Tuesday, July 18, 2023

ഒരു പത്രാധിപന്‍റെ അസ്തിത്വദു:ഖം --- രാജഗോപാലന്‍ കോഴിപ്പുറത്ത്

തികച്ചും അപരിചിതനായിരുന്നില്ല. മുഖപുസ്തകത്തില്‍ ഇടക്കൊക്കെ കണ്ട പരിചയം ഉണ്ടായിരുന്നു. എന്നാല്‍ ഒരു സുഹൃദ്‌ ബന്ധം ഒട്ടു സ്ഥാപിച്ചിട്ടുമുണ്ടായിരുന്നില്ല. ഇടക്കിടക്കുള്ള, ഒലവക്കോട് മുന്‍പ് താമസിച്ചിരുന്നപ്പോഴത്തെ കാര്യങ്ങളുടെ അയവിറക്കലും , വിക്ടോറിയ കോളേജ് കിസ്സകളും കാരണം ആളു ഒരു പാലക്കാടുകാരനാണെന്നു മനസ്സില്‍ രെജിസ്ടര്‍ ചെയ്തിരുന്നു. പിന്നെ കൊത്തനൂര്‍ പുരാണങ്ങളും. എന്റെ വിചാരം കൊത്തനൂര്‍ പാലക്കാട്‌-തമിഴ്നാട് അതിര്‍ത്തിയില്‍ എവിടെയോ ആണ് എന്നായിരുന്നു. വളരെ കാലത്തിനു ശേഷം മനസ്സിലായി ഈ 'മാകൊണ്ടോ' ഈ 'മാല്‍ഗുഡി' ബെന്ഗളൂരില്‍ ആണെന്ന്. അക്ഷരശ്ലോകം ഒക്കെ ചൊല്ലി , ചില കവിതകള്‍ ഒക്കെ മൂളി അങ്ങിനെ മുഖ പുസ്തകത്തില്‍ മന്ദം ഉലാത്തുന്ന ഒരു സീനിയര്‍ പൌരന്‍. പെട്ടെന്ന് ലോകം നേരെയാക്കാനുള്ള വിപ്ലവ വീര്യം ഒന്നും പോക്കറ്റില്‍ കൊണ്ട് നടക്കുന്നില്ല. ആരോടും പ്രത്യേകിച്ചു വൈരാഗ്യം ഒന്നുമില്ല. കുറെ അടുത്ത സുഹൃത്തുക്കള്‍ ഉണ്ട് താനും. വല്ലപ്പോഴും ഒരു അമേരിക്കന്‍ കിസ്സ അടിക്കും എന്നല്ലാതെ വേറെ വലിയ കുഴപ്പമൊന്നും ഇല്ലാത്ത ഒരു 'സുജായി'. എന്നായിരുന്നു എന്റെ വിശ്വാസം. അത് കൊണ്ട് ഒക്കെയാണ് ഒരു 'സുഹൃദ് ക്ഷണനം' കിട്ടിയപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ സ്വീകരിച്ചത്. പ്രതി പെണ്ണല്ല; മധ്യ വയസ്കനാണ്; പാലക്കാടനാണ്; അത്യന്താധുനിക കവിയല്ല. സ്വത്വം തലയില്‍ കയറിയ സത്വവും അല്ല. ചുരുക്കത്തില്‍ ഒരു ബാങ്ക് അക്കൌണ്ട് തുറക്കാനുള്ള KYC ഒക്കെ ഉണ്ട്. അദ്ദേഹത്തിന്‍റെ അടുത്ത നീക്കം അത് കൊണ്ട് തന്നെ തികച്ചും അപ്രതീക്ഷിതമായിരുന്നു. നീക്കം ചാറ്റ് മെസ്സജിലൂടെ ആയിരുന്നു. ഈ ആഖ്യാനത്തിന്റെ കെട്ടുറപ്പ് നഷ്ടപ്പെടാതിരിക്കാന്‍ അത് ആ രൂപത്തില്‍ തന്നെ കൊടുത്തിരിക്കുന്നു. കാര്യങ്ങളുടെ യഥാര്‍ത്ഥ കിടപ്പ് വായനക്കാര്‍ക്ക് ശരിക്കും മനസ്സിലാകുവാന്‍ വേണ്ടി 'ആത്മഗതം' 'പ്രകാശം' എന്നീ സങ്കേതങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഡ്രാക്കുള നോവലിലെ പോലെ ഒരു 'ജര്‍ണല്‍' വിവരണം ആണ് സ്വീകരിച്ചിരിക്കുന്നത്. സംഭവങ്ങള്‍ തുടങ്ങുന്നത് മാര്‍ച് 12ന് ആണ്. മാര്‍ച്ചു 12, സഖാവ് കൊത്തനൂര്‍ : 'മലയാള നാട് വാരികയിലേയ്ക്ക് ഒരു ലേഖനം ചോദിക്കാമെന്നു കരുതി നോക്കിയപ്പോഴാണ് 'friend' അല്ല എന്നറിഞ്ഞത് -:) ഇപ്പോള്‍,സുഹൃത്തായ സ്ഥിതിക്ക് ചോദിക്കട്ടെ ,ഒന്ന് ആലോചിക്കാമോ ?' ഞാന്‍ : ( ആത്മഗതം) 'ഇയ്യാള്‍ക്ക് എന്ത് പറ്റി. KYC തകരാറായോ' (പ്രകാശം) ' നമസ്കാരം. ഞാന്‍ മുംബയില്‍ നിന്നും തിരിച്ചെത്തിയതേ ഉള്ളു. ചില്വാനം തരാവുന്ന ഒരു പണി ചെയ്തു കൊണ്ടിരിക്കുകയുമാണ്. എന്റെ ബ്ലോഗിലെ വല്ലതും നല്ലത് എന്ന് തോന്നുന്നുണ്ടെങ്കില്‍ എടുക്കാം. അതില്‍ ചില മലയാള സാഹസങ്ങളും ഉണ്ട്.' സ.കൊ: 'ബ്ലോഗുകളില്‍ വന്നു കഴിഞ്ഞവ വാരികക്കായി എടുക്കേണ്ട എന്നൊരു പക്ഷമുണ്ട്. പക്ഷെ എനിക്കതിനോട് യോജിപ്പില്ല. മാതൃഭൂമിയിലെ ബ്ലോഗാന ചെയ്യുന്നത് അത് തന്നെയല്ലേ? ബ്ലോഗ്‌ വായിക്കാത്തവര്‍ ആയിരിക്കും കൂടുതല്‍. എന്തായാലും തിരക്കൊഴിയുമ്പോള്‍ മലയാള നാടിനായും എഴുതാന്‍ സമയം കണ്ടെത്തണം. ' ഞാന്‍: 'ശ്രീ കൊ.എന്താ, ഇപ്പോള്‍ പത്രാധിപര്‍ ആണോ?' സ.കൊ.: 'ഒന്നും പറയണ്ട സുഹൃത്തെ. പത്രാധിപ സമിതിയില്‍ ഒരു 'കൂ ദാത്ത'.. ഒരു കൊട്ടാര വിപ്ലവം. അകത്തെ കാളി പുറത്ത്, പുറത്തെ ദാസന്‍ അകത്ത്, തൂണും ചാരി നിന്നവന്‍ ലീവില്‍. ഒടുക്കം ഞാന്‍ ഫയറിംഗ് റേഞ്ച് ല്‍..' ഞാന്‍: 'മുന്‍ പ്രവര്‍ത്തി പരിചയം വല്ലതും കാണും.' സ.കൊ. 'ഉവ്വ്, ഉവ്വ്. എന്‍.സി.സി.യില്‍ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ആയിരുന്നു.' ഞാന്‍: 'എന്‍ സി സിയില്‍ വല്ല പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരുന്നോ.?' സ.കൊ: 'ഇല്ല. ഫയറിംഗ് ഉണ്ടായിരുന്നു. തോക്ക് കൊണ്ടും, നാവു കൊണ്ടും.' ഞാന്‍: (ആത്മഗതം) 'എന്റിഷ്ടാ, എന്നെയല്ലാതെ വേറെ ആരെയും കിട്ടീലെ.' (പ്രകാശം) 'ശ്രമിക്കാം. ബാങ്കില്‍ ആയിരുന്നത് കൊണ്ട് ലക്ഷ്മി ദേവി ആയിരുന്നു അധിക സമയവും കൂട്ട്. സരസ്വതി ഇണങ്ങി വരുന്നതെ ഉള്ളു.' സ.കൊ.: 'ആ 'തിരുവില്വാമല' സരസ്വതിയമ്മയുടെ കടാക്ഷം വേണ്ടത്രയുണ്ട്---:))' ഞാന്‍: 'ചെമ്പ് കാലണ പോളിഷു ചെയ്തു കുതിരപ്പവനാനെന്നു പറഞ്ഞു രാത്രി തടി തപ്പിയ പയ്യന്‍ പഠിപ്പിച്ച ഓരോ വികൃതികള്‍. എന്നാല്‍ എല്ലാം പറഞ്ഞ പോലെ. ശേഷം മുഖദാവില്‍' (ഫേസ് ബുക്കില്‍) അന്നങ്ങനെ പിരിഞ്ഞു. ഞാന്‍ മനസ്സില്‍ വിചാരിച്ചു. പ്രൊഫൈലിലെ ഫോട്ടോയില്‍ തല മുഴുവന്‍ നരച്ചിരിക്കുന്നു. ഹ്രസ്വ കാല ഓര്‍മ്മയും ദുര്‍ബലമായിരിക്കും. ഇതൊക്കെ ഇപ്പോള്‍ തന്നെ മറന്നിട്ടുണ്ടാവും. ആ വിശ്വാസത്തിന്നു തികച്ചും ഒരാഴ്ച ആയുസ്സുണ്ടായിരുന്നു. മാര്‍ച്ച് 18 സ.കൊ: 'വാരികയുടെ കഴിഞ്ഞ ലക്കത്തിനും ചില എഴുത്തുകാരെ ശ്രീ.---- നിര്‍ദ്ദേശിച്ചിരുന്നു -അവര്‍ക്കും നേരത്തെ requests പോയിരുന്നു - ഇത്തവണ താങ്കളുമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്ത് കഴിഞ്ഞ് മൂപ്പരുടെ നിര്‍ദ്ദേശം വന്നപ്പോള്‍ ആ വര്‍ത്തമാനത്തിന്‍റെ രസത്തില്‍ അങ്ങനെ എഴുതിയെന്നു മാത്രം --അതൊരു ദു:സ്വാതന്ത്ര്യമായി തോന്നിയോ? ' ഞാന്‍: (ആത്മഗതം) 'ഇയ്യാള്‍ പുലിയാണ്. പ്രായോഗിക മനശാസ്ത്രവും, വിപണന തന്ത്രവും ഒക്കെ ഹൃദിസ്ഥം.; (പ്രകാശം) ' തീര്‍ച്ചയായും ഇല്ല. എന്റെ കമ്മന്റ് വായിച്ചപ്പോള്‍ അങ്ങിനെ തോന്നിയോ?. എങ്കില്‍ ക്ഷമാപണം. 'ഇട്ടില്‍ കട്ടിലായും, പുലി പൂസികനായും, ദംശനം സ്പര്‍ശനമായും' സംഭവിക്കാവുന്ന കാലമാണ്. അല്ലെങ്കില്‍ 'അഭിസാരിക കറിവേപ്പിലയായും'. സരസസ്വതിയോട് ലോഹ്യമില്ലാത്തത് കൊണ്ട് അവള്‍ 'നിത്യത്വം' 'നിദ്രത്വം' ആക്കി മാറ്റിക്കളയും ചിലപ്പോള്‍. തെറ്റിദ്ധരിക്കരുത്. സ.കൊ. ക്ഷമാപണം തള്ളിക്കളഞ്ഞിരിക്കുന്നു -:)) മുകളില്‍ എഴുതിയിരിക്കുന്ന ഈ comment ഒന്നുമതി എഴുത്തിനെ വിലയിരുത്താന്‍ -ഇന്നല്ലെങ്കില്‍ നാളെ --പഴയ പരസ്യത്തില്‍ പറഞ്ഞ പോലെ 'നാന്‍ കാത്തിര്പ്പേ ന്‍!' ഞാന്‍ വിചാരിച്ചു, സംഗതി കുഴഞ്ഞു. 'ആറട്ടെ കഞ്ഞി ആറു മാസം' എന്ന് പറഞ്ഞ പിശുക്കനോട് 'ഊന്നട്ടെ ചന്തി പന്തീരാണ്ടു' എന്ന് പറഞ്ഞ അറുപിശുക്കന്റെ ശിഷ്യനാണ് സ.കൊ. തപ്പിക്ക മുടിയാത്. യമന്‍ തമിഴിലും കൊലയാളിയാണ്. ഞാന്‍: 'എങ്കള്ക്കും കാലം വരും, കാലം വന്താല്‍..... ..' (ആത്മഗതം) 'ഉടന്‍ മുങ്ങും.' സ.കൊ.: ... വാഴ്വ് വരും ---വാഴ്വ് വന്താല്‍ അനൈവരെയും വാഴ കൃഷിയിലേയ്ക്ക് നയിക്കും' --- (ആത്മഗതം) 'കളി കയ്യിലിരിക്കട്ടെ മോനെ.' സഖാവ് കൊത്തനൂര്‍ ഈ റൌണ്ടില്‍ തന്നെ അടിച്ചു ഫ്ലാറ്റ് ആക്കി എന്ന തിരിച്ചറിവില്‍ ഒരു വളിപ്പന്‍ ചിരിയോടെ ഞാന്‍ പറഞ്ഞു: ഞാന്‍: 'ഹ, ഹാ ഹാ. കാറ്റ് വീഴ്ച ശ്രദ്ധിക്കണം.' സ.കൊ.വിന്റെ ഓർമക്ക് ഒരു കുഴപ്പവും ഇല്ലാതെ കുറച്ചു ദിവസങ്ങള്‍ കൂടി കടന്നു പോയി. ഭീതിയുടെ ദിനങ്ങള്‍ ആയിരുന്നു അവ എനിക്ക് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അടുത്ത മിസ്സൈല്‍ മങ്‌ഗ്ലിഷില്‍ ആയിരുന്നു: ഏപ്രില്‍ 15 സ.കൊ.' മലയാളനാട് വാരികക്ക് വേണ്ടി എന്തെങ്കിലും എഴുതുന്നതിനെ കുറിച്ച് ചിന്തിച്ചോ? വാരികയില്‍ പ്രസിദ്ധീകരിച്ചതിനു ശേഷം സൗകര്യം പോലെ അതിനെ ബ്ലോഗീകരിക്കാമല്ലോ.' ഞാന്‍: (ആത്മഗതം) 'മോനെ, രാജു , നിനക്കായി ഒരു വാതിലും തുറന്നിരിക്കുന്നില്ല. പതിനാലു നായയും പുലിയും കളിയില്‍ നിന്നെ ബന്ധിച്ചിരിക്കുന്നു.' വംഗ സിലിമാക്കളി ' ബാഘ് ബന്ധി ഖേലാ'യിലെ ഉത്തംകുമാറാണ് ഇപ്പോള്‍ നീ . തപ്പിക്ക മുടിയാത്. (പ്രകാശം) 'ശ്രമിക്കാം. ഞാന്‍ ഒരു എഴുത്തുകാരന്‍ അല്ല എന്ന് അറിയാമല്ലോ.എന്തെങ്കിലും ചവര്‍ എഴുതി അയക്കാന്‍ പറ്റില്ലല്ലോ. അങ്ങിനെയിരിക്കെ വല്ലതും സംഭവിച്ചേക്കാം. നാട്യം ഒന്നുമല്ല.' സ.കൊ : 'ഇവിടെ കണ്ടിട്ടുള്ളതൊന്നും ചവറല്ല. താങ്കള്‍ എഴുതുന്ന രീതിയും അവയ്ക്ക് സ്വീകരിക്കുന്ന വിഷയങ്ങളും എന്നും നന്നായി തോന്നിയിട്ടുണ്ട്. ഞാന്‍ ഒരു 'കോഴി' ഫാന്‍ ആണ്. '(ആത്മഗതം) 'തന്നെ പോലെ എത്ര എണ്ണത്തിനെ കണ്ടിട്ടുണ്ട്. വേല വേലായുധനോടോ?' ഞാന്‍: 'മലയാളനാട് വാരിക നന്നാകുന്നുണ്ട്.' (ആത്മഗതം) 'താനെത്രത്തോളം പൊങ്ങും എന്നറിയണമല്ലോ. 'സ.കൊ: 'എല്ലാം ഒരു കൂട്ടം ഉത്സാഹികളുടെ വിയര്‍പ്പ്.' (ആത്മഗതം) മനസ്സില്‍ വെച്ചാല്‍ മതി. "വിനയം കൊത്തനൂര്‍ കുത്തക." ഞാനും വിചാരിച്ചു. ഒരുത്തന്‍, അയാള്‍ പത്രാധിപനും മാന്യനും ആയിരുന്നാല്‍ പോലും, കാലം മോശമാവുമ്പോള്‍ ബുദ്ധിയും വിപരീതമാവും. സ്വര്‍ണമാന്‍ അസംഭവമാണെന്നറിഞ്ഞിട്ടു കൂടി ഒരു പെണ്‍കോന്തന്‍ അതിന്നു പിന്നാലെ ഓടിയില്ലേ? എന്റെ പെന്നു കൊണ്ടാണ് ഒരാളുടെ പത്രാധിപ ജീവിതാന്ത്യം എന്ന് നോസ്ട്രഡാമസ് പ്രവചിചിട്ടുണ്ടെങ്കില്‍ അങ്ങിനെ തന്നെ സംഭവിക്കട്ടെ. അനിവാര്യതയെ കുറിച്ചുള്ള ഈ തത്ത്വ ചിന്തകളെല്ലാം മനസ്സില്‍ കറങ്ങി നടന്നിട്ടും, എഴുതുവാനായി പെന്നെടുത്തപ്പോള്‍ 'off with his head' എന്ന് എഴുതാന്‍ പോകുന്ന ഒരു പ്രതീതി ആയിരുന്നു. പിന്നെ തോന്നി 'Comma kills a person' എന്നാണല്ലോ നാട്ടുനടപ്പ്. രക്ഷപ്പെടാന്‍ വല്ല കോമയും സഖാവ് അടിച്ചു മാറ്റിക്കാണും . എന്തൊക്കെയോ എഴുതി ഈമെയിലില്‍ സ.കൊവിന്റെ അകപ്പെട്ടിയില്‍ നിക്ഷേപിച്ചു. ഏപ്രില്‍ 20 സ.കൊ: ' സാഹിത്യം ഒന്ന് കോപി ചെയ്തു എന്റെ ഈമെയിലിലേക്ക് അയക്കാമോ?' ഞാന്‍: ' സംഭവം കുറച്ചു നേരമായി താങ്കളുടെ അകപ്പെട്ടിയില്‍ വിശ്രമിക്കുന്നുണ്ട്'. കുറച്ചു സമയത്തിനു ശേഷം: സ.കൊ : 'കിട്ടിയും വായിച്ചും ബോധ്യപ്പെട്ടു. വാരികക്ക് അയച്ച് കൈ കഴുകി.' ഞാന്‍: (ആത്മഗതം) ' കൈ കഴുകിയത് നന്നായി, പിലാത്തോസ്. ഞാന്‍ അത് ആദ്യം ചെയ്തതാണ്. (പ്രകാശം) ഞാന്‍ ഒരു ദൂര യാത്രക്ക് പോകുകയാണ്. സ.കൊ: 'അതെയോ. ഈമെയിലില്‍ സമ്പര്‍ക്കം പുലര്‍ത്താം.' (ആത്മഗതം) 'ഓന്ത് ഓടിയാല്‍ ഏതു വരെ ഓടും ' ഞാന്‍: 'ഇനി ഒരു കഥാ പ്രസംഗം ചെയ്യാന്‍ എന്നെ കൊണ്ട് പറ്റില്ല'. സ.കൊ: ' സാരമില്ല. ഞാനും പത്രാധിപ സ്ഥാനം ഒഴിഞ്ഞു. താങ്കള്‍ക്കു എഴുതിയ പോലെ പലര്‍ക്കും എഴുതിയിരുന്നു. താങ്കള്‍ക്കു മനസ്സിലാവില്ല ഒരു പത്രാധിപന്റെ അസ്തിത്വ ദു:ഖം.' ഞാന്‍: ' എന്നിട്ട് പലരും കൃതികള്‍ അയച്ചു തന്നോ?' സ.കൊ: ' ധാരാളം. താങ്കള്‍ പറഞ്ഞ ഒരു കാര്യം ശരിയാണ്. താങ്കളുടെ കൃതി ചവറു തന്നെയാണ്. വെറുതെ ക്ഷണിച്ചു വാങ്ങിയ ഒരു ക്ഷണനം.'

No comments:

Post a Comment