ഒക്റ്റോബര്‍ 27 രാത്രി ഒന്നര മണിക്കായിരുന്നു ബാംഗ്ലൂര്‍ നിന്ന്‍ സിഡ്നിയിലേയ്ക്കുള്ള ഡ്രാഗണ്‍എയര്‍ ഫ്ലൈറ്റ്. a.m.ഉം p.m.ഉം ഇല്ലാത്ത ഇരുപത്തിനാല് മണിക്കൂര്‍ ദിവസത്തില്‍ അത്, ടിക്കറ്റില്‍ 28ആം തിയ്യതിയിലെ 01.30 ആയാണ് കാണിച്ചിട്ടുണ്ടാവുക എന്നറിയാത്ത വരുണ്ടാവില്ല. എന്നിട്ടും, എന്‍റെ ഒരനുഭവം പറഞ്ഞപ്പോള്‍, കണക്കുകൂട്ടലില്‍ പിഴച്ച്, ഒരിക്കലെങ്കിലും റെയില്‍വെ ടിക്കറ്റിന്മേല്‍ പണം നഷ്ടപ്പെടുത്തിയ അനുഭവങ്ങള്‍ പങ്കിടാന്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അനുഭവത്തില്‍ നിന്ന് പഠിച്ചില്ലായിരുന്നെങ്കില്‍ നഷ്ടം പല പല മടങ്ങിനടുത്തെത്തിയിരുന്നേനേ.
ഏറ്റ സമയത്തില്‍ നിന്ന്‍ ഒരു മണിക്കൂര്‍ വൈകി, പേരില്‍ അനായാസമായി ഒരു നായരെ വായിക്കാവുന്ന, DRAGONAIR ന്‍റെ വിമാനം പറന്നുയരാന്‍.
മുന്‍യാത്രകളില്‍ ഉണ്ടായിരുന്നത് പോലെ, എയര്‍പോര്‍ട്ടില്‍ നിന്ന്‍ വിമാനത്തിലേയ്ക്ക് ആദ്യത്തെ അടിവെയ്ക്കുമ്പോള്‍ അകത്തിരുന്നൊരു കുട്ടി പറഞ്ഞു:
ഇനി ഭൂമിയില്‍ ചവിട്ടുന്നത്, മറ്റൊരു രാജ്യത്ത്! -
നീണ്ട യാത്രകളിലും കുറെ നേരം ഉറങ്ങിക്കളയാന്‍ താത്പര്യം തോന്നാറില്ല. മുന്നിലെ ടി.വി.സ്ക്രീനില്‍ യാത്രയുടെ പുരോഗതി പഠിച്ച് ഇരിക്കാനാണിഷ്ടം. യാത്രയും, ഭക്ഷണവും സുഖമായിരുന്നു. ആറു മണിക്കൂര്‍ കഴിഞ്ഞ്, ഹോങ്കോംഗില്‍ ഇറങ്ങിയത് അവിടത്തെ സമയം പകല്‍ പതിനൊന്നര മണിക്ക്. ഇന്ത്യന്‍ സമയത്തോട് രണ്ടര മണിക്കൂര്‍ കൂട്ടണം ഹോങ്കോംഗ് സമയം കിട്ടാന്‍.
രാത്രി ഏഴു മണിക്കാണ് അവിടന്ന് സിഡ്നിയിലേയ്ക്കുള്ള ഫ്ലൈറ്റ്.
കടുപ്പത്തില്‍ ഒരു കോഫി കുടിക്കണം. സ്ഥലം കണ്ടുപിടിച്ചു. ഒരു കട്ടന്‍ കോഫി- ഒരു കുപ്പി തണുപ്പിച്ച വെള്ളം-അത്രയും മതി..- .ഉച്ച ഭക്ഷണത്തിന് സമയമുണ്ട്. വിമാനത്താവളങ്ങളിലെ കോഫി ചെറിയ കപ്പ് വാങ്ങിയാലും രണ്ടുപേര്‍ക്ക് സമൃദ്ധമായി കുടിക്കാം. പാലും പഞ്ചസാരയും തൊടുവിക്കാതിരുന്നാല്‍ കോഫിക്ക്, കോഫിയുടെ സ്വാദും കിട്ടും! കൈയില്‍ അമേരിക്കന്‍ ഡോളറുകളുടേയും ആസ്ട്രേലിയന്‍ ഡോളറുകളുടേയും ബ്രിട്ടീഷ് പൌണ്ടുകളുടേയും നോട്ടുകള്‍ ഉണ്ടായിരുന്നു. ഹോങ്കോംഗ് കറന്‍സി ഉണ്ടായിരുന്നില്ല. കടയിലെ ചെറുപ്പക്കാരന് അത് രുചിച്ചതായി തോന്നിയില്ല. ദേശസ്നേഹമായിരുന്നില്ല കാരണമെന്ന്‍, കണക്കുകൂട്ടുന്ന രീതി ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി. കാല്‍ക്കുലേറ്ററില്‍, കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും, ചെറുപ്പക്കാരന്‍ പറഞ്ഞു:
7 യു.എസ്.ഡോളേഴ്സ്...
ബാഗില്‍ നിന്ന്‍, സുശീലയ്ക്ക് ആറു ഡോളറേ കിട്ടിയുള്ളൂ. രാജ്യം മാറ്റി, വീണ്ടും കണക്കുമായി മല്‍പ്പിടുത്തം വേണ്ടിവരുമോ എന്ന്‍ ചെറുപ്പക്കാരന്‍റെ മുഖം വാടി.. ഊഴം കാത്ത് ഞങ്ങള്‍ക്ക് പിന്നില്‍ മദ്ധ്യവയസ്കനായ ഒരു സായിപ്പ് (അമേരിക്കന്‍?) നിന്നിരുന്നു. മുഖത്തെ, എണ്ണമറ്റ ചുളിവുകള്‍, ആ മുഖത്തിന് സ്ഥായിയായ ഒരു ചിരിഭാവം കൊടുത്തിരുന്നു. ക്ഷമയോടെ കൌതുകത്തോടെ, അയാള്‍, രംഗം നിരീക്ഷിച്ചുകൊണ്ടിരുന്നു. കറന്‍സി മാറി കൊടുക്കണോ പിന്‍വാങ്ങണോ എന്ന് സംശയിച്ചു നിന്ന ഞങ്ങള്‍ക്ക്, സൌഹൃദത്തിന്‍റെ ഒരു മുഴുവന്‍ ചിരി സമ്മാനിച്ച്, ഒന്ന്‍ കണ്ണിറുക്കി, സായിപ്പ്, പോക്കറ്റില്‍ നിന്ന്‍ ഒരു ഡോളര്‍ നോട്ടെടുത്ത് ചെറുപ്പക്കാരന്‍റെ മുന്നിലേയ്ക്കിട്ടു::
There...,she has 7 NOW!!
ഇടുങ്ങിയ കണ്ണുകളും ഉയര്‍ന്ന കവിളെല്ലുകളും ചുളിവില്ലാത്ത മുഖചര്‍മ്മവുമുള്ള സുന്ദരിയായ ചെറുപ്പക്കാരന്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒരു ചിരി സമ്മാനിച്ചു.
സായിപ്പിന്‍റെ മുഖം എന്തല്ലായിരുന്നോ അതായിരുന്നു ചെറുപ്പക്കാരന്‍റേത്..
വിദേശസഹായത്തോടെ കിട്ടിയ കോഫിയുമായി ഞങ്ങള്‍ ഒഴിഞ്ഞ ബെഞ്ചുകളിലൊന്നില്‍ പോയിരുന്നു.
ചൂട് കുറഞ്ഞ വെയില്‍..- ഒരു മലയുടെ പശ്ചാത്തലത്തില്‍, ഓരോ അഞ്ചു മിനുട്ടിലും . വിമാനങ്ങള്‍ പറന്നുയര്‍ന്നു കൊണ്ടിരുന്നു. തിരക്കുള്ള വിമാനത്താവളമാണ് ഹോങ്കോംഗ്. യു.എസ്.എ .- യു.കെ.യാത്രകളില്‍ നിന്ന്‍ വ്യത്യസ്തമായി പെട്ടെന്ന് മനസ്സില്‍ പതിഞ്ഞത്, തലങ്ങും വിലങ്ങും നടന്നിരുന്ന, കടകള്‍ക്കകത്തും പുറത്തും കൂട്ടം കൂടി നിന്നിരുന്ന, ഒരേ പോലെ തോന്നിച്ച അഞ്ഞൂറോ അധികമോ പൂര്‍വേഷ്യന്‍ മുഖങ്ങളായിരുന്നു..ഒരമ്മ പെറ്റ മക്കളെ പോലെ..
കുറച്ചു ഹോങ്കോംഗ് ഡോളര്‍ തരപ്പെടുത്തിയില്ലെങ്കില്‍ ഉച്ചഭക്ഷണത്തിനും ബുദ്ധിമുട്ടും. വിദേശനാണ്യവിനിമയത്തിനായുള്ള കൌണ്ടറില്‍ 1500 രൂപ കൊടുത്തു കമ്പ്യൂട്ടറില്‍ അടിച്ച രശീതിക്കൊപ്പം, കിട്ടിയത് 129 ഹോങ്കോംഗ് ഡോളര്‍.
പിന്നീട് ഗൂഗ്ള്‍ ചെയ്തു നോക്കിയപ്പോള്‍ കണ്ടത് എയര്‍പോര്‍ട്ടുകളില്‍ വിദേശ നാണയം വാങ്ങാന്‍ ശ്രമിക്കരുതെന്നും സര്‍വീസ് ചാര്‍ജായി നല്ല ഒരു തുക അവര്‍ കൈക്കലാക്കുമെന്നും ഉപഭോക്താവിന് കാര്യമായ നഷ്ടം വരുത്തുന്ന രീതിയാണവരുടേതെന്നു മുള്ള മുന്നറിയിപ്പുകളാണ്. നേരത്തെ കരുതിയിരു ന്നെങ്കില്‍, അഥവാ അമേരിക്കന്‍ എക്സ്പ്രസ്സ് വഴിയോ മറ്റോ ഓണ്‍ലൈന്‍ അപേക്ഷിച്ചിരുന്നെങ്കില്‍ അമ്പത് ഡോളറോളം കൂടുതല്‍ കിട്ടുമായിരുന്നു എന്ന്‍ കണക്കു കൂട്ടിയപ്പോള്‍ കണ്ടു..
യാത്രകളില്‍ അസസ്യഭക്ഷണം ഒഴിവാക്കുകയാണ് വയറിനു നല്ലത്- ഒരേ ഇരിപ്പും താളം തെറ്റിയ ദിനചര്യകളും കാരണം വിശപ്പില്ല. ഉച്ചഭക്ഷണം എന്ന ചടങ്ങ് ഒപ്പിക്കുകയേ വേണ്ടു. മാക്‌ഡൊണാള്‍ഡ് അടക്കം ഫുഡ്കോര്‍ട്ടില്‍ ഒരുപാട് കൌണ്ടറുകള്‍ ഉണ്ട്. രണ്ടു സാദാ സാന്‍ഡ് വിച്ചും ഒരു കോഫിയും എന്നായിരുന്നു മനസ്സില്‍. 168 ഡോളര്‍ ആകുമെന്നറിഞ്ഞപ്പോള്‍ കോഫി ഒഴിവാക്കി.
എയര്‍പോര്‍ട്ടിലെ ഫ്രീ വൈ.ഫൈ.ഉപയോഗിച്ച്, ചില്ലറ കാര്യങ്ങള്‍ ചെയ്യുന്നതിന്നിടെ, ഫോണ്‍ ബാറ്ററിയില്‍ ചാര്‍ജ് തീരാറായെന്നറിഞ്ഞു...ഞങ്ങള്‍ ഇരുന്നിടത്തു നിന്നല്‍പ്പം മാറി, ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള പ്ലഗ് പോയന്‍റുകള്‍ കണ്ടിരുന്നു. ഫോണില്‍ ചാര്‍ജില്ലാതെ വയ്യ. സ്വന്തം ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന ചെറുപ്പക്കാരന്‍, ഒരു മഞ്ഞ ചിരി ചിരിച്ചുകൊണ്ട് എന്‍റെ ചാര്‍ജറിലേയ്ക്ക് നോക്കി, ഞണുങ്ങിയ ഇംഗ്ലീഷില്‍ പറഞ്ഞു: ആ ചാര്‍ജര്‍ ഇതില്‍ ഫിറ്റ് ആവില്ല. ചാര്‍ജര്‍ ഊരി എന്നെ ഏല്‍പ്പിച്ച്, സ്വന്തം ചാര്‍ജര്‍, ഫോണില്‍ നിന്ന് മാറ്റി അയാള്‍ എന്‍റെ ഫോണില്‍ പിടിപ്പിച്ചു- ഇന്‍ഡൊനേഷ്യക്കാരനായിരുന്നു ചെറുപ്പക്കാരന്‍. എന്നോടുള്ള ചിരി നിലനിര്‍ത്തിക്കൊണ്ട് അയാള്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നു. ഉച്ചത്തില്‍, സംഗീതാത്മകമായ,, ചിലമ്പിച്ച സ്ത്രീശബ്ദത്തിലുള്ള പ്രതികരണവും ചേര്‍ത്തുവെച്ച് ഒരു പ്രണയം സങ്കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോള്‍, ഫോണ്‍ ചാര്‍ജറില്‍ നിന്ന്‍ മാറ്റി, ഉടനെ തിരിച്ചു വരാമെന്നും കുറച്ചു നേരം കൂടി സഹായം വേണമെന്നും പറഞ്ഞ് ഞാനെണീറ്റു. 'ഇംഗ്ലീഷ്..' എന്ന് പറഞ്ഞ് 'അറിയില്ല ;മനസ്സിലാവില്ല ' എന്ന അര്‍ത്ഥത്തില്‍ അയാള്‍ തലയാട്ടി: പിന്നെ ,രണ്ട് എന്ന് വിരലുയര്‍ത്തി എന്തൊക്കെയോ പറഞ്ഞു. തിരിഞ്ഞു നടക്കുമ്പോള്‍, അയാള്‍ പറയാന്‍ ഉദ്ദേശിച്ചതെന്തെന്ന്‍ ഊഹിക്കാന്‍ ശ്രമിച്ചു .ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സഹായിച്ചതിന് പ്രതിഫലമായി രണ്ടു ഡോളര്‍ ആവശ്യപ്പെട്ടതാവുമോ..?അതല്‍പ്പം കൂടുതലല്ലേ ? എയര്‍പോര്‍ട്ടില്‍ ഇരിക്കുന്ന സമയം കൊണ്ട് നാല് കാശുണ്ടാക്കാനുള്ള കച്ചവടബുദ്ധി...?.ഒന്ന് ചുറ്റി നടന്നതിനു ശേഷം ലാപ്ടോപ്പും കാബിന്‍ ലഗേജ് ആയി കൈയില്‍ ഉണ്ടായിരുന്ന ചെറിയ ബാഗുകളുമായി സുശീലയേയും കൂട്ടി. ഞാന്‍ തിരിച്ചെത്തി. ചെറുപ്പക്കാരന്‍ ബാഗ് തോളിലിട്ട് എഴുന്നേറ്റു. കൈ തന്നു . വീണ്ടും രണ്ടു വിരലുകള്‍ ഉയര്‍ത്തിക്കാണിച്ചു. മുന്നിലെ ബോര്‍ഡിലേയ്ക്കും ക്യൂവിലേയ്ക്കും ചൂണ്ടി- മഞ്ഞച്ചിരി ചിരിച്ചു
രണ്ടു മണിയുടെ ഫ്ലൈറ്റിന് തനിക്ക് പോകണം എന്നാണയാള്‍ പറയാന്‍ ശ്രമിച്ചിരുന്നത്!
സൂര്യാസ്തമനവും കണ്ട്, ഞങ്ങള്‍ ഹോങ്കോംഗ് വിട്ടു.
മയങ്ങിയും ഉണര്‍ന്നും ഒമ്പതു മണിക്കൂര്‍ കഴിഞ്ഞ്, സിഡ്നിയില്‍ ഇറങ്ങി -അവിടെ, സമയം രാവിലെ എഴു മണി കഴിഞ്ഞിരുന്നു.
സിഡ്നിയിലെ ഇമിഗ്രേഷന്‍ വിഭാഗത്തെ കുറിച്ച് ഒരുപാടു മുന്നറിയിപ്പുകള്‍ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കിട്ടിയിരുന്നു. ഭക്ഷണ സാധനങ്ങള്‍ കൊണ്ടുവരരുത്- 'തുറക്കാത്ത കോംപ്ലാന്‍ കണ്‍ടെയ്നറുകള്‍ അപ്പാടെ തൂക്കിക്കള'ഞ്ഞ അനുഭവകഥകള്‍.. സ്നിഫര്‍ ഡോഗ്സിനെ പറ്റി വായിച്ചറിഞ്ഞ.വസ്തുതകള്‍: 'നിന്നുകൊണ്ടാണ് അവ ബാഗുകള്‍ മണത്തു നോക്കുക ..സംശയാസ്പദമായി ഒരു ബാഗ് മുന്നിലെത്തിയാല്‍ അവ ഇരിക്കും ..പരിശോധകര്‍ ഉടമസ്ഥനോട് ബാഗ് തുറക്കാന്‍ പറയും '.
ആസ്ട്രേലിയ എന്ന വലിയ ദ്വീപിന്നകത്തേയ്ക്ക് നുഴഞ്ഞുകയറിയേയ്ക്കാവുന്ന രോഗാണുക്കളേയും ബാക്റ്റീരിയകളേയും ആണവര്‍ക്ക് ഭയം.'.
കുറച്ച് ആയുര്‍വേദ മരുന്നുകള്‍ അല്ലാതെ ഒന്നും കൊണ്ടുവന്നിരുന്നില്ല.-ഫോം പൂരിപ്പിച്ചപ്പോള്‍ അത് സൂചിപ്പിച്ചിരുന്നു- അങ്ങനെ 'ഡിക്ലെയര്‍' ചെയ്തു വരുന്നവര്‍ക്കുള്ള ക്യൂവില്‍ നിന്നു. ബുദ്ധിമുട്ടാതെ ഞങ്ങള്‍ പുറത്തെത്തി -
മകളും മരുമകനും ഇളംതണുപ്പുള്ള കാറ്റും അവിടെ കാത്തുനിന്നിരുന്നു --
No comments:
Post a Comment