി അമുഖനായ രാഘവേന്ദ്രയെ അടക്കം ചെയ്യേണ്ട ദൌത്യത്തിനാണ് ഇനി ഞാന്‍ തയ്യാറാവേണ്ടത്! മൂന്ന് : ഷ്രോഡിംഗറുടെ വഴിയില്‍ പണ്ട്, പുതിയ സ്കൂളില്‍ ആറാം ക്ലാസില്‍ കിട്ടിയ ആദ്യചങ്ങാതിയായിരുന്നു ശിവശങ്കരന്‍. അതല്ലാതെ അഞ്ചോ ആറോ പേരേ ഓര്‍മ്മയിലുള്ളു. ഇപ്പോള്‍ എവിടെ, എന്തുചെയ്യുന്നു എന്നൊന്നും ആരെക്കുറിച്ചും അറിഞ്ഞുകൂട. പൊതുവേ നാട്ടുകാരിലാരുടെയെങ്കിലും ജീവിതത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ അതറിയാറുള്ളത് ഇന്നും ശിവനിലൂടെയാണ്. ആ സമയത്ത് നാട്ടില്‍ ഉണ്ടാവുമെന്നറിയാമായിരുന്നതു കൊണ്ട് പിറന്നാളിന് വീട്ടില്‍ എത്താമെന്ന് എറ്റിരുന്നു. ശിവന്‍റെ എഴുപതാം പിറന്നാളും ഞങ്ങളുടെ സൌഹൃദത്തിന്‍റെ അറുപതാം വര്‍ഷവും ഒരുമിച്ച് ആഘോഷിക്കാനായിരുന്നു പരിപാടി. ചീരക്കൂട്ടാനും തക്കാളിരസവും പയറുപ്പേരിയും പപ്പടവുമായി ലഘുവായ നാടന്‍ ഭക്ഷണം ഒരുക്കിയിരുന്നു അംബിക. ആദ്യകാലത്ത് എഴുത്തുകളിലൂടെയും പിന്നീട് ഫോണ്‍ വിളികളിലൂടെയും ഒടുവില്‍ സോഷ്യല്‍ മാദ്ധ്യമങ്ങളിലൂടെയും ഞങ്ങളുടെ കൂട്ടുകെട്ട് ഇന്നും ആരോഗ്യത്തോടെ തുടരുന്നു. കണ്ടുമുട്ടുമ്പോള്‍ സംഭാഷണം ഇപ്പോഴും ഞങ്ങള്‍ ഒരുമിച്ചു വളര്‍ന്ന കാലത്തെ കുറിച്ചാവും. വഴി പിരിഞ്ഞതിന് ശേഷം രണ്ടുപേരുടേയും ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചു എന്ന് പറയാനോ കേൾക്കാനോ കാര്യമായ താത്പര്യം രണ്ടുകൂട്ടര്‍ക്കും ഉണ്ടാവാറില്ല. ഇത്തരത്തിലുള്ള മാനസികാവസ്ഥ മനുഷ്യന്‍റെ പൊതുസ്വഭാവമാണെന്ന് ഒരു മിലന്‍ കുന്ദേരക്കഥയില്‍ വായിച്ചതായി ഓര്‍മ്മയുണ്ട്. അന്നത്തെ സഹപാഠികള്‍ ദേവിദാസന്‍, വേലായുധന്‍, ഗോപിനാഥന്‍, ബാലചന്ദ്രന്‍, വത്സല, മേരി ജോര്‍ജ്, ശകുന്തള, സരള തുടങ്ങിയവരുടെ പേരുകള്‍ സംസാരത്തിനിടയില്‍ പലപ്പോഴും കയറിവരും. ഒരേ സ്കൂളിലും കോളേജിലും പലപ്പോഴും ഒരേ ക്ലാസ് മുറിയിലും പഠിച്ച് പുറത്തുവന്ന് പല വഴിക്ക് പിരിഞ്ഞ് ആറ് പതിറ്റാണ്ടുകള്‍ പിന്നിട്ടു. ചിലരെ മാത്രം ഇടയ്ക്ക് ഒന്നോ രണ്ടോ തവണ കണ്ടു. സംസാരിച്ചു. എല്ലാവരും എന്തൊക്കെയോ ജോലി ചെയ്ത്, വിരമിച്ച്, ഭൂമിയിൽ എവിടെയൊക്കെയോ മക്കളും പേരമക്കളുമായി കഴിയുന്നുണ്ടാവണം. ഓർമ്മയിലുള്ള അവരുടെ മുഖങ്ങളിലും ശരീരപ്രകൃതിയിലും പ്രായത്തിനനുസരിച്ച് നര, കഷണ്ടി, കുടവയർ, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ ചേർത്തുവെച്ച് സങ്കൽപ്പിക്കലാണ് നേരില്‍ കാണുമ്പോള്‍ വിശേഷിച്ചും ഞങ്ങളുടെ ഒരു ഒഴിവുസമയവിനോദം. വിനോദമെന്ന് പറഞ്ഞെന്നേയുള്ളൂ. അത് തീര്‍ത്തും ഒരു വിനോദമല്ല. അവര്‍ക്കോരോരുത്തര്‍ക്കുമായി അങ്ങനെ ഞങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത കൃത്യമായി തുടരുന്ന ജീവിതമുണ്ട്. ആ അര്‍ത്ഥത്തില്‍ അവരെല്ലാം എപ്പോഴും ഞങ്ങളുടെ കാഴ്ചപ്പുറത്തും കേൾവിപ്പുറത്തും ഉണ്ടെന്ന തോന്നലാണ് കാര്യം. അതൊരാശ്വാസമാണ്. അതേ സമയം ദൂരെയെവിടെയോ ഇരുന്ന്, അവരൊക്കെ ഞങ്ങളെ കുറിച്ചും അങ്ങനെ പലതും സങ്കല്‍പ്പിച്ചുകൂട്ടുകയായിരിക്കും എന്ന് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതയിലെന്ന പോലെ കൌതുകം കൊള്ളുകയും ചെയ്യും. കാണാമറയത്ത് സമാന്തരമായി മുന്നേറുന്ന ജീവിതങ്ങളെ കുറിച്ച് ഒന്നും അറിയാതെ, അതില്‍ ആകാംക്ഷയോ ആശങ്കയോ ഇല്ലാതെ ജീവിച്ചുപോകാന്‍ നമുക്ക് കഴിയുന്നു എന്നത് എന്തൊരു സങ്കടപ്പെടുത്തുന്ന അദ്ഭുതമാണ് ! അവരിലാരുടെയെങ്കിലും ഫോണ്‍ നമ്പര്‍ കൈയിലുണ്ടെങ്കില്‍ ഒന്ന് വിളിച്ചുനോക്കാം എന്ന നിരുപദ്രവമായ ഒരു നിര്‍ദേശം മൂന്നുപേരിലാരോ മുന്നോട്ട് വെച്ചു. ബാലചന്ദ്രന്‍റേയും ജന്‍മദിനം ഇതേ ദിവസമാണെന്ന് ശിവന്‍ പറയാറുള്ളത് ഓര്‍മ്മയുണ്ട്. കോളേജ് വിട്ടുകഴിഞ്ഞ് ഇരുപതോ ഇരുപത്തഞ്ചോ കൊല്ലങ്ങള്‍ക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ച് അപ്രതീക്ഷിതമായി ബാലനേയും കുടുംബത്തേയും കണ്ടിരുന്നു. മകന് എഞ്ചിനീയറിംഗിലും മകള്‍ക്ക് ചിത്രംവരയിലുമാണ് താത്പര്യം എന്ന് പറഞ്ഞതായോര്‍ക്കുന്നു. രണ്ടും അച്ഛന്‍റെ താത്പര്യങ്ങളുടെ തുടര്‍ച്ചയാണെന്ന് പറഞ്ഞ് അന്ന് മൂപ്പര്‍ ഭാര്യയെ കളിയാക്കിയതും ഓര്‍മ്മയിലുണ്ട്. "പതിവായി വിളിച്ച് ബാലന് ആശംസകള്‍ കൈമാറാറുണ്ട്. " ശിവന്‍ പറഞ്ഞു. "മഹാമാരിക്കാലം വരെയും അത് തുടര്‍ന്നു. അടച്ചിരിപ്പുകാലം മനസ്സിനകത്തും ഉയരത്തില്‍ മതിലുകള്‍ കെട്ടി അത് മുടക്കി. ശിവന്‍ പറഞ്ഞു. ആ പതിവ് പുനരാരംഭിക്കാം എന്നും അതില്‍ ഞാനും കക്ഷി ചേരാമെന്നും ഞാന്‍ പ്രതികരിച്ചു.. പുസ്തക ഷെല്‍ഫിലും മേശയുടെ വലിപ്പിനകത്തും അന്വേഷിച്ച് ഫോണ്‍ നമ്പറുകള്‍ കുറിച്ചുവെച്ചു പഴകിപ്പിഞ്ഞിയ ഡയറി പുറത്തെടുത്തു. ആദ്യതവണ ഫോണ്‍ നിശബ്ദത പാലിച്ചു. രണ്ടാം വിളി തെറ്റി വേറെയേതോ നമ്പറിലേയ്ക്ക് പോയി. അടുത്തതില്‍ അങ്ങേയറ്റത്ത് മണിയടിച്ചു. “ഹലോ ..” മുഴക്കമുള്ള ശബ്ദം. ശിവന്‍റെ കണ്ണുകള്‍ വികസിച്ചു. “ബാലചന്ദ്രന്‍റെ വീടല്ലേ?” ആവേശം പുറത്തുകാണിക്കാതെ ക്ഷമാപണസ്വരത്തില്‍ ശിവന്‍ ചോദിച്ചു. “ അതെ…? “ പിന്നെ രണ്ടുപേരും ഒരേ സമയം അന്യോന്യം ചോദിച്ചു: “ആരാണ് സംസാരിക്കുന്നത്?” “ സ്കൂളില്‍ ഒപ്പം പഠിച്ച ശിവശങ്കരന്‍ ആണെന്ന് പറയൂ.“ “ ശിവശങ്കരന്‍ സര്‍, ഞാന്‍ ബാലചന്ദ്രന്‍റെ മകന്‍ ഹരിയാണ്. സാറിന് ആരോടാണ് സംസാരിക്കേണ്ടത് ?” “ഹരി, അച്ഛനോട് തന്നെ- ബാലചന്ദ്രനോട്... “ “സര്‍, അച്ഛന്‍ …അച്ഛന്‍ പോയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു ! പെട്ടെന്നുള്ള മരണമായിരുന്നു. ശ്രാദ്ധത്തിൽ പങ്കുകൊള്ളാൻ പതിവ് പോലെ എത്തിയതാണ്. എല്ലാ ശ്രാദ്ധത്തിനും ഞങ്ങള്‍ എല്ലാവരും ഉണ്ടായിരിക്കണം എന്നത് അമ്മയ്ക്ക് നിര്‍ബന്ധമാണ്. അമ്മയുമായി പരിചയമുണ്ടോ? ഫോൺ അമ്മയ്ക്ക് കൊടുക്കട്ടേ?” ശിവന്‍ ഒരു നിമിഷം മിണ്ടാതെ നിന്നു. പിന്നെ താഴ്ന്ന ശബ്ദത്തില്‍ അവസാനിപ്പിച്ചു. “ അമ്മയെ പരിചയപ്പെട്ടിട്ടില്ല, ഹരീ. അച്ഛന്‍ …പോയത് അറിഞ്ഞില്ല. എന്ത് പറയണമെന്ന് അറിയുന്നില്ല. തമ്മില്‍ എഴുത്തുകുത്തും ഫോണും ഒന്നും പതിവുണ്ടായിരുന്നില്ല. എവിടെയോ സുഖമായി വിശ്രമജീവിതം നയിക്കുന്നുണ്ടെന്നായിരുന്നു വിശ്വാസം. തത്ക്കാലം ഫോണ്‍ വെയ്ക്കട്ടെ. അടുത്തൊരു ദിവസം ഞാന്‍ ഹരിയെ വിളിക്കാം. എനിക്ക് സംസാരിക്കണം” ഫോണ്‍ വെച്ചുകഴിഞ്ഞ് ഞങ്ങള്‍ അന്യോന്യം നോക്കി മിണ്ടാതിരുന്നു. ഞങ്ങളുടെ കഥകളില്‍ ബാലചന്ദ്രന്‍ ആരോഗ്യവാനായിരുന്നു. ചില്ലറ ശാരീരിക അവശതകളുള്ള ഭാര്യയോടൊപ്പം വടക്കേ ഇന്ത്യയിലോ വിദേശത്തോ മക്കളുടെ കൂടെ പോയി മാസങ്ങള്‍ ജീവിക്കുന്നയാളായിരുന്നു. അപൂര്‍വം ചിലപ്പോഴൊക്കെ ചിത്രം വരച്ചും മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും വരയുടെ ബാലപാഠങ്ങള്‍ പഠിപ്പിച്ചും ഇപ്പോഴും മനസ്സില്‍ ജീവിക്കുന്ന ഒരാള്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഭൂമിയില്‍ ഇല്ലായിരുന്നു എന്ന് ഞങ്ങള്‍ ഞങ്ങളെ എങ്ങനെ വിശ്വസിപ്പിച്ചെടുക്കും ? അറിയില്ല.

Thursday, December 19, 2024

ദ്വൈതം

ഏകാന്തത നിനക്കിഷ്ടമാണെന്ന് നീ പറഞ്ഞു. ഏകാന്തത രണ്ടുതരത്തിലുണ്ട് : നീ മറ്റുള്ളവരെ ഒഴിവാക്കുമ്പോൾ നിനക്ക് ലഭിക്കുന്ന ഏകാന്തത ഒരു തരം മറ്റുള്ളവർ നിന്നെ ഒഴിവാക്കുമ്പോൾ നിനക്ക് ലഭിക്കുന്ന ഏകാന്തത മറ്റൊരു തരം ഇവയിൽ ഏതുതരം ഏകാന്തതയാണ് നിനക്കിഷ്ടമാണെന്ന് നീ പറഞ്ഞത്? നിശ്ശബ്ദത ഇടയ്ക്കൊരാശ്വാസമാണെന്ന് നീ പറഞ്ഞു. നിശ്ശബ്ദത രണ്ടുതരത്തിലുണ്ട് ഈ വീട്ടിൽ ഇടയ്ക്കൊരു വാക്കിനുപോലും ഇടമില്ലാത്തത്ര അടുത്ത് നാമിരിക്കുമ്പോൾ നമുക്കിടയിൽ തളിർത്തു വളരുന്ന നിശ്ശബ്ദത ഒരു തരം ഇതേ വീട്ടിൽ ഒരു വാക്കിനും അടുപ്പിക്കാനാവാത്തത്ര അകന്ന് നാമിരിക്കുമ്പോൾ നമുക്കിടയിൽ പെയ്തുറയുന്ന നിശ്ശബ്ദത മറ്റൊരു തരം ഇവയിൽ ഏതുതരം നിശ്ശബ്ദതയാണ് ഇടയ്ക്കൊരാശ്വാസമാണെന്ന് നീ പറഞ്ഞത്? വാക്കുകളുടെ അർത്ഥവ്യാപ്തി പലപ്പോഴും നിന്നെ ആശയക്കുഴപ്പത്തിലാക്കുന്നു എന്ന് നീ പറഞ്ഞു വാക്കുകളുടെ അർത്ഥവ്യാപ്തി രണ്ടുതരത്തിലുണ്ട് പ്രപഞ്ചോത്പത്തിയിലെ വിസ്ഫോടനം പോലെ അനന്തദിശകളിൽ വളർന്ന് നിന്റെ ജിജ്ഞാസയുടെ ക്ഷുത്പിപാസകളെ മുഴുവനായും ശമിപ്പിക്കുന്ന അർത്ഥവ്യാപ്തി ഒരു തരം അർബുദകോശങ്ങളെ പോലെ സ്വയം അടയിരുന്ന് വിരിയിച്ച് ലക്ഷങ്ങളായി പെരുകി നിന്റെ പഞ്ചേന്ദ്രിയങ്ങളിലും നിറഞ്ഞ് നിന്നെ ഞെരുക്കുന്ന അർത്ഥവ്യാപ്തി മറ്റൊരുതരം ഇവയിൽ ഏതുതരം അർത്ഥവ്യാപ്തിയാണ് നിന്നെ ആശയക്കുഴപ്പത്തിലാക്കുന്നു എന്ന് നീ പറഞ്ഞത്? നാം സഞ്ചരിക്കുന്നത് സമാന്തരപാതകളിലാണെന്നത് നിന്നെ ഭയപ്പെടുത്തുന്നു എന്ന് നീ പറഞ്ഞു. സമാന്തരങ്ങളും രണ്ടു തരത്തിലുണ്ട്. റെയിൽപ്പാളങ്ങളെ പോലെയുള്ള സമാന്തരങ്ങളിലാണ് നാമെങ്കിൽ അല്പം അകന്നുകൊണ്ടാണെങ്കിലും നാമെപ്പോഴും ഒരുമിച്ചുണ്ട്. അതല്ല, എതിർ ദിശകളിൽ പായുന്ന സമാന്തരപാതകളിലാണ് നാമെങ്കിലോ? അപ്പോഴും ഭയക്കേണ്ട കാര്യമില്ല. ഭൂമി ഉരുണ്ടിട്ടാണ്. ഇനിയും പലതവണ നാം സന്ധിച്ചേ മതിയാവൂ.