Monday, November 23, 2020

വിശ്വാസത്തിന്റെ കരുത്തിൽ ഒരു ജനത

2006 ഒക്റ്റോബര്‍‍ രണ്ടാം തിയ്യതി - സ്ഥലം യു.എസിലെ പെന്‍സില്‍‍വാനിയ സ്റ്റേറ്റിലെ സതേണ്‍‍ ലങ്കാസ്റ്റര്‍‍ കൌണ്ടിയിലെ,ആമിഷ് വംശജരുടെ നിക്കല്‍‍ മൈന്‍‍സ് സ്കൂള്‍‍- സമയം രാവിലെ പത്തര മണിക്ക് തൊട്ടുമുമ്പ്- ചാള്‍‍സ് കാള്‍‍ റോബര്‍ട്സ് എന്ന 32 കാരന്‍‍, ഓടിച്ചിരുന്ന പാല്‍ ട്രക്ക് സ്കൂളിനു തൊട്ടുമുമ്പില്‍‍,പിറകോട്ടെടുത്ത് നിര്‍ത്തി, മുന്നില്‍‍ നടന്നുകൊണ്ടിരുന്ന അദ്ധ്യാപികമാരോട് ആ പരിസരത്തു നിന്നെങ്ങാനും തന്‍റെ കളഞ്ഞു പോയ ഒരു ക്ലെവിസ് പിന്‍‍ കിട്ടുകയുണ്ടായോ എന്നന്വേഷിച്ചു – പിന്നെ, പെട്ടെന്ന്, ഒറ്റ മുറിയില്‍‍ നടന്നിരുന്ന സ്കൂളിന്നകത്തു കയറി- തോക്ക് കാണിച്ചു അദ്ധ്യാപികമാരെയും ആണ്‍കുട്ടികളെയും പുറത്തേയ്ക്കയച്ചു- 5 നും 13 നും ഇടയ്ക്ക് പ്രായമുള്ള 10 പെണ്‍‍കുട്ടികളെ മുറിക്കകത്താക്കി വാതില്‍‍ മരപ്പലകകള്‍‍ വെച്ചടച്ചു -കുട്ടികളുടെ കൈകള്‍‍ പിന്നില്‍‍ ചേര്‍ത്ത് കെട്ടി - രക്ഷപ്പെട്ട ഒരു സ്ത്രീ അറിയിച്ചതനുസരിച്ച് ഇതിനകം പോലീസ്, സ്കൂള്‍‍ വളഞ്ഞിരുന്നു -വാതില്‍ തകര്‍ത്ത് പോലീസ് അകത്ത് എത്തുന്നതിനു മുമ്പ് നാല് കുട്ടികള്‍ വെടിയുണ്ടകള്‍ക്ക് ഇരയായിക്കഴിഞ്ഞിരുന്നു -ഒരു കുട്ടി കൂടി പിറ്റേന്ന് ആസ്പത്രിയില്‍‍ വെച്ച് മരിച്ചു - ആദ്യ പോലീസുകാരന്‍‍ സ്കൂളിന്നകത്തെത്തിയ നിമിഷം, തന്‍റെ നേരെ കാഞ്ചി വലിച്ച് റോബര്‍ട്സ് ആത്മഹത്യ ചെയ്തു - അഞ്ചു കുട്ടികള്‍‍ സാരമായ പരുക്കുകളോടെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടു -അവരില്‍‍ നാല് പേരും മാസങ്ങള്‍ക്ക് ശേഷം വീണ്ടും സ്കൂളില്‍‍ വന്നു തുടങ്ങി- (അല്‍പം അകലെ മറ്റൊരു കെട്ടിടത്തില്‍ 'ശുഭ പ്രതീക്ഷ' എന്ന പേരില്‍‍ പുതിയ സ്കൂള്‍‍ തുറന്നിരുന്നു-ദുരന്തം നടന്ന പഴയ സ്കൂള്‍ കെട്ടിടം അവശിഷ്ടങ്ങളുടെ നിഴല്‍ പോലും ശേഷിപ്പിക്കാതെ അവര്‍ ഇടിച്ചു നിരപ്പാക്കി) - സംസാരശേഷി മിക്കവാറും നഷ്ടപ്പെട്ട റോസന്ന എന്ന കുട്ടി മാത്രം, പരസഹായം കൂടാതെ ഒന്നും വയ്യെന്ന അവസ്ഥയില്‍ വീട്ടില്‍ തുടര്‍‍ന്നു – ശരിയായ 'എക്സിക്യൂഷന്‍ 'ശൈലിയില്‍ ,പുറം തിരിച്ചിരുത്തി ,തലയ്ക്കു പിന്നില്‍,തൊട്ടടുത്തുനിന്നു നിറയൊഴിച്ചു നടത്തിയ കൂട്ടക്കൊലയുടെ വാര്‍ത്ത ആഗോളതലത്തില്‍ ഞെട്ടലും വെറുങ്ങലിപ്പും ഉണ്ടാക്കിയെങ്കില്‍ സംഭവത്തിന്‌ നേരെ, കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട രക്ഷിതാക്കളടക്കമുള്ള ആമിഷ് സമൂഹത്തിന്‍റെ പ്രതികരണം ഉണ്ടാക്കിയത് തികഞ്ഞ അമ്പരപ്പാണ്- -സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷം നാട്ടുകാരെ അഭിസംബോധന ചെയ്ത ചര്‍‍ച്ച് വികാരി പറഞ്ഞു- 'ഘാതകനായ റോബര്‍ട്സിനോട് പകയോ ദേഷ്യമോ പ്രതികാര ചിന്തയോ അരുത് – നമ്മുടെ കൂട്ടായ്മ അയാളുടെ ക്രൂരത പൊറുത്ത് അയാള്‍‍ക്ക് പൂര്‍ണമായ മാപ്പ് നല്‍കണം' പലരും യാന്ത്രികമെന്നും കൃത്രിമമെന്നും അസ്വാഭാവികമെന്നും അയുക്തികമെന്നും വിലയിരുത്തിയ ആ 'പൊറുക്കല്‍‍' ഗാന്ധിജിയുടെ ജീവിതം കണ്ട ഇന്ത്യക്ക് ഒരു പരിധിവരെ മനസ്സിലാക്കാനായേയ്ക്കും-മരിച്ച കുട്ടികളുടെ രക്ഷിതാകളടക്കം ആമിഷുകളുടെ ഒരു സംഘം റോബര്‍ട്സിന്‍റെ വീട്ടിലെത്തി അനുശോചന സന്ദേശങ്ങളുമായി -അവര്‍‍ റോബര്‍ട്സിന്‍റെ അച്ഛനമ്മമാരെയും വിധവയെയും മക്കളെയും ആശ്വസിപ്പിച്ചു -സഹായ വാഗ്ദാനങ്ങള്‍ നടത്തി -റോബര്‍ട്സിന്‍റെ ശവമടക്കില്‍ പങ്കുകൊണ്ടു -അയാളുടെ വിധവയെ,ആമിഷ് കുഞ്ഞുങ്ങളുടെ സംസ്കാരത്തില്‍ പങ്കു കൊള്ളാന്‍ കൂടെ കൂട്ടിക്കൊണ്ടുവന്നു-(റോബര്‍ട്സ് ആമിഷ്കാരനായിരുന്നില്ല ) തീര്‍‍ന്നില്ല - ലോക രാഷ്ട്രങ്ങളില്‍ നിന്ന് സംഭാവനയായി എത്തിയ ധനസഹായത്തിലും ന്യായമായ ഒരു പങ്ക് റോബര്‍‍ട്സിന്‍റെ കുടുംബത്തിനു ലഭിച്ചു – 'മാപ്പ് നല്‍‍കുക' എന്നതിന് ആമിഷ് വിശ്വാസത്തില്‍ വളരെ വിശേഷപ്പെട്ട അര്‍ത്ഥമാണ് ഉള്ളത്-അത് മറക്കലോ കുറ്റവാളിയുമായി ഏതെങ്കിലും തരത്തില്‍ അനുരഞ്ജനത്തിലെത്തലോ അല്ല -മനസ്സില്‍‍ വിദ്വേഷത്തിന്‍റെ അംശം പോലും ഇല്ലാതെയാക്കുക എന്നതു മാത്രമാണ്- കുറ്റവാളിയുടെ മാപ്പപേക്ഷയ്ക്കായി കാത്തു നില്‍ക്കേണ്ട കാര്യമില്ല-അനുരന്ജനത്തിനേ രണ്ടുപേര്‍‍ ആവശ്യമുള്ളു - മാപ്പുകൊടുക്കുന്നതിന് ഒരാള്‍‍ മതി-കുറ്റകൃത്യത്തെ മാറ്റിനിര്‍ത്തി കുറ്റവാളിയോട് പൊറുക്കുക - ഇതില്‍‍ വിശേഷവിധിയായി എന്തെങ്കിലും ഉണ്ടെന്ന് അവര്‍ കരുതുന്നില്ല -'മറ്റുള്ളവര്‍ നിന്നോട് ചെയ്യുന്ന തെറ്റുകള്‍ നീ പൊറുക്കുക -നിന്‍റെ തെറ്റുകളും പൊറുക്കപ്പെടും ' എന്നവര്‍ ഉറച്ചു വിശ്വസിക്കുന്നു-അങ്ങനെ ചെയ്യാത്തവര്‍ ദൈവത്തിന്‍റെ മാപ്പര്‍‍ഹിക്കുന്നില്ലെന്നും- ശിശുവായിരിക്കുമ്പോള്‍‍ നടത്തുന്ന ബാപ്റ്റിസം സാധുവല്ലെന്നും വസ്തുതകള്‍ മനസ്സിലാക്കാനുള്ള പ്രായമെത്തുമ്പോള്‍, വിശ്വാസികള്‍ക്ക് മാത്രമായി, നടത്തേണ്ട ഒന്നാണതെന്നും വാദിക്കുന്ന അനബാപ്റ്റിസ്റ്റ്സിലെ യാഥാസ്ഥിതിക വിഭാഗമായ മെന്നോനൈറ്റ്സ് പിളര്‍ന്ന്‌,ജാക്കോബ് അമ്മന്‍റെ നേതൃത്വത്തില്‍ രൂപം കൊണ്ട വിശ്വാസികളുടെ കൂട്ടായ്മയാണ് ആമിഷ്-പതിനേഴാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയാണ് ആമിഷ് മെന്നോനൈറ്റ്സ് അഥവാ ആമിഷ് ജനത എന്നറിയപ്പെടുന്ന മതവിഭാഗത്തിന്‍റെ ഉദ്ഭവം -സ്വിറ്റ്സര്‍‍ലന്റിലും ഫ്രാന്‍സിലും ജര്‍മ്മനിയിലും പടര്‍ന്ന ഇവര്‍ പതിനെട്ടാം ശതകത്തോടെ അമേരിക്കന്‍ ഐക്യനാടുകളിലുമെത്തി. വിശ്വാസപ്രമാണങ്ങളില്‍ അപ്പോഴപ്പോള്‍ വരുന്ന അഭിപ്രായഭിന്നതകള്‍ കാരണം സൂക്ഷ്മ സ്വഭാവത്തില്‍ വ്യത്യസ്തത ദര്‍‍ശിച്ചേയ്ക്കാവുന്ന എട്ടിലധികം വിഭാഗങ്ങളായി ആമിഷ്കാര്‍ -പെന്‍സില്‍വാനിയ ജര്‍‍മ്മന്‍ എന്നോ പെന്‍സില്‍‍വാനിയ ഡച്ച് എന്നോ വിളിപ്പേരുള്ള ഒരു ഭാഷയാണ്‌ ഇവരിലെ ഒരു നല്ല വിഭാഗം ഇപ്പോഴും സംസാരിക്കുന്നത് ആമിഷ് ജീവിത ശൈലി നമുക്ക് സങ്കല്‍പ്പിക്കാനാവുന്നതിന്നപ്പുറം,ഒരു പക്ഷെ, അതീവ സങ്കീര്‍ണ്ണം എന്ന്‍ നമുക്ക് തോന്നിയേക്കാവുന്ന അത്രയും ലളിതമാണ്- ഹിന്ദ്‌ സ്വരാജ് എന്ന തന്‍റെ പുസ്തകത്തില്‍ പൂര്‍‍ണ സ്വതന്ത്രമായ ഒരു ഭാരതത്തെക്കുറിച്ച് ഒരു രാഷ്ട്രസങ്കല്പം ഗാന്ധിജി അവതരിപ്പിക്കുന്നുണ്ട്- അതിലെ ചില നിര്‍ദ്ദേശങ്ങള്‍ : ഒന്ന്, യന്ത്രങ്ങള്‍ വര്‍ജ്ജിക്കുക -ജോലി ചെയ്യുന്നതിനും യാത്രകള്‍‍ക്കും കൈകാലുകളെ മാത്രം ആശ്രയിക്കുക -ഉദാഹരണത്തിന് യാത്രയ്ക്ക്,അതെത്ര ദീര്‍‍ഘമായിരുന്നാലും,മോട്ടോര്‍‍ വാഹനങ്ങളെയോ തീവണ്ടിയെയോ കാത്തു നില്‍ക്കരുത് -നടന്നും ഓടിയും ചെയ്യാവുന്ന യാത്രകളാണ് പ്രകൃതി നമുക്ക് വിധിച്ചിട്ടുള്ളത് രണ്ട്, ജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ ആവശ്യമായ ഒന്നായി മാത്രം വിദ്യാഭ്യാസത്തെ കാണുക - നമുക്ക് വക്കീലന്മാരുടെയും ഡോക്റ്റര്‍മാരുടെയും ആവശ്യമില്ല - രണ്ടുപേര്‍ തമ്മില്‍ തര്‍‍ക്കമുണ്ടെങ്കില്‍‍ അത് ചര്‍ച്ച ചെയ്തു തീരുമാനത്തിലെത്താന്‍‍ കഴിയണം -അതല്ല,ഒന്ന് തമ്മില്‍‍ എറ്റുമുട്ടിയിട്ടായാലും, അത് അവര്‍ തമ്മില്‍ തന്നെ തീരണം- മൂന്നാമതൊരാള്‍ക്ക് ,ഒരു വക്കീലിന്, പ്രശ്നത്തെ സങ്കീര്‍ണ്ണമാക്കാനും കൂടുതല്‍‍ പ്രശ്നങ്ങളുണ്ടാക്കാനുമേ കഴിയു. ഡോക്റ്റരുടെ കഥയും ഇത് തന്നെ - നിങ്ങള്‍‍ക്ക് ദഹിപ്പിക്കാനാവുന്നതിലധികം നിങ്ങള്‍ തിന്നുന്നു -ദഹനക്കേട് ഒരസ്വ സ്ഥതയായി നിങ്ങളെ പിടി കൂടുന്നു -പരിഹാരം തേടി നിങ്ങള്‍ ഡോക്റ്ററെ കാണുന്നു-നിങ്ങളുടെ അസ്വസ്ഥതയെ മറച്ചുപിടിക്കുന്ന മരുന്ന് തന്ന്‍,സുഖമായി എന്ന തെറ്റിദ്ധാരണ നിങ്ങളില്‍ ജനിപ്പിച്ച്, അദ്ദേഹം നിങ്ങളെ യാത്രയാക്കുന്നു -വീട്ടിലെത്തി ,നിങ്ങള്‍ വീണ്ടും ദഹനക്കേടുണ്ടാക്കുന്ന വിധം ഭക്ഷിക്കുന്നു -വീണ്ടും നിങ്ങള്‍ രോഗിയാവുന്നു - മറിച്ച്,ഡോക്റ്ററെ കാണാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍, നിങ്ങളുടെ അസ്വസ്ഥത നിങ്ങളെ കൂടുതല്‍ ജാഗരൂകരാക്കിയേനെ- കുഴപ്പങ്ങളൊഴിവാക്കാന്‍‍, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍‍ നിങ്ങള്‍‍ കൈക്കൊണ്ടേനേ - ഇവയോടൊപ്പം ഗാന്ധിജിയുടെ അക്രമരാഹിത്യവും സഹനരീതികളും കൂടി ചേര്‍‍ത്ത് വെച്ചാല്‍‍ ആമിഷ് ജീവിത ശൈലിയായി-വിട്ടുവീഴ്ച്ചകളില്ലാത്ത ദൈവവിശ്വാസം മാത്രമാണ് ആമിഷുകളുടെ പ്രേരക ശക്തി എന്ന വ്യത്യാസം മാത്രം- നിക്കല്‍‍ മൈന്‍‍ സ്കൂളില്‍‍ നടന്ന ക്രൂരമായ നരഹത്യയ്ക്ക് കുറ്റവാളിയുടെ വീട്ടുകാരെ സഹായിച്ചും ആശ്വസിപ്പിച്ചും പ്രതികരിച്ചത് ഒരു ഒറ്റപ്പെട്ട സംഭവമല്ല - എതിര്‍‍പ്പ്, പ്രതിരോധം തുടങ്ങിയവ ആമിഷിന് നിഷിദ്ധമാണ് -കൃസ്തീയ വിശ്വാസങ്ങളില്‍‍ വരുത്തിയ പരിഷ്കാരങ്ങള്‍ക്ക് വഴങ്ങാത്തതിന്‍റെ പേരില്‍ മതത്തിലെ ഇതര വിഭാഗങ്ങളില്‍‍ നിന്ന് പീഡനങ്ങളുണ്ടായപ്പോഴും എതിര്‍‍ക്കാന്‍‍ നില്‍ക്കാതെ,എന്നാല്‍‍ വിശ്വാസങ്ങളെ മുറുകെ പിടിച്ച്,സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് -ചിലപ്പോള്‍‍ ,അയല്‍‍രാജ്യങ്ങളിലേയ്ക്ക് തന്നെ - പലായനം ചെയ്യുകയേ ചെയ്തുള്ളൂ അവര്‍‍ -ഈ അടിസ്ഥാന വിശ്വാസം കാരണം ആമിഷ് ഒരു രാജ്യത്തും സൈനികസേവനം അനുഷ്ഠിക്കുകയോ യുദ്ധങ്ങളില്‍ ഭാഗഭാക്കാവുകയോ ചെയ്യില്ല – യു.എസ്സിലെ,ഒഹായോ സ്റ്റെയ്റ്റിന്‍റെ തലസ്ഥാനമായ കൊളംബസ്സിലെ താമസ സ്ഥലത്ത് നിന്ന്‍ രണ്ടര മണിക്കൂറോളം കാറില്‍ യാത്ര ചെയ്താണ് ഞങ്ങള്‍ 'റോളിംഗ് റിഡ്ജ് റാഞ്ചിനോട് ചേര്‍ന്നുള്ള ആമിഷ് ഗ്രാമത്തില്‍ എത്തിയതും‍ ഒരു പകല്‍ അവരോടൊപ്പം‍ ചെലവഴിച്ചതും –രാജ്യത്തെ ഏറ്റവും അംഗസംഖ്യയുള്ള ആമിഷ് സമൂഹമാണിവിടെയുള്ളത്.ഉദ്ദേശം 50000 .ഓരോ 20 വര്‍ഷവും അംഗസംഖ്യയില്‍‍ തങ്ങള്‍‍ ഇരട്ടിക്കുമെന്ന് ഞങ്ങള്‍‍ സന്ദര്‍‍ശിച്ച വീട്ടിലെ ആമിഷ് യുവതി പറഞ്ഞു - സമൃദ്ധമായ പച്ചപ്പിന്‍റെ ഉയര്‍ച്ച-താഴ്ച്ചകളിലൂടെ, രണ്ടു കുതിരകളെ പൂട്ടിയ വലിയ വണ്ടിയില്‍‍,ബഗ്ഗിയില്‍‍, തുറന്ന മൃഗശാലയിലെ ,മൂന്ന് മണിക്കൂര്‍ നീണ്ട യാത്ര കഴിഞ്ഞാണ് മാതൃകാ ആമിഷ് ഭവനത്തില്‍ ഞങ്ങള്‍ എത്തിയത് [80 ഏക്കര്‍ വിസ്തീര്‍‍ണത്തില്‍ പരന്നു കിടക്കുന്ന, തുറന്ന മൃഗശാലയില്‍ ‘ബീഫലോ’ (Angus-Bison cross), ടെക്സാസ് ലോങ്ഹോണ്‍,കാട്ടുപോത്ത്,യാക് , Watusi Cattle,ഇലാന്‍ഡ്,ബ്ലാക്ക്ബക് ആന്‍റിലോപ് ,മറ്റു പലയിനം മാനുകള്‍,സീബ്ര , എല്‍ക്, മിനിയേച്ചര്‍ ഹോഴ്സ്, ഒട്ടകം , ലാമ , അല്‍പാക്ക , Coatimundi, ലെമര്‍, മുള്ന്‍‍ പന്നി ,മുതല ,ചീങ്കണ്ണി ഒട്ടകപ്പക്ഷി ,എമു ,മയില്‍‍ ,പല ഇനം താറാവുകള്‍‍ തുടങ്ങി അപൂര്‍‍വ ഇനങ്ങളടക്കം 600 നടുത്ത് മൃഗങ്ങളും നൂറോളം ജനുസ്സുകളില്‍‍ പെട്ട പക്ഷികളും സ്വതന്ത്രരായി കഴിയുന്നു-രണ്ടു കുതിരകളെ പൂട്ടിയ തുറന്ന വണ്ടിയില്‍‍ യാത്ര ചെയ്യുമ്പോള്‍ മൃഗങ്ങളും ഒട്ടക പക്ഷികളെ പോലെയുള്ള പക്ഷികളും അടുത്തുവന്ന്,(അവിടെ നിന്ന് വാങ്ങി നമുക്ക് കൈയില്‍ കരുതാവുന്ന) നമ്മുടെ കൈയിലെ തീറ്റപ്പൊതികളില്‍ നിന്ന് ഭക്ഷണം കഴിക്കും -സുഖമുള്ള അനുഭവം ] അവിടെ കണ്ട ആമിഷ് യുവതിയോട് ഞങ്ങള്‍ പറഞ്ഞു -നിങ്ങളുടെ മുഖത്ത് അസാധാരണമായ ശാന്തതയുണ്ട്. 'ഞങ്ങള്‍ ലളിത ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നവരാണ്-' '.....ഞങ്ങള്‍ ഇന്ത്യയില്‍‍ നിന്നാണ്...' '...ഓ...നല്ലത് ..നിങ്ങളുടെ നാട്ടില്‍‍ ചര്‍ച്ചുകളുണ്ടോ?' ഉണ്ടെന്നറിഞ്ഞപ്പോള്‍‍ അവര്‍‍ സൌമ്യമായി ചിരിച്ചു :'ദൈവത്തിന്‍റെ അനുഗ്രഹം നിങ്ങള്‍ക്കെപ്പോഴും ഉണ്ടാവും ' അതിനടുത്ത്,പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത ഞാനോര്‍ത്തു 'നിങ്ങളുടെ കൂട്ടത്തില്‍‍ നിന്ന് ആദ്യമായി കോളേജില്‍‍ എത്തിയ ചെറുപ്പക്കാരനെ കുറിച്ച് ഞാന്‍‍ വായിച്ചു ' സൌമ്യമായി, അവര്‍‍ നിഷേധിച്ചു -'ഞങ്ങളുടെ കൂട്ടത്തിലാരും എട്ടാം ഗ്രേഡിന്നപ്പുറം പോകില്ല ' പത്രവാര്‍ത്തയെ കുറിച്ച് പറയാന്‍ മുതിര്‍‍ന്നെങ്കിലും അവര്‍ വഴങ്ങിയില്ല 'അങ്ങനെ ആരും ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് കൊളേജിലെത്തില്ല ' ആമിഷ് സമൂഹത്തില്‍‍ ആണിനും പെണ്ണിനും പരമാവധി പഠിക്കാവുന്നത് എട്ടാംതരം വരെയാണ് -അവര്‍‍ നയിക്കുന്ന ലളിത ജീവിതത്തിന് അതില്‍‍ കവിഞ്ഞ വിദ്യാഭ്യാസത്തിന്‍റെ ആവശ്യമില്ല – ഒറ്റ മുറി മാത്രമുള്ള കെട്ടിടങ്ങളിലാണ് സ്കൂളുകള്‍ പ്രവര്‍‍ത്തിക്കുന്നത്- അവിവാഹിതകളായ ആമിഷ് യുവതികളാണ് അദ്ധ്യാപികമാര്‍ -കണക്കിലും സയിന്‍സിലും ഭൂമിശാസ്ത്രത്തിലും ഒക്കെയുള്ള ബാലപാഠങ്ങള്‍ ‍ പഠിപ്പിക്കുമെങ്കിലും അടിസ്ഥാനപരമായി ആമിഷ് ശൈലിയില്‍‍ ഉള്ള ജീവിതത്തിന്‍റെ പ്രായോഗിക പരിശീലനങ്ങളാണ് മുഖ്യമായും കുട്ടികള്‍ക്ക് കിട്ടുന്നത് -മതവിശ്വാസവുമായി ബന്ധപ്പെട്ടതായതുകൊണ്ട് നിര്‍‍ബന്ധ വിദ്യാഭ്യാസത്തിന്‍റെ പ്രായപരിധി യു.എസ്.ഗവണ്മെന്റ് ,ആമിഷ്കാര്‍ക്ക് ഇളവു ചെയ്തു കൊടുത്തിട്ടുണ്ട്- സ്കൂളില്‍‍ പോകുന്നതോടൊപ്പം ഗാര്‍‍ഹിക ജോലികളില്‍ അമ്മയെ സഹായിക്കാന്‍ പെണ്‍കുട്ടിയും കൃഷിപ്പണികളില്‍ അച്ഛനെ സഹായിക്കാന്‍ ആണ്‍കുട്ടിയും ശീലിക്കുന്നു -പതിനഞ്ചു വയസ്സെത്തുമ്പോള്‍ കുട്ടികള്‍‍ക്ക് അല്‍പം ചുറ്റി നടക്കുന്നതിന്നും പുറം ലോകത്തിന്‍റെ രീതികള്‍ രുചിച്ചറിയുന്നതിന്നും അവസരം കിട്ടും- 'റണ്ണിംഗ് എറൌണ്ട്' എന്നാണിതിനു പറയുക –ഇതിനു ശേഷം ആമിഷ് ശൈലിയില്‍ ജീവിതം തുടരണോ എന്ന് ചിന്തിച്ചുതീരുമാനിക്കാനുള്ള അവകാശം കുട്ടികള്‍‍ക്കുണ്ട്-സമുദായത്തിന്‍റെ ചിട്ടകള്‍‍ക്ക് വഴങ്ങി ജീവിക്കാനാവില്ലെന്ന് കരുതുന്നവര്‍ക്ക് വിട്ടുപോവാം -വളരെ ചെറിയ ഒരു വിഭാഗമേ ഇങ്ങനെ വിട്ടുപോവാറുള്ളു -ചര്‍ച്ചിന്‍റെ മേല്‍നോട്ടത്തില്‍ ബാപ്റ്റിസം നടത്തി സംഘത്തില്‍ ‍ തുടരുന്നവര്‍ക്ക്‌ നിബന്ധനകള്‍‍ കര്‍ക്കശമാണ് -നിയമം തെറ്റിക്കുന്നവര്‍ക്ക്,സ്വയം തിരുത്തി ,പശ്ചാത്തപിച്ചു മടങ്ങിവരാന്‍ അവസരം കൊടുക്കും -ഇതിനു വഴിപ്പെടാത്തവര്‍ക്ക് സമുദായം പൂര്‍ണമായ ഭ്രഷ്ട് കല്‍പ്പിക്കുന്നു - അടഞ്ഞ സമൂഹമാണ് ആമിഷ് –ഇതും മറ്റു സമുദായക്കാരുടെ അപ്രീതിക്ക് ഇവരെ പാത്രങ്ങളാക്കുന്നു –ബഗ്ഗിയില്‍ സഞ്ചരിക്കുന്ന ഇവര്‍‍ക്ക് നേരെ , രാത്രിയില്‍‍ ഒളിച്ചിരുന്ന് കല്ലെറിയുന്നവരെക്കുറിച്ചും പത്രവാര്‍ത്തകള്‍ ഉണ്ടായിരുന്നു - സമുദായത്തിന് പുറത്തു നിന്ന് അവര്‍ വിവാഹം കഴിക്കില്ല - പരമ്പരകളായി ഇങ്ങനെ തുടരുന്ന ഒരു ജനതയ്ക്ക് ഉണ്ടാകാവുന്ന പിഗ്മിത്വം തുടങ്ങിയ ജനിതക പ്രശ്നങ്ങളില്‍‍ നിന്ന് ഇവരും മുക്തരല്ല – ലിഖിതവും അല്ലാത്തതുമായ ordnung എന്ന പേരിലറിയപ്പെടുന്ന നിയമാവലിയാണ് ആമിഷ് ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും നിയന്ത്രിക്കുന്നത്,അത് എല്ലാ ആമിഷ് സമൂഹത്തിനും പൊതുവായ ഒന്നല്ലെങ്കിലും- ലളിതമായ ജീവിതശൈലിക്ക് നിരക്കുന്ന വസ്ത്രധാരണ രീതിയാണ് ആമിഷിന്‍റേത് - കടും നിറത്തില്‍‍, അനാര്‍‍ഭാടമായി, വീടുകളില്‍‍ തയ്ക്കുന്ന, പുരുഷന്മാരുടെ വസ്ത്രങ്ങള്‍ക്ക് കോളറോ പോക്കറ്റോ പാടില്ല -കാലുറകള്‍‍ പഴയ വള്ളിട്രൌസറുകളെ പോലെ 'സസ്പെന്‍റേഴ്സ് ' ഉപയോഗിച്ചാണ് അരയില്‍‍ ബന്ധിക്കുന്നത് -ബെല്‍റ്റ്‌, -സ്വെറ്റര്‍,നെക്ക് റ്റൈ, കയ്യുറകള്‍-എല്ലാം നിഷിദ്ധമാണ്-അവിവാഹിതരായ പുരുഷന്‍മാര്‍ താടിയും മീശയും വളര്‍‍ത്തരുത് -വിവാഹിതര്‍ക്ക് താടി നിര്‍ബന്ധം-മീശ അരുതെന്നതും നിര്‍‍ബന്ധം . സ്ത്രീകള്‍‍ വീട്ടില്‍‍ തയ്ച്ച,ഞൊറികളില്ലാത്ത, നീണ്ട കൈയുള്ള ഉടുപ്പുകളും ആപ്രനും കേയ്പും ധരിക്കണം ചിത്രപ്പണികള്‍‍ ഉള്ള തുണിത്തരങ്ങളോ ആഭരണങ്ങളോ പാടില്ല - മുടി വെട്ടിക്കൂട -പിന്നിയിടാം -ഇല്ലെങ്കിള്‍‍ കൊണ്ടയാക്കി (വിവാഹിതയാണെങ്കില്‍‍) വെള്ള തൊപ്പിയിലും (അവിവാഹിതയാണെങ്കില്‍‍) കറുത്ത ബോണെറ്റിലും ഒതുക്കാം – ദൈനംദിന ജീവിതത്തില്‍‍ ഒരു യഥാര്‍ത്ഥ ആമിഷ് അടുപ്പിച്ചുകൂടാത്ത ജീവിത സൌകര്യങ്ങളുടെ പട്ടിക, നമ്മളറിയുന്ന ആധുനിക മനുഷ്യനെ ഭയപ്പെടുത്തും - ആമിഷിന് കമ്പികള്‍‍ വഴി വരുന്ന വൈദ്യുതിയോടും അതുവഴി ടി.വി.,റേഡിയോ ,കമ്പ്യൂട്ടര്‍‍ തുടങ്ങിയവയോടും അയിത്തമാണ്-ആമിഷ് വീടുകളില്‍‍ ടെലിഫോണ്‍ ‍ പാടില്ല -കൃഷിയാണ് പ്രധാന ജീവനോപാധിയെങ്കിലും ട്രാക്റ്റര്‍ തൊട്ട് കൃഷിയെ സഹായിക്കുന്ന യാന്ത്രികമായ ഒന്നും ഉപയോഗിച്ചുകൂട.കുതിരകളെ, ഉഴാന്‍‍ ഉപയോഗിക്കാം-ബാക്കിയെല്ലാം മനുഷ്യശക്തിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ മാത്രം -ക്യാമറ ഉപയോഗിക്കരുതെന്ന് മാത്രമല്ല ഫോട്ടോ എടുക്കാന്‍‍ നിന്നുകൊടുക്കയുമരുത്- (തുറന്ന മൃഗശാലയിലൂടെ ഞങ്ങളെ 'ബഗ്ഗി'യില്‍ കൊണ്ടുപോയ ചെറുപ്പക്കാരന്‍, ചട്ടം തെറ്റിച്ച്, ഞങ്ങളുടെ കൂടെ രണ്ടു ഫോട്ടോവില്‍ നില്‍ക്കാന്‍ സമ്മതിച്ചെങ്കിലും !) എന്താണ് ആമിഷിന് യന്ത്രങ്ങളെ ഇത്ര ഭയം ? സംശയം ? അറപ്പ്? കാരണങ്ങള്‍ പലതാണ് - ഒന്ന്, ദൈവനിര്‍മ്മിതമല്ലാത്ത അഥവാ മനുഷ്യ നിര്‍മ്മിതമായ എന്തെങ്കിലും നമ്മുടെ ജീവിതത്തിന്‍റെ നിയന്ത്രണ ഘടകങ്ങളില്‍‍ ഒന്നായാല്‍‍ ദൈവം നമുക്കായി നിശ്ചയിച്ചിരിക്കുന്ന വഴിയില്‍‍ നിന്ന്, അത് വഴി , ദൈവത്തില്‍‍ നിന്ന്‍ തന്നെ, അത് നമ്മളെ അകറ്റും രണ്ട്, ട്രാക്റ്റര്‍‍, കാറ്‍ തുടങ്ങിയവ സമുദായത്തില്‍‍ അനാശാസ്യമായ ഉച്ച നീചത്വങ്ങള്‍‍ സൃഷ്ടിക്കും -അത് ആമിഷ് സമുദായത്തിന്‍റെ ,കുടുംബബന്ധങ്ങളുടെ ,സൌഹാര്‍ദ്ദപരമായ കെട്ടുറപ്പിനെ മോശമായി ബാധിക്കും മൂന്ന്, സിനിമ, ഇന്‍റര്‍നെറ്റ് തുടങ്ങിയവ ലളിത ജീവിത ശൈലിയെ മോശമായി സ്വാധീനിക്കും - ക്യാമറ, ഫോട്ടോ മുതലായവ പൊങ്ങച്ചങ്ങളെയും പൊള്ളത്തരങ്ങളെയും പ്രോത്സാഹിപ്പിക്കും. വഴിക്ക് സൈക്ക്ളില്‍ ഞങ്ങളെ കടന്നുപോയി, ഒരു ചെറുപ്പക്കാരന്‍ - “ പാരമ്പര്യങ്ങളെ വെല്ലുവിളിക്കുന്ന ഒരു വിപ്ലവകാരിയാണയാള്‍ ! “ ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങളിലും ഒരു നല്ല ശതമാനം അമേരിക്കന്‍ സ്റ്റേറ്റുകളിലും (24 സ്റ്റേറ്റുകളിലും കാനഡയിലും ആമിഷ് കൂട്ടായ്മകള്‍ വ്യക്തമായ സാന്നിദ്ധ്യമാണ് ) വ്യാപിച്ചുകിടക്കുന്ന ആമിഷ് സമൂഹത്തിന്‍റെ വളര്‍ച്ച നിരക്ക് വളരെ ഉയര്‍‍ന്നതാണ് -പഴമയില്‍ നിന്ന് മുന്നോട്ട് നീങ്ങാന്‍ ഇത്ര വൈമനസ്യം കാണിക്കുന്ന ഒരു ജനത, ജനനനിയന്ത്രണത്തില്‍ വിശ്വസിക്കില്ലല്ലൊ- ഏഴോ എട്ടോ കുട്ടികള്‍ ഒരു കുടുംബ ശരാശരിയാണ് -വലിയ കുടുംബം,ദൈവത്തിന്‍റെ അനുഗ്രഹമായിട്ടാണിവര്‍‍ കരുതുന്നത് – ആമിഷ്കാരുടെ ലളിത ജീവിതത്തിന്‍റെ തെളിവുകള്‍ അവരുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും കാണാം - ഓരോ കൂട്ടായ്മകളും പ്രാദേശികമായ ഓരോ ചര്‍ച്ചിന് കീഴിലാണെങ്കിലും ആമിഷ്കാര്‍‍ക്ക്,മറ്റ് മതവിശ്വാസികളെ പോലെ, നിയതമായ ഒരു സ്ഥലത്ത് ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചര്‍ച്ച് ഇല്ല.സാധാരണ ഒന്നിടവിട്ട ഞായറാഴ്ച്ചകളിലാണ് പ്രാര്‍‍ത്ഥന യോഗങ്ങള്‍‍ -ചര്‍ച്ചില്‍ അംഗത്വം ഉള്ള ആരുടെയെങ്കിലും വീട്ടില്‍ ഒത്തു ചേരുകയാണ് പതിവ് –ഓരോ തവണ ഓരോരുത്തരുടെ വീട്ടില്‍‍ സര്‍വവ്യാപിയായ പ്രപഞ്ച സൃഷ്ടാവിനെ ഒരു കെട്ടിടത്തില്‍ ഒതുക്കാതിരുന്നതിനും ബൈബിളില്‍ രേഖപ്പെടുത്തിയ കാരണങ്ങളുണ്ട് ആമിഷിന്. വിവാഹ ചടങ്ങുകള്‍‍ ലളിതമാണ് -മോതിരമില്ല -പൂക്കളില്ല -അലങ്കരിച്ച് ഒരുക്കലില്ല- സ്വന്തം കൈ കൊണ്ടു തുന്നിയ വിവാഹ വസ്ത്രമാണ് പെണ്ണ്‍ ചടങ്ങിന് ഉടുക്കുന്നത് - പെണ്ണിന്‍റെ വീട്ടില്‍‍ വെച്ച് ലളിതമായ വിവാഹത്തിനു ശേഷം അതിഥികള്‍ക്ക് സദ്യ - മരണാന്തര ചടങ്ങുകളും അനാര്‍ഭാടമാണ് -സാധാരണ മരപ്പലകകള്‍‍ ചേര്‍‍ത്ത് അതതു പ്രദേശത്ത് നിര്‍മ്മിച്ച ശവപ്പെട്ടികളില്‍ ,മരിച്ച് മൂന്നാം ദിവസം ശവം അടക്കം ചെയ്യുന്നു -കൈകൊണ്ടു കുഴിച്ച കുഴികള്‍‍ അടയാളപ്പെടുത്താന്‍‍ പേരെഴുതിയ ഫലകങ്ങള്‍‍ വെയ്ക്കുന്ന പതിവ് പോലും ഇല്ല പലയിടത്തും -ഓരോ ശവക്കല്ലറയുടെയും സ്ഥാനം അടയാളപ്പെടുത്തിയ ഒരു മാപ്പ് ലോക്കല്‍‍ ഭര ണാധികാരിയോ മറ്റോ സൂക്ഷിച്ചാലായി- ആരില്‍‍നിന്നെങ്കിലും എന്തെങ്കിലും തരത്തിലുള്ള സംഭാവന കൈപ്പറ്റുന്നത് ആമിഷ് വിശ്വാസത്തിന് വിരുദ്ധമാണ് -യു.എസ്സില്‍‍ ആമിഷ്, സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമല്ല -ഇന്‍ഷൂറന്‍‍സ് പദ്ധതികളില്‍‍ അംഗമാവാനും വയ്യ അവര്‍ക്ക് -സോഷ്യല്‍‍ സെക്യൂരിറ്റിയുടെയും ഇന്‍‍ഷൂറന്‍സിന്റേയും ആനുകൂല്യങ്ങള്‍ കൈപ്പറ്റാത്ത അവസ്ഥ കണക്കിലെടുത്ത് ഗവണ്‍മെന്‍റ് നികുതി അടയ്ക്കേണ്ട ചുമതലയില്‍ നിന്ന് ആമിഷ്കാരെ ഒഴിവാക്കിയിട്ടുണ്ട് യൂറോപ്പിലെ ആമിഷ്കാര്‍‍ സ്ഥലപരിമിതി മൂലവും മറ്റും തികച്ചും ഒറ്റപ്പെട്ട ഒരു നിലനില്‍‍പ്പ്‌ പറ്റാതെ കുറെയൊക്കെ ആധുനിക സമൂഹത്തിന്‍റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ജീവിത ശൈലിയിള്‍‍ ചില്ലറ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട് -യു.എസ്സില്‍ ഇങ്ങനെയൊരു ബാഹ്യസ്വാധീനത്തിന് കീഴ്പ്പെടാതെ തന്നെ നിലനില്‍ക്കാന്‍‍ വേണ്ട ചുറ്റുപാടുകല്‍‍ ഉള്ളതിനാ‍ല്‍ കൂട്ടായ്മയുടെ സ്വത്വം അധികം പോറലേൽ‍ക്കാതെ കൊണ്ടു നടക്കാന്‍ അവര്‍ക്ക് ആയിട്ടുണ്ട്- ജനസംഖ്യ കൂടുതലാവുമ്പോള്‍‍ ഒരു പുതിയ താവളം കണ്ടെത്തുക എന്നതാണ് പതിവ് - സമ്പന്നമായ ചുറ്റുപാടില്‍‍ ,പണം കൊണ്ടു നേടാവുന്ന എല്ലാ ജീവിത സൌകര്യങ്ങളുടെയും നേരെ മുഖം തിരിഞ്ഞിരിക്കാന്‍‍ കഴിയുന്ന വിശ്വാസത്തിന്‍റെ ശക്തിയാണ് ഒരു വാക്യത്തില്‍‍, യു.എസ്സിലെ എങ്കിലും, ആമിഷ്-

നീലക്കാർവർണ്ണം

നടയിലെ കല്യാണമണ്ഡപത്തിനരികെ കരിങ്കല്ല് പാകിയ തറയിൽ പടിഞ്ഞിരുന്ന് മാഷ് ചെറുപ്പക്കാരനോട് പറഞ്ഞു. "ലീവില്‍ വരുമ്പോൾ, പാലക്കാട് അനിയൻറേയും അനിയത്തിയുടേയും വീടുകളിൽ ആണ് താമസം പതിവ്. ഇടയ്ക്ക് സമയമുണ്ടാക്കി ഒരു തവണ ഇവിടെ വന്ന്- കഴിയുമെങ്കില്‍, ലോഡ്ജില്‍ മുറിയെടുത്ത് ഒരു രാത്രി തങ്ങി- അന്ന് വൈകുന്നേരവും പിറ്റേന്ന് രാവിലെയും- അമ്പലത്തില്‍ തൊഴുത്, മടങ്ങുക എന്നത് വിവാഹം കഴിഞ്ഞത് മുതലുള്ള ശീലമാണ്. അയല്‍സംസ്ഥാനത്ത്, താമസിക്കുന്നതിനടുത്തൊക്കെ അമ്പലങ്ങളുണ്ടെങ്കിലും, പോകുന്ന പതിവില്ല. നിരുപദ്രവിയായ ഒരു നിരീശ്വരവാദിയാണ് ഞാന്‍. വിവാഹവും കുട്ടികളുടെ ചോറൂണും വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ വിവാഹവുമടക്കം ജീവിതത്തിലെ ഒരുപാട് നല്ല കാര്യങ്ങള്‍ നടന്നത് ഈ നടയിലാണ്. അടുത്ത ബന്ധുക്കളുടെ താത്പര്യപ്രകാരമാണ് അതൊക്കെ അങ്ങനെയായത്. അവരെ അത് സന്തോഷിപ്പിക്കുന്നുവെങ്കില്‍ ഒരെതിര്‍പ്പുമില്ലാതെ സഹകരിക്കുക എന്നതാണെന്റെ നയം. അമ്പലത്തിനകത്ത് പോകുന്നതു കൊണ്ടോ പൂജകളിലും ചടങ്ങുകളിലും പങ്കെടുക്കുന്നതുകൊണ്ടോ നിരീശ്വര വിശ്വാസങ്ങളുടെ ലോകത്ത് ഞാനൊരവിശ്വാസിയായി മാറിയേയ്ക്കും എന്ന ഭയമൊന്നുമില്ല എനിക്ക്. ഭക്തിയുടെ പിന്‍ബലമില്ലാതെയും ഈ അമ്പലവും പരിസരവും ഞാന്‍ ഇഷ്ടപ്പെടുന്നത് ആ ഓര്‍മ്മവഴികളില്‍ നടക്കാനുള്ള കൌതുകം കൊണ്ടാണ് … ഈ അമ്പലവുമായി എനിക്കുള്ളത് ഏറെക്കുറെ ഒരു പ്രേമബന്ധമാണ് എന്നർത്ഥം.. ഇത്തവണ, നാട്ടില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ അനിയത്തിയും കൂടെ പോന്നു……. തിരക്ക് കൂടുതലുള്ളപ്പോള്‍ ഞാന്‍ പുറത്ത് നില്‍ക്കാറേയുള്ളു . ഇവിടത്തെ ചൂടിലും വിയര്‍പ്പിലും മുങ്ങിയ, ഷര്‍ട്ടിടാത്ത, പുരുഷശരീരങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നതും അവരുടെ ചൂടുള്ള ശ്വാസവും ചുമയും തുമ്മലും മുതുകത്ത് ഏറ്റുവാങ്ങി, തിരക്കി നീങ്ങുന്നതും ഒരുകാലത്തും മനസ്സോടെ ചെയ്തിട്ടില്ല. കൂടെ മറ്റു ബന്ധുക്കള്‍ ഉള്ളപ്പോൾ, ഇഷ്ടമില്ലാതെയും ആ തിരക്കില്‍ ചേരേണ്ടിവരുന്നു- അല്ലാത്തപ്പോൾ, അത് കൂടാതെ കഴിക്കാം.... വൈകുന്നേരം നാലര മണിയായി ഇന്നിവിടെ എത്തിയപ്പോള്‍. വലിയ തിരക്ക് തോന്നിയില്ല. അതുകൊണ്ട് ഞാനും വരിനിന്ന് അകത്തെത്തി. നടയടച്ചിരിക്കുകയായിരുന്നു. നോക്കിനില്‍ക്കെ തിരക്കും ഒട്ടിച്ചേര്‍ന്നുള്ള നില്‍പ്പും കൂടിക്കൂടി വന്നു. അസ്വസ്ഥത തോന്നിയപ്പോള്‍ അവരെ രണ്ടുപേരെയും അവിടെ വിട്ട് പുറത്തേയ്ക്ക് പോന്നു…. എത്രയോ കാലമായി പരിചയമുള്ള ഹോട്ടലില്‍ കയറി, പതിവ് പോലെ, സ്വാദില്ലാത്ത ഒരു കോഫിയും തണുത്ത ഉഴുന്നുവടയും കഴിച്ചു. അവിടെ നിന്നിറങ്ങി, പാതയ്ക്ക് ഇരുവശവുമുള്ള കടകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്തുക്കളിലൂടെ കണ്ണോടിച്ച് നടന്ന്, അല്‍പസമയം ചെലവഴിച്ചു. മാറിനിന്ന് ഒരു സിഗററ്റ് വലിച്ചു.. അകത്തേയ്ക്ക് കയറുമ്പോള്‍ ചെരുപ്പുകള്‍ അഴിച്ച് ഏൽപ്പിക്കുന്ന സ്ഥലത്ത് തിരിച്ചെത്തി, കാത്തുനിന്നു…….. ഈ ക്ഷേത്രത്തിനും പരിസരത്തിനും, അഴുക്ക് ചാലിന്റെയും വൃത്തിയാക്കാത്ത ശുചിമുറിയുടെയും വിട്ടൊഴിയാത്ത ഗന്ധമാണ്, വര്‍ഷങ്ങളായി.... നിങ്ങള്‍ക്ക് അത് മനസ്സിലാവുന്നുണ്ടോ എന്നറിയില്ല. പണ്ടൊരു കാലത്ത് കളഭത്തിന്റെയും പൂക്കളുടെയും ചന്ദനത്തിരികളുടെയും സൌമ്യമായ ഗന്ധത്തില്‍ മുങ്ങിനിന്നിരുന്ന ഇടമായിരുന്നു അമ്പലവും പരിസരവും എന്ന് ഓര്‍മ്മ പറയുന്നു……. ഇന്ന് ആള്‍ത്തിരക്ക് കൂടി - വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും ഒരുപാടായി…. തിരക്കിട്ടും ആലസ്യത്തിലും അങ്ങോട്ടു മിങ്ങോട്ടും ഒഴുകുന്ന ജനക്കൂട്ടത്തിന്റെ നില്‍പ്പും നടപ്പും സംഭാഷണങ്ങളും ശ്രദ്ധിച്ച് നിന്നാണ് ഇത്തരം അവസരങ്ങളിൽ സമയം കളയാറ്. ഞാന്‍ പുറത്ത് നില്‍പ്പുണ്ട് എന്നതു കൊണ്ട് ധൃതിയില്‍ കാര്യങ്ങള്‍ അവസാനിപ്പിച്ച് വരികയൊന്നും വേണ്ട എന്ന്, പതിവുപോലെ, ശാരിയോട് പറഞ്ഞിരുന്നു. നട തുറന്ന്, തൊഴുത്, ജനക്കൂട്ടം പുറത്തിറങ്ങി, പലവഴിക്ക് ചിതറി.. നനഞ്ഞ മണ്ണില്‍ നിന്ന് ഈയാംപാറ്റകള്‍ തുരുതുരാ പുറത്തുവരുന്നതും പല ദിശകളില്‍ പറന്നുപൊങ്ങുന്നതും ആണ് ഓർമ്മ വരിക. ആരോ കൂടുതുറന്നുവിട്ടതു പോലെ…! കൂട്ടത്തില്‍ അവരുണ്ടായിരുന്നില്ല. ചുറ്റമ്പലത്തിന്റെ കരിങ്കല്‍ പാകിയ തറയില്‍, അകത്തെ ചടങ്ങുകള്‍ കണ്ട് ഇരിക്കുന്നുണ്ടാവും. ഞങ്ങള്‍ അങ്ങനെ ഇരിക്കാറുണ്ട് - ചോറൂണ്, തുലാഭാരം, ശയന പ്രദക്ഷിണം, തൊഴുകൈകളുമായി അടിയളന്ന് ചുറ്റമ്പലം ചുറ്റുന്നത്, ഒറ്റയ്ക്കും കൂടിയിരുന്നുമുള്ള ഭജന ….ഒക്കെ കണ്ടുകൊണ്ട് !" അയാളുടെ സംസാരത്തിലെ ഒരു പ്രത്യേകത ചെറുപ്പക്കാരന്‍ ശ്രദ്ധിച്ചു: നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവത്തിന്റെ തത്സമയ വിവരണം പോലെയാണ് അയാള്‍ കഴിഞ്ഞുപോയ മണിക്കൂറുകളെ കുറിച്ച് പറയുന്നത്!... "നോക്കിയിരിക്കെ, ആൾക്കാരുടെ പുറത്തേയ്ക്കുള്ള വരവ് കുറഞ്ഞു ..... ഒരു തവണ കൂടി വരിയില്‍ നിന്ന്, അകത്തു പോയിട്ടുണ്ടാവുമോ?... തിരക്ക് കൂടുതലുള്ളപ്പോള്‍, നടയ്ക്കല്‍ നിന്ന് വിസ്തരിച്ച് തൊഴാന്‍ അവസരം തരില്ല എന്ന്, ക്ഷേത്രജോലിക്കാരെ കുറ്റപ്പെടുത്തി സംസാരിക്കുന്നുണ്ടായിരുന്നു , പുറത്ത് വരിയില്‍ നില്‍ക്കുമ്പോള്‍, രണ്ടുപേരും. ഇനി വരവ് അടുത്ത വര്‍ഷമേ ഉണ്ടാവു. വിശദമായി തന്നെ നടക്കട്ടെ തൊഴല്‍…..." വീണ്ടും ആ വിവരണ ശൈലി ആസ്വദിച്ചു, ചെറുപ്പക്കാരന്‍ ".... ഒരുപക്ഷേ, പുറത്ത് വന്ന് പ്രസാദം വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുകയുമാവാം. എനിക്കിവിടെ ഒറ്റയ്ക്ക് നിന്ന് മുഷിയുകയൊന്നുമില്ല. കുട്ടിക്കാലം മുതല്‍ അതങ്ങനെയായിരുന്നു. മുഷിച്ചിലും മടുപ്പും ഒരിക്കലും എവിടെയും അനുഭവപ്പെട്ടിട്ടില്ല. തുണിക്കടകളില്‍ അത് വലിയ ആശ്വാസമാണെന്ന് ശാരി ഓരോ തവണയും പറയും. കൂട്ടുകാരികളിലോ ബന്ധുക്കളിലോ ആര്‍ക്കും ഇല്ല, ഇത്ര ക്ഷമയുള്ള ഭര്‍ത്താവ് എന്ന അഭിനന്ദനവും കേട്ടിട്ടുണ്ട്. ... ആദ്യം അകത്തു പോയവർ തൊഴുതുകഴിഞ്ഞപ്പോൾ നട വീണ്ടും അടച്ചുകാണണം.. പുറത്തേയ്ക്കുള്ള ആൾക്കാരുടെ വരവ് കുറഞ്ഞില്ലാതെയായി .. അര മണിക്കൂറോളം കഴിഞ്ഞാണ് വീണ്ടും തിരക്ക് തുടങ്ങിയത്…സമയം കുറെയേറെ ആയല്ലോ എന്ന് തോന്നിത്തുടങ്ങിയിരുന്നതുകൊണ്ട്, നടന്ന്, പുറത്തേയ്ക്കുള്ള വാതിലിനടുത്ത്, കമ്പിവേലിയുടെ വശത്ത്, ഇറങ്ങിവരുന്നവരെ (തിരിച്ചും) വ്യക്തമായി കാണാവുന്ന മട്ടിൽ നിലയുറപ്പിച്ചു.. വാതില്‍ക്കല്‍, വീണ്ടും കൂട്ടംകൂട്ടമായി ഈയാംപാറ്റകള്‍--! ഇത്തവണയും ശാരിയും മാലതിയും കൂട്ടത്തില്‍ ഇല്ലെന്നു കണ്ടപ്പോള്‍ പരിഭ്രമമായി: ഇവരിതെവിടെ പോയി? ... ചെരുപ്പുകൾ സൂക്ഷിച്ച സ്ഥലത്തേയ്ക്ക് നടന്നു ഞാൻ. ടോക്കൺ കൊടുക്കാതെ അവിടെ ഒന്നും ചോദിക്കാനാവില്ല.... ആരും ഒന്നും പറയില്ല ..ടോക്കണ്‍ ശാരിയുടെ കൈയിലാണ്. പുറത്തെത്തി, കടകള്‍ കയറിയിറങ്ങി നടക്കുന്നുണ്ടാവുമോ..? ക്ഷേത്രപരിസരം പരിചയമുള്ളതു കൊണ്ട് ഭയപ്പെടാന്‍ ഒന്നുമില്ല എന്നറിയാം. എന്തായാലും നഗ്നപാദനായിത്തന്നെ, ആ വഴിക്ക് ഒരന്വേഷണം നടത്തി. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഹോട്ടലുകള്‍ അടക്കം, ഇരുവശത്തുമുള്ള കടകളില്‍ ഒരുവട്ടം കയറിയിറങ്ങി. അമ്പലത്തിനകത്ത് കയറി അന്വേഷിച്ചാലോ എന്നാലോചിച്ചു. അപ്പോൾ തന്നെ അത് വേണ്ടെന്നും വെച്ചു. ഞാനകത്തുള്ളപ്പോൾ അവർ പുറത്തുവന്ന് എന്നെ അന്വേഷിക്കുവാൻ തുടങ്ങിയാലോ..? നേരം ഇരുണ്ടുതുടങ്ങിയപ്പോള്‍, നടവാതിലിനടുത്ത് നിന്നിരുന്ന പോലീസുകാരില്‍ ഒരാളെ ചെന്ന് കണ്ടു. കാര്യം പറഞ്ഞു. … - അത് നമുക്ക് ഇപ്പോള്‍ ശരിയാക്കാമല്ലൊ! വരൂ..- സൗമ്യമായി ചിരിച്ചുകൊണ്ടയാൾ കൂടെ കൂട്ടി. ഓഫീസിനകത്ത് എത്തി, വിവരങ്ങള്‍ എഴുതിവാങ്ങി.. ഉച്ചഭാഷിണിയിലൂടെ ഒരാള്‍ വിളിച്ചുപറഞ്ഞു: - പാലക്കാട് നിന്ന് വന്ന ശാരദ, മാലതി എന്നിവർ ക്ഷേത്രപരിസരത്തില്‍ എവിടെയുണ്ടെങ്കിലും ഉടനെ കിഴക്കേ നടയില്‍ എത്തിച്ചേരേണ്ടതാണ്.... …ശാരദയുടെ ഭര്‍ത്താവ് ചന്ദ്രശേഖരൻ മാഷ്‌ അവരെ കാത്ത് നില്‍പ്പുണ്ട്……- ആരും വന്നില്ല……! -- ഇപ്പോൾ അനുഭവപ്പെടുന്ന ഈ നിസ്സഹായതയുണ്ടല്ലോ… ഇത് പറഞ്ഞ് ബോദ്ധ്യപ്പെടുത്താനാവില്ല.....ശാരദയും മാലതിയും ക്ഷേത്രത്തിനകത്തോ പരിസരത്തോ ഇല്ല…!....... എവിടെയുണ്ട് എന്ന് ഈ നിമിഷവും എനിക്കറിയില്ല…! കൂടെ നടന്നിരുന്നയാൾ വഴിയിൽ നിന്നതോ യാത്രപറയാതെ വഴി പിരിഞ്ഞു പോയതോ അറിയാതെ സംസാരിച്ചുകൊണ്ട് മുന്നോട്ട് നടന്നിട്ടുണ്ടാവില്ലേ ഒരിക്കലെങ്കിലും……?" മാഷ് ഒരു നിമിഷത്തേയ്ക്ക് സംസാരം നിർത്തി.…. "ഞാൻ… പേര് ചോദിച്ചില്ല…? " ചെറുപ്പക്കാരൻ ചിരിച്ചു: "ഞാനും ഒരു ചന്ദ്രശേഖരനാണ്… മാഷല്ലേന്നേയുള്ളു..!" " ഓ...ചന്ദ്രശേഖരൻ…! നന്നായി.." മുഖത്ത് ചിരി ഒരു നിഴൽ പോലെ ബാക്കിനിന്നു. "…ചന്ദ്രശേഖരനും ഒരിക്കലെങ്കിലും അതനുഭവിച്ചുകാണും.. ദാ, ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മളിലൊരാളെ ആരോ വന്ന് മായ്ച്ചുകളയുന്നതുപോലെ….... ഞങ്ങളുടെ കുട്ടിക്കാലത്ത്, ഗ്രാമത്തിൽ മനസ്സിന്റെ സമനില തെറ്റി അലഞ്ഞുതിരിഞ്ഞിരുന്ന ഒരു അപ്പ്വാരുണ്ടായിരുന്നു. നേരിൽ കാണുമ്പോൾ ചിരിച്ച്, നമ്മളോട് ഒരു പ്രശ്നവുമില്ലാതെ കുശലാന്വേഷണം നടത്തും…എത്ര നേരം വേണമെങ്കിലും സംസാരിച്ചുനിൽക്കും.. ഒറ്റയ്ക്ക് നടക്കുമ്പോഴും, പക്ഷേ, അപ്പ്വാര് അതേ സ്വാഭാവികതയോടെ ചിരിക്കും... സംസാരിക്കും….അദൃശ്യരായ ആരോടൊക്കെയോ .. ! നമ്മളൊക്കെ എപ്പോഴും അതാണോ ചെയ്യുന്നതെന്ന് ആ കാലം മുതലേ ഒരു ഭയം മനസ്സിലിട്ട് നടക്കുന്ന ആളാണ്‌ ഞാൻ.... ഇവിടെ, അവരെ രണ്ടുപേരെയും കാണാതെ ഇങ്ങനെ നിൽക്കുമ്പോൾ ആലോചനകൾ ആ വഴിക്കൊക്കെ കാട് കയറി .. നമ്മോടൊപ്പം ഉണ്ടായിരുന്നവർ പെട്ടെന്നൊരു നിമിഷം അപ്രത്യക്ഷരാവുന്നു. ഒരു തെളിവും ബാക്കിവെയ്ക്കാതെ….. നാമവരെ എവിടെ ചെന്നന്വേഷിക്കും? - അവരെപ്പോഴായിരിക്കും, എവിടേയ്ക്കായിരിക്കും പോയിട്ടുണ്ടാവുക? ഇവിടെ, അവരുടെ സാന്നിദ്ധ്യത്തെ പറ്റിയോ സുരക്ഷയെ പറ്റിയോ ഒരു ആശങ്കയുമില്ലാതെ നിന്നിരുന്ന എന്റെ മുന്നിലൂടെ, അങ്ങനെ, അവർക്കെങ്ങനെ ……? അത്രയേറെ നമുക്ക് പരിചിതമായിരുന്ന അന്തരീക്ഷത്തില്‍, പൊടുന്നനെ ഒരു അപരിചിതത്വം - ഭയം..- തണുപ്പ് ഉറഞ്ഞുനിറയുന്നു….! അതിസാധാരണ വീട്ടുകാര്യങ്ങളും നാട്ടുവിശേഷങ്ങളും സംസാരിച്ചാണ് ക്ഷേത്രനടയിലേയ്ക്ക് ഞങ്ങൾ നടന്നു വന്നത്. അങ്ങനെ എങ്ങോട്ടെങ്കിലും പോകേണ്ടതിനെ പറ്റി ഒരു സംസാരവും ഉണ്ടായിട്ടില്ല. - ‘ഇവിടെ അടുത്ത് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളുണ്ടോ.?' വലിയ മേശയ്ക്കപ്പുറം ഇരുന്നിരുന്ന അധികാരികളിൽ ഒരാൾ ചോദിച്ചു. -’ഞങ്ങൾക്കിവിടെ അങ്ങനെ ആരുമില്ല.’ - കൂടെ പഠിച്ചവരായോ നാട്ടുകാരായോ ആരെയെങ്കിലും അവിചാരിതമായി, കണ്ടുമുട്ടി, അടുത്തുള്ള അവരുടെ വീടുകളിൽ കയറിതായിക്കൂടേ..? - - ആയിക്കൂടേ എന്നാണെങ്കിൽ ആവാം. പക്ഷേ അങ്ങനെ ചോദിക്കാതെയും പറയാതെയും എവിടെയും, അല്പനേരത്തേയ്ക്കാണെങ്കിലും, പോകുന്ന പ്രകൃതക്കാരല്ല രണ്ടുപേരും.... അവരുടെ രക്ഷാകര്‍തൃത്വം ഞാന്‍ ഏറ്റെടുക്കാറുള്ളതുപോലെ ഇത്തരം യാത്രകളില്‍ എന്റെ രക്ഷാകര്‍തൃത്വം അവരും ഏറ്റെടുക്കാറുണ്ട്. - - "പരിഭ്രമിക്കാതിരിക്കു…. അവർ വരും! ഭഗവാനെ കാണാൻ വന്നതല്ലേ… ഇവിടെ ആരേയും അങ്ങനെ കളഞ്ഞുപോവില്ല.. അപൂര്‍വ്വം ചിലപ്പോള്‍ തിരക്കില്‍ കൈവിട്ടുപോകുന്ന കുട്ടികളെയും, ഇപ്പോള്‍ ചെയ്തതുപോലെ വിളിച്ചുപറഞ്ഞ് രക്ഷാകര്‍ത്താക്കളെ കണ്ടെത്തി ഏല്‍പ്പിക്കാറുണ്ട്. താങ്കളുടെ ഭാര്യയും, സഹോദരിയും ---- മുതിർന്നവരല്ലേ ? രണ്ടുപേരുണ്ട് താനും.. പുറത്തുപോയി കാത്തുനിന്നോളൂ.. കണ്ടുകിട്ടിയാൽ വിളിച്ചുകൊണ്ടുവരു… കാര്യമായിത്തന്നെ ഒന്ന് ശാസിക്കാം..' അയാൾ വീണ്ടും ആശ്വസിപ്പിക്കുന്ന മട്ടിൽ ചിരിച്ചു… വഴിവിളക്കുകളുടെ മങ്ങിയ വെളിച്ചത്തിലേയ്ക്ക് നടന്നടുത്ത ഓരോ രൂപത്തേയും പ്രതീക്ഷയോടെ നോക്കി ഞാനിവിടെ നിൽക്കാൻ തുടങ്ങിയിട്ട് നേരമേറെയായി….!" ശബ്ദത്തോടെ ദീർഘനിശ്വാസം ചെയ്ത്, കഠിനമായ അസ്വസ്ഥത പ്രകടമാക്കി, മാഷ് അവസാനിപ്പിച്ചു. തലയാട്ടിയും മൂളിയും കേട്ടിരുന്നതല്ലാതെ, അയാൾ പറഞ്ഞുനിർത്തുന്നതുവരെ ചെറുപ്പക്കാരൻ ഒന്നും സംസാരിച്ചില്ല.. ക്ഷേത്രവും പരിസരവും ദീപാലംകൃതമായ രാത്രിവേഷത്തിലേയ്ക്ക് മാറിക്കഴിഞ്ഞിരുന്നു. ചെറുപ്പക്കാരൻ ഒന്നുകൂടി അടുത്തേക്കിരുന്ന് അയാളുടെ മുതുകത്ത് ആശ്വസിപ്പിക്കുന്ന മട്ടിൽ പതുക്കെ തട്ടി.... എന്നിട്ട്, അയാളുടെ കണ്ണുകളിൽ തന്നെ നോക്കിക്കൊണ്ട്, മടിച്ചുമടിച്ച് ചോദിച്ചു: "ഇങ്ങനെ, അവരെ കാത്തിരിക്കുമ്പോൾ ….. ഞാൻ താങ്കളോട് ചില കാര്യങ്ങൾ ….പറയട്ടേ.. ഇടയിൽ കയറി സംസാരിക്കാതെ …. മിണ്ടാതിരുന്നു….. കേൾക്കാമോ…?” അയാൾ സംശയത്തോടെ ചെറുപ്പക്കാരനെ നോക്കി : “എന്തേ….? നിങ്ങള്‍ക്കെന്തെങ്കിലും വിവരം കിട്ടിയിട്ടുണ്ടോ? അവർക്കെന്തെങ്കിലും പറ്റിയോ..?" അയാളുടെ ശ്വാസം ദ്രുതഗതിയിലായി… “അയ്യോ ..അതല്ല ഞാനുദ്ദേശിച്ചത്.. എനിക്കവരെ അറിയില്ല… അവരെക്കുറിച്ച് ഒന്നുമറിയില്ല. ഇവിടെയിരുന്ന് അനാവശ്യചിന്തകള്‍ കൊണ്ട് മനസ്സ് നീറ്റുന്നതിനു പകരം നമുക്ക് എന്തെങ്കിലുമൊക്കെ പറഞ്ഞിരിക്കാം എന്ന് ആലോചിക്കുകയായിരുന്നു….” അന്തരീക്ഷത്തില്‍ അശുഭസൂചനകള്‍ നിറഞ്ഞു…… അയാള്‍ ആശങ്കയോടെ, പ്രതീക്ഷയോടെ ചെറുപ്പക്കാരന്റെ കൈ പിടിച്ചു : “നിങ്ങള്‍ പറയു…” ചെറുപ്പക്കാരന്‍ പറഞ്ഞു : "റോഡിന് മറുവശത്തുള്ള ആദ്യത്തെ ആ മൂന്നു കടക്കാരില്ലേ….മാഷോട് സംസാരിക്കാൻ തീരുമാനിച്ച കാര്യം അറിഞ്ഞപ്പോൾ അവർ പറഞ്ഞതെന്താണെന്നറിയാമോ …..?” ചെറുപ്പക്കാരൻ ഒരു നിമിഷം നിർത്തി : "അവരെന്നെ വിലക്കാൻ ശ്രമിച്ചു. കേട്ടിരിക്കാൻ ക്ഷമയുണ്ടെങ്കിൽ മാഷ് പറയുന്നത് കേട്ടിരുന്നാൽ മാത്രം മതി... ഒന്നും അങ്ങോട്ട് പറയണ്ട എന്ന്!” ഒരു ചെറുചിരി മുഖത്ത് പതിച്ചുവെച്ച്, ചെറുപ്പക്കാരന്‍ തുടര്‍ന്നു : "അതാണ് ഞാൻ ഇതേവരെ ചെയ്തത്… മാഷ് പറഞ്ഞവസാനിപ്പിച്ചതുകൊണ്ട്, ഇനി, അവരുടെ നിർദ്ദേശം തെറ്റിച്ച്, ഞാൻ മാഷോട് സംസാരിക്കാൻ പോകുന്നു.” അയാൾ ഭയപ്പാടോടെ ചെറുപ്പക്കാരന്റെ വാക്കുകൾ ശ്രദ്ധിച്ചു.... ”ഞാൻ ഏറെക്കുറെ ഇവിടത്തുകാരനാണ്… ഇവിടെ വരുമ്പോള്‍ എനിക്ക് പത്ത് വയസ്സാണ്..സര്‍ക്കാര്‍ ജോലിയില്‍ അച്ഛന് ഇവിടേയ്ക്ക് സ്ഥലം മാറ്റം കിട്ടിയപ്പോള്‍, അടുത്ത സ്ഥലം മാറ്റം വരെ മൂന്നോ നാലോ കൊല്ലത്തേയ്ക്ക് ഒരിടത്താവളം എന്ന് കണക്കാക്കിയാണ് വന്നത് എന്ന് അച്ഛന്‍ എപ്പോഴും പറയും. വന്നതില്‍ പിന്നെ ക്ഷേത്രവും ഐതിഹ്യങ്ങളും ഈ പരിസരവും ഒക്കെയുമായി ഇണങ്ങി രൂപപ്പെട്ട ജീവിതചര്യ അച്ഛനെ ഈ നാട്ടുകാരനാക്കി. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉള്ള സന്നദ്ധസേവനമായി അത് മാറി. അങ്ങനെയൊരു ചുറ്റുപാടില്‍ അങ്ങനെയൊരു വീട്ടില്‍ വളര്‍ന്നതിന്റെ എല്ലാ നന്മയും തിന്മയും എനിക്കും ഉണ്ട്. വിദ്യാഭ്യാസം തുടരണമെന്നോ പുറത്തെവിടെയെങ്കിലും പോയി ജോലി ചെയ്യണമെന്നോ ഒന്നും തോന്നിയില്ല. മോഹങ്ങളൊന്നുമില്ലാത്ത, ശരാശരി ജീവിതം. ജോലിയിലിരിക്കെ അച്ഛന്‍ വാങ്ങിച്ച ഒരു ചെറിയ വീട്ടിലാണ് അമ്മയ്ക്കും അച്ഛനുമൊപ്പം ഇപ്പോഴും താമസം. എനിക്ക് ഇരുപത്തഞ്ചു വയസ്സായി. ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ചെറിയ സഹായങ്ങള്‍ ചെയ്തുകൊണ്ടായിരുന്നു ബാല്യം. പന്ത്രണ്ടാം ക്ലാസില്‍ രണ്ടു തവണ തോറ്റതോടെ പഠിത്തം അവസാനിപ്പിച്ചു. അച്ഛനോടൊപ്പം ചേര്‍ന്നു. ഇപ്പോഴും ഞങ്ങള്‍ രണ്ടുപേരും ചെയ്യുന്നത് അതുതന്നെയാണ്. ഭക്തര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുക. സന്തോഷത്തോടെ അവര്‍ തരുന്നത് കൈപ്പറ്റും.. ഉച്ചഭക്ഷണം ക്ഷേത്രത്തില്‍ നിന്ന് സൌജന്യമായി കഴിക്കും. താങ്കള്‍ക്ക്, ഞങ്ങളുടെ ജീവിതശൈലി, മടുപ്പിക്കുന്നതായി തോന്നുന്നില്ലേ..? " “ഇല്ല ….ചന്ദ്ര….ൻ…… ഇഷ്ടമുള്ള ജോലി ചെയ്ത് ജീവിക്കാനാവുക എന്നത് എളുപ്പമുള്ള കാര്യമല്ല….പറയു.." മുഖത്തെ ചിരി മായ്ച്ചുകളഞ്ഞ്, ദീർഘനിശ്വാസം ചെയ്തുകൊണ്ട് ചെറുപ്പക്കാരൻ അയാള്‍ക്ക് തൊട്ടുമുന്നില്‍, മുട്ടുകുത്തിയിരുന്നു…… “ഞാനിവിടെ വന്നിട്ട് പതിനഞ്ചു കൊല്ലം കഴിഞ്ഞു എന്ന് ബോദ്ധ്യപ്പെടുത്താനാണ് ഇത്രയും പറഞ്ഞത് …ഇനി, ഞാന്‍ പറയാന്‍ വന്നത് പറയട്ടേ?” ചെറുപ്പക്കാരന്റെ പറച്ചിലും ചോദ്യവും അയാളെ വീണ്ടും അസ്വസ്ഥനാക്കി. ചിരിക്കാതെ, അയാൾ തലയാട്ടി. അയാളുടെ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് ചെറുപ്പക്കാരൻ ഒന്നുകൂടി താഴ്ത്തിയ ശബ്ദത്തിൽ പറഞ്ഞു : “മാഷേ …..മാഷ് ഇവിടെ എത്തിയത് ഇന്നുച്ചയ്ക്കല്ല..ഇവിടെ താമസം തുടങ്ങിയ കാലം തൊട്ട് ഞാൻ മാഷെ ഈ പരിസരങ്ങളിൽ കാണാറുണ്ട്. അന്ന് മുതൽ, കേട്ടിരിക്കാൻ തയ്യാറുള്ള ആരോടും മാഷ് പറയുന്നത് ഇതേ കഥയാണ്. സഹായിക്കാൻ ആരുമില്ലാത്ത ഈ അയഥാർത്ഥ ലോകത്തുനിന്ന് മാഷെ രക്ഷിക്കണമെന്ന തോന്നൽ സഹിക്കാൻ വയ്യാതെയായപ്പോഴാണ് ഞാൻ ഇങ്ങനെയൊരു സാഹസത്തിന് രണ്ടും കല്പിച്ചിറങ്ങിയത്……അക്കാലത്തെന്നോ ഇവിടെ വന്നപ്പോൾ മാഷിന്റെ കൂടെ ഈ പറയുന്ന രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നോ എന്ന് ഇവിടെയാർക്കും അറിയില്ല. ആരും ഇതേവരെ മാഷെ അന്വേഷിച്ചു വന്നിട്ടില്ല. പരാതികളൊന്നും ലഭിക്കാത്തതു കൊണ്ടാവാം പോലീസ് അന്വേഷണങ്ങളും ഉണ്ടായില്ല എന്ന് തോന്നുന്നു ..അതോ അന്നെന്തെങ്കിലും അന്വേഷണം നടന്നിരുന്നോ എന്നും അറിയില്ല." അയാൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ ചെറുപ്പക്കാരൻ വിലക്കി: " ഇപ്പോൾ, ഒന്നും പറയാതെ, മാഷ് എനിക്ക് പറയാനുള്ളത് കേൾക്കു… ഇതേക്കുറിച്ച് ആലോചിക്കാൻ ശ്രമിക്കു. രണ്ട് ദിവസം കഴിഞ്ഞ് ഞാൻ വീണ്ടും വന്നുകാണാം. പറഞ്ഞുവന്നത് ഇതാണ്-- മാഷിന്റെ കണക്കിൽ പെടാതെ വർഷങ്ങൾ ഒരുപാട് കടന്നുപോയിരിക്കുന്നു. വേരുകൾ അന്വേഷിച്ച് വ്യാകുലപ്പെടാതെ, ഇനി ഈ ക്ഷേത്രപരിസരത്തിന്റെ ഭാഗമാകാൻ ശ്രമിച്ചാലോ? ... ഞാൻ കൂടെയുണ്ടാവും… ഭാര്യയേയും പെങ്ങളേയും അവരുടെ പാട്ടിന് വിടു …." ചെറുപ്പക്കാരൻ ചിരിച്ചു. “രണ്ട് ദിവസം കഴിഞ്ഞ്, നമുക്ക് വീണ്ടും കാണാം ...തത്ക്കാലം ഞാൻ പോട്ടേ ..? മാഷ്, ഓരോന്നാലോചിച്ച് വിഷമിച്ചിരിക്കരുത് …" തോളത്ത് തട്ടി, യാത്ര പറഞ്ഞ്, അഴിഞ്ഞുപോകാറായ മട്ടിൽ ഉടുത്തിരുന്ന മുണ്ട് വാരിപ്പിടിച്ച്,. വലിയ ചുവടുകൾ വെച്ച് നീങ്ങുന്ന ചെറുപ്പക്കാരനെ നോക്കിയിരിക്കെ അയാൾ സ്വയം പറഞ്ഞു : -- മാനസികാസ്വസ്ഥ്യമുണ്ട് ചെറുപ്പക്കാരന് .. അൽപം മുൻപ്, സ്റ്റാൻഡിനടുത്ത്, ബസ്സിറങ്ങുമ്പോൾ കാലിടറി അയാൾ എന്റെ ദേഹത്ത് വന്നിടിച്ചു .അങ്ങനെയാണ് ഞങ്ങൾ കാണുന്നത്. രണ്ടുപേരും വീണു. ഉറക്കെ ക്ഷമ പറഞ്ഞ് എണീറ്റ്, കൈതന്ന്, എന്നെ എഴുനേൽപ്പിച്ചത് അയാളാണ്. സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അപ്പോൾ അയാൾ പറഞ്ഞത് ഈ ക്ഷേത്രത്തിൽ വരുന്നത് ആദ്യമായാണെന്നാണ്…..! ഒരുപാട് കാലത്തെ മോഹമായിരുന്നെന്നാണ് ! …….. അല്പനേരത്തെ കൂടിക്കാഴ്ചയിൽ എന്തൊരു തീർച്ചയോടെയാണ് അയാൾ എന്റെ ജീവിതം മാറ്റിമറിക്കാൻ ശ്രമിച്ചത്..! കഥാശേഷം കേട്ട് , അയാൾക്ക് കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കലുണ്ടാവില്ല അയാൾ മനസ്സിൽ കണ്ട അടുത്ത കൂടിക്കാഴ്ച നടക്കില്ല.. . ശാരിയും മാലതിയും വന്നാൽ, അടുത്ത ബസ്സിന്‌ ഞങ്ങൾ നാട്ടിലേയ്ക്ക് തിരിക്കും …..! ചെറുപ്പക്കാരൻ പോയ വഴിക്ക് ദൃഷ്ടി പായിച്ചുകൊണ്ട് വാത്സല്യത്തോടെ മാഷ് അവസാനിപ്പിച്ചു: “അഥവാ താങ്കൾ പറഞ്ഞതും ശരിയാവാം, സുഹൃത്തേ...ഞാൻ കാണുന്ന നീലയാവണമെന്നില്ലല്ലോ താങ്കൾ കാണുന്ന നീല !” ചെറുപ്പക്കാരൻ പോയി മറഞ്ഞ അതേ തിരിവ് തിരിഞ്ഞ്, ഒരു പോലീസുകാരനോടൊപ്പം നടന്നുവന്നുകൊണ്ടിരുന്ന മെലിഞ്ഞ രണ്ട് സ്ത്രീരൂപങ്ങളിൽ ദൃഷ്ടിയൂന്നി അയാൾ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു….

കൂടെ ഒരപരിചിതൻ

ഒന്നാമത്തെ പ്രധാന വഴിയുമായി ഈ ക്രോസ് റോഡ് സന്ധിക്കുന്ന സ്ഥലം ജനാലയിലൂടെ കാണാം . ഈ ചെറിയ കോളനിയുടെ ദിനചര്യയുടെ നിമിഷ ദൃശ്യങ്ങൾ അവിടെ പ്രത്യക്ഷപ്പെട്ടു മറയും. പ്രഭാതത്തിന്‍റെ ഇളംതണുപ്പിൽ ഒരു ബിസ്ക്കറ്റും കടുപ്പമുള്ള കാപ്പിയും നുണഞ്ഞിരിക്കുമ്പോൾ, ഏറെക്കുറെ ഒരേ ക്രമത്തിൽ, ആവർത്തിച്ച്, കാണുന്ന കാഴ്ചകൾ ..... - രാവിലത്തെ വ്യായാമത്തിന്‍റെ ഭാഗമായി, ഒരേ ദിശയിൽ തുടർച്ചയായി പ്രത്യക്ഷപ്പെട്ടു മറയുന്ന മൂന്ന് മലയാളി അയൽക്കാരികൾ -. - കന്നഡ പാട്ടുകൾ കേൾപ്പിച്ച്, വരുന്ന വാനിൽ നിന്ന് പാൽ കവറുകൾ തൂക്കിയെടുത്ത് വീടുകൾ കയറിയിറങ്ങുന്ന രണ്ട് കുട്ടികൾ - സൈക്ക്ളിൽ പത്രവുമായി വരുന്ന തമിഴ് നാട്ടുകാരൻ ചെറുപ്പക്കാരൻ … - തുറന്ന ട്രക്കിൽ, കൈയുറകൾ ധരിക്കാതെ, മാലിന്യം നിറച്ച കവറുകൾ ശേഖരിച്ചും തരം തിരിച്ചും രണ്ടുപേർ .. - വീടുകൾക്ക് മുന്നിൽ പാർക്ക് ചെbയ്തിരിക്കുന്ന, കാറുകൾ കഴുകി, തുടച്ച്, ഒരു യുവാവ്.. - കൈയിലെ പ്ലാസ്റ്റിക് കവറിലോ തുണി സഞ്ചിയിലോ, ചെടികളിൽ നിന്ന്, പൂജയ്ക്കുള്ള പൂക്കൾ ഇറുത്ത് ശേഖരിച്ച്, രണ്ടോ മൂന്നോ, തറ്റുടുത്ത വൃദ്ധജനങ്ങൾ .. ... ലെ ഔട്ട് ഉണർന്നെണീക്കുന്ന, മടുപ്പിക്കാത്ത, കാഴ്ചകൾ.. അണ്ണാന്‍റെയും കിളികളുടെയും ചിലയ്ക്കലുകളുടെ പശ്ചാത്തലത്തിൽ, ഇവിടേയ്ക്കാണ് അപരിചിതൻ നടന്നുവന്നത്. ഇരുവശങ്ങളിലുമുള്ള വീടുകൾ ഒന്നൊന്നായി പിന്നിട്ട്, സംശയമില്ലാത്ത ചുവടുവെപ്പുകളോടെ നടന്നുവന്നപ്പോഴും ഇവിടേയ്ക്കാണെന്നു തോന്നിയില്ല. പരിചയമില്ലാത്ത മുഖവും നടപ്പും... എതിർവീട്ടിൽ പുതിയ താമസക്കാർ എത്തിയത് രണ്ടാഴ്ച മുൻപാണ്. അവരുടെ ബന്ധുവോ സുഹൃത്തോ ആയിരിക്കാമെന്ന് കരുതി. അപ്രതീക്ഷിതമായി, ഹൃദ്യമായ ചിരിയോടെ എന്‍റെ നേരെ കൈവീശി കാണിച്ച്, ഗേറ്റ് തുറന്ന്, അപ്പോഴാണ്, അയാൾ, ഒന്നാം നിലയിലെ ഞങ്ങളുടെ വീട്ടിലേയ്ക്കുള്ള പടികൾ കയറിയത് .. മുകളിലെത്തി, ചിരിച്ച്, അയാള്‍ അഭിവാദ്യം ചെയ്തു: ശ്രീധരൻ മാഷല്ലേ …? സുപ്രഭാതം!” “വരൂ…!” അകത്തേയ്ക്ക് നടന്നുകൊണ്ട് ഞാൻ ക്ഷണിച്ചു. ഓർമ്മകളിൽ എവിടെയെങ്കിലും അങ്ങനെയൊരു മുഖം തെളിയുന്നുണ്ടോ….?. അയാളുടെ രൂപത്തിലെ, വ്യക്തമാവാത്ത എന്തോ ഒന്ന്, വ്യക്തമാവാത്ത ഏതോ രീതിയിൽ എന്നെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു: ഇയാൾ വന്നിരിക്കുന്നത് നല്ല വാർത്തയുമായല്ല.. അന്തരീക്ഷത്തിലെ തണുപ്പിനെ പറ്റി- കോളനിയുടെ ഉറക്കച്ചടവിനെ പറ്റി- എന്തൊക്കെയോ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞുകൊണ്ട് അയാള്‍ കൂടെ വന്നു സ്വീകരണമുറിയിൽ, വശത്തെ സോഫയിൽ ഇരുന്നു. മുപ്പത്തഞ്ചിനും നാല്പതിനും ഇടയ്ക്ക് -അതോ നാല്പതിനും നാല്പത്തഞ്ചിനും ഇടയ്‌ക്കോ ?- പ്രായം തോന്നിക്കുന്ന, ശരാശരി പൊക്കവും തടിയുമുള്ള ഒരു സാധാരണ മനുഷ്യൻ. സംസാരിക്കുന്ന ഭാഷയിൽ നിന്ന് സ്വദേശം ഊഹിക്കാനാവുന്നില്ല. ഏറെക്കുറെ അച്ചടി ഭാഷ. “മാഷിന് മനസ്സിലായില്ല...അല്ലേ?” “....നല്ല പരിചയം തോന്നുന്ന മുഖം ...ശബ്ദം….. പക്ഷേ …..!”. “നമുക്ക് സംസാരിച്ചിരിക്കാം….മാഷ്ക്ക് ഓർത്തെടുക്കാൻ ആവുന്നില്ലെങ്കിൽ…,..........., ഞാൻ തന്നെ എന്നെ പരിചയപ്പെടുത്താം…” എന്‍റെ വയറൊന്നാളി… ഒരു വശത്തേയ്ക്ക് ചുണ്ടുകോട്ടിയുള്ള ചിരി സംസാരിക്കുമ്പോള്‍ ഉള്ള മുരടനക്കങ്ങള്‍ .. അംഗവിക്ഷേപങ്ങള്‍ എല്ലാം എന്നോ എവിടെയോ കണ്ടുമറന്നവ. ഞാൻ ക്ഷമാപണഭാവത്തിൽ ചിരിച്ചു.. “ വയസ്സ് കുറെയായി.. ഓർമ്മപ്പിശകുകളൊക്കെ വന്നുതുടങ്ങേണ്ട പ്രായത്തിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു… ഈയിടെയായി ചിലത് …, വിശേഷിച്ചും, പേരുകൾ…., ഓർമ്മിച്ചെടുക്കാൻ കഷ്ടപ്പെടാറുണ്ട്….” “......................................” “ ….നമ്മുടെ പരിചയം എന്ന് ..എവിടെവെച്ചായിരുന്നു എന്ന് മാത്രം സൂചിപ്പിക്കാമോ ?… ഞങ്ങളുടെ ഗ്രാമത്തിൽ വെച്ച്, കുട്ടിക്കാലത്ത്...? പട്ടണത്തിൽ, സ്‌കൂൾ കോളേജ് വിദ്യാഭ്യാസകാലത്ത്….? . സർക്കാർ ഉദ്യോഗകാലത്ത്...? -..? തൃശ്ശൂര്…?. എറണാകുളം ..? തിരുവനന്തപുരം ..? ഇതൊന്നുമല്ലെങ്കിൽ, ഇവിടെ,ബെംഗളൂരുവിൽ താമസമാക്കിക്കഴിഞ്ഞുള്ള ഇക്കഴിഞ്ഞ മൂന്ന് ദശകക്കാലത്ത് ….?” "പകരം,....ചില അടയാളവാക്യങ്ങളായാലോ,.., മാഷേ.. !" രാഗിണി മൂന്നോ നാലോ ദിവസത്തേയ്ക്ക്, നഗരത്തിൽ തന്നെയുള്ള അനിയത്തിയുടെ വീട്ടിലേയ്ക്ക് പോയിരിക്കുന്നു അനിയത്തിയോടൊപ്പം താമസിക്കുന്ന അമ്മയ്ക്ക് കൂട്ടായി ഇടയ്ക്ക്, ഈ മൂന്നോ നാലോ ദിവസത്തെ പരിപാടി, ഒരു പതിവാണ്. ഇന്നലെ. സംസാരിക്കാൻ ആളില്ലാതെ മുഷിഞ്ഞിരിക്കുകയായിരുന്നു…. അങ്ങനെ ആലോചിക്കുമ്പോൾ, പതിഞ്ഞ ശബ്ദത്തിൽ, പ്രസന്നമായി സംസാരിക്കുന്ന ഈ മനുഷ്യനെ, കടംകഥകളുമായി ഇങ്ങോട്ടയച്ച ശക്തിക്ക് നന്ദി... "...കേൾക്കട്ടെ… അതിന് മുൻപ്, അടുക്കളയിൽ ബാക്കിയിരിക്കുന്ന കാപ്പി ഒരു ഗ്ലാസ്സിലാക്കി കൊണ്ടുവരാം…" അയാള്‍ കൈയുയര്‍ത്തി വിലക്കി - “വേണ്ട, മാഷേ - ഈ സമയത്തൊന്നും പതിവില്ല…” “ ഒരു ഗ്ലാസ് വെള്ളം …?” “ഒന്നും വേണ്ട ...മാഷിരിക്കു…….” നേരെ എതിർവശത്തെ കസേരയിൽ ഞാനിരുന്നു... “... പേര് ...പറഞ്ഞില്ല....” മുഖത്തെ ചിരി മായ്ക്കാതെ, വായടച്ച്, എന്തോ ചവയ്ക്കുന്ന മട്ടിൽ, മുഖത്തെ പേശികൾ ചലിപ്പിച്ച്, അയാൾ, അൽപനേരം മിണ്ടാതിരുന്നു. പിന്നെ കണ്ണിലേക്ക് തന്നെ, ഇമ വെട്ടാതെ നോക്കിക്കൊണ്ട്, ഒരു മുന്നറിയിപ്പിൻറെ മട്ടില്‍, പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു : “.....ദേവദത്തൻ…….….!” “ദേ..വ..ദ..ത്ത..ൻ.. ..!..ദേവദത്തൻ …! അത്ര സാധാരണമല്ലാത്ത പേര്.. ……..ആ പേരിൽ എന്തായാലും ഒന്നിലധികം പേരെ എനിക്ക് പരിചയമുണ്ടാവാൻ വഴിയില്ല ...എനിക്ക് സമയം തരു...ഞാൻ ദേവദത്തനെ ഓർത്തെടുത്തോളാം… ………. ദേവന്‍ …….ഞാനങ്ങനെ വിളിക്കാം …….. വന്ന കാര്യം പറയു..” “ഞാൻ വന്നത് ………, മാഷെ കാണാൻ….” “..എന്നെ കാണാനോ ?......ഞാനെന്താണ് ദേവന് ചെയ്തുതരേണ്ടത്…?” “..... അത് പറയണമെങ്കിൽ…., ഞാനെന്നെ പരിചയപ്പെടുത്തണം മാഷേ. നമുക്ക്, ആ സൂചനകളിലേയ്ക്ക് കടക്കാം … “ “...... ആവട്ടെ !” “ആദ്യത്തേത്…,” അയാൾ വലതുകൈ കൊണ്ട് ഇടതുകൈയിലെ ചെറുവിരൽ മടക്കി. ".........…കള്ളക്കടത്ത് ള്ള കൂട്ടരാണ്……. കാലൊടിക്കണേ ന്‍റെ, ഗുരുവായൂരപ്പാ..!” കൃത്രിമമായ ശബ്ദത്തിൽ അയാൾ പറഞ്ഞു ഞാൻ, ചെറിയ അദ്ഭുതത്തോടെ ദേവദത്തനെ നോക്കി- “ഓർമ്മയുണ്ടോ മാഷക്ക്…?” “ദാമോദരേട്ട’ന്‍റെ വാക്കുകള്‍………!” അന്ന് താമസിച്ചിരുന്ന കോളനിയിൽ,ബുധനാഴ്ചകളിൽ, മുടങ്ങാതെ വരാറുണ്ടായിരുന്ന ഭിക്ഷക്കാരന്‍….. എതിര്‍ വീട്ടുകാർ ഭിക്ഷയില്ലെന്ന് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ക്ഷിപ്രകോപിയായിരുന്ന ദാമോദരേട്ടന്‍ . . “സംഗതി നടന്നതാണ്….ഒരുപാട് പേരോട്, വ്യത്യസ്ത സന്ദർഭങ്ങളിൽ ഞാനീ കഥ പറഞ്ഞിട്ടുണ്ട്… അതുകൊണ്ട് ….. “ “...മനസ്സിലാവുന്നു…! മാഷക്ക് ഊഹിക്കാനാവുന്നില്ലെന്ന്….അല്ലേ? ...സാരമില്ല...ദാ, അടുത്തത്…” “..................” “ 2633!” “ ഓ, ദേവന്‍..! ….. “ മുഖത്തെ പുഞ്ചിരി മായ്ക്കാതെ, ഇമ ചിമ്മാതെ, ദേവനിരുന്നു . അൽപനേരം എന്റെ നിശബ്ദത അവസാനിക്കാൻ കാത്തിരുന്നു. പിന്നെ, പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു : “....മാഷേ……!” “........ അമ്പതിലധികം കൊല്ലങ്ങളായി അതെന്‍റെ പ്രിയപ്പെട്ട സംഖ്യ! ……….. എന്നെ കൂടാതെ അത് ഉറപ്പായി അറിയാവുന്ന ഒരാള്‍ രാഗിണി - ഇനിയൊരാള്‍…….., ആ സംഖ്യ എന്‍റെ ജീവിതത്തിന്‍റെ ഭാഗമായപ്പോള്‍, ഒപ്പമുണ്ടായിരുന്ന സുഹൃത്ത്….! പിന്നെ, ആരോടെങ്കിലുമൊക്കെ… , എപ്പോഴെങ്കിലുമൊക്കെ ……. പറഞ്ഞിട്ടുണ്ടാവാം ... … ….അങ്ങനെയൊരു സംഖ്യയുണ്ടെന്നതില്‍ കവിഞ്ഞ ഒരോര്‍മ്മ …,പക്ഷേ അവര്‍ക്കാര്‍ക്കും ഉണ്ടാവാന്‍ വഴിയില്ല .” ദേവദത്തന്‍ ചിരിച്ചു . മൂന്നാമത്തെ വിരല്‍ മടക്കി “ ഇതോ, മാഷേ ? മത്തനറുത്തു. കഷണം വെട്ടി. എരിശ്ശേരി വെച്ചു. ഊൺ കഴിച്ചു….. ” വാ പൊളിച്ചിരുന്ന എന്നെ നോക്കി, ഒരു നിമിഷം നിർത്തി, അയാള്‍ തുടർന്നു : “.....നഖം മുറിച്ചു കൈ കഴുകി എന്തൊരു ചന്തം! .. “ . മൂന്നാംക്ലാസിൽ പഠിക്കുമ്പോൾ, വിഭജിക്കാൻ ഇടച്ചുമരുകളില്ലാത്ത സ്‌കൂളിൽ, അടുത്ത ക്ലാസിന്‍റെ ചെത്തിത്തേയ്ക്കാത്ത, ചുമരിൽ, രണ്ട് കാർഡ്ബോർഡ് പലകകളിൽ, ഒട്ടിച്ച വെള്ള കടലാസിൽ, ഭംഗിയുള്ള കൈപ്പടയിൽ, എഴുതിയിരുന്ന വാക്യങ്ങൾ! ഏറ്റവും വിദൂരമായ സ്മരണകളിൽ ഒന്ന്- ഓര്‍മ്മശക്തിയില്‍, പരസ്യമായി അഹങ്കരിക്കാന്‍ പലപ്പോഴും പുറത്തെടുക്കാറുള്ള ഒരായുധം - “……..എനിക്ക് വ്യക്തമായി ഓർമ്മയുണ്ടെങ്കിലും, പലരോടും- പ്രത്യേകിച്ച്, സുഹൃദ് സദസ്സുകളിൽ, പല തവണ, പറഞ്ഞിട്ടുണ്ടെങ്കിലും……., അവരിലാരെങ്കിലും അത് മുഴുവൻ തെറ്റ് കൂടാതെ ഓർത്ത് വെച്ചിട്ടുണ്ടാകും എന്ന് വിശ്വസിക്കാൻ വയ്യ…. …..എന്‍റെ ഓർമ്മകൾ, ആവർത്തിച്ചാവർത്തിച്ച്, ഏറ്റവും കൂടുതൽ തവണ, കേട്ടിരിക്കുക, തീർച്ചയായും, രാഗിണിയായിരിക്കും ...അവൾക്ക് പോലും, ഇത് കൃത്യമായി ഓർത്തെടുക്കാൻ ആവില്ലെന്നെനിക്ക് ഉറപ്പുണ്ട്…” ദേവൻ മിണ്ടാതിരുന്നേയുള്ളു “ഇത് തീര്‍ത്തും അവിശ്വസനീയം….” അയാളുടെ മുഖത്തെ ചിരി കൂടുകയോ കുറയുകയോ ചെയ്യാതെ നിന്നു. ഇല്ലാത്തതെന്തോ ചവച്ചുകൊണ്ട്, വീണ്ടും അയാൾ ചോദിച്ചു… “ഇപ്പൊ എന്നെ ഓർക്കാനാവുന്നുണ്ടോ,മാഷേ…?” “ഇല്ല…! ...ഇത്രയും അടുത്ത് പരിചയമുണ്ടായിരുന്ന ഒരാളെ ഓർമ്മിച്ചെടുക്കാൻ ആവുന്നില്ല എന്നതിലേറെ എന്നെ ആശ്ചര്യപ്പെടുത്തുന്നത്, തെറ്റാതെ ചൊല്ലിയ ആ നാലഞ്ചു കുഞ്ഞുവാക്യങ്ങൾ നിങ്ങൾ ഓർത്തിരിക്കുന്നു എന്ന വസ്തുതയാണ്….” “ഒരേയൊരു ഓർമ്മ കൂടിയേ ഞാൻ പങ്ക് വെയ്‌ക്കു …. “ കാരണം വ്യക്തമാക്കാനാവാത്ത ഒരു ഭയം എന്നെ ഗ്രസിച്ചു ” “കേൾക്കാൻ മാഷ് തയ്യാറായോ..?” “..പറയു …” “പറയട്ടേ …?” അല്‍പനേരം മിണ്ടാതിരുന്ന്, അയാള്‍ ചോദ്യം ആവര്‍ത്തിച്ചു : “മാഷേ, പറയട്ടേ?” എന്‍റെ മറുപടിക്ക് കാക്കാതെ, നിർത്തി, നിർത്തി, അയാള്‍ പറഞ്ഞു: “നാട്ടിൻപുറത്തെ …. ബന്ധുവീട്ടിനകത്ത്, ….., കിണറിനെ …... തൊട്ടുകിടക്കുന്ന ……….. കുളിമുറിക്ക്, ………. അകത്ത് നിന്ന് …….. ഇടാവുന്ന ……….കൊളുത്തില്ല …...!” മുഖമടച്ചുള്ള ഒരടിയായിരുന്നു അത് - എന്‍റെ ചിരി വറ്റി ഇല്ലാതായത് ഞാനറിഞ്ഞു . ഞാന്‍ കേട്ടത് ,..........ഒരാള്‍ക്കും എന്നെ കേള്‍പ്പിക്കാനാവാത്തത് !…. മറക്കാനാഗ്രഹിക്കുന്ന അപൂര്‍വ്വം അനുഭവങ്ങളില്‍ ഒന്ന് -- ലീവില്‍ നാട്ടില്‍ ഉള്ളപ്പോള്‍, ഒരു ദിവസത്തെ താമസത്തിനായി ബന്ധുവീട്ടില്‍ പോയതായിരുന്നു. ഉമ്മറത്തിരുന്ന് വിയര്‍ത്തൊലിക്കുന്നതിന്നിടെ ഒന്നു മുഖം കഴുകാന്‍ അകത്തു പോയി.. വന്ന ഉടനെ കൈയും കാലും കഴുകാന്‍ പോയത് അവിടെ, ‘കൊട്ടത്തള’ത്തിലാണ് ആ ധൈര്യത്തിലാണ് ചെന്നത് - ചാരിയിരുന്ന വാതില്‍ തുറന്ന, ഞാന്‍ ,മുന്നില്‍ കണ്ടത്, ബന്ധുവായ സുഹൃത്തിന്‍റെ ഭാര്യയുടെ നൂല്‍ബന്ധമില്ലാത്ത ഉടലാണ്- കുളി കഴിഞ്ഞ് തല തുവര്‍ത്തുകയായിരുന്നു അവര്‍. സീല്‍ക്കാര ശബ്ദത്തില്‍ ‘അയ്യോ !” എന്ന് ഒരേ സമയം ഞങ്ങള്‍ രണ്ടുപേരും ഒച്ചയിട്ടു ധൃതിയില്‍ വാതില്‍ ചാരി ഞാന്‍ മടങ്ങി. ഉച്ചയ്ക്ക് ഉണ്ണാനിരുന്നപ്പോൾ മറ്റുള്ളവരോടൊപ്പം അവരാണ് വിളമ്പിത്തന്നത്. പിന്നെ പല തവണ തമ്മില്‍ കണ്ടു- അന്യോന്യം അതെക്കുറിച്ചൊരു വാക്കും പറഞ്ഞില്ല- നീരസമോ കുറ്റബോധമോ പെരുമാറ്റത്തില്‍ ഒരിക്കലും നിഴല്‍ വീഴ്ത്തിയില്ല . സുഹൃത്തിനോടോ രാഗിണിയോടോ പങ്കു വെയ്ക്കാന്‍ വയ്യാത്ത അനുഭവം. ഒന്നും നടന്നില്ലെന്ന മട്ടില്‍ ഇടപഴകുമ്പോഴും അതൊരു ഭാരമായി മനസ്സില്‍ കല്ലിച്ചു കിടന്നു…..- കിടക്കുന്നു . ഞാനും സുഹൃത്തിന്‍റെ ഭാര്യയുമല്ലാതെ, ഈ ലോകത്ത് ആരും അറിയാന്‍ ഇടയില്ലാത്ത സംഭവം.- തീര്‍ച്ചയായും, ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും, മൂന്നാമതൊരാള്‍ അറിയരുതെന്ന് നിര്‍ബന്ധമുള്ള കാര്യം -- ചിരി വരാത്ത മുഖവുമായി ഞാന്‍ എഴുന്നേറ്റു … ദേവദത്തന്‍റെ മുന്നില്‍ ചെന്ന് നിന്നു : “ആരാണ് നിങ്ങള്‍ …?” II എന്‍റെ ശബ്ദവും ശരീരവും വിറയ്ക്കുന്നുണ്ടായിരുന്നു . തോളത്ത് കൈവെയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അയാൾ ഒഴിഞ്ഞു മാറി . .. “വേണ്ട മാഷേ , എന്നെ തൊടണ്ട ….!” പിന്നെ, ആ അപേക്ഷയിലെ അസാധാരണത്വം ഒഴിവാക്കാനാവണം, തണുത്ത, പ്രഭാതവുമായി ഒത്തുപോവാത്ത, ഒരു നുണ പറഞ്ഞു…: “ …. വിയര്‍ത്തൊട്ടിയിരിക്കുന്നു ..!” ദേവദത്തന്‍ കയറിവന്ന നിമിഷം മുതല്‍ എന്നെ അലോസരപ്പെടുത്തിയിരുന്ന ആ എന്തോ ഒന്ന്, വ്യക്തമായ ഭയമായി ഉള്ളില്‍ പതഞ്ഞുയര്‍ന്നു . . അത് മനസ്സിലാക്കിക്കൊണ്ടെന്ന പോലെ അയാൾ പറഞ്ഞു : “മാഷ്‌ പരിഭ്രമിക്കണ്ട...അസ്വസ്ഥനാവണ്ട… ഒരു സഹായാഭ്യര്‍ത്ഥനയുമായാണ് ഞാന്‍ മുന്‍പില്‍ ഇരിക്കുന്നത് . മാഷക്കേ എന്നെ സഹായിക്കാനാവു ….ഒരു തരത്തിലും ഞാന്‍ ബുദ്ധിമുട്ടിക്കില്ല ...മാഷക്ക് വിശ്വസിക്കാം !” എനിക്ക് സമനിലയിലേയ്ക്ക് മടങ്ങാനായില്ല.. ദേവദത്തൻ സൗമ്യമായി ചിരിച്ചു. "ഇനിയുമൊരു സൂചനയായി, ഈ നിമിഷം, മാഷ്‌ ചിന്തിക്കുന്നതെന്താണെന്ന് ഞാന്‍ പറയട്ടേ……? “ ………………………” “ ‘.... ‘ഇത്, സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്നെനിക്ക് തീര്‍ച്ചയാവുന്നില്ല, സുഹൃത്തേ.... ആവശ്യം എന്തായാലും അത് നിവര്‍ത്തിച്ചു തരാന്‍ ഞാനൊരുക്കമല്ല എന്ന് പറഞ്ഞാല്‍ എന്തായിരിക്കും താങ്കളുടെ പ്രതികരണം ……...….’ എന്നല്ലേ ?” എന്‍റെ വായ്ക്കകത്ത് രൂപപ്പെട്ടുവന്ന വാക്യം, അതേപടി ! “മാഷേ …, ആ ‘സുഹൃത്തേ‘ യും ‘താങ്ക’ളും ഒന്നും കേള്‍ക്കാന്‍ വയ്യ . ഇത് നമ്മുടെ ഒരേയൊരു കൂടിക്കാഴ്ചയാണ്.. തീരുമാനം രണ്ടായാലും, നീരസത്തിന്‍റെ തരിയില്ലാതെ, യാത്ര പറഞ്ഞ്, വന്ന വഴി ഞാന്‍ മാഷെ വിട്ടുപോകും …. എന്നേയ്ക്കുമായി …” .... ആ പറഞ്ഞത്, എനിക്ക്.വിശ്വസിക്കാമോ …-- ഞാൻ ആലോചിച്ചു “തീര്‍ച്ചയായും മാഷേ ..!” ദേവദത്തന്‍ വീണ്ടും എൻ്റെ മനസ്സ് വായിച്ചു. “.........എങ്കില്‍ എന്‍റെ ചോദ്യത്തിനൊരു മറുപടി തന്ന്…….., ബാക്കി പറയു ..ആരാണ് …...ദേവ...ന്‍ ?” “......ആരാണ് ദേവന്‍ ...മാഷേ ….? മാഷിന്‍റെ മനസ്സിലിരിപ്പ് വള്ളിപുള്ളി വിടാതെ പറഞ്ഞിട്ടും മാഷക്കെന്തിനാണ് സംശയം …? ഞാന്‍ പറയാം ….ഒരു വെറും ആശയമാണ്, മാഷേ,ഞാന്‍ ….എഴുതാന്‍ വിട്ടുപോയ ഒരു കഥയിലെ ഇല്ലാത്ത ഒരു കഥാപാത്രം…എഴുതാത്ത കാലത്തോളം, എൻ്റെ കാര്യത്തിൽ, ആ ഇല്ലായ്മയ്ക്കും ഉണ്ട് വല്ലായ്മപ്പെടുത്തുന്ന ഒരില്ലായ്മ .. ….അതില്‍ നിന്നെനിക്കൊരു മോചനം വേണം, മാഷേ ……” “......ഞാനെന്തു ചെയ്യണമെന്നാണ് ...ദേവൻ ..ഉദ്ദേശിക്കുന്നത്….. ?” “ഞാന്‍ മുഴുവന്‍ പറയാം ...മാഷ്‌ വെറുതെ ഇരുന്നു കേട്ടാല്‍ മതി …. അതിന് മുന്‍പൊരു കാര്യം ...മാഷക്ക് മാഷിന്‍റെ അച്ഛനേയും അമ്മയേയും, ...അവരുടെ അച്ഛനമ്മമാരേയും …..നല്ല ഓർമ്മയില്ലേ….. അവരുടെ രൂപം ..ശബ്ദം ...പെരുമാറ്റരീതികൾ..?” സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്ന സംശയം വിട്ടുമാറിയിരുന്നില്ലെങ്കിലും ഞാന്‍ സമനിലയിലേയ്ക്ക് മിക്കവാറും മടങ്ങിക്കഴിഞ്ഞിരുന്നു . “.... ഇന്നലെ കണ്ടതു പോലെ ഓര്‍ക്കാം… “ “ …..അച്ഛനമ്മമാര്‍ ,രണ്ടുപേര്‍ ..അവരുടെ അച്ഛനമ്മമാര്‍ , നാലുപേര്‍ ...അവരുടെ അച്ഛനമ്മമാരായ എട്ടുപേരെയോ ,മാഷേ ..?" “...അറിയില്ല…!...... അല്പം നിരാശയോടെ, ഞാനും ഓര്‍ക്കാറുള്ള കാര്യം, ദേ...വന്‍! ….അവര്‍ എട്ടുപേരുണ്ടെന്ന് ഇതേ വരെ ശ്രദ്ധയില്‍ വന്നിട്ടില്ലെങ്കിലും ……!” “ഒരു ജ്യാമിതീയ പുരോഗതിയാണത് മാഷേ….തലകീഴായ ആ പിറമിഡില്‍, അവിടന്നങ്ങോട്ടുള്ളവരില്‍ ആരെയും മാഷക്കറിയില്ല…. മാഷക്കറിയാത്തത് കൊണ്ട് എനിക്കും അവരെയാരെയും അറിയില്ല ….നമുക്ക് മാത്രമല്ല, ആര്‍ക്കുമറിയില്ല, സ്വന്തം കഥയില്‍, അവിടന്നങ്ങോട്ട്…..എട്ടില്‍ നിന്ന് പതിനാറ് ….മുപ്പത്തിരണ്ട്…അറുപത്തിനാല് …. അതൊരു വലിയ ജനക്കൂട്ടമാണ്.. മാഷേ ...മാഷ്, കണക്കുമാഷല്ലേ… ഇരുപതു തലമുറ പിന്നിലേയ്ക്ക് പോയാൽ പിറമിഡിന്റെ അടിയിലെ വരിയിൽ പത്തുലക്ഷതിലേറെ പേരുണ്ടാവും എന്നാണ് കണക്ക്, അദ്‌ഭുതപ്പെടുത്തുന്നത്… ഒരാറ് നൂറ്റാണ്ട് മുൻപത്തെ കഥയാണ് പറയുന്നത്……. മാഷ്‌ അടക്കമുള്ളവരെ ഇവിടെ എത്തിച്ച, അവരിലൊരാളെയും നമുക്കറിയില്ല ---അറിയാനിനി മാര്‍ഗ്ഗവുമില്ല… പക്ഷേ, അവരെല്ലാവരും ജീവിച്ചിരുന്നു എന്നത് സത്യം - അതിന്‍റെ,നിഷേധിക്കാനാവാത്ത തെളിവാണ് മാഷ്‌! ...ആ വസ്തുത ഭയപ്പെടുത്തുന്നതല്ലേ മാഷേ ...ചരിത്രമില്ലാത്ത ആ ജനസമൂഹത്തിലേയ്ക്ക് എല്ലാവരും ചേരും. പേരമക്കളുടെ മക്കളുടെ കാലം തൊട്ട്, കാലത്തിന്‍റെ രേഖകളിൽ നിന്ന്, അടയാളം ബാക്കിനിര്‍ത്താതെ, മാഷും മാഞ്ഞുപോകും..” ദേവന്‍ ഒരു നിമിഷം സംസാരം നിര്‍ത്തി. “ഈ അവസ്ഥ, നിങ്ങള്‍, ജീവിച്ചിരിക്കുന്നവര്‍ക്കേയുള്ളു ..മാഷേ. കോളേജില്‍ പഠിക്കുന്ന കാലത്ത് വായിച്ചാസ്വദിച്ച ആ അപസര്‍പ്പക കഥ ഓര്‍മ്മയില്ലേ ? ഒരു നഴ്സറി റൈമിന്‍റെ വരികള്‍ക്കൊത്ത്, ആകെയുള്ള പത്ത് കഥാപാത്രങ്ങളില്‍ പത്തുപേരും മരിച്ചു പോകുന്ന കഥ ….? പുസ്തകം വായിച്ചു മടക്കി വെയ്ക്കുമ്പോള്‍, ജീവിച്ചിരിക്കുന്നവരായി ആരുമില്ല. ലൈബ്രറിയില്‍ നിന്ന് അടുത്ത വായനക്കാരന്‍, അത് എടുത്ത് വായിച്ചു തുടങ്ങുമ്പോഴോ ..? പത്തുപേര്‍ക്കും വീണ്ടും ജീവന്‍ വെയ്ക്കുന്നു… ആദ്യത്തെയാള്‍ വായിച്ചറിഞ്ഞ , സംഭവങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നുപോയി, അവരോരോരുത്തരും സ്വന്തം ജീവിതം ആവർത്തിക്കും…. , മനുഷ്യരെ പോലെയല്ല…, മരണമില്ലാത്തവരാണ്, ഞങ്ങള്‍…., കഥാപാത്രങ്ങള്‍ ……………... മാഷക്ക് മുഷിയുന്നുണ്ടോ..? " ".......... ഇല്ല, ദേവൻ പറയു ….” ഞാന്‍ ചിരിച്ചു . എനിക്ക് മുഷിയുന്നുണ്ടായിരുന്നില്ല. “....വ്യത്യസ്തമായ ഒരര്‍ത്ഥത്തില്‍ ഞങ്ങളുടെ കൂട്ടത്തിലുമുണ്ട് നിര്‍ഭാഗ്യശാലികള്‍….ഒരു കഥയെഴുത്തുകാരനും മനസ്സിലെ അവസാനത്തെ കഥയും പറഞ്ഞുതീര്‍ത്തല്ല രംഗം വിടുന്നത്. പുസ്തക ഷെല്‍ഫിലെ ചില പുസ്തകങ്ങള്‍ പിന്നീടാവാമെന്ന വിശ്വാസത്തില്‍ അനന്തമായി വായിക്കാതെ വെച്ചിട്ടില്ലേ ..അത് പോലെ, എഴുതപ്പെടാതെ, അവസാനിക്കുന്ന കഥകളുണ്ട്.. വായിക്കപ്പെടാത്ത പുസ്തകങ്ങള്‍ പിന്നീട് എപ്പോഴെങ്കിലുമൊക്കെ , ആരെങ്കിലുമൊക്കെ, വായിക്കും., എഴുതപ്പെടാത്ത കഥകള്‍, എഴുത്തുകാരനോടൊപ്പം ഇല്ലാതാവുന്നു. വായനകളോ തുടര്‍വായനകളോ ഇല്ലാതെ അവസാനിക്കുന്ന അത്തരം കഥാപാത്രങ്ങളുടെ കൂടി ശബ്ദമാണ്,ഞാന്‍ കേള്‍പ്പിക്കുന്നത് . ഇനി , ഞാന്‍ എന്‍റെ കഥയിലേയ്ക്ക് കടക്കാം മാഷേ …. “ ഒന്നും മിണ്ടാതെ, പരസ്പരം നോക്കിയിരുന്നു, ഞങ്ങള്‍… ശ്വാസോച്ഛ്വാസം പോലെ അസ്തിത്വത്തിന്റെ ഭാഗമായിരുന്ന ലെ ഔട്ടും പരിസരവും മങ്ങി... പശ്ചാത്തലത്തിലേയ്‌ക്കൊതുങ്ങി . .. “മാഷ് എഴുതാൻ ഉദ്ദേശിച്ച് എഴുതാതെ വിട്ട ആ കഥയ്ക്ക് അഞ്ചോ ആറോ ദശകം പ്രായമുണ്ട്... ഇന്ന് അതൊരു …. ഒരു ... കഥയേയാവില്ല. “ കഥയുടെ ആശയം ഇങ്ങനെ : അവിചാരിതമായി അയാളും പഴയകാല സുഹൃത്തും, വർഷങ്ങൾക്ക് ശേഷം, കണ്ടുമുട്ടുന്നു-- ജോലികിട്ടി പിരിയുന്നതുവരെ ഒരേ ക്ലാസിലിരുന്ന് പഠിച്ച്, ഒപ്പം വളർന്നവർ--അടുത്ത കൂട്ടുകാർ -- അയാളുടെ ഭാര്യ മൂന്നാം തവണ ഗർഭിണിയാണെന്നറിഞ്ഞ, സുഹൃത്ത്, ഓർമ്മയിൽ അല്പനേരം പരതി, ചോദിക്കുന്നു : രജനിക്കും ബാലചന്ദ്രനും ശേഷമുള്ള ദേവദത്തനാണോ ……എഞ്ചിനീയർ ആവാനുള്ളയാൾ ? ” ഒന്ന് നിർത്തി, ദേവൻ എന്നെ നോക്കി “..മാഷ് ശ്രദ്ധിക്കുന്നുണ്ടോ …..?......എഞ്ചിനീയർ ആവാനുള്ള ‘ഈ ഞാ’നെന്ന മൂന്നാമനാണോ ഗർഭത്തിൽ’ എന്നാണന്വേഷണം .കോളേജിൽ ഉണ്ടായിരുന്നപ്പോൾ തന്നെ തൻ്റെ വരുംകാലത്തെ കുറിച്ച്, പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ - അവർക്കുള്ള പേരുകളടക്കം- കുറിച്ച്, അവരുടെ ജീവിതങ്ങളെ കുറിച്ച്- തീരുമാനിച്ചുറപ്പിച്ചിരുന്നു അയാൾ-- !....... “ പാതി സ്വന്തം ഇഷ്ടപ്രകാരവും പാതി വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയും,സ്വന്തം വിവാഹനിശ്ചയത്തിന് നാട്ടിൽ പോകുകയാണ് സുഹൃത്തെന്നറിഞ്ഞപ്പോൾ ഒമ്പതു മാസങ്ങൾക്ക് ശേഷം നടക്കാനിരിക്കുന്ന വിവാഹത്തിൽ സുഹൃത്തിന് ജനിക്കാൻ പോകുന്ന ആദ്യ ശിശു പെണ്ണായിരിക്കുമെന്നും ദേവദത്തനെ കൊണ്ട് അവളെ വിവാഹം കഴിപ്പിച്ച് തങ്ങളുടെ സൗഹൃദം ഒന്നുകൂടി ഉറപ്പിക്കുമെന്നും, കഥകളിൽ എന്നതുപോലെ, അയാൾ സുഹൃത്തിന് വാക്ക് കൊടുക്കുന്നു--. “സുഹൃത്തിനെ യാത്രയാക്കി, വീട്ടിലെത്തി, ഭാര്യയോട് നടന്നതെല്ലാം പറയുന്നു-- “ഗർഭത്തിൻ്റെ ആ ആദ്യനാളുകളിൽ എപ്പോഴോ, ഒരൊഴിവുദിവസം നടന്നുനടന്ന്, ഭാര്യയോടൊപ്പം, അബദ്ധത്തിൽ ഒരു കുടുംബാസൂത്രണ സെമിനാറിൽ, ശ്രോതാവായി കയറിക്കൂടിയ നിമിഷം കഥ അപ്രതീക്ഷിതമായി,വഴിമാറുന്നു -- “അവിടെവെച്ച് എൻ്റെ കഥ, തുടങ്ങാതെ തന്നെ അവസാനത്തിലേയ്ക്ക് നീങ്ങുന്നു -- “സെമിനാറിനൊടുവിൽ, രാജ്യപുരോഗതിക്ക്, ഒരച്ഛനും അമ്മയ്ക്കും കുട്ടികൾ രണ്ടേ ആകാവൂ എന്ന ആശയം അയാൾക്ക് ബോദ്ധ്യപ്പെടുന്നു -- അടുത്ത ദിവസങ്ങളിൽ നടന്ന ചർച്ചകൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ, നഗരത്തിലെ പ്രസവാസ്പത്രിയിൽ അനാർഭാടമായി ഞാനെന്ന ജീവകണിക അവസാനിക്കുന്നു . “ ..മാഷേ, ’ദേവദത്തൻ്റെ ദുരന്തം’ എന്ന കഥയുടെ സാരം അതായിരുന്നു…”. “ ...ചെറിയ ഓർമ്മ തോന്നുന്നു …,ദേവൻ…” “.....ജനിക്കാത്ത കഥാപാത്രമാവാൻ തയ്യാറായി ഞാനിരുന്നു മാഷേ ….ഇന്നുവരെ ! എത്രകാലം എന്ന് എനിക്കറിയില്ല ...മാഷക്ക് അറിയില്ല... എനിക്കെത്ര വയസ്സായി എന്ന് എനിക്കോ മാഷക്കോ അറിയില്ല .. പറഞ്ഞതുപോലെ മാഷിൻ്റെ മനസ്സിലും ഞാൻ വെറും ഒരു ‘ചെറിയ’ ഓർമ്മയായിരിക്കുന്നു ..ആ ഓർമ്മക്കൂടൊന്ന് പൊടിതട്ടിയെടുത്ത്,എന്നെ ജീവിക്കാൻ വിടുമോ എന്നന്വേഷിക്കാനാണ് ഞാൻ വന്നത് .….” ഒരു ദീർഘനിശ്വാസത്തിനവസാനം ഹൃദ്യമായി ചിരിച്ച്, ദേവൻ .പുറത്തെ വരാന്തയിലേയ്ക്ക് നടന്നു… അടുക്കളയിൽ ബാക്കിയിരുന്ന കാപ്പി ഒരു കപ്പിൽ എടുത്ത്, ഞാനും --. ജനാലയ്ക്കടുത്തെത്തി പതിവ് കസേരയിൽ ഞാനിരുന്നു . എതിരെ അതേ, ജനാലയിലൂടെ ദൂരേയ്ക്ക് കണ്ണയച്ച് ദേവനും.. “…പറഞ്ഞു ബോദ്ധ്യപ്പെടുത്താനാവാത്തത്ര സന്തോഷമുണ്ട്, മാഷേ…!...” എന്തോ ആലോചനയിൽ ഞാൻ വെറുതെ മൂളി. കഥ എഴുതാൻ ശ്രമിക്കാം എന്ന് പറയാൻ ശ്രമിക്കവേ ദേവൻ വിലക്കി… "മാഷ്..നേരത്തേതു പോലെ പുറത്തേയ്ക്ക് നോക്കിയിരിക്കു... ഈ ജനൽക്കാഴ്ച അതീവ മനോഹരം…ഇന്ന് വിശേഷിച്ചും ... ! പറയാതെ വയ്യ ” “.....................” മാഷേ, എൻ്റെ ഈ കഥ, സന്തോഷത്തോടെ, ഒരു തവണ ഞാൻ വായിച്ചു കേൾപ്പിക്കട്ടേ ..?" ഉദ്ദേശിച്ചത് എന്തെന്ന് വ്യക്തമാവാതെ ഞാനിരുന്നു…. പതിഞ്ഞ ശബ്ദത്തിൽ, ദേവൻ തുടങ്ങി : “ഒന്നാമത്തെ പ്രധാനവഴിയുമായി ഈ ക്രോസ് റോഡ് സന്ധിക്കുന്ന സ്ഥലം ജനാലയിലൂടെ കാണാം... "ഈ ചെറിയ കോളനിയുടെ ദിനചര്യയുടെ നിമിഷദൃശ്യങ്ങൾ അവിടെ പ്രത്യക്ഷപ്പെട്ടുമറയും.. പ്രഭാതത്തിൻ്റെ ഇളം തണുപ്പിൽ ഒരു ബിസ്ക്കറ്റും കടുപ്പമുള്ള കോഫിയും നുണഞ്ഞിരിക്കുമ്പോൾ, ഏറെക്കുറെ ഒരേ ക്രമത്തിൽ ആവർത്തിച്ച് കാണുന്ന കാഴ്ചകൾ ….…" …………………….. ……………………… "അണ്ണാന്‍റെയും കിളികളുടെയും ചിലയ്ക്കലുകളുടെ പശ്ചാത്തലത്തിൽ, ഇവിടേയ്ക്കാണ് അപരിചിതൻ നടന്നുവന്നത്…." ആ വരിയോടൊപ്പം, തിരിവ് തിരിഞ്ഞ്, അപരിചിതൻ, സംശയമില്ലാത്ത ചുവടുവെപ്പുകളോടെ നടന്ന് വരുന്നത് ഞാൻ കണ്ടു . .. ആളൊഴിഞ്ഞ വരാന്തയിൽ, പതിഞ്ഞ ശബ്ദത്തിൽ, അശരീരിയായി കഥ തുടർന്നു... കഥാപാത്രമായി മാറി, അയാൾ , എവിടേയ്ക്കാണെന്നോ ആരാണെന്നോ ഊഹിക്കാനാവാതെ ഞാനിരുന്നു …… ….!