Tuesday, March 25, 2025
സാഹിത്യവാരഫലം ഭാഷയും ഭാഷ്യവും.
സാഹിത്യവാരഫലം എന്തുകൊണ്ടു ചര്‍ച്ച ചെയ്യപ്പെടുന്നില്ല ?
ഇരുപത്തിയേഴ് വര്‍ഷങ്ങളിലൂടെ മലയാളികളായ വായനക്കാരുടെ ശീലമായി മാറിക്കഴിഞ്ഞ ഒന്നാണ് സാഹിത്യവാരഫലം . നല്ലതെന്ന് തനിക്ക് തോന്നുന്ന സാഹിത്യത്തെ താലോലിച്ചും അല്ലാത്തവയെ ആക്രമിച്ചും എം.കൃഷ്ണന്‍ നായര്‍ എന്ന ഒറ്റയാള്‍ പട്ടാളം കൊണ്ടുനടത്തുന്ന ഈ പംക്തി കാര്യമായ ഒരു വിലയിരുത്തലിനും വിധേയമായി കണ്ടിട്ടില്ല. പൈങ്കിളി സാഹിത്യമെന്നറിയപ്പെടുന്ന സാഹിത്യശാഖയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃഷ്ണന്‍ നായരോടും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളോടും വെറുപ്പാണ് . ആധുനിക-അത്യന്താധുനിക-ആധുനികോത്തരശാഖകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പുച്ഛവും.ഈ രണ്ടു തീവ്രവാദസംഘങ്ങളിലും പെടാതെ,വായനക്കാരെക്കൊണ്ട് നല്ലതും ചീത്തയും പറയിക്കാതെ കാലയാപനം നടത്തുന്ന മദ്ധ്യവര്‍ഗസാഹിത്യകാരന്മാരും ഭാഷയില്‍ വേണ്ടുവോളമുണ്ട്.എന്നിട്ടും,ഗൌരവബോധത്തോടെ നടത്തപ്പെടുന്ന സെമിനാറുകളിലോ യോഗങ്ങളിലോ ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ അപ്പൊഴപ്പോള്‍ അരങ്ങേറുന്ന ചര്‍ച്ചകളിലോ വാരഫലം ഒരു വിഷയമായി കണ്ടിട്ടില്ല .ഓ.വി.വിജയന്‍റെ നോവലുകളും മാധവിക്കുട്ടിയുടെ കഥകളും വായിക്കുന്ന താത്പര്യത്തോടെ തന്നെ അവയെക്കുറിച്ച് കെ.പി.അപ്പനോ ആഷാമേനോനോ എഴുതുന്ന നിരൂപണലേഖനങ്ങളും വായിക്കുന്നവനാണ് മലയാളി വായനക്കാരന്‍.ഒരു പടി കൂടി കടന്ന് കെ.പി.അപ്പന്‍റെ നിരൂപണ സമ്പ്രദായത്തെ കുറിച്ചും ആഷാമേനോന്‍റെ ശൈലിയിലെ ഭാഷാപരമായ വ്യതിരിക്തതയെ കുറിച്ചും നമ്മള്‍ വായിക്കാറുണ്ട്.നാട്ടുനടപ്പില്‍ നിന്ന് വഴി മാറിയ ശൈലിയും അഭിപ്രായങ്ങളുമായി, ഏകദേശം മൂന്നു പതിറ്റാണ്ടുകളായി,വാരം തോറും നമ്മുടെ മുന്നിലെത്തുന്ന 'വാരഫല'ത്തിലെ ലേഖനങ്ങളെ കുറിച്ച് എന്തെങ്കിലുമൊന്നു പറയണമെന്ന് നമുക്ക് തോന്നാത്തതെന്ത്?കുഞ്ചന്‍ നമ്പ്യാരെ ഭാഷാസാഹിത്യത്തിലെ കോമാളിയായി കരുതിയ കുട്ടികൃഷ്ണമാരാരും നമ്പ്യാരുടെ വാങ്മയചിത്രങ്ങള്‍ അത്യുജ്ജ്വലങ്ങളെന്നു വിശ്വസിച്ച എം.ആര്‍.നായരും ജി.യുടെ കവിതകള്‍ സാഹിത്യഗുണം കുറഞ്ഞ ബുദ്ധിവ്യായാമങ്ങളാണെന്നു കരുതിയ മുണ്ടശ്ശേരിയും പ്രതിഭാധനനായ കവിയാണ് ജി. എന്ന് വിശ്വസിച്ച എന്‍.വി.യും ഒരു വളച്ചെട്ടിയെക്കാളേറെ 'വളവള' കളും തൂക്കി നടക്കുന്ന 'കോരപ്പുഴ'യെന്നു ചങ്ങമ്പുഴയെ പരിഹസിച്ച എം.ആര്‍.നായരും അഭൌമമായ അന്തരീക്ഷത്തിലേയ്ക്ക് വായനക്കാരനെ ഉയര്‍ത്തുന്ന അദ്ഭുതമാണ് ചങ്ങമ്പുഴക്കവിത എന്ന് വിശ്വസിക്കുന്ന കൃഷ്ണന്‍ നായരും നമുക്ക് ഒരുപോലെ സ്വീകാര്യരാണ്.കൃഷ്ണന്‍ നായരെഴുതുന്ന വാരഫലവും വാരഫലമെഴുതുന്ന കൃഷ്ണന്‍ നായരും,പക്ഷേ, എന്നോ എവിടെയോ നടക്കുന്ന ചില പ്രഭാഷണങ്ങളില്‍ ഒറ്റപ്പെട്ട ശകാരങ്ങളില്‍ മാത്രം വിലയിരുത്തപ്പെടുന്നു. എന്താവാം കാരണം?എഴുത്തുകാരിലാരുടേയും ശ്രദ്ധ പിടിച്ചു പറ്റാന്‍ വാരഫലത്തിന് കഴിയുന്നില്ല എന്ന് പറഞ്ഞുകൂട.അറിയപ്പെടുന്ന എഴുത്തുകാരുടെ നാടകങ്ങളിലും കഥകളിലും കാര്‍ട്ടൂണുകളിലും കൃഷ്ണന്‍ നായരുടെ ശൈലിയില്‍ നടക്കുകയും സംസാരിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളെ കണ്ടിട്ടുണ്ട്. പരോക്ഷമായി അദ്ദേഹത്തെ പരിഹസിക്കാനോ വിമര്‍ശിക്കാനോ ആ വഴിക്ക് അവര്‍ മുതിര്‍ന്നിട്ടുമുണ്ട്.മലയാളത്തിലെ സകല സമസ്തപദങ്ങളും വിഗ്രഹിച്ച് അര്‍ത്ഥം പറയുന്ന 'ചാത്തമംഗലത്തെ കിട്ടനെ' പറ്റി സാക്ഷാല്‍ വി.കെ.എനും പറഞ്ഞിട്ടുണ്ട്. 'കൃഷ്ണന്‍' ലോപിച്ചിട്ടാണ് 'കിട്ടന്‍' ആയത് എന്നൊരഭിപ്രായമുണ്ട്.ഇത് ശരിയല്ല എന്നാണു വി.കെ,എന്‍. പറയുന്നത്.'പൊട്ടന്‍' ലോപിച്ചിട്ടാണത്രെ 'കിട്ട'നായത്.' ലിറ്റററി ജേണലിസം' മാത്രമാണെന്ന് കൃഷ്ണന്‍ നായര്‍ തന്നെ ചെറുതായി കാണുന്ന വാരഫലം ഗൌരവത്തോടെയുള്ള ഒരു പഠനം അര്‍ഹിക്കുന്നില്ല എന്ന് വരുമോ? ഏതെങ്കിലും സാഹിത്യകൃതിയെ കുറിച്ചോ എഴുത്തുകാരനെ കുറിച്ചോ സമഗ്രമായ പഠനം സാഹിത്യ വാരഫലത്തില്‍ കാണാറില്ല എന്നത് സത്യം. ഉത്തരക്കടലാസ് പരിശോധിക്കുന്ന ഒരു പരീക്ഷകന്‍ ചെയ്യുന്നതില്‍ കവിഞ്ഞൊന്നും കൃഷ്ണന്‍ നായര്‍ ചെയ്യാറില്ല. കമ്പോളനിലവാരം പോലെയോ സിനിമാനിരൂപണം പോലെയോ ഉള്ള ഈ പ്രതിവാര റിപ്പോര്‍ട്ടിന് ഭാഷയില്‍ ചരിത്രപരമായ ദൌത്യമേതും നിര്‍വഹിക്കാനില്ല എന്ന് വേണമോ മനസ്സിലാക്കാന്‍? ഏതു ഭാഷയിലേയും സാഹിത്യത്തിന്‍റെ നിലനില്‍പ്പും പുരോഗതിയും എഴുത്തുകാരന്‍റേയും വായനക്കാരന്‍റേയും സജീവ സാന്നിദ്ധ്യത്തിലാണ് വേരൂന്നുന്നത്.ഒരു പക്ഷം അരങ്ങത്തും മറ്റേത് അമുഖമായ സദസ്സിലുമാണ്. സദസ്സിന്‍റെ പ്രതികരണം പലപ്പോഴും ഒരു കൈയടിയിലോ ചൂളം വിളിയിലോ അവസാനിക്കും.അല്ലെങ്കില്‍ പത്രാധിപര്‍ക്കുള്ള കത്തുകളിലെ ഒരു കുറിപ്പില്‍ വായനക്കാരന്‍ എഴുത്തുകാരനായി മുഖം കാണിക്കും.കാര്യകാരണങ്ങളോടെയുള്ള ഒരു വിശകലനമോ ഇഴ പിരിച്ചുള്ള അപഗ്രഥനമോ അവന്‍റെ ലക്ഷ്യമല്ല-ചുമതലയുമല്ല.ഒരു സാഹിത്യസൃഷ്ടി തന്‍റെ അന്തര്‍മണ്ഡലങ്ങളില്‍ സൃഷ്ടിക്കുന്ന അനുരണനങ്ങളില്‍ അബോധമായി അഭിരമിക്കുക അല്ലെങ്കില്‍ അവയ്ക്കെതിരെ പ്രക്ഷുബ്ധനാവുക മാത്രമാണവന്‍റെ കടമ.അവന്‍റെ മനസ്സില്‍ എന്തു നടക്കുന്നു എന്ന് കണ്ടെത്തി അവനെ അറിയിക്കേണ്ടത്,എഴുത്തുകാരന്‍റെ,നിരൂപകന്‍റെ ബാദ്ധ്യതയാണ് .ഖസാക്കിന്‍റെ ഇതിഹാസവും ഭാഷയില്‍ അതിന്‍റെ സ്ഥാനം ഉറപ്പിച്ചത് അതിനെക്കുറിച്ചുള്ള പഠനങ്ങളിലൂടെയാണ്.എഴുത്തുകാരന്‍ ബാഹ്യശരീരമാണെങ്കില്‍ വായനക്കാരന്‍ അവന്‍റെ സമസ്തവ്യാപാരങ്ങളേയും നിയന്ത്രിക്കുന്ന ആന്തരിക ഘടനയാണ്.പരോക്ഷത്തിന്‍റെ സഹകരണമില്ലാതെ പ്രത്യക്ഷത്തിനു നിലനില്‍പ്പില്ല. സാഹിത്യവാരഫലത്തിന്‍റെ സ്വഭാവത്തെ കുറിച്ച്,സാദ്ധ്യതകളെ കുറിച്ച്, പ്രസക്തിയെ കുറിച്ച്,പരിമിതികളെ കുറിച്ച് അനുകൂലിച്ചാവട്ടെ മറിച്ചാവട്ടെ എന്തെ ങ്കിലും പറയേണ്ടതുണ്ടെന്ന് നമ്മുടെ എഴുത്തുകാര്‍ക്ക് തോന്നാതിരുന്നത്,ബോധപൂര്‍വമല്ലാത്ത ഒരു വീഴ്ചയായി എനിക്ക് തോന്നുന്നു.
സാഹിത്യ വാരഫലം ഇരുപത്തെട്ടാം വര്‍ഷത്തിലും ആരോഗ്യത്തോടെ നില നില്‍ക്കുന്നതെങ്ങനെ ?
നിലവാരമുള്ള ഒരു വാരികയിലാണ് വാരഫലം ജന്മമെടുത്തത്.രണ്ടു തവണ രംഗം മാറിയിട്ടും അത് നിലനില്‍ക്കുന്നതും അത്തരമൊരു പ്രസിദ്ധീകരണത്തിലാണ്.ഒരു വ്യക്തി മാത്രം കൈകാര്യം ചെയ്തിട്ടും ആ വ്യക്തിയുടെ അഭിപ്രായങ്ങളെ മാത്രം അവലംബിച്ചു നിന്നിട്ടും സമകാലീനഎഴുത്തുകാരില്‍,ഒരു പക്ഷേ, എല്ലാവരുടെയും മുഷിപ്പ് സമ്പാദിച്ചിട്ടും ഈ പംക്തി ജീവിക്കുന്നു-അതുള്‍ക്കൊള്ളുന്ന പ്രസിദ്ധീകരണത്തിന്‍റെ പ്രചാരത്തെ അനുകൂലമായി സ്വാധീനിച്ചുകൊണ്ട് തന്നെ. വാരികയുടെ വായന വാരഫലത്തിന്‍റെ പേജില്‍ തുടങ്ങുന്ന ഒട്ടേറെ പേരുണ്ട്. ഇക്കൂട്ടര്‍ വായിക്കുന്നത് ഈ ലേഖനങ്ങളിലെ നേരമ്പോക്കുകളും വിചിത്രങ്ങളായ നിര്‍വചനങ്ങളും ചോദ്യോത്തരങ്ങളും സ്വകാര്യസംഭാഷണങ്ങളിലെ സ്വകാര്യത കളഞ്ഞ് കൃഷ്ണന്‍ നായര്‍ അവതരിപ്പിക്കുന്ന പരദൂഷണങ്ങളും മാത്രമാണെന്ന വാദം പൂര്‍ണമായും ശരിയല്ല.ഓരോ ലേഖനവും ആദ്യാവസാനം വായിക്കുമ്പോള്‍ പുത്തനായ അറിവിന്‍റെ ഒരു ചെറിയ അംശം സ്വായത്തമാക്കാനാവുന്നുണ്ടെന്നു കരുതുന്നവരാണ് കൂടുതല്‍. വിശ്വസാഹിത്യത്തിലെ ശ്രദ്ധേയങ്ങളായ കൃതികളെ അവയുടെ മൂല്യനിര്‍ണ്ണയത്തിനു സഹായകമാവാത്ത വിധം സംഗ്രഹിച്ച് അവതരിപ്പിക്കുക വഴി വികലമായ ഒരാസ്വാദകസംസ്കാരത്തെയാണ് കൃഷ്ണന്‍ നായര്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന വാദത്തിലും സത്യത്തിന്‍റെ അംശമേയുള്ളൂ. സാഹിത്യത്തെ ഗൌരവത്തോടെ സമീപിക്കുന്ന, സര്‍ഗശക്തിയുള്ള ഒരെഴുത്തുകാരനേയും കൃഷ്ണന്‍ നായരുടെ അഭിപ്രായങ്ങള്‍ സ്വാധീനിക്കില്ല.മറിച്ച്,ഏതെങ്കിലും ചേരി യില്‍ അംഗമാകണമെന്ന നിര്‍ബന്ധമില്ലാത്ത സാധാരണ വായനക്കാരന് ഉത്തമസാഹിത്യത്തിലേയ്ക്കുള്ള ഒരു കിളിവാതിലായി പ്രവര്‍ത്തിക്കാന്‍ അതിനു കഴിയുന്നുമുണ്ട്.'ഡോറിയന്‍ ഗ്രേ'യുടെ കഥാസംഗ്രഹമോ അന്നാകരനീനയിലെ കഥാസന്ദര്‍ഭങ്ങളോ നേരിട്ടുള്ള അദ്ധ്വാനം കൂടാതെ ഒരാള്‍ മനസ്സിലാക്കിയെടുക്കുന്നെങ്കില്‍ അത് നമ്മെ അലോസരപ്പെടുത്തേണ്ടതില്ല.എഴുത്തുകാരനല്ലാത്ത ഈ വായനക്കാരന്‍റെ അഭിപ്രായരൂപീകരണത്തിലും കൃഷ്ണന്‍ നായര്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നു എന്നു പറഞ്ഞുകൂട.വാരഫലത്തിന്‍റെ വായനക്കാര്‍, കൃഷ്ണന്‍ നായരുടെ അഭിപ്രായങ്ങളെ, സ്വകാര്യസംഭാഷണങ്ങളില്‍, അദ്ദേഹത്തിന്‍റെ തന്നെ അഭിപ്രായങ്ങളായി ഉദ്ധരിക്കുന്നതായിട്ടാണ് അനുഭവം.മുണ്ടശ്ശേരി,മാരാര്‍, അഴീക്കോട്, കെ. പി. അപ്പന്‍ , ആഷാമേനോന്‍ തുടങ്ങി പലരുടേയും ചിന്താസരണികളെ സ്വയംവരിച്ച വായനക്കാര്‍ ഏറെയുണ്ട്.ഇങ്ങനെ ഒരനുയായിവൃന്ദം കൃഷ്ണന്‍ നായര്‍ക്ക് സ്വന്തമായി അവകാശപ്പെടാനാവില്ല.ഇത് ഒരു നിരൂപകന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്‍റെ കഴിവാണോ കഴിവുകേടാണോ എന്നതും വിവാദവിഷയമാകാം.വിദ്യാര്‍ത്ഥികളില്‍ ചിന്താശക്തിയുടെ തീപ്പൊരി സൃഷ്ടിച്ച് പിന്‍വാങ്ങുന്നവനാണ്,അവരെ സ്വന്തം വിശ്വാസത്തിന്‍റെ പാതയിലൂടെ കണ്ണും കെട്ടി നടത്തുന്നവനല്ല യഥാര്‍ത്ഥ അദ്ധ്യാപകന്‍ എന്നു വായിച്ചിട്ടുണ്ട്.സമാനമായ ഒരു നിര്‍വചനത്തിന്‍റെ സഹായത്തോടെ കൃഷ്ണന്‍ നായരുടെ രീതിയേയും സാധൂകരി ക്കാം.കൃഷ്ണന്‍ നായരുടെ ഇഷ്ടാനിഷ്ടങ്ങള്‍ വായനക്കാര്‍ക്ക് സംശയമുണ്ടാവാത്ത വിധം വ്യക്തങ്ങളാണ്.സ്വന്തം ശരിയിലുള്ള അസന്ദിഗ്ദ്ധമായ വിശ്വാസമാവാം കാരണം,ഒരു പ്രത്യേക അര്‍ത്ഥത്തില്‍ ശക്തമാണദ്ദേഹത്തിന്‍റെ ഭാഷ.വ്യക്തമായ കാഴ്ചപ്പാട്, കരുത്തുള്ള ഭാഷ, നിരന്തരമായ സാന്നിദ്ധ്യം, വളരെയേറെ വായനക്കാര്‍-ഒരു ചിന്താരീതിയുടെ പ്രയോക്താവായി എന്നിട്ടും കൃഷ്ണന്‍ നായര്‍ മാറാതിരുന്നതെന്തുകൊണ്ട് എന്നന്വേഷിക്കേണ്ടതാണ്.സാഹിത്യസംബന്ധിയും അല്ലാത്തതുമായ വിഷയങ്ങളെ പറ്റി കൊച്ചു കൊച്ചു കഥകളുടെ അകമ്പടിയോടെ വാരം തോറും കൃഷ്ണന്‍ നായര്‍ ഒരുക്കുന്ന 'കൊളാഷി'ന്‍റെ ഘടന തന്നെയാണ് ഇതിന്‍റെ പ്രചാരത്തിന്‍റെ മുഖ്യകാ രണം. വാരഫലത്തിന്‍റെ വായനക്കാരന് ഒരു തയ്യാറെടുപ്പ് ആവശ്യമില്ല. ലളിതമായ അതിന്‍റെ ശൈലി ഒരു രണ്ടാം വായന പോലും ആവശ്യപ്പെടുന്നില്ല.ഈ ലാളിത്യവും കഥാസമൃദ്ധിയും അവ ഇഷ്ടപ്പെടുന്ന വായനക്കാരുമാണ് സാഹിത്യവാരഫലത്തെ നിലനിര്‍ത്തുന്നത്.
സാഹിത്യ വാരഫലം ഭാഷയുടെ അംഗീകാരമോ അഭിനന്ദനമോ അര്‍ഹിക്കുന്നുണ്ടോ?
ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരം പംക്തികള്‍ മിക്കവാറും കൈകാര്യം ചെയ്യാറുള്ളത് ഒന്നിലേറെ എഴുത്തുകാരാണ്.നിയന്ത്രണാതീതമായ ചുറ്റുപാടുകളിലൊഴികെ ഒരിക്കലും വീഴ്ച വരുത്താതെ ഇരുപത്തേഴു കൊല്ലം പരസഹായമില്ലാതെ ഒരു പംക്തി കൊണ്ടുനടന്നു എന്ന ഒറ്റ കാര്യത്തിനു തന്നെ നാം കൃഷ്ണന്‍ നായരെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം പക്ഷേ,നല്ല സാഹിത്യത്തിന്‍റെ പക്ഷം ചേര്‍ന്നുകൊണ്ടുള്ള ആ പ്രയത്നത്തിന്‍റെ വ്യാപ്തത്തെ മാത്രം മാനിച്ചെങ്കിലും നാം നമ്മുടെ കടപ്പാട് അറിയണം -വ്യക്തമാക്കണം.അതത് വാരങ്ങളില്‍ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണങ്ങളിലെ കഥകളേയും കവിതകളേയും ലേഖനങ്ങളേയും മാത്രം മിക്കവാറും ആശ്രയിച്ചു കൊണ്ടുള്ള ആദ്യകാല ഘടനയില്‍ നിന്ന് അതേറെ മാറിയിട്ടുണ്ട്. അഭിപ്രായങ്ങളുടെയോ നുറുങ്ങു കഥകളുടെയോ ചിലപ്പോള്‍ കാണാറുള്ള ആവര്‍ത്തനമോ കയറ്റങ്ങളോ ഇറക്കങ്ങളോ ഇല്ലാത്ത,സവിശേഷതകളില്ലാത്ത, ഭാഷാശൈലിയോ അതിന്‍റെ പാരായണക്ഷമത കുറയ്ക്കുന്നില്ല.ഒരു വൈയാകരണന്‍റെ കാര്‍ക്കശ്യത്തോടെ ഭാഷയിലെ എഴുത്തുകാരുടെ തെറ്റായ പദപ്രയോഗങ്ങളെ കുറിച്ചും വ്യാകരണപ്പിശകുകളെ കുറിച്ചും ഉച്ചാരണവൈകല്യങ്ങളെ കുറിച്ചും വിസ്തരിക്കുന്ന കൃഷ്ണന്‍ നായരുടെ ലേഖനങ്ങള്‍,നിരൂപണ ലേഖനങ്ങള്‍ വായിക്കുന്നതില്‍ വൈമനസ്യം കാണിക്കാറുള്ള സാധാരണ വായനക്കാരന്‍,തള്ളി ക്കളയുന്നതിനു പകരം,രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണുണ്ടായത്. വായനക്കാരുടെ ഒരു പുതിയ സമൂഹത്തെ വാര്‍ത്തെടുത്തതിനു നാം കൃഷ്ണന്‍ നായരോട് നന്ദി പറയണം.സുഗതകുമാരിയെ പോലെ അംഗീകരിക്കപ്പെട്ട ഒരെഴുത്തു കാരിയുടെ/എഴുത്തുകാരന്‍റെ ഒരു കൃതിയുടെ കലാപരമായ മേന്മയെ പൂര്‍ണമനസ്സോടെ വാഴ്ത്തുമ്പോള്‍ തന്നെ മറ്റൊന്നിന്‍റെ പരാജയത്തെ നിശിതമായി വിമര്‍ശിക്കാന്‍ ധൈര്യം കാണിക്കുന്ന കൃഷ്ണന്‍ നായരുടെ സ്വഭാവവും വാരഫ ലത്തെ മറ്റു നിരൂപണ ലേഖനങ്ങളില്‍ നിന്ന് വേറെ നിര്‍ത്തുന്നു. ഇത്തരത്തിലൊരു നിഷ്പക്ഷത തീരെയില്ലെന്നു പറഞ്ഞുകൂടെങ്കിലും ഭാഷയിലെ നിരൂപകരുടെ ഒരു പൊതുസ്വഭാവമാണെന്നു കരുതുക വയ്യ.വ്യക്തി ബന്ധങ്ങള്‍, വാരഫലമെഴുതുമ്പോള്‍ ഒരിക്കലും കൃഷ്ണന്‍ നായരെ സ്വാധീനിക്കാറില്ല എന്നു വിവക്ഷയില്ല. സാഹിത്യവാരഫലത്തിന്‍റെ പോരായ്മകളെ കുറിച്ചൊരന്വേഷണം ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യമല്ല എന്നു മാത്രം കരുതിയാല്‍ മതി.കേരളീയ സാംസ്കാരികത്തനിമയുടെ മുഖമുദ്രകളായി നാം വാഴ്ത്താറുള്ള കഥകളിയുടെ വേഷവിധാനങ്ങളിലോ കൈകൊട്ടിക്കളിയുടെ ചുവടുകളിലോ അഭംഗിയുടെ ഒരംശമുണ്ടെന്ന് തുറന്നെഴുതാനുള്ള ചങ്കൂറ്റത്തെ അഭിനന്ദിക്കാന്‍ കഴിയണം. അപ്പോഴും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളോട് നമുക്ക് വിയോജിക്കാം.ലേഖനങ്ങള്‍ക്കുള്ള എഴുത്തുഭാഷയുടെ നിര്‍വചിക്കപ്പെട്ട ഗാംഭീര്യത്തേയും മാന്യതയേയും നോവിപ്പിക്കുന്ന പദപ്രയോഗങ്ങള്‍ വാരഫലത്തില്‍ കാണാറുണ്ട്.'പീറ', 'പറട്ട', 'ഉഡാന്‍സ്' തുടങ്ങിയ പദങ്ങള്‍ കൊണ്ട് സാഹിത്യകൃതികളെ വിലയിരുത്തുന്ന രീതി ശരിയോ എന്നത് മറ്റൊരു വിഷയം.('ആഭാസത്തിലാറാടിയ ഈ പീറക്കഥ വായിച്ച് ഞാന്‍ ലജ്ജിക്കുന്നു') 'ചൂര്', 'ചെത്തം' തുടങ്ങി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നാടന്‍ പദങ്ങളെ പുനരുദ്ധാരണം ചെയ്യാനുള്ള ഒരു ശ്രമം ഭാഷാസ്നേഹികളായ എഴുത്തുകാരില്‍ കാണാറുണ്ട്.സംസാര ഭാഷയിലെ കരുത്തുള്ള ചില വാക്കുകള്‍ക്ക്, പ്രയോഗങ്ങള്‍ക്ക് എഴുത്തു ഭാഷയിലേയ്ക്ക് സ്ഥാനക്കയറ്റം കൊടുക്കാന്‍ ഒരാള്‍ ഒരുമ്പെട്ടാല്‍ അയാളോടും നമുക്ക് മതിപ്പ് തോന്നേണ്ടതല്ലേ? നിയതമായ ഒരു ചട്ടക്കൂടില്ലാത്തതു കൊണ്ട് ശൈലിയില്‍ മാത്രമല്ല വിഷയസ്വീകരണത്തിലും കൃഷ്ണന്‍ നായര്‍ക്ക് അനന്തമായ സ്വാതന്ത്ര്യമുണ്ട്.ഒരു ഖണ്ഡികയില്‍ കാരൂരിന്‍റെ ചെറുകഥയെ കുറിച്ചും അടുത്തതില്‍ പി.ടി.ഉഷയുടെ ഓട്ടത്തെ കുറിച്ചും അതിനടുത്തതില്‍ പ്രപഞ്ചോല്‍പ്പത്തിയിലെ സ്ഫോടനത്തെ കുറിച്ചും എഴുതാന്‍ കഴിയുന്ന ഈ രീതി അദ്ദേഹത്തിന്‍റെ തന്നെ കണ്ടുപിടുത്തമാണ്.നിരൂപണ ലേഖനങ്ങളെ, പഠനവിധേയമാക്കാവുന്ന,സാഹിത്യകൃതികളില്‍ നിന്നുരുത്തിരിഞ്ഞ, സ്വതന്ത്ര സൃഷ്ടികളായി കാണാന്‍ ഭാഷയിലെ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഇന്ന് കഴിയുന്നുണ്ട്. സാഹിത്യവാരഫലം കൃഷ്ണന്‍ നായരുടെ സാഹിത്യ സൃഷ്ടിയാണ്.സമകാലീന സാഹിത്യത്തിന്‍റെ ഒരു പരിച്ഛേദം എപ്പോഴും ഉള്‍ക്കൊള്ളുന്നതു കൊണ്ട് ഭാവിയിലെ സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും ഈ ലേഖനങ്ങള്‍ ഗുണം ചെയ്യും.സവിശേഷതകളുള്ള, വായനക്കാര്‍ ഇഷ്ടപ്പെടുന്ന, ഈ നിരൂപണ ലേഖനങ്ങളേയും ഇവയുടെ കര്‍ത്താവിനേയും മലയാളം അറിഞ്ഞാദരിക്കേണ്ടിയിരിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment