Monday, November 23, 2020
വിശ്വാസത്തിന്റെ കരുത്തിൽ ഒരു ജനത
2006 ഒക്റ്റോബര്‍ രണ്ടാം തിയ്യതി -
സ്ഥലം യു.എസിലെ പെന്‍സില്‍വാനിയ സ്റ്റേറ്റിലെ സതേണ്‍ ലങ്കാസ്റ്റര്‍ കൌണ്ടിയിലെ,ആമിഷ് വംശജരുടെ നിക്കല്‍ മൈന്‍സ് സ്കൂള്‍-
സമയം രാവിലെ പത്തര മണിക്ക് തൊട്ടുമുമ്പ്-
ചാള്‍സ് കാള്‍ റോബര്‍ട്സ് എന്ന 32 കാരന്‍, ഓടിച്ചിരുന്ന പാല്‍ ട്രക്ക് സ്കൂളിനു തൊട്ടുമുമ്പില്‍,പിറകോട്ടെടുത്ത് നിര്‍ത്തി, മുന്നില്‍ നടന്നുകൊണ്ടിരുന്ന അദ്ധ്യാപികമാരോട് ആ പരിസരത്തു നിന്നെങ്ങാനും തന്‍റെ കളഞ്ഞു പോയ ഒരു ക്ലെവിസ് പിന്‍ കിട്ടുകയുണ്ടായോ എന്നന്വേഷിച്ചു –
പിന്നെ, പെട്ടെന്ന്, ഒറ്റ മുറിയില്‍ നടന്നിരുന്ന സ്കൂളിന്നകത്തു കയറി-
തോക്ക് കാണിച്ചു അദ്ധ്യാപികമാരെയും ആണ്‍കുട്ടികളെയും പുറത്തേയ്ക്കയച്ചു- 5 നും 13 നും ഇടയ്ക്ക് പ്രായമുള്ള 10 പെണ്‍കുട്ടികളെ മുറിക്കകത്താക്കി വാതില്‍ മരപ്പലകകള്‍ വെച്ചടച്ചു -കുട്ടികളുടെ കൈകള്‍ പിന്നില്‍ ചേര്‍ത്ത് കെട്ടി -
രക്ഷപ്പെട്ട ഒരു സ്ത്രീ അറിയിച്ചതനുസരിച്ച് ഇതിനകം പോലീസ്, സ്കൂള്‍ വളഞ്ഞിരുന്നു
-വാതില്‍ തകര്‍ത്ത് പോലീസ് അകത്ത് എത്തുന്നതിനു മുമ്പ് നാല് കുട്ടികള്‍ വെടിയുണ്ടകള്‍ക്ക് ഇരയായിക്കഴിഞ്ഞിരുന്നു -ഒരു കുട്ടി കൂടി പിറ്റേന്ന് ആസ്പത്രിയില്‍ വെച്ച് മരിച്ചു -
ആദ്യ പോലീസുകാരന്‍ സ്കൂളിന്നകത്തെത്തിയ നിമിഷം, തന്‍റെ നേരെ കാഞ്ചി വലിച്ച് റോബര്‍ട്സ് ആത്മഹത്യ ചെയ്തു -
അഞ്ചു കുട്ടികള്‍ സാരമായ പരുക്കുകളോടെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടു -അവരില്‍ നാല് പേരും മാസങ്ങള്‍ക്ക് ശേഷം വീണ്ടും സ്കൂളില്‍ വന്നു തുടങ്ങി-
(അല്‍പം അകലെ മറ്റൊരു കെട്ടിടത്തില്‍ 'ശുഭ പ്രതീക്ഷ' എന്ന പേരില്‍ പുതിയ സ്കൂള്‍ തുറന്നിരുന്നു-ദുരന്തം നടന്ന പഴയ സ്കൂള്‍ കെട്ടിടം അവശിഷ്ടങ്ങളുടെ നിഴല്‍ പോലും ശേഷിപ്പിക്കാതെ അവര്‍ ഇടിച്ചു നിരപ്പാക്കി) -
സംസാരശേഷി മിക്കവാറും നഷ്ടപ്പെട്ട റോസന്ന എന്ന കുട്ടി മാത്രം, പരസഹായം കൂടാതെ ഒന്നും വയ്യെന്ന അവസ്ഥയില്‍ വീട്ടില്‍ തുടര്‍ന്നു –
ശരിയായ 'എക്സിക്യൂഷന്‍ 'ശൈലിയില്‍ ,പുറം തിരിച്ചിരുത്തി ,തലയ്ക്കു പിന്നില്‍,തൊട്ടടുത്തുനിന്നു നിറയൊഴിച്ചു നടത്തിയ കൂട്ടക്കൊലയുടെ വാര്‍ത്ത ആഗോളതലത്തില്‍ ഞെട്ടലും വെറുങ്ങലിപ്പും ഉണ്ടാക്കിയെങ്കില്‍ സംഭവത്തിന് നേരെ, കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട രക്ഷിതാക്കളടക്കമുള്ള ആമിഷ് സമൂഹത്തിന്‍റെ പ്രതികരണം ഉണ്ടാക്കിയത് തികഞ്ഞ അമ്പരപ്പാണ്-
-സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷം നാട്ടുകാരെ അഭിസംബോധന ചെയ്ത ചര്‍ച്ച് വികാരി പറഞ്ഞു- 'ഘാതകനായ റോബര്‍ട്സിനോട് പകയോ ദേഷ്യമോ പ്രതികാര ചിന്തയോ അരുത് – നമ്മുടെ കൂട്ടായ്മ അയാളുടെ ക്രൂരത പൊറുത്ത് അയാള്‍ക്ക് പൂര്‍ണമായ മാപ്പ് നല്‍കണം'
പലരും യാന്ത്രികമെന്നും കൃത്രിമമെന്നും അസ്വാഭാവികമെന്നും അയുക്തികമെന്നും വിലയിരുത്തിയ ആ 'പൊറുക്കല്‍' ഗാന്ധിജിയുടെ ജീവിതം കണ്ട ഇന്ത്യക്ക് ഒരു പരിധിവരെ മനസ്സിലാക്കാനായേയ്ക്കും-മരിച്ച കുട്ടികളുടെ രക്ഷിതാകളടക്കം ആമിഷുകളുടെ ഒരു സംഘം റോബര്‍ട്സിന്‍റെ വീട്ടിലെത്തി അനുശോചന സന്ദേശങ്ങളുമായി -അവര്‍ റോബര്‍ട്സിന്‍റെ അച്ഛനമ്മമാരെയും വിധവയെയും മക്കളെയും ആശ്വസിപ്പിച്ചു -സഹായ വാഗ്ദാനങ്ങള്‍ നടത്തി -റോബര്‍ട്സിന്‍റെ ശവമടക്കില്‍ പങ്കുകൊണ്ടു -അയാളുടെ വിധവയെ,ആമിഷ് കുഞ്ഞുങ്ങളുടെ സംസ്കാരത്തില്‍ പങ്കു കൊള്ളാന്‍ കൂടെ കൂട്ടിക്കൊണ്ടുവന്നു-(റോബര്‍ട്സ് ആമിഷ്കാരനായിരുന്നില്ല )
തീര്‍ന്നില്ല -
ലോക രാഷ്ട്രങ്ങളില്‍ നിന്ന് സംഭാവനയായി എത്തിയ ധനസഹായത്തിലും ന്യായമായ ഒരു പങ്ക് റോബര്‍ട്സിന്‍റെ കുടുംബത്തിനു ലഭിച്ചു –
'മാപ്പ് നല്‍കുക' എന്നതിന് ആമിഷ് വിശ്വാസത്തില്‍ വളരെ വിശേഷപ്പെട്ട അര്‍ത്ഥമാണ് ഉള്ളത്-അത് മറക്കലോ കുറ്റവാളിയുമായി ഏതെങ്കിലും തരത്തില്‍ അനുരഞ്ജനത്തിലെത്തലോ അല്ല -മനസ്സില്‍ വിദ്വേഷത്തിന്‍റെ അംശം പോലും ഇല്ലാതെയാക്കുക എന്നതു മാത്രമാണ്- കുറ്റവാളിയുടെ മാപ്പപേക്ഷയ്ക്കായി കാത്തു നില്‍ക്കേണ്ട കാര്യമില്ല-അനുരന്ജനത്തിനേ രണ്ടുപേര്‍ ആവശ്യമുള്ളു - മാപ്പുകൊടുക്കുന്നതിന് ഒരാള്‍ മതി-കുറ്റകൃത്യത്തെ മാറ്റിനിര്‍ത്തി കുറ്റവാളിയോട് പൊറുക്കുക - ഇതില്‍ വിശേഷവിധിയായി എന്തെങ്കിലും ഉണ്ടെന്ന് അവര്‍ കരുതുന്നില്ല -'മറ്റുള്ളവര്‍ നിന്നോട് ചെയ്യുന്ന തെറ്റുകള്‍ നീ പൊറുക്കുക -നിന്‍റെ തെറ്റുകളും പൊറുക്കപ്പെടും ' എന്നവര്‍ ഉറച്ചു വിശ്വസിക്കുന്നു-അങ്ങനെ ചെയ്യാത്തവര്‍ ദൈവത്തിന്‍റെ മാപ്പര്‍ഹിക്കുന്നില്ലെന്നും-
ശിശുവായിരിക്കുമ്പോള്‍ നടത്തുന്ന ബാപ്റ്റിസം സാധുവല്ലെന്നും വസ്തുതകള്‍ മനസ്സിലാക്കാനുള്ള പ്രായമെത്തുമ്പോള്‍, വിശ്വാസികള്‍ക്ക് മാത്രമായി, നടത്തേണ്ട ഒന്നാണതെന്നും വാദിക്കുന്ന അനബാപ്റ്റിസ്റ്റ്സിലെ യാഥാസ്ഥിതിക വിഭാഗമായ മെന്നോനൈറ്റ്സ് പിളര്‍ന്ന്,ജാക്കോബ് അമ്മന്‍റെ നേതൃത്വത്തില്‍ രൂപം കൊണ്ട വിശ്വാസികളുടെ കൂട്ടായ്മയാണ് ആമിഷ്-പതിനേഴാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയാണ് ആമിഷ് മെന്നോനൈറ്റ്സ് അഥവാ ആമിഷ് ജനത എന്നറിയപ്പെടുന്ന മതവിഭാഗത്തിന്‍റെ ഉദ്ഭവം -സ്വിറ്റ്സര്‍ലന്റിലും ഫ്രാന്‍സിലും ജര്‍മ്മനിയിലും പടര്‍ന്ന ഇവര്‍ പതിനെട്ടാം ശതകത്തോടെ അമേരിക്കന്‍ ഐക്യനാടുകളിലുമെത്തി. വിശ്വാസപ്രമാണങ്ങളില്‍ അപ്പോഴപ്പോള്‍ വരുന്ന അഭിപ്രായഭിന്നതകള്‍ കാരണം സൂക്ഷ്മ സ്വഭാവത്തില്‍ വ്യത്യസ്തത ദര്‍ശിച്ചേയ്ക്കാവുന്ന എട്ടിലധികം വിഭാഗങ്ങളായി ആമിഷ്കാര്‍ -പെന്‍സില്‍വാനിയ ജര്‍മ്മന്‍ എന്നോ പെന്‍സില്‍വാനിയ ഡച്ച് എന്നോ വിളിപ്പേരുള്ള ഒരു ഭാഷയാണ് ഇവരിലെ ഒരു നല്ല വിഭാഗം ഇപ്പോഴും സംസാരിക്കുന്നത്
ആമിഷ് ജീവിത ശൈലി നമുക്ക് സങ്കല്‍പ്പിക്കാനാവുന്നതിന്നപ്പുറം,ഒരു പക്ഷെ, അതീവ സങ്കീര്‍ണ്ണം എന്ന്‍ നമുക്ക് തോന്നിയേക്കാവുന്ന അത്രയും ലളിതമാണ്-
ഹിന്ദ് സ്വരാജ് എന്ന തന്‍റെ പുസ്തകത്തില്‍ പൂര്‍ണ സ്വതന്ത്രമായ ഒരു ഭാരതത്തെക്കുറിച്ച് ഒരു രാഷ്ട്രസങ്കല്പം ഗാന്ധിജി അവതരിപ്പിക്കുന്നുണ്ട്-
അതിലെ ചില നിര്‍ദ്ദേശങ്ങള്‍ :
ഒന്ന്, യന്ത്രങ്ങള്‍ വര്‍ജ്ജിക്കുക -ജോലി ചെയ്യുന്നതിനും യാത്രകള്‍ക്കും കൈകാലുകളെ മാത്രം ആശ്രയിക്കുക -ഉദാഹരണത്തിന് യാത്രയ്ക്ക്,അതെത്ര ദീര്‍ഘമായിരുന്നാലും,മോട്ടോര്‍ വാഹനങ്ങളെയോ തീവണ്ടിയെയോ കാത്തു നില്‍ക്കരുത് -നടന്നും ഓടിയും ചെയ്യാവുന്ന യാത്രകളാണ് പ്രകൃതി നമുക്ക് വിധിച്ചിട്ടുള്ളത്
രണ്ട്, ജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ ആവശ്യമായ ഒന്നായി മാത്രം വിദ്യാഭ്യാസത്തെ കാണുക -
നമുക്ക് വക്കീലന്മാരുടെയും ഡോക്റ്റര്‍മാരുടെയും ആവശ്യമില്ല -
രണ്ടുപേര്‍ തമ്മില്‍ തര്‍ക്കമുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്തു തീരുമാനത്തിലെത്താന്‍ കഴിയണം -അതല്ല,ഒന്ന് തമ്മില്‍ എറ്റുമുട്ടിയിട്ടായാലും, അത് അവര്‍ തമ്മില്‍ തന്നെ തീരണം-
മൂന്നാമതൊരാള്‍ക്ക് ,ഒരു വക്കീലിന്, പ്രശ്നത്തെ സങ്കീര്‍ണ്ണമാക്കാനും കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാനുമേ കഴിയു.
ഡോക്റ്റരുടെ കഥയും ഇത് തന്നെ -
നിങ്ങള്‍ക്ക് ദഹിപ്പിക്കാനാവുന്നതിലധികം നിങ്ങള്‍ തിന്നുന്നു -ദഹനക്കേട് ഒരസ്വ സ്ഥതയായി നിങ്ങളെ പിടി കൂടുന്നു -പരിഹാരം തേടി നിങ്ങള്‍ ഡോക്റ്ററെ കാണുന്നു-നിങ്ങളുടെ അസ്വസ്ഥതയെ മറച്ചുപിടിക്കുന്ന മരുന്ന് തന്ന്‍,സുഖമായി എന്ന തെറ്റിദ്ധാരണ നിങ്ങളില്‍ ജനിപ്പിച്ച്, അദ്ദേഹം നിങ്ങളെ യാത്രയാക്കുന്നു -വീട്ടിലെത്തി ,നിങ്ങള്‍ വീണ്ടും ദഹനക്കേടുണ്ടാക്കുന്ന വിധം ഭക്ഷിക്കുന്നു -വീണ്ടും നിങ്ങള്‍ രോഗിയാവുന്നു -
മറിച്ച്,ഡോക്റ്ററെ കാണാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍, നിങ്ങളുടെ അസ്വസ്ഥത നിങ്ങളെ കൂടുതല്‍ ജാഗരൂകരാക്കിയേനെ- കുഴപ്പങ്ങളൊഴിവാക്കാന്‍, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ നിങ്ങള്‍ കൈക്കൊണ്ടേനേ -
ഇവയോടൊപ്പം ഗാന്ധിജിയുടെ അക്രമരാഹിത്യവും സഹനരീതികളും കൂടി ചേര്‍ത്ത് വെച്ചാല്‍ ആമിഷ് ജീവിത ശൈലിയായി-വിട്ടുവീഴ്ച്ചകളില്ലാത്ത ദൈവവിശ്വാസം മാത്രമാണ് ആമിഷുകളുടെ പ്രേരക ശക്തി എന്ന വ്യത്യാസം മാത്രം-
നിക്കല്‍ മൈന്‍ സ്കൂളില്‍ നടന്ന ക്രൂരമായ നരഹത്യയ്ക്ക് കുറ്റവാളിയുടെ വീട്ടുകാരെ സഹായിച്ചും ആശ്വസിപ്പിച്ചും പ്രതികരിച്ചത് ഒരു ഒറ്റപ്പെട്ട സംഭവമല്ല -
എതിര്‍പ്പ്, പ്രതിരോധം തുടങ്ങിയവ ആമിഷിന് നിഷിദ്ധമാണ് -കൃസ്തീയ വിശ്വാസങ്ങളില്‍ വരുത്തിയ പരിഷ്കാരങ്ങള്‍ക്ക് വഴങ്ങാത്തതിന്‍റെ പേരില്‍ മതത്തിലെ ഇതര വിഭാഗങ്ങളില്‍ നിന്ന് പീഡനങ്ങളുണ്ടായപ്പോഴും എതിര്‍ക്കാന്‍ നില്‍ക്കാതെ,എന്നാല്‍ വിശ്വാസങ്ങളെ മുറുകെ പിടിച്ച്,സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് -ചിലപ്പോള്‍ ,അയല്‍രാജ്യങ്ങളിലേയ്ക്ക് തന്നെ - പലായനം ചെയ്യുകയേ ചെയ്തുള്ളൂ അവര്‍ -ഈ അടിസ്ഥാന വിശ്വാസം കാരണം ആമിഷ് ഒരു രാജ്യത്തും സൈനികസേവനം അനുഷ്ഠിക്കുകയോ യുദ്ധങ്ങളില്‍ ഭാഗഭാക്കാവുകയോ ചെയ്യില്ല –
യു.എസ്സിലെ,ഒഹായോ സ്റ്റെയ്റ്റിന്‍റെ തലസ്ഥാനമായ കൊളംബസ്സിലെ താമസ സ്ഥലത്ത് നിന്ന്‍ രണ്ടര മണിക്കൂറോളം കാറില്‍ യാത്ര ചെയ്താണ് ഞങ്ങള്‍ 'റോളിംഗ് റിഡ്ജ് റാഞ്ചിനോട് ചേര്‍ന്നുള്ള ആമിഷ് ഗ്രാമത്തില്‍ എത്തിയതും ഒരു പകല്‍ അവരോടൊപ്പം ചെലവഴിച്ചതും –രാജ്യത്തെ ഏറ്റവും അംഗസംഖ്യയുള്ള ആമിഷ് സമൂഹമാണിവിടെയുള്ളത്.ഉദ്ദേശം 50000 .ഓരോ 20 വര്‍ഷവും അംഗസംഖ്യയില്‍ തങ്ങള്‍ ഇരട്ടിക്കുമെന്ന് ഞങ്ങള്‍ സന്ദര്‍ശിച്ച വീട്ടിലെ ആമിഷ് യുവതി പറഞ്ഞു -
സമൃദ്ധമായ പച്ചപ്പിന്‍റെ ഉയര്‍ച്ച-താഴ്ച്ചകളിലൂടെ, രണ്ടു കുതിരകളെ പൂട്ടിയ വലിയ വണ്ടിയില്‍,ബഗ്ഗിയില്‍, തുറന്ന മൃഗശാലയിലെ ,മൂന്ന് മണിക്കൂര്‍ നീണ്ട യാത്ര കഴിഞ്ഞാണ് മാതൃകാ ആമിഷ് ഭവനത്തില്‍ ഞങ്ങള്‍ എത്തിയത്
[80 ഏക്കര്‍ വിസ്തീര്‍ണത്തില്‍ പരന്നു കിടക്കുന്ന, തുറന്ന മൃഗശാലയില്‍ ‘ബീഫലോ’ (Angus-Bison cross), ടെക്സാസ് ലോങ്ഹോണ്‍,കാട്ടുപോത്ത്,യാക് , Watusi Cattle,ഇലാന്‍ഡ്,ബ്ലാക്ക്ബക് ആന്‍റിലോപ് ,മറ്റു പലയിനം മാനുകള്‍,സീബ്ര , എല്‍ക്, മിനിയേച്ചര്‍ ഹോഴ്സ്, ഒട്ടകം , ലാമ , അല്‍പാക്ക , Coatimundi, ലെമര്‍, മുള്ന്‍ പന്നി ,മുതല ,ചീങ്കണ്ണി ഒട്ടകപ്പക്ഷി ,എമു ,മയില്‍ ,പല ഇനം താറാവുകള്‍ തുടങ്ങി അപൂര്‍വ ഇനങ്ങളടക്കം 600 നടുത്ത് മൃഗങ്ങളും നൂറോളം ജനുസ്സുകളില്‍ പെട്ട പക്ഷികളും സ്വതന്ത്രരായി കഴിയുന്നു-രണ്ടു കുതിരകളെ പൂട്ടിയ തുറന്ന വണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ മൃഗങ്ങളും ഒട്ടക പക്ഷികളെ പോലെയുള്ള പക്ഷികളും അടുത്തുവന്ന്,(അവിടെ നിന്ന് വാങ്ങി നമുക്ക് കൈയില്‍ കരുതാവുന്ന) നമ്മുടെ കൈയിലെ തീറ്റപ്പൊതികളില്‍ നിന്ന് ഭക്ഷണം കഴിക്കും -സുഖമുള്ള അനുഭവം ]
അവിടെ കണ്ട ആമിഷ് യുവതിയോട് ഞങ്ങള്‍ പറഞ്ഞു -നിങ്ങളുടെ മുഖത്ത് അസാധാരണമായ ശാന്തതയുണ്ട്.
'ഞങ്ങള്‍ ലളിത ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നവരാണ്-'
'.....ഞങ്ങള്‍ ഇന്ത്യയില്‍ നിന്നാണ്...'
'...ഓ...നല്ലത് ..നിങ്ങളുടെ നാട്ടില്‍ ചര്‍ച്ചുകളുണ്ടോ?'
ഉണ്ടെന്നറിഞ്ഞപ്പോള്‍ അവര്‍ സൌമ്യമായി ചിരിച്ചു :'ദൈവത്തിന്‍റെ അനുഗ്രഹം നിങ്ങള്‍ക്കെപ്പോഴും ഉണ്ടാവും '
അതിനടുത്ത്,പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത ഞാനോര്‍ത്തു
'നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ആദ്യമായി കോളേജില്‍ എത്തിയ ചെറുപ്പക്കാരനെ കുറിച്ച് ഞാന്‍ വായിച്ചു '
സൌമ്യമായി, അവര്‍ നിഷേധിച്ചു -'ഞങ്ങളുടെ കൂട്ടത്തിലാരും എട്ടാം ഗ്രേഡിന്നപ്പുറം പോകില്ല '
പത്രവാര്‍ത്തയെ കുറിച്ച് പറയാന്‍ മുതിര്‍ന്നെങ്കിലും അവര്‍ വഴങ്ങിയില്ല
'അങ്ങനെ ആരും ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് കൊളേജിലെത്തില്ല '
ആമിഷ് സമൂഹത്തില്‍ ആണിനും പെണ്ണിനും പരമാവധി പഠിക്കാവുന്നത് എട്ടാംതരം വരെയാണ് -അവര്‍ നയിക്കുന്ന ലളിത ജീവിതത്തിന് അതില്‍ കവിഞ്ഞ വിദ്യാഭ്യാസത്തിന്‍റെ ആവശ്യമില്ല –
ഒറ്റ മുറി മാത്രമുള്ള കെട്ടിടങ്ങളിലാണ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്- അവിവാഹിതകളായ ആമിഷ് യുവതികളാണ് അദ്ധ്യാപികമാര്‍ -കണക്കിലും സയിന്‍സിലും ഭൂമിശാസ്ത്രത്തിലും ഒക്കെയുള്ള ബാലപാഠങ്ങള്‍ പഠിപ്പിക്കുമെങ്കിലും അടിസ്ഥാനപരമായി ആമിഷ് ശൈലിയില്‍ ഉള്ള ജീവിതത്തിന്‍റെ പ്രായോഗിക പരിശീലനങ്ങളാണ് മുഖ്യമായും കുട്ടികള്‍ക്ക് കിട്ടുന്നത് -മതവിശ്വാസവുമായി ബന്ധപ്പെട്ടതായതുകൊണ്ട് നിര്‍ബന്ധ വിദ്യാഭ്യാസത്തിന്‍റെ പ്രായപരിധി യു.എസ്.ഗവണ്മെന്റ് ,ആമിഷ്കാര്‍ക്ക് ഇളവു ചെയ്തു കൊടുത്തിട്ടുണ്ട്-
സ്കൂളില്‍ പോകുന്നതോടൊപ്പം ഗാര്‍ഹിക ജോലികളില്‍ അമ്മയെ സഹായിക്കാന്‍ പെണ്‍കുട്ടിയും കൃഷിപ്പണികളില്‍ അച്ഛനെ സഹായിക്കാന്‍ ആണ്‍കുട്ടിയും ശീലിക്കുന്നു -പതിനഞ്ചു വയസ്സെത്തുമ്പോള്‍ കുട്ടികള്‍ക്ക് അല്‍പം ചുറ്റി നടക്കുന്നതിന്നും പുറം ലോകത്തിന്‍റെ രീതികള്‍ രുചിച്ചറിയുന്നതിന്നും അവസരം കിട്ടും- 'റണ്ണിംഗ് എറൌണ്ട്' എന്നാണിതിനു പറയുക –ഇതിനു ശേഷം ആമിഷ് ശൈലിയില്‍ ജീവിതം തുടരണോ എന്ന് ചിന്തിച്ചുതീരുമാനിക്കാനുള്ള അവകാശം കുട്ടികള്‍ക്കുണ്ട്-സമുദായത്തിന്‍റെ ചിട്ടകള്‍ക്ക് വഴങ്ങി ജീവിക്കാനാവില്ലെന്ന് കരുതുന്നവര്‍ക്ക് വിട്ടുപോവാം -വളരെ ചെറിയ ഒരു വിഭാഗമേ ഇങ്ങനെ വിട്ടുപോവാറുള്ളു -ചര്‍ച്ചിന്‍റെ മേല്‍നോട്ടത്തില്‍ ബാപ്റ്റിസം നടത്തി സംഘത്തില്‍ തുടരുന്നവര്‍ക്ക് നിബന്ധനകള്‍ കര്‍ക്കശമാണ് -നിയമം തെറ്റിക്കുന്നവര്‍ക്ക്,സ്വയം തിരുത്തി ,പശ്ചാത്തപിച്ചു മടങ്ങിവരാന്‍ അവസരം കൊടുക്കും -ഇതിനു വഴിപ്പെടാത്തവര്‍ക്ക് സമുദായം പൂര്‍ണമായ ഭ്രഷ്ട് കല്‍പ്പിക്കുന്നു -
അടഞ്ഞ സമൂഹമാണ് ആമിഷ് –ഇതും മറ്റു സമുദായക്കാരുടെ അപ്രീതിക്ക് ഇവരെ പാത്രങ്ങളാക്കുന്നു –ബഗ്ഗിയില്‍ സഞ്ചരിക്കുന്ന ഇവര്‍ക്ക് നേരെ , രാത്രിയില്‍ ഒളിച്ചിരുന്ന് കല്ലെറിയുന്നവരെക്കുറിച്ചും പത്രവാര്‍ത്തകള്‍ ഉണ്ടായിരുന്നു - സമുദായത്തിന് പുറത്തു നിന്ന് അവര്‍ വിവാഹം കഴിക്കില്ല - പരമ്പരകളായി ഇങ്ങനെ തുടരുന്ന ഒരു ജനതയ്ക്ക് ഉണ്ടാകാവുന്ന പിഗ്മിത്വം തുടങ്ങിയ ജനിതക പ്രശ്നങ്ങളില്‍ നിന്ന് ഇവരും മുക്തരല്ല –
ലിഖിതവും അല്ലാത്തതുമായ ordnung എന്ന പേരിലറിയപ്പെടുന്ന നിയമാവലിയാണ് ആമിഷ് ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും നിയന്ത്രിക്കുന്നത്,അത് എല്ലാ ആമിഷ് സമൂഹത്തിനും പൊതുവായ ഒന്നല്ലെങ്കിലും-
ലളിതമായ ജീവിതശൈലിക്ക് നിരക്കുന്ന വസ്ത്രധാരണ രീതിയാണ് ആമിഷിന്‍റേത് - കടും നിറത്തില്‍, അനാര്‍ഭാടമായി, വീടുകളില്‍ തയ്ക്കുന്ന, പുരുഷന്മാരുടെ വസ്ത്രങ്ങള്‍ക്ക് കോളറോ പോക്കറ്റോ പാടില്ല -കാലുറകള്‍ പഴയ വള്ളിട്രൌസറുകളെ പോലെ 'സസ്പെന്‍റേഴ്സ് ' ഉപയോഗിച്ചാണ് അരയില്‍ ബന്ധിക്കുന്നത് -ബെല്‍റ്റ്, -സ്വെറ്റര്‍,നെക്ക് റ്റൈ, കയ്യുറകള്‍-എല്ലാം നിഷിദ്ധമാണ്-അവിവാഹിതരായ പുരുഷന്‍മാര്‍ താടിയും മീശയും വളര്‍ത്തരുത് -വിവാഹിതര്‍ക്ക് താടി നിര്‍ബന്ധം-മീശ അരുതെന്നതും നിര്‍ബന്ധം .
സ്ത്രീകള്‍ വീട്ടില്‍ തയ്ച്ച,ഞൊറികളില്ലാത്ത, നീണ്ട കൈയുള്ള ഉടുപ്പുകളും ആപ്രനും കേയ്പും ധരിക്കണം ചിത്രപ്പണികള്‍ ഉള്ള തുണിത്തരങ്ങളോ ആഭരണങ്ങളോ പാടില്ല - മുടി വെട്ടിക്കൂട -പിന്നിയിടാം -ഇല്ലെങ്കിള്‍ കൊണ്ടയാക്കി (വിവാഹിതയാണെങ്കില്‍) വെള്ള തൊപ്പിയിലും (അവിവാഹിതയാണെങ്കില്‍) കറുത്ത ബോണെറ്റിലും ഒതുക്കാം –
ദൈനംദിന ജീവിതത്തില്‍ ഒരു യഥാര്‍ത്ഥ ആമിഷ് അടുപ്പിച്ചുകൂടാത്ത ജീവിത സൌകര്യങ്ങളുടെ പട്ടിക, നമ്മളറിയുന്ന ആധുനിക മനുഷ്യനെ ഭയപ്പെടുത്തും - ആമിഷിന് കമ്പികള്‍ വഴി വരുന്ന വൈദ്യുതിയോടും അതുവഴി ടി.വി.,റേഡിയോ ,കമ്പ്യൂട്ടര്‍ തുടങ്ങിയവയോടും അയിത്തമാണ്-ആമിഷ് വീടുകളില്‍ ടെലിഫോണ്‍ പാടില്ല -കൃഷിയാണ് പ്രധാന ജീവനോപാധിയെങ്കിലും ട്രാക്റ്റര്‍ തൊട്ട് കൃഷിയെ സഹായിക്കുന്ന യാന്ത്രികമായ ഒന്നും ഉപയോഗിച്ചുകൂട.കുതിരകളെ, ഉഴാന്‍ ഉപയോഗിക്കാം-ബാക്കിയെല്ലാം മനുഷ്യശക്തിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ മാത്രം -ക്യാമറ ഉപയോഗിക്കരുതെന്ന് മാത്രമല്ല ഫോട്ടോ എടുക്കാന്‍ നിന്നുകൊടുക്കയുമരുത്- (തുറന്ന മൃഗശാലയിലൂടെ ഞങ്ങളെ 'ബഗ്ഗി'യില്‍ കൊണ്ടുപോയ ചെറുപ്പക്കാരന്‍, ചട്ടം തെറ്റിച്ച്, ഞങ്ങളുടെ കൂടെ രണ്ടു ഫോട്ടോവില്‍ നില്‍ക്കാന്‍ സമ്മതിച്ചെങ്കിലും !)
എന്താണ് ആമിഷിന് യന്ത്രങ്ങളെ ഇത്ര ഭയം ? സംശയം ? അറപ്പ്?
കാരണങ്ങള്‍ പലതാണ് -
ഒന്ന്, ദൈവനിര്‍മ്മിതമല്ലാത്ത അഥവാ മനുഷ്യ നിര്‍മ്മിതമായ എന്തെങ്കിലും നമ്മുടെ ജീവിതത്തിന്‍റെ നിയന്ത്രണ ഘടകങ്ങളില്‍ ഒന്നായാല്‍ ദൈവം നമുക്കായി നിശ്ചയിച്ചിരിക്കുന്ന വഴിയില്‍ നിന്ന്, അത് വഴി , ദൈവത്തില്‍ നിന്ന്‍ തന്നെ, അത് നമ്മളെ അകറ്റും
രണ്ട്, ട്രാക്റ്റര്‍, കാറ്‍ തുടങ്ങിയവ സമുദായത്തില്‍ അനാശാസ്യമായ ഉച്ച നീചത്വങ്ങള്‍ സൃഷ്ടിക്കും -അത് ആമിഷ് സമുദായത്തിന്‍റെ ,കുടുംബബന്ധങ്ങളുടെ ,സൌഹാര്‍ദ്ദപരമായ കെട്ടുറപ്പിനെ മോശമായി ബാധിക്കും
മൂന്ന്, സിനിമ, ഇന്‍റര്‍നെറ്റ് തുടങ്ങിയവ ലളിത ജീവിത ശൈലിയെ മോശമായി സ്വാധീനിക്കും - ക്യാമറ, ഫോട്ടോ മുതലായവ പൊങ്ങച്ചങ്ങളെയും പൊള്ളത്തരങ്ങളെയും പ്രോത്സാഹിപ്പിക്കും.
വഴിക്ക് സൈക്ക്ളില്‍ ഞങ്ങളെ കടന്നുപോയി, ഒരു ചെറുപ്പക്കാരന്‍ - “ പാരമ്പര്യങ്ങളെ വെല്ലുവിളിക്കുന്ന ഒരു വിപ്ലവകാരിയാണയാള്‍ ! “
ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങളിലും ഒരു നല്ല ശതമാനം അമേരിക്കന്‍ സ്റ്റേറ്റുകളിലും (24 സ്റ്റേറ്റുകളിലും കാനഡയിലും ആമിഷ് കൂട്ടായ്മകള്‍ വ്യക്തമായ സാന്നിദ്ധ്യമാണ് ) വ്യാപിച്ചുകിടക്കുന്ന ആമിഷ് സമൂഹത്തിന്‍റെ വളര്‍ച്ച നിരക്ക് വളരെ ഉയര്‍ന്നതാണ് -പഴമയില്‍ നിന്ന് മുന്നോട്ട് നീങ്ങാന്‍ ഇത്ര വൈമനസ്യം കാണിക്കുന്ന ഒരു ജനത, ജനനനിയന്ത്രണത്തില്‍ വിശ്വസിക്കില്ലല്ലൊ- ഏഴോ എട്ടോ കുട്ടികള്‍ ഒരു കുടുംബ ശരാശരിയാണ് -വലിയ കുടുംബം,ദൈവത്തിന്‍റെ അനുഗ്രഹമായിട്ടാണിവര്‍ കരുതുന്നത് –
ആമിഷ്കാരുടെ ലളിത ജീവിതത്തിന്‍റെ തെളിവുകള്‍ അവരുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും കാണാം - ഓരോ കൂട്ടായ്മകളും പ്രാദേശികമായ ഓരോ ചര്‍ച്ചിന് കീഴിലാണെങ്കിലും ആമിഷ്കാര്‍ക്ക്,മറ്റ് മതവിശ്വാസികളെ പോലെ, നിയതമായ ഒരു സ്ഥലത്ത് ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചര്‍ച്ച് ഇല്ല.സാധാരണ ഒന്നിടവിട്ട ഞായറാഴ്ച്ചകളിലാണ് പ്രാര്‍ത്ഥന യോഗങ്ങള്‍ -ചര്‍ച്ചില്‍ അംഗത്വം ഉള്ള ആരുടെയെങ്കിലും വീട്ടില്‍ ഒത്തു ചേരുകയാണ് പതിവ് –ഓരോ തവണ ഓരോരുത്തരുടെ വീട്ടില്‍
സര്‍വവ്യാപിയായ പ്രപഞ്ച സൃഷ്ടാവിനെ ഒരു കെട്ടിടത്തില്‍ ഒതുക്കാതിരുന്നതിനും ബൈബിളില്‍ രേഖപ്പെടുത്തിയ കാരണങ്ങളുണ്ട് ആമിഷിന്.
വിവാഹ ചടങ്ങുകള്‍ ലളിതമാണ് -മോതിരമില്ല -പൂക്കളില്ല -അലങ്കരിച്ച് ഒരുക്കലില്ല- സ്വന്തം കൈ കൊണ്ടു തുന്നിയ വിവാഹ വസ്ത്രമാണ് പെണ്ണ്‍ ചടങ്ങിന് ഉടുക്കുന്നത് - പെണ്ണിന്‍റെ വീട്ടില്‍ വെച്ച് ലളിതമായ വിവാഹത്തിനു ശേഷം അതിഥികള്‍ക്ക് സദ്യ -
മരണാന്തര ചടങ്ങുകളും അനാര്‍ഭാടമാണ് -സാധാരണ മരപ്പലകകള്‍ ചേര്‍ത്ത് അതതു പ്രദേശത്ത് നിര്‍മ്മിച്ച ശവപ്പെട്ടികളില്‍ ,മരിച്ച് മൂന്നാം ദിവസം ശവം അടക്കം ചെയ്യുന്നു -കൈകൊണ്ടു കുഴിച്ച കുഴികള്‍ അടയാളപ്പെടുത്താന്‍ പേരെഴുതിയ ഫലകങ്ങള്‍ വെയ്ക്കുന്ന പതിവ് പോലും ഇല്ല പലയിടത്തും -ഓരോ ശവക്കല്ലറയുടെയും സ്ഥാനം അടയാളപ്പെടുത്തിയ ഒരു മാപ്പ് ലോക്കല്‍ ഭര ണാധികാരിയോ മറ്റോ സൂക്ഷിച്ചാലായി-
ആരില്‍നിന്നെങ്കിലും എന്തെങ്കിലും തരത്തിലുള്ള സംഭാവന കൈപ്പറ്റുന്നത് ആമിഷ് വിശ്വാസത്തിന് വിരുദ്ധമാണ് -യു.എസ്സില്‍ ആമിഷ്, സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമല്ല -ഇന്‍ഷൂറന്‍സ് പദ്ധതികളില്‍ അംഗമാവാനും വയ്യ അവര്‍ക്ക് -സോഷ്യല്‍ സെക്യൂരിറ്റിയുടെയും ഇന്‍ഷൂറന്‍സിന്റേയും ആനുകൂല്യങ്ങള്‍ കൈപ്പറ്റാത്ത അവസ്ഥ കണക്കിലെടുത്ത് ഗവണ്‍മെന്‍റ് നികുതി അടയ്ക്കേണ്ട ചുമതലയില്‍ നിന്ന് ആമിഷ്കാരെ ഒഴിവാക്കിയിട്ടുണ്ട്
യൂറോപ്പിലെ ആമിഷ്കാര്‍ സ്ഥലപരിമിതി മൂലവും മറ്റും തികച്ചും ഒറ്റപ്പെട്ട ഒരു നിലനില്‍പ്പ് പറ്റാതെ കുറെയൊക്കെ ആധുനിക സമൂഹത്തിന്‍റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ജീവിത ശൈലിയിള്‍ ചില്ലറ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട് -യു.എസ്സില്‍ ഇങ്ങനെയൊരു ബാഹ്യസ്വാധീനത്തിന് കീഴ്പ്പെടാതെ തന്നെ നിലനില്‍ക്കാന്‍ വേണ്ട ചുറ്റുപാടുകല്‍ ഉള്ളതിനാല്‍ കൂട്ടായ്മയുടെ സ്വത്വം അധികം പോറലേൽക്കാതെ കൊണ്ടു നടക്കാന്‍ അവര്‍ക്ക് ആയിട്ടുണ്ട്- ജനസംഖ്യ കൂടുതലാവുമ്പോള്‍ ഒരു പുതിയ താവളം കണ്ടെത്തുക എന്നതാണ് പതിവ് -
സമ്പന്നമായ ചുറ്റുപാടില്‍ ,പണം കൊണ്ടു നേടാവുന്ന എല്ലാ ജീവിത സൌകര്യങ്ങളുടെയും നേരെ മുഖം തിരിഞ്ഞിരിക്കാന്‍ കഴിയുന്ന വിശ്വാസത്തിന്‍റെ ശക്തിയാണ് ഒരു വാക്യത്തില്‍, യു.എസ്സിലെ എങ്കിലും, ആമിഷ്-
Subscribe to:
Post Comments (Atom)
No comments:
Post a Comment