ആയിരത്തി നാനൂറ്റി എട്ട്
Tuesday, March 25, 2025
സാഹിത്യവാരഫലം ഭാഷയും ഭാഷ്യവും.
സാഹിത്യവാരഫലം എന്തുകൊണ്ടു ചര്‍ച്ച ചെയ്യപ്പെടുന്നില്ല ?
ഇരുപത്തിയേഴ് വര്‍ഷങ്ങളിലൂടെ മലയാളികളായ വായനക്കാരുടെ ശീലമായി മാറിക്കഴിഞ്ഞ ഒന്നാണ് സാഹിത്യവാരഫലം . നല്ലതെന്ന് തനിക്ക് തോന്നുന്ന സാഹിത്യത്തെ താലോലിച്ചും അല്ലാത്തവയെ ആക്രമിച്ചും എം.കൃഷ്ണന്‍ നായര്‍ എന്ന ഒറ്റയാള്‍ പട്ടാളം കൊണ്ടുനടത്തുന്ന ഈ പംക്തി കാര്യമായ ഒരു വിലയിരുത്തലിനും വിധേയമായി കണ്ടിട്ടില്ല. പൈങ്കിളി സാഹിത്യമെന്നറിയപ്പെടുന്ന സാഹിത്യശാഖയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃഷ്ണന്‍ നായരോടും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളോടും വെറുപ്പാണ് . ആധുനിക-അത്യന്താധുനിക-ആധുനികോത്തരശാഖകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പുച്ഛവും.ഈ രണ്ടു തീവ്രവാദസംഘങ്ങളിലും പെടാതെ,വായനക്കാരെക്കൊണ്ട് നല്ലതും ചീത്തയും പറയിക്കാതെ കാലയാപനം നടത്തുന്ന മദ്ധ്യവര്‍ഗസാഹിത്യകാരന്മാരും ഭാഷയില്‍ വേണ്ടുവോളമുണ്ട്.എന്നിട്ടും,ഗൌരവബോധത്തോടെ നടത്തപ്പെടുന്ന സെമിനാറുകളിലോ യോഗങ്ങളിലോ ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ അപ്പൊഴപ്പോള്‍ അരങ്ങേറുന്ന ചര്‍ച്ചകളിലോ വാരഫലം ഒരു വിഷയമായി കണ്ടിട്ടില്ല .ഓ.വി.വിജയന്‍റെ നോവലുകളും മാധവിക്കുട്ടിയുടെ കഥകളും വായിക്കുന്ന താത്പര്യത്തോടെ തന്നെ അവയെക്കുറിച്ച് കെ.പി.അപ്പനോ ആഷാമേനോനോ എഴുതുന്ന നിരൂപണലേഖനങ്ങളും വായിക്കുന്നവനാണ് മലയാളി വായനക്കാരന്‍.ഒരു പടി കൂടി കടന്ന് കെ.പി.അപ്പന്‍റെ നിരൂപണ സമ്പ്രദായത്തെ കുറിച്ചും ആഷാമേനോന്‍റെ ശൈലിയിലെ ഭാഷാപരമായ വ്യതിരിക്തതയെ കുറിച്ചും നമ്മള്‍ വായിക്കാറുണ്ട്.നാട്ടുനടപ്പില്‍ നിന്ന് വഴി മാറിയ ശൈലിയും അഭിപ്രായങ്ങളുമായി, ഏകദേശം മൂന്നു പതിറ്റാണ്ടുകളായി,വാരം തോറും നമ്മുടെ മുന്നിലെത്തുന്ന 'വാരഫല'ത്തിലെ ലേഖനങ്ങളെ കുറിച്ച് എന്തെങ്കിലുമൊന്നു പറയണമെന്ന് നമുക്ക് തോന്നാത്തതെന്ത്?കുഞ്ചന്‍ നമ്പ്യാരെ ഭാഷാസാഹിത്യത്തിലെ കോമാളിയായി കരുതിയ കുട്ടികൃഷ്ണമാരാരും നമ്പ്യാരുടെ വാങ്മയചിത്രങ്ങള്‍ അത്യുജ്ജ്വലങ്ങളെന്നു വിശ്വസിച്ച എം.ആര്‍.നായരും ജി.യുടെ കവിതകള്‍ സാഹിത്യഗുണം കുറഞ്ഞ ബുദ്ധിവ്യായാമങ്ങളാണെന്നു കരുതിയ മുണ്ടശ്ശേരിയും പ്രതിഭാധനനായ കവിയാണ് ജി. എന്ന് വിശ്വസിച്ച എന്‍.വി.യും ഒരു വളച്ചെട്ടിയെക്കാളേറെ 'വളവള' കളും തൂക്കി നടക്കുന്ന 'കോരപ്പുഴ'യെന്നു ചങ്ങമ്പുഴയെ പരിഹസിച്ച എം.ആര്‍.നായരും അഭൌമമായ അന്തരീക്ഷത്തിലേയ്ക്ക് വായനക്കാരനെ ഉയര്‍ത്തുന്ന അദ്ഭുതമാണ് ചങ്ങമ്പുഴക്കവിത എന്ന് വിശ്വസിക്കുന്ന കൃഷ്ണന്‍ നായരും നമുക്ക് ഒരുപോലെ സ്വീകാര്യരാണ്.കൃഷ്ണന്‍ നായരെഴുതുന്ന വാരഫലവും വാരഫലമെഴുതുന്ന കൃഷ്ണന്‍ നായരും,പക്ഷേ, എന്നോ എവിടെയോ നടക്കുന്ന ചില പ്രഭാഷണങ്ങളില്‍ ഒറ്റപ്പെട്ട ശകാരങ്ങളില്‍ മാത്രം വിലയിരുത്തപ്പെടുന്നു. എന്താവാം കാരണം?എഴുത്തുകാരിലാരുടേയും ശ്രദ്ധ പിടിച്ചു പറ്റാന്‍ വാരഫലത്തിന് കഴിയുന്നില്ല എന്ന് പറഞ്ഞുകൂട.അറിയപ്പെടുന്ന എഴുത്തുകാരുടെ നാടകങ്ങളിലും കഥകളിലും കാര്‍ട്ടൂണുകളിലും കൃഷ്ണന്‍ നായരുടെ ശൈലിയില്‍ നടക്കുകയും സംസാരിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളെ കണ്ടിട്ടുണ്ട്. പരോക്ഷമായി അദ്ദേഹത്തെ പരിഹസിക്കാനോ വിമര്‍ശിക്കാനോ ആ വഴിക്ക് അവര്‍ മുതിര്‍ന്നിട്ടുമുണ്ട്.മലയാളത്തിലെ സകല സമസ്തപദങ്ങളും വിഗ്രഹിച്ച് അര്‍ത്ഥം പറയുന്ന 'ചാത്തമംഗലത്തെ കിട്ടനെ' പറ്റി സാക്ഷാല്‍ വി.കെ.എനും പറഞ്ഞിട്ടുണ്ട്. 'കൃഷ്ണന്‍' ലോപിച്ചിട്ടാണ് 'കിട്ടന്‍' ആയത് എന്നൊരഭിപ്രായമുണ്ട്.ഇത് ശരിയല്ല എന്നാണു വി.കെ,എന്‍. പറയുന്നത്.'പൊട്ടന്‍' ലോപിച്ചിട്ടാണത്രെ 'കിട്ട'നായത്.' ലിറ്റററി ജേണലിസം' മാത്രമാണെന്ന് കൃഷ്ണന്‍ നായര്‍ തന്നെ ചെറുതായി കാണുന്ന വാരഫലം ഗൌരവത്തോടെയുള്ള ഒരു പഠനം അര്‍ഹിക്കുന്നില്ല എന്ന് വരുമോ? ഏതെങ്കിലും സാഹിത്യകൃതിയെ കുറിച്ചോ എഴുത്തുകാരനെ കുറിച്ചോ സമഗ്രമായ പഠനം സാഹിത്യ വാരഫലത്തില്‍ കാണാറില്ല എന്നത് സത്യം. ഉത്തരക്കടലാസ് പരിശോധിക്കുന്ന ഒരു പരീക്ഷകന്‍ ചെയ്യുന്നതില്‍ കവിഞ്ഞൊന്നും കൃഷ്ണന്‍ നായര്‍ ചെയ്യാറില്ല. കമ്പോളനിലവാരം പോലെയോ സിനിമാനിരൂപണം പോലെയോ ഉള്ള ഈ പ്രതിവാര റിപ്പോര്‍ട്ടിന് ഭാഷയില്‍ ചരിത്രപരമായ ദൌത്യമേതും നിര്‍വഹിക്കാനില്ല എന്ന് വേണമോ മനസ്സിലാക്കാന്‍? ഏതു ഭാഷയിലേയും സാഹിത്യത്തിന്‍റെ നിലനില്‍പ്പും പുരോഗതിയും എഴുത്തുകാരന്‍റേയും വായനക്കാരന്‍റേയും സജീവ സാന്നിദ്ധ്യത്തിലാണ് വേരൂന്നുന്നത്.ഒരു പക്ഷം അരങ്ങത്തും മറ്റേത് അമുഖമായ സദസ്സിലുമാണ്. സദസ്സിന്‍റെ പ്രതികരണം പലപ്പോഴും ഒരു കൈയടിയിലോ ചൂളം വിളിയിലോ അവസാനിക്കും.അല്ലെങ്കില്‍ പത്രാധിപര്‍ക്കുള്ള കത്തുകളിലെ ഒരു കുറിപ്പില്‍ വായനക്കാരന്‍ എഴുത്തുകാരനായി മുഖം കാണിക്കും.കാര്യകാരണങ്ങളോടെയുള്ള ഒരു വിശകലനമോ ഇഴ പിരിച്ചുള്ള അപഗ്രഥനമോ അവന്‍റെ ലക്ഷ്യമല്ല-ചുമതലയുമല്ല.ഒരു സാഹിത്യസൃഷ്ടി തന്‍റെ അന്തര്‍മണ്ഡലങ്ങളില്‍ സൃഷ്ടിക്കുന്ന അനുരണനങ്ങളില്‍ അബോധമായി അഭിരമിക്കുക അല്ലെങ്കില്‍ അവയ്ക്കെതിരെ പ്രക്ഷുബ്ധനാവുക മാത്രമാണവന്‍റെ കടമ.അവന്‍റെ മനസ്സില്‍ എന്തു നടക്കുന്നു എന്ന് കണ്ടെത്തി അവനെ അറിയിക്കേണ്ടത്,എഴുത്തുകാരന്‍റെ,നിരൂപകന്‍റെ ബാദ്ധ്യതയാണ് .ഖസാക്കിന്‍റെ ഇതിഹാസവും ഭാഷയില്‍ അതിന്‍റെ സ്ഥാനം ഉറപ്പിച്ചത് അതിനെക്കുറിച്ചുള്ള പഠനങ്ങളിലൂടെയാണ്.എഴുത്തുകാരന്‍ ബാഹ്യശരീരമാണെങ്കില്‍ വായനക്കാരന്‍ അവന്‍റെ സമസ്തവ്യാപാരങ്ങളേയും നിയന്ത്രിക്കുന്ന ആന്തരിക ഘടനയാണ്.പരോക്ഷത്തിന്‍റെ സഹകരണമില്ലാതെ പ്രത്യക്ഷത്തിനു നിലനില്‍പ്പില്ല. സാഹിത്യവാരഫലത്തിന്‍റെ സ്വഭാവത്തെ കുറിച്ച്,സാദ്ധ്യതകളെ കുറിച്ച്, പ്രസക്തിയെ കുറിച്ച്,പരിമിതികളെ കുറിച്ച് അനുകൂലിച്ചാവട്ടെ മറിച്ചാവട്ടെ എന്തെ ങ്കിലും പറയേണ്ടതുണ്ടെന്ന് നമ്മുടെ എഴുത്തുകാര്‍ക്ക് തോന്നാതിരുന്നത്,ബോധപൂര്‍വമല്ലാത്ത ഒരു വീഴ്ചയായി എനിക്ക് തോന്നുന്നു.
സാഹിത്യ വാരഫലം ഇരുപത്തെട്ടാം വര്‍ഷത്തിലും ആരോഗ്യത്തോടെ നില നില്‍ക്കുന്നതെങ്ങനെ ?
നിലവാരമുള്ള ഒരു വാരികയിലാണ് വാരഫലം ജന്മമെടുത്തത്.രണ്ടു തവണ രംഗം മാറിയിട്ടും അത് നിലനില്‍ക്കുന്നതും അത്തരമൊരു പ്രസിദ്ധീകരണത്തിലാണ്.ഒരു വ്യക്തി മാത്രം കൈകാര്യം ചെയ്തിട്ടും ആ വ്യക്തിയുടെ അഭിപ്രായങ്ങളെ മാത്രം അവലംബിച്ചു നിന്നിട്ടും സമകാലീനഎഴുത്തുകാരില്‍,ഒരു പക്ഷേ, എല്ലാവരുടെയും മുഷിപ്പ് സമ്പാദിച്ചിട്ടും ഈ പംക്തി ജീവിക്കുന്നു-അതുള്‍ക്കൊള്ളുന്ന പ്രസിദ്ധീകരണത്തിന്‍റെ പ്രചാരത്തെ അനുകൂലമായി സ്വാധീനിച്ചുകൊണ്ട് തന്നെ. വാരികയുടെ വായന വാരഫലത്തിന്‍റെ പേജില്‍ തുടങ്ങുന്ന ഒട്ടേറെ പേരുണ്ട്. ഇക്കൂട്ടര്‍ വായിക്കുന്നത് ഈ ലേഖനങ്ങളിലെ നേരമ്പോക്കുകളും വിചിത്രങ്ങളായ നിര്‍വചനങ്ങളും ചോദ്യോത്തരങ്ങളും സ്വകാര്യസംഭാഷണങ്ങളിലെ സ്വകാര്യത കളഞ്ഞ് കൃഷ്ണന്‍ നായര്‍ അവതരിപ്പിക്കുന്ന പരദൂഷണങ്ങളും മാത്രമാണെന്ന വാദം പൂര്‍ണമായും ശരിയല്ല.ഓരോ ലേഖനവും ആദ്യാവസാനം വായിക്കുമ്പോള്‍ പുത്തനായ അറിവിന്‍റെ ഒരു ചെറിയ അംശം സ്വായത്തമാക്കാനാവുന്നുണ്ടെന്നു കരുതുന്നവരാണ് കൂടുതല്‍. വിശ്വസാഹിത്യത്തിലെ ശ്രദ്ധേയങ്ങളായ കൃതികളെ അവയുടെ മൂല്യനിര്‍ണ്ണയത്തിനു സഹായകമാവാത്ത വിധം സംഗ്രഹിച്ച് അവതരിപ്പിക്കുക വഴി വികലമായ ഒരാസ്വാദകസംസ്കാരത്തെയാണ് കൃഷ്ണന്‍ നായര്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന വാദത്തിലും സത്യത്തിന്‍റെ അംശമേയുള്ളൂ. സാഹിത്യത്തെ ഗൌരവത്തോടെ സമീപിക്കുന്ന, സര്‍ഗശക്തിയുള്ള ഒരെഴുത്തുകാരനേയും കൃഷ്ണന്‍ നായരുടെ അഭിപ്രായങ്ങള്‍ സ്വാധീനിക്കില്ല.മറിച്ച്,ഏതെങ്കിലും ചേരി യില്‍ അംഗമാകണമെന്ന നിര്‍ബന്ധമില്ലാത്ത സാധാരണ വായനക്കാരന് ഉത്തമസാഹിത്യത്തിലേയ്ക്കുള്ള ഒരു കിളിവാതിലായി പ്രവര്‍ത്തിക്കാന്‍ അതിനു കഴിയുന്നുമുണ്ട്.'ഡോറിയന്‍ ഗ്രേ'യുടെ കഥാസംഗ്രഹമോ അന്നാകരനീനയിലെ കഥാസന്ദര്‍ഭങ്ങളോ നേരിട്ടുള്ള അദ്ധ്വാനം കൂടാതെ ഒരാള്‍ മനസ്സിലാക്കിയെടുക്കുന്നെങ്കില്‍ അത് നമ്മെ അലോസരപ്പെടുത്തേണ്ടതില്ല.എഴുത്തുകാരനല്ലാത്ത ഈ വായനക്കാരന്‍റെ അഭിപ്രായരൂപീകരണത്തിലും കൃഷ്ണന്‍ നായര്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നു എന്നു പറഞ്ഞുകൂട.വാരഫലത്തിന്‍റെ വായനക്കാര്‍, കൃഷ്ണന്‍ നായരുടെ അഭിപ്രായങ്ങളെ, സ്വകാര്യസംഭാഷണങ്ങളില്‍, അദ്ദേഹത്തിന്‍റെ തന്നെ അഭിപ്രായങ്ങളായി ഉദ്ധരിക്കുന്നതായിട്ടാണ് അനുഭവം.മുണ്ടശ്ശേരി,മാരാര്‍, അഴീക്കോട്, കെ. പി. അപ്പന്‍ , ആഷാമേനോന്‍ തുടങ്ങി പലരുടേയും ചിന്താസരണികളെ സ്വയംവരിച്ച വായനക്കാര്‍ ഏറെയുണ്ട്.ഇങ്ങനെ ഒരനുയായിവൃന്ദം കൃഷ്ണന്‍ നായര്‍ക്ക് സ്വന്തമായി അവകാശപ്പെടാനാവില്ല.ഇത് ഒരു നിരൂപകന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്‍റെ കഴിവാണോ കഴിവുകേടാണോ എന്നതും വിവാദവിഷയമാകാം.വിദ്യാര്‍ത്ഥികളില്‍ ചിന്താശക്തിയുടെ തീപ്പൊരി സൃഷ്ടിച്ച് പിന്‍വാങ്ങുന്നവനാണ്,അവരെ സ്വന്തം വിശ്വാസത്തിന്‍റെ പാതയിലൂടെ കണ്ണും കെട്ടി നടത്തുന്നവനല്ല യഥാര്‍ത്ഥ അദ്ധ്യാപകന്‍ എന്നു വായിച്ചിട്ടുണ്ട്.സമാനമായ ഒരു നിര്‍വചനത്തിന്‍റെ സഹായത്തോടെ കൃഷ്ണന്‍ നായരുടെ രീതിയേയും സാധൂകരി ക്കാം.കൃഷ്ണന്‍ നായരുടെ ഇഷ്ടാനിഷ്ടങ്ങള്‍ വായനക്കാര്‍ക്ക് സംശയമുണ്ടാവാത്ത വിധം വ്യക്തങ്ങളാണ്.സ്വന്തം ശരിയിലുള്ള അസന്ദിഗ്ദ്ധമായ വിശ്വാസമാവാം കാരണം,ഒരു പ്രത്യേക അര്‍ത്ഥത്തില്‍ ശക്തമാണദ്ദേഹത്തിന്‍റെ ഭാഷ.വ്യക്തമായ കാഴ്ചപ്പാട്, കരുത്തുള്ള ഭാഷ, നിരന്തരമായ സാന്നിദ്ധ്യം, വളരെയേറെ വായനക്കാര്‍-ഒരു ചിന്താരീതിയുടെ പ്രയോക്താവായി എന്നിട്ടും കൃഷ്ണന്‍ നായര്‍ മാറാതിരുന്നതെന്തുകൊണ്ട് എന്നന്വേഷിക്കേണ്ടതാണ്.സാഹിത്യസംബന്ധിയും അല്ലാത്തതുമായ വിഷയങ്ങളെ പറ്റി കൊച്ചു കൊച്ചു കഥകളുടെ അകമ്പടിയോടെ വാരം തോറും കൃഷ്ണന്‍ നായര്‍ ഒരുക്കുന്ന 'കൊളാഷി'ന്‍റെ ഘടന തന്നെയാണ് ഇതിന്‍റെ പ്രചാരത്തിന്‍റെ മുഖ്യകാ രണം. വാരഫലത്തിന്‍റെ വായനക്കാരന് ഒരു തയ്യാറെടുപ്പ് ആവശ്യമില്ല. ലളിതമായ അതിന്‍റെ ശൈലി ഒരു രണ്ടാം വായന പോലും ആവശ്യപ്പെടുന്നില്ല.ഈ ലാളിത്യവും കഥാസമൃദ്ധിയും അവ ഇഷ്ടപ്പെടുന്ന വായനക്കാരുമാണ് സാഹിത്യവാരഫലത്തെ നിലനിര്‍ത്തുന്നത്.
സാഹിത്യ വാരഫലം ഭാഷയുടെ അംഗീകാരമോ അഭിനന്ദനമോ അര്‍ഹിക്കുന്നുണ്ടോ?
ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരം പംക്തികള്‍ മിക്കവാറും കൈകാര്യം ചെയ്യാറുള്ളത് ഒന്നിലേറെ എഴുത്തുകാരാണ്.നിയന്ത്രണാതീതമായ ചുറ്റുപാടുകളിലൊഴികെ ഒരിക്കലും വീഴ്ച വരുത്താതെ ഇരുപത്തേഴു കൊല്ലം പരസഹായമില്ലാതെ ഒരു പംക്തി കൊണ്ടുനടന്നു എന്ന ഒറ്റ കാര്യത്തിനു തന്നെ നാം കൃഷ്ണന്‍ നായരെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം പക്ഷേ,നല്ല സാഹിത്യത്തിന്‍റെ പക്ഷം ചേര്‍ന്നുകൊണ്ടുള്ള ആ പ്രയത്നത്തിന്‍റെ വ്യാപ്തത്തെ മാത്രം മാനിച്ചെങ്കിലും നാം നമ്മുടെ കടപ്പാട് അറിയണം -വ്യക്തമാക്കണം.അതത് വാരങ്ങളില്‍ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണങ്ങളിലെ കഥകളേയും കവിതകളേയും ലേഖനങ്ങളേയും മാത്രം മിക്കവാറും ആശ്രയിച്ചു കൊണ്ടുള്ള ആദ്യകാല ഘടനയില്‍ നിന്ന് അതേറെ മാറിയിട്ടുണ്ട്. അഭിപ്രായങ്ങളുടെയോ നുറുങ്ങു കഥകളുടെയോ ചിലപ്പോള്‍ കാണാറുള്ള ആവര്‍ത്തനമോ കയറ്റങ്ങളോ ഇറക്കങ്ങളോ ഇല്ലാത്ത,സവിശേഷതകളില്ലാത്ത, ഭാഷാശൈലിയോ അതിന്‍റെ പാരായണക്ഷമത കുറയ്ക്കുന്നില്ല.ഒരു വൈയാകരണന്‍റെ കാര്‍ക്കശ്യത്തോടെ ഭാഷയിലെ എഴുത്തുകാരുടെ തെറ്റായ പദപ്രയോഗങ്ങളെ കുറിച്ചും വ്യാകരണപ്പിശകുകളെ കുറിച്ചും ഉച്ചാരണവൈകല്യങ്ങളെ കുറിച്ചും വിസ്തരിക്കുന്ന കൃഷ്ണന്‍ നായരുടെ ലേഖനങ്ങള്‍,നിരൂപണ ലേഖനങ്ങള്‍ വായിക്കുന്നതില്‍ വൈമനസ്യം കാണിക്കാറുള്ള സാധാരണ വായനക്കാരന്‍,തള്ളി ക്കളയുന്നതിനു പകരം,രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണുണ്ടായത്. വായനക്കാരുടെ ഒരു പുതിയ സമൂഹത്തെ വാര്‍ത്തെടുത്തതിനു നാം കൃഷ്ണന്‍ നായരോട് നന്ദി പറയണം.സുഗതകുമാരിയെ പോലെ അംഗീകരിക്കപ്പെട്ട ഒരെഴുത്തു കാരിയുടെ/എഴുത്തുകാരന്‍റെ ഒരു കൃതിയുടെ കലാപരമായ മേന്മയെ പൂര്‍ണമനസ്സോടെ വാഴ്ത്തുമ്പോള്‍ തന്നെ മറ്റൊന്നിന്‍റെ പരാജയത്തെ നിശിതമായി വിമര്‍ശിക്കാന്‍ ധൈര്യം കാണിക്കുന്ന കൃഷ്ണന്‍ നായരുടെ സ്വഭാവവും വാരഫ ലത്തെ മറ്റു നിരൂപണ ലേഖനങ്ങളില്‍ നിന്ന് വേറെ നിര്‍ത്തുന്നു. ഇത്തരത്തിലൊരു നിഷ്പക്ഷത തീരെയില്ലെന്നു പറഞ്ഞുകൂടെങ്കിലും ഭാഷയിലെ നിരൂപകരുടെ ഒരു പൊതുസ്വഭാവമാണെന്നു കരുതുക വയ്യ.വ്യക്തി ബന്ധങ്ങള്‍, വാരഫലമെഴുതുമ്പോള്‍ ഒരിക്കലും കൃഷ്ണന്‍ നായരെ സ്വാധീനിക്കാറില്ല എന്നു വിവക്ഷയില്ല. സാഹിത്യവാരഫലത്തിന്‍റെ പോരായ്മകളെ കുറിച്ചൊരന്വേഷണം ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യമല്ല എന്നു മാത്രം കരുതിയാല്‍ മതി.കേരളീയ സാംസ്കാരികത്തനിമയുടെ മുഖമുദ്രകളായി നാം വാഴ്ത്താറുള്ള കഥകളിയുടെ വേഷവിധാനങ്ങളിലോ കൈകൊട്ടിക്കളിയുടെ ചുവടുകളിലോ അഭംഗിയുടെ ഒരംശമുണ്ടെന്ന് തുറന്നെഴുതാനുള്ള ചങ്കൂറ്റത്തെ അഭിനന്ദിക്കാന്‍ കഴിയണം. അപ്പോഴും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളോട് നമുക്ക് വിയോജിക്കാം.ലേഖനങ്ങള്‍ക്കുള്ള എഴുത്തുഭാഷയുടെ നിര്‍വചിക്കപ്പെട്ട ഗാംഭീര്യത്തേയും മാന്യതയേയും നോവിപ്പിക്കുന്ന പദപ്രയോഗങ്ങള്‍ വാരഫലത്തില്‍ കാണാറുണ്ട്.'പീറ', 'പറട്ട', 'ഉഡാന്‍സ്' തുടങ്ങിയ പദങ്ങള്‍ കൊണ്ട് സാഹിത്യകൃതികളെ വിലയിരുത്തുന്ന രീതി ശരിയോ എന്നത് മറ്റൊരു വിഷയം.('ആഭാസത്തിലാറാടിയ ഈ പീറക്കഥ വായിച്ച് ഞാന്‍ ലജ്ജിക്കുന്നു') 'ചൂര്', 'ചെത്തം' തുടങ്ങി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നാടന്‍ പദങ്ങളെ പുനരുദ്ധാരണം ചെയ്യാനുള്ള ഒരു ശ്രമം ഭാഷാസ്നേഹികളായ എഴുത്തുകാരില്‍ കാണാറുണ്ട്.സംസാര ഭാഷയിലെ കരുത്തുള്ള ചില വാക്കുകള്‍ക്ക്, പ്രയോഗങ്ങള്‍ക്ക് എഴുത്തു ഭാഷയിലേയ്ക്ക് സ്ഥാനക്കയറ്റം കൊടുക്കാന്‍ ഒരാള്‍ ഒരുമ്പെട്ടാല്‍ അയാളോടും നമുക്ക് മതിപ്പ് തോന്നേണ്ടതല്ലേ? നിയതമായ ഒരു ചട്ടക്കൂടില്ലാത്തതു കൊണ്ട് ശൈലിയില്‍ മാത്രമല്ല വിഷയസ്വീകരണത്തിലും കൃഷ്ണന്‍ നായര്‍ക്ക് അനന്തമായ സ്വാതന്ത്ര്യമുണ്ട്.ഒരു ഖണ്ഡികയില്‍ കാരൂരിന്‍റെ ചെറുകഥയെ കുറിച്ചും അടുത്തതില്‍ പി.ടി.ഉഷയുടെ ഓട്ടത്തെ കുറിച്ചും അതിനടുത്തതില്‍ പ്രപഞ്ചോല്‍പ്പത്തിയിലെ സ്ഫോടനത്തെ കുറിച്ചും എഴുതാന്‍ കഴിയുന്ന ഈ രീതി അദ്ദേഹത്തിന്‍റെ തന്നെ കണ്ടുപിടുത്തമാണ്.നിരൂപണ ലേഖനങ്ങളെ, പഠനവിധേയമാക്കാവുന്ന,സാഹിത്യകൃതികളില്‍ നിന്നുരുത്തിരിഞ്ഞ, സ്വതന്ത്ര സൃഷ്ടികളായി കാണാന്‍ ഭാഷയിലെ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഇന്ന് കഴിയുന്നുണ്ട്. സാഹിത്യവാരഫലം കൃഷ്ണന്‍ നായരുടെ സാഹിത്യ സൃഷ്ടിയാണ്.സമകാലീന സാഹിത്യത്തിന്‍റെ ഒരു പരിച്ഛേദം എപ്പോഴും ഉള്‍ക്കൊള്ളുന്നതു കൊണ്ട് ഭാവിയിലെ സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും ഈ ലേഖനങ്ങള്‍ ഗുണം ചെയ്യും.സവിശേഷതകളുള്ള, വായനക്കാര്‍ ഇഷ്ടപ്പെടുന്ന, ഈ നിരൂപണ ലേഖനങ്ങളേയും ഇവയുടെ കര്‍ത്താവിനേയും മലയാളം അറിഞ്ഞാദരിക്കേണ്ടിയിരിക്കുന്നു.
Friday, December 20, 2024
മരണം എന്ന കഥാപാത്രം
ഒന്ന് : മരിച്ചവരെ തിരിച്ചറിയുന്നതെങ്ങനെ ?
രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, പത്ത് വര്‍ഷത്തോളം പ്രഫസര്‍ റൂബകാന്തത്തിന്‍റെ കുടുംബവും ഞങ്ങളും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള ഒരേ കോളനിയിലെ താമസക്കാരായിരുന്നു. ഒരു മിന്നല്‍ സന്ദര്‍ശനത്തിന് വരുന്നു എന്ന് പറഞ്ഞപ്പോള്‍ ഫോണിലൂടെ അടുത്തെവിടെയോ നിന്ന് ഭാര്യ പ്രിയയാണ് പ്രാതലിന് കണക്കാക്കി എത്താന്‍ നിര്‍ബന്ധിച്ചത്. തുടര്‍ന്ന് ഇത്രയും കൂടി പറഞ്ഞു:
“മാഷേ, ഞാന്‍ മകളോടൊപ്പം രാവിലെ പുറത്തിറങ്ങും. ബ്രിഗേഡ് റോഡും കബന്‍ പാര്‍ക്കും കമേഴ്സ്യല്‍ സ്റ്റ്രീറ്റും ഒക്കെ കഴിഞ്ഞ് വൈകുന്നേരമാവും തിരിച്ചെത്താൻ. നേരത്തേ ഏറ്റ പരിപാടിയായതുകൊണ്ടാണ് പോകുന്നത്. പ്രാതലും ഉച്ചഭക്ഷണവും ഒരുക്കിവെച്ചിട്ടുണ്ട്. കഴിക്കാതെ പോകരുത്. ഈ പ്രിയയില്ലെങ്കിലും കൂട്ടിന് മാഷിന്‍റെ ‘പ്രിയ’കൂട്ടുകാരനുണ്ട്.”
പരിചയപ്പെട്ട കാലത്ത് റൂബകാന്തത്തിന്‍റെ ദൈനംദിനജീവിതത്തിന് കൃത്യമായി ആവർത്തിക്കുന്ന മൂന്ന് ഘട്ടങ്ങളുണ്ടായിരുന്നു.
ആദ്യത്തേതില്‍, ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ എന്നും രാവിലെ സുന്ദരിയായ ഭാര്യയോടൊപ്പം പ്രഫസര്‍ വീട്ടില്‍ നിന്നിറങ്ങും. പത്തോ പതിനഞ്ചോ തവണ ഒരേ വേഗത്തില്‍ ചുറുചുറുക്കോടെ നടത്തുന്ന കോളനി പ്രദക്ഷിണം കഴിഞ്ഞ് കുളിച്ച് കുറി തൊട്ടാണ് ജോലിക്കിറങ്ങുക. ഭാര്യയെ അടുത്ത ബസ് സ്റ്റോപ്പില്‍ നിന്ന് യാത്രയാക്കിക്കഴിഞ്ഞ് സ്വന്തം ഇരുചക്രവാഹനത്തില്‍ കോളേജിലേയ്ക്ക് യാത്ര തിരിക്കും. പ്രിയ റൂബയുടെ ശിഷ്യയായിരുന്നു. ഒച്ചപ്പാടുണ്ടാക്കിയ ഒരു പ്രേമവിവാഹമായിരുന്നു അവരുടേത്.
രാവിലത്തെ നടത്തവും ചിട്ടപ്പെട്ട ദിനചര്യകളും മൂന്നോ നാലോ ആഴ്ച തുടരും.
വേണ്ടെന്ന് മാറ്റിനിര്‍ത്തിയ മദ്യപാനം അത്താഴത്തിന് ശേഷം ഒരു തവണ മാത്രം എന്ന മട്ടില്‍ പുനരാരംഭിക്കുന്നിടത്ത് അടുത്ത ഘട്ടം തുടങ്ങും. ദിവസങ്ങള്‍ കഴിയവേ അതിന്‍റെ അളവും ആവൃത്തിയും കൂടും. രാവിലത്തെ കുളിയും നടത്തവും കുറഞ്ഞുകുറഞ്ഞുവരും. കോളേജില്‍ പോക്ക് കൂടെക്കൂടെ മുടങ്ങും. സ്ഥിതിഗതികള്‍ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുന്നതോടെ ജോലിക്ക് തീരെ പോകാതാവും. ഉണര്‍ന്നിരിക്കുന്ന നേരമത്രയും കുപ്പിയും ഗ്ലാസും വറുത്ത നിലക്കടലയും കപ്പലണ്ടിയുമായി ഇരിക്കലും കിടക്കലുമാവും.
ഈ നിലയിലെത്താൻ മൂന്നോ നാലോ ആഴ്ചയെടുക്കും.
പ്രിയയും സുഹൃത്തുക്കളും ചേര്‍ന്ന് മൂപ്പരെ പതിവ് ഡി അഡിക്ഷന്‍ സെന്‍ററില്‍ പ്രവേശിപ്പിക്കുന്നതോടെ അവസാന ഘട്ടം ആരംഭിക്കും.
അത് രണ്ടോ മൂന്നോ മാസം നീളും.
തിരിച്ചെത്തിക്കഴിഞ്ഞാൽ ആദ്യഘട്ടം ആഘോഷമായി വീണ്ടും തുടങ്ങും. ആ ദിവസങ്ങളില്‍ ഞങ്ങള്‍ രണ്ടുപേര്‍, ഞാനും റൂബയും, മാത്രമായി നടത്തിയിരുന്ന സുദീര്‍ഘകൂടിക്കാഴ്ചകളാണ് അക്കാലത്തിന്‍റെ വിലപ്പെട്ട നീക്കിയിരിപ്പ്. ഇന്നായിരുന്നെങ്കിൽ ഞാൻ അവ റെക്കോഡ് ചെയ്ത് സൂക്ഷിച്ചു വെയ്ക്കുമായിരുന്നു. സാഹിത്യവിഷയങ്ങളിൽ വിശേഷിച്ചും, മണിക്കൂറുകളോളം ഇരുന്ന് സംസാരിക്കാനുള്ള കോപ്പുണ്ടായിരുന്നു ഇംഗ്ലീഷ് ഭാഷാദ്ധ്യാപകനും വലിയ വായനക്കാരനുമായിരുന്ന റൂബകാന്തത്തിന്‍റെ പക്കല്‍.
പത്തൊമ്പത് വയസ്സു മാത്രം പ്രായമുള്ളപ്പോള്‍ മേരി ഷെല്ലിക്ക് ഫ്രാങ്കന്‍സ്റ്റീന്‍ പോലെ ഒരു കഥ സങ്കല്‍പ്പിക്കാനും എഴുതാനും എങ്ങനെ കഴിഞ്ഞു എന്ന സാമുവല്‍ റോസന്‍ബര്‍ഗിന്‍റെ അന്വേഷണാത്മക ലേഖനത്തെ കുറിച്ചായിരുന്നു ഒരു ദിവസത്തെ ചര്‍ച്ച.
ഒമ്പതോ പത്തോ വയസ്സില്‍ ബ്രെയ്ന്‍ റ്റ്യൂമറിനും മരണത്തിനുമെതിരെ സ്വന്തം മകന്‍ നടത്തിയ പോരാട്ടത്തിന്‍റെ കഥ പറയുന്ന, ജോണ്‍ ഗുന്തറിന്‍റെ Death, Be Not Proud എന്ന ചെറിയ പുസ്തകത്തെ കുറിച്ചായിരുന്നു ഇനിയൊരു ദിവസത്തേത്.
മലയാളകഥാസാഹിത്യത്തിലെ രചനകള്‍ പരിചയപ്പെടുത്തുമ്പോള്‍ ശ്രദ്ധയോടെ ക്ഷമയോടെ കേട്ടിരിക്കും സഹൃദയനായ കോളേജ് അദ്ധ്യാപകൻ.
താമസം നഗരത്തിന്‍റെ മറ്റൊരു ഭാഗത്തേയ്ക്ക് മാറ്റിക്കഴിഞ്ഞും ഇടയ്ക്ക് വിളിക്കാറുണ്ടായിരുന്നു - അപൂര്‍വം കാണാറുമുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ ഫോണ്‍ നമ്പര്‍ മാറി. ആ വിവരം കൈമാറിയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം, അടച്ചിരിപ്പുകാലത്തെ സാമൂഹ്യവിലക്കുകള്‍ ആ ബന്ധത്തെ മുഴുവനായും ഇല്ലാതാക്കി.
ഇന്ന് രാവിലെ ഉണര്‍ന്നെഴുന്നേറ്റത് മുതല്‍ റൂബയാണ് മനസ്സില്‍. അര-മുക്കാല്‍ മണിക്കൂര്‍ നേരത്തെ കഠിനശ്രമത്തിനൊടുവില്‍ പൊതുസുഹൃത്തുക്കളില്‍ ഒരാളില്‍ നിന്ന് നമ്പര്‍ കിട്ടി. ഫോണ്‍വിളിയില്‍ അവസാനിപ്പിക്കാം എന്ന് കരുതിയെങ്കിലും സംസാരിച്ചുവന്നപ്പോള്‍ നേരില്‍ കാണണം എന്ന് തോന്നി. ആ സുഹൃദ്ബന്ധം അതിന്‍റെ മുഴുവൻ ഊഷ്മളതയോടെ പൊടുന്നനെ മനസ്സിലെത്തി.
കാറിലോ ഓട്ടോറിക്ഷയിലോ ഗൂഗ്ളിന്‍റെ സഹായത്തോടെ വീട്ടുമുറ്റത്ത് ഇറങ്ങാമായിരുന്നു. പകരം അഞ്ഞൂറ് മീറ്ററകലെ, 27th മെയ്ന്‍ തുടക്കത്തില്‍ കാബ് നിര്‍ത്തി ഇറങ്ങി. ‘ഓര്‍മ്മകള്‍ …ഓര്‍മ്മകള്‍…ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ..’ മൂളി ഓര്‍മ്മവഴികളിലൂടെ നടന്നു.
റോഡിനിരുവശവും വീടുകളായും കടകളായും കെട്ടിടങ്ങള്‍ നിറഞ്ഞിരിക്കുന്നു. പരിസരത്തെ മേല്‍പ്പാലങ്ങളും കൂടിയായപ്പോള്‍ എച്ച് എസ് ആർ ലേ ഔട്ട് തിരിച്ചറിയാനാവാത്ത വിധം മാറിയിരിക്കുന്നു.
വീട്ടുവാതില്‍ക്കല്‍ മുറിയൻ പാന്‍റിട്ട്, മേൽക്കുപ്പായമില്ലാതെ, സ്നേഹം കിനിയുന്ന പല്ലന്‍ ചിരിയുമായി പ്രഫസർ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കുടവയറും നരച്ച മുടിയും മാറ്റിനിര്‍ത്തിയാല്‍ പഴയ റൂബ തന്നെ.
ഡൈനിങ് ടേബ്ളിൽ രണ്ടുപേർക്കുള്ള പ്രാതൽ വിളമ്പി അടച്ചുവെച്ചിരുന്നു. കട്ടിയിൽ പതുപതുപ്പോടെ തട്ടുദോശയെ ഓർമ്മിപ്പിക്കുന്ന അടദോശയും കടുക് വറുത്തിട്ട തക്കാളി ചട്ണിയും.
മൊരുമൊരുക്കനെയുള്ള ഞങ്ങളുടെ അടദോശയുടെ തമിഴ് പരിഭാഷ !
“ നല്ല വിശപ്പുണ്ട്. നമുക്ക് ആദ്യം ഭക്ഷണം കഴിക്കാം. പ്രിയ തനിക്കായി ഓർമ്മിച്ചുണ്ടാക്കിയതാണ് തക്കാളി ചട്ണി! “
പ്രാതലിനിടെ റൂബകാന്തം തുടര്‍ന്നു :
“ സിങ്‌ക്രോണിസിറ്റിയായാണോ ടെലിപ്പതിയായാണോ ഇരുപത് കൊല്ലങ്ങള്‍ക്ക് ശേഷമുള്ള ഈ കൂടിക്കാഴ്ചയെ കാണേണ്ടത് എന്നെനിക്കറിയില്ല. മാസങ്ങള്‍ക്ക് ശേഷം- അഥവാ വര്‍ഷങ്ങള്‍ക്ക് ശേഷം തികച്ചും അവിചാരിതമായി ഇന്നലെ തന്നെക്കുറിച്ച് സംസാരിച്ചിരുന്നു.
മകളുടെ കുട്ടി പത്താം ക്ലാസിലാണ്. കണക്കാണ് അവളുടെ ഇഷ്ടവിഷയം. അതറിഞ്ഞപ്പോള്‍ കണക്കുമാഷായിരുന്ന പഴയ അയല്‍ക്കാരനെ കുറിച്ച് ഞാന്‍ പറഞ്ഞു. സംഖ്യകള്‍ കൊണ്ട് താന്‍ ചെയ്തിരുന്ന കണ്‍കെട്ടുകളെക്കുറിച്ചും ജാലവിദ്യകളെ കുറിച്ചും ! ഓര്‍മ്മയിലുണ്ടായിരുന്ന ഒരുദാഹരണം അവളെ പഠിപ്പിക്കാമെന്ന് തോന്നി. പാതി എത്തിയപ്പോഴാണ് വിഷയം ഇപ്പോഴും എനിക്കൊരു ബാലികേറാമലയാണെന്ന് തിരിച്ചറിഞ്ഞത്.”
ജനിച്ചതും വളര്‍ന്നതും ബെങ്ഗളൂരുവിലാണെങ്കിലും ഒരു ശരാശരി മലയാളിയെക്കാള്‍ നന്നായി മലയാളം സംസാരിക്കും തമിഴ്നാട്ടില്‍ നിന്നെത്തി ഇവിടത്തുകാരനായ പ്രഫസര്‍. ആ 'ബാലികേറാമല' മൂപ്പര്‍ക്കൊരൂ ബാലികേറാമലയല്ലെന്നര്‍ത്ഥം.
"ഏതായിരുന്നു ആ ഉദാഹരണം ?"
"ചെറിയ ക്ലാസുകളില്‍ തന്‍റെ സഹപാഠിയായിരുന്ന ഒരു ഹനീഫയുടെ മരണത്തിന്‍റെ കഥ ചേര്‍ത്താണ് അന്നത് പറഞ്ഞുതന്നത് എന്ന് ഓര്‍മ്മയുണ്ട്.
രാവിലെ റൂബയെ വിളിക്കാന്‍ തോന്നിപ്പിച്ച വിചിത്രമായ സാഹചര്യം ഓര്‍ത്താവാം മരണം എന്ന വാക്ക് ചെറിയ ഞെട്ടലുണ്ടാക്കി.
“ ദാ ആ കഥ ഒരു തവണ കൂടി - ഹനീഫ ബാല്യകാലസുഹൃത്തും ആറും ഏഴും ക്ലാസുകളില്‍ സഹപാഠിയുമായിരുന്നു. ഏഴാം ക്ലാസില്‍ അവസാന പരീക്ഷയ്ക്ക് തൊട്ടുമുന്‍പ് അവന്‍ മരിച്ചു. താമസിച്ചിരുന്ന കോളനിയോട് ചേര്‍ന്ന് ഉയര്‍ന്നുവന്ന വലിയ സര്‍ക്കാര്‍ ആസ്പത്രിയില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യമരണങ്ങളില്‍ ഒന്നായിരുന്നു അത്. ഒരു സാധാരണ ജലദോഷപ്പനിയായിത്തുടങ്ങിയ അസുഖം പൊടുന്നനെ മറ്റെന്തോ ആയി വളരുകയാണുണ്ടായത്. ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് പത്താം ദിവസം അവന്‍ മരണത്തിന് കീഴടങ്ങി.
ജീവിതയാത്രയില്‍ അങ്ങനെ വഴിക്കൊരു സ്റ്റേഷനില്‍ ഹനീഫ ‘വണ്ടി’യില്‍ നിന്നിറങ്ങി. ഞാന്‍ യാത്ര തുടര്‍ന്നു. മരിക്കുമ്പോള്‍ അവന് പന്ത്രണ്ട് വയസ്സായിരുന്നു - എനിക്കും.
ഹനീഫയ്ക്ക് ഇന്നും പന്ത്രണ്ട് ! എനിക്ക് എഴുപത്താറും.
സമപ്രായക്കാരായിരുന്ന ഞങ്ങള്‍ തമ്മില്‍ ഇന്ന് അറുപത്തിനാല് വയസ്സിന്‍റെ വ്യത്യാസം !
ഇനി ഇതിന്‍റെ എതിര്‍വശം - എഴുപത്തെട്ടാം വയസ്സിലാണ് എന്‍റെ മുത്തച്ഛൻ മരിക്കുന്നത്. അന്നെനിക്ക് പത്ത് വയസ്സായിരുന്നു. അറുപത്തെട്ട് വയസ്സിന്‍റെ ഇളപ്പം.
വഴിയില്‍ വണ്ടിയിറങ്ങി നിന്ന മുത്തച്ഛന് ഇന്നും അതേ പ്രായം.യാത്ര തുടര്‍ന്ന എനിക്ക് എഴുപത്താറും.
ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഇപ്പോൾ രണ്ടേരണ്ട് വയസ്സിന്‍റേത് !”
“ഇനി മറക്കില്ല.”
കള്ളക്കണക്കിന്‍റെ സ്വാരസ്യം ആസ്വദിച്ച് പ്രഫസര്‍ ചിരിച്ചു. ഡയറിയെടുത്ത് ചുരുക്കെഴുത്തില്‍ സംഗതി രേഖകളിലാക്കി.
“ഇനി ഓര്‍ക്കാപ്പുറത്തുള്ള ഈ സന്ദര്‍ശനത്തിന്‍റെ പിന്നിലുള്ള കഥ അഥവാ കണക്ക് കേള്‍ക്കട്ടെ.”
“ ഇന്ന് രാവിലെ എഴുന്നേൽക്കുന്നതിന് തൊട്ടുമുൻപ് തന്നെ സ്വപ്നം കണ്ടു.”
“ഓ !”
റൂബ അത്ഭുതം പ്രകടിപ്പിച്ചു.
“അത് മനസ്സിൽ നിന്ന് പോകാതെ നിന്നപ്പോൾ കൂട്ടുകാരുടെ ഫോൺ നമ്പറുകൾ തേടിപ്പിടിച്ച് വിളിച്ച് തന്‍റെ നമ്പർ സമ്പാദിച്ചു. വിളിച്ച് സംസാരിച്ചുതുടങ്ങിയപ്പോൾ നേരിൽ കാണണമെന്ന് തോന്നി.”
“ നല്ല കാര്യം - എന്തായിരുന്നു സ്വപ്നം?”
“ പ്രിയയെ ഓർത്തപ്പോൾ, അത് ഫോണിലൂടെ പറഞ്ഞാൽ ശരിയാവില്ലെന്ന് തോന്നി…. അതിന്‍റെ ഫലമാണ് ഈ വരവ്. സ്വപ്നം,.... ഇത് പോലൊരു സ്വീകരണമുറിയില്‍… നിലത്ത്… താൻ…മരിച്ചുകിടക്കുന്നതായി…”
വാക്യം മുഴുവനാക്കാൻ സമ്മതിക്കാതെ പ്രഫസര്‍ തല പിന്നോട്ടെറിഞ്ഞ്, ഇടിവെട്ടുന്ന ശബ്ദത്തില്‍ അസംസ്കൃതമായ ആ ചിരി ചിരിച്ചു - വാ ഗുഹ പോലെ തുറന്ന്, തുപ്പല്‍ തെറിപ്പിച്ച്, വലിയ മഞ്ഞപ്പല്ലുകള്‍ മുഴുവന്‍ കാണിച്ച്-
“വിശദമായി പറ..!’
“ നിലത്ത് വെള്ളയില്‍ പൊതിഞ്ഞ് താന്‍ കിടക്കുന്നു. മൂക്കില്‍ പഞ്ഞി വെച്ചിട്ടുണ്ട്. താടിക്ക് കീഴെക്കൂടി ചുറ്റി ഒരു വെളുത്ത തുണിക്കഷണം നെറുകയില്‍ കെട്ടിവെച്ചിരിക്കുന്നു. സംസാരിക്കാത്തപ്പോഴും അടഞ്ഞുകണ്ടിട്ടില്ലാത്ത തന്‍റെ ചുണ്ടുകള്‍ അങ്ങനെ പൂര്‍ണമായും അടഞ്ഞുകിടക്കുന്നു. കാലിന്‍റെ പെരുവിരലുകള്‍ ചേര്‍ത്തുകെട്ടിയിരിക്കുന്നു. ചുറ്റും അരിയും പൂവിതളുകളും ചിതറിക്കിടപ്പുണ്ട്. എവിടെനിന്നൊക്കെയോ സ്ത്രീശബ്ദത്തില്‍ തേങ്ങിക്കരച്ചിലുകള്‍ ഉയരുന്നുണ്ട്. ചന്ദനത്തിരിയുടെ പുകയും മണവും കാറ്റില്ലാത്ത അന്തരീക്ഷത്തില്‍ തളംകെട്ടിനില്‍ക്കുന്നു. അവിശ്വാസിയുടെ ചുമരിൽ മുരുകന്‍റെ ചിത്രമുള്ള കലന്‍റർ കണ്ടതുകൂടി എനിക്കോര്‍ക്കാം.
ആൾക്കാർ വന്നും പോയുമിരുന്നു. “
“ താനെന്‍റെ ശവദാഹം കഴിയുന്നതുവരെ നിന്നോ എന്നാണറിയേണ്ടത്.”
റൂബ വീണ്ടും ചിരിച്ചു.
“ജോയ് ജോസഫാണ് വിവരമറിയിച്ച് എന്നെ കൂട്ടിക്കൊണ്ടുവന്നത്. അവന്‍ കുറച്ചുനേരം മൃതദേഹത്തിന്‍റെ മുഖത്ത് നോക്കിനിന്നു. പിന്നെ, തളർന്ന്, തലയ്ക്കൽ നിന്നല്പം മാറി, താഴെ ഇരുന്ന് പൊട്ടിക്കരഞ്ഞു. ഏങ്ങലടിച്ചുള്ള ആ ശബ്ദം പെണ്‍കരച്ചിലുകള്‍ക്കിടയില്‍ വേറിട്ടുനിന്നു. ആശ്വസിപ്പിക്കുന്ന മട്ടില്‍ അവന്‍റെ തലയില്‍ കൈവെച്ച് നില്‍ക്കുകയേ ചെയ്തുള്ളൂ ഞാന്‍ ”
“ആരാ ഈ ജോയ് ജോസഫ് ? “
“തനിക്കറിയില്ല !”
തട്ടുപൊളിപ്പന്‍ പൊട്ടിച്ചിരി വീണ്ടും.
“അതാണ് ആലോചിച്ചപ്പോള്‍ എന്നെ അദ്ഭുതപ്പെടുത്തിയത്.”
ഞാന്‍ തുടര്‍ന്നു:
“പാലക്കാട്ട് കോളേജില്‍ എന്‍റെ സഹപാഠിയായിരുന്നു . തന്‍റെ ശവശരീരത്തിനടുത്ത് വന്നിരുന്ന് കരയാന്‍ അയാള്‍ക്ക് ഒരു കാര്യവുമുണ്ടായിരുന്നില്ല. അത് പോട്ടെ. ശ്വാസകോശസംബന്ധമായ ഒരപൂര്‍വരോഗം ബാധിച്ച് , മരിച്ചുപോയയാളാണ് ജോയ് - വര്‍ഷങ്ങള്‍ക്ക് മുന്‍പേ !
എന്നോ മരിച്ച ജോയ് ജോസഫ്, മരിക്കാത്ത തന്നെ മൃതദേഹമാക്കി, അതിന്‍റെ തലയ്ക്കല്‍ ഇരുന്ന് ഏങ്ങലടിച്ച് കരയുകയായിരുന്നു !”
രണ്ട് : ആള്‍മാറാട്ടം
രേഖകളില്‍ പുതിയ വിലാസം ചേര്‍ക്കാനുള്ള അപേക്ഷ കൊടുത്ത് ഞാന്‍ പുറത്തേയ്ക്ക് വന്നു. ഓഫീസര്‍ ഒപ്പിട്ട് രശീതി കൈയില്‍ കിട്ടാന്‍ അര-മുക്കാല്‍ മണിക്കൂറാകും. അടുത്ത മാസത്തെ വൈദ്യുതി ബില്ലില്‍ പുതിയ വിലാസമായിരിക്കും എന്നുറപ്പ് തന്നു സെക്ഷന്‍ ഗുമസ്ത.
ഒരു കോഫി കുടിക്കാമെന്ന് കരുതി അടുത്ത ഇടവഴിയിലേയ്ക്ക് നടന്നു.
റെസ്റ്റോറന്‍റില്‍ തിരക്ക് തീരെ കുറവായിരുന്നു.
പാതയില്‍ നിന്ന് മാറി സ്ഥിതിചെയ്യുന്നതു കൊണ്ട് സ്വൈരമായിരുന്ന് പ്രണയിക്കാന്‍ പറ്റിയ സ്ഥലമാണ് ഇവിടം. ഉച്ചയാവുന്നതോടെ അകവും പുറവും, പ്രേമബദ്ധരായ ഇണകളെക്കൊണ്ട് നിറയും.
മൂലയില്‍ രണ്ട് പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ഇരിപ്പിടം കണ്ടെത്തി ഒരു കോഫിയും വടയും പറഞ്ഞു.
“വടയോടൊപ്പം ചട്ണി മതി - സാമ്പാര്‍ വേണ്ട !”
കര്‍ണാടകക്കാരുടെ മധുരിക്കുന്ന സാമ്പാര്‍, കീഴടക്കാന്‍ ഇതുവരെ കഴിയാതെ പോയ അപൂര്‍വം രുചിക്കൊടുമുടികളില്‍ ഒന്നാണ്.
മധുരം ചേര്‍ക്കാത്ത, കടുപ്പം കൂടിയ ഫില്‍റ്റര്‍ കോഫിയുമായി, ഫോണില്‍ വായിച്ചും എഴുതിയും ഞാനിരുന്നു. അടുത്ത ടേബ്ളില്‍ ശബ്ദായമാനമായ ഒരു തെലുങ്ക് കുടുംബമാണ്. കരഞ്ഞും വാശിപിടിച്ചും മൂന്ന് കുട്ടികളുമുണ്ട് സംഘത്തില്‍. അവരിലൊരാളുടെ കൈ തട്ടി താഴെ വീണുടഞ്ഞ പ്ലേറ്റിന്‍റെ കഷണങ്ങള്‍ അടിച്ചുകൂട്ടിയെടുക്കുകയാണ് ഒരു ജീവനക്കാരന്‍. അടുത്ത സീറ്റില്‍ ഒറ്റക്കിരുന്ന് ചായ കുടിക്കുകയായിരുന്ന മനുഷ്യന്‍റെ കാലുറയിലേയ്ക്ക് പ്ലേറ്റില്‍ നിന്ന് എന്തൊക്കെയോ തെറിച്ചിട്ടുണ്ട്. ഒരു വാക്ക് മിണ്ടാന്‍ നില്‍ക്കാതെ ഗ്ലാസിലെ വെള്ളത്തില്‍ ടിഷ്യൂ മുക്കി കാലുറ തുടച്ചുകൊണ്ടിരുന്ന അയാളോട് ക്ഷമ ചോദിക്കണമെന്നോ വസ്ത്രം തുടച്ച് വൃത്തിയാക്കൂന്നതില്‍ അയാളെ സഹായിക്കണമെന്നോ ഒന്നും ആര്‍ക്കും തോന്നുന്നില്ല.
പൊതുസ്ഥലങ്ങളില്‍ മാന്യമായി പെരുമാറാന്‍ നമ്മള്‍ എന്നാണ് പഠിക്കുക ?
ഉടഞ്ഞ പ്ലേറ്റിന്‍റെ വിലയും ബില്ലില്‍ ചേര്‍ക്കണമെന്ന് നിര്‍ബന്ധിച്ചത് കാര്‍ഡുമായി കൌണ്ടറില്‍ എത്തിയ കുടുംബാംഗം തന്നെയാണ്. പണം കൊടുത്ത് അവര്‍ പുറത്തേക്കിറങ്ങിയതോടെ അന്തരീക്ഷത്തിലെ പിരിമുറുക്കം അയഞ്ഞു. അപരിചിതരായ അന്തേവാസികള്‍ പരസ്പരം കൈമാറിയ ചെറുചിരികളില്‍ അത് തെളിഞ്ഞുകണ്ടു.
ദൂരെ എതിര്‍മൂലയില്‍ ശരീരപ്രകൃതിയിലും വേഷത്തിലും ടോള്‍സ്റ്റോയിയെ അനുസ്മരിപ്പിച്ച ഒരു വൃദ്ധന്‍ ഒറ്റക്കിരുന്ന് പ്രാതല്‍ കഴിക്കുന്നുണ്ടായിരുന്നു
നോട്ടം മുഖത്ത് വീണപ്പോള്‍ അയാള്‍ എന്തോ ചോദിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് തോന്നി. സംശയനിവൃത്തിക്കായി വീണ്ടും നോക്കി. മുഖത്തെ ചോദ്യഭാവത്തില്‍ ഒരു ചെറുചിരി തിരനോട്ടം നടത്തി. സംശയിച്ച് സംശയിച്ച് അയാള്‍ കൈയുയര്‍ത്തി. നീട്ടിവളര്‍ത്തിയ നരച്ച താടിയുടേയും തലമുടിയുടേയും പശ്ചാത്തലത്തില്‍, ‘പുളിച്ച’ ആ ചിരി മാത്രം ഓര്‍മ്മയില്‍ എവിടെയോ തെളിഞ്ഞും മറഞ്ഞും പിടി തരാതെ നിന്നു. ആ ചിരി എനിക്ക് പരിചയമുണ്ട്. ഞാന്‍ കൌണ്ടറിലേയ്ക്ക് നീങ്ങി. കാത്തുനില്‍ക്കാന്‍ കൈ കാണിച്ച് അയാള്‍ വാഷ് റൂമിന് നേരെ ചൂണ്ടി. പൈസ കൊടുത്ത് തിരിഞ്ഞപ്പോള്‍ അവിടെ നിന്ന് പുറത്തിറങ്ങി അയാള്‍ കൌണ്ടറിലേയ്ക്ക് നടക്കുകയായിരുന്നു. ഒരു കാല്‍ വലിച്ചുവലിച്ചുള്ള ആ നടപ്പ് കണ്ട നിമിഷം മനസ്സിലൂടെ ഒരു മിന്നല്‍ കടന്നുപോയി.
അടുത്തുവന്ന് അയാള്‍ കൈ നീട്ടി. മുറം പോലെ പരന്ന ആ വലിയ കൈവെള്ളയില്‍ എന്‍റെ തണുത്ത് ദുര്‍ബലമായ കൈ വിറയ്ക്കുന്നതായും വിയര്‍ക്കുന്നതായും ഞാനറിഞ്ഞു.
“സാറിന് മനസ്സിലായോ?”
“ ഈ താടിയും മുടിയും ....?”
എവിടെയും തൊടാതെ ഞാന്‍ തുടങ്ങി.
“കോവിഡ് കാലത്ത് ബാര്‍ബര്‍ ഷോപ്പില്‍ പോകുന്നത് നിര്‍ത്തി. ഇതാണ് സൌകര്യമെന്ന് മനസ്സിലായപ്പോള്‍ അതങ്ങനെ തുടരാമെന്ന് നിശ്ചയിച്ചു. നിങ്ങളുടെ കോളനിയില്‍ എട്ടാമത്തെ ക്രോസില്‍ ആയിരുന്നു ഞാന്‍ താമസിച്ചിരുന്നത്. “
“ എവിടെയോ കണ്ടുപരിചയമുള്ള മുഖമാണല്ലോ എന്ന് കുറച്ചുനേരമായി ആലോചിക്കുകയായിരുന്നു. “ ഞാന്‍ നുണ പറഞ്ഞു
“എന്താണ് ഇവിടെ ?”
അയാള്‍ പറഞ്ഞ ഉത്തരമോ തുടര്‍ന്ന് ഞങ്ങള്‍ക്കിടയില്‍ നടന്ന സംഭാഷണത്തിന്‍റെ വിശദാംശങ്ങളോ പിന്നീട് അവ്യക്തമായേ എനിക്ക് ഓര്‍ത്തെടുക്കാനായുള്ളൂ. യാത്ര പറഞ്ഞ്, ഇലക്ട്രിസിറ്റി ഓഫീസില്‍ ബാക്കിയായിരുന്ന ജോലി തീര്‍ത്ത്, ഞാന്‍ ജയശങ്കറിനെ വിളിച്ചു.
“തിരക്കിലാണോ? നേരില്‍ കാണാന്‍ സമയമുണ്ടോ? അഞ്ചുമിനുട്ടില്‍ ഞാനവിടെയെത്താം.”
രണ്ടാം നിലയിലുള്ള ഓഫീസിന്‍റെ പടികളിറങ്ങി ജയശങ്കര്‍ താഴെ നില്‍ക്കുന്നുണ്ടായിരുന്നു. അടുത്ത കാള്‍ അര മണിക്കൂര്‍ കഴിഞ്ഞേയുള്ളൂ എന്നു പറഞ്ഞു.
ഞങ്ങള്‍ പുറത്തേയ്ക്ക് നടന്നു.
മുഖവുരയില്ലാതെ ഞാന്‍ വിഷയത്തിലേയ്ക്ക് കടന്നു.
“ കോവിഡിന്‍റെ ആദ്യവരവില്‍ നമ്മുടെ കോളനിയിലെ രാഘവേന്ദ്ര മരിച്ച വിവരം ഫോണില്‍ എന്നെ അറിയിച്ചത് ഓര്‍മ്മയുണ്ടോ ?”
“ ഓര്‍മ്മയുണ്ടല്ലോ- അടച്ചിരിപ്പിന്‍റെ കെണിയില്‍ പെട്ട് മാഷ് നാട്ടിലായിരുന്നു.”
"അന്ന് രാഘവേന്ദ്ര ആരാണെന്ന് അറിയാതെ പരുങ്ങിയ എന്നോട് 'ഓട്ടോറിക്ഷ സ്റ്റാന്‍ഡിന് മുന്നില്‍ വെച്ച് ഒരിക്കല്‍ ഞാന്‍ തന്നെയാണ് മാഷക്ക് പരിചയപ്പെടുത്തിത്തന്നത്' എന്ന് പറഞ്ഞ് സഹായിച്ചത് ഓര്‍മ്മയുണ്ടോ?"
"മറന്നിരുന്നു. ഇപ്പോള്‍ ഓര്‍മ്മ വന്നു. "
“ കോളനിയില്‍ നിന്ന് എയര്‍പോര്‍ട്ടിലേയ്ക്കുള്ള വഴിയില്‍ നാലാമത്തെയോ അഞ്ചാമത്തെയോ ഇടത്തോട്ടുള്ള തിരിവില്‍ ഒരു ഉഡുപ്പി റെസ്റ്റോറന്റ് ഉണ്ട്. കണ്ടിട്ടുണ്ടോ ? “
ജയശങ്കർ മൂളി.
“ ഇന്ന് അവിടെ വെച്ച് ഞാനയാളെ കണ്ടു. “
ജയശങ്കറിന്‍റെ മുഖത്ത് ഒരു ചെറുപുഞ്ചിരി മിന്നിമറഞ്ഞു.
“തമാശ പറയാനാണോ എന്നെ ഓഫീസില്‍ നിന്ന് വിളിച്ചിറക്കിയത് ?”
“ തമാശയല്ല ! എന്‍റെ ഉള്ളിലെ വിറ ഇപ്പോഴും മാറിയിട്ടില്ല.”
റെസ്റ്റോറന്‍റിലെ കൂടിക്കാഴ്ചയെ കുറിച്ച് കേട്ടുകഴിഞ്ഞ് ജയശങ്കര്‍ ചോദിച്ചു :
“താന്‍ രാഘവേന്ദ്രയാണെന്ന് അയാള്‍ പറഞ്ഞോ ? അതോ മാഷ് അനുമാനിച്ചോ? മാഷ് കണ്ടത് ജയദേവപ്പയെയാണ്. അവര്‍ രണ്ടുപേരും എട്ടാം ക്രോസിലായിരുന്നു. മാഷ് കോളനി വിട്ടതിന് പിന്നാലെ അയാളും വാടകവീട് ഒഴിഞ്ഞു.”
“മുടന്തുള്ളയാൾ ആയിരുന്നില്ലേ രാഘവേന്ദ്ര ?”
“അതാണ് മാഷെ കുഴപ്പത്തിലാക്കിയത് എന്ന് മനസ്സിലായി. മാഷ് മാത്രമല്ല മറ്റ് പലരുമുണ്ട് സംശയാലുക്കളുടെ സംഘത്തില്‍.
ജയദേവപ്പയ്ക്കും ആ പറഞ്ഞ ‘ദുര്‍ന്നടപ്പു’ണ്ട്. ഒരാള്‍ക്ക് ജന്‍മനാല്‍ ഒരു കാലിന് നീളക്കുറവുണ്ട്. മറ്റേയാള്‍ക്ക് പക്ഷാഘാതം ഒരു കാലിന് സമ്മാനിച്ച വലിവും. രണ്ടുപേരും ഒരേ വീട്ടിന്‍റെ താഴത്തെയും മുകളിലെയും നിലകളില്‍ ഒറ്റയ്ക്കൊറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുകയായിരുന്നു. എല്ലാവരുമായും പരിചയപ്പെടാന്‍ വേണ്ടത്ര കാലം അവര്‍ കോളനിയില്‍ ഉണ്ടായിരുന്നില്ല. രാഘവേന്ദ്ര മരിച്ച് ആഴ്ചകള്‍ക്കുള്ളില്‍ ജയദേവപ്പയും വീടൊഴിഞ്ഞു.
‘പകലും രാത്രിയും ഭേദമില്ലാതെ രാഘവേന്ദ്ര വീട്ടില്‍ കയറിവരുന്നു.വാതില്‍ അടച്ചുകുറ്റിയിട്ടാലും ഇഷ്ടന് വരാനും പോകാനും തടസ്സമാവുന്നില്ല. സ്വൈരമായി ഉണ്ണാനോ ഉറങ്ങാനോ കഴിയുന്നില്ല’ എന്നതായിരുന്നു വീടൊഴിയാന്‍ കാരണമായി പറഞ്ഞത് എന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ രാഘവേന്ദ്ര മാഷേയും വന്നുകണ്ടു. നന്നായി!”
വീട്ടിലേയ്ക്കുള്ള മടക്കയാത്രയിലും വീട്ടിലെത്തിക്കഴിഞ്ഞും എനിക്ക് സ്വസ്ഥത തിരിച്ചുകിട്ടിയില്ല - റെസ്റ്റോറന്‍റില്‍ ഞാന്‍ കണ്ടത് ജയദേവപ്പയേയോ അതോ തന്നെ വന്നു കാണാറുണ്ടായിരുന്നു എന്ന് ജയദേവപ്പ പറഞ്ഞ രാഘവേന്ദ്രയേയോ ? ജയദേവപ്പ എന്ന പുതുമുഖത്തെ പറ്റി ജയശങ്കര്‍ പറഞ്ഞത് പൂര്‍ണമായും വിശ്വസിച്ചാലും പ്രശ്നം തീരുന്നില്ല.
മൂന്ന് വര്‍ഷം മുന്‍പ് മനസ്സില്‍, മരിച്ച് മണ്ണടിഞ്ഞ മനുഷ്യന്‍ ആള്‍മാറാട്ടം നടത്തി, ഇന്നെന്‍റെ മുന്നില്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അയാള്‍ക്ക് പകരം അന്ന് മരിച്ച ആളുടെ പരിചയപ്പെടുത്തല്‍ രേഖകളൊന്നും ഇനി ഒരിക്കലും എനിക്ക് കിട്ടില്ല.
രാഘവേന്ദ്രയായി ഞാന്‍ സങ്കല്‍പ്പത്തില്‍ മറവ് ചെയ്തത് ജയദേവപ്പയെയാവാം. തെറ്റ് തിരുത്തി അമുഖനായ രാഘവേന്ദ്രയെ അടക്കം ചെയ്യേണ്ട ദൌത്യത്തിനാണ് ഇനി ഞാന്‍ തയ്യാറാവേണ്ടത്!
മൂന്ന് : ഷ്രോഡിംഗറുടെ വഴിയില്‍
പണ്ട്, പുതിയ സ്കൂളില്‍ ആറാം ക്ലാസില്‍ കിട്ടിയ ആദ്യചങ്ങാതിയായിരുന്നു ശിവശങ്കരന്‍. അതല്ലാതെ അഞ്ചോ ആറോ പേരേ ഓര്‍മ്മയിലുള്ളു. ഇപ്പോള്‍ എവിടെ, എന്തുചെയ്യുന്നു എന്നൊന്നും ആരെക്കുറിച്ചും അറിഞ്ഞുകൂട. പൊതുവേ നാട്ടുകാരിലാരുടെയെങ്കിലും ജീവിതത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ അതറിയാറുള്ളത് ഇന്നും ശിവനിലൂടെയാണ്.
ആ സമയത്ത് നാട്ടില്‍ ഉണ്ടാവുമെന്നറിയാമായിരുന്നതു കൊണ്ട് പിറന്നാളിന് വീട്ടില്‍ എത്താമെന്ന് എറ്റിരുന്നു. ശിവന്‍റെ എഴുപതാം പിറന്നാളും ഞങ്ങളുടെ സൌഹൃദത്തിന്‍റെ അറുപതാം വര്‍ഷവും ഒരുമിച്ച് ആഘോഷിക്കാനായിരുന്നു പരിപാടി. ചീരക്കൂട്ടാനും തക്കാളിരസവും പയറുപ്പേരിയും പപ്പടവുമായി ലഘുവായ നാടന്‍ ഭക്ഷണം ഒരുക്കിയിരുന്നു അംബിക.
ആദ്യകാലത്ത് എഴുത്തുകളിലൂടെയും പിന്നീട് ഫോണ്‍ വിളികളിലൂടെയും ഒടുവില്‍ സോഷ്യല്‍ മാദ്ധ്യമങ്ങളിലൂടെയും ഞങ്ങളുടെ കൂട്ടുകെട്ട് ഇന്നും ആരോഗ്യത്തോടെ തുടരുന്നു.
കണ്ടുമുട്ടുമ്പോള്‍ സംഭാഷണം ഇപ്പോഴും ഞങ്ങള്‍ ഒരുമിച്ചു വളര്‍ന്ന കാലത്തെ കുറിച്ചാവും. വഴി പിരിഞ്ഞതിന് ശേഷം രണ്ടുപേരുടേയും ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചു എന്ന് പറയാനോ കേൾക്കാനോ കാര്യമായ താത്പര്യം രണ്ടുകൂട്ടര്‍ക്കും ഉണ്ടാവാറില്ല.
ഇത്തരത്തിലുള്ള മാനസികാവസ്ഥ മനുഷ്യന്‍റെ പൊതുസ്വഭാവമാണെന്ന് ഒരു മിലന്‍ കുന്ദേരക്കഥയില്‍ വായിച്ചതായി ഓര്‍മ്മയുണ്ട്.
അന്നത്തെ സഹപാഠികള്‍ ദേവിദാസന്‍, വേലായുധന്‍, ഗോപിനാഥന്‍, ബാലചന്ദ്രന്‍, വത്സല, മേരി ജോര്‍ജ്, ശകുന്തള, സരള തുടങ്ങിയവരുടെ പേരുകള്‍ സംസാരത്തിനിടയില്‍ പലപ്പോഴും കയറിവരും. ഒരേ സ്കൂളിലും കോളേജിലും പലപ്പോഴും ഒരേ ക്ലാസ് മുറിയിലും പഠിച്ച് പുറത്തുവന്ന് പല വഴിക്ക് പിരിഞ്ഞ് ആറ് പതിറ്റാണ്ടുകള്‍ പിന്നിട്ടു. ചിലരെ മാത്രം ഇടയ്ക്ക് ഒന്നോ രണ്ടോ തവണ കണ്ടു. സംസാരിച്ചു. എല്ലാവരും എന്തൊക്കെയോ ജോലി ചെയ്ത്, വിരമിച്ച്, ഭൂമിയിൽ എവിടെയൊക്കെയോ മക്കളും പേരമക്കളുമായി കഴിയുന്നുണ്ടാവണം.
ഓർമ്മയിലുള്ള അവരുടെ മുഖങ്ങളിലും ശരീരപ്രകൃതിയിലും പ്രായത്തിനനുസരിച്ച് നര, കഷണ്ടി, കുടവയർ, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ ചേർത്തുവെച്ച് സങ്കൽപ്പിക്കലാണ് നേരില്‍ കാണുമ്പോള്‍ വിശേഷിച്ചും ഞങ്ങളുടെ ഒരു ഒഴിവുസമയവിനോദം. വിനോദമെന്ന് പറഞ്ഞെന്നേയുള്ളൂ. അത് തീര്‍ത്തും ഒരു വിനോദമല്ല.
അവര്‍ക്കോരോരുത്തര്‍ക്കുമായി അങ്ങനെ ഞങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത കൃത്യമായി തുടരുന്ന ജീവിതമുണ്ട്. ആ അര്‍ത്ഥത്തില്‍ അവരെല്ലാം എപ്പോഴും ഞങ്ങളുടെ കാഴ്ചപ്പുറത്തും കേൾവിപ്പുറത്തും ഉണ്ടെന്ന തോന്നലാണ് കാര്യം. അതൊരാശ്വാസമാണ്.
അതേ സമയം ദൂരെയെവിടെയോ ഇരുന്ന്, അവരൊക്കെ ഞങ്ങളെ കുറിച്ചും അങ്ങനെ പലതും സങ്കല്‍പ്പിച്ചുകൂട്ടുകയായിരിക്കും എന്ന് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതയിലെന്ന പോലെ കൌതുകം കൊള്ളുകയും ചെയ്യും.
കാണാമറയത്ത് സമാന്തരമായി മുന്നേറുന്ന ജീവിതങ്ങളെ കുറിച്ച് ഒന്നും അറിയാതെ, അതില്‍ ആകാംക്ഷയോ ആശങ്കയോ ഇല്ലാതെ ജീവിച്ചുപോകാന്‍ നമുക്ക് കഴിയുന്നു എന്നത് എന്തൊരു സങ്കടപ്പെടുത്തുന്ന അദ്ഭുതമാണ് !
അവരിലാരുടെയെങ്കിലും ഫോണ്‍ നമ്പര്‍ കൈയിലുണ്ടെങ്കില്‍ ഒന്ന് വിളിച്ചുനോക്കാം എന്ന നിരുപദ്രവമായ ഒരു നിര്‍ദേശം മൂന്നുപേരിലാരോ മുന്നോട്ട് വെച്ചു. ബാലചന്ദ്രന്‍റേയും ജന്‍മദിനം ഇതേ ദിവസമാണെന്ന് ശിവന്‍ പറയാറുള്ളത് ഓര്‍മ്മയുണ്ട്. കോളേജ് വിട്ടുകഴിഞ്ഞ് ഇരുപതോ ഇരുപത്തഞ്ചോ കൊല്ലങ്ങള്‍ക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ച് അപ്രതീക്ഷിതമായി ബാലനേയും കുടുംബത്തേയും കണ്ടിരുന്നു. മകന് എഞ്ചിനീയറിംഗിലും മകള്‍ക്ക് ചിത്രംവരയിലുമാണ് താത്പര്യം എന്ന് പറഞ്ഞതായോര്‍ക്കുന്നു. രണ്ടും അച്ഛന്‍റെ താത്പര്യങ്ങളുടെ തുടര്‍ച്ചയാണെന്ന് പറഞ്ഞ് അന്ന് മൂപ്പര്‍ ഭാര്യയെ കളിയാക്കിയതും ഓര്‍മ്മയിലുണ്ട്.
"പതിവായി വിളിച്ച് ബാലന് ആശംസകള്‍ കൈമാറാറുണ്ട്. " ശിവന്‍ പറഞ്ഞു.
"മഹാമാരിക്കാലം വരെയും അത് തുടര്‍ന്നു. അടച്ചിരിപ്പുകാലം മനസ്സിനകത്തും ഉയരത്തില്‍ മതിലുകള്‍ കെട്ടി അത് മുടക്കി. ശിവന്‍ പറഞ്ഞു.
ആ പതിവ് പുനരാരംഭിക്കാം എന്നും അതില്‍ ഞാനും കക്ഷി ചേരാമെന്നും ഞാന്‍ പ്രതികരിച്ചു..
പുസ്തക ഷെല്‍ഫിലും മേശയുടെ വലിപ്പിനകത്തും അന്വേഷിച്ച് ഫോണ്‍ നമ്പറുകള്‍ കുറിച്ചുവെച്ചു പഴകിപ്പിഞ്ഞിയ ഡയറി പുറത്തെടുത്തു.
ആദ്യതവണ ഫോണ്‍ നിശബ്ദത പാലിച്ചു. രണ്ടാം വിളി തെറ്റി വേറെയേതോ നമ്പറിലേയ്ക്ക് പോയി. അടുത്തതില്‍ അങ്ങേയറ്റത്ത് മണിയടിച്ചു.
“ഹലോ ..”
മുഴക്കമുള്ള ശബ്ദം. ശിവന്‍റെ കണ്ണുകള്‍ വികസിച്ചു.
“ബാലചന്ദ്രന്‍റെ വീടല്ലേ?”
ആവേശം പുറത്തുകാണിക്കാതെ ക്ഷമാപണസ്വരത്തില്‍ ശിവന്‍ ചോദിച്ചു.
“ അതെ…? “
പിന്നെ രണ്ടുപേരും ഒരേ സമയം അന്യോന്യം ചോദിച്ചു:
“ആരാണ് സംസാരിക്കുന്നത്?”
“ സ്കൂളില്‍ ഒപ്പം പഠിച്ച ശിവശങ്കരന്‍ ആണെന്ന് പറയൂ.“
“ ശിവശങ്കരന്‍ സര്‍, ഞാന്‍ ബാലചന്ദ്രന്‍റെ മകന്‍ ഹരിയാണ്. സാറിന് ആരോടാണ് സംസാരിക്കേണ്ടത് ?”
“ഹരി, അച്ഛനോട് തന്നെ- ബാലചന്ദ്രനോട്... “
“സര്‍, അച്ഛന്‍ …അച്ഛന്‍ പോയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു ! പെട്ടെന്നുള്ള മരണമായിരുന്നു. ശ്രാദ്ധത്തിൽ പങ്കുകൊള്ളാൻ പതിവ് പോലെ എത്തിയതാണ്. എല്ലാ ശ്രാദ്ധത്തിനും ഞങ്ങള്‍ എല്ലാവരും ഉണ്ടായിരിക്കണം എന്നത് അമ്മയ്ക്ക് നിര്‍ബന്ധമാണ്. അമ്മയുമായി പരിചയമുണ്ടോ? ഫോൺ അമ്മയ്ക്ക് കൊടുക്കട്ടേ?”
ശിവന്‍ ഒരു നിമിഷം മിണ്ടാതെ നിന്നു. പിന്നെ താഴ്ന്ന ശബ്ദത്തില്‍ അവസാനിപ്പിച്ചു.
“ അമ്മയെ പരിചയപ്പെട്ടിട്ടില്ല, ഹരീ. അച്ഛന്‍ …പോയത് അറിഞ്ഞില്ല. എന്ത് പറയണമെന്ന് അറിയുന്നില്ല. തമ്മില്‍ എഴുത്തുകുത്തും ഫോണും ഒന്നും പതിവുണ്ടായിരുന്നില്ല. എവിടെയോ സുഖമായി വിശ്രമജീവിതം നയിക്കുന്നുണ്ടെന്നായിരുന്നു വിശ്വാസം. തത്ക്കാലം ഫോണ്‍ വെയ്ക്കട്ടെ. അടുത്തൊരു ദിവസം ഞാന്‍ ഹരിയെ വിളിക്കാം. എനിക്ക് സംസാരിക്കണം”
ഫോണ്‍ വെച്ചുകഴിഞ്ഞ് ഞങ്ങള്‍ അന്യോന്യം നോക്കി മിണ്ടാതിരുന്നു.
ഞങ്ങളുടെ കഥകളില്‍ ബാലചന്ദ്രന്‍ ആരോഗ്യവാനായിരുന്നു. ചില്ലറ ശാരീരിക അവശതകളുള്ള ഭാര്യയോടൊപ്പം വടക്കേ ഇന്ത്യയിലോ വിദേശത്തോ മക്കളുടെ കൂടെ പോയി മാസങ്ങള്‍ ജീവിക്കുന്നയാളായിരുന്നു.
അപൂര്‍വം ചിലപ്പോഴൊക്കെ ചിത്രം വരച്ചും മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും വരയുടെ ബാലപാഠങ്ങള്‍ പഠിപ്പിച്ചും ഇപ്പോഴും മനസ്സില്‍ ജീവിക്കുന്ന ഒരാള്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഭൂമിയില്‍ ഇല്ലായിരുന്നു എന്ന് ഞങ്ങള്‍ ഞങ്ങളെ എങ്ങനെ വിശ്വസിപ്പിച്ചെടുക്കും ?
അറിയില്ല.
Thursday, December 19, 2024
ദ്വൈതം
ഏകാന്തത നിനക്കിഷ്ടമാണെന്ന്
നീ പറഞ്ഞു.
ഏകാന്തത രണ്ടുതരത്തിലുണ്ട് :
നീ മറ്റുള്ളവരെ ഒഴിവാക്കുമ്പോൾ
നിനക്ക് ലഭിക്കുന്ന ഏകാന്തത ഒരു തരം
മറ്റുള്ളവർ നിന്നെ ഒഴിവാക്കുമ്പോൾ
നിനക്ക് ലഭിക്കുന്ന ഏകാന്തത മറ്റൊരു തരം
ഇവയിൽ ഏതുതരം ഏകാന്തതയാണ്
നിനക്കിഷ്ടമാണെന്ന് നീ പറഞ്ഞത്?
നിശ്ശബ്ദത ഇടയ്ക്കൊരാശ്വാസമാണെന്ന്
നീ പറഞ്ഞു.
നിശ്ശബ്ദത രണ്ടുതരത്തിലുണ്ട്
ഈ വീട്ടിൽ ഇടയ്ക്കൊരു വാക്കിനുപോലും ഇടമില്ലാത്തത്ര അടുത്ത്
നാമിരിക്കുമ്പോൾ നമുക്കിടയിൽ തളിർത്തു വളരുന്ന നിശ്ശബ്ദത ഒരു തരം
ഇതേ വീട്ടിൽ ഒരു വാക്കിനും അടുപ്പിക്കാനാവാത്തത്ര അകന്ന്
നാമിരിക്കുമ്പോൾ നമുക്കിടയിൽ
പെയ്തുറയുന്ന നിശ്ശബ്ദത മറ്റൊരു തരം
ഇവയിൽ ഏതുതരം നിശ്ശബ്ദതയാണ്
ഇടയ്ക്കൊരാശ്വാസമാണെന്ന് നീ പറഞ്ഞത്?
വാക്കുകളുടെ അർത്ഥവ്യാപ്തി പലപ്പോഴും
നിന്നെ ആശയക്കുഴപ്പത്തിലാക്കുന്നു
എന്ന് നീ പറഞ്ഞു
വാക്കുകളുടെ അർത്ഥവ്യാപ്തി രണ്ടുതരത്തിലുണ്ട്
പ്രപഞ്ചോത്പത്തിയിലെ വിസ്ഫോടനം പോലെ
അനന്തദിശകളിൽ വളർന്ന് നിന്റെ ജിജ്ഞാസയുടെ ക്ഷുത്പിപാസകളെ മുഴുവനായും ശമിപ്പിക്കുന്ന അർത്ഥവ്യാപ്തി ഒരു തരം
അർബുദകോശങ്ങളെ പോലെ സ്വയം അടയിരുന്ന് വിരിയിച്ച് ലക്ഷങ്ങളായി പെരുകി നിന്റെ പഞ്ചേന്ദ്രിയങ്ങളിലും നിറഞ്ഞ് നിന്നെ ഞെരുക്കുന്ന അർത്ഥവ്യാപ്തി മറ്റൊരുതരം
ഇവയിൽ ഏതുതരം അർത്ഥവ്യാപ്തിയാണ് നിന്നെ ആശയക്കുഴപ്പത്തിലാക്കുന്നു എന്ന് നീ പറഞ്ഞത്?
നാം സഞ്ചരിക്കുന്നത് സമാന്തരപാതകളിലാണെന്നത് നിന്നെ ഭയപ്പെടുത്തുന്നു എന്ന് നീ പറഞ്ഞു.
സമാന്തരങ്ങളും രണ്ടു തരത്തിലുണ്ട്. റെയിൽപ്പാളങ്ങളെ പോലെയുള്ള സമാന്തരങ്ങളിലാണ് നാമെങ്കിൽ
അല്പം അകന്നുകൊണ്ടാണെങ്കിലും നാമെപ്പോഴും ഒരുമിച്ചുണ്ട്.
അതല്ല, എതിർ ദിശകളിൽ പായുന്ന സമാന്തരപാതകളിലാണ് നാമെങ്കിലോ? അപ്പോഴും ഭയക്കേണ്ട കാര്യമില്ല.
ഭൂമി ഉരുണ്ടിട്ടാണ്.
ഇനിയും പലതവണ നാം സന്ധിച്ചേ മതിയാവൂ.
Sunday, December 15, 2024
രാത്രിവണ്ടിയിലെ യാത്രക്കാര്‍
സീറ്റില്‍ ഇരുന്നുകഴിഞ്ഞ്, ബാക്പാക്ക് അടിയിലേയ്ക്ക് നീക്കിവെച്ചു. നേരത്തേ ഇടം പിടിച്ചുകഴിഞ്ഞിരുന്ന നാലുപേര്‍ക്കിടയിലെ സംസാരം പൊടുന്നനെ നിലച്ചു. വൃദ്ധന്‍റെ വരണ്ടുണങ്ങിയ നോട്ടം ചോദ്യഭാവത്തില്‍ എന്‍റെ മുഖത്ത് പറ്റിപ്പിടിച്ചു. പെണ്‍കുട്ടിയുടേയും മദ്ധ്യവയസ്കന്‍റേയും സ്ത്രീയുടേയും മുഖങ്ങളില്‍ സ്വാഗതം ചെയ്തുകൊണ്ടുള്ള പുഞ്ചിരി തെളിഞ്ഞു.
സത്യത്തില്‍ അത്രയൊക്കെയേ വേണ്ടൂ.
പക്ഷേ ആരും അവിടം കൊണ്ട് നിര്‍ത്തില്ല.
ആ മൂന്നുപേര്‍ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും മുത്തച്ഛനും ആയിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. മുത്തച്ഛന്‍ അമ്മയുടെ അച്ഛനാവണം. ഒരു ഇരട്ടത്താടിയുടെ സൂചന സ്ത്രീയുടെ വലിയ മുഖത്തിനും ഉണ്ട്.
പേര്, ജോലി, ഇറങ്ങുന്ന സ്ഥലം, കുടുംബവിശേഷങ്ങള്‍ തുടങ്ങി അവരുടെ അന്വേഷണങ്ങള്‍ക്ക് ചിരിച്ച് ചുരുങ്ങിയ വാക്കുകളില്‍ മറുപടി പറഞ്ഞു. കൈയിലെ പുസ്തകത്തിലേയ്ക്ക് ഇടയ്ക്ക് കണ്ണുകള്‍ മാറ്റി അവരെ നിരുത്സാഹപ്പെടുത്തുന്നുണ്ടായിരുന്നു. അവര്‍ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞത് മുഴുവന്‍ പതിവ് പോലെ ശ്രദ്ധകൊടുക്കാതെ തലയാട്ടിയും മൂളിയും കേട്ടു. ഇടക്കിടയ്ക്ക് നോട്ടവും ശ്രദ്ധയും മറ്റ് യാത്രക്കാരിലേയ്ക്കും പുറത്ത് സ്റ്റേഷനിലേയ്ക്കും തിരിക്കുക എന്നതാണ് ഈ ചുറ്റുപാടില്‍ അതിനുള്ള ഫലപ്രദമായ ഒരു വഴി.
ഏതാനും മണിക്കൂര്‍ നേരം ഒരുമിച്ച് യാത്ര ചെയ്യുന്നതിന് അതില്‍ കൂടുതല്‍ ചെയ്യുന്നതെന്തും പാഴ്ച്ചെലവാണ്.
നാലിലൊരാളുടേതാവണം സൈഡ് ബെര്‍ത്തുകളില്‍ ഒന്ന്.
ബാക്കിവന്ന ബെര്‍ത്തിലേയ്ക്കുള്ളയാള്‍ കൂടി ആ കുടുംബത്തില്‍ നിന്നായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു.
പരിചയപ്പെടലും കുശലപ്രശ്നങ്ങളും ഒറ്റയടിക്ക് തീർന്നേനേ.
തോളത്ത് ലാപ്ടോപ്പ് ബാഗുമായി അപ്പോഴാണ് ചെറുപ്പക്കാരന്‍ തിരക്കിലൂടെ ധൃതിയില്‍ നടന്നുവന്നത്. പേര് പറഞ്ഞ് ആദ്യം പരിചയപ്പെട്ടത് എന്നെയായിരുന്നു. വിശദമായ സ്വയം പരിചയപ്പെടുത്തലിനുശേഷം അയാള്‍ ചോദ്യങ്ങളിലേയ്ക്ക് കടന്നു.
‘എവിടെ എന്തിലാണ് ജോലി ? കൂടെ ആരൊക്കെയുണ്ട് ? ലീവില്‍ നാട്ടില്‍ പോകുകയാണോ ? കുട്ടികള്‍ പഠിക്കുകയാണോ ? ഏതൊക്കെ ക്ലാസുകളില്‍? ’
അലോസരപ്പെടുത്തിയ ചിരിയും കൈകുലുക്കലും ആവശ്യത്തിലധികം നീണ്ടു. തുടര്‍ന്നുള്ള കോലാഹലങ്ങളില്‍ ഭാഗഭാക്കാവാതിരിക്കാന്‍ സീറ്റില്‍ നിന്നെഴുന്നേറ്റ് വാതിലിന് നേരെ നടന്നു. അല്‍പസമയത്തേയ്ക്ക് പ്ലാറ്റ്ഫോമില്‍ ഇറങ്ങിനിന്നു.
ഞങ്ങള്‍ അഞ്ചുപേരുടെയും ജീവചരിത്രത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും അയാള്‍ തൃപ്തിപ്പെടില്ലെന്ന് വ്യക്തമായിരുന്നു’
മടങ്ങിവന്ന് സീറ്റിലിരുന്നതോടെ അഭിമുഖം പെയ്തുതോര്‍ന്നു.
ഒരു നിമിഷം പാഴാക്കാതെ, ദൂരെയിരുന്ന് ജനലിലൂടെ പുറംകാഴ്ചകള്‍ കാണാന്‍ പാടുപെട്ടിരുന്ന പെണ്‍കുട്ടിയെ പേരെടുത്ത് വിളിച്ച്, ചെറുപ്പക്കാരന്‍ ക്ഷണിച്ചു :
“ ഗായത്രി ഇവിടെ വന്നിരുന്നോളൂ. നിങ്ങളുടെ സീറ്റ് തന്നെയല്ലേ ? “
വിളിക്കാന്‍ കാത്തിരുന്നതുപോലെ ഗായത്രി എന്ന പെണ്‍കുട്ടി എഴുന്നേറ്റു.
ചെറുപ്പക്കാരന് മുന്നില്‍ ഒഴിഞ്ഞുകിടന്നിരുന്ന സീറ്റില്‍ ചെന്നിരുന്നു.
സന്ധ്യ മയങ്ങിത്തുടങ്ങിരിക്കുന്നു. എ സി കോച്ചല്ലേ - ഇരുട്ടായാല്‍ പുറംകാഴ്ചകള്‍ കാണൽ അവസാനിക്കും.
ഞാൻ ആശ്വസിച്ചു.
അയാള്‍ക്ക്, അയാളെ പോലുള്ളവർക്ക്, അങ്ങനെയൊരു നിര്‍ദ്ദേശം വെയ്ക്കാന്‍ ധൈര്യം വരുന്നതെങ്ങനെ എന്ന് - പത്തൊമ്പതോ ഇരുപതോ വയസ്സുള്ള സുന്ദരിയായ ഗായത്രിക്ക്, ഗായത്രിയെ പോലുള്ളവർക്ക്, ആ ക്ഷണം തള്ളിക്കളയണമെന്ന് തോന്നാതിരിക്കുന്നത് എന്തുകൊണ്ടെന്ന് - മകളെ, പേരമകളെ വിലക്കണമെന്ന് മറ്റ് മൂന്നുപേരിലാരും, അവരെപ്പോലുള്ളവരാരും, ഒരു നിമിഷം ആലോചിക്കാതിരിക്കുന്നതെന്തു
കൊണ്ടെന്ന് - ബുദ്ധി ഉറച്ച കാലം തൊട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. അതിലെന്തെങ്കിലും സദാചാരഭ്രംശം കണ്ടിട്ടല്ല. ഒരു വശത്ത്, മുന്‍കൈ എടുക്കാനുള്ള ആളുകളുടെ ധൈര്യവും മറുവശത്ത്, അതിന് വഴങ്ങാനുള്ള മറ്റുള്ളവരുടെ സന്നദ്ധതയും മുഷിപ്പില്ലായ്മയും അതിശയിപ്പിക്കൂന്നു.
ചെറുപ്പക്കാരന്‍ ഉമിനീരിറക്കാതെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ചിരിച്ചും സംശയനിവൃത്തി വരുത്തിയും പെണ്‍കുട്ടി അതില്‍ മുഴുവനായും പങ്കുചേരുന്നുണ്ട്.
എന്തൊരു വൃഥാവ്യായാമം !
എനിക്ക് വ്യക്തിപരമായി അത് പ്രശ്നമൊന്നും ഉണ്ടാക്കുന്നില്ല. ആള്‍ക്കാരുടെ നടുവിലിരുന്നും സ്വയം ‘സ്വിച്ച് ഓഫ്’ ചെയ്യാന്‍ കഴിയുന്ന ഒരപൂര്‍വ്വസിദ്ധി പ്രകൃതിദത്തമായി എന്നിലുണ്ട്. ഉദാഹരണത്തിന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഇവരൊക്കെ ഇക്കഴിഞ്ഞ നിമിഷം വിസ്തരിച്ചതിൽ ഒരു വാക്കും ഇപ്പോള്‍ ഏന്‍റെ ഓർമ്മയിലില്ല.
അയാളുടെ ഭാര്യയുടെ പേരും ഗായത്രി എന്നാണ് പോലും ! അത് പറഞ്ഞ് രണ്ടുപേരും നിര്‍ത്താതെ ചിരിക്കുന്നു. ചിരിയില്‍ പങ്കുചേരാന്‍ പെണ്‍കുട്ടി, കഥ അച്ഛനമ്മമാരുമായി പങ്കുവെയ്ക്കുന്നു. അവരും ചിരിക്കുന്നു. സന്ദര്‍ഭത്തിന്‍റെ നിസ്സാരതയോർത്ത് എനിക്കും ചിരി വരുന്നു.
ഒമ്പത് മണിയോടെ കോച്ചില്‍ അപ്പുറവുമിപ്പുറവും വിളക്കുകള്‍ അണഞ്ഞുതുടങ്ങി. സംസാരം പതിഞ്ഞ ശബ്ദത്തിലായി. പതുക്കെപ്പതുക്കെ അതതിന്‍റെ സ്വാഭാവിക അവസാനത്തിലേയ്ക്ക് നീങ്ങുകയാണെന്ന് ഞാനറിഞ്ഞു.
ശുഭരാത്രി ആശംസിച്ച് പെണ്‍കുട്ടി അകത്തെ നടുബെര്‍ത്തില്‍ കയറിപ്പറ്റി. കാഴ്ചക്കാരനും ഒന്നിരിക്കട്ടെ എന്ന മട്ടില്‍ പെണ്‍കുട്ടി എനിക്കും ശുഭരാത്രി നേര്‍ന്നു.
വൃദ്ധന്‍ താഴത്തെ സൈഡ് ബെര്‍ത്തില്‍ ഷീറ്റ് വിരിച്ച് ലൈറ്റിന് നേരെ നോട്ടമയച്ചു - ചെറുപ്പക്കാരനെ നോക്കി. ചെറുപ്പക്കാരന്‍ വിളക്കുകള്‍ അണച്ചു. സ്വന്തം ബെര്‍ത്തില്‍ കയറി കിടക്കാന്‍ വട്ടംകൂട്ടി.
ആശ്വാസത്തോടെ താഴത്തെ ബെര്‍ത്തില്‍ ഞാനും കിടന്നു. കോച്ചിനകത്തെ ഊഷ്മാവ് വല്ലാതെ താഴ്ത്തി വെച്ചിരിക്കുന്നു എന്ന് ആരൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. തണുപ്പ് കൂടുതല്‍ തന്നെയായിരുന്നു. പക്ഷേ അങ്ങനെയുള്ള കാര്യങ്ങളിലൊന്നും ഇടപെട്ട് പരിഹാരം തേടുന്ന സ്വഭാവമല്ല എന്‍റേത്. മറ്റാരെങ്കിലും ചെയ്യുമല്ലോ എന്ന് കരുതും. രാത്രിയല്ലേ - കമ്പിളിപ്പുതപ്പ് കൊണ്ട് തലവഴി മൂടി സുഖമായി കിടന്നുറങ്ങിയാല്‍ പോരേ എന്നും ചിന്തിക്കും.
പെണ്‍കുട്ടി കര്‍ട്ടന്‍ മാറ്റി ചെറുപ്പക്കാരനെ നോക്കി.
“ രാജൂ, ഒരു സഹായം - ടെംപറേച്ചര്‍ കുറയ്ക്കാന്‍ ആരോടെങ്കിലും പറയാന്‍ പറ്റുമോ? ”
അയാള്‍ രാജുവല്ല രാജകൃഷ്ണന്‍ ആണെന്ന് ഞാനോര്‍ത്തു. ഏന്‍റെ ബാല്യകാലസുഹൃത്തിന്‍റെ പേരായതുകൊണ്ടാണ് അത് മനസ്സില്‍ പതിഞ്ഞത്.
ഒരു നിമിഷം ആലോചിക്കാന്‍ എടുക്കാതെ ചെറുപ്പക്കാരന്‍ ചാടി താഴെയിറങ്ങി. വഴിയിലെ മങ്ങിയ നീലവെളിച്ചത്തില്‍ നടന്നുമറഞ്ഞു.
ട്രെയ്നിന്‍റെ താളത്തില്‍ പെട്ടെന്ന് ഉറക്കത്തിലേയ്ക്ക് വീഴുന്നയാളാണ് ഞാന്‍. താപനില കുറയ്ക്കാന്‍ ആരെങ്കിലും ഇടപെട്ടോ എന്നറിഞ്ഞില്ല.
കാലിലാരോ സ്പര്‍ശിച്ചു എന്ന് തോന്നി ഞാനുണര്‍ന്നപ്പോള്‍ സമയം രാത്രി ഒന്നര മണി കഴിഞ്ഞിരുന്നു. വണ്ടി ഏതോ തമിഴ്നാട് സ്റ്റേഷനില്‍ നിര്‍ത്തിയിരിക്കുകയാണ്.
വൃദ്ധനാണ് -
കൈ അബദ്ധത്തില്‍ ദേഹത്ത് തട്ടിയതാണെന്നാണ് വിചാരിച്ചത്.
“ ആ വാതിലൊന്ന് തുറന്നുതരാമോ ? “
പിന്നിലേയ്ക്ക് കൈ ചൂണ്ടി അയാള്‍ സ്വകാര്യമായി ചോദിച്ചു.
ഞാന്‍ പുതപ്പ് മാറ്റി എഴുന്നേറ്റു. അയാളോടൊപ്പം നടന്നു. കൂടെയുള്ളവരേയും വായാടിയായ ചെറുപ്പക്കാരനേയും ഒഴിവാക്കിയാണ് എന്നെ വിളിച്ചത്. സ്വന്തക്കാർ സുഖമായി ഉറങ്ങിക്കോട്ടെ എന്ന് വിചാരിച്ചുകാണും. കാരണവര്‍ക്ക് എന്തൊരു കരുതൽ !
ടോയ്ലെറ്റിന്‍റെ വാതിലിനെ കുറിച്ചാണ് പറയുന്നതെന്ന് ധരിച്ച് അങ്ങോട്ട് തിരിയാന്‍ ശ്രമിച്ചപ്പോള്‍ വൃദ്ധന്‍ വീണ്ടും തോളില്‍ സ്പര്‍ശിച്ചു.
കോച്ചില്‍ നിന്ന് പുറത്തേയ്ക്കുള്ള വാതില്‍ ആണ് അയാള്‍ക്ക് തുറന്നുകിട്ടേണ്ടിയിരുന്നത്. പഴയ വാതിലിന്‍റെ പിടി ചലിപ്പിക്കാന്‍ കാര്യമായ അദ്ധ്വാനം വേണ്ടിവന്നു.
നന്ദി പറഞ്ഞ് അയാള്‍ പ്ലാറ്റ്ഫോമിലേക്കിറങ്ങി. ഭക്ഷണശാലയ്ക്ക് മുന്നിലെത്തി. കോഫി വാങ്ങി ഗ്ലാസ്സിൽ നിന്ന് ഡവറയില്‍ ഒഴിച്ച് ചൂടാറിച്ച് കുടിക്കുന്നത് നോക്കി ഞാൻ വാതിൽക്കൽ തന്നെ നിന്നു.
അയാള്‍ കോച്ചില്‍ തിരിച്ചുകയറിക്കഴിഞ്ഞ്, വാതിൽ അടച്ചു ഭദ്രമാക്കിയേ മടങ്ങിപോകാൻ പറ്റൂ.
വൃദ്ധൻ കോഫി കുടിച്ചുതീർത്ത് ഗ്ലാസ് തട്ടില്‍ വെച്ചു - പൈസ കൊടുത്തു - എന്‍റെ നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തിക്കാണിച്ച് എതിർവശത്തേയ്ക്ക് നടന്നുമറഞ്ഞു. കാത്തിരിപ്പ് മുറിയിലെ ടോയ്ലെറ്റ് ഉപയോഗിക്കാനായിരിക്കും. ഉയർത്തിയ ചൂണ്ടുവിരലിന് അങ്ങനെയും അര്‍ത്ഥമുണ്ടല്ലോ. പക്ഷേ വഴിക്കുള്ള സ്റ്റേഷനില്‍ ഇറങ്ങി അതിന് മുതിരുന്നത് അയാളുടെ പ്രായത്തില്‍ ഒരു സാഹസികതയല്ലേ? ട്രെയ്‌ൻ പുറപ്പെടുന്നതിന് മുൻപേ എത്തിപ്പെടണേ എന്ന പ്രാർത്ഥനയുമായി ഞാൻ നിന്നു.
എന്തോ കാരണം കൊണ്ട് പതിവിലുമധികം നേരം ട്രെയ്‌ൻ സ്റ്റേഷനില്‍ കിടന്നു. വൃദ്ധന്‍ മറഞ്ഞയിടത്തേയ്ക്ക് കണ്ണയച്ച് അസ്വസ്ഥതയോടെ ഞാന്‍ നിന്നു.
വണ്ടി ഇളകിത്തുടങ്ങിയിട്ടും വൃദ്ധനെ കാണാതിരുന്നപ്പോൾ ഉള്ളിൽ ഒരാളൽ ഉയര്‍ന്നു. ദൈവമേ !
സ്റ്റേഷൻ വിടുന്നതിന് മുന്‍പേ വണ്ടിക്ക് വേഗം കൂടി.
ചങ്ങല വലിച്ച് വണ്ടി നിർത്തണോ ? വണ്ടിയില്‍ നിന്ന് ഇറങ്ങിപ്പോയയാള്‍ തിരിച്ചുവരാന്‍ വൈകിയെന്നത് ചങ്ങല വലിച്ച് വണ്ടി നിര്‍ത്താന്‍ മതിയായ കാരണമാവുമോ? അല്ലെങ്കിലും ഞാൻ ഒറ്റയ്ക്ക് അത് തീരുമാനിച്ച് നടപ്പിലാക്കുമായിരുന്നില്ല. അതല്ല എന്റെ പ്രകൃതം. ബസ്സായിരുന്നെങ്കിൽ ആരെയെങ്കിലും ഉണർത്തിയോ ഡ്രൈവറെ നേരില്‍ കണ്ട് അപേക്ഷിച്ചോ വണ്ടി നിര്‍ത്താമായിരുന്നു. അതും അങ്ങനെയൊരു ഘട്ടം വന്നാല്‍ ഞാന്‍ ചെയ്യുമോ എന്ന് സംശയമാണ്.
വണ്ടി നല്ല വേഗം കൈവരിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി കാത്തുനില്‍ക്കുന്നതില്‍ കാര്യമില്ല. വാതിലടച്ച് സാക്ഷയിട്ട് ഞാന്‍ മടങ്ങി.
വൃദ്ധന്‍ കടകളുടെ അറ്റം വരെ നടന്ന് കോച്ചിന്‍റെ മറ്റേ വാതില്‍ വഴി അകത്ത് കയറിയിട്ടുണ്ടാവുമോ ? അഥവാ, മാറി അടുത്തേതെങ്കിലും കോച്ചില്‍ കയറിക്കാണുമോ ? പ്ലാറ്റ്ഫോം ഏറെക്കുറെ വിജനമായിരുന്നതുകൊണ്ട് അങ്ങനെയെന്തെങ്കിലും നടന്നിരുന്നെങ്കില്‍ എന്‍റെ കണ്ണില്‍ പെടാതെ പോകാനുള്ള സാദ്ധ്യത കുറവാണ്. അതുമല്ല, അകത്തുനിന്ന് ആരെങ്കിലും തുറന്നുകൊടുക്കാതെ രാത്രി ഈ സമയത്ത് അങ്ങനെയൊരാള്‍ക്ക്
റിസര്‍വേഷന്‍ കോച്ചില്‍ കയറിപ്പറ്റാനുമാവില്ല.
വൃദ്ധന്‍ കിടന്നിരുന്ന ബെര്‍ത്തില്‍ വെള്ള വിരികളും കമ്പിളിപ്പുതപ്പും തലയിണയും അനാഥമായി ചുരുണ്ടുകൂടിക്കിടന്നു. ലൈറ്റ് തെളിയിക്കാതെ, ശബ്ദമുണ്ടാക്കാതെ ഞാനെന്‍റെ ബെര്‍ത്തില്‍ കയറിക്കിടന്നു. ഒരു ഐസ് ബോക്സിനകത്തെന്ന പോലെ കോച്ചിനകം മരവിച്ചിരിക്കുന്നു. പെണ്‍കുട്ടിയെ സഹായിക്കാന്‍ തുനിഞ്ഞിറങ്ങിയ ചെറുപ്പക്കാരന് ഒന്നും ചെയ്യാനായിട്ടില്ലെന്നർത്ഥം.
ഭയാശങ്കകള്‍ മൂലം എനിക്ക് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നതുമാവാം.
ഉറക്കം വരുന്നില്ല. ഇന്ന് രാത്രി ഇനി ഉറങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മനസ്സ് അസ്വസ്ഥമാണ്. ഓരോ നിമിഷവും വണ്ടി സ്റ്റേഷനിൽ നിന്ന് അധികമധികം ദൂരത്തേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ആ നാലുപേരിലാരെയെങ്കിലും വിളിച്ചുണര്‍ത്തണോ എന്ന് തീര്‍ച്ചപ്പെടുത്താനാവാതെ ഞാൻ കണ്ണടച്ച് കിടന്നു. ഭവിഷ്യത്തുകള്‍ എന്താവുമെന്ന സംശയമാണ് എന്തെങ്കിലും ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നത്.
കഴിഞ്ഞ അഞ്ചോ പത്തോ മിനുട്ടില്‍ ഈ കോച്ചിനകത്ത് നടന്നതിന് ഞാനും വൃദ്ധനും മാത്രമാണ് സാക്ഷികള്‍. തത്ക്കാലം അതങ്ങനെത്തന്നെ നില്‍ക്കട്ടെ.
ഇടയ്ക്കെപ്പോഴോ അവിടവിടെ ഫോണുകളില്‍ വെളിച്ചം മിന്നി. സമയം നോക്കി യാത്രികര്‍ സമാധാനമായി ഉറക്കത്തിലേയ്ക്ക് തിരിച്ചുപോയി -
കൂടെ വന്നയാള്‍ വഴിയില്‍ ഇറങ്ങിപ്പോയതറിയാതെ -
ഉറങ്ങാതെ കിടക്കുന്നവന്‍റെ വേദനയും വേവലാതികളും മനസിലാക്കാതെ.
അഞ്ച് മണിക്ക് മുൻപ് വണ്ടി പാലക്കാടെത്തി. ചെറുപ്പക്കാരനടക്കം എല്ലാവരും തലവഴി കമ്പിളി പുതച്ചുറങ്ങുകയായിരുന്നു. ബാഗെടുത്ത് ഒച്ചയുണ്ടാക്കാതെ ഞാൻ പുറത്തിറങ്ങി. മോഷ്ടിച്ച മുതലുമായി പുറത്തിറങ്ങുന്ന കള്ളന്‍റെ മാനസികാവസ്ഥയായിരുന്നു എനിക്ക്.
പുറത്തെത്തി പതിവ് ചായയും സിഗററ്റും ഒഴിവാക്കി ഓട്ടോറിക്ഷയില്‍ കയറി. വീടെത്തി. ദേഹത്ത് ഇദയം നല്ലെണ്ണയും തൊണ്ണൂറ്റെട്ട് ശതമാനം ശുദ്ധഗ്ലിസറിൻ ചേർത്ത പിയേഴ്സ് സോപ്പും തേച്ച് കുളിച്ചു. വണ്ടിയിൽ നിന്ന് ദേഹത്തും മനസ്സിലും കയറിക്കൂടിയ പുറംലോകത്തിന്റെ പൊട്ടും പൊടികളും അപ്പാടെ കഴുകിക്കളഞ്ഞു. പാൽ കുറച്ച്, മധുരമിടാതെ, കടുപ്പത്തില്‍ ഒരു കോഫി ഉണ്ടാക്കി. രണ്ട് പാര്‍ലെ ജി ബിസ്ക്കറ്റുമായി സ്വീകരണമുറിയില്‍ സോഫയില്‍ വന്നിരുന്നു.
നേരം പുലര്‍ന്നതേയുള്ളൂ. രാത്രി ട്രെയ്നില്‍ അനുഭവപ്പെട്ട പേടി മനസ്സില്‍ നിന്ന് ഒഴിഞ്ഞുപോയിരിക്കുന്നു. ആ സംഭവങ്ങളിൽ നിന്ന് ഞാൻ മുക്തി നേടിയിരിക്കുന്നു. ഇപ്പോഴുള്ളത് ജിജ്ഞാസ മാത്രം.
ബെങ്ഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള യാത്രക്കിടെ രാത്രി ഒന്നര മണിക്കും ഒന്നേമുക്കാല്‍ മണിക്കും ഇടയില്‍ ആ റിസര്‍വേഷന്‍ കോച്ചില്‍ നടന്നതെന്ത് ?
സ്വസ്ഥമായിരുന്ന് ആലോചിക്കുമ്പോള്‍ മൂന്ന് വ്യത്യസ്ത കഥാവഴികള്‍ മനസ്സില്‍ വന്നു.
ഒന്ന് : വൃദ്ധന്‍ മറവിരോഗത്തിന്‍റെ ഏതോ ഘട്ടത്തില്‍ ഉള്ളയാളാവാം. പണവും ഭാഷയും കൈവശമില്ലാതെ ഒറ്റയ്ക്ക് തമിഴ് നാട് വഴികളില്‍ ഇപ്പോള്‍ ചുറ്റിത്തിരിയുന്നുണ്ടാവും. വരുംമണിക്കൂറുകളില്‍ എപ്പോഴെങ്കിലും സംശയം തോന്നി നല്ലവരായ നാട്ടുകാര്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പരസ്യങ്ങളില്‍ കൂടി ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമിക്കുമായിരിക്കും. വീട്ടുകാര്‍ കോച്ചിലെ ടിക്കറ്റ് പരിശോധകനോ സഹയാത്രികര്‍ക്കോ ഒരു സൂചന മുന്‍കൂര്‍ കൊടുത്തിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല.
രണ്ട് : അഭിപ്രായവ്യത്യാസങ്ങള്‍ കാരണം മകനും മരുമകളുമൊരുമിച്ച് അഥവാ മകളും മരുമകനുമൊരുമിച്ച് ഒത്തുപോകാന്‍ ആവാത്ത ചുറ്റുപാടില്‍ ഭാഷയറിയാത്ത അപരിചിതദേശത്ത്, അവരുടെ പദ്ധതികളിൽ പെടാതെ ഒരു സ്വതന്ത്രജീവിതം സ്വപ്നം കണ്ട് വൃദ്ധന്‍ ഇരുട്ടിലേയ്ക്ക് മറഞ്ഞതാവാം. താരതമ്യപ്പെടുത്തി ആളെ
അടയാളപ്പെടുത്താന്‍ ആ വാക്കുപയോഗിച്ചെന്നേയുള്ളൂ - വൃദ്ധന്‍ അത്ര വൃദ്ധനൊന്നുമായിരുന്നില്ല. ഒറ്റത്തടിയായി ഒരു ജീവിതം കൊണ്ടുനടത്താനുള്ള വകയൊക്കെ മൂപ്പരുടെ കൈവശം ഇപ്പോഴും ഉണ്ട്. വഴിയോരചായക്കടയില്‍ ചായ നുണഞ്ഞ്, ആരും അന്വേഷിച്ചു വരാന്‍ സാദ്ധ്യതയില്ലാത്ത ഏതോ തമിഴ്നാട് ഗ്രാമത്തിലേയ്ക്കുള്ള വഴി തിരയുകയാവും ഇപ്പോള്‍.
ഈ രണ്ട് കഥാവസാനങ്ങളിലും തടയാന്‍ ശ്രമിക്കാതെ കഥയ്ക്കൊപ്പം നടന്നു എന്ന പരാതി എനിക്കു തന്നെ എന്നെപ്പറ്റിയുണ്ടാവും.
പൂര്‍ണമായും എന്നെ കുറ്റവിമുക്തനാക്കുന്ന മൂന്നാം അവസാനത്തിലാണ് എന്‍റെ കണ്ണും മനസ്സും.
മൂന്ന്: വൃദ്ധന്‍ ഒറ്റയ്ക്ക് ടിക്കറ്റെടുത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നയാളായിരുന്നു. അയാളുടെ സീറ്റ് ആ കോച്ചില്‍ ആയിപ്പോയെന്നേയുള്ളൂ. തലേന്ന് രാത്രി പരിചയപ്പെടുത്തിയപ്പോള്‍ അവരാരെങ്കിലും അയാളെ കുറിച്ച് എന്തെങ്കിലും പറഞ്ഞോ എന്ന് ഓര്‍ത്തെടുക്കാനാവുന്നില്ല. അവരുടെ സംസാരങ്ങളിലോ അത്താഴത്തിലോ അയാള്‍ പങ്ക് ചേര്‍ന്നിരുന്നോ എന്നും ഓര്‍മ്മയില്ല.
അയാള്‍ ഇറങ്ങിയത് അയാള്‍ക്ക് ഇറങ്ങേണ്ട സ്റ്റേഷനില്‍ തന്നെയാവും. അവിടത്തെ കറുത്ത മണ്ണില്‍ ചോളവും കരിമ്പും വിളയിച്ച് ആടുമാടുകളെ വളര്‍ത്തി കഴിയുന്ന ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം അയാളെ കാത്തിരുന്നിട്ടുണ്ടാവും.
മനസ്സ് ഇപ്പോള്‍ ശാന്തമാണ്. തണുപ്പില്‍ ലോകത്തെ കുറിച്ച് ചിന്തിക്കാതെ ഞാന്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കൂടി ഉറങ്ങാന്‍ നോക്കട്ടെ.
Friday, December 1, 2023
ഒരസാധാരണ മാതൃക
കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന ആദ്യത്തെ അഞ്ചു ലോകരാഷ്ട്രങ്ങളില്‍ ഒന്നാണ് തെക്കുകിഴക്കന്‍ ആഫ്രിക്കയിലെ മലാവി. ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, താമസം, പരിസ്ഥിതി, …. തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലേയ്ക്കും പടര്‍ന്ന് കിടക്കുന്നു ആലങ്കാരികമായി ആ ദാരിദ്ര്യം.
2016 ല്‍ മലാവിയിലെ മ്ബാന്‍ഡോ ഗ്രാമത്തില്‍ മൂന്ന് പേര്‍ സ്വന്തം പോക്കറ്റുകളില്‍ നിന്നെടുത്ത ചെറിയ മൂലധനവും വലിയ ലക്ഷ്യങ്ങളുമായി ABUNDANCE എന്ന പേരില്‍ ഒരു സന്നദ്ധസംഘടനയ്ക്ക് രൂപം കൊടുത്തു. ഒറ്റപ്പാലത്ത് ജനിച്ച് ആഫ്രിക്കയില്‍ വളര്‍ന്ന ദീപ പുല്ലാനിക്കാട്ടില്‍ എന്ന ഒരു വ്യക്തി കൊണ്ടുനടന്ന സ്വപ്നത്തിന്‍റെ സാഹസികമായ സാക്ഷാല്‍ക്കാരമായിരുന്നു അത് .
അല്പം പശ്ചാത്തലം:
പഴയകാല എഴുത്തുകാരന്‍ ടാറ്റാപുരം സുകുമാരന്‍റെ ദൌഹിത്രിയാണ് ദീപ. PWD ജീവനക്കാരനായ അച്ഛന്‍ ഡെപ്യൂട്ടേഷനില്‍ ടാന്‍സാനിയയില്‍ ആയിരുന്നു - പിന്നീട് ലിസോട്ടോവിലും. ആ രണ്ടിടങ്ങളിലുമായി സ്കൂള്‍ വിദ്യാഭ്യാസം കഴിച്ച് കേരളത്തില്‍ എത്തി. എഞ്ചിനീയറിംഗും എം ബി എ യും പാസായി. ദന്തഡോക്റ്റര്‍ ആയ ഭര്‍ത്താവ് സജിത്തിനൊപ്പം വീണ്ടും ലിസോട്ടോവിലും അവിടെ നിന്ന് മലാവിയിലും എത്തി. അവിടെ കഴിഞ്ഞ അഞ്ചു കൊല്ലക്കാലം ഒരു സന്നദ്ധസംഘടനയുടെ ജീവകാരുണ്യപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. രാജ്യത്തെ ജീവിതസാഹചര്യങ്ങളുടെ വേദനിപ്പിക്കുന്ന ഒരുപാട് നേര്‍ചിത്രങ്ങള്‍ക്ക് അന്ന് സാക്ഷിയായി.
കുടുംബത്തോടൊപ്പം എസ്വാറ്റിനി – പഴയ സ്വാസിലാന്‍ഡ്– യിലേയ്ക്ക് മാറിപ്പോകുകയായിരുന്ന ദീപയ്ക്ക് പരിചയക്കാരും സുഹൃത്തുക്കളുമായ മലാവിക്കാര്‍ ഒരു യാത്രയയപ്പ് നൽകി. തന്നില്‍ നിന്ന് ഇനിയൊരു സേവനവും ലഭിക്കില്ലെന്ന് അറിയാമായിരുന്നിട്ടും ആ ചടങ്ങില്‍ അവർ പ്രകടിപ്പിച്ച സ്നേഹവും കരുതലും അവിശ്വസനീയമായിരുന്നു.
തിരിച്ചുവരണമെന്നും മലാവിക്കാര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നും മനസ്സിലുറപ്പിച്ചത് - ABUNDANCE WORLDWIDE എന്ന് പിന്നീട് പേര് വീണ സന്നദ്ധസംഘടന ഒരാശയമായി മനസ്സില്‍ രൂപം കൊണ്ടത് - ആ മണിക്കൂറുകളിലായിരുന്നു.
തന്‍റെ ആശയത്തോട് ഐക്യം പ്രകടിപ്പിച്ച രണ്ട് സുഹൃത്തുക്കളോടൊപ്പം 2016 ഏപ്രിലില്‍ ദീപ മലാവിയില്‍ തിരിച്ചെത്തി.
ആവശ്യാധിഷ്ഠിതവിലയിരുത്തലിലൂടെ മച്ചിങ്ങ ജില്ലയിലെ മ്ബാന്‍ഡോ ഗ്രാമത്തെ ദത്തെടുത്തുകൊണ്ട് ABUNDANCE അതിന്‍റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.
രാജ്യത്തെ ജീവിതനിലവാരം ചെറിയ തോതിലെങ്കിലും മെച്ചപ്പെടുത്താന്‍ പല പദ്ധതികള്‍ ഒരുമിച്ച് നടപ്പിലാക്കേണ്ട അവസ്ഥയായിരുന്നു.
ഒരു ഗ്രാമത്തെ കേന്ദ്രീകരിച്ച് അതിനൊരു തുടക്കമിടുക എന്നതായിരുന്നു ലക്ഷ്യം.
വിറകടുപ്പുകളായിരുന്നു മലാവിക്കാര്‍ ഉപയോഗിച്ചിരുന്നത്. ത്രികോണാകൃതിയില്‍ വെച്ച, എടുത്തുമാറ്റാവുന്ന, മുമ്മൂന്ന് കല്ലുകളായിരുന്നു അവ. വിറകിനും മരക്കരിക്കുമായി വ്യാപകമായ വനനശീകരണം നടക്കുന്നുണ്ടായിരുന്നു. അറുപത് കൊല്ലം കഴിയുമ്പോള്‍ രാജ്യത്ത് ഒരു മരവും ശേഷിക്കാനിടയില്ല എന്നു പഠനറിപ്പോര്‍ട്ട് വന്നു .
അശാസ്ത്രീയമായി നിര്‍മ്മിക്കപ്പെട്ട അടുപ്പുകളുടെ ഉപയോഗം ജനങ്ങള്‍ക്ക്, പ്രത്യേകിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കി.
ഗ്രാമവാസികളെ വെറും ഉപഭോക്താക്കളായി കണ്ടുകൊണ്ടുള്ള കാരുണ്യ പ്രവര്‍ത്തനങ്ങളായിരുന്നില്ല സംഘടന മനസ്സില്‍ കണ്ട ലക്ഷ്യം. അത് ദൈനംദിനജീവിതത്തിലെ ദാരിദ്ര്യവും കഷ്ടപ്പാടും കുറച്ചുകൊടുക്കാന്‍ സഹായിക്കുന്നതോടൊപ്പം ഒരു ജനതയെ കഴിയാവുന്നത്ര സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുക എന്നതായിരുന്നു.
അതിന് പ്രവര്‍ത്തനം രണ്ട് മേഖലകളിലേയ്ക്ക് കൂടി അടിയന്തിരമായി വ്യാപിപ്പിക്കേണ്ടതുണ്ടായിരുന്നു– വിദ്യാഭ്യാസവും ആരോഗ്യവും.
ഒരു ശതമാനം പേരാണ് മ്ബാന്‍ഡോയിൽ വൈദ്യുതി ലഭിക്കുന്നവരായി ഉണ്ടായിരുന്നത്. പഴയ കഥയല്ല - ഏഴ് വർഷം മുൻപ് ABUNDANCE രൂപീകൃതമാവുന്ന കാലത്തെ അവസ്ഥയാണ്. ഇന്‍റർനെറ്റ് ഇല്ല. വായനശാല ഇല്ല. മൊബൈൽ ഫോൺ സൗകര്യം പേരിന് മാത്രം. ഇന്നത്തെ ലോകത്ത് ഇങ്ങനെയൊരു ചുറ്റുപാടിൽ ജീവിക്കേണ്ടിവരുന്ന ഒരു സമൂഹത്തിന് വിദ്യാഭ്യാസരംഗത്ത് എത്ര ദൂരം പോകാനാവുമെന്നത് ഊഹിക്കാവുന്നതേയുള്ളു. കുട്ടികള്‍ക്ക് മാത്രമല്ല അദ്ധ്യാപകര്‍ക്കുമുണ്ടായിരുന്നു പഠനസാമഗ്രികളുടെ ദൌര്‍ലഭ്യമോ അഭാവമോ കൊണ്ടുള്ള പരിമിതികള്‍.
ആരോഗ്യകാര്യത്തില്‍ രാജ്യത്തിന്‍റെ പിന്നോക്കാവസ്ഥയ്ക്കും കാരണം
ദാരിദ്ര്യം മാത്രമായിരുന്നില്ല.
സ്ത്രീകളില്‍ ആറ് ശതമാനം പേര്‍ക്ക് മാത്രമാണ് സാനിറ്ററി പാഡുകള്‍ വാങ്ങി ഉപയോഗിക്കാൻ പറ്റിയ സാഹചര്യമുണ്ടായിരുന്നത്. സ്കൂളില്‍ നാലോ അഞ്ചോ ദിവസത്തെ ക്ലാസുകള്‍ മുടക്കുകയായിരുന്നു പെണ്‍കുട്ടികളുടെ പതിവ്. സാനിറ്ററി പാഡുകള്‍ക്ക് പകരം വര്‍ത്തമാന പത്രങ്ങളുടെ താളുകളും പഴയ തുണിക്കഷണങ്ങളും ആയിരുന്നു മിക്കവരും ഉപയോഗിച്ചുകൊണ്ടിരുന്നത്. അവയാകട്ടെ ഭദ്രമായി ശരീരത്തില്‍ ബന്ധിച്ച് നിര്‍ത്താന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ചെറിയ വയസ്സിലെ ഗര്‍ഭധാരണം, എച്ച് ഐ വി / എയ്ഡ്സ് അടക്കമുള്ള ലൈംഗിക രോഗങ്ങള്‍, അവയുടെ പ്രതിരോധം, കുടുംബാസൂത്രണം തുടങ്ങി ഗ്രാമത്തെ കാര്യമായി ബാധിച്ചിരുന്ന പല വിഷയങ്ങളിലും അന്ധവിശ്വാസങ്ങളോ അപകടകരമായ അറിവില്ലായ്മയോ ആയിരുന്നു ഗ്രാമവാസികള്‍ക്കുണ്ടായിരുന്നത്. ദാരിദ്ര്യത്തിനും പട്ടിണിക്കും നടുവില്‍ ആയിരുന്നപ്പോഴും ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ - കുടുംബാസൂത്രണത്തിന് ആരും തയ്യാറായിരുന്നില്ല. അത്തരം 'ഇടപെടലുകള്‍' ഗര്‍ഭധാരണശേഷി ഇല്ലാതാക്കാന്‍ അഥവാ വന്ധ്യതയ്ക്ക് കാരണമാവും എന്ന് അവര്‍ വിശ്വസിച്ചു.
ഗ്രാമത്തില്‍ വാഹനസൌകര്യം തീരെ കുറവായിരുന്നു. ഏറ്റവും അടുത്തുള്ള മ്ബോസ ക്ലിനിക്കിലെത്താന്‍ രോഗികള്‍ക്ക് മണ്‍പാതയിലൂടെ ചുരുങ്ങിയത് മൂന്ന് കിലോമീറ്റര്‍ ദൂരം നടക്കേണ്ടിയിരുന്നു. വാടകയ്ക്ക് കിട്ടുന്ന സൈക്ക്ള്‍ ആയിരുന്നു അവലംബിക്കാവുന്ന ഏക വാഹനം. ശാരീരിക അവശതകള്‍ ഉള്ളവര്‍ക്കും പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും അതൊട്ടും സൌകര്യപ്രദമായിരുന്നില്ല. ചികിത്സാ ചെലവിന്‍റെ കൂടെ യാത്രച്ചെലവ് കൂടി വഹിക്കാന്‍ പറ്റിയ സാമ്പത്തിക ചുറ്റുപാടുകളുമായിരുന്നില്ല മിക്കവര്‍ക്കും.
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനോ ജീവിതനിലവാരം ഉയര്‍ത്തുന്നതിനോ സഹായകമായേയ്ക്കാവുന്ന സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ യുവതയെ പ്രേരിപ്പിക്കുന്ന ഒന്നും എവിടേയും ഉണ്ടായിരുന്നില്ല.
തൊണ്ണൂറ്റഞ്ച് കുടുംബങ്ങള്‍ക്ക് ശാസ്ത്രീയമായി നിര്‍മ്മിച്ച അടുപ്പുകള്‍ സൌജന്യമായി വിതരണം ചെയ്തുകൊണ്ടാണ് സംഘടന അതിന്‍റെ പ്രവര്‍ത്തനം തുടങ്ങിയത്. പുക കുറഞ്ഞതും ഇന്ധനക്ഷമത കൂടുതലുള്ളതുമായ ഈ അടുപ്പുകള്‍ പ്രധാനമായും ഉന്നം വെച്ചത് വിറകിന്‍റേയും കരിയുടേയും ഉപയോഗം കുറയ്ക്കുന്നതിലായിരുന്നു.
അവയുടെ ഉപയോഗം തീര്‍ത്തൂം അവസാനിപ്പിക്കാന്‍ ഉതകുന്ന മട്ടില്‍ ജൈവമാലിന്യങ്ങളില്‍ നിന്ന് ബയോഗാസ് ഉത്പാദിപ്പിക്കാനാവുമോ എന്ന അന്വേഷണവും ഒരു വശത്ത് പുരോഗമിക്കുന്നുണ്ടായിരുന്നു.
വൈദ്യുതിയും ഇന്‍റര്‍നെറ്റും ഇല്ലാത്ത, പേരിന് മാത്രം മൊബൈല്‍ ഫോണ്‍ സൌകര്യമുള്ള മ്ബാന്‍ഡോ തീര്‍ത്തൂം ഒരു 'ഓഫ് - ദ - ഗ്രിഡ്' ഗ്രാമമാണ്. സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനും അതിന്‍റെ സഹായത്തോടെ ഒരു ഇ ലേണിങ് സെന്‍റര്‍ വിജയകരമായി കൊണ്ടുനടത്താനും കഴിയും എന്ന് ഐ ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടന വഴി ABUNDANCE മനസ്സിലാക്കി. ലോകത്തെ മികച്ച വിദ്യാഭ്യാസ സൈറ്റുകളുടെ ഓഫ് ലൈന്‍ പതിപ്പുകള്‍ ലഭ്യമാക്കുന്ന RACHEL സാങ്കേതികതയും കീപോഡ്സ് ഫ്ലാഷ് ഡ്രൈവുകളും നവീകരിച്ചെടുത്ത പഴയ ലാപ്ടോപ്പുകളും ഇക്കാര്യത്തില്‍ പ്രയോജനപ്പെട്ടു. പരിമിതമായ സാമ്പത്തികശേഷി ഉപയോഗിച്ച് 150 കീപോഡ്സ് പദ്ധതിക്കായി സംഘടിപ്പിച്ചു . പരിശീലനക്ലാസുകളില്‍ പങ്കെടുത്തിരുന്നവരുടെ ആവശ്യപ്രകാരം നേതൃത്വപാടവം, കാലാവസ്ഥാവ്യതിയാനം, സോപ്പ് നിര്‍മ്മാണം , വെല്‍ഡിംഗ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട 'Do It Yourself' വീഡിയോകള്‍ ലഭ്യമാക്കി. ചിലിംബ സെക്കന്‍ററി സ്കൂളിലെ ഒരു മുറിയാണ് ഇ ലേണിംഗ് സെന്‍റര്‍ ആയി പരിവര്‍ത്തനം ചെയ്യപ്പെട്ടത്. ജീവിതത്തില്‍ മൊബൈല്‍ ഫോണോ ലാപ്ടോപ്പോ കണ്ടിട്ടില്ലാത്തവരുമുണ്ടായിരുന്നു യുവാക്കളുടെ കൂട്ടത്തില്‍. ആള്‍ക്കൂട്ടധനസമാഹരണവും അഭ്യുദയകാംക്ഷികളുടെ കൈയയച്ച സംഭാവനകളും സുമനസ്സുകളുടെ സന്നദ്ധസേവനവും വഴി ആവശ്യത്തിനുള്ള മൂലധനം കണ്ടെത്തി. യുവാക്കളില്‍ പലരും ചെറിയ തൊഴില്‍ സംരംഭങ്ങളിൽ താത്പര്യവുമായി സംഘടനയെ സമീപിച്ചിരുന്നു. ഇ ലേണിംഗ് സെന്‍ററില്‍ ഏതന്വേഷണത്തിനുമുള്ള ഉത്തരം വിരല്‍ത്തുമ്പിലായിരുന്നു. നാല്‍പ്പത്തഞ്ചു പേര്‍ക്ക് ഒരേ സമയം പരിശീലനം കൊടുക്കാവുന്ന സംവിധാനമാണ് സെന്‍ററിൽ ഉള്ളത്. പഠനസാമഗ്രികളും സൌകര്യവും ഗ്രാമത്തിന്‍റെ മുക്കിലും മൂലയിലും എത്തിക്കുക എന്നതാണ് ലക്ഷ്യം.
അടുത്ത ശ്രമം സഹകരണാടിസ്ഥാനത്തില്‍ ഒരു ഗ്രന്ഥശാല തുടങ്ങാനായിരുന്നു. ശിശുപരിപാലന സെന്‍ററില്‍ ഒരു മുറിയാണ് ലൈബ്രറിയായി രൂപാന്തരപ്പെട്ടത്. മേശകളും കസേരകളും പുസ്തകങ്ങളും വ്യക്തികളില്‍ നിന്ന് സംഭാവനയായി കൈപ്പറ്റി. സംഘടനയുടെ സഹായത്തോടെ, തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിന്‍റെ ഭാഗമായി, ആശാരിപ്പണിയില്‍ പരിശീലനം സിദ്ധിച്ച ഒരാളാണ് പുസ്തകം സൂക്ഷിക്കാന്‍ രണ്ട് അലമാറകള്‍ നിര്‍മ്മിച്ചൂകൊടുത്തത്. ലൈബ്രേറിയനായി ചുമതലയേല്‍ക്കാന്‍ കൂട്ടത്തില്‍ നിന്നൊരാള്‍ തയ്യാറായി. പുസ്തകങ്ങള്‍ സംഭാവന ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് അധികൃതരുമായി ബന്ധപ്പെടാനുള്ള സംവിധാനമുണ്ടാക്കി.
കോവിഡ് സമയത്ത് ABUNDANCE തുണി മാസ്ക്കുകള്‍ നിര്‍മ്മിച്ച് ഗ്രാമവാസികള്‍ക്കിടയില്‍ വിതരണം ചെയ്തു. നേരത്തേ സൂചിപ്പിച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ അവസരം ഉപയോഗപ്പെടുത്തി തുന്നൽ ജോലി പഠിച്ച ഒരു സ്ത്രീയാണ് ഇതിന് മേല്‍നോട്ടം വഹിച്ചത്. ലോകത്തോടൊപ്പം കൊട്ടിയടച്ച മ്ബാന്‍ഡോയില്‍ മുടക്കമില്ലാതെ, നാട്ടില്‍ തന്നെ നിർമ്മിച്ച സോപ്പ് വിതരണം ചെയ്തതും സംഘടനയായിരുന്നു.
കൃഷി ചെയ്തും മത്സ്യം പിടിച്ചും ജീവിതം കൊണ്ടുനടത്താന്‍ കാലാവസ്ഥയിലെ അപ്രതീക്ഷിതമാറ്റങ്ങളും പ്രകൃതികോപങ്ങളും നാട്ടുകാരെ അനുവദിക്കുന്നുണ്ടായിരുന്നില്ല. ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് തൊഴിലും സുസ്ഥിരവരുമാനവും ഉറപ്പാക്കൂന്ന ഒരു സ്ഥാപനം മ്ബാന്‍ഡോയില്‍ തുടങ്ങണം എന്ന ആശയം പൊങ്ങിവന്നത് അങ്ങനെയാണ് .
ഡയറക്റ്റര്‍ മിസ് റൂത്ത് മുംബയുടെ നേതൃത്വത്തില്‍ നടന്ന യോഗങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ പൊതുസംരംഭമായി ഒരു അരിമില്ല് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. പൂര്‍ണമായും ഒരു സ്ത്രീ സംരംഭമായിരുന്നു അത്. പരിശീലനം കിട്ടിയ പതിനാറ് സ്ത്രീകള്‍ ചേര്‍ന്ന് അതിന്‍റെ നടത്തിപ്പ് ഏറ്റെടുത്തു. സമൂഹത്തിന് മൊത്തം പ്രയോജനപ്പെടുന്നതും കൂട്ടായ ശ്രമത്തിന് അവസരം തരുന്നതുമായ സ്ഥാപനമായി അത് വളര്‍ന്നു. ഗ്രാമവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ ധാന്യങ്ങള്‍ ഉമി കളഞ്ഞ് മേടിക്കാം. സേവനങ്ങള്‍ക്ക് അടയ്ക്കേണ്ട 'തുക' സാധനങ്ങളായും നല്കാം. ഇങ്ങനെ കിട്ടുന്ന സാധനങ്ങള്‍ അപ്പോഴപ്പോള്‍ മെംബര്‍മാരുടെ തീരുമാനമനുസരിച്ച് അവര്‍ക്കിടയില്‍ തന്നെ വീതിക്കപ്പെട്ടു. മില്ലില്‍ നിന്ന് ഉമി വാങ്ങി പുതിയ ഗാസ് കുക്കറുകളില്‍ വാതക ഇന്ധനം ഉണ്ടാക്കുന്നതിന് ഉപയോഗിക്കാം. ഉമി കളഞ്ഞ് പോളിഷ് ചെയ്ത ധാന്യങ്ങള്‍ കൂടുതല്‍ വിലയ്ക്ക് കമ്പോളത്തില്‍ വില്‍ക്കാം എന്നതുകൊണ്ടും ദൂരെയുള്ള മില്ലുകളിലേയ്ക്കുള്ള യാത്രാസമയവും ചെലവുകളും ലാഭിയ്ക്കാമെന്നതുകൊണ്ടും ഇത് നാട്ടുകാരുടെ സാമ്പത്തിക നിലവാരത്തില്‍ ഗുണകരമായ മാറ്റം വരുത്തി.
സുഗമമായ പ്രവര്‍ത്തനത്തെ ഒരിടപെടല്‍ വഴി പ്രകൃതി ഇടയ്ക്കൊന്ന് തകരാറിലാക്കി. അരിമില്ല് നടന്നുവന്നിരുന്ന കെട്ടിടം കനത്ത ഒരു ചുഴലിക്കാറ്റില്‍ നിലംപൊത്തി. അത് വീണ്ടും കെട്ടിയുയര്‍ത്തുക എന്നത് സാമ്പത്തികമായും അല്ലാതെയും ശ്രമകരമായ ജോലിയായിരുന്നു..
മഴക്കാലവും വേനല്‍ക്കാലവുമായി മലാവിക്കാര്‍ക്ക് രണ്ടുതരം കാലാവസ്ഥയേ ഉള്ളൂ. ഈ കാലങ്ങളില്‍ ഉണ്ടാവുന്ന നനഞ്ഞതും അല്ലാത്തതുമായ ജൈവമാലിന്യം ഒരേപോലെ ഉപയോഗിക്കാനാവുന്ന ഗാസ്പ്ലാന്‍റ് പ്രത്യേകം രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചു. ബയോഗാസും ബയോസിന്‍ ഗാസും പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുതുടങ്ങിയത് ഗ്രാമത്തിലെ ചിലിംബ പ്രൈമറി സ്കൂളിന്‍റെ അടുക്കളയില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പാകം ചെയ്യാനാണ്. ഇന്ധനം ഉത്പാദിപ്പിക്കാന്‍ ആവശ്യമായ ജൈവമാലിന്യം മുടങ്ങാതെയും തരം തിരിച്ചും ശേഖരിക്കേണ്ടതുണ്ടായിരുന്നു. ഗ്രാമത്തിലെ അരിമില്ലില്‍ നിന്ന് ഉമിയും ചെറിയ കൃഷിയിടങ്ങളില്‍ നിന്ന് ചാണകവും കരിമ്പിന്‍ ചണ്ടിയും പതിവായിത്തന്നെ ശേഖരിക്കാന്‍ ഏര്‍പ്പാടാക്കി. പദ്ധതിയില്‍ ജനപങ്കാളിത്തം ഉറപ്പിക്കാന്‍ ലഭിച്ച ആദ്യ അവസരമായി അത്. അഞ്ച് പുരുഷന്മാരും അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്ന ചെറുപ്പക്കാരുടെ ഒരു പത്തംഗ സംഘത്തിന് ABUNDANCE രൂപം നല്കി. അവരെ ബോധവത്ക്കരിക്കാന്‍ വര്‍ക് ഷോപ്പുകള്‍ സംഘടിപ്പിച്ചു. ജൈവമാലിന്യശേഖരണത്തിന് ആവശ്യമായ തൊഴില്‍ പരിശീലനം നല്കി. കൈയൂറകളും ബക്കറ്റുകളുമായി മാലിന്യശേഖരണത്തിനാവശ്യമായ സാമഗ്രികളും നല്കി.
അന്തരീക്ഷ - പരിസര മലിനീകരണങ്ങളും വനനശീകരണവും കാലാവസ്ഥാവ്യതിയാനവും കൂട്ടത്തില്‍ ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങളും കുറച്ചും പരിസ്ഥിതി സൌഹാര്‍ദ്ദപരമായി പുനരുപയോഗ ഊര്‍ജസ്രോതസ്സുകളുടെ ഉപയോഗം കൂട്ടിയും ചെറിയ തോതിലെങ്കിലും തൊഴില്‍മേഖലയെ പുഷ്ടിപ്പെടുത്തിയും ഇത് ഭാവിയില്‍ സ്വയംപര്യാപ്തതയുടെ വഴിയില്‍ രാജ്യത്തിന് ഏറെ ഗുണകരമായി തീരും എന്ന് ABUNDANCE വിശ്വസിക്കുന്നു.
ഇതിനിടെ ചെറിയ കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളും മുതിര്‍ന്നവര്‍ക്ക് സ്പോര്‍ട്ട്സ് സാമഗ്രികളും എത്തിച്ചുകൊടുക്കാനും സംഘടന ശ്രദ്ധിച്ചു. ആ വഴിക്കുള്ള ചെലവിന്‍റെ ഒരു ഭാഗം സ്വന്തം ശ്രമത്തിലൂടെ സ്വരൂപിച്ചെടുത്ത് ഗ്രാമത്തിലെ ചെറുപ്പക്കാര്‍ അവരുടെ കൂട്ടുത്തരവാദിത്വബോധം പ്രകടമാക്കി. ABUNDANCE ന്‍റെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു അതും. കൈയില്‍ ഒതുങ്ങുന്ന കാരുണ്യപ്രവര്‍ത്തനങ്ങളും സമാന്തരമായി മുന്നോട്ട് പോകുന്നുണ്ടായിരുന്നു. തണുപ്പ് കാലം തുടങ്ങുന്നതിന് തൊട്ട് മുന്‍പ് 117 വൃദ്ധജനങ്ങള്‍ക്ക് കമ്പിളിപ്പുതപ്പുകള്‍ കൊടുത്തുകൊണ്ട് 2016 ല്‍ തന്നെ അതിനും തുടക്കം കുറിച്ചു
പണമായും സാധനങ്ങളായും സേവനങ്ങളായും ABUNDANCE ന് അതിന്‍റെ ശ്രമങ്ങളില്‍ കൂട്ടായവരില്‍ വ്യക്തികളും സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ഉണ്ട്. അവയെ അന്വേഷിച്ചു കണ്ടെത്തുന്നതിലും ഒരുമിപ്പിക്കുന്നതിലും വേണ്ട ശ്രദ്ധ പുലര്‍ത്തുന്ന ഒരു ഭരണ - നിര്‍വാഹക കൂട്ടായ്മ ദീപയുടെ നേതൃത്വത്തില്‍ അതിനകം രൂപപ്പെട്ടുകഴിഞ്ഞിരുന്നു.
ഡയരക്റ്റര്‍ റൂത്ത് മുംബയുടെ മേല്‍നോട്ടത്തില്‍ സാനിട്ടറി പാഡുകളുടെ നിര്‍മ്മാണവും ശരിയായ ഉപയോഗരീതികളും എന്ന വിഷയത്തില്‍ വര്‍ക്ക് ഷോപ്പ് നടത്തി. പെണ്‍കുട്ടികളും സ്ത്രീകളുമായി എണ്‍പതിലധികം പേര്‍ പരിപാടിയില്‍ പങ്കുകൊണ്ടു. ബട്ടണുകള്‍ ഉപയോഗിച്ച് സുരക്ഷിതമായി ശരീരത്തില്‍ ബന്ധിക്കാവുന്നതും ആവര്‍ത്തിച്ച് ഉപയോഗിക്കാവുന്നതും ആയ തുണി പാഡുകളുടെ നിര്‍മ്മാണത്തില്‍ അന്‍പതിലേറെ പെണ്‍കുട്ടികള്‍ക്ക് പ്രായോഗിക പരിശീലനം നല്കി. തുണിയും തുന്നല്‍ സാമഗ്രികളും ഉള്‍പ്പെടുന്ന പാഡ് നിര്‍മ്മാണ കിറ്റുകള്‍ അവര്‍ക്കിടയില്‍ വിതരണം ചെയ്തു.
ആരോഗ്യസംരക്ഷണത്തോടൊപ്പം തൊഴിലും എന്ന ആശയം ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. സ്കൂളിലെ ഹാജര്‍ നിലവാരത്തോടൊപ്പം പെണ്‍കൂട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യവും മെച്ചപ്പെടുന്നതിന്‍റെ വ്യക്തമായ സൂചനകള്‍ കണ്ടുതുടങ്ങി.
|അന്ധവിശ്വാസങ്ങളുടെയും അറിവില്ലായ്മയുടെയും കെട്ടുപാടുകളില്‍ നിന്ന് യുവജനങ്ങളെ ആവുന്നത്ര മോചിപ്പിച്ച് അവര്‍ക്കിടയില്‍ ആരോഗ്യകരമായ ലൈംഗിക ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് ബോധവത്ക്കരണക്ലാസുകള്‍ സംഘടിപ്പിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ലിറ്റില്‍ ബിഗ് പ്രിന്‍റ്സ് എന്ന സന്നദ്ധസംഘടനയുടെ ക്ഷണമനുസരിച്ച് സോംബായിലെ ചിരുംഗാ സ്കൂളിലും ABUNDANCE ഇതേ തരത്തിലുള്ള വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിക്കുകയുണ്ടായി
നേരത്തേ സൂചിപ്പിച്ച മ്ബോസ ക്ലിനിക്കിലേയ്ക്ക് രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരാന്‍ ചെലവ് കുറഞ്ഞ വാഹനം എന്ന നിലയില്‍ ഒരു സൈക്ക്ള്‍ ആംബുലന്‍സ് 2016 അവസാനത്തോടെ ABUNDANCE സംഭാവന ചെയ്തു. ഗിയറുള്ള സൈക്ക്ളിന് പിന്നില്‍, ചക്രങ്ങള്‍ ഘടിപ്പിച്ച സ്റ്റ്രെച്ചര്‍ ബന്ധിപ്പിച്ചാണ് ഇത് നിര്‍മ്മിച്ചത്. ഒരു വര്‍ഷത്തിന് ശേഷം മലാവിയന്‍സ് ഇന്‍ ടെക്സാസ് എന്ന സംഘടനയുടെ വക രണ്ടാമത്തെ സൈക്ക്ള്‍ ആംബുലന്‍സും ലഭിച്ചു. ഒരു വിമാനയാത്രയില്‍ പരിചയപ്പെടാനിടയായ ആന്‍ഡ്രൂ ക്രോഞ്ഞെ എന്ന മനുഷ്യസ്നേഹിയുടെ ശ്രമമായിരുന്നു അതിന് പിന്നില്‍ എന്ന് ഓര്‍മ്മിക്കവേ ദീപ പറയുന്നു :
"ആകസ്മികമായ കൂടിക്കാഴ്ചകള്‍ നാം കരുതുന്നതുപോലെ ആകസ്മികമാവണമെന്നില്ല . മഹത്തായ ഏതോ ആശയ സാക്ഷാല്‍ക്കാരത്തിനായി സംഭവിക്കുന്നയാവാം അവ."
മ്ബാന്‍ഡോയില്‍ മലേറിയ പടര്‍ന്നപ്പോള്‍ നാല്‍പ്പതിലധികം കുട്ടികളെ ക്ലിനിക്കിലേയ്ക്കും തിരിച്ച് വീടുകളിലേയ്ക്കും എത്തിക്കുന്നതില്‍ വലിയ സേവനമാണ് സൈക്ക്ള്‍ ആംബുലന്‍സുകള്‍ക്ക് നിര്‍വഹിക്കാനായത്.
വനനശീകരണത്തിന്‍റെ ദൂരവ്യാപകമായ ദോഷഫലങ്ങളും കാലാവസ്ഥാവ്യതിയാനം നിയന്ത്രിക്കുന്നതില്‍ പരിസ്ഥിതിസംരക്ഷണത്തിനുള്ള പങ്കും ജനങ്ങളെ ബോദ്ധ്യപ്പെടുത്തി, നഷ്ടപ്പെട്ട വനസമ്പത്ത് തിരികെ കൊണ്ടുവരാന്‍ ഉള്ള ശ്രമം ABUNDANCE തുടങ്ങിവെച്ചു. രാജ്യത്ത് ഒരു ലക്ഷം മരങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്നതായിരുന്നു പദ്ധതി. വിത്തുശേഖരണത്തിലും മുളപ്പിച്ച വിത്തുകള്‍ ഉപയോഗിച്ച് വൃക്ഷത്തൈകളുടെ നഴ്സറി തയ്യാറാക്കുന്നതിലും വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ ക്ലാസുകള്‍ നടന്നു. വര്‍ദ്ധിച്ച ഉത്സാഹത്തോടെ ഗ്രാമത്തിലെ യുവതലമുറ ഈ ഉദ്യമങ്ങളില്‍ പങ്ക് ചേര്‍ന്നു. ക്ലാസുകളില്‍ പങ്കെടുത്ത യുവാക്കള്‍ അതില്‍ നിന്നു കിട്ടിയ ആവേശവുമായി ചുവന്ന പയര്‍ കൃഷി ചെയ്യുന്ന ഒരു പ്രൊജക്റ്റ് സ്വന്തമായി കണ്ടെത്തി നടപ്പാക്കി.
ഗ്രാമത്തിന്‍റെ ബഹുമുഖമായ വളര്‍ച്ചയ്ക്കായി ABUNDANCE നടത്തിയ ഇടപെടലുകള്‍ക്ക് കനത്ത പ്രഹരമാണ് മഹാമാരി ഏല്‍പ്പിച്ചത്. പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും മന്ദഗതിയിലാവുകയും ചെയ്തു. ലോക സാമ്പത്തിക ശക്തികള്‍ പോലും ഒരാഗോളമാന്ദ്യത്തിന്‍റെ ഭയപ്പാടില്‍ പതറുമ്പോള്‍ മലാവിയെ പോലുള്ള രാഷ്ട്രത്തിന്‍റെ അവസ്ഥ പറയേണ്ടതില്ലല്ലോ. ചുറ്റുപാടുകള്‍ സാധാരണ ഗതിയിലേയ്ക്ക് തിരിച്ചു വന്ന് കഴിഞ്ഞതോടെ വീണുകിടന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ മ്ബാന്‍ഡോവും ശ്രമം തുടങ്ങിയിട്ടുണ്ട്..
മറ്റെല്ലാ പദ്ധതികളെയും പോലെ മ്ബാന്‍ഡോ പദ്ധതിയും വിജയിക്കണമെങ്കില്‍ നിരന്തര നിരീക്ഷണത്തിലൂടെ വിലയിരുത്തലിലൂടെ സ്വയംവിമര്‍ശനത്തിലൂടെ ജനസമ്പര്‍ക്കത്തിലൂടെ ഓര്‍മ്മപ്പെടുത്തലുകളിലൂടെ അവയുടെ തുടര്‍ച്ചകള്‍ ഉറപ്പിക്കേണ്ടതുണ്ട്. ഒരു ജനതയുടെ ജീവിതശീലമായി വളരുമ്പോഴേ ഏത് സംഘടനയ്ക്കും പ്രവര്‍ത്തനം ഇനിയൊരിടത്തേയ്ക്ക് വ്യാപിപ്പിക്കാനായി മാറിനില്‍ക്കാനാവൂ.
ABUNDANCE WORLDWIDE പകര്‍ത്താവുന്ന മാതൃകയാണ്. ആശയമായി അത് ജനിച്ചത് ദീപ പുല്ലാനിക്കാട്ടില്‍ എന്ന ഒരാളുടെ മനസ്സിലാണെന്നത് സത്യം. അതിന്‍റെ വിജയയാത്രയില്‍ പക്ഷേ സമര്‍പ്പണബോധത്തോടെ സഹകരിച്ച ഒരുപാട് പേരുണ്ട് - സ്ഥാപനങ്ങളും സര്‍ക്കാരുമുണ്ട്.
ജലച്ചായചിത്രം
അവസാനത്തെ ഇല എന്ന ഒ .ഹെൻറി കഥയിലെ കേന്ദ്ര കഥാപാത്രമാണ് ജോൺസി എന്ന പെൺകുട്ടി. ന്യുമോണിയ ബാധിച്ച് കിടപ്പിലായിരുന്ന അവൾ , ജനാലയ്ക്കപ്പുറത്ത് നിന്നിരുന്ന ഒലീവ് മരത്തിലെ അവസാന ഇല വീഴുന്നതോടൊപ്പം താൻ മരിക്കും എന്ന് വിശ്വസിച്ചു. ഒരു രാത്രി ആ ഇല വീണത് അവളറിഞ്ഞില്ല. അവൾ മരിച്ചുമില്ല. രാത്രി, മഞ്ഞ് കൊണ്ടുനിന്ന്, പഴുത്ത് വീഴാറായ ഒരിലയുടെ ചിത്രം വരച്ച്, മരക്കൊമ്പിൽ ഒട്ടിച്ചുനിർത്തി, ബെര്‍മാന്‍ എന്ന അലസനായ ചിത്രകാരൻ അവളേയും അവളുടെ വിശ്വാസത്തേയും കാത്തു.. ആ തണുപ്പ് ന്യൂമോണിയയായി വന്ന്, പക്ഷേ, ചിത്രകാരന്‍റെ ജീവനെടുത്തു.. തന്‍റെ, ഏറ്റവും നല്ല ചിത്രം വരയ്ക്കാനിരിക്കുന്നേയുള്ളൂ എന്ന് അത്രയും കാലം പറഞ്ഞു നടന്ന ബെര്‍മാന്‍, മരിച്ചതിനു ശേഷം, കഥയിൽ നിന്നിറങ്ങി നടന്നു. ഈ ഭൂമിയിൽ, എവിടെയോ, കഥാപാത്രങ്ങളുടെ നഗരത്തിൽ, താഴെ ആള്‍ത്താമസമില്ലാത്ത ഒരു രണ്ടുനിലക്കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിൽ, മറ്റൊരു കഥയിലേയ്ക്ക് നടന്നുകയറി- കാലപരിഗണനകളില്ലാതിരുന്ന അവിടെ താമസമാക്കി… അതൊരു നീണ്ട ഒറ്റമുറിയായിരുന്നു. എത്രയോ കാലമായിട്ടെന്ന പോലെ ഒരു വശത്ത് സ്റ്റാൻഡിൽ ഉറപ്പിച്ച കാൻവാസും മുന്നിൽ തളികകളിൽ അലങ്കോലപ്പെട്ട്, വരണ്ട്, ചായക്കൂട്ടുകളും ബ്രഷുകളും കിടന്നിരുന്നു . വശത്ത് ജനലിനോട് ചേര്‍ന്ന് ഇട്ടിരുന്ന കട്ടിലില്‍, എത്രയോ കാലത്തെ പതിവെന്ന മട്ടിൽ ബെര്‍മാന്‍ ഉണര്‍ന്നു. …….അഴികളില്ലാത്ത ജനാലയിലൂടെ ഉച്ചയോടടുക്കുന്ന പകലിന്‍റെ ചൂടുള്ള വെളിച്ചം അകത്തേയ്ക്ക് ഒഴുകുന്നുണ്ടായിരുന്നു. ചിലന്തിവലകള്‍ മൂടിയ മേല്‍ത്തട്ടില്‍ നിന്ന് കണ്ണ് പിന്‍വലിച്ച് അയാള്‍ പുറംലോകത്തെ നോക്കി. കിടന്ന കിടപ്പില്‍, കാലെത്തിച്ച് ജനാലക്കൊളുത്ത് നീക്കി. ഒരതിസാധാരണ ദിവസം അവിടെ നിശ്ചലചിത്രമായി നിവര്‍ന്നു. പരന്നുള്ളോട്ട് വളഞ്ഞ മൈതാനത്തിനും കെട്ടിടത്തിനും ഇടയിൽ പ്രധാന പാത നെടുകെ നീണ്ടുകിടന്നു. ചുറ്റും ചിതറിയ വീടുകള്‍ക്കിടയിലൂടെ വളഞ്ഞും തിരിഞ്ഞും മറഞ്ഞും വെട്ടപ്പെട്ടും നാട്ടുവഴികള്‍ പടർന്നു. പാതയോരങ്ങളില്‍ പന്തലിച്ച മരങ്ങളില്‍ ഇലകൾ ചലനമറ്റ് നിന്നു – നാൽക്കാലികളും പക്ഷികളും അപ്പൊഴപ്പോൾ കാഴ്ചപ്പുറത്ത് വന്നുമറഞ്ഞു.. പതിവ് നന്മകളിലും തിന്മകളിലും മുഴുകി ഒറ്റപ്പെട്ട്, മനുഷ്യരും ! മറ്റാരോ തീര്‍ത്ത പാത്രങ്ങളില്‍ ജനിച്ച്, പുറത്തേയ്ക്ക് ഒഴുക്കപ്പെട്ടപ്പോഴൊക്കെ, മറ്റാരോ തീര്‍ത്ത വഴികളില്‍ ഒഴുകി ഒടുങ്ങുന്ന മനുഷ്യര്‍ സ്വന്തം കൈയൊപ്പ് പതിഞ്ഞ ഒരു കഥയോ കവിതയോ ചിത്രമോ എഴുതാൻ ബാക്കിയുണ്ടെന്ന അലട്ടലോ ആധിയോ തീണ്ടാത്തവര്‍.ബെര്‍മാന്‍റെ താത്പര്യമില്ലാത്ത കണ്ണുകള്‍ അവരെ പിന്തുടര്‍ന്നു: എന്തൊരു സാന്ദ്രമായ ജഡത ! പതിവായിട്ടാവട്ടെ, അല്ലാതെയാവട്ടെ. ഈ കാഴ്ചകള്‍ ആരുടെ മനസ്സില്‍ എന്ത് മാറ്റമാവും ഉണ്ടാക്കുക?അയാള്‍ തിരിഞ്ഞുകിടന്നു..-മറിച്ചും ആലോചിക്കാം .. അങ്ങനെയൊരു മാറ്റംവേണമെന്ന് വാശി പിടിക്കാതെ ഓരോ ദിവസത്തേയും, വരുന്ന മുറയ്ക്ക് സന്തോഷത്തോടെ ജീവിച്ചു തീർക്കുകയും ആവാമല്ലോ .. ‘ആയിക്കൂടേ ..?’ എന്ന് ചോദിച്ചുകൊണ്ട് ഉസ്ബെക്കിസ്ഥാനിലെ ഒമർ മനസ്സിൽ കയറിവന്നു … ഒപ്പം മുടന്തനായ തിമൂറും അയാളുടെ പുതുമണവാട്ടിയും! മധുവിധുവിന്‍റെ ചൂടാറും മുന്‍പേ യുദ്ധം ചെയ്യാനും വെട്ടിപ്പിടിക്കാനുമായി നാടുവിട്ട സുല്‍ത്താന്, മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ അപ്രതീക്ഷിത ഉപഹാരമായി കൊടുക്കാന്‍ ബീവി പണി കഴിപ്പിച്ച കൊട്ടാരത്തിന്‍റെ ശില്‍പിയായിരുന്നു ഒമര്‍. പണി പാതിയായ കൊട്ടാരം കാണാനെത്തിയ റാണിയെ, മുഖപടമില്ലാതെ ഒരു മാത്ര ഒമര്‍ കണ്ടു – അയാളുടെ മനസ്സിന്‍റെ സ്വാസ്ഥ്യം നഷ്ടപ്പെട്ടു. കൊട്ടാരത്തിൻറെ പണി മുടങ്ങി.- ആഴ്ചകളും മാസങ്ങളും പണി നടക്കാതിരുന്നപ്പോള്‍ റാണിയുടെ ദൂതൻ ശില്പിയെ ആളയച്ചുവരുത്തി… കൊട്ടാരം പണി പറഞ്ഞ സമയത്ത് തീര്‍ക്കാന്‍ ഒമർ മുന്നിൽ വെച്ച നിബന്ധന ദൂതനെ ഞെട്ടിച്ചു : “റാണിയുടെ കവിളില്‍ എനിക്ക് ഒരു തവണ ചുംബിക്കണം !–’’ ഒന്നും പറയാനാവാതെ, അയാള്‍ മടങ്ങി- പണി മുന്നോട്ട് നീങ്ങാതിരുന്നപ്പോൾ പല വഴിക്ക് ഒമറെ അനുനയിപ്പിക്കാൻ നോക്കി – ശകാരിച്ചു – തടവിലിടുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ശില്‍പി വഴങ്ങിയില്ല. “ഒരു ചുംബനം – അതില്‍ കവിഞ്ഞൊന്നും ഈ ജന്മം കൊണ്ട് നേടാനില്ല.! അതിനായി കൊട്ടാരനിര്‍മ്മിതി, അനന്തമായി നീട്ടിവയ്‌ക്കേണ്ടി വന്നാലും തെറ്റില്ല-” അത് ഒമറിന്‍റെ തത്വശാസ്ത്രം- തനിക്ക് സ്വീകാര്യമായി തോന്നുന്നില്ല.- അതുകൊണ്ട് മാത്രം, പക്ഷേ, അത് ശരിയല്ലാതാവുന്നുമില്ല! ബെർമാൻ നിഷേധാർത്ഥത്തിൽ തലയാട്ടി. സുല്‍ത്താന് കൊടുക്കാനുള്ള പാരിതോഷികത്തിന്‍റെ പണി പൂർത്തിയായിക്കിട്ടാനുള്ള അതിമോഹത്തിൽ, പഴുതറ്റപ്പോള്‍, റാണി ഒമറിനെ കൊട്ടാരത്തിലേയ്ക്ക് വിളിപ്പിച്ചു. ചുംബനം ഏറ്റുവാങ്ങാനാവശ്യമായത്ര ഭാഗം മാത്രം കവിൾ അനാച്ഛാദനം ചെയ്ത്, ശില്പിയുടെ ആഗ്രഹം നിവർത്തിച്ചു കൊടുത്തു. ഉള്ളിലെ എതിർപ്പിന്‍റെ ചൂടിൽ, ഒമർ ചുംബിച്ച ഇടം ചുണ്ടുകളുടെ ആകൃതിയില്‍ പൊള്ളി- കരുവാളിച്ചു. അന്ത:പുരം വിട്ട് റാണി അതിനുശേഷം പുറത്ത് വന്നില്ല. യുദ്ധത്തിൽ നേടിയ പൊന്നും പണവുമായി മടങ്ങിയെത്തിയ തിമൂർ, തന്നെ സ്വീകരിക്കാൻ എത്താത്ത ബീവിയെ അകത്തെത്തി കണ്ടു ……. രാജസമ്മാനം വാങ്ങാൻ എത്താൻ ശിൽപിയ്ക്ക് ഉത്തരവ് പോയി. പുതിയ കൊട്ടാരത്തിൻറെ വിശാലമായ പൂമുഖത്ത്, സിംഹാസനത്തില്‍ തിമൂര്‍ കാത്തിരുന്നു. ഒമര്‍ വന്നു . കൊട്ടാരത്തിലേയ്ക്കുള്ള പടവുകള്‍ കയറി… മൂന്നാമത്തെ പടവില്‍, കരുതിയിരുന്നിടത്ത് കാലിലെ പെരുവിരല്‍ അമര്‍ന്നപ്പോള്‍ ഭൂഗർഭത്തിലേയ്ക്ക് വഴി തുറന്നു. സുല്‍ത്താനെ താണ് വണങ്ങി, പ്രണയസ്മാരകത്തെ സ്വന്തം ശവക്കല്ലറയുമാക്കി ഒമര്‍ അപ്രത്യക്ഷനായി… റാണി തൻറെ എതിർപ്പിൽ ഉറച്ചുനിന്നിരുന്നെങ്കിൽ കഥ എങ്ങനെയായിരുന്നിരിക്കും അവസാനിച്ചിരിക്കുക ? — ബെർമാൻ ആലോചിക്കാൻ ശ്രമിച്ചിട്ടുണ്ട്. …. ഒമർ വഴങ്ങിയിരിക്കാൻ സാദ്ധ്യതയില്ല.. അപൂർണമായ കോട്ടയും തുടർന്നൊന്നും നിർമ്മിക്കാതെ, സൃഷ്ടിക്കാതെ, ഒമറും എന്ന കഥയില്ലായ്മയിൽ കഥയ്ക്ക് അവസാനിക്കേണ്ടി വന്നിരുന്നേനേ… ദിനാന്തരീക്ഷസ്ഥിതിയില്‍ മാറ്റം അനുഭവപ്പെട്ടപ്പോള്‍ ബെര്‍മാന്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. വെയിലിന്‍റെ കാഠിന്യം കുറഞ്ഞിരിക്കുന്നു- ആകാശത്ത് ഒരു മുന്നറിയിപ്പിൻ്റെ കാർക്കശ്യത്തോടെ മേഘങ്ങള്‍ ഉരുണ്ടുകയറിയിരിക്കുന്നു. നോക്കിയിരിക്കെ പുറംലോകത്തിൻ്റെ മുഖം മങ്ങി –ഓര്‍ക്കാപ്പുറത്ത് വെള്ളത്തുള്ളികള്‍ മുഖത്ത് വീണു – വലിയ വലിയ തുള്ളികൾ– ചരല്‍ വാരിയെറിയുന്ന ഒച്ചയിൽ ദൂരെ നിന്ന് മഴ ഇരച്ചെത്തി..കാറ്റിന്‍റെ കരുത്തില്‍, ചെരിഞ്ഞ് പെയ്യുന്ന മഴ ! പുറത്തെ ഭാവമാറ്റങ്ങള്‍ പഠിച്ച്, ജനാലയില്‍ നിന്ന് പിൻവാങ്ങി അയാള്‍ നിന്നു. മൈതാനത്തിനപ്പുറത്തെ കാഴ്ചകള്‍ക്ക് മേല്‍ നിറംമങ്ങിയ യവനിക വീണു. അതിനപ്പുറവും ഇപ്പുറവും മുഖംമൂടികളഴിച്ച ജീവികള്‍ അഭയം തിരഞ്ഞു പാഞ്ഞു. നോക്കിയിരിക്കെ കാറ്റ് കനത്തു. മൈതാനത്തിന്‍റെ നടുവില്‍ എവിടെയോ നിന്ന് ചുഴലി രൂപപ്പെട്ടു.. ചുവന്ന മണ്ണും ഉണക്കിലകളും ചുള്ളിക്കമ്പുകളും ഭ്രാന്താവേശത്തില്‍ വട്ടം ചുറ്റി മുകളിലേയ്ക്ക് ഉയര്‍ന്നു. പിന്നെ നിരാലംബരായി സമതലങ്ങളിലേയ്ക്ക് മടങ്ങി. നനഞ്ഞ മണ്ണിന്‍റെ മണം –. കാറ്റിൽ പരിസരം ഉറഞ്ഞാടി. വലയിൽ പെട്ട വന്യമൃഗമായി നഗരം കുതറി. ചീറിയിരമ്പി.. വെള്ളം, ചൂടിന്‍റെ ഉറവിടങ്ങള്‍ അന്വേഷിച്ച് മണ്ണില്‍ ലയിച്ചു – ലയിക്കാന്‍ കഴിയാത്തിടങ്ങളില്‍ പാർശ്വങ്ങളിലേയ്ക്ക് വ്യാപിച്ചു. അവിടെ ശക്തിയാര്‍ജ്ജിച്ചു. അതിന് ചുവന്ന നാവുകള്‍ മുളച്ചു. പൊത്തുകളിലും പോടുകളിലും അവ കടന്നുചെന്നു. മൂടിവെച്ച വൃത്തികേടുകളും അന്ത:ക്ഷോഭങ്ങളും കലങ്ങിമറിഞ്ഞു പുറത്തേയ്ക്കൊഴുകി. നഗരം പുറംതോടിന്നുള്ളിലേയ്ക്ക് വലിഞ്ഞു. നഗരത്തിൻ്റെ അഹന്ത മുറിപ്പെട്ടു.. ബെര്‍മാന്‍ കട്ടിലില്‍ നിന്ന് താഴെയിറങ്ങി. കാറ്റില്‍ മൂലയിലെ കാന്‍വാസ് ചെറുതായി വിറച്ചു. അതിനെ നോiക്കിനിൽക്കേ ബെര്‍മാന്‍റെ മനസ്സില്‍ വേദനയുടെ നനവ് പരന്നു ..കാലമെത്രയോ മുന്‍പ് തുടങ്ങിയ കാത്തിരുപ്പ് …ചിത്രങ്ങൾക്ക് വേണ്ടി – ചുരുങ്ങിയത് ഒരു മഹാചിത്രത്തിനു വേണ്ടിയെങ്കിലും…. ”കൂട്ടത്തില്‍ ഞാനും കാത്തിരുന്നോ?” ബെര്‍മാന്‍ തലയാട്ടി- “ഞാൻ പിഗ്മാലിയാനല്ല.ഒരു രൂപം ചെയ്ത് അതിൻറെ അന്യൂനതയിൽ അഹങ്കരിക്കാൻ – സ്വയം മറക്കാൻ . അതുമായി പ്രണയത്തിലാവാൻ…. കൊല്ലങ്ങൾ ഇരുപതോ ഇരുനൂറോ കഴിയട്ടെ..വരയ്ക്കാനുള്ളത് വരച്ചുതീർത്തേ ബെർമാൻ പോകു..!” തണുത്ത റൊട്ടിയും ജാമും കഴിച്ചുകൊണ്ടിരുന്നപ്പോൾ മുറിയിൽ ചൂട് കുറഞ്ഞുവരുന്നതായി ബെർമാൻ മനസ്സിലാക്കി.– ഒരാലസ്യം പോലെ മോഹിപ്പിക്കുന്ന അനുഭവം.! മടങ്ങിവന്നപ്പോഴേയ്ക്ക് കാറ്റിൻറെ വികൃതിയിൽ കിടക്കയുടെ ഒരു ഭാഗം നനഞ്ഞിരുന്നു. തണുപ്പിൻറെ രശ്മികളെ ഭാഗികമായി തടഞ്ഞുകൊണ്ട് ബെർമാൻ ജനാലയുടെ ഗ്ളാസ് ഷട്ടറുകൾ താഴ്ത്തിയിട്ടു. മഴയുടെ ശബ്ദം അവ്യക്തമായി കേൾക്കാം. നനഞ്ഞ പുറംലോകം ഒരു ഗ്ളാസ് പാത്രത്തിൽ ഒതുങ്ങിയത് കാണാം. നനവിൽ നിന്ന് മാറി, പുതപ്പ് കൊണ്ട് തലവഴി മൂടി അയാൾ കണ്ണടച്ചു കിടന്നു.. ഉറക്കത്തിൽ ലയിച്ചു. ഉറക്കത്തിലും മഴയുടെ സംഗീതം വിരാമമില്ലാതെ തുടർന്നു. തണുപ്പിൽ അതിന് ഒരു താരാട്ടിൻറെ താളമുണ്ടായിരുന്നു. സൂര്യപ്രകാശത്തിൽ മഴയ്ക്ക് വർണ്ണപൊലിമയുണ്ടായിരുന്നു. നേർത്ത വെള്ളിക്കമ്പികളിൽ തൂങ്ങിനിൽക്കാനാവാതെ, ഒരു ചിത്രകാരനെ കാണാതെ, അതിന് ഭ്രാന്ത് പിടിച്ചിരുന്നു. ഇളംചുവപ്പായിരുന്നു അതിൻറെ ആദ്യഭാവം. ഭൂമിയുടെ ആശകളസ്തമിച്ചു കൊണ്ടിരിക്കെ കടുംചുവപ്പിലൂടെ അത് കറുപ്പായി മാറി – കറുത്ത മഴ ! ബെർമാൻ ഉണർന്നു. മഴ അതേ സാന്ദ്രതയിൽ തുടരുന്നുണ്ടായിരുന്നു. നഗരത്തിന് ബോധം നഷ്ടപ്പെട്ടിരിക്കുന്നു – പാതയും അപ്പുറത്തെ മൈതാനവും അപ്രത്യക്ഷമായിരിക്കുന്നു ജലത്തിൽ ഉയർന്നുനിൽക്കുന്ന ചെടികളും കെട്ടിടങ്ങളും–! ഏതോ ചില കടപ്പാടുകളാൽ ബദ്ധരായി മനുഷ്യരും മൃഗങ്ങളും അങ്ങുമിങ്ങും പ്രത്യക്ഷപ്പെട്ടു മറഞ്ഞു. ദിനകൃത്യങ്ങളുടെ ക്രമം തെറ്റിയതിനു നേരെയുള്ള നീരസം അവരുടെ ശരീര ഭാഷകളിൽ പ്രകടമായിരുന്നു . മുന്നിലെ ചെറിയ പ്രതിബന്ധങ്ങളെ കീഴടക്കിയും അല്ലാത്തവയ്ക്ക് ചുറ്റും തായ് വഴികളായി പടർന്നും ജലം മുന്നേറി. പാതയ്ക്ക് കുറുകെ വീണ മരത്തിനപ്പുറം ചുഴികൾ നിർമ്മിച്ചു. ആകാശത്തിൻറെ മുഖമുദ്രകളിൽ കറുപ്പ് വ്യാപിച്ചു. മുഷിഞ്ഞ കറുപ്പ്. ജനാലപ്പടിയിൽ ഇരുന്ന് ബെർമാൻ പുറത്തെ ഭാവമാറ്റങ്ങൾ പഠിച്ചു. “ആ നൈരന്തര്യം സുഖപ്രദമല്ല,തീർച്ച!” ഓറഞ്ചിൻറെ മരവിച്ച പുറംതൊലി അടർത്തിക്കൊണ്ട് ബെർമാൻ ആരോടുമല്ലാതെ പറഞ്ഞു. “ജഡത്തിന് മേലുള്ള ഈ കൈയേറ്റം തെറ്റാണ്- ഓരോരുത്തർക്കും നൂറോ അധികമോ കാര്യങ്ങൾ കിടക്കുന്നു ചെയ്തുതീർക്കാൻ. പോരാട്ടങ്ങൾ നിലനിൽപ്പിനു വേണ്ടിയാവണം. ശത്രുവിനെ സൃഷ്ടിച്ച് നശിപ്പിക്കാനല്ല . മൂല്യങ്ങൾ നിത്യസത്യങ്ങളല്ലാത്തിടത്തോളം കാലം അങ്ങനെ ഒരു മഴയിൽ ഇവിടം മൂടാൻ ആർക്കെന്തവകാശം…?” എന്നും പകലിൻറെ രണ്ടാം പകുതികളിൽ ബെർമാൻ അരോചകങ്ങളായ ദൈനംദിന ബാദ്ധ്യതകളിൽ കുരുങ്ങി. ഈ ഭൂമുഖത്ത് അതയാളുടെ ശാപമായിരുന്നു. ഒരു സൗരദിനം എന്ന ചുരുങ്ങിയ കാലയളവിൽ അയാൾക്കാകാവുന്നതിലേറെയായിരുന്നു ആ ഭാരം. അവ ചെയ്യാനാവാതെ, ചെയ്യാതിരിക്കാനാവാതെ, എന്നിട്ടും പുതിയതെന്തോ ചെയ്യണമെന്ന വ്യാമോഹത്തോടെ ബെർമാനും കൂട്ടരും ജീവിച്ചു. ഉറക്കത്തിലും ഉണർവിലും ബോധത്തിൻറെ അർദ്ധച്ഛായകളിൽ കാൻവാസുകൾ കാത്തുനിന്നു. അവ ഒരിക്കലും മുന്നിൽ വന്നുനിന്ന് ‘ഇത് ഞങ്ങളുടെ അവകാശമാ’ണെന്ന് ഊറ്റം കൊണ്ടില്ല. അകത്തെ ചൂടിൽ മുഖം മഞ്ഞളിച്ചപ്പോഴും കാലാന്തരത്തിൽ അവയിൽ നര പടർന്നപ്പോഴും പെയ്യാനിരുന്ന ഒരു മഴയെ സ്വപ്നം കാണുക മാത്രം ചെയ്തു. ഓറഞ്ചിൻറെ അല്ലികളിലും തണുത്ത പാനീയങ്ങളിലും കുറ്റബോധത്തിൻറെ വിഷാണുക്കൾ പെരുകി. ബെർമാൻറെ മനസ്സിൻറെ മൃദുലതകളിൽ കല്ലുവര ഏൽപ്പിച്ച് അവ ദൗത്യം നിർവഹിച്ചു. അയാൾ ചായക്കൂട്ടുകളുണ്ടാക്കി. തൂലികയുമായി കാൻവാസിന് മുന്നിലിരുന്നു. ഭൗതികമായ ഒരു ചോദനയിൽ, ശാപമേറ്റു മയങ്ങുന്ന, അലസമായ മനസ്സിൻറെ തോട് പൊട്ടിക്കാൻ ശ്രമിച്ചു. മഴ തുടർന്നുകൊണ്ടേയിരുന്നു ..ഇഴമുറിയാതെ…! ധർമ്മാധർമ്മങ്ങളറിയാത്ത കൊടുങ്കാറ്റും — പകൽ മുഴുവൻ, വെളിച്ചത്തിൻറെ ഒരു പ്രതീക്ഷ ലോകത്തെ മൂടി. നിലാവിലെ നിഴൽ പോലെ അസുഖകരമായ കാഴ്ച . ”ഈ മഴയൊന്നു തോർന്നോട്ടെ..!” അത് ലോകത്തോട് പറയുന്നതു പോലെ തോന്നി……. ഒത്തുതീർപ്പിന് തയ്യാറാവാത്ത മഴയുടെ മുന്നിൽ സന്ധ്യയ്ക്ക് മറ്റൊരു പ്രഭാതത്തെ സൂചിപ്പിക്കുക കൂടി ചെയ്യാതെ, ഭയവിഹ്വലതയോടെ അത് വെള്ളത്തിൽ ലയിച്ചു. വെള്ളത്തിൻറെ മുഖം വീണ്ടും കറുത്തു ഒച്ചപ്പാടുകളില്ലാതെ…., ആവേശം സ്ഫുരിപ്പിക്കാതെ.., മടക്കുകളിൽ നിന്ന് ഇരുട്ടിൻറെ ചുരുളുകൾ നിവർത്തി, അത് വളർന്നുകൊണ്ടേയിരുന്നു. ബലാൽസംഗത്തിനെതിരെ അന്തരീക്ഷത്തിൻറെ മുഖത്തെ അറപ്പും രക്തച്ഛവിയും മാഞ്ഞിരിക്കുന്നു. പകരം അവിടെ മരണത്തിൻറെ ശാന്തമായ കറുപ്പ് പടർന്നു.- കെട്ടടങ്ങുന്ന സ്പന്ദനങ്ങളുടെ ശബ്ദം മാത്രം കേട്ടു–ഏതോ ഭൂതകാല സ്മരണയുടെ തിളക്കത്തിൽ – ഒരവസാന വ്യാമോഹത്തിൽ…..! തണുത്ത മുന്തിരിപ്പഴങ്ങൾ വായിലിട്ടുനുണഞ്ഞ്, വരയ്ക്കാനിരുന്ന ചിത്രത്തിൻറെ രൂപരേഖകൾ മനസ്സിൽ തിട്ടപ്പെടുത്തിക്കൊണ്ട് ബെർമാൻ തലയിണയിൽ ചാരി. ….. ലോകം ഒരു മയക്കത്തിലേയ്ക്ക് വഴുതി വർണഭേദങ്ങളും മാനങ്ങളും മറന്ന് കാൻവാസിൽ രേഖകൾ കെട്ടുപിണഞ്ഞു. അടിസ്ഥാന തലങ്ങളുടെ പരിധിയും പരിമിതിയും കടന്നു വളർന്നു. പ്രഭാതമോ പ്രദോഷമോ എന്നറിയാതെ ഒരിക്കൽ കൂടി ഉറക്കമുണർന്നപ്പോൾ ബെർമാൻറെ പേടകം സമുദ്രത്തിലൊരു ദ്വീപായിരുന്നു. അയാൾ ഞെട്ടി ഒഴുക്കിൽ ജീവജാലങ്ങൾ പുഴുക്കളെ പോലെ പിടഞ്ഞു–മനുഷ്യരും മൃഗങ്ങളും – ചെറിയ കെട്ടിടങ്ങളുടെ മേൽക്കൂരകൾ അവർക്കൊപ്പം സഞ്ചരിച്ചു. ചിലപ്പോൾ, എതിരെ വന്ന തിരയിൽ എടുത്തെറിയപ്പെടുകയും അന്തരീക്ഷത്തിൽ മലക്കം മറിഞ്ഞ്, അടുത്ത അഗാധതയിൽ മുങ്ങിത്താഴുകയും ചെയ്തു. മരത്തടിക്കഷണങ്ങൾ പോലെ മനുഷ്യശരീരങ്ങൾ എവിടെനിന്നൊക്കെയോ ഒഴുകിവന്നു.മുൻകൂർ തയ്യാറാക്കിയ പഥങ്ങളിൽ ചുറ്റിത്തിരിഞ്ഞ് എങ്ങോട്ടോ മറഞ്ഞു. കണ്ടിരിക്കെ പ്രവാഹത്തിന് ശക്തി കൂടിക്കൊണ്ടിരുന്നു. ജീവൻ നശിച്ച ശരീരങ്ങൾ പായൽ പോലെ ജലോപരിതലം മൂടി. മരണത്തിന് മുൻപുണ്ടായിരുന്ന ബാദ്ധ്യതകളും വൈജാത്യങ്ങളും അവർ മറന്നതുപോലെ തോന്നി. ആവർത്തനം വഴി, ഒരു ഭീകരത സൃഷ്ടിക്കാൻ പോലും അവയ്ക്ക് ആവാതെ പോയി – ബെർമാൻ, യോഷിഹിദെ എന്ന ചിത്രകാരനെ കുറിച്ചോർത്തു. രാജാവിന് വേണ്ടി മഹാനരകചിത്രം വരയ്ക്കുകയായിരുന്നു യോഷിഹിദെ. സങ്കല്പിക്കാവുന്ന എല്ലാ ക്രൂരതകളും ചിത്രത്തിൻറെ ഭാഗമാവേണ്ടിയിരുന്നു. ഭീകരതയുടെ നിറം കാണാൻ, അയാൾ ശിഷ്യന്മാരെ അടച്ചിട്ട മുറിയിലേയ്ക്ക് വിഷപ്പാമ്പുകളെ തുറന്നുവിട്ടു. അവരെ ചാട്ട കൊണ്ട് അടിക്കുകയും ശവംതീനി പക്ഷികൾക്ക് ഭക്ഷണമായി എറിഞ്ഞുകൊടുക്കുകയും ചെയ്തു. വലിയ കാൻവാസിൻറെ നാല് മൂലകളും അവയുടെ ചിത്രങ്ങൾ നിറഞ്ഞു. ചിത്രത്തിൻറെ ഒഴിച്ചിട്ട വിശാലമായ മദ്ധ്യഭാഗത്ത് വരയ്ക്കാൻ മനസ്സിൽ കരുതിയ ആശയം യോഷിഹിദെ രാജാവിനെ അറിയിച്ചു: “ മൂന്ന് നിലകളുള്ള, അലങ്കരിച്ച ഒരു തേര് – മൂന്നാം നിലയിൽ യവനികയ്ക്ക് പിന്നിൽ വെള്ള വസ്ത്രമുടുത്ത് സുന്ദരിയായ യുവതി –. തേരിന് താഴെ നിന്ന് തീ കൊളുത്തണം. തീ കത്തിപ്പടരുന്നതോടെ യവനിക വശങ്ങളിലേയ്ക്ക് വകഞ്ഞുമാറണം. പടരുന്ന തീയിലേയ്ക്ക് ഒന്നോടെ കത്തിയമരുന്ന തേര് – സ്ത്രീയും! അതാണ് കാൻവാസിൻറെ നടുവിൽ പകർത്തേണ്ട ചിത്രം.” തൻറെ ഇംഗിതത്തിനു വഴങ്ങാതിരുന്ന, ചിത്രകാരൻറെ മകളെയാണ് ബന്ധിനിയാക്കി തേർത്തട്ടിൽ രാജാവ് നിർത്തിയിരുന്നത്. തീ പടർന്ന്, തിരശീല പകുത്ത് മാറുന്നതുവരെ യോഷിഹിദെ അതറിഞ്ഞില്ല. അറിഞ്ഞപ്പോൾ അയാളിലെ ചിത്രകാരന് അതിൽ ഇടപെടാൻ ആയതുമില്ല. തേരിൻറെ തകരുന്ന തട്ടും പുളയുന്ന തീനാളങ്ങൾക്കു മുന്നിൽ വൃദ്ധൻറെ വികൃതമായ മുഖവും ! “മഹാനരക ചിത്രം യോഷിഹിദെ പൂർത്തിയാക്കിയോ?” ജനലിന്നപ്പുറം കാണാവുന്ന ദൂരമത്രയും വെള്ളത്തിൻറെ വാൾമുനകൾ! –മഹാനരകചിത്രത്തിന് മറ്റൊരു മുഖം! ബെർമാൻ കാൻവാസിന് മുന്നിലിരുന്നു… ബ്രഷ് മയപ്പെടുത്തി– ഇരുട്ടിനേക്കാൾ ദയനീയമായ വെളിച്ചം.. ചീവീടിൻറെ സംഗീതമില്ലാത്ത രാത്രി.. കാറ്റിൻറെ പരുഷമായ മുഴക്കം. പുറംചുമരുകളിൽ തിരകളുടെ വിട്ടുവീഴ്ചയില്ലാത്ത കോപം . ബെർമാൻറെ കൺപോളകൾ കനത്തു . നിർമ്മമമായ, നിസ്സംഗമായ ഒരു പുതിയ ഭാവവുമായി കാൻവാസ് ഉറക്കം തൂങ്ങി. ചായക്കൂട്ടുകൾ തളികകളിൽ ചിതൽപ്പുറ്റ് പോലെ വളർന്നു. അവയിൽ, അബോധാവസ്ഥയിൽ അർദ്ധജീവസ്ഫുലിംഗങ്ങൾ ജനിച്ചു. തരിശുഭൂമികളിൽ മേഞ്ഞുനടന്ന്, സംയോഗത്തിൻറെ രുചിയറിയാതെ, വിലക്കപ്പെട്ട ഒരു പഴവും ഭുജിക്കാതെ, പട്ടിണി കിടന്ന് അവ മരിച്ചു. മഴ അവസാനിച്ചതായി ബെർമാൻ സ്വപ്നം കണ്ടു. മരിച്ചവർ തിരിച്ചു വന്നതായും! കഴിഞ്ഞതെല്ലാം മറന്ന് പതിവ് ഭാവങ്ങളിൽ ലയിക്കാൻ അവർക്ക് സമ്മതമായിരുന്നു – തത്ക്കാലത്തേയ്ക്കായിട്ടാണെങ്കിലും ചിട്ടകൾ തെറ്റിക്കേണ്ടി വന്നതിൽ അവരുടെ മുഖങ്ങളിൽ അസംതൃപ്തി കവിഞ്ഞിരുന്നു. അപരിചിതമായ ഒരു പ്രേരണയിൽ കണ്ണ് തുറന്നപ്പോൾ സ്വന്തം പേടകം ഒരു തോണി പോലെ ഇളകിയാടുന്നതായി ബെർമാനറിഞ്ഞു. വിളക്കിലെ നാളം കാറ്റില്ലാതെയും ചുളിയുകയും നിവരുകയും ചെയ്തു. അടച്ച ഗ്ളാസ് ഷട്ടറിൻറെ മദ്ധ്യഭാഗം വരെ കറുത്ത ജലനിരപ്പ് ഉയർന്നുനിന്നു. ഭീകരമായ ഒരു വാദ്യസംഗീതത്തിൽ ആ മുറിയിലെ വസ്തുക്കൾക്ക് സമനില തെറ്റിക്കൊണ്ടിരുന്നു. നനഞ്ഞ തുണി കൊണ്ട് മുഖം തുടച്ച് ബെർമാൻ ഉറക്കത്തോട് യാത്ര പറഞ്ഞു. തണുത്ത കാൻവാസ് ഒരു ഗർഭിണിയുടെ മുഖം പോലെ വിളറി. ചായക്കൂട്ടുകളിൽ മൃദുലഭാവങ്ങൾ ഉണർന്നു. ഒരു സംഹാരത്തിൻറെ ബഹളവും അധീശത്വവും മറന്ന് പ്രകൃതി സൃഷ്‌ട്യുന്മുഖയായി. വിളക്കിലെ തിരി നീട്ടിയപ്പോൾ മുറിയിൽ പ്രകാശം നിറഞ്ഞു. പുറംലോകത്തിന്, അകത്തേയ്ക്കുള്ള എല്ലാ കവാടങ്ങളും ഭദ്രമായി ബന്ധിച്ചുകൊണ്ട് ബെർമാൻ തൂലികയെടുത്തു.. ഭ്രാന്തമായ ഒരു പ്രകമ്പനത്തിൽ കെട്ടിടം ആടിയുലഞ്ഞു. കാൻവാസ്, നിലത്തുറപ്പിച്ച ഫ്റെയ്മോടുകൂടി കമിഴ്ന്ന് വീണു. ജനൽപ്പടിയിൽ പിടിമുറുക്കി ബെർമാൻ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു. കെട്ടിടത്തിൻറെ തായ്‌വേരുകളറ്റു…. അന്യരക്തത്തിനു നേരെ ശരീരത്തിൻറെ ആന്തരികാവയവങ്ങളെ പോലെ അതിൻറെ അന്തേവാസികൾ പ്രക്ഷുബ്ദരായപ്പോൾ അടുത്ത തിരയിലത് മുങ്ങിത്താഴുകയും ചെയ്തു. തിരശ്ചീനത്തിൽ നിന്നല്പം ചെരിഞ്ഞ് താഴെയെവിടെയോ അത് നിശ്ചലമായി. ബെർമാൻ വീണിടത്ത് നിന്നെഴുന്നേറ്റു. വിളക്ക് കത്തിച്ചു. കാൻവാസിൻറെ മൂല വ്രണപ്പെട്ടിരുന്നു. ചായങ്ങൾ അൽപ്പാൽപ്പം തുളുമ്പി നിലത്ത് വീണിരുന്നു. പുറത്ത് ജലത്തിൻറെ കൊലവിളി തുടർന്നു. ചിത്രത്തിന് രൂപം കൊടുക്കാൻ ബെർമാൻ കാൻവാസിന് മുന്നിലിരുന്നു. വിളറിയ മഞ്ഞയ്ക്ക് പിന്നിൽ ആ കാൻവാസ് മറ്റെല്ലാം മറന്നു. ഇളംചുവപ്പ് നിറത്തിൽ കാൻവാസിന് കുറുകെ ഒരു തരംഗം മനസ്സിൽ കണ്ട് ബെർമാൻ തൂലികയെടുത്തു. എവിടെനിന്നെന്നറിയാതെ ഒരു ചുവന്ന സൂചി കാൻവാസിൻറെ മുകളറ്റത്ത് തറച്ചു. ബെർമാൻ പരിഭ്രാന്തിയോടെ എഴുന്നേറ്റു. : പിന്നിലെ ചുവരിൽ ഒരു സുഷിരം! കാൻവാസ് കൂടുതൽ നനയുന്നതിനു മുൻപ് അയാൾ സമചിത്തത നേടി. ചായങ്ങളുടെ ഒരു ചേരുവ കൊണ്ട് അയാൾ ആ സുഷിരം അടച്ചു. ഒരു നിമിഷം കാത്ത്, വീണ്ടും കാൻവാസിനെ സമീപിച്ചു. “ഭയപ്പെടരുത് …എൻറെ ചിത്രം വരച്ചുതീർത്തേ ഞാനുറങ്ങു” ബ്രഷ് കാൻവാസിലെത്തിയില്ല… വെള്ളത്തിൻറെ അടുത്ത സൂചി എതിരെ നിന്ന് നെറ്റിയിൽ തറച്ചു…: മുന്നിൽ, കാൻവാസിന് മുകളിൽ ഒരു സുഷിരം.! ചായങ്ങൾ വീണ്ടും വെള്ളത്തെ നേരിട്ടു.. സൂചി പിൻവാങ്ങി. മനസ്സ് ചഞ്ചലമാവാതിരിക്കാൻ ശ്രദ്ധിച്ച്, നാല് ചുവരിലും ശത്രുവിനെ കാത്ത് അയാൾ നിന്നു. “നീ ഏതു മാർഗ്ഗത്തിലൂടെയും വരിക…കഴിയുമെങ്കിൽ നീ ബെർമാനെ തോൽപ്പിക്കുക” വെള്ളം സംശയിച്ചു . അപസ്മാരത്തിൻറെ പിടിയിലെന്ന പോലെ നുരയുകയും പതയുകയും ചെയ്ത് അതെന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. കണ്ണാടി ജനലുകൾക്കും ചുമരുകൾക്കും അപ്പുറത്തല്ലാതെ അതിനെ മുഖാമുഖം കാണണമെന്ന് അയാൾക്ക് ആഗ്രഹമുണ്ടായിരുന്നു. “ എന്നിട്ട് നിൻറെ മുഖത്തേയ്ക്ക് ഞാനീ ചിത്രം എറിഞ്ഞുതരാം…. നിനക്ക് അതിനോട് ഒന്നും ചെയ്യാൻ … ……!” വാക്യം മുഴുവനാക്കാതെ അയാൾ നിർത്തി., മുറിയിൽ പ്രകാശം കുറഞ്ഞത് അയാൾ ശ്രദ്ധിച്ചു.,ഭയപ്പാടോടെ – നാല് ചുമരുകളിലും ഒരേസമയം ഭാവപ്പകർച്ച നിഴലിച്ചു. അവരുടെ മുഖം മങ്ങി – കാൽക്കീഴെ നിലം, മുകളിലുള്ള ഭാരങ്ങൾക്ക് വഴങ്ങിക്കൊണ്ടിരുന്നു. കാൻവാസിലേയ്ക്ക് ഇനിയൊരു തവണ നോക്കാൻ ധൈര്യമില്ലാതെ, വിറയ്ക്കുന്ന ശരീരവുമായി ബെർമാൻ നിന്നു. അസാധാരണമായ ഒരു ഗന്ധം ആ മുറിയിൽ നിറഞ്ഞു. തണുപ്പിൻറെ ശക്തമായ ഒരു വല അയാളെയും കാൻവാസിനേയും പൊതിഞ്ഞു. ചായക്കൂട്ടുകളുടെ പാത്രം ബെർമാൻറെ കൈയിൽ നിന്ന് ഊർന്നു വീണു. അടുത്ത നിമിഷം, കഠിനമായ ഒരദ്ധ്വാനത്തിനു ശേഷം, ആ നാല് ഭിത്തികളും ഒരേസമയം വിയർപ്പിൽ കുളിച്ചു–
ഭൂതായനം
സൈക്ക്ള്‍ ചവുട്ടിത്തുടങ്ങിയപ്പോള്‍ പതിവു വഴി വിട്ട് ഒരു യാത്ര മുഹേര്‍ കാംബിയുടെ മനസ്സിലുണ്ടായിരുന്നില്ല. വിവേക് നഗറില്‍ നിന്ന് തിരക്കില്ലാത്ത ധോബി കോളനിയിലേയ്ക്ക് കടക്കുന്നതിന് പകരം ഇടത്തോട്ടു തിരിഞ്ഞു കഴിഞ്ഞാണ് അന്നത്തെ വ്യായാമം സര്‍ക്കാര്‍ ജീവനക്കാരുടെ കോളനി വഴിയാവാം എന്ന് അവന് തോന്നിയത്. “റമ്പാന്‍ കലിയെ കണ്ട് വീട്ടിലേയ്ക്ക് ക്ഷണിക്കുകയുമാവാം . എന്നുമുതലേ ആലോചിക്കുന്നതാണ് . സമയം ഒത്തുവന്നില്ല .” മന:സാക്ഷി സൂക്ഷിപ്പുകാരനായ ബന്ധു, സ്ഥലംമാറ്റം കിട്ടി, വരുന്നുണ്ട് എന്ന് എന്നോട് പറഞ്ഞുതുടങ്ങിയിട്ട് കുറച്ചായി. മുഹേര്‍ കാംബിയുടെ സഹപ്രവർത്തകനും സുഹൃത്തുമായ ഞാന്‍ ഈ കഥ എഴുതാന്‍ തീരുമാനിച്ചതിന് മൂന്ന് കാരണങ്ങളുണ്ട്. വിശദാംശങ്ങള്‍ മറന്നുപോകുന്നതിന് മുന്‍പ് മുഴുവന്‍ കഥയും എനിക്കു വേണ്ടിത്തന്നെ അക്ഷരങ്ങളിലാക്കുക എന്നതാണ് ആദ്യത്തേത്. ജീവിച്ചിരിക്കെ ഒരാളുമായും നേരില്‍ പങ്ക് വെയ്ക്കാന്‍ ഞാനുദ്ദേശിക്കാത്ത കഥ എന്‍റെ കാലശേഷവും നിലനില്‍ക്കണമെന്ന ആഗ്രഹമാണ് രണ്ടാമത്തേത്. ആരെങ്കിലും കണ്ടെത്തി, വായിച്ച്, ചർച്ചയായി അത് ഇവിടെ തുടരുന്നെങ്കിൽ തുടരട്ടെ. മൂന്നാമത്തെ കാരണം വഴിയെ പറയാം. ഈ നഗരത്തിലെ മുഹേറിന്‍റെ ഒരേയൊരു സുഹൃത്ത് ഞാനാണ്. കടുത്ത അന്തര്‍മുഖനായിരുന്ന അവന് ഓഫീസിലോ താമസിക്കുന്നിടത്തോ ആരുമായും കൂട്ട് ഉണ്ടായിരുന്നില്ല. ‘ആയിരുന്ന’ എന്നും ‘ഉണ്ടായിരുന്നില്ല’ എന്നും ഭൂതകാലത്തില്‍ പറയുമ്പോള്‍ മിന്നല്‍ പോലെ മനസ്സിലൊരു അസ്വസ്ഥത വന്നുനിറയുന്നുണ്ട്. മുഹേറിനെ കുറിച്ച്, അവന്‍റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കൊണ്ടുനടക്കുന്ന ആശങ്കയോ അജ്ഞതയോ കാരണം, അറിയാതെ എഴുതിപ്പോകുന്നതാണ് . കൃത്യം പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ്, രാവിലെ ഇതേ സമയത്ത് എന്‍റെ മുറിയില്‍ കയറിവന്ന് മുഹേര്‍ പറഞ്ഞ കഥയും എന്‍റെ കണ്‍മുന്നില്‍ നടന്ന അതിന്‍റെ തുടര്‍ച്ചകളുമാണ് ഞാന്‍ പറയാന്‍ പോകുന്നത്. ജെമാലിയുമായുള്ള, ആറുമാസത്തെ അവന്‍റെ ദാമ്പത്യം ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു. ഗ്രാമക്ഷേത്രത്തില്‍, വിശേഷാവസരങ്ങളില്‍ ആചാരമനുസരിച്ച് ഉലുവച്ചീരയും ചിരട്ടക്കരിയും നേരിട്ടെത്തിക്കാന്‍ പാരമ്പര്യമായി അവകാശം കൈയാളുന്ന ഒരേയൊരു കുടുംബത്തിലെ ഒരേയൊരു പെണ്‍കുട്ടി – സമുദായത്തിലെ ഏതൊരു ചെറുപ്പക്കാരനും മോഹിക്കാവുന്ന ഏറ്റവും ശ്രേഷ്ഠയായ ഭാര്യ- അതായിരുന്നു അഭ്യസ്തവിദ്യയായിരുന്നില്ലെങ്കിലും സുന്ദരിയായ ജെമാലി. ഒരു സാധാരണ നാട്ടിൻപുറത്തിന്റെ രീതികൾ പോലും ശീലിച്ചിട്ടില്ലാത്ത സ്വന്തം സമുദായത്തിൽ നിന്ന് വിധിയുടെ അവിശ്വസനീയമായ ചില ഇടപെടലുകളാണ് തന്നെ ഇവിടെ എത്തിച്ചത് എന്ന് മുഹേർ പറഞ്ഞിട്ടുണ്ട്. അക്ഷരാഭ്യാസമുള്ളവരായി ആരും അവരുടെ കൂട്ടത്തിലില്ല. നഗരത്തിന്റെ ചൂരും ചുവയും പതുക്കെപ്പതുക്കെ ജെമാലിക്ക് പരിചയപ്പെടുത്തി ക്കൊടുക്കാം എന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ അതിനൊരു ശ്രമം നടത്താൻ കൂടി വയ്യാത്ത നിലയിൽ നഗരം അവളെ ഭയപ്പെടുത്തി. നീണ്ട ആറുമാസക്കാലത്തെ മുഹേറിന്റെ പലതരത്തിലുള്ള പദ്ധതികളിലൊന്നും ഒരിഞ്ചും മുന്നോട്ട് പോയില്ല. പിരിയാൻ വയ്യ – ഒരുമിച്ച് ജീവിക്കാനും വയ്യ – രണ്ടു പേർക്കും l! ” പാവമാണ് ജെമാലി. ഇന്നത്തെ അവസ്ഥയില്‍ പക്ഷേ ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാനാവില്ല . അവളെ സ്നേഹിക്കാനും സ്നേഹിക്കാതിരിക്കാനും ആ സ്നേഹം കാണാതിരിക്കാനും വയ്യ.” രക്ഷാമാര്‍ഗ്ഗങ്ങളില്ലാത്ത സ്വന്തം നിസ്സഹായാവസ്ഥ അവന്‍ വെളിപ്പെടുത്തിയത് അങ്ങനെയാണ്. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ എന്നും മിടുക്കനായ റമ്പാന്‍ കലിക്ക് എന്തെങ്കിലും വഴി നിര്‍ദ്ദേശിക്കാനായേയ്ക്കും എന്ന പ്രതീക്ഷയിലായിരുന്നു അവൻ . കോളനിയും ഉൾക്കൊള്ളുന്ന ഓഫീസിന്‍റെ ഗെയ്റ്റില്‍ എത്തിയപ്പോഴാണ് പുതിയ ബോര്‍ഡ് കണ്ടത് : ‘സന്ദര്‍ശകര്‍ പ്രധാന ഗേറ്റ് ഉപയോഗിക്കാതെ, ഇതിനു മുമ്പത്തെ വലത്തോട്ടുള്ള തിരിവ് വഴി ഓഫീസിനകത്ത് പ്രവേശിക്കുക’ തൊട്ടുതാഴെ, കടന്നുപോന്ന വഴിയിലേയ്ക്ക് ചൂണ്ടി, ഒരു അമ്പടയാളവും ! സമയം എട്ടര കഴിഞ്ഞിരുന്നു. ഒമ്പത് മണിക്ക് മുമ്പ് ചെന്നാലേ റമ്പാൻ കലിയെ കാണാന്‍ കിട്ടൂ . വന്നതിന്‍റെ എതിര്‍വശത്തെ സമാന്തര പാതയിലൂടെ മുഹേര്‍ തിരിച്ചു ചവുട്ടി . ‘ഇതിന് മുന്‍പത്തെ വലത്തോട്ടുള്ള’ ആ ‘തിരിവ്’ വീതിയേറിയ മണ്‍പാതയിലേയ്ക്കാണ് ചെന്നുചേരുന്നത്. തിരക്കേറിയ സിറ്റിയിൽ പ്രതീക്ഷിക്കാനാവാത്ത മട്ടില്‍ വീതിയുള്ള ഒരു നാട്ടുവഴി. അത് പോകുന്നത് പരന്ന് പടര്‍ന്ന് നില്‍ക്കുന്ന വിജനമായ മാന്തോപ്പിന് നടുവിലൂടെയാണ്. പലതവണ സൈക്ക്ളിലും നടന്നും പോയിട്ടുണ്ട്. വണ്ടികൾ കടന്നുപോകുമ്പോൾ ചുവന്ന പൊടിമണ്ണുയരുന്ന പാതയില്‍ അല്പദൂരം പോയി, ഇടത്തോട്ട് തിരിഞ്ഞ് അഞ്ച് മിനുട്ട് നടന്നാല്‍ കോളനിയിലേയ്ക്ക് കയറാം, ഒരു വിക്കറ്റ് ഗെയ്റ്റ് വഴി. ഇത്രയും ഓര്‍ക്കുകയും ചെയ്തു: ഇതിനു മുമ്പത്തെ തിരിവ് വഴി പോകാനുള്ള ആ നിർദ്ദേശത്തിന് ഒറ്റ നോട്ടത്തിൽ തന്നെ ഒരു പന്തികേടില്ലേ – ‘പോയി ഇന്നലെ വരൂ’ എന്ന് പറയുന്നത് പോലെ ? ‘ഇതിന് മുമ്പത്തേത് ‘ കഴിഞ്ഞ കഥയല്ലേ ? ആർക്കെങ്കിലും ഇതിന് മുൻപത്തെ തിരിവ് വഴി യാത്ര ചെയ്യാനാവുമോ ? റോഡ് കവരങ്ങളായി പിരിയുന്ന സ്ഥലത്തെത്തിയപ്പോള്‍ നിന്നു. ഒരു പ്രശ്നം – ഇപ്പോള്‍ റോഡ് വലതു വശത്തല്ല ! ഇവിടെ നിന്ന് ഓഫീസിലേയ്ക്ക് പോകുന്ന സന്ദർശകരെ ഉദ്ദേശിച്ച് ബോര്‍ഡില്‍ പറഞ്ഞിരിക്കുന്ന ‘ഇതിനു മുമ്പത്തെ വലത്തോട്ടുള്ള തിരിവ് ‘ ഇത് തന്നെയാണ്. പക്ഷേ മടങ്ങി വരുന്ന ഒരാള്‍ക്ക് തിരിവ് ഇടത്തോട്ടാണ്. വായിച്ചതിലെ പിഴവ് ആകുമോ ? റോഡ് മുറിച്ചുകടന്ന് സൈക്ക്ളില്‍ മുഹേര്‍ വീണ്ടും മെയ്ന്‍ ഗേറ്റില്‍ എത്തി- ബോര്‍ഡിനു തൊട്ടു മുന്നില്‍ നിന്ന് മനസ്സിരുത്തി വായിച്ചു: ‘ സന്ദര്‍ശകര്‍ പ്രധാന ഗേറ്റ് ഉപയോഗിക്കാതെ ഇതിനു മുമ്പത്തെ വലത്തോട്ടുള്ള തിരിവ് വഴി ഓഫീസിനകത്ത് പ്രവേശിക്കുക ‘ ചുറ്റിവളഞ്ഞ് ഒരു തവണ കൂടി വരാൻ സമയമില്ല. ഇപ്പോഴത്തെ ചുറ്റുപാടിൽ ഇതിനു മുമ്പത്തെ തിരിവ് വലതു വശത്ത് വരാന്‍ ഒരു വഴിയേയുള്ളൂ – പിന്നിലേയ്ക്ക് നടക്കുക ! ചെറിയ കാര്യങ്ങളിലും നിയമം തെറ്റിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്ന മുഹേര്‍ അത് തന്നെ ചെയ്തു. കുറച്ചുകൂടി മുന്നിലേയ്ക്ക് പോയി, സൌകര്യമുള്ള ഒരിടത്ത് സൈക്ക്‌ള്‍ പൂട്ടിവെച്ച് കൈകള്‍ മടക്കി അന്തരീക്ഷത്തില്‍ തുഴഞ്ഞ് വ്യായാമത്തിന്‍റെ പ്രതീതി വരുത്തി പിന്നിലേയ്ക്ക് നടന്നു. ഇടയ്ക്ക് കൌതുകത്തോടെ തന്നെ നോക്കി കടന്നുപോയ അപൂര്‍വം കാല്‍നടക്കാര്‍ക്ക് ഓരോ ചിരി സമ്മാനിച്ച് മുക്കവലയില്‍ എത്തി. സമയം നോക്കി. എട്ട് പത്ത് കഴിഞ്ഞിരിക്കുന്നു. വൈകിയിട്ടില്ല എന്ന് മനസ്സിൽ ആശ്വസിക്കാന്‍ തുടങ്ങുന്നതിന്നിടെ ഒരു ഞെട്ടലോടെ മുഹേര്‍ വീണ്ടും വാച്ചില്‍ നോക്കി, നടത്തം നിര്‍ത്തി. ‘ മെയ്ന്‍ ഗേറ്റില്‍ എത്തിയപ്പോള്‍ എട്ടരയായിരുന്നില്ലേ സമയം ?’ ഒന്നുകൂടി നോക്കിയപ്പോള്‍ എട്ട് പത്തിന് വാച്ച് നിന്നിരിക്കുന്നു ! അതെങ്ങനെ? വലത്തോട്ട് തിരിഞ്ഞ് മുന്നോട്ടു നടന്നുകൊണ്ടിരിക്കെ സംശയം തീരാതെ വീണ്ടും നോക്കി. ‘ഇല്ല – നിന്നിട്ടില്ല ! വാച്ച് നടക്കുന്നുണ്ട് !’ പെട്ടെന്നുണ്ടായ അസാധാരണമായ ഒരു സംശയം നിവര്‍ത്തിക്കാനായി മുഹേർ നടത്തം നിര്‍ത്തി വാച്ചില്‍ ദൃഷ്ടിയൂന്നി – പിന്നെ അടിവെച്ചടിവെച്ച് പിന്നിലേയ്ക്ക് നടന്നു – വിശ്വാസം വരാതെ നിന്നു – വീണ്ടും നടന്നു – വാച്ചിലെ സെക്കന്‍ഡ് സൂചി ആവര്‍ത്തിച്ച് നിശ്ചലമാവുകയും അപ്രദക്ഷിണമായി കറങ്ങുകയും ചെയ്യുന്നു ! അടുത്ത പത്തോ പതിനഞ്ചോ മിനുട്ട് ആരിലും സംശയം ജനിപ്പിക്കാത്ത മട്ടില്‍ മുന്നിലേയ്ക്കും പിന്നിലേയ്ക്കും നടന്നും അപ്പപ്പോള്‍ നിന്നും മുഹേർ ഉറപ്പ് വരുത്തി തന്‍റെ കൈത്തണ്ടയിലെ കൊച്ചുയന്ത്രം പദാനുപദം തന്‍റെ ചലനങ്ങള്‍ പകര്‍ത്തുന്നു ! സ്വപ്നമല്ലെന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന അസാധാരണമായ എന്തോ ഒന്നിന് താന്‍ ഇരയും സാക്ഷിയും ആകുകയാണെന്നും തിരിച്ചറിയാന്‍ – അതുമായി പൊരുത്തപ്പെടാന്‍ മനസ്സിന് സമയം കൊടുത്തുകൊണ്ട് നിൽക്കെ അവനാലോചിച്ചു : ‘ അവിശ്വസനീയമായ ഈ കളിയില്‍ കാലവും തന്നോടൊപ്പമുണ്ടാവുമോ ? മുന്നിലേയ്ക്ക് നടക്കുമ്പോള്‍ മുന്നിലേയ്ക്കും പിന്നിലേയ്ക്ക് നടക്കുമ്പോള്‍ പിന്നിലേയ്ക്കും കാലവും തന്നോടൊപ്പം വരുന്നുണ്ടാവുമോ? എങ്കില്‍— കാലത്തെ മുന്നോട്ടും പിന്നോട്ടും കൊണ്ടുനടത്താനുള്ള കഴിവ് ഏതോ തരത്തില്‍ തനിക്ക് കൈവന്നിട്ടുണ്ടെങ്കില്‍……! ‘ ചിന്തയില്‍ വാക്യം പൂര്‍ത്തിയാക്കാനുള്ള ക്ഷമയുണ്ടായില്ല . മുഹേറിന്‍റെ മനസ്സില്‍ അമാനുഷമായ ഒരു മോഹം ജനിച്ചു ! മനസ്സിലെ കുഴക്കുന്ന പ്രശ്നങ്ങള്‍ തത്കാലം മാറ്റിനിര്‍ത്തി അവൻ പുതിയ സമയ പരീക്ഷണത്തിന്‍റെ സാദ്ധ്യതകള്‍ ആരായാന്‍ തീരുമാനിച്ചു. റമ്പാൻ കലിയെ കാണാനുള്ള പരിപാടി ഉപേക്ഷിച്ച് യാത്ര കാൽനടയായി ഈ വഴിക്കാക്കിയത് അങ്ങനെയാണ്. ‘തിരിച്ചുപോകുമ്പോൾ സൈക്ക്ൾ എടുക്കാമല്ലോ !’ നിന്ന നില്‍പ്പില്‍ മൂന്നോ നാലോ ഗ്ലാസ് വെള്ളം കുടിച്ചു കഴിഞ്ഞ് കിതപ്പൊന്നടങ്ങിയിട്ടേ അവന്‍ സംസാരിച്ച് തുടങ്ങിയുള്ളൂ . കണ്ട് പരിചയമില്ലാത്ത ആവേശത്തോടെ, ശ്വാസം വിടാന്‍ സമയമെടുക്കാതെ മുഹേർ കഥ പറഞ്ഞവസാനിപ്പിച്ചു. അവന് എന്‍റെ പ്രതികരണമറിയേണ്ടിയിരുന്നു. നേരില്‍ അറിയുന്നത് വരെ എനിക്കൊന്നും പറയാനില്ലായിരുന്നു . പലതവണ ആവര്‍ത്തിച്ച് കണ്ടപ്പോള്‍ പക്ഷേ വിശ്വസിക്കാതെ വയ്യെന്നായി. സംഗതി സത്യമായിരുന്നു. മുഹേറിന്‍റെ കൈയില്‍ നിന്ന് ഊരിയ നിലയിലും എന്‍റെ കൈത്തണ്ടയിലും വാച്ച് ലോകത്തിലെ മറ്റേതു വാച്ചിനേയും പോലെ പെരുമാറി. അവന്‍റെ കൈത്തണ്ടയില്‍ അത് മുന്നോട്ടും പിന്നോട്ടും നടന്നും ഇടയ്ക്ക് നിന്നും പുതിയ നിയമങ്ങള്‍ അനുസരിച്ചു ! ചെറിയ കിതപ്പോടെ ബദ്ധപ്പാടോടെ താഴ്ന്ന ശബ്ദത്തില്‍ അവൻ സ്വന്തം പദ്ധതി അവതരിപ്പിച്ചു. ” കാലത്തില്‍ തിരിഞ്ഞുനടക്കാനുള്ള കഴിവ് ഏതോ അജ്ഞാതവഴികളിലൂടെ എനിക്ക് കൈവന്നിട്ടുണ്ടെങ്കില്‍….., എങ്കിൽ മാത്രം…, പിന്നിലേയ്ക്ക് നടന്ന്…ഇക്കഴിഞ്ഞ എട്ടുമാസക്കാലം… തിരിച്ചേല്‍പ്പിക്കാന്‍…ഞാന്‍ വിചാരിക്കുന്നു …! “ നിര്‍ത്തിനിര്‍ത്തിയാണ് മുഹേര്‍ സംസാരിച്ചത് . ” തിരിച്ചേല്‍പ്പിച്ച്, പകരം എനിക്ക് മറ്റൊരു എട്ടുമാസമെടുക്കണം. പിന്നിലേയ്ക്ക് നടന്നുനടന്ന് – വിവാഹാലോചനയുമായി ജെമാലിയെ കാണാൻ തീരുമാനിച്ചതിനു മുമ്പുള്ള ദിവസങ്ങളില്‍ എത്തി – വാച്ച് അഴിച്ചു മാറ്റി – ആരോടും തെറ്റ് ചെയ്യാതെ – ആരെയും നോവിക്കാതെ – പുതിയ ഒരു വഴിയില്‍ യാത്ര തുടരുക . “ തിരിച്ചേല്‍പ്പിക്കുക – പകരമെടുക്കുക അവന്‍റെ വാക്കുകള്‍ എന്നെ അന്ധാളിപ്പിച്ചു ! നമ്മുടെ രീതികൾ പരിചയമില്ലാത്ത ഒരു അന്യഗ്രഹജീവിയെ പോലെ മുഹേർ നിന്നു. പിന്നെ, എന്തുപറയണമെന്നറിയാതെ ഇരുന്ന എന്നോട് ചോദിച്ചു : ” താനെന്താ ഒന്നും പറയാത്തത് ? “ “എനിക്ക് ഭയം തോന്നുന്നു മുഹേര്‍ ! ” ” എനിക്ക് ഭയം തോന്നുന്നില്ലല്ലോ ചങ്ങാതീ. എന്നോ പറ്റിപ്പോയ അബദ്ധത്തെ പറ്റി ചിലപ്പോഴൊക്കെ നമുക്ക് തോന്നാറില്ലേ, അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ എന്ന് ? തിരുത്താനാവാത്ത കഴിഞ്ഞ കാലത്തെ തിരുത്താന്‍ അത്യപൂര്‍വമായ അവസരം ഒരുപക്ഷേ എനിക്ക് കിട്ടിയിരിക്കുന്നു. സംഗതി സത്യമാണെങ്കില്‍ ഞാനത് ഉപയോഗിക്കാതിരുന്നുകൂട. ” ഞാന്‍ ആത്മഗതം പോലെ എന്നാല്‍ മുഹേറിന് കേള്‍ക്കാവുന്ന ശബ്ദത്തില്‍ പറഞ്ഞു : ” ഇത് അസാധാരണമാണ് . പ്രകൃതിവിരുദ്ധമാണ്. ഇങ്ങനെയൊന്ന് ജീവിതത്തിൽ മുൻപുണ്ടായിട്ടില്ല. എവിടെയെങ്കിലും നടന്നതായി എവിടേയും കേട്ടിട്ടില്ല – വായിച്ചിട്ടില്ല. അത്തരത്തിൽ ഒരനുഭവമുണ്ടാവുമ്പോൾ സന്തോഷിക്കുകയല്ല ഭയപ്പെടുകയാണ് വേണ്ടത്. അടുത്ത തിരിവിനപ്പുറം എന്തെന്നറിയാത്ത കളികളെ സംശയത്തോടെയേ കാണാവൂ.” ” നിന്‍റെ സുഹൃത്ത് കാലത്തിലൂടെ ഒരു തിരിച്ചു പോക്കിനൊരുങ്ങുന്നു. ആ മുഖഭാവം മാറ്റി ഈ പരീക്ഷണത്തില്‍ എന്നോടൊപ്പം ഉണ്ടെന്നു പറയുകയല്ലേ വേണ്ടത് ? നീയല്ലേ എനിക്ക് ധൈര്യം തരേണ്ടത്? ” ദീര്‍ഘവൃത്താകൃതിയിലുള്ള വലിയ മേശയ്ക്കു ചുറ്റുമായി മുഹേര്‍ നടന്ന് തുടങ്ങി – പിന്നിലേയ്ക്ക്. ഇടയ്ക്ക് ചിരിച്ചും സംസാരിച്ചും. അടുപ്പിച്ചടുപ്പിച്ച് അര മണിക്കൂര്‍ വീതമുള്ള രണ്ടു ക്ലയന്‍റ് മീറ്റിങ്ങുകള്‍ക്കായി ഞാന്‍ മുറിയില്‍ കയറി. ജോലി കഴിഞ്ഞ് വീണ്ടും ഹാളില്‍ എത്തിയപ്പോള്‍ നടത്തം നിര്‍ത്തി മുഖത്തൊരു ചെറുചിരിയുമായി മുഹേര്‍ ഡൈനിങ് ടേബ്ളിന് മുന്നില്‍ കസേരയില്‍ ഇരിക്കുകയായിരുന്നു. ഞാന്‍ മുന്നില്‍ എത്തുന്നതിന് മുന്‍പും ഉണ്ടായിരുന്നു എന്ന് തോന്നിപ്പിച്ച അസാധാരണമായ ഒരു ചിരി. മേശയ്ക്കപ്പുറവും ഇപ്പുറവും ഇരുന്ന് പ്രാതല്‍ കഴിക്കുമ്പോഴും മറയാന്‍ മടിച്ചു നിന്ന ഒരു ചിരി ! ” എന്‍റെ മുഖത്ത് എന്തെങ്കിലും പ്രത്യേകത കാണുന്നുണ്ടോ? ” ഉള്ളില്‍ അനുഭവപ്പെട്ട നടുക്കം പുറമേയ്ക്ക് കാണിക്കാതെ ഞാന്‍ ചോദിച്ചു : ”എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടോ? ” അവന്‍ തലയാട്ടി : ” അസ്വസ്ഥതയല്ല…മറ്റെന്തോ ! കാലും കൈയും മരവിപ്പില്‍ നിന്നു മാറിവരുമ്പോള്‍ തോന്നാറില്ലേ – അത് പോലെ സുഖമുള്ള ഒരു കിരുകിരുപ്പ് ശരീരത്തിനകം മുഴുവനും ! ” ഇടറിയ ആ ശബ്ദം, ലഹരിയിലെന്ന പോലുള്ള ആ മുഖഭാവം, ആ വാക്കുകൾ- ഒന്നും എനിക്ക് ശരിയായി തോന്നിയില്ല. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഒരു ശ്രമം കൂടി നടത്തി. ” മുഹേർ, നമുക്കിത് ഇവിടെ നിര്‍ത്താം . ഇനി പിന്നെയാവാം. ” അവൻ കൂട്ടാക്കിയില്ല . ” കാലവും എന്നോടൊപ്പമുണ്ടെങ്കില്‍ അതിനെന്തെങ്കിലും തെളിവ് കിട്ടട്ടെ. എന്നിട്ട് നിര്‍ത്താം. പിന്നെ എന്തുവേണമെന്ന് പിന്നീട് ആലോചിക്കാം.” ആ ചിരി മുഖത്ത് പതിച്ചുവെച്ചത് പോലെ ! എനിക്കെന്‍റെ ഭയം മറച്ചുവെക്കാനായില്ല… “പരിചയമില്ലാത്ത എന്തോ ഒന്ന് എന്നല്ലാതെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് നമുക്കറിയില്ല. ആർക്കാണ് കഴിഞ്ഞുപോയ ദിവസങ്ങൾ നീ തിരിച്ചേൽപ്പിക്കുക? ആരിൽ നിന്നാണ് പകരമെടുക്കുക? ഇനി നീ പറഞ്ഞതുപോലെ കാര്യങ്ങള്‍ നടക്കുന്നു എന്ന് തന്നെ ഇരിക്കട്ടെ. ആ പോക്ക് നീ കരുതുന്ന വഴികളിലൂടെ തന്നെ ആയിരിക്കുമെന്ന് – എട്ടുമാസത്തിനപ്പുറം നീ നിശ്ചയിക്കുന്ന ഇടത്ത് ഇഷ്ടമുള്ള രീതിയില്‍ ആ മടങ്ങിപ്പോക്ക് അവസാനിപ്പിക്കാന്‍ നിനക്കാകുമെന്ന് – കാലം മറ്റൊരു വഴി നിനക്ക് അനുവദിച്ചുതരുമെന്ന് – ഒക്കെ എങ്ങനെയാണ് നമ്മള്‍ ഉറപ്പിക്കുക ? ചിരിച്ചുകൊണ്ടിരുന്ന മുഹേര്‍ എന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുന്നതായി തോന്നിയില്ല. ആ കണ്ണും കാതും മറ്റേതോ ലോകത്തായിരുന്നു . അടുത്ത മീറ്റിങ്ങിന് മുന്‍പ് തീര്‍ക്കേണ്ട ഫോണ്‍ വിളികളുടെ ലിസ്റ്റുമായി ഞാന്‍ വീണ്ടും അകത്തേയ്ക്ക് നടന്നു. മുഹേര്‍ പിന്‍നടത്തം പുനരാരംഭിച്ചിരുന്നു. ഓഫീസില്‍ അവന് വൈകുന്നേരത്തെ ഷിഫ്റ്റാണ് – സമയമുണ്ട് , ഫോണ്‍ സംഭാഷണത്തിനിടെ പരിഭ്രമിച്ചു കൊണ്ടുള്ള അവന്‍റെ ശബ്ദം കേട്ടുവെന്ന് തോന്നി ഞാൻ ഹാളിലെത്തി. മേശയുടെ കാലില്‍ മുറുക്കി പിടിച്ച് അവന്‍ താഴെ ഇരിക്കുകയായിരുന്നു – ” കുറെ നേരം…പിന്നിലേയ്ക്ക്… നടന്നിട്ടാവണം…തല…തിരിയുന്നു…! ” മുൻപത്തേക്കാൾ നിർത്തിനിർത്തിയാണവൻ സംസാരിച്ചത്. ശബ്ദത്തിലെ പതർച്ച ശ്രദ്ധിക്കാതിരിക്കാനായില്ല . എന്‍റെ കൈത്താങ്ങോടെ നടന്ന് വന്ന് അകത്ത് കട്ടിലിലിരുന്ന് കഴിഞ്ഞിട്ടും കണ്ണുകള്‍ എവിടെയെങ്കിലും ഉറപ്പിക്കാനവനായില്ല . ” ഇപ്പോഴും എനിക്ക് വല്ലാതെ തല തിരിയുന്നുണ്ട്. ” എന്‍റെ സഹായത്തോടെ അവന്‍ കിടന്നു ആ മുഖം കടലാസ് പോലെ വിളറിയിരുന്നു. ” മുഹേര്‍ ഇന്നത്തേയ്ക്ക് ഇത് മതി ! ” ” മതി…മതി…ബാക്കി…അടുത്ത… ദിവസമേയുള്ളൂ “ അവന്‍ തല കുലുക്കി . അടുത്തൊരു കസേരയിട്ട് ഞാന്‍ ഇരുന്നു , അസാധാരണമായി ഒന്നും സംഭവിക്കുന്നില്ലെന്ന് എന്നെ ആശ്വസിപ്പിക്കാനാവണം ഉറക്കത്തിൽ സംസാരിക്കുന്നതുപോലെ അവനെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. വിറയലും വിക്കും മാറി അവന്‍ സാധാരണ നിലയില്‍ ആവാന്‍ താമസിക്കുന്നതെന്ത് എന്ന് അസ്വസ്ഥപ്പെടുന്നതിന്നിടെ എന്‍റെ നോട്ടം ആ വാച്ചില്‍ വീണു . അതിന്‍റെ മുഖത്ത് നിന്ന് മൂന്നു സൂചികളും അപ്രത്യക്ഷമായിരുന്നു ! ഒരു നിമിഷം വാച്ചില്‍ ശ്രദ്ധിച്ച് മുഹേര്‍ കൈ എന്‍റെ നേരെ നീട്ടി. അത് ഊരിയെടുക്കുമ്പോള്‍ ഭയപ്പാടോടെ ഞാനറിഞ്ഞു : മുഹേര്‍ നടത്തം നിര്‍ത്തിക്കഴിഞ്ഞും വാച്ച് അതിന്‍റെ അപ്രദക്ഷിണയാത്ര തുടരുകയായിരുന്നു. അതിന്‍റെ വേഗം സൂചികൾ കാണാനാവാത്ത വിധം കൂടുകയും ചെയ്തിരുന്നു .. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു യന്ത്രത്തിന്‍റെ ഭാഗങ്ങളില്‍ സ്പര്‍ശിച്ചാലെന്ന പോലെ ആ ശരീരത്തില്‍ തൊടുമ്പോള്‍ കമ്പനങ്ങള്‍ അനുഭവപ്പെട്ടു. തൊട്ടടുത്ത് ഇരിക്കുമ്പോള്‍ നിശബ്ദതയോടടുത്ത് നില്‍ക്കുന്ന ഒരു മുഴക്കം കേള്‍ക്കുന്നത് പോലെ. ഊരിയെടുത്ത് ഡൈനിംഗ് ടേബ്ളിന് മുകളില്‍ വെച്ചിട്ടും വാച്ച് വഴങ്ങിയില്ല . മുഹേറിന്‍റെ മുഖത്ത് നിര്‍വചിക്കാനാവാത്ത ഒരു മാറ്റം അസ്വസ്ഥതയോടെ ഞാന്‍ തിരിച്ചറിഞ്ഞു. ” മുഹേര്‍ ! ” ആശങ്ക മറച്ചുവെയ്ക്കാതെ ഞാന്‍ ചോദിച്ചു- ” നമ്മള്‍ എന്തു ചെയ്യും ? ” ” നമുക്ക് …നോക്കാം… ” അസ്പഷ്ടമായിരുന്നു ആ വാക്കുകള്‍ . ” എന്താണ് ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നു പറയാമോ ? എന്ത് സഹായമാണ് എനിക്ക് ചെയ്യാനാവുക ? ” ” അകത്ത് ശക്തമായ കൊളുത്തിവലിക്കലുകള്‍ നടക്കുന്നത് പോലെ – ശരീരം സങ്കോചിക്കുന്നത് പോലെ ” “വേദന ? “ ” ഇല്ല..ഒട്ടും ഇല്ല.’ നോക്കിയിരിക്കുകയല്ലാതെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വശം ചെരിഞ്ഞു കിടന്ന മുഹേറിന്‍റെ ഇടതു കൈപ്പത്തി കൈയില്‍ എടുത്ത് മുതുകത്ത് പതുക്കെ തട്ടിക്കൊണ്ടിരിക്കുക മാത്രം ചെയ്തു ഞാന്‍. ആ കൈപ്പത്തിക്ക് ഹിമത്തിന്‍റെ തണുപ്പായിരുന്നു ! എന്തു ചെയ്യണമെന്നറിയാതെ വാച്ചിലേയ്ക്ക് നോക്കിനിന്ന് ഞാന്‍ ആലോചിച്ചു : കാര്യങ്ങളുടെ കടിഞ്ഞാണ്‍ മുഹേറിന്‍റെ കൈയില്‍ നിന്ന് പോയിരിക്കുന്നു. ഇപ്പോള്‍ ഇതിനെ നിയന്ത്രിക്കുന്ന ശക്തി ഏതായിരിക്കും ? എവിടെയായിരിക്കും ? അതിനെ ചെറുക്കാനുള്ള വഴി എന്തായിരിക്കും? സ്ഥലകാലബോധം ഞങ്ങളെ കൈവിട്ട അടുത്ത ഇരുപത് മണിക്കൂറിൽ മൂന്ന് പതിറ്റാണ്ടുകളുടെ ജീവിതം പിന്നോട്ട് ജീവിച്ചുതീർത്ത് മുഹേർ കാംബി എന്ന ചെറുപ്പക്കാരൻ എന്‍റെ കണ്മുന്നിൽ ഈ കട്ടിലില്‍ ഇല്ലാതായി ! കുറുകിക്കുറുകി ഒരു ബിന്ദുവിലേയ്ക്ക് ചുരുങ്ങി ഒന്നുമില്ലായ്മയില്‍ എത്തിയ അവസാനം ഒരു പേക്കിനാവിലെന്ന പോലെ എനിക്കോര്‍ക്കാം . ആ പകലും രാത്രിയും എങ്ങനെയാണ് കടന്നുപോയതെന്ന് കൃത്യമായി രേഖപ്പെടുത്താന്‍ എനിക്കാവില്ല- ഓര്‍മ്മിക്കാനാവില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി. അത് ഒരേയൊരു പകലും രാത്രിയും മാത്രമായിരുന്നു എന്നത് ദിവസങ്ങള്‍ എടുത്താണ് ഞാനെന്നെത്തന്നെ ബോദ്ധ്യപ്പെടുത്തിയത്. ആ മുഖവും ശരീരവും കണ്ടിരിക്കെ മാറിക്കൊണ്ടിരുന്നു. കാലത്തിന്‍റെ പതിവളവുകൾ പ്രസക്തമല്ലാത്ത രണ്ട് വഴികളില്‍ ആയിരുന്നു ഞങ്ങള്‍. ഒന്നിൽ അരിച്ചരിച്ച് മുന്നോട്ട് ഞാനും മറ്റതിൽ ഒരു നിർബാധപതനത്തിലെന്ന പോലെ അനുനിമിഷം കൂടുന്ന വേഗവുമായി പിന്നോട്ട് അവനും – ആകാശത്തിന് കുറുകെ മേഘം നീങ്ങുമ്പോള്‍ ചിലപ്പോൾ കാഴ്ചപ്പുറത്തുള്ള ഭൂഭാഗത്തിന്‍റെ ഒരു ഭാഗം വെയിലും ബാക്കി തണലുമാവാറുള്ളതുപോലെ. അടുത്തടുത്തായിരുന്നെങ്കിലും ഒരു വലിയ അകലം ഞങ്ങള്‍ക്കിടയില്‍ നിലനിന്നു. മുഹേര്‍ കാലത്തിലൂടെയല്ല കാലം മുഹേറിലൂടെയായിരുന്നു പിന്നിലേയ്ക്ക് കുതിച്ചത്. നോക്കിയിരിക്കെ അതിന് പ്രകാശവേഗം കൈവന്നു. അപ്രദക്ഷിണമായി ചുറ്റുന്ന ചുഴിയുടെ വേഗം കുറഞ്ഞ പുറംചുറ്റുകളിൽ നിന്ന് വേഗം കൂടിയ അകംചുറ്റുകളിലേയ്ക്ക് എന്നതുപോലെയായിരിന്നു അവന്‍റെ മാറ്റം. മുറിയിലേയ്ക്ക് കടന്നുവന്ന ചെറുപ്പക്കാരനായിരുന്നില്ല അനുനിമിഷം പരിണമിച്ചുകൊണ്ടിരുന്ന കട്ടിലിലെ രൂപം. ശരീരത്തില്‍ നിന്ന് വര്‍ഷങ്ങള്‍ അഴിഞ്ഞഴിഞ്ഞ് ഒഴിയുകയായിരുന്നു. യൌവനത്തില്‍ നിന്ന് കൌമാരത്തിലേയ്ക്കും അതിലധികം വേഗത്തില്‍ ബാല്യത്തിലേയ്ക്കും പിൻവാങ്ങിക്കൊണ്ടിരുന്ന മുഹേറിന്‍റെ അനുഭവത്തെ പോലെ ഭയപ്പെടുത്തുന്നതായി മറ്റെന്തെങ്കിലുമുണ്ടായിരുന്നെങ്കിൽ അതതിന് ആദ്യന്തം ഏകസാക്ഷിയായിരിക്കേണ്ടിവന്ന എന്‍റെ അനുഭവമാവും . ഒഴിവാക്കാനാവാത്ത ഫോണ്‍ വിളികള്‍ക്കും നീട്ടിവെയ്ക്കാനാവാത്ത ഓഫീസ് കാര്യങ്ങള്‍ക്കും മാറിനിന്നതൊഴിച്ചാല്‍ മുഴുവന്‍ സമയവും ഞാന്‍ ശാരീരികമായി അവനടുത്തുണ്ടായിരുന്നു. മാനസികമായും എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റുന്നില്ല. വിഭ്രാമകമായ ആ ചുറ്റുപാടില്‍ ബോധാബോധങ്ങളുടെ അതിരുകൾ അങ്ങോട്ടുമിങ്ങോട്ടും ഞാൻ പല തവണ താണ്ടിയിട്ടുണ്ടാവാം. മുഹേര്‍ കാംബി എന്ന ചെറുപ്പക്കാരന്‍ ഈ ലോകത്ത് നിന്ന് പോയിട്ട് രണ്ടാഴ്ച യോളമാവുന്നു. ആ ദിവസത്തിന്‍റെ മായക്കാഴ്ചകളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും ചെറുതായെങ്കിലും പുറത്തു കടക്കാന്‍ മൂന്നോ നാലോ ദിവസങ്ങള്‍ വേണ്ടിവന്നു . ഓഫീസില്‍ തിരക്ക് കുറഞ്ഞ ദിവസങ്ങളായത് ഒരുതരത്തിൽ ആശ്വാസമായി. അന്ന് നടന്നതൊക്കെ ശരിക്കും നടന്നതാണോ അതോ എന്‍റെ തോന്നലായിരുന്നോ എന്ന് ഇടയ്ക്കൊക്കെ സംശയം തോന്നി. അത് ഒരു ഭ്രാന്തന്‍ സ്വപ്നം മാത്രമായിരുന്നു എന്ന് ഞാനും വിശ്വസിക്കുമായിരുന്നു സാഹചര്യത്തെളിവുകള്‍ ഇല്ലായിരുന്നെങ്കില്‍ – (ഞാൻ ആദ്യം സൂചിപ്പിച്ച കാരണങ്ങളിൽ മൂന്നാമത്തേത് ഇതാണ്. കാലം കടന്നുപോകുമ്പോൾ എനിക്ക് തന്നേയും വിശ്വസിക്കാനാവാതെ വന്നേയ്ക്കും അന്നത്തെ സംഭവങ്ങൾ. രേഖകളിലാക്കേണ്ട ഒന്നും നടന്നിട്ടില്ലെന്ന ബോദ്ധ്യത്തിൽ, മറ്റാർക്കും അറിയാത്ത ഒരു കഥയെ ഞാനും അവഗണിച്ചേയ്ക്കും. അത് സംഭവിച്ചുകൂട.) അന്ന് വൈകുന്നേരം ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ജെമാലി ഓഫീസില്‍ വന്നിരുന്നു. അവകാശികളില്ലാത്ത നിലയില്‍ മുഹേറിന്‍റെ സൈക്ക്ള്‍ അന്ന് പാര്‍ക്ക് ചെയ്തിരുന്നു എന്ന് പറഞ്ഞ സ്ഥലത്തു നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു. അവന്‍ ഈ ലോകത്തില്ല എന്നല്ലാതെ ജീവിച്ചിരിപ്പില്ല എന്നു പറയാന്‍ എനിക്കിഷ്ടമല്ല. കാലത്തിന്‍റെ നെഗറ്റിവ് അക്ഷത്തിലൂടെ ഈ നിമിഷവും അവന്‍ യാത്രചെയ്യുന്നുണ്ടാവണം . അവന്‍റെ പ്രായം ? – 10 ? -100 ? അറിയില്ല. മുഹേർ അപ്രത്യക്ഷമായ നിമിഷം വാച്ചിന്‍റെ ചലനം നിലച്ചു. കാലത്തിന്‍റെ ഋണമൂല്യങ്ങള്‍ അളക്കാന്‍ പ്രാപ്തമല്ലാത്തതിനാലാവാം. അലമാറയില്‍ ആരുടേയും കണ്ണില്‍ പെടാത്ത ഒരിടത്ത് ഞാനത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. എനിക്ക് പ്രതീക്ഷയുണ്ട്. പ്രകൃതി എല്ലാറ്റിലും തുലനം പാലിക്കുന്നു. മുഹേറിന്‍റെ യാത്ര എന്നോ എവിടെയോ അവസാനിച്ചേ പറ്റൂ . ഊഞ്ഞാലിലെന്ന പോലെ അവിടെ നിന്ന് അവന്‍ മടക്കയാത്ര തുടങ്ങും. പോയതുപോലെ അവിശ്വസനീയമായി ഒരു ദിവസം അവന്‍ ഈ മുറിയില്‍ തിരിച്ചെത്തും. ഒരു കാര്യം അപ്പോഴും എന്‍റെ സ്വസ്ഥത നശിപ്പിക്കുന്നു. തിരിച്ചുള്ള യാത്രയില്‍,വര്‍ത്തമാനത്തില്‍ നിര്‍ത്താനാവാതെ ഒരൂഞ്ഞാലില്‍ എന്ന പോലെത്തന്നെ ഈ മുറിയില്‍ എന്‍റെ കണ്‍മുന്നില്‍ മുഹേര്‍ കാംബി എന്ന ചെറുപ്പക്കാരന്‍ ഭാവിയിലേയ്ക്ക് പറന്നു പോയാലോ ?
Subscribe to:
Posts (Atom)