Tuesday, July 18, 2023

ഒരു പത്രാധിപന്‍റെ അസ്തിത്വദു:ഖം --- രാജഗോപാലന്‍ കോഴിപ്പുറത്ത്

തികച്ചും അപരിചിതനായിരുന്നില്ല. മുഖപുസ്തകത്തില്‍ ഇടക്കൊക്കെ കണ്ട പരിചയം ഉണ്ടായിരുന്നു. എന്നാല്‍ ഒരു സുഹൃദ്‌ ബന്ധം ഒട്ടു സ്ഥാപിച്ചിട്ടുമുണ്ടായിരുന്നില്ല. ഇടക്കിടക്കുള്ള, ഒലവക്കോട് മുന്‍പ് താമസിച്ചിരുന്നപ്പോഴത്തെ കാര്യങ്ങളുടെ അയവിറക്കലും , വിക്ടോറിയ കോളേജ് കിസ്സകളും കാരണം ആളു ഒരു പാലക്കാടുകാരനാണെന്നു മനസ്സില്‍ രെജിസ്ടര്‍ ചെയ്തിരുന്നു. പിന്നെ കൊത്തനൂര്‍ പുരാണങ്ങളും. എന്റെ വിചാരം കൊത്തനൂര്‍ പാലക്കാട്‌-തമിഴ്നാട് അതിര്‍ത്തിയില്‍ എവിടെയോ ആണ് എന്നായിരുന്നു. വളരെ കാലത്തിനു ശേഷം മനസ്സിലായി ഈ 'മാകൊണ്ടോ' ഈ 'മാല്‍ഗുഡി' ബെന്ഗളൂരില്‍ ആണെന്ന്. അക്ഷരശ്ലോകം ഒക്കെ ചൊല്ലി , ചില കവിതകള്‍ ഒക്കെ മൂളി അങ്ങിനെ മുഖ പുസ്തകത്തില്‍ മന്ദം ഉലാത്തുന്ന ഒരു സീനിയര്‍ പൌരന്‍. പെട്ടെന്ന് ലോകം നേരെയാക്കാനുള്ള വിപ്ലവ വീര്യം ഒന്നും പോക്കറ്റില്‍ കൊണ്ട് നടക്കുന്നില്ല. ആരോടും പ്രത്യേകിച്ചു വൈരാഗ്യം ഒന്നുമില്ല. കുറെ അടുത്ത സുഹൃത്തുക്കള്‍ ഉണ്ട് താനും. വല്ലപ്പോഴും ഒരു അമേരിക്കന്‍ കിസ്സ അടിക്കും എന്നല്ലാതെ വേറെ വലിയ കുഴപ്പമൊന്നും ഇല്ലാത്ത ഒരു 'സുജായി'. എന്നായിരുന്നു എന്റെ വിശ്വാസം. അത് കൊണ്ട് ഒക്കെയാണ് ഒരു 'സുഹൃദ് ക്ഷണനം' കിട്ടിയപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ സ്വീകരിച്ചത്. പ്രതി പെണ്ണല്ല; മധ്യ വയസ്കനാണ്; പാലക്കാടനാണ്; അത്യന്താധുനിക കവിയല്ല. സ്വത്വം തലയില്‍ കയറിയ സത്വവും അല്ല. ചുരുക്കത്തില്‍ ഒരു ബാങ്ക് അക്കൌണ്ട് തുറക്കാനുള്ള KYC ഒക്കെ ഉണ്ട്. അദ്ദേഹത്തിന്‍റെ അടുത്ത നീക്കം അത് കൊണ്ട് തന്നെ തികച്ചും അപ്രതീക്ഷിതമായിരുന്നു. നീക്കം ചാറ്റ് മെസ്സജിലൂടെ ആയിരുന്നു. ഈ ആഖ്യാനത്തിന്റെ കെട്ടുറപ്പ് നഷ്ടപ്പെടാതിരിക്കാന്‍ അത് ആ രൂപത്തില്‍ തന്നെ കൊടുത്തിരിക്കുന്നു. കാര്യങ്ങളുടെ യഥാര്‍ത്ഥ കിടപ്പ് വായനക്കാര്‍ക്ക് ശരിക്കും മനസ്സിലാകുവാന്‍ വേണ്ടി 'ആത്മഗതം' 'പ്രകാശം' എന്നീ സങ്കേതങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഡ്രാക്കുള നോവലിലെ പോലെ ഒരു 'ജര്‍ണല്‍' വിവരണം ആണ് സ്വീകരിച്ചിരിക്കുന്നത്. സംഭവങ്ങള്‍ തുടങ്ങുന്നത് മാര്‍ച് 12ന് ആണ്. മാര്‍ച്ചു 12, സഖാവ് കൊത്തനൂര്‍ : 'മലയാള നാട് വാരികയിലേയ്ക്ക് ഒരു ലേഖനം ചോദിക്കാമെന്നു കരുതി നോക്കിയപ്പോഴാണ് 'friend' അല്ല എന്നറിഞ്ഞത് -:) ഇപ്പോള്‍,സുഹൃത്തായ സ്ഥിതിക്ക് ചോദിക്കട്ടെ ,ഒന്ന് ആലോചിക്കാമോ ?' ഞാന്‍ : ( ആത്മഗതം) 'ഇയ്യാള്‍ക്ക് എന്ത് പറ്റി. KYC തകരാറായോ' (പ്രകാശം) ' നമസ്കാരം. ഞാന്‍ മുംബയില്‍ നിന്നും തിരിച്ചെത്തിയതേ ഉള്ളു. ചില്വാനം തരാവുന്ന ഒരു പണി ചെയ്തു കൊണ്ടിരിക്കുകയുമാണ്. എന്റെ ബ്ലോഗിലെ വല്ലതും നല്ലത് എന്ന് തോന്നുന്നുണ്ടെങ്കില്‍ എടുക്കാം. അതില്‍ ചില മലയാള സാഹസങ്ങളും ഉണ്ട്.' സ.കൊ: 'ബ്ലോഗുകളില്‍ വന്നു കഴിഞ്ഞവ വാരികക്കായി എടുക്കേണ്ട എന്നൊരു പക്ഷമുണ്ട്. പക്ഷെ എനിക്കതിനോട് യോജിപ്പില്ല. മാതൃഭൂമിയിലെ ബ്ലോഗാന ചെയ്യുന്നത് അത് തന്നെയല്ലേ? ബ്ലോഗ്‌ വായിക്കാത്തവര്‍ ആയിരിക്കും കൂടുതല്‍. എന്തായാലും തിരക്കൊഴിയുമ്പോള്‍ മലയാള നാടിനായും എഴുതാന്‍ സമയം കണ്ടെത്തണം. ' ഞാന്‍: 'ശ്രീ കൊ.എന്താ, ഇപ്പോള്‍ പത്രാധിപര്‍ ആണോ?' സ.കൊ.: 'ഒന്നും പറയണ്ട സുഹൃത്തെ. പത്രാധിപ സമിതിയില്‍ ഒരു 'കൂ ദാത്ത'.. ഒരു കൊട്ടാര വിപ്ലവം. അകത്തെ കാളി പുറത്ത്, പുറത്തെ ദാസന്‍ അകത്ത്, തൂണും ചാരി നിന്നവന്‍ ലീവില്‍. ഒടുക്കം ഞാന്‍ ഫയറിംഗ് റേഞ്ച് ല്‍..' ഞാന്‍: 'മുന്‍ പ്രവര്‍ത്തി പരിചയം വല്ലതും കാണും.' സ.കൊ. 'ഉവ്വ്, ഉവ്വ്. എന്‍.സി.സി.യില്‍ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ആയിരുന്നു.' ഞാന്‍: 'എന്‍ സി സിയില്‍ വല്ല പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരുന്നോ.?' സ.കൊ: 'ഇല്ല. ഫയറിംഗ് ഉണ്ടായിരുന്നു. തോക്ക് കൊണ്ടും, നാവു കൊണ്ടും.' ഞാന്‍: (ആത്മഗതം) 'എന്റിഷ്ടാ, എന്നെയല്ലാതെ വേറെ ആരെയും കിട്ടീലെ.' (പ്രകാശം) 'ശ്രമിക്കാം. ബാങ്കില്‍ ആയിരുന്നത് കൊണ്ട് ലക്ഷ്മി ദേവി ആയിരുന്നു അധിക സമയവും കൂട്ട്. സരസ്വതി ഇണങ്ങി വരുന്നതെ ഉള്ളു.' സ.കൊ.: 'ആ 'തിരുവില്വാമല' സരസ്വതിയമ്മയുടെ കടാക്ഷം വേണ്ടത്രയുണ്ട്---:))' ഞാന്‍: 'ചെമ്പ് കാലണ പോളിഷു ചെയ്തു കുതിരപ്പവനാനെന്നു പറഞ്ഞു രാത്രി തടി തപ്പിയ പയ്യന്‍ പഠിപ്പിച്ച ഓരോ വികൃതികള്‍. എന്നാല്‍ എല്ലാം പറഞ്ഞ പോലെ. ശേഷം മുഖദാവില്‍' (ഫേസ് ബുക്കില്‍) അന്നങ്ങനെ പിരിഞ്ഞു. ഞാന്‍ മനസ്സില്‍ വിചാരിച്ചു. പ്രൊഫൈലിലെ ഫോട്ടോയില്‍ തല മുഴുവന്‍ നരച്ചിരിക്കുന്നു. ഹ്രസ്വ കാല ഓര്‍മ്മയും ദുര്‍ബലമായിരിക്കും. ഇതൊക്കെ ഇപ്പോള്‍ തന്നെ മറന്നിട്ടുണ്ടാവും. ആ വിശ്വാസത്തിന്നു തികച്ചും ഒരാഴ്ച ആയുസ്സുണ്ടായിരുന്നു. മാര്‍ച്ച് 18 സ.കൊ: 'വാരികയുടെ കഴിഞ്ഞ ലക്കത്തിനും ചില എഴുത്തുകാരെ ശ്രീ.---- നിര്‍ദ്ദേശിച്ചിരുന്നു -അവര്‍ക്കും നേരത്തെ requests പോയിരുന്നു - ഇത്തവണ താങ്കളുമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്ത് കഴിഞ്ഞ് മൂപ്പരുടെ നിര്‍ദ്ദേശം വന്നപ്പോള്‍ ആ വര്‍ത്തമാനത്തിന്‍റെ രസത്തില്‍ അങ്ങനെ എഴുതിയെന്നു മാത്രം --അതൊരു ദു:സ്വാതന്ത്ര്യമായി തോന്നിയോ? ' ഞാന്‍: (ആത്മഗതം) 'ഇയ്യാള്‍ പുലിയാണ്. പ്രായോഗിക മനശാസ്ത്രവും, വിപണന തന്ത്രവും ഒക്കെ ഹൃദിസ്ഥം.; (പ്രകാശം) ' തീര്‍ച്ചയായും ഇല്ല. എന്റെ കമ്മന്റ് വായിച്ചപ്പോള്‍ അങ്ങിനെ തോന്നിയോ?. എങ്കില്‍ ക്ഷമാപണം. 'ഇട്ടില്‍ കട്ടിലായും, പുലി പൂസികനായും, ദംശനം സ്പര്‍ശനമായും' സംഭവിക്കാവുന്ന കാലമാണ്. അല്ലെങ്കില്‍ 'അഭിസാരിക കറിവേപ്പിലയായും'. സരസസ്വതിയോട് ലോഹ്യമില്ലാത്തത് കൊണ്ട് അവള്‍ 'നിത്യത്വം' 'നിദ്രത്വം' ആക്കി മാറ്റിക്കളയും ചിലപ്പോള്‍. തെറ്റിദ്ധരിക്കരുത്. സ.കൊ. ക്ഷമാപണം തള്ളിക്കളഞ്ഞിരിക്കുന്നു -:)) മുകളില്‍ എഴുതിയിരിക്കുന്ന ഈ comment ഒന്നുമതി എഴുത്തിനെ വിലയിരുത്താന്‍ -ഇന്നല്ലെങ്കില്‍ നാളെ --പഴയ പരസ്യത്തില്‍ പറഞ്ഞ പോലെ 'നാന്‍ കാത്തിര്പ്പേ ന്‍!' ഞാന്‍ വിചാരിച്ചു, സംഗതി കുഴഞ്ഞു. 'ആറട്ടെ കഞ്ഞി ആറു മാസം' എന്ന് പറഞ്ഞ പിശുക്കനോട് 'ഊന്നട്ടെ ചന്തി പന്തീരാണ്ടു' എന്ന് പറഞ്ഞ അറുപിശുക്കന്റെ ശിഷ്യനാണ് സ.കൊ. തപ്പിക്ക മുടിയാത്. യമന്‍ തമിഴിലും കൊലയാളിയാണ്. ഞാന്‍: 'എങ്കള്ക്കും കാലം വരും, കാലം വന്താല്‍..... ..' (ആത്മഗതം) 'ഉടന്‍ മുങ്ങും.' സ.കൊ.: ... വാഴ്വ് വരും ---വാഴ്വ് വന്താല്‍ അനൈവരെയും വാഴ കൃഷിയിലേയ്ക്ക് നയിക്കും' --- (ആത്മഗതം) 'കളി കയ്യിലിരിക്കട്ടെ മോനെ.' സഖാവ് കൊത്തനൂര്‍ ഈ റൌണ്ടില്‍ തന്നെ അടിച്ചു ഫ്ലാറ്റ് ആക്കി എന്ന തിരിച്ചറിവില്‍ ഒരു വളിപ്പന്‍ ചിരിയോടെ ഞാന്‍ പറഞ്ഞു: ഞാന്‍: 'ഹ, ഹാ ഹാ. കാറ്റ് വീഴ്ച ശ്രദ്ധിക്കണം.' സ.കൊ.വിന്റെ ഓർമക്ക് ഒരു കുഴപ്പവും ഇല്ലാതെ കുറച്ചു ദിവസങ്ങള്‍ കൂടി കടന്നു പോയി. ഭീതിയുടെ ദിനങ്ങള്‍ ആയിരുന്നു അവ എനിക്ക് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അടുത്ത മിസ്സൈല്‍ മങ്‌ഗ്ലിഷില്‍ ആയിരുന്നു: ഏപ്രില്‍ 15 സ.കൊ.' മലയാളനാട് വാരികക്ക് വേണ്ടി എന്തെങ്കിലും എഴുതുന്നതിനെ കുറിച്ച് ചിന്തിച്ചോ? വാരികയില്‍ പ്രസിദ്ധീകരിച്ചതിനു ശേഷം സൗകര്യം പോലെ അതിനെ ബ്ലോഗീകരിക്കാമല്ലോ.' ഞാന്‍: (ആത്മഗതം) 'മോനെ, രാജു , നിനക്കായി ഒരു വാതിലും തുറന്നിരിക്കുന്നില്ല. പതിനാലു നായയും പുലിയും കളിയില്‍ നിന്നെ ബന്ധിച്ചിരിക്കുന്നു.' വംഗ സിലിമാക്കളി ' ബാഘ് ബന്ധി ഖേലാ'യിലെ ഉത്തംകുമാറാണ് ഇപ്പോള്‍ നീ . തപ്പിക്ക മുടിയാത്. (പ്രകാശം) 'ശ്രമിക്കാം. ഞാന്‍ ഒരു എഴുത്തുകാരന്‍ അല്ല എന്ന് അറിയാമല്ലോ.എന്തെങ്കിലും ചവര്‍ എഴുതി അയക്കാന്‍ പറ്റില്ലല്ലോ. അങ്ങിനെയിരിക്കെ വല്ലതും സംഭവിച്ചേക്കാം. നാട്യം ഒന്നുമല്ല.' സ.കൊ : 'ഇവിടെ കണ്ടിട്ടുള്ളതൊന്നും ചവറല്ല. താങ്കള്‍ എഴുതുന്ന രീതിയും അവയ്ക്ക് സ്വീകരിക്കുന്ന വിഷയങ്ങളും എന്നും നന്നായി തോന്നിയിട്ടുണ്ട്. ഞാന്‍ ഒരു 'കോഴി' ഫാന്‍ ആണ്. '(ആത്മഗതം) 'തന്നെ പോലെ എത്ര എണ്ണത്തിനെ കണ്ടിട്ടുണ്ട്. വേല വേലായുധനോടോ?' ഞാന്‍: 'മലയാളനാട് വാരിക നന്നാകുന്നുണ്ട്.' (ആത്മഗതം) 'താനെത്രത്തോളം പൊങ്ങും എന്നറിയണമല്ലോ. 'സ.കൊ: 'എല്ലാം ഒരു കൂട്ടം ഉത്സാഹികളുടെ വിയര്‍പ്പ്.' (ആത്മഗതം) മനസ്സില്‍ വെച്ചാല്‍ മതി. "വിനയം കൊത്തനൂര്‍ കുത്തക." ഞാനും വിചാരിച്ചു. ഒരുത്തന്‍, അയാള്‍ പത്രാധിപനും മാന്യനും ആയിരുന്നാല്‍ പോലും, കാലം മോശമാവുമ്പോള്‍ ബുദ്ധിയും വിപരീതമാവും. സ്വര്‍ണമാന്‍ അസംഭവമാണെന്നറിഞ്ഞിട്ടു കൂടി ഒരു പെണ്‍കോന്തന്‍ അതിന്നു പിന്നാലെ ഓടിയില്ലേ? എന്റെ പെന്നു കൊണ്ടാണ് ഒരാളുടെ പത്രാധിപ ജീവിതാന്ത്യം എന്ന് നോസ്ട്രഡാമസ് പ്രവചിചിട്ടുണ്ടെങ്കില്‍ അങ്ങിനെ തന്നെ സംഭവിക്കട്ടെ. അനിവാര്യതയെ കുറിച്ചുള്ള ഈ തത്ത്വ ചിന്തകളെല്ലാം മനസ്സില്‍ കറങ്ങി നടന്നിട്ടും, എഴുതുവാനായി പെന്നെടുത്തപ്പോള്‍ 'off with his head' എന്ന് എഴുതാന്‍ പോകുന്ന ഒരു പ്രതീതി ആയിരുന്നു. പിന്നെ തോന്നി 'Comma kills a person' എന്നാണല്ലോ നാട്ടുനടപ്പ്. രക്ഷപ്പെടാന്‍ വല്ല കോമയും സഖാവ് അടിച്ചു മാറ്റിക്കാണും . എന്തൊക്കെയോ എഴുതി ഈമെയിലില്‍ സ.കൊവിന്റെ അകപ്പെട്ടിയില്‍ നിക്ഷേപിച്ചു. ഏപ്രില്‍ 20 സ.കൊ: ' സാഹിത്യം ഒന്ന് കോപി ചെയ്തു എന്റെ ഈമെയിലിലേക്ക് അയക്കാമോ?' ഞാന്‍: ' സംഭവം കുറച്ചു നേരമായി താങ്കളുടെ അകപ്പെട്ടിയില്‍ വിശ്രമിക്കുന്നുണ്ട്'. കുറച്ചു സമയത്തിനു ശേഷം: സ.കൊ : 'കിട്ടിയും വായിച്ചും ബോധ്യപ്പെട്ടു. വാരികക്ക് അയച്ച് കൈ കഴുകി.' ഞാന്‍: (ആത്മഗതം) ' കൈ കഴുകിയത് നന്നായി, പിലാത്തോസ്. ഞാന്‍ അത് ആദ്യം ചെയ്തതാണ്. (പ്രകാശം) ഞാന്‍ ഒരു ദൂര യാത്രക്ക് പോകുകയാണ്. സ.കൊ: 'അതെയോ. ഈമെയിലില്‍ സമ്പര്‍ക്കം പുലര്‍ത്താം.' (ആത്മഗതം) 'ഓന്ത് ഓടിയാല്‍ ഏതു വരെ ഓടും ' ഞാന്‍: 'ഇനി ഒരു കഥാ പ്രസംഗം ചെയ്യാന്‍ എന്നെ കൊണ്ട് പറ്റില്ല'. സ.കൊ: ' സാരമില്ല. ഞാനും പത്രാധിപ സ്ഥാനം ഒഴിഞ്ഞു. താങ്കള്‍ക്കു എഴുതിയ പോലെ പലര്‍ക്കും എഴുതിയിരുന്നു. താങ്കള്‍ക്കു മനസ്സിലാവില്ല ഒരു പത്രാധിപന്റെ അസ്തിത്വ ദു:ഖം.' ഞാന്‍: ' എന്നിട്ട് പലരും കൃതികള്‍ അയച്ചു തന്നോ?' സ.കൊ: ' ധാരാളം. താങ്കള്‍ പറഞ്ഞ ഒരു കാര്യം ശരിയാണ്. താങ്കളുടെ കൃതി ചവറു തന്നെയാണ്. വെറുതെ ക്ഷണിച്ചു വാങ്ങിയ ഒരു ക്ഷണനം.'

പുതുമനരഹസ്യം --- രാജഗോപാലന്‍ കോഴിപ്പുറത്ത്

പകുതി വഴി പിന്നിട്ടപ്പോഴാണ് ശാസ്ത്രബോധം തെളിഞ്ഞത് . ' ക്ഷേത്ര ദേവത , ഗുരു ,വൃദ്ധൻ , രോഗി , ഗർഭിണി, കുട്ടികൾ എന്നിവരെ കാണാൻ പോകുമ്പോൾ വെറും കയ്യോടെ പോകരുത്.' കാണാൻ പോകുന്ന പൂരം പിറന്ന പുരുഷൻ ഭൂമിക്ക് ഭാരം കൂട്ടിയത് സർ വിൻസ്റ്റൻ ചർച്ചിൽ ' ന: ഫക്കീർ സ്വാതന്ത്ര്യമർഹതി ' എന്ന് ഗാന്ധിയോട് പറഞ്ഞതിന്നു തൊട്ടു പിറകാണ് .Ergo , തദ്വാര പഴയ ജ്യോതിഷ ചിട്ടയനുസരിച്ച് പ്രതി ദീർഘായുവായി , ശേഷം ചിന്ത്യം എന്ന സായാഹ്ന കാലഘട്ടത്തിൽ പ്രവേശിച്ചിരിക്കണം . ഇൻ ഷോർട്ട് , സബ്ജക്റ്റ് ഈസ്‌ എ വൃദ്ധൻ , അറ്റ്‌ ലീസ്റ്റ് എ വയോ വൃദ്ധൻ ....കിഴവൻ, തന്തപ്പിടി. കാരണവർ കണക്കു മാഷാണെന്ന കേൾവി കലശലായുണ്ട് . അതുകൊണ്ട് തന്നെ "ഞാൻ ഗുരുനാഥൻ , ലോകം എൻറെ തറവാട്ടിലെ മുത്തു ചിപ്പി , ബാക്കി മുയ്മൻ വെറും പുൽകളും ,പുഴുക്കളും ' എന്ന് കരുതാൻ സാധ്യതയുണ്ട് . മുഖപുസ്തകത്തിൽ നിന്നും അറിഞ്ഞപ്രകാരം കുറച്ചു ദിവസങ്ങളായി അവശകലാകാരനുമാണ് .ഗർഭിണി അല്ലെങ്കിലും കുട്ടിത്തം തീരെ ഇല്ല എന്ന് പറഞ്ഞു കൂടാ. വാർദ്ധക്യം രണ്ടാം ബാല്യം തന്നെ ആണല്ലോ. ചുരുക്കത്തിൽ ആറിൽ നാലു പൊരുത്തം ഉറപ്പ് . അറ്റ കൈക്ക് കൂടി വെറും കയ്യോടെ കാണാൻ ചെല്ലുന്നത് ഒരു കടുംകൈ ആയിരിക്കും എന്നൊരു ചിന്ത മനസ്സിലുദിച്ചു. ഉദിച്ച ചിന്ത ക്ഷണം ബലപ്പെട്ട് മധ്യാഹ്ന സൂരി നമ്പൂതിരിയുമായി . ഉടൻ കാർ നിർത്തി . റോഡരികിൽ പഴ കച്ചവടം നടത്തുന്ന ഒരു ' അദ്ധ്വാനി ' യെ സമീപിച്ചു. അദ്വാനി വള്ളത്തോളായി . മുഖമുയർത്തി നിശ്ശബ്ദം ചോദിച്ചു: ' താഴത്തേക്കെന്തിത്ര സൂക്ഷിച്ചു നോക്കുന്നു കാരണവരേ നിങ്ങൾ നിശ്ചലനായ് ' വിവിധതരം പഴവർഗങ്ങളെ ചൂണ്ടി തിരിച്ചു കൊത്തി : 'ഭംഗമാർന്നൂഴിയിൽ വീണതാണോ പൊട്ടിച്ചെടുത്താണോ ?' 'AAP യെക്കാൾ ഫ്രെഷ് ആണ് '. അദ്വാനി പറഞ്ഞു .പിന്നെ ഒരു ഫോളോ അപ്പ് ചോദ്യം . 'ഒരു അഞ്ചു കിലോ എടുത്തോട്ടെ '. മെഷ്ട്രടെ വീട്ടില് നിന്ന് ഒരു കാപ്പിയെങ്കിലും തരാവാനുള്ള പ്രൊബബിലിറ്റി മനസ്സിൽ കൂട്ടി . മുജ്ജന്മ കടത്തിൽ നിന്ന് പഴവർഗത്തിന്റെ വില കുറച്ചു പ്രിസംപ്ടിവ് ലോസ് കണക്കാക്കി. ഒരു മൂന്നു തരം പഴം ഒരു കിലോ വീതം മൂന്നു തരം പറഞ്ഞു കച്ചവടം ഉറപ്പിച്ചു. അദ്ധ്വാനിക്കുള്ളത് അദ്വാനിക്കും കണക്ക പിള്ളക്കുള്ളത് കണക്കപിള്ളക്കും എന്ന് ലാറ്റിനിൽ ചിന്തിച്ചു സമാധാനിച്ചു. അപ്പൊ മാണിക്കോ? എന്ന് ആരോ ചോദിച്ചത് കേട്ടില്ല എന്ന് നടിച്ച് കാർ സ്റ്റാർട്ടാക്കി . An inconvenient question എഞ്ചിൻ ശബ്ദത്തിൽ മുങ്ങി പോയി. മുങ്ങിയവൻ പിന്നെ Question Hour ൽ പൊന്തി. അചിരേണ ശകടം പുട്ടണ്ണ നഗരത്തിൽ ഓടി കൊണ്ട് തന്നെ പ്രവേശിച്ചു. രാവിലെ പുട്ട് കഴിച്ചത് കൊണ്ടായിരിക്കണം യാത്രാ വിഘ്നങ്ങൾ ഒന്നും തരായില്ല. ഗെയ്റ്റിൽ കാവൽ നിന്നിരുന്ന കന്നഡ ചാത്തൻ ദൂത് ചൊല്ലി അകത്ത് കയറ്റി. കണക്കപ്പിള്ളയുടെ ഒളിത്താവളം ഒരറ്റത്തായിരുന്നു . കാർ നിർത്താൻ പാകത്തിൽ അയൽവാസി വീട് കെട്ടാതെ സ്ഥലം ഒഴിച്ചിട്ടിരുന്നു. അതോ പിള്ളപ്പനി പേടിച്ചു ഓടിപ്പോയതാണോ എന്നറിയില്ല . ഒന്നാം നിലയിൽ കയറിപ്പറ്റി കാളിംഗ് ബെല്ലിൽ വിരലമർത്തി . അകത്തു നിന്ന് ചില അനക്കങ്ങൾ. കുറച്ചു കഴിഞ്ഞു ശീവേലി കഴിഞ്ഞു ശ്രീകോവിൽ എന്ന പോലെ വാതിൽ മലക്കെ തുറന്ന് വാക്കർ മുന്നിലും പ്രതി പിന്നിലുമായി പ്രവേശിച്ചു . തൊട്ടു പിന്നിൽ ഭാര്യ. പല പോസിലും Mug Photos 'മുഖദാവി'ൽ ധാരാളം കണ്ടിട്ടുള്ളത് കൊണ്ട് തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല. സ്വയം പരിചയപ്പെടുത്തി. വരൂ അകത്തേക്ക് വരൂ എന്ന് ക്ഷണിച്ചു കൊണ്ട് ' വാക്കറിൽ ' കുത്തി തിരിഞ്ഞു. ബാലെ ആയിരുന്നെങ്കിൽ 'ഫൊയ്റ്റെ ' എന്ന് പറയാവുന്ന ഒരു സ്റ്റെപ്പ് . എന്നിട്ട് മുന്നിൽ അകത്തേക്ക് നടന്നു. 'ഗജരാജ വിരാജിത മന്ദഗതി' എന്ന് പറഞ്ഞു കൂടാ. കൂച്ചു ചങ്ങല ചുരുക്കിക്കെട്ടിയ ഒരു ആന നടത്തം എന്ന് പറയാം. 'ഓരണ്ട് രണ്ട്, ഈരണ്ട് നാല് ' എന്ന് ഒരു ഗുണകോഷ്ടം ചെല്ലുന്നത് പോലെ ...ഗണിതാത്മകമായി . Measured Gait .ഒരു ആനച്ചന്തം ഉണ്ടെന്നു വേണമെങ്കിൽ പറയാം. പഴ വർഗ്ഗങ്ങൾ മേശയിൽ വെച്ചു. രോഗ വിവരം അറിയാമെങ്കിലും ചോദിച്ചു : "എന്ത് പറ്റി ?" "സ്കൂട്ടറിന്നു മുന്നിൽ ഒരു പട്ടി ചാടിയതാണ് " "ആണ്‍പട്ടിയോ പെണ്‍പട്ടിയോ ?" " തേർഡ് ജെൻഡർ ആണെന്നാണ്‌ തോന്നുന്നത്" "വംശാവലി?" "ക്യാനിസ് ലൂപസ് ഫമിലിയാറിസ് - പാളയം -രാജപാളയം -ഖലാസിപാളയം " "ശുനകൻ ചാലേ വലത്തൊട്ടൊഴിഞ്ഞോ അതോ ഇടത്തോട്ടൊ ഴിഞ്ഞോ ?" "ഇടത്തോട്ടാണെന്നു തോന്നുന്നു." "അത് നല്ല ഒരു ശകുനമല്ല. ചകോരം, ശുനകൻ എന്നിവ ഇടത്തോട്ടൊഴിയണം എന്നാണു നതോന്നത പറയുന്നത്. ഉടനടി വണ്ടി നിർത്തണമായിരുന്നു " അവശ കലാകാരൻറെ മുഖം തുടുത്തപ്പോൾ സംഭാഷണത്തിന്നു ഒരു ബ്രെയ്ക്ക് കൊടുത്തു ദേ വരാൻ , ദേ പോയില്ല.. കലാകാരൻ തിരിച്ചടിക്കാൻ തീരുമാനിച്ചപോലെ ചോദിച്ചു: ''എന്താ ഒരു നടപ്പ് ദൂഷ്യം" ' 'അത് നട്ടെല്ലിൽ കാൽസിഫികേഷൻ ആണ്'" ''ചികിൽസിച്ചില്ലെ '' ''എന്ത് കൊണ്ടാണ് ഇത് ഉണ്ടാവുന്നത് എന്ന് ഡോക്ടർമാർക്ക് അറിയില്ല''. ''ആയുർവേദം നോക്കായിരുന്നില്ലേ ?'' മാഷ്‌ വിടാൻ ഭാവമില്ല. ചൂടുള്ള പുലിപ്പാൽ ഒരു ഗ്ലാസ്സ് കിടക്കുന്നതിനു മുൻപ് കഴിക്കാൻ പറയുമോ എന്ന് പേടിച്ചു. അയ്യപ്പൻറെ കാലത്തെ പോലെ അത്ര പെട്ടെന്ന് പുലിയെ പിടിക്കാൻ ഫോറസ്റ്റ്കാർ സമ്മതിക്കുകയുമില്ല. വിഷയം മാറ്റുക തന്നെ. "മാഷ്‌ വിക്ടോറിയ കോളേജിൽ എതു കൊല്ലമാണ് പഠിച്ചിരുന്നത്?" '"ഞാൻ 69 ൽ ബിരുദം എടുത്തു " രക്ഷപ്പെട്ടു .ഞാൻ അതിന്നു വർഷങ്ങൾക്ക് മുൻപ് സ്ഥലംകാലിയാക്കിയിരുന്നു. "മാഷ്‌ ഇപ്പോൾ എന്താ ചെയ്യുന്നത് . " " കുറച്ചു കുട്ടികൾക്ക് കണക്കു പഠിപ്പിക്കുന്നുണ്ട് . കൂടാതെ ഒരു ഗൈഡ് എഴുതി ക്കൊണ്ടിരിക്കുകയാണ് " വിക്ടോറിയയിൽ വൈത്തി മാഷ്‌ പറയാറുള്ളത് മനസ്സിൽ വന്നു : '90%ഓഫ് ദി ഗൈഡ്സ് മിസ്‌ഗൈഡ് യു .' ഒരു ശിഷ്യൻ അതിൽ, റിസർവ് ബാങ്ക് പറയുന്നത് പോലെ, ഏതാനും ബേസിസ് പൊയന്റ്സ് കൂട്ടി ചേർക്കുകയാണെങ്കിൽ നല്ലത് തന്നെ. പിന്നെയും മാഷ്‌ എനിക്ക് ചികിത്സ നിർദേശിക്കാൻ തുടങ്ങിയപ്പോൾ പറഞ്ഞു. "മാഷേ , സംഗതി അത്രയ്ക്കൊന്നും കുഴപ്പക്കാരനല്ല. ഒരു ശ്ലോകം കേട്ടിട്ടുണ്ടോ? അംബ! ഗൂഡൂ നിര്യാതൗ മമ വക്ഷസി കാപി വേദനാ നാസ്തി പുത്രൈ ര്യഷാ പ്രകൃതിരഹോ യ : പശ്യതി വേദനാ തസ്യ ( അമ്മെ! എന്റെ മാറിൽ രണ്ടു കുരുക്കൾ പുറപ്പെട്ടിരിക്കുന്നു .വേദനയില്ല. മകളേ ഇത് അതിന്റെ സ്വഭാവമാണ്. കാണുന്നവർക്കാണ് അതിന്റെ വേദന ) അത് പോലെ എന്റെ അസുഖത്തിന്റെ വേദന കാണുന്നവർക്കാണ്." വിശദീകരണം ബോധിച്ചുവെന്നു തോന്നുന്നു. പിന്നീട് ചികിത്സാവിധികൾ ഉണ്ടായില്ല. സന്ദർശന സമയം കഴിയാറായി. പതുക്കെ എഴുനേറ്റു. മാഷ്‌ പറഞ്ഞു : " സന്ദർശനം വളരെ ഹ്രസ്വമായി. " "മാഷ്‌ വിക്ടോറിയയിലല്ലേ പഠിച്ചത്. 'മോട്ടോ ' ഓർക്കുന്നുണ്ടോ ?" " പെട്ടെന്ന് ഓർമ്മ വരുന്നില്ല " "എങ്കിൽ വല്ലപ്പോഴും ഓർത്താൽ മുഷിയില്ല. അർത്ഥം ഗ്രഹിച്ചാൽ കേമായി. Labuntur et imputantur ." വാൽകഷണം : നല്ല ഒരു കാപ്പി കിട്ടി എന്നതും മടങ്ങുന്ന വഴി ഒരു വാൽ മുറിഞ്ഞ നായയെ കണ്ടുവെന്നതും വാൽകഷണങ്ങൾ .

ലോകാവസാനപ്പിറ്റേന്ന് ---- രാജഗോപാലന്‍ കോഴിപ്പുറത്ത്

(കഥയുടെ ബീജം മോഷണമാണെന്ന് ആദ്യം തന്നെ സമ്മതിക്കുന്നുണ്ട്. ചില നര്‍മ്മങ്ങള്‍ ഒരു പക്ഷെ എന്റെതായിക്കൂടെന്നില്ല. രാജഗോപാല്‍.) ( 'വിവാഹപിറ്റേന്നു' എന്ന രസകരമായ 'ക്രൂരത' ഓര്‍ത്തു കൊണ്ട്, ക്ഷമാപണത്തോട് കൂടി) വടക്കേ കൊട്ടാരത്തില്‍ നാണു നായര്‍ പതിവ് പോലെ കേസ് സ്വയം വാദിക്കാന്‍ തീരുമാനിച്ചു. പതിവ് പോലെ കേസ് വാദിക്കാന്‍ മുന്നോട്ടു വന്ന വക്കീലന്മാര്‍ നാണു നായരാണ് വാദി എന്നറിഞ്ഞപ്പോള്‍ പുറകോട്ടു പോയി ബെഞ്ച് ഗുമസ്തന്മാരായി. നായരുട്ടി സ്വയം കേസ് വാദിക്കാന്‍ കോടതിയുടെ സമ്മതത്തിന്നായി കയ്യില്‍ കരുതിയിരുന്ന നിയമഭാഷയുടെ പരിവേഷം എടുത്തു ചാര്‍ത്തി പ്രാര്‍ഥിച്ചു. കോടതി ചോദിച്ചു; "ശരിക്കും വടക്കേ കൊട്ടാരത്തിലാണോ ജനനം?" "കുറച്ചു കിഴക്ക് മാറി ആയിരുന്നു തിരുപ്പിറവി എന്ന് ഒരു പ്രൊഫസ്സര്‍ മനോരമയില്‍ ഇയ്യിടെ ഗവേഷിച്ചിരുന്നു." "അപ്പോള്‍ ഏറിയാല്‍ വടക്ക് കിഴക്കേ കൊട്ടാരത്തില്‍ നാണു നായര്‍, അല്ലെ?" "തന്നെ, തന്നെ. ഈശാന കോണ്‍ കടക്കില്ല." "പ്രൊഫസ്സര്‍ അങ്ങിനെ ഗവേഷിക്കാന്‍ കാരണം?" "അവതാരങ്ങള്‍ വടക്ക് ജനിച്ച്‌ കാര്യങ്ങള്‍ ബെടക്കാക്കാറില്ലത്രേ?" കോടതിക്ക് ആ വാദം ബോധിച്ചു. നടപ്പ് 'ദീനം' പോലെ ഒരു ജൂഡിഷ്യല്‍ റിമാര്‍ക്ക് പാസ്സാക്കി: "പ്രതിക്ക് ഗവേഷിച്ചതിന്നു പി.എച്ച്.ഡി തരായിക്കാണും." "മലയാള സര്‍വകലാശാലയുടെ ആദ്യത്തെ പട്ടം മൂപ്പരായിരിക്കും പറപ്പിക്കുക എന്ന് കേട്ടു." കോടതി: "ശരിയാണോ?" "റബ്ബാണെ സത്യം" "വാദി ആയ താന്‍ നായര് തന്നെ ആണോ ?" "പുറത്തു ചാര്‍ന്ന നായര്‍, യുവര്‍ ഓണര്‍. ജന്മിയും കരയോഗക്കാരനും ആകുന്നതിനു മുന്‍പ് കന്നു പൂട്ടല്‍ ആയിരുന്നു കുല ത്തൊഴില്‍.." അനന്തരം കോടതി നടപടി ക്രമങ്ങളിലേക്ക് പ്രവേശിച്ചു. "പ്രതിയെ വിളിക്കുക" കോടതി ആജ്ഞാപിച്ചു. കോടതി ശിപായി പത്രോസ് വൈദ്യന്‍ മൂന്നു വട്ടം കൂകി. "സഖാവ് കൊത്തനൂര്‍ ഹാജരുണ്ടോ, ഹാജരുണ്ടോ, ഹാജരുണ്ടോ?" പിന്നെ മൂന്നു വട്ടം സഖാവിനെ തള്ളി പറഞ്ഞു. അപ്പോള്‍ പുറത്തു എവിടെയോ ഒരു കോഴി കൂകി. നാണു നായര്‍ എന്ന പുറത്തു ചാര്‍ന്ന നായര്‍ കോടതിയെ ബോധിപ്പിച്ചു: "യുവര്‍ ഓണര്‍! ഘാതുകന്‍ ഈ കോടതിയില്‍ ഹാജരാവുകയില്ല." "കാരണം?" "ഈ കോടതിയുടെ അധികാര പരിധിക്കപ്പുറത്താണ് സംഭവത്തിന്റെ തുടക്കം എന്നാണു നീചന്റെ വാദം." "കോടതി സമ്മന്‍സ് അയക്കും അത് കൈപ്പറ്റിയില്ലെങ്കില്‍ വാറന്‍റ് അയക്കും" "പ്രതി ഹാജരാവില്ല യുവര്‍ ഓണര്‍. അതിന്നു 'പ്രീസിഡെന്‍സ്' ഇല്ല. ഘാതുകന്റെ നടുപ്പേര് 'കൊട്ടറോച്ചി' എന്നാണ്." "എന്നാല്‍ വാറന്റ് ഓഫ് പ്രീസിഡെന്‍സ് അയച്ചാലോ? " നായര്‍ വായ പൊത്തി ചിരിച്ചതായ്‌ നടിച്ചു. "ഏതു കോടതിയുടെ പരിധിയിലാണ് മൂല കാരണം നടന്നത്.. Original cause of action?" "ഇന്ന് നിലവിലുള്ള മെക്സിക്കോ, ഗോട്ടിമാല എന്നീ രാജ്യങ്ങള്‍ക്ക് മുന്‍പ് അവിടെ നില നിന്നിരുന്ന മയന്‍ സാമ്രാജ്യത്തിലാണ് പീഡനത്തിന്നുപയോഗിച്ച മാരകായുധം നിര്‍മ്മിച്ചത് . അത് കൊണ്ട് ഹൈഗിലെ കോടതിക്കേ ജൂറിസ്ഡിക്ഷന്‍ ഉള്ളു എന്നാണു വരട്ടു വാദം." "നല്ലവണ്ണം വരട്ടിയിട്ടുണ്ടോ?" "സുമാര്‍." "പ്രതി മയാസുരന്റെ ബന്ധുവാണോ?" "ആ സാധ്യത തള്ളിക്കളയാന്‍ പറ്റില്ല, യുവര്‍ ഓണര്‍." കേസ് എക്സ് പാര്‍ട്ടി ആയി തുടരാനും നടപടി ക്രമങ്ങള്‍ രേഖപ്പെടുത്തി തപാലില്‍ പ്രതിക്ക് അയച്ചു കൊടുക്കാനും കല്പന ആയി. പിന്നെ മൂത്ര ശങ്ക കൂടി തീര്‍ക്കാതെ അതി വേഗ കോടതി ബഹുദൂരം മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. "ആദ്യത്തെ സാക്ഷിയെ വിളിക്കാം." കോടതി ആജ്ഞാപിച്ചു. ആദ്യ സാക്ഷിയായി വാദി സ്വയം കൂട്ടില്‍ കയറി നിന്നു, സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ എന്ന് രാമ ലിംഗ രാജുവിന്റെ പേരില്‍ സത്യം ചെയ്തു. പിന്നെ ബോധിപ്പിച്ചു. "യുവര്‍ ഓണര്‍. വാദിയായ ഞാന്‍ പോയ കന്നി, തുലാം മാസങ്ങളില്‍, കന്നി മാസത്തില്‍ നേരമ്പോക്കും തുലാത്തില്‍ തേച്ചു കുളിയുമായി ഭാര്യവീട്ടില്‍ ഉണ്ണായി വാരിയര്‍ ആയി സ്വസ്ഥം ഗൃഹഭരണം നടത്തുകയായിരുന്നു.തെളിവായി 'ജോലി- സ്വസ്ഥം' എന്ന് രേഖപ്പെടുത്തിയിട്ടുള്ള റേഷന്‍കാര്‍ഡ്‌ ഹാജരാക്കുന്നു." ബെഞ്ച് ഗുമസ്തന്‍ തെളിവ് സ്വീകരിച്ചു തൊണ്ടിപ്പഴം ഒന്ന് എന്ന് രേഖപ്പെടുത്തി. "ടിയാന്‍ അങ്ങിനെ കളിയും കുളിയുമായി കൈവശ മുതലുകള്‍ സ്വസ്ഥമായി അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ ഘാതുകന്‍ സംഘം ചേര്‍ന്ന് ഗൂഢാലോചന നടത്തുക ആയിരുന്നു." "ആരോപണത്തിനു തെളിവുണ്ടോ?'" കോടതി . " ഉണ്ട് യുവര്‍ ഓണര്‍. മുഖ പുസ്തകത്തില്‍ ഘാതുകന്‍ സംഘാംഗങ്ങളുമായി കൈമാറിയ രഹസ്യ ചര്‍ച്ചകളുടെ 'കാപ്പി' തിരോന്തപുരം സൈബര്‍ സെല്ലില്‍ നിന്നും കിട്ടിയത് തെളിവായി ഹാജരാക്കുന്നു." രേഖകള്‍ മേടിച്ചു ഗുമസ്തന്‍ തൊണ്ടിപ്പഴം രണ്ട് എന്ന് രേഖപ്പെടുത്തി. നായരുട്ടി വാദം തുടര്‍ന്നു .: "യുവര്‍ ഓണര്‍. മാഞ്ചിയം- തേക്ക്- ആടുവളര്‍ത്തല്‍ കൃഷിക്കാരന്‍ കൂടി ആയ ഘാതുകന്‍ ഒരു പത്രാധിപര്‍ കൂടിയാണെന്ന് നടിക്കാറുണ്ട്. തുലാം അവസാനത്തോട് കൂടി അയാള്‍ കലണ്ടര്‍ വില്പന തുടങ്ങി." "മൊത്തമായോ ചില്ലറയായോ?" "സര്‍ക്കാരറിയാതെ വിദേശ നിക്ഷേപത്തോട് കൂടി ചില്ലറ വില്പനയും ഉണ്ടായിരുന്നു എന്നാണു കേള്‍വി." "ഏതു കലണ്ടര്‍. കോട്ടയം വിരചിതമോ കോഴിക്കോട്‌ വിരചിതമോ ?"' "മയാസുര വിരചിതമാണെന്നു പ്രതി തെറ്റിദ്ധരിപ്പിച്ചു. ' കലണ്ടര്‍ എന്നാല്‍ മയാസുര കലണ്ടര്‍ തന്നെ' എന്ന് സിനിമാ നടന്മാരെ കൊണ്ട് പറയിപ്പിച്ചു. പ്രതി പ്രലോഭനങ്ങളിളുടെയും ഭീഷണിപ്പെടുത്തിയും കലണ്ടറിന്റെ പത്തു 'കാപ്പി ' എന്നെ കൊണ്ടും മേടിപ്പിച്ചു. ഡിസംബര്‍ 21 നു വൈകുന്നേരം 4.21മണിക്ക് ലോകം അവസാനിക്കും എന്ന് തെറ്റിദ്ധരിപ്പിച്ചു." "ഇതിനു മുന്‍പും ലോകം അവസാനിച്ചിട്ടുണ്ടല്ലോ " കോടതി. "ഉവ്വ് യുവര്‍ ഓണര്‍. അതൊക്കെ നമ്മുടെ നാടന്‍ ഗ്രഹങ്ങളുടെ ചാരവശാല്‍ സംഭവിച്ചതാണ്. ഒരു തരം ഗ്രഹണി. അതിനൊക്കെ മരുന്ന് ആറ്റുകാലും കുടമാളൂരുമൊക്കെ കിട്ടുമായിരുന്നു. ഇവന്‍ വിദേശിയും പുരാതനനും അലംഘനീയനും ആണെന്ന് ഘാതുകന്‍ തെറ്റിദ്ധരിപ്പിച്ചു." "അത് കൊണ്ട് വന്ന നഷ്ട കഷ്ടങ്ങളുടെ കണക്ക് ഹാജരാക്കണം." "ലോകം അവസാനിക്കാന്‍ പോകുന്നത് കൊണ്ട് കടം വാങ്ങി ആഘോഷിക്കാന്‍ പ്രേരിപ്പിച്ചു. പ്രതിയുടെ വാക്കുകള്‍ വിശ്വസിച്ചു ബ്ലേഡ് കമ്പനികളില്‍ നിന്ന് കടമെടുത്തു വേശമണിക്ക് വൈരക്കമ്മല്‍ പണിയിച്ചു. ചിന്ന വീട് പുതുക്കി പണിതു. 21ന്നു പുലരും മുതല്‍ സ്കോട്ച് കുടിച്ചു ഉച്ചയോടു കൂടി പൂസായി. ലോകാവസാന പിറ്റേന്നാണ് ഉണര്‍ന്നത്. വലിയ ഉന്മേഷത്തോട് കൂടി ആയിരുന്നില്ല. സ്വര്‍ഗ്ഗ ദര്‍ശനത്തിന്നായി കണ്ണ് തുറന്നു നോക്കിയപ്പോള്‍ ഒരു ലോകം മുയ്മനും ബാക്കി. കണ്ണ് തിരുമ്മി വീണ്ടും നോക്കി. കയ്യില്‍ നുള്ളി നോക്കി സ്വപ്നം ഒന്നും അല്ല. ഭാസ്കര്‍ജി ആകാശത്തിലും മിസ്സിസ് ഭൂദേവി കാല്‍ ചുവട്ടിലും ഉണ്ട്. പിന്നേയും കുളിച്ച്, ഈറന്‍ ഉടുത്ത്, ചന്ദനം തൊട്ട് കഞ്ഞി കുടിച്ച് ഉറങ്ങണം. വാങ്ങിയ കടത്തിന് പലിശ കൊടുക്കണം. വൈകുന്നേരം ഭസ്മം തൊടാന്‍ ബെവ്കോ തുറക്കുമോ ആവോ. മയന്‍മാര്‍ മായം ചേര്‍ക്കാത്ത നുണ പറഞ്ഞു വെച്ചിരിക്കുന്നു. ഭൂലോകത്തില്‍ ബാക്കി വല്ല മയനും ബാക്കി ഉണ്ടെങ്കില്‍ അവനൊക്കെ മിയന്‍മാറില്‍ പോയി 'മിയാന്‍'മാരെ ഉപദ്രവിക്കട്ടെ എന്ന് ശപിച്ചു. ' യുവര്‍ ഓണര്‍, ഞാന്‍ സഖാവ് കൊത്തനൂരിനെ ശപിച്ചില്ല. പക്ഷെ അയാളുടെ കൃരതകള്‍ അപ്പോഴും അവസാനിപ്പിച്ചില്ല. പിറ്റേ ദിവസം രാവിലെ മൊബൈല്‍ ശബ്ദിച്ചു. സംഭാഷണം മുഴുവനായി വായിക്കാം. ["ഹല്ലോ. കൊത്തനൂര്‍ ആണ്. സുഖം തന്നെ അല്ലെ." "ലോകം അവസാനിച്ചില്ലല്ലോ?" "അത് കണക്കില്‍ വന്ന ഒരു ചെറിയ പിഴവാണ്. നമ്മള്‍ ചന്ദ്രവംശകാര്‍ക്ക് ഉത്തരായനം തുടങ്ങുന്നത് മകരം ഒന്നിനാണ്. ജനവരി 14ന്. അന്ന് ലോകത്തിന്റെ പണി തീരും. ഉറപ്പ്." "അപ്പോള്‍ കടം മേടിച്ച പണം മടക്കി കൊടുക്കണ്ട അല്ലെ?" "ഹേയ്! നിങ്ങള്ക്ക് ഭ്രാന്തുണ്ടോ?" "തിരിച്ചു കൊടുത്തില്ലെങ്കില്‍ എന്റെ അവസാനം തീർച്ചയാണെന്നാ ബ്ളെയ്ഡുകാര്‍ പറയുന്നത്." "അതൊക്കെ എന്തെങ്കിലും വഴി കാണും ആട്ടെ, മലയാളനാട് വാര്‍ഷിക പതിപ്പിലേക്ക് എന്തെങ്കിലും......" "അപ്പോഴാണ്‌ യുവര്‍ ഓണര്‍ കേസ് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്" "ഏതു സെക്ഷന്‍ പ്രകാരം?" "Sec.420 യുവര്‍ ഓണര്‍. വിശ്വാസ വഞ്ചന"] വാല്‍കഷ്ണം; കുറച്ച കാലത്തിനു ശേഷം സ്വര്‍ഗത്തിലെക്കൊരു വിസിറ്റിംഗ് വിസ തയ്യാറായി. അവിടെ ചെന്ന് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ മനസ്സിലായി. 21-12-12 ന് കൃത്യം 4.21ന്നു ലോകം അവസാനിച്ചു. പക്ഷെ ഒരു സ്റ്റീവ് ജോബ്‌ 'system restore' അടിച്ച് പടച്ചവന്റെ പ്ലാനെല്ലാം മാറ്റി മറിച്ചു. സഖാവ് വിറ്റഴിച്ച കലണ്ടര്‍ ശരിയായിരുന്നു.

Monday, July 17, 2023

ഇരുട്ടിന്‍റെ നിഴലുകള്‍

ദിവസങ്ങളായി നഗരം ശീതക്കാറ്റില്‍ മരവിച്ച് നിൽക്കുകയാണ്. കോളനിയിലെ ചെറിയ തടാകം ഉറഞ്ഞു കട്ടിയായിരിക്കുന്നു. വീടുകളുടെ മേല്‍ക്കട്ടികളില്‍ നിന്ന് ചുറ്റോടുചുറ്റും ഹിമസൂചികള്‍ തൂങ്ങിനില്‍ക്കുന്നത് കാണാം. മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ മുഴുവനായും വെള്ളപുതച്ച നിലയിലാണ്. നേരെ എതിരെയുള്ള വീട്ടിലെ താമസക്കാര്‍ തോട്ടത്തില്‍ ഐസ് സ്കേറ്റിംഗിനുള്ള റിങ്ക് തയ്യാറാക്കിയിരിക്കുന്നു ! ഏതാനും ദിവസത്തേയ്ക്ക് കൂടി മഞ്ഞുവീഴ്ച ഇതേ നിലയില്‍ തുടരുമെന്നാണ് കാലാവസ്ഥാപ്രവചനം. മകന്‍ വിവേകിനോടൊപ്പം മിനിഞ്ഞാന്ന് രാവിലെയാണ് മനോഹരന്‍ വന്നത്. വെളുത്ത മഴ അപ്പോഴും പെയ്തുകൊണ്ടിരിക്കുകയായിരുന്നു. വിവേക് അജിയുടെ സുഹൃത്താണ്. എന്‍റെ അടുത്ത ചങ്ങാതിയായിരുന്ന മനോഹരനാണ് വിവേകിന്‍റെ അച്ഛന്‍ എന്നും ഒരു മാസമായി അവന്‍ മകനോടൊപ്പം ഇതേ നാട്ടില്‍ ഉണ്ടെന്നും അറിഞ്ഞത് ആകസ്മികമായാണ്. അത്രയുമാണ് അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ കൂടിക്കാഴ്ചയുടെ പശ്ചാത്തലം. ലോകം എത്ര ചെറുതാണ് ! ഓര്‍മ്മകളിലൂടെ ഒരു മടക്കയാത്ര നടത്താന്‍ ഞങ്ങള്‍ക്ക് മാത്രമായി ഒരു പകല്‍ ആയാലോ എന്നൊരാലോചന ഇടയ്ക്കെപ്പോഴോ മനസ്സില്‍ വന്നു. ഒരര്‍ത്ഥത്തില്‍ 'അഭൌമ'മായ, ഈ ചുറ്റുപാടില്‍ അതൊരു രസകരമായ വിനോദമായിരിക്കും എന്ന് ഫോൺ സംഭാഷണത്തിനിടെ മനുവും - അതായിരുന്നു അവന്‍റെ വിളിപ്പേര്- പറഞ്ഞു. റോഡിലൂടെ ഏഴ് മണിക്കൂര്‍ ദൂരെ ഏതോ സുഹൃത്തിന്‍റെ പുതിയ വീടിന്‍റെ പാല് കാച്ചലിന് മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ക്ഷണം കിട്ടിയത് ഒരു സൌകര്യമായി. ക്ഷണം അച്ഛനമ്മമാര്‍ക്കും ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ട് മുതിർന്ന പൗരന്മാര്‍ പഴമ്പുരാണങ്ങളുമായി ഇവിടെത്തന്നെ കൂടാം എന്ന് പറഞ്ഞ് അവരെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. ചോദിച്ചത് ഒരു പകല്‍ - കിട്ടിയത് രണ്ട് മുഴുവൻ ദിവസങ്ങള്‍ ! പോകാനിരുന്നവരെ ജനലിലൂടെ കൈവീശി യാത്രയാക്കി ഞങ്ങള്‍ സ്വീകരണമുറിയില്‍ മുഖാമുഖം ഇരുന്നു. ശരീരത്തിന്‍റെ മാറ്റങ്ങള്‍ക്ക് നേരെ ശബ്ദമുണ്ടാക്കിച്ചിരിച്ചു. മറ്റൊരു ജന്മത്തിൽ നിന്നെന്ന് തോന്നിച്ച പോയകാലജീവിതം അയവിറക്കി. അന്യോന്യം കാണാതെയും അറിയാതെയും ഓര്‍ക്കാതെയും ഇരുന്നപ്പോഴും ഒരേ വായു ശ്വസിച്ച് ഒരേ ആകാശത്തിന് കീഴെ ഒരേ കാലത്തിലൂടെ അവരവരുടെ ഇടങ്ങളില്‍ യാത്ര ചെയ്യുന്നുണ്ടായിരുന്നു എന്ന് അത്ഭുതപ്പെട്ടു. പിരിഞ്ഞതിന് ശേഷമുള്ള ജീവിതം കേള്‍ക്കുകയും കേള്‍പ്പിക്കുകയും ചെയ്തു. ചന്ദ്രശേഖരന്‍, ബാലസുബ്രമണ്യന്‍, രാജേന്ദ്രന്‍, ജനാര്‍ദ്ദനന്‍ .....തുടങ്ങി കളിനിർത്തി അരങ്ങൊഴിഞ്ഞ പൊതുസുഹൃത്തുക്കളെ കുറിച്ചുള്ള ഓർമ്മകളിലൂടെ സഞ്ചരിച്ചു. മക്കളുടേയും പേരമക്കളുടേയും വിശേഷങ്ങള്‍ പങ്ക് വെച്ചു. കടന്നുപോന്ന വഴികളിലെവിടെയോ വെച്ച് അവിശ്വാസിക്കുപ്പായം അഴിച്ചുമാറ്റി തുടങ്ങിയേടത്തേയ്ക്ക് മടങ്ങിയതായി രാമചന്ദ്രന്‍ പറഞ്ഞു. എനിക്ക് പൊയ്പ്പോയ വിശ്വാസം തിരിച്ചുകിട്ടിയില്ല എന്ന് ഞാനും. അപ്പാര്‍ട്ട്മെന്‍റ് കോംപ്ലെക്സിനകത്തെ നടത്തത്തിന് പോലും ഒരുപാട് തയ്യാറെടുപ്പുകള്‍ ആവശ്യമായ ഈ കാലാവസ്ഥയിൽ വീട്ടിനകത്തിരുന്ന് ഓർമ്മ പരീക്ഷിക്കുന്ന ഒരു കളിയിൽ ഏർപ്പെടാമെന്ന് ഒരാഴ്ച മുന്‍പ് ഞാന്‍ നിർദ്ദേശിച്ചിരുന്നു. അതിന്‍റെ വിശദാംശങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. കളി തുടങ്ങുന്നയാള്‍ രണ്ടുപേരും ഭാഗഭാക്കായിരുന്ന ഒരനുഭവം പങ്കിടുന്നു. മറ്റേയാള്‍ക്ക് അത് ഓര്‍ത്തെടുക്കാന്‍ ആകുന്നില്ലെങ്കില്‍ ആദ്യത്തെയാള്‍ക്ക് ഒരു പോയന്‍റ് കിട്ടുന്നു. ജയിച്ചാലും തോറ്റാലും അടുത്ത കഥ പറയുന്നത് രണ്ടാമന്‍. ഒരാള്‍ പങ്കിടുന്ന അനുഭവം മറ്റേയാള്‍ക്ക് ഓര്‍മ്മ വന്നാല്‍ അയാള്‍ക്ക് വിരലുയര്‍ത്തിക്കാണിക്കാം. പക്ഷേ പറഞ്ഞുതീരുന്നതുവരെ ഇടപെടരുത്. സംഭവം രണ്ടുപേര്‍ക്കും മുഴുവനായും ഒരേ തരത്തിൽ ഓര്‍മ്മയുണ്ടെങ്കില്‍ ആര്‍ക്കും പോയന്‍റ് ഇല്ല. ഒരാള്‍ പറയുന്ന കഥ മറ്റേയാള്‍ക്ക് ഖണ്ഡിക്കാം- പൂര്‍ണമായോ ഭാഗികമായോ. അപ്പോള്‍ കഥ സത്യമാണെന്ന് തെളിയിക്കേണ്ട ബാദ്ധ്യതയുണ്ട് കഥാകാരന്. അതിന് കഴിയാതെ പോയാൽ അയാൾക്ക് ഒരു പോയന്‍റ് നഷ്ടമാവുകയും ശ്രോതാവിന് അത് കിട്ടുകയും ചെയ്യും. അനുഭവമല്ലാതെ കേട്ടറിഞ്ഞ കഥകൾ പറയരുത്. കളിയില്‍ ചതിയോ കളവോ അരുത്. കളിയുടെ ഓഡിയോ മുഴുവന്‍ റെക്കോഡ് ചെയ്യും. ഉഭയസമ്മതപ്രകാരം രണ്ടിലൊരാള്‍ക്ക് കളി തുടങ്ങാം. വിദൂര ബാല്യകാലത്ത് നടന്ന സംഭവങ്ങള്‍ പോലും അതിശയിപ്പിക്കുന്ന വിശദാംശങ്ങളോടെ ഓര്‍ത്തുവെയ്ക്കാനുള്ള എന്‍റെ കഴിവ് ബന്ധുക്കള്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്- പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. ആ അഹന്തയാവാം ഇങ്ങനെയൊരു കളിക്കുള്ള നിര്‍ദ്ദേശം സുഹൃത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ആദ്യകഥ പറയാനുള്ള അവസരം അതിഥിക്കാവട്ടെ എന്ന എന്‍റെ നിർദ്ദേശം മനു സ്വീകരിച്ചു. കഥകള്‍, പറയുന്ന ആളുടെ പക്ഷത്ത് നിന്ന് ചുരുക്കിയും അതുകഴിഞ്ഞുള്ള ഞങ്ങളുടെ ചര്‍ച്ച മുഴുവനായും എഴുതാം. മനോഹരന്‍ പറഞ്ഞ കഥ : " പ്രീ ഡിഗ്രി പരീക്ഷ കഴിഞ്ഞുള്ള നീണ്ട അവധിക്കാലത്ത് ഒരിക്കല്‍ നമ്മള്‍ ആറുപേര്‍ ( ഞാന്‍, നീ, നിന്‍റെ അനിയന്‍ രാജന്‍, പ്രഭ, അളഗിരി, ചാക്കോ ) ചാക്കോവിന്‍റെ വീട്ടില്‍ ഒത്തുചേരുന്നു. സ്വന്തമായി മട്ടണ്‍ ബിരിയാണി ഉണ്ടാക്കുകയാണ് ലക്ഷ്യം. മുഴുവന്‍ നിര്‍ദ്ദേശങ്ങളും പാചകവും ചാക്കോയുടെ വകയാണ്. മറ്റുള്ളവര്‍ കഷണം വെട്ടല്‍, കഴുകല്‍, മസാല തയ്യാറാക്കല്‍, തീ കൂട്ടിയും കുറച്ചും അടുപ്പ് നിയന്ത്രിക്കല്‍ തുടങ്ങിയ 'പടുപണികള്‍' ചെയ്ത് സഹകരിക്കുകയേയുള്ളൂ. പാചകം ഏതാണ്ട് തീരാറായപ്പോള്‍ സ്വന്തം സുഹൃത്ത് രാഘവനെ കൂടി കൂട്ടിവരാം എന്നു പറഞ്ഞ് രാജന്‍ പോകുന്നു. തയ്യാറായിക്കഴിഞ്ഞപ്പോൾ ബിരിയാണി നമ്മള്‍ പ്ലേറ്റുകളില്‍ വിളമ്പിയെടുക്കുന്നു. രാജനും സുഹൃത്തും വരാനുണ്ടെന്ന കാര്യം എന്തുകൊണ്ടോ ആര്‍ക്കും ഓര്‍മ്മ വരുന്നില്ല! ഇഷ്ടം പോലെ കഴിച്ചിട്ടും ബിരിയാണി ബാക്കി. അതുകൂടി അഞ്ചുപേര്‍ ചേര്‍ന്ന് പങ്കിട്ടെടുത്ത് ഒഴിഞ്ഞ പാത്രം മുന്നിലെ തെങ്ങിന്‍ തടത്തില്‍ കഴുകാനിടുന്നു. എല്ലാം കഴിഞ്ഞ് ' ഇനി ഇടക്കൊക്കെ ഇങ്ങനെ കൂടണം ' എന്ന് പറഞ്ഞിരിക്കുമ്പോള്‍ രാജനും രാഘവനും നടന്നുവരുന്നു. അല്‍പ്പനേരത്തേയ്ക്ക് എല്ലാവരും എന്തുചെയ്യണമെന്നറിയാതെ പരുങ്ങുന്നു. രാജന്‍ ആദ്യം വിശ്വസിക്കുന്നില്ല. അത്ഭുതകരമായ കൂട്ടമറവിയെക്കുറിച്ച് അവനെ പറഞ്ഞുബോദ്ധ്യപ്പെടുത്തേണ്ട ദൗത്യം നിനക്ക് ഏറ്റെടുക്കേണ്ടിവരുന്നു. ഒരുപക്ഷേ ആണുങ്ങള്‍ക്ക് മാത്രം കഴിയുന്ന രീതിയില്‍ (നീയൊഴികെ ) എല്ലാവരും ചേര്‍ന്ന് രാജനേയും രാഘവനേയും കളിയാക്കാന്‍ തുടങ്ങുന്നു. 'പാത്രം കഴുകാനാളായല്ലോ' എന്ന മട്ടില്‍. രാജന്‍ രാഘവനേയും കൂട്ടി ക്രുദ്ധനായി സ്ഥലം വിടുന്നു. എന്തുചെയ്യണമെന്നറിയാതെ പിറകെ നീയും." മനോഹരന്‍ പറഞ്ഞുനിര്‍ത്തി. അല്പനേരം മിണ്ടാതിരുന്ന് രണ്ട് വാക്യങ്ങളില്‍ ഞാന്‍ എനിക്കു പറയാനുള്ളത് പറഞ്ഞു: " ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല ! മറ്റാരുമായോ പങ്കിട്ട അനുഭവം തെറ്റായ ഒരോർമ്മയായി നിന്‍റെ മനസ്സ് സൂക്ഷിച്ചിരിക്കുകയാണ്. " മനു : " ആവട്ടെ - സ്കൂൾ ജീവിതക്കാലത്ത് നീയും വീട്ടുകാരും മത്സ്യമോ മാംസമോ കഴിക്കാറുണ്ടായിരുന്നോ ?" ഞാന്‍ : " ഇല്ല ! അതെന്നെ അദ്‌ഭുതപ്പെടുത്തുന്നു . അന്ന് ഞങ്ങള്‍ പൂര്‍ണമായും സസ്യാഹാരികളായിരുന്നു. " മനു : " ഇപ്പോള്‍ അങ്ങനെയല്ല എന്നും നിനക്കറിയാമല്ലോ. എപ്പോഴായിരുന്നു ആ മാറ്റം എന്ന് ഓർമ്മയുണ്ടോ?" ഞാ: "…കോളേജ് വിദ്യാഭ്യാസക്കാലത്തോ അതും കഴിഞ്ഞോ ആയിരുന്നിരിക്കണം. തീര്‍ച്ചയില്ല !. " മനു : " ഒരു കുടുംബം ഒന്നായി ഒരു ഘട്ടത്തിൽ ' വറുത്തതും പൊരിച്ചതും ' കഴിക്കാന്‍ തുടങ്ങിയെങ്കിൽ അതിനൊരു കാരണം വേണ്ടേ? " ഞാൻ മറുപടി പറഞ്ഞില്ല. എന്‍റെ മനസ്സും ചോദിച്ചുകൊണ്ടിരുന്നത് അതുതന്നെയായിരുന്നു. 'ഒരു കാരണം വേണ്ടേ?' അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെങ്കിൽ അതിന്‍റെ ഒരംശവും ഓർമ്മയിൽ ശേഷിക്കാത്തതെന്ത്? എന്‍റെ മനസ്സും ശരീരവും അറിഞ്ഞ് ആസ്വദിച്ചിട്ടുണ്ടാവുമായിരുന്ന ഒരു കാര്യം എന്നില്‍ നിന്ന് എങ്ങനെയാണ് മുഴുവനായും തുടച്ചുനീക്കപ്പെട്ടത് ? ഞാനെന്ന തുടര്‍ച്ചയില്‍ ഒരു പല്ല് പോലെ അത് എങ്ങനെയാണ് അടര്‍ന്ന് മാറിയത് ? മനു : " സമ്മതിച്ചോ ? " അസ്വസ്ഥതയോടെ ഞാന്‍ മൂളി. ഞാ : " തോല്‍വി സമ്മതിക്കുന്നു. നീ നുണ പറയും എന്ന് ഞാന്‍ കരുതുന്നില്ല. ഒരു പോയന്‍റിന് നീ ജയിച്ചു നില്‍ക്കുന്നു, അതിന് ശേഷം എന്ത് നടന്നു എന്ന് ഞാനന്ന് നിന്നോട് പറഞ്ഞുകാണുമല്ലോ. അത് കൂടി കേൾക്കട്ടെ. എന്നിട്ട് നമുക്ക് അടുത്ത കഥയിലേയ്ക്ക് കടക്കാം…. ഇപ്പോഴും പക്ഷേ എനിക്കിത് വിശ്വസിക്കാനാവുന്നില്ല ! " മനു : " 'തീ പിടിച്ചത് പോലെ' നിന്ന അച്ഛനാണ് നിന്നെ വീട്ടില്‍ എതിരേറ്റത്. ആ വിശേഷണം നിന്‍റേത് ! പത്തുമിനുട്ട് നേരത്തെ പൊരിഞ്ഞ ശകാരത്തിന് ശേഷം പണം തന്ന് നിന്നെക്കൊണ്ട് കടയില്‍ നിന്ന് മാംസം വാങ്ങിപ്പിച്ചു. ആദ്യമായി വീട്ടില്‍ ഒരു അസസ്യവിഭവം അമ്മ പാകം ചെയ്തത് അന്നാണ്. അനിയന്‍റെ ഭക്ഷണം കഴിഞ്ഞേ നിനക്ക് അന്നത് രുചിക്കാന്‍ പോലും അവസരം കിട്ടിയുള്ളൂ ! പിന്നെ ഇടയ്ക്കൊക്കെ അങ്ങനെ ആവാമെന്നായി. പതുക്കെപ്പതുക്കെ വീട്ടില്‍ എല്ലാവര്‍ക്കും അത് ഇഷ്ടവിഭവമായി. അത്രയേയുള്ളൂ. ഇനി നിന്‍റെ കഥ പോരട്ടെ ! " കഥ പറയാന്‍ അവനെന്നെ ക്ഷണിച്ചു. പക്ഷേ അതിനുള്ള ഒരു മാനസികാവസ്ഥ ആയിരുന്നില്ല എനിക്ക്. ഞെട്ടിച്ച ഒരു തോല്‍വിയുടെ ശ്വാസംമുട്ടലില്‍ ആയിരുന്നു ഞാന്‍. അത് തന്നെ കാരണമായി പറഞ്ഞ് രണ്ടാമത്തെ കഥ പറയാന്‍ ഞാന്‍ അവനെ നിര്‍ബന്ധിച്ചു. " ഞാന്‍, വീണിടത്ത് നിന്നൊന്ന് എഴുന്നേല്‍ക്കട്ടെ. നമുക്ക് നിബന്ധനകളില്‍ ചെറിയ മാറ്റം വരുത്താം. " മനോഹരന്‍ പറഞ്ഞ രണ്ടാമത്തെ കഥ : " ബിരിയാണിക്കഥയ്ക്ക് രണ്ടു വര്‍ഷം മുന്‍പ് നാട്ടിന്‍പുറത്തുള്ള നിന്‍റെ തറവാട്ടുവീട്ടില്‍ വെച്ച് ഒരൊഴിവുകാലത്താണ് ഈ സംഭവം നടക്കുന്നത്. " അവിടെ വെച്ചുതന്നെ കഥയില്‍ ഇടപെടാന്‍ ശക്തമായ പ്രേരണയുണ്ടായി. മനു കൈയുയര്‍ത്തി വിലക്കിയില്ലായിരുന്നെങ്കില്‍ ഞാന്‍ കളിയുടെ ആ നിബന്ധനയും തെറ്റിച്ചേനേ. മനു : " വീട്ടുവളപ്പിന്‍റെ വടക്കുഭാഗം ഇടതൂര്‍ന്ന പറങ്കിക്കാടായിരുന്നു. ഭാര്യയും കുട്ടികളും പേരക്കുട്ടികളുമായി അല്പം ദൂരെ താമസിച്ചിരുന്ന ബന്ധു രാമമ്മാമ എന്ന് നീ വിളിക്കാറുള്ള ചുറുചുറുക്കുള്ള കാരണവര്‍ പറങ്ങിമാങ്ങക്കാലത്ത് മാത്രം പിന്തുടര്‍ന്നിരുന്ന ഒരു പതിവുണ്ട് എന്ന് നീ പറഞ്ഞു. ദിവസവും പ്രാതലിന് മൂപ്പര്‍ തറവാട്ടില്‍ എത്തും. വരുന്ന വഴി വടക്കേ തൊടിയിലെ പറങ്കിമാവുകള്‍ക്ക് താഴെ വീണു കിടക്കുന്ന പഴങ്ങളില്‍ നിന്ന് മുഴുവന്‍ അണ്ടി ഇരിഞ്ഞെടുത്ത് ഇലക്കുമ്പിളിലാക്കി ഒരിടത്ത് ഒളിപ്പിച്ചുവെയ്ക്കും. നിങ്ങളോടൊപ്പം ഇരുന്ന് കഞ്ഞിയും ചമ്മന്തിയും കഴിച്ച് മടങ്ങുമ്പോള്‍ എടുത്തുകൊണ്ടുപോകുകയും ചെയ്യും. പറ്റിക്കുന്ന കാരണവരെ ഒന്ന് പറ്റിക്കണമെന്ന് എനിക്ക് തോന്നി. നിര്‍ബന്ധിച്ചപ്പോള്‍ ഒപ്പം നില്‍ക്കാമെന്ന് വൈമനസ്യത്തോടെ നീ സമ്മതിച്ചു. " സംഭവം ഓര്‍മ്മയുണ്ടെന്ന് സൂചിപ്പിക്കാന്‍ ഞാന്‍ ചൂണ്ടുവിരല്‍ ഉയര്‍ത്തി. മനോഹരന്‍ തലയാട്ടി. മനു : " അന്ന് പതിവ് പോലെ ഇലകള്‍ വടികൊണ്ട് വകഞ്ഞുമാറ്റി അരമണിക്കൂറോളം ചെലവഴിച്ച് രാമമ്മാമ പറങ്കിയണ്ടി പെറുക്കിക്കൂട്ടുന്നു. ഇലക്കുമ്പിളില്‍ പൊതിഞ്ഞ് വഴിയോരത്തെ മാഞ്ചുവട്ടില്‍ ഒളിപ്പിക്കുന്നു. വീടിന്‍റെ മുകളിലെ ജനലിലൂടെ നമ്മളത് നോക്കിയിരിക്കുന്നു. പലകയിട്ട് കഞ്ഞികുടിക്കാന്‍ അമ്മാമ ഇരുന്നു എന്ന് ഉറപ്പ് വരുത്തിയ ശേഷം നമ്മള്‍ സ്ഥലത്തെത്തി മൂപ്പരുടെ സമ്പാദ്യം അപ്പാടെ എടുത്തുകൊണ്ടുപോരുന്നു. അമ്മാമ പ്രാതല്‍ കഴിച്ച് മുത്തശ്ശിയുടെ ചെല്ലത്തില്‍ നിന്ന് പതിവ് പോലെ പുകയില കൂട്ടി മുറുക്കുന്നു. ഒരു മുറുക്കിനുള്ള വക മടിക്കുത്തിൽ തിരുകുന്നു. അതിഥിയായ എന്നോട് കുശലാന്വേഷണങ്ങള്‍ നടത്തുന്നു. രണ്ട് കണ്ടങ്ങൾക്കിടെ ഒരു വരമ്പായി നീണ്ട് കിടന്ന വഴിയിലൂടെ മടങ്ങുന്നു. വീടിന്‍റെ മുകളിലെ ജനലിലൂടെ നമുക്കത് കാണാം. വെച്ച സ്ഥലത്ത് ഇലക്കുമ്പിള്‍ കാണാതെ മൂപ്പര്‍ പരിഭ്രമിക്കുന്നു. ചുറ്റും കണ്ണയച്ച് ' ഇരുട്ടിന്‍റെ ആത്മാവി 'ലെ താശ്ശമ്മാനെ പോലെ വടി കൊണ്ട് ഇടതും വലതും മുന്നിലും പിന്നിലും കുത്തി നടക്കുന്ന വൃദ്ധനെ നോക്കി നമ്മള്‍ തലയറഞ്ഞ് ചിരിക്കുന്നു. തിരച്ചിലിന്നൊടുവില്‍ മൂപ്പര്‍ വീണ്ടും വീട്ടിലേയ്ക്ക് വരുന്നു.. മുത്തശ്ശിയോട് എന്തൊക്കെയോ ചോദിച്ചും പറഞ്ഞും നില്‍ക്കുമ്പോള്‍ ഉമ്മറത്തിണ്ണമേലും തൂണുകള്‍ക്ക് പിന്നിലും ഇറയത്തും ഒക്കെ കണ്ണുകള്‍ പരതിനടക്കുന്നു - അവിടെയെവിടെയെങ്കിലും വെച്ച് മറന്നതായിരിക്കുമോ എന്ന സംശയത്തിൽ. ഒടുവില്‍ ഹതാശനായി പടിക്കലേയ്ക്ക് നടക്കുന്നു. അങ്ങനെയൊരു പാപം ചെയ്യരുതായിരുന്നു എന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട് ." മനോഹരന്‍ പറഞ്ഞുനിര്‍ത്തി. ഞാ : " നടന്നതാണ്. ഓര്‍മ്മയുണ്ട് – പക്ഷേ കഥയില്‍ കാര്യമായ ഒരു തിരുത്തുണ്ട്. ഒരു പോയന്‍റ് നിനക്ക് നഷ്ടപ്പെടുത്തുകയും എനിക്ക് നേടിത്തരുകയും ചെയ്യുന്ന തിരുത്ത് ! അത് പറയുന്നതിന് മുന്‍പ് ഞാനീ സംഭവത്തിന്‍റെ നിനക്കറിയാത്ത അവസാനം പറഞ്ഞുതരാം. വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മാമയോടൊപ്പം ഗ്രാമക്ഷേത്രത്തില്‍ നിന്ന് മൂപ്പരുടെ വീടുവരെ നടക്കേണ്ട അവസരമുണ്ടായി. പ്രായക്കൂടുതല്‍ കാരണം മൂപ്പര്‍ തീർത്തും അവശനായിരുന്നു. ഒരു കൈയില്‍ വടിയുള്ളപ്പോഴും ദുര്‍ബലമായ വിറയ്ക്കുന്ന മറ്റേ കൈകൊണ്ട് എന്‍റെ കൈപിടിച്ച് വളരെ പതുക്കെയാണ് നടന്നിരുന്നത്. അന്നത്തെ തെറ്റ് ഞാനേറ്റുപറഞ്ഞു. കഥ മുഴുവന്‍ പറഞ്ഞ് മാപ്പ് ചോദിച്ചു. ആ പല്ലില്ലാച്ചിരി ചിരിച്ച് മൂപ്പർ സ്വന്തം ശൈലിയിൽ അഭിനന്ദിച്ചു : ' തല്ലുകൊള്ളി യംണ്ടൻമാര് ! ' - യംണ്ടന്‍ രാമമ്മാമയുടെ വാക്കായിരുന്നു. ഇനി തിരുത്തിലേയ്ക്ക് – ഇത് ഒരിക്കലും, ഒരിക്കലും നിന്‍റെ അനുഭവമല്ല. ഞാൻ പറഞ്ഞ് കേട്ടത് ഒരുപക്ഷേ പലരോടുമായി പറഞ്ഞുപറഞ്ഞ് സ്വന്തം അനുഭവമാണെന്ന് നീ തെറ്റിദ്ധരിച്ചതാണ് - നിന്നെത്തന്നെ വിശ്വസിപ്പിച്ചെടുത്തതാണ്. അങ്ങനെ സംഭവിക്കാറുണ്ട്. ഞാൻ ഇത് ഇത്ര ഉറപ്പിച്ചു പറയുന്നത് നീയടക്കം ഒരു സഹപാഠിയേയും എന്‍റെ തറവാട്ടുവീട്ടിനകത്തേയ്ക്ക് കൊണ്ടുപോയിട്ടില്ലെന്ന് എനിക്ക് ഉറപ്പുള്ളതുകൊണ്ടാണ്. മുറ്റത്തോ പറമ്പിലോ കളിക്കാന്‍ ഒത്തുചേരാറുണ്ടായിരുന്നു. അല്ലാതെ ഗ്രാമത്തില്‍ ആരും ആരുടേയും വീട്ടിനുള്ളില്‍ കയറാറില്ല. " മനു : " ഞാൻ തെളിവ് തരാം. നിങ്ങളുടെ വീട്ടിലെ മുകളിലെ ചെറിയ വരാന്തയുടെ ഒരറ്റത്ത് തട്ടിന്‍പുറത്തേയ്ക്കുള്ള കോണിയും മറ്റേയറ്റത്ത് പുസ്തകങ്ങള്‍ വെച്ച ഒരു മരയലമാറയും ഉണ്ടായിരുന്നു. കോണിക്ക് മുകളറ്റത്ത് ചുമരിനോട് ചാരിവെച്ചിരുന്ന, കൊളുത്തുള്ള ഒരടപ്പുണ്ടായിരുന്നു. ആ അലമാറയില്‍ നിന്ന് നീ എടുത്തുതന്നാണ് 'പാതിരാവും പകല്‍ വെളിച്ചവും' 'വള്ളുവക്കമ്മാരന്‍' എന്ന രണ്ട് നോവലുകള്‍ ഞാന്‍ വായിച്ചത്. തൊട്ടടുത്ത് വലിയ ചതുര അഴികളുള്ള ജനലിന്‍റെ അരികിൽ ഒരു മേശ ഇട്ടിരുന്നു. അതിന്മേൽ കയറിയിരുന്നാണ് നമ്മൾ രാമമ്മാമയെ ശ്രദ്ധിച്ചത്. വരാന്തയില്‍ കയറില്‍ തൂക്കിയിട്ട ഉണങ്ങിയ മുളംതണ്ട് കൊണ്ടുള്ള അയയില്‍ തുണികള്‍ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. നാട്ടിലെ പൂരത്തിന് അമ്പലപ്പറമ്പില്‍ അവിചാരിതമായി കണ്ടുമുട്ടിയതായിരുന്നു നമ്മള്‍. അവധിക്കാലമായിരുന്നതുകൊണ്ട് ഒരു ദിവസം നിന്നോടൊപ്പം കഴിയാന്‍ നമ്മുടെ അച്ഛന്മാർ എന്നെ അനുവദിക്കുകയായിരുന്നു. " എനിക്ക് മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല. മനു പറഞ്ഞ സംഭവം എനിക്കോര്‍മ്മയുണ്ട്. പങ്കാളിയുടേതായിരുന്നു ആശയവും അവതരണവും. ഞാനൊരു പാവം കൂട്ടുപ്രതി മാത്രമായിരുന്നു. അങ്ങനെയൊരു കാര്യം സങ്കല്‍പ്പിക്കാനോ നടപ്പാക്കാനോ വേണ്ട മനസ്സോ കഴിവോ ധൈര്യമോ ഉള്ള കൂട്ടത്തില്‍ ആയിരുന്നില്ല ഞാന്‍. ഇന്നും അല്ല. അന്നാരായിരുന്നു കൂടെ എന്ന് പക്ഷേ എത്ര ശ്രമിച്ചിട്ടും ഓര്‍മ്മ വരുന്നില്ല. അത് മനോഹരന്‍ ആയിരുന്നില്ലെന്ന് പറയുമ്പോഴും 'പിന്നെ ആര് ?' എന്ന ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ല. സുഹൃത്തുക്കളും ബന്ധുക്കളുമായി സമപ്രായക്കാരായി ഉണ്ടായിരുന്ന ആര്‍ക്കും ആ വേഷം ചേരുന്നില്ല. വിശ്വസനീയമായ തെളിവുകൾ സ്വീകരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. ഞാന്‍ തോറ്റത് മനുവിനോടല്ല എന്നോടാണ് - എന്നിലെ തന്നെ രൂപമില്ലാത്ത പിണ്ഡമില്ലാത്ത നിലനില്‍ക്കാന്‍ ഇടം ആവശ്യമില്ലാത്ത ഇന്ദ്രിയഗോചരമല്ലാത്ത ഇരുണ്ട ദ്രവ്യത്തോടാണ്. എനിക്ക് എന്നെക്കുറിച്ച് അറിഞ്ഞുകൂടാത്ത കാര്യങ്ങള്‍ ഉണ്ട് എന്നത് തളര്‍ത്തുന്ന തിരിച്ചറിവായിരുന്നു. " ഇന്നെന്‍റെ ദിവസമല്ല ! '' ഒരു തവണ കൂടി കഥ പറയാന്‍ മനുവിനെ ക്ഷണിച്ചുകൊണ്ട് ഞാന്‍ തുടര്‍ന്നു: " അതോടെ ഇന്നത്തെ കളി നിര്‍ത്താം. ഇന്ത്യയിലേയ്ക്ക് തിരിച്ചുപോകുന്നതിന് മുന്‍പ് എനിക്ക് കഥ പറയാനായി നമൂക്ക് ഒരു തവണ കൂടി കാണാം." കഥ പറയുന്നതിന് മുമ്പ് എനിക്കെന്നെ വീണ്ടെടുക്കേണ്ടതുണ്ട്. മനോഹരനെ ഒരു തവണ അടിയറവ് പറയിക്കാതെ അത് ചെയ്യാനാവില്ല. മനു പറഞ്ഞ മൂന്നാമത്തെ കഥ : " നിന്‍റെ ഇരുപതാം പിറന്നാള്‍ ദിവസമാണ് തുടക്കം. ഒഴിവ് ദിവസമായിരുന്നു. വാടകയ്ക്കെടുത്ത സൈക്ക്ളില്‍ എവിടെയോ പോയി മടങ്ങിവരുന്ന വഴി ബസ് സ്റ്റോപ്പിലേയ്ക്ക് നടക്കുകയായിരുന്ന നിന്നെ ഞാന്‍ കാണുന്നു. സൈക്ക്ള്‍ക്കടയുടെ അടുത്ത തിരിവെത്തുന്നതുവരെ നിന്നെ മുന്നില്‍ ഇരുത്തി ഞാന്‍ ചവിട്ടാം എന്ന ധാരണയില്‍ നമ്മൾ പുറപ്പെടുന്നു. ഇടവഴി പ്രധാന പാതയിലെത്തുന്നതിന് തൊട്ടുമുന്‍പ് വിളക്കിച്ചേര്‍ത്ത ഭാഗം പൊട്ടി പഴയ സൈക്ക്ള്‍, ഹാന്‍ഡ്ല്‍ ബാറിന് തൊട്ടുതാഴെ രണ്ട് കഷണമാകുന്നു. നീ വീഴുന്നു - മേലെ ഞാനും." ഞാന്‍ ആവേശത്തോടെ കൈവിരല്‍ ഉയര്‍ത്തിക്കാണിച്ചു. എന്നിട്ട് മനസ്സില്‍ പറഞ്ഞു : ഈ കഥ മുഴുവനായും എനിക്കറിയാം. മനു : " നിന്‍റെ മുഖത്ത് പലയിടത്തും പോറലുകള്‍ ഉണ്ടായി. എനിക്ക് കാര്യമായി ഒന്നും പറ്റിയില്ല. സൈക്ക്ളിന്‍റെ രണ്ടുഭാഗങ്ങളും ഇരുവശങ്ങളിലുമായി തൂക്കിയെടുത്ത് അന്ന് കടയിലേയ്ക്ക് നടന്നത് ഞാന്‍ തനിച്ചാണ്." . അതെ. എനിക്കോര്‍മ്മയുണ്ട്. മനു : " അടുത്തുള്ള റെയില്‍വേ ആസ്പത്രിയിലെ ചികിത്സയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ നിന്‍റെ മുഖത്തെ മുറിവുകള്‍ ഉണങ്ങി. പാടുകൾ മാത്രം ബാക്കിനിന്നു. ആഴ്ചകള്‍ക്ക് ശേഷം പൊടുന്നനെ എനിക്കൊരു വയറുവേദന തുടങ്ങി." താഴെ നോക്കിയിരിക്കുകയായിരുന്ന ഞാന്‍ മുഖമുയര്‍ത്തി. മനോഹരൻ പറഞ്ഞുകൊണ്ടിരുന്നു. നോട്ടം അവന്‍റെ മുഖത്തുറപ്പിച്ച് കണ്ണും കാതും കൊടുത്ത് ഒരു വാക്കും വിട്ടുപോകാതെ ഞാൻ കേട്ടിരുന്നു. " അകത്തെവിടെയോ ഉളുക്കിയത് പോലെ ആരംഭിച്ച് വളരെ പെട്ടെന്ന് അസഹനീയമായി മാറുന്ന ഒരു തരം വയറുവേദന. വീട്ടുചികിത്സയിലും നാട്ടുചികിത്സയിലും ആശ്വാസം കിട്ടാതെവന്നപ്പോള്‍ അച്ഛന്‍ എന്നെ അടുത്ത അതേ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റേന്ന് എന്നെ കാണാനെത്തിയ നിന്നോട് രഹസ്യമായി പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട് : ' മുറിയില്‍ ആളൊഴിഞ്ഞതിന് ശേഷം ഈ ഫാനില്‍ തൂങ്ങി ജീവിതം അവസാനിപ്പിച്ചേനേ ഇന്നലെ രാത്രി ഞാന്‍ ! ' ആഴ്ചകള്‍ നീണ്ട ചികിത്സയ്ക്ക് ശേഷവും വേദന ശമിച്ചില്ല. പതുക്കെപ്പതുക്കെ ഇടതുകാലിന് ചെറിയ ബലക്കുറവോ സ്വാധീനക്കുറവോ അനുഭവപ്പെടുന്നതായും തോന്നിത്തുടങ്ങി. വീണുപോകുമോ എന്ന ഭയത്താല്‍ ഒറ്റയ്ക്ക് പാത മുറിച്ചുകടക്കാന്‍ ധൈര്യമില്ലാതായി. മാറിമാറിക്കാണിച്ച ഡോക്റ്റര്‍മാര്‍ക്കൊന്നും പ്രശ്നമെന്താണെന്ന് കണ്ടെത്താനായില്ല. ഒരു ഡോക്റ്ററുടെ നിർദ്ദേശപ്രകാരം അച്ഛന്‍ എന്നെ പ്രസിദ്ധനായ മനോരോഗചികിത്സകന്‍റെ മുന്നിലെത്തിച്ചു. ഓരോ മണിക്കൂര്‍ നീണ്ടുനിന്ന രണ്ട് ദിവസത്തെ സെഷനുകളില്‍ അതുവരെ കാണാത്ത ഒരു ചികിത്സാനുഭവത്തിലൂടെ കടന്നുപോയി. ആദ്യദിവസം എന്‍റെ ചുറ്റുപാടുകളും മാനസികാവസ്ഥയും മനസ്സിലാക്കാന്‍ അദ്ദേഹം ഒരുപാട് ചോദ്യങ്ങള്‍ക്ക് എന്നെക്കൊണ്ട് മറുപടി പറയിച്ചു. വെള്ളക്കടലാസില്‍ കറുപ്പ് മഷി പരന്നുണ്ടായ അനിയതങ്ങളായ രൂപങ്ങള്‍ കാണിച്ച്, പെട്ടെന്ന് പ്രതികരണമായി മനസ്സില്‍ വരുന്നതെന്തായാലും അത് പറയാന്‍ ആവശ്യപ്പെട്ടു. പലതും അന്നത്തെ എനിക്ക് ഒരു നിമിഷത്തിലധികം നോക്കിയിരിക്കാനാവാത്ത നഗ്നതയുടെ അശ്ലീല സൂചനകള്‍ തരുന്നവയായിരുന്നു. അവയില്‍ നിന്ന് ഏറ്റവും ഇഷ്ടപ്പെട്ടത് തെരഞ്ഞെടുത്ത് ഡോക്റ്ററുടെ സമ്മാനമായി സ്വീകരിക്കാൻ നിർബന്ധിച്ചു. രണ്ട് സന്യാസിമാര്‍ ആലിംഗനബദ്ധരായി നില്‍ക്കുന്നത് പോലെ തോന്നിച്ച ഒന്നാണ് ഞാന്‍ എടുത്തത് എന്നോര്‍ക്കുന്നു. ഈയിടെ ഒരു ചലച്ചിത്രത്തില്‍ അത്തരം മന:ശാസ്ത്രപരീക്ഷണങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കണ്ടു. ഒരു ഇരുപത് വയസ്സുകാരനില്‍ സ്വാഭാവികമായി ഉണ്ടാവേണ്ട ലൈംഗികതാത്പര്യങ്ങള്‍ വാക്കുകളില്‍ പോലും പ്രകടിപ്പിക്കാത്ത എന്‍റെ സ്വഭാവം അനാരോഗ്യകരമാണ് എന്ന് അദ്ദേഹം വിലയിരുത്തി. വൈകാരികമായ ആ അടച്ചുവെയ്ക്കലും അടിച്ചമര്‍ത്തലും ശാരീരികമായി എന്നെ ബാധിക്കുന്നതാവാം പ്രശ്നത്തിന് പിന്നില്‍ എന്ന് സംശയിച്ചു. ഡോക്റ്റര്‍ പറഞ്ഞ കാര്യങ്ങളും നിര്‍ദ്ദേശിച്ച പ്രതിവിധികളും അതിനുപയോഗിച്ച പച്ചമലയാള പദങ്ങളും എന്നില്‍ അറപ്പും വെറുപ്പും ഉണ്ടാക്കി. ഗാന്ധിജിയുടേ യും വിവേകാനന്ദന്‍റേയും സാഹിത്യവും അടുത്തുള്ള ഗണപതി ക്ഷേത്രത്തിലെ പ്രദക്ഷിണങ്ങളും പ്രാര്‍ത്ഥനകളും ഒക്കെയായി, എന്‍റെ പ്രായക്കാര്‍ക്ക് പറഞ്ഞിട്ടുള്ളതല്ലാത്ത ഒരു ജീവിതമായിരുന്നു അന്നെന്‍റേത് ! അടുത്ത സെഷനില്‍ എന്നെ ഹിപ്നോട്ടിസത്തിന് വിധേയനാക്കാനും ശ്രമമുണ്ടായി. അദ്ദേഹത്തിന്‍റെ ചലിച്ചുകൊണ്ടിരുന്ന കൈവിരല്‍ത്തുമ്പുകളിലേയ്ക്ക് നോക്കിയിരിക്കെ എന്‍റെ കണ്‍പോളകള്‍ കനക്കുമെന്നും ഞാന്‍ ഉറങ്ങുമെന്നും തുടര്‍ച്ചയായി നിര്‍ദ്ദേശം തന്നിട്ടും ഉറങ്ങാതിരുന്ന എന്നോട് ' മനോഹരന്‍ എന്നോട് സഹകരിക്കുന്നില്ല ' എന്ന് പരിഭവപ്പെട്ടു. തീര്‍ച്ചയായും പ്രഗല്ഭനായ ഡോക്റ്റര്‍ ആയിരുന്നു അദ്ദേഹം. അടുത്ത ദിവസവും സമയം നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് ഞാനാ വഴി പോയില്ല. ഒടുവില്‍ എറണാകുളത്തെ ഒരു പ്രസിദ്ധ ആസ്പത്രിയിലെ ഡോക്റ്റര്‍ എന്‍റെ നട്ടെല്ലിലെ കാന്‍സറസ് അല്ലാത്ത ഗ്രോത്ത് കണ്ടെത്തിയപ്പോള്‍ ശുഭപര്യവസായിയായി കഥ ! ഒരു ശസ്ത്രക്രിയ എന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിച്ചുതന്നു. " മനോഹരന്‍ പറഞ്ഞുനിര്‍ത്തി. അല്പസമയം ഞങ്ങൾ രണ്ടുപേരും മൗനം പാലിച്ചു. " മൂന്ന് അനുഭവകഥകൾ ! " ഞാൻ ചിരിച്ചു. മനുവിന്‍റെ തോളത്ത് തട്ടി. നാടകീയമായിത്തന്നെ അഭിനന്ദിച്ചു : " കഥകൾ ഉണ്ടായാൽ പോര. അവ ഉണ്ടെന്നറിയണം. മണ്ണും ചെളിയും നീക്കി ശുദ്ധീകരിച്ച അയിരില്‍ നിന്നവയെ വേര്‍തിരിച്ചെടുക്കണം- തുരുമ്പിക്കാതെ സൂക്ഷിച്ചു വെയ്ക്കണം- ആവശ്യം വരുമ്പോൾ രസച്ചരട് മുറിയാതെ പറഞ്ഞു ഫലിപ്പിക്കാനറിയണം ! കഥയില്ലാത്ത ഈ മൂന്ന് കഥകളുടെ അതിജീവനശക്തി ആസ്വദിച്ച് നമുക്കീ മണിക്കൂറുകള്‍ ചെലവഴിക്കുക ! അഞ്ചു പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് ഇതിലപ്പുറം എന്താണ് തരാനാവുക ! കഥയോടുള്ള എന്‍റെ പ്രതികരണവും നിന്‍റെ വിശദീകരണവും എന്തായാലും അത് അടുത്ത കൂടിക്കാഴ്ചവരെ നീട്ടിവെയ്ക്കുക. 'ഓര്‍മ്മകളുണ്ടായിരിക്കണം' എന്ന പ്രസിദ്ധമായ ആഹ്വാനത്തോടെ തത്ക്കാലം നമുക്ക് ഇതിവിടെ നിര്‍ത്താം. " പോയവര്‍ തിരിച്ചുവരുന്നതുവരെ ഞങ്ങള്‍ രണ്ടുപേര്‍ക്കുള്ള ഭക്ഷണം, പഴങ്ങളും പാനീയങ്ങളും അടക്കം ശീതീകരിച്ച നിലയില്‍ ഉണ്ടായിരുന്നു. ഇടയ്ക്കോരോ കപ്പ് ചായ ഉണ്ടാക്കി എന്നതൊഴികെ ഞങ്ങളൊന്നും ചെയ്തില്ല. കൈയുറകളും തൊപ്പികളുമടക്കം ബാഹ്യാകാശസഞ്ചാരികളെ പോലെ അടരുകളുള്ള വേഷവിധാനങ്ങളുമായി രണ്ടു വൈകുന്നേരങ്ങളിലും ഞങ്ങള്‍ അപ്പാർട്മെന്‍റ് കൊമ്പ്ലെക്സില്‍ നടക്കാനിറങ്ങി. മഞ്ഞുമഴയെന്ന അദ്ഭുതത്തിന്‍റെ വെളുത്ത പൊട്ടുകൾ സമൃദ്ധമായി മുഖത്തും വസ്ത്രങ്ങളിലും ഏറ്റുവാങ്ങി. ഞങ്ങളോടൊപ്പം കുട്ടികളും കുടുംബവുമായി 'കറപറ' ഒച്ചയിട്ടും ചിറകടിച്ചും കനേഡിയന്‍ താറാവുകളുടെ സംഘങ്ങളും നടക്കുന്നുണ്ടായിരുന്നു. നാട്ടിലേയ്ക്ക് തിരിച്ചുപോകുന്നതിന് മുന്‍പ് ഒരു തവണ കൂടി കാണണമെന്നും കാണുമെന്നും ഉറപ്പിച്ചിരുന്നുവെങ്കിലും പിരിയാറായപ്പോള്‍ രണ്ടുപേരും വികാരാധീനരായിരുന്നു. ആ കൂടിക്കാഴ്ച ഇനി നടക്കാന്‍ സാദ്ധ്യത കുറവാണ്. അകത്തെവിടെയോ അത് നടക്കാതെ പോകട്ടെ എന്ന് ചെറുതായി ഞാന്‍ മോഹിക്കുന്നുണ്ടോ ? കളി ഫോണിലൂടെയും തുടരാമെങ്കിലും അത് വേണ്ടെന്ന് അവനെക്കൊണ്ട് സമ്മതിപ്പിക്കുമ്പോള്‍ സത്യത്തില്‍ എന്തായിരുന്നു എന്‍റെ മനസ്സില്‍ ? ആ മൂന്നാമത്തെ കഥയില്‍ കൈവെയ്ക്കാന്‍ - അതേ കുറിച്ച് എന്തെങ്കിലും പറയാന്‍ എനിക്ക് ഭയമാണ്. രക്ഷപ്പെടാനുള്ള ഉപായം അങ്ങനെയൊരു സന്ദര്‍ഭം ഉണ്ടാവാതെ നോക്കുകയാണ്. അതിന് ബോധപൂർവമായി ശ്രമിക്കുന്നത് സത്യസന്ധമായ നിലപാടല്ല. ഞാനതിന് മുതിരില്ല. ഒപ്പം, എന്‍റെ ഇടപെടലില്ലാതെ അത് നടന്നെങ്കിൽ എന്ന് മനസ്സ് പറയുകയും ചെയ്യുന്നു. സമാധാനം കിട്ടാനായി എന്‍റെ അവസ്ഥ ഞാനിവിടെ രേഖപ്പെടുത്തട്ടെ. മൂന്നാമത്തെ കഥ മുഴുവനായും എനിക്കോർമ്മയുണ്ട്. എന്‍റെ ഇരുപതാം പിറന്നാൾ ആയിരുന്നു. വഴിയിൽ വെച്ച് കണ്ട മനോഹരനോടൊപ്പം സൈക്ക്ളിൽ കയറിയതും പ്രധാന പാതയ്ക്കടുത്ത് വെച്ച് അത് രണ്ടായി വീണതും സത്യമാണ്. ആഴ്ചകൾക്ക്‌ ശേഷം വയറ് വേദന കാരണം ആസ്പത്രിയിലായത്, പക്ഷേ, മനോഹരനല്ല. മനോരോഗവിദഗ്ധനെ കണ്ടതും പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനായതും എല്ലാം ഈ ഞാനാണ്. കഥ കേട്ടുകൊണ്ടിരുന്നപ്പോൾ ഞാൻ വിചാരിച്ചു പറഞ്ഞുകഴിഞ്ഞ് ഒരു പൊട്ടിച്ചിരിയോടെ അവൻ തിരുത്തിപ്പറയുമെന്ന് ! അടുത്ത കൂടിക്കാഴ്ചയില്‍ ഞാന്‍ ചെയ്യേണ്ടത് മേല്‍പ്പറഞ്ഞ കാര്യം വെളിപ്പെടുത്തി ഒരു പോയന്‍റ് അവനിൽ നിന്ന് പിടിച്ചുവാങ്ങുകയാണ്. അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ലെങ്കിലും അന്നത്തെ സുഹൃത്തുക്കളിൽ ചിലരുമായി ഇപ്പോഴും നവമാധ്യമങ്ങൾ വഴി അടുത്ത ബന്ധം നിലനിൽക്കുന്നുണ്ട്. അവരുടെ സാക്ഷിമൊഴികളുടെ സഹായം തേടാൻ ബുദ്ധിമുട്ടില്ല. എന്‍റെ ഭയം മറ്റൊന്നാണ്. എന്താണ് നടന്നതെന്ന് എനിക്ക് ഉറപ്പുണ്ടെങ്കിലും സഹായാഭ്യർത്ഥനയുമായി സമീപിക്കുമ്പോൾ മനോഹരൻ പറഞ്ഞതായിരുന്നു സത്യം എന്ന് അവരിൽ നിന്ന് കേൾക്കേണ്ടി വന്നാലോ ? കാറില്‍ നിന്ന് സ്യൂട്ട്കേസുകളും ബാഗുകളുമായി കയറിവന്ന് അകത്തേയ്ക്ക് നടക്കുന്നതിന്നിടെ ചിരിച്ചുകൊണ്ട് അജി ചോദിച്ചു : " രണ്ട് ദിവസം ഒറ്റക്കിരുന്ന് മുഷിഞ്ഞോ ? "