Friday, December 20, 2024

മരണം എന്ന കഥാപാത്രം

ഒന്ന് : മരിച്ചവരെ തിരിച്ചറിയുന്നതെങ്ങനെ ? രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, പത്ത് വര്‍ഷത്തോളം പ്രഫസര്‍ റൂബകാന്തത്തിന്‍റെ കുടുംബവും ഞങ്ങളും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള ഒരേ കോളനിയിലെ താമസക്കാരായിരുന്നു. ഒരു മിന്നല്‍ സന്ദര്‍ശനത്തിന് വരുന്നു എന്ന് പറഞ്ഞപ്പോള്‍ ഫോണിലൂടെ അടുത്തെവിടെയോ നിന്ന് ഭാര്യ പ്രിയയാണ് പ്രാതലിന് കണക്കാക്കി എത്താന്‍ നിര്‍ബന്ധിച്ചത്. തുടര്‍ന്ന് ഇത്രയും കൂടി പറഞ്ഞു: “മാഷേ, ഞാന്‍ മകളോടൊപ്പം രാവിലെ പുറത്തിറങ്ങും. ബ്രിഗേഡ് റോഡും കബന്‍ പാര്‍ക്കും കമേഴ്സ്യല്‍ സ്റ്റ്രീറ്റും ഒക്കെ കഴിഞ്ഞ് വൈകുന്നേരമാവും തിരിച്ചെത്താൻ. നേരത്തേ ഏറ്റ പരിപാടിയായതുകൊണ്ടാണ് പോകുന്നത്. പ്രാതലും ഉച്ചഭക്ഷണവും ഒരുക്കിവെച്ചിട്ടുണ്ട്. കഴിക്കാതെ പോകരുത്. ഈ പ്രിയയില്ലെങ്കിലും കൂട്ടിന് മാഷിന്‍റെ ‘പ്രിയ’കൂട്ടുകാരനുണ്ട്.” പരിചയപ്പെട്ട കാലത്ത് റൂബകാന്തത്തിന്‍റെ ദൈനംദിനജീവിതത്തിന് കൃത്യമായി ആവർത്തിക്കുന്ന മൂന്ന് ഘട്ടങ്ങളുണ്ടായിരുന്നു. ആദ്യത്തേതില്‍, ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ എന്നും രാവിലെ സുന്ദരിയായ ഭാര്യയോടൊപ്പം പ്രഫസര്‍ വീട്ടില്‍ നിന്നിറങ്ങും. പത്തോ പതിനഞ്ചോ തവണ ഒരേ വേഗത്തില്‍ ചുറുചുറുക്കോടെ നടത്തുന്ന കോളനി പ്രദക്ഷിണം കഴിഞ്ഞ് കുളിച്ച് കുറി തൊട്ടാണ് ജോലിക്കിറങ്ങുക. ഭാര്യയെ അടുത്ത ബസ് സ്റ്റോപ്പില്‍ നിന്ന് യാത്രയാക്കിക്കഴിഞ്ഞ് സ്വന്തം ഇരുചക്രവാഹനത്തില്‍ കോളേജിലേയ്ക്ക് യാത്ര തിരിക്കും. പ്രിയ റൂബയുടെ ശിഷ്യയായിരുന്നു. ഒച്ചപ്പാടുണ്ടാക്കിയ ഒരു പ്രേമവിവാഹമായിരുന്നു അവരുടേത്. രാവിലത്തെ നടത്തവും ചിട്ടപ്പെട്ട ദിനചര്യകളും മൂന്നോ നാലോ ആഴ്ച തുടരും. വേണ്ടെന്ന് മാറ്റിനിര്‍ത്തിയ മദ്യപാനം അത്താഴത്തിന് ശേഷം ഒരു തവണ മാത്രം എന്ന മട്ടില്‍ പുനരാരംഭിക്കുന്നിടത്ത് അടുത്ത ഘട്ടം തുടങ്ങും. ദിവസങ്ങള്‍ കഴിയവേ അതിന്‍റെ അളവും ആവൃത്തിയും കൂടും. രാവിലത്തെ കുളിയും നടത്തവും കുറഞ്ഞുകുറഞ്ഞുവരും. കോളേജില്‍ പോക്ക് കൂടെക്കൂടെ മുടങ്ങും. സ്ഥിതിഗതികള്‍ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുന്നതോടെ ജോലിക്ക് തീരെ പോകാതാവും. ഉണര്‍ന്നിരിക്കുന്ന നേരമത്രയും കുപ്പിയും ഗ്ലാസും വറുത്ത നിലക്കടലയും കപ്പലണ്ടിയുമായി ഇരിക്കലും കിടക്കലുമാവും. ഈ നിലയിലെത്താൻ മൂന്നോ നാലോ ആഴ്ചയെടുക്കും. പ്രിയയും സുഹൃത്തുക്കളും ചേര്‍ന്ന് മൂപ്പരെ പതിവ് ഡി അഡിക്ഷന്‍ സെന്‍ററില്‍ പ്രവേശിപ്പിക്കുന്നതോടെ അവസാന ഘട്ടം ആരംഭിക്കും. അത് രണ്ടോ മൂന്നോ മാസം നീളും. തിരിച്ചെത്തിക്കഴിഞ്ഞാൽ ആദ്യഘട്ടം ആഘോഷമായി വീണ്ടും തുടങ്ങും. ആ ദിവസങ്ങളില്‍ ഞങ്ങള്‍ രണ്ടുപേര്‍, ഞാനും റൂബയും, മാത്രമായി നടത്തിയിരുന്ന സുദീര്‍ഘകൂടിക്കാഴ്ചകളാണ് അക്കാലത്തിന്‍റെ വിലപ്പെട്ട നീക്കിയിരിപ്പ്. ഇന്നായിരുന്നെങ്കിൽ ഞാൻ അവ റെക്കോഡ് ചെയ്ത് സൂക്ഷിച്ചു വെയ്ക്കുമായിരുന്നു. സാഹിത്യവിഷയങ്ങളിൽ വിശേഷിച്ചും, മണിക്കൂറുകളോളം ഇരുന്ന് സംസാരിക്കാനുള്ള കോപ്പുണ്ടായിരുന്നു ഇംഗ്ലീഷ് ഭാഷാദ്ധ്യാപകനും വലിയ വായനക്കാരനുമായിരുന്ന റൂബകാന്തത്തിന്‍റെ പക്കല്‍. പത്തൊമ്പത് വയസ്സു മാത്രം പ്രായമുള്ളപ്പോള്‍ മേരി ഷെല്ലിക്ക് ഫ്രാങ്കന്‍സ്റ്റീന്‍ പോലെ ഒരു കഥ സങ്കല്‍പ്പിക്കാനും എഴുതാനും എങ്ങനെ കഴിഞ്ഞു എന്ന സാമുവല്‍ റോസന്‍ബര്‍ഗിന്‍റെ അന്വേഷണാത്മക ലേഖനത്തെ കുറിച്ചായിരുന്നു ഒരു ദിവസത്തെ ചര്‍ച്ച. ഒമ്പതോ പത്തോ വയസ്സില്‍ ബ്രെയ്ന്‍ റ്റ്യൂമറിനും മരണത്തിനുമെതിരെ സ്വന്തം മകന്‍ നടത്തിയ പോരാട്ടത്തിന്‍റെ കഥ പറയുന്ന, ജോണ്‍ ഗുന്തറിന്‍റെ Death, Be Not Proud എന്ന ചെറിയ പുസ്തകത്തെ കുറിച്ചായിരുന്നു ഇനിയൊരു ദിവസത്തേത്. മലയാളകഥാസാഹിത്യത്തിലെ രചനകള്‍ പരിചയപ്പെടുത്തുമ്പോള്‍ ശ്രദ്ധയോടെ ക്ഷമയോടെ കേട്ടിരിക്കും സഹൃദയനായ കോളേജ് അദ്ധ്യാപകൻ. താമസം നഗരത്തിന്‍റെ മറ്റൊരു ഭാഗത്തേയ്ക്ക് മാറ്റിക്കഴിഞ്ഞും ഇടയ്ക്ക് വിളിക്കാറുണ്ടായിരുന്നു - അപൂര്‍വം കാണാറുമുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ ഫോണ്‍ നമ്പര്‍ മാറി. ആ വിവരം കൈമാറിയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം, അടച്ചിരിപ്പുകാലത്തെ സാമൂഹ്യവിലക്കുകള്‍ ആ ബന്ധത്തെ മുഴുവനായും ഇല്ലാതാക്കി. ഇന്ന് രാവിലെ ഉണര്‍ന്നെഴുന്നേറ്റത് മുതല്‍ റൂബയാണ് മനസ്സില്‍. അര-മുക്കാല്‍ മണിക്കൂര്‍ നേരത്തെ കഠിനശ്രമത്തിനൊടുവില്‍ പൊതുസുഹൃത്തുക്കളില്‍ ഒരാളില്‍ നിന്ന് നമ്പര്‍ കിട്ടി. ഫോണ്‍വിളിയില്‍ അവസാനിപ്പിക്കാം എന്ന് കരുതിയെങ്കിലും സംസാരിച്ചുവന്നപ്പോള്‍ നേരില്‍ കാണണം എന്ന് തോന്നി. ആ സുഹൃദ്ബന്ധം അതിന്‍റെ മുഴുവൻ ഊഷ്മളതയോടെ പൊടുന്നനെ മനസ്സിലെത്തി. കാറിലോ ഓട്ടോറിക്ഷയിലോ ഗൂഗ്ളിന്‍റെ സഹായത്തോടെ വീട്ടുമുറ്റത്ത് ഇറങ്ങാമായിരുന്നു. പകരം അഞ്ഞൂറ് മീറ്ററകലെ, 27th മെയ്ന്‍ തുടക്കത്തില്‍ കാബ് നിര്‍ത്തി ഇറങ്ങി. ‘ഓര്‍മ്മകള്‍ …ഓര്‍മ്മകള്‍…ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ..’ മൂളി ഓര്‍മ്മവഴികളിലൂടെ നടന്നു. റോഡിനിരുവശവും വീടുകളായും കടകളായും കെട്ടിടങ്ങള്‍ നിറഞ്ഞിരിക്കുന്നു. പരിസരത്തെ മേല്‍പ്പാലങ്ങളും കൂടിയായപ്പോള്‍ എച്ച് എസ് ആർ ലേ ഔട്ട് തിരിച്ചറിയാനാവാത്ത വിധം മാറിയിരിക്കുന്നു. വീട്ടുവാതില്‍ക്കല്‍ മുറിയൻ പാന്‍റിട്ട്, മേൽക്കുപ്പായമില്ലാതെ, സ്നേഹം കിനിയുന്ന പല്ലന്‍ ചിരിയുമായി പ്രഫസർ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കുടവയറും നരച്ച മുടിയും മാറ്റിനിര്‍ത്തിയാല്‍ പഴയ റൂബ തന്നെ. ഡൈനിങ്‌ ടേബ്ളിൽ രണ്ടുപേർക്കുള്ള പ്രാതൽ വിളമ്പി അടച്ചുവെച്ചിരുന്നു. കട്ടിയിൽ പതുപതുപ്പോടെ തട്ടുദോശയെ ഓർമ്മിപ്പിക്കുന്ന അടദോശയും കടുക് വറുത്തിട്ട തക്കാളി ചട്ണിയും. മൊരുമൊരുക്കനെയുള്ള ഞങ്ങളുടെ അടദോശയുടെ തമിഴ് പരിഭാഷ ! “ നല്ല വിശപ്പുണ്ട്. നമുക്ക് ആദ്യം ഭക്ഷണം കഴിക്കാം. പ്രിയ തനിക്കായി ഓർമ്മിച്ചുണ്ടാക്കിയതാണ് തക്കാളി ചട്ണി! “ പ്രാതലിനിടെ റൂബകാന്തം തുടര്‍ന്നു : “ സിങ്‌ക്രോണിസിറ്റിയായാണോ ടെലിപ്പതിയായാണോ ഇരുപത് കൊല്ലങ്ങള്‍ക്ക് ശേഷമുള്ള ഈ കൂടിക്കാഴ്ചയെ കാണേണ്ടത് എന്നെനിക്കറിയില്ല. മാസങ്ങള്‍ക്ക് ശേഷം- അഥവാ വര്‍ഷങ്ങള്‍ക്ക് ശേഷം തികച്ചും അവിചാരിതമായി ഇന്നലെ തന്നെക്കുറിച്ച് സംസാരിച്ചിരുന്നു. മകളുടെ കുട്ടി പത്താം ക്ലാസിലാണ്. കണക്കാണ് അവളുടെ ഇഷ്ടവിഷയം. അതറിഞ്ഞപ്പോള്‍ കണക്കുമാഷായിരുന്ന പഴയ അയല്‍ക്കാരനെ കുറിച്ച് ഞാന്‍ പറഞ്ഞു. സംഖ്യകള്‍ കൊണ്ട് താന്‍ ചെയ്തിരുന്ന കണ്‍കെട്ടുകളെക്കുറിച്ചും ജാലവിദ്യകളെ കുറിച്ചും ! ഓര്‍മ്മയിലുണ്ടായിരുന്ന ഒരുദാഹരണം അവളെ പഠിപ്പിക്കാമെന്ന് തോന്നി. പാതി എത്തിയപ്പോഴാണ് വിഷയം ഇപ്പോഴും എനിക്കൊരു ബാലികേറാമലയാണെന്ന് തിരിച്ചറിഞ്ഞത്.” ജനിച്ചതും വളര്‍ന്നതും ബെങ്ഗളൂരുവിലാണെങ്കിലും ഒരു ശരാശരി മലയാളിയെക്കാള്‍ നന്നായി മലയാളം സംസാരിക്കും തമിഴ്നാട്ടില്‍ നിന്നെത്തി ഇവിടത്തുകാരനായ പ്രഫസര്‍. ആ 'ബാലികേറാമല' മൂപ്പര്‍ക്കൊരൂ ബാലികേറാമലയല്ലെന്നര്‍ത്ഥം. "ഏതായിരുന്നു ആ ഉദാഹരണം ?" "ചെറിയ ക്ലാസുകളില്‍ തന്‍റെ സഹപാഠിയായിരുന്ന ഒരു ഹനീഫയുടെ മരണത്തിന്‍റെ കഥ ചേര്‍ത്താണ് അന്നത് പറഞ്ഞുതന്നത് എന്ന് ഓര്‍മ്മയുണ്ട്. രാവിലെ റൂബയെ വിളിക്കാന്‍ തോന്നിപ്പിച്ച വിചിത്രമായ സാഹചര്യം ഓര്‍ത്താവാം മരണം എന്ന വാക്ക് ചെറിയ ഞെട്ടലുണ്ടാക്കി. “ ദാ ആ കഥ ഒരു തവണ കൂടി - ഹനീഫ ബാല്യകാലസുഹൃത്തും ആറും ഏഴും ക്ലാസുകളില്‍ സഹപാഠിയുമായിരുന്നു. ഏഴാം ക്ലാസില്‍ അവസാന പരീക്ഷയ്ക്ക് തൊട്ടുമുന്‍പ് അവന്‍ മരിച്ചു. താമസിച്ചിരുന്ന കോളനിയോട് ചേര്‍ന്ന് ഉയര്‍ന്നുവന്ന വലിയ സര്‍ക്കാര്‍ ആസ്പത്രിയില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യമരണങ്ങളില്‍ ഒന്നായിരുന്നു അത്. ഒരു സാധാരണ ജലദോഷപ്പനിയായിത്തുടങ്ങിയ അസുഖം പൊടുന്നനെ മറ്റെന്തോ ആയി വളരുകയാണുണ്ടായത്. ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് പത്താം ദിവസം അവന്‍ മരണത്തിന് കീഴടങ്ങി. ജീവിതയാത്രയില്‍ അങ്ങനെ വഴിക്കൊരു സ്റ്റേഷനില്‍ ഹനീഫ ‘വണ്ടി’യില്‍ നിന്നിറങ്ങി. ഞാന്‍ യാത്ര തുടര്‍ന്നു. മരിക്കുമ്പോള്‍ അവന് പന്ത്രണ്ട് വയസ്സായിരുന്നു - എനിക്കും. ഹനീഫയ്ക്ക് ഇന്നും പന്ത്രണ്ട് ! എനിക്ക് എഴുപത്താറും. സമപ്രായക്കാരായിരുന്ന ഞങ്ങള്‍ തമ്മില്‍ ഇന്ന് അറുപത്തിനാല് വയസ്സിന്‍റെ വ്യത്യാസം ! ഇനി ഇതിന്‍റെ എതിര്‍വശം - എഴുപത്തെട്ടാം വയസ്സിലാണ് എന്‍റെ മുത്തച്ഛൻ മരിക്കുന്നത്. അന്നെനിക്ക് പത്ത് വയസ്സായിരുന്നു. അറുപത്തെട്ട് വയസ്സിന്‍റെ ഇളപ്പം. വഴിയില്‍ വണ്ടിയിറങ്ങി നിന്ന മുത്തച്ഛന് ഇന്നും അതേ പ്രായം.യാത്ര തുടര്‍ന്ന എനിക്ക് എഴുപത്താറും. ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഇപ്പോൾ രണ്ടേരണ്ട് വയസ്സിന്‍റേത് !” “ഇനി മറക്കില്ല.” കള്ളക്കണക്കിന്‍റെ സ്വാരസ്യം ആസ്വദിച്ച് പ്രഫസര്‍ ചിരിച്ചു. ഡയറിയെടുത്ത് ചുരുക്കെഴുത്തില്‍ സംഗതി രേഖകളിലാക്കി. “ഇനി ഓര്‍ക്കാപ്പുറത്തുള്ള ഈ സന്ദര്‍ശനത്തിന്‍റെ പിന്നിലുള്ള കഥ അഥവാ കണക്ക് കേള്‍ക്കട്ടെ.” “ ഇന്ന് രാവിലെ എഴുന്നേൽക്കുന്നതിന് തൊട്ടുമുൻപ് തന്നെ സ്വപ്നം കണ്ടു.” “ഓ !” റൂബ അത്ഭുതം പ്രകടിപ്പിച്ചു. “അത് മനസ്സിൽ നിന്ന് പോകാതെ നിന്നപ്പോൾ കൂട്ടുകാരുടെ ഫോൺ നമ്പറുകൾ തേടിപ്പിടിച്ച് വിളിച്ച് തന്‍റെ നമ്പർ സമ്പാദിച്ചു. വിളിച്ച് സംസാരിച്ചുതുടങ്ങിയപ്പോൾ നേരിൽ കാണണമെന്ന് തോന്നി.” “ നല്ല കാര്യം - എന്തായിരുന്നു സ്വപ്നം?” “ പ്രിയയെ ഓർത്തപ്പോൾ, അത് ഫോണിലൂടെ പറഞ്ഞാൽ ശരിയാവില്ലെന്ന് തോന്നി…. അതിന്‍റെ ഫലമാണ് ഈ വരവ്. സ്വപ്നം,.... ഇത് പോലൊരു സ്വീകരണമുറിയില്‍… നിലത്ത്… താൻ…മരിച്ചുകിടക്കുന്നതായി…” വാക്യം മുഴുവനാക്കാൻ സമ്മതിക്കാതെ പ്രഫസര്‍ തല പിന്നോട്ടെറിഞ്ഞ്, ഇടിവെട്ടുന്ന ശബ്ദത്തില്‍ അസംസ്കൃതമായ ആ ചിരി ചിരിച്ചു - വാ ഗുഹ പോലെ തുറന്ന്, തുപ്പല്‍ തെറിപ്പിച്ച്, വലിയ മഞ്ഞപ്പല്ലുകള്‍ മുഴുവന്‍ കാണിച്ച്- “വിശദമായി പറ..!’ “ നിലത്ത് വെള്ളയില്‍ പൊതിഞ്ഞ് താന്‍ കിടക്കുന്നു. മൂക്കില്‍ പഞ്ഞി വെച്ചിട്ടുണ്ട്. താടിക്ക് കീഴെക്കൂടി ചുറ്റി ഒരു വെളുത്ത തുണിക്കഷണം നെറുകയില്‍ കെട്ടിവെച്ചിരിക്കുന്നു. സംസാരിക്കാത്തപ്പോഴും അടഞ്ഞുകണ്ടിട്ടില്ലാത്ത തന്‍റെ ചുണ്ടുകള്‍ അങ്ങനെ പൂര്‍ണമായും അടഞ്ഞുകിടക്കുന്നു. കാലിന്‍റെ പെരുവിരലുകള്‍ ചേര്‍ത്തുകെട്ടിയിരിക്കുന്നു. ചുറ്റും അരിയും പൂവിതളുകളും ചിതറിക്കിടപ്പുണ്ട്. എവിടെനിന്നൊക്കെയോ സ്ത്രീശബ്ദത്തില്‍ തേങ്ങിക്കരച്ചിലുകള്‍ ഉയരുന്നുണ്ട്. ചന്ദനത്തിരിയുടെ പുകയും മണവും കാറ്റില്ലാത്ത അന്തരീക്ഷത്തില്‍ തളംകെട്ടിനില്‍ക്കുന്നു. അവിശ്വാസിയുടെ ചുമരിൽ മുരുകന്‍റെ ചിത്രമുള്ള കലന്‍റർ കണ്ടതുകൂടി എനിക്കോര്‍ക്കാം. ആൾക്കാർ വന്നും പോയുമിരുന്നു. “ “ താനെന്‍റെ ശവദാഹം കഴിയുന്നതുവരെ നിന്നോ എന്നാണറിയേണ്ടത്.” റൂബ വീണ്ടും ചിരിച്ചു. “ജോയ് ജോസഫാണ് വിവരമറിയിച്ച് എന്നെ കൂട്ടിക്കൊണ്ടുവന്നത്. അവന്‍ കുറച്ചുനേരം മൃതദേഹത്തിന്‍റെ മുഖത്ത് നോക്കിനിന്നു. പിന്നെ, തളർന്ന്, തലയ്ക്കൽ നിന്നല്പം മാറി, താഴെ ഇരുന്ന് പൊട്ടിക്കരഞ്ഞു. ഏങ്ങലടിച്ചുള്ള ആ ശബ്ദം പെണ്‍കരച്ചിലുകള്‍ക്കിടയില്‍ വേറിട്ടുനിന്നു. ആശ്വസിപ്പിക്കുന്ന മട്ടില്‍ അവന്‍റെ തലയില്‍ കൈവെച്ച് നില്‍ക്കുകയേ ചെയ്തുള്ളൂ ഞാന്‍ ” “ആരാ ഈ ജോയ് ജോസഫ് ? “ “തനിക്കറിയില്ല !” തട്ടുപൊളിപ്പന്‍ പൊട്ടിച്ചിരി വീണ്ടും. “അതാണ് ആലോചിച്ചപ്പോള്‍ എന്നെ അദ്ഭുതപ്പെടുത്തിയത്.” ഞാന്‍ തുടര്‍ന്നു: “പാലക്കാട്ട് കോളേജില്‍ എന്‍റെ സഹപാഠിയായിരുന്നു . തന്‍റെ ശവശരീരത്തിനടുത്ത് വന്നിരുന്ന് കരയാന്‍ അയാള്‍ക്ക് ഒരു കാര്യവുമുണ്ടായിരുന്നില്ല. അത് പോട്ടെ. ശ്വാസകോശസംബന്ധമായ ഒരപൂര്‍വരോഗം ബാധിച്ച് , മരിച്ചുപോയയാളാണ് ജോയ് - വര്‍ഷങ്ങള്‍ക്ക് മുന്‍പേ ! എന്നോ മരിച്ച ജോയ് ജോസഫ്, മരിക്കാത്ത തന്നെ മൃതദേഹമാക്കി, അതിന്‍റെ തലയ്ക്കല്‍ ഇരുന്ന് ഏങ്ങലടിച്ച് കരയുകയായിരുന്നു !” രണ്ട് : ആള്‍മാറാട്ടം രേഖകളില്‍ പുതിയ വിലാസം ചേര്‍ക്കാനുള്ള അപേക്ഷ കൊടുത്ത് ഞാന്‍ പുറത്തേയ്ക്ക് വന്നു. ഓഫീസര്‍ ഒപ്പിട്ട് രശീതി കൈയില്‍ കിട്ടാന്‍ അര-മുക്കാല്‍ മണിക്കൂറാകും. അടുത്ത മാസത്തെ വൈദ്യുതി ബില്ലില്‍ പുതിയ വിലാസമായിരിക്കും എന്നുറപ്പ് തന്നു സെക്ഷന്‍ ഗുമസ്ത. ഒരു കോഫി കുടിക്കാമെന്ന് കരുതി അടുത്ത ഇടവഴിയിലേയ്ക്ക് നടന്നു. റെസ്റ്റോറന്‍റില്‍ തിരക്ക് തീരെ കുറവായിരുന്നു. പാതയില്‍ നിന്ന് മാറി സ്ഥിതിചെയ്യുന്നതു കൊണ്ട് സ്വൈരമായിരുന്ന് പ്രണയിക്കാന്‍ പറ്റിയ സ്ഥലമാണ് ഇവിടം. ഉച്ചയാവുന്നതോടെ അകവും പുറവും, പ്രേമബദ്ധരായ ഇണകളെക്കൊണ്ട് നിറയും. മൂലയില്‍ രണ്ട് പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ഇരിപ്പിടം കണ്ടെത്തി ഒരു കോഫിയും വടയും പറഞ്ഞു. “വടയോടൊപ്പം ചട്ണി മതി - സാമ്പാര്‍ വേണ്ട !” കര്‍ണാടകക്കാരുടെ മധുരിക്കുന്ന സാമ്പാര്‍, കീഴടക്കാന്‍ ഇതുവരെ കഴിയാതെ പോയ അപൂര്‍വം രുചിക്കൊടുമുടികളില്‍ ഒന്നാണ്. മധുരം ചേര്‍ക്കാത്ത, കടുപ്പം കൂടിയ ഫില്‍റ്റര്‍ കോഫിയുമായി, ഫോണില്‍ വായിച്ചും എഴുതിയും ഞാനിരുന്നു. അടുത്ത ടേബ്ളില്‍ ശബ്ദായമാനമായ ഒരു തെലുങ്ക് കുടുംബമാണ്. കരഞ്ഞും വാശിപിടിച്ചും മൂന്ന് കുട്ടികളുമുണ്ട് സംഘത്തില്‍. അവരിലൊരാളുടെ കൈ തട്ടി താഴെ വീണുടഞ്ഞ പ്ലേറ്റിന്‍റെ കഷണങ്ങള്‍ അടിച്ചുകൂട്ടിയെടുക്കുകയാണ് ഒരു ജീവനക്കാരന്‍. അടുത്ത സീറ്റില്‍ ഒറ്റക്കിരുന്ന് ചായ കുടിക്കുകയായിരുന്ന മനുഷ്യന്‍റെ കാലുറയിലേയ്ക്ക് പ്ലേറ്റില്‍ നിന്ന് എന്തൊക്കെയോ തെറിച്ചിട്ടുണ്ട്. ഒരു വാക്ക് മിണ്ടാന്‍ നില്‍ക്കാതെ ഗ്ലാസിലെ വെള്ളത്തില്‍ ടിഷ്യൂ മുക്കി കാലുറ തുടച്ചുകൊണ്ടിരുന്ന അയാളോട് ക്ഷമ ചോദിക്കണമെന്നോ വസ്ത്രം തുടച്ച് വൃത്തിയാക്കൂന്നതില്‍ അയാളെ സഹായിക്കണമെന്നോ ഒന്നും ആര്‍ക്കും തോന്നുന്നില്ല. പൊതുസ്ഥലങ്ങളില്‍ മാന്യമായി പെരുമാറാന്‍ നമ്മള്‍ എന്നാണ് പഠിക്കുക ? ഉടഞ്ഞ പ്ലേറ്റിന്‍റെ വിലയും ബില്ലില്‍ ചേര്‍ക്കണമെന്ന് നിര്‍ബന്ധിച്ചത് കാര്‍ഡുമായി കൌണ്ടറില്‍ എത്തിയ കുടുംബാംഗം തന്നെയാണ്. പണം കൊടുത്ത് അവര്‍ പുറത്തേക്കിറങ്ങിയതോടെ അന്തരീക്ഷത്തിലെ പിരിമുറുക്കം അയഞ്ഞു. അപരിചിതരായ അന്തേവാസികള്‍ പരസ്പരം കൈമാറിയ ചെറുചിരികളില്‍ അത് തെളിഞ്ഞുകണ്ടു. ദൂരെ എതിര്‍മൂലയില്‍ ശരീരപ്രകൃതിയിലും വേഷത്തിലും ടോള്‍സ്റ്റോയിയെ അനുസ്മരിപ്പിച്ച ഒരു വൃദ്ധന്‍ ഒറ്റക്കിരുന്ന് പ്രാതല്‍ കഴിക്കുന്നുണ്ടായിരുന്നു നോട്ടം മുഖത്ത് വീണപ്പോള്‍ അയാള്‍ എന്തോ ചോദിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് തോന്നി. സംശയനിവൃത്തിക്കായി വീണ്ടും നോക്കി. മുഖത്തെ ചോദ്യഭാവത്തില്‍ ഒരു ചെറുചിരി തിരനോട്ടം നടത്തി. സംശയിച്ച് സംശയിച്ച് അയാള്‍ കൈയുയര്‍ത്തി. നീട്ടിവളര്‍ത്തിയ നരച്ച താടിയുടേയും തലമുടിയുടേയും പശ്ചാത്തലത്തില്‍, ‘പുളിച്ച’ ആ ചിരി മാത്രം ഓര്‍മ്മയില്‍ എവിടെയോ തെളിഞ്ഞും മറഞ്ഞും പിടി തരാതെ നിന്നു. ആ ചിരി എനിക്ക് പരിചയമുണ്ട്. ഞാന്‍ കൌണ്ടറിലേയ്ക്ക് നീങ്ങി. കാത്തുനില്‍ക്കാന്‍ കൈ കാണിച്ച് അയാള്‍ വാഷ് റൂമിന് നേരെ ചൂണ്ടി. പൈസ കൊടുത്ത് തിരിഞ്ഞപ്പോള്‍ അവിടെ നിന്ന് പുറത്തിറങ്ങി അയാള്‍ കൌണ്ടറിലേയ്ക്ക് നടക്കുകയായിരുന്നു. ഒരു കാല്‍ വലിച്ചുവലിച്ചുള്ള ആ നടപ്പ് കണ്ട നിമിഷം മനസ്സിലൂടെ ഒരു മിന്നല്‍ കടന്നുപോയി. അടുത്തുവന്ന് അയാള്‍ കൈ നീട്ടി. മുറം പോലെ പരന്ന ആ വലിയ കൈവെള്ളയില്‍ എന്‍റെ തണുത്ത് ദുര്‍ബലമായ കൈ വിറയ്ക്കുന്നതായും വിയര്‍ക്കുന്നതായും ഞാനറിഞ്ഞു. “സാറിന് മനസ്സിലായോ?” “ ഈ താടിയും മുടിയും ....?” എവിടെയും തൊടാതെ ഞാന്‍ തുടങ്ങി. “കോവിഡ് കാലത്ത് ബാര്‍ബര്‍ ഷോപ്പില്‍ പോകുന്നത് നിര്‍ത്തി. ഇതാണ് സൌകര്യമെന്ന് മനസ്സിലായപ്പോള്‍ അതങ്ങനെ തുടരാമെന്ന് നിശ്ചയിച്ചു. നിങ്ങളുടെ കോളനിയില്‍ എട്ടാമത്തെ ക്രോസില്‍ ആയിരുന്നു ഞാന്‍ താമസിച്ചിരുന്നത്. “ “ എവിടെയോ കണ്ടുപരിചയമുള്ള മുഖമാണല്ലോ എന്ന് കുറച്ചുനേരമായി ആലോചിക്കുകയായിരുന്നു. “ ഞാന്‍ നുണ പറഞ്ഞു “എന്താണ് ഇവിടെ ?” അയാള്‍ പറഞ്ഞ ഉത്തരമോ തുടര്‍ന്ന് ഞങ്ങള്‍ക്കിടയില്‍ നടന്ന സംഭാഷണത്തിന്‍റെ വിശദാംശങ്ങളോ പിന്നീട് അവ്യക്തമായേ എനിക്ക് ഓര്‍ത്തെടുക്കാനായുള്ളൂ. യാത്ര പറഞ്ഞ്, ഇലക്ട്രിസിറ്റി ഓഫീസില്‍ ബാക്കിയായിരുന്ന ജോലി തീര്‍ത്ത്, ഞാന്‍ ജയശങ്കറിനെ വിളിച്ചു. “തിരക്കിലാണോ? നേരില്‍ കാണാന്‍ സമയമുണ്ടോ? അഞ്ചുമിനുട്ടില്‍ ഞാനവിടെയെത്താം.” രണ്ടാം നിലയിലുള്ള ഓഫീസിന്‍റെ പടികളിറങ്ങി ജയശങ്കര്‍ താഴെ നില്‍ക്കുന്നുണ്ടായിരുന്നു. അടുത്ത കാള്‍ അര മണിക്കൂര്‍ കഴിഞ്ഞേയുള്ളൂ എന്നു പറഞ്ഞു. ഞങ്ങള്‍ പുറത്തേയ്ക്ക് നടന്നു. മുഖവുരയില്ലാതെ ഞാന്‍ വിഷയത്തിലേയ്ക്ക് കടന്നു. “ കോവിഡിന്‍റെ ആദ്യവരവില്‍ നമ്മുടെ കോളനിയിലെ രാഘവേന്ദ്ര മരിച്ച വിവരം ഫോണില്‍ എന്നെ അറിയിച്ചത് ഓര്‍മ്മയുണ്ടോ ?” “ ഓര്‍മ്മയുണ്ടല്ലോ- അടച്ചിരിപ്പിന്‍റെ കെണിയില്‍ പെട്ട് മാഷ് നാട്ടിലായിരുന്നു.” "അന്ന് രാഘവേന്ദ്ര ആരാണെന്ന് അറിയാതെ പരുങ്ങിയ എന്നോട് 'ഓട്ടോറിക്ഷ സ്റ്റാന്‍ഡിന് മുന്നില്‍ വെച്ച് ഒരിക്കല്‍ ഞാന്‍ തന്നെയാണ് മാഷക്ക് പരിചയപ്പെടുത്തിത്തന്നത്' എന്ന് പറഞ്ഞ് സഹായിച്ചത് ഓര്‍മ്മയുണ്ടോ?" "മറന്നിരുന്നു. ഇപ്പോള്‍ ഓര്‍മ്മ വന്നു. " “ കോളനിയില്‍ നിന്ന് എയര്‍പോര്‍ട്ടിലേയ്ക്കുള്ള വഴിയില്‍ നാലാമത്തെയോ അഞ്ചാമത്തെയോ ഇടത്തോട്ടുള്ള തിരിവില്‍ ഒരു ഉഡുപ്പി റെസ്റ്റോറന്റ് ഉണ്ട്. കണ്ടിട്ടുണ്ടോ ? “ ജയശങ്കർ മൂളി. “ ഇന്ന് അവിടെ വെച്ച് ഞാനയാളെ കണ്ടു. “ ജയശങ്കറിന്‍റെ മുഖത്ത് ഒരു ചെറുപുഞ്ചിരി മിന്നിമറഞ്ഞു. “തമാശ പറയാനാണോ എന്നെ ഓഫീസില്‍ നിന്ന് വിളിച്ചിറക്കിയത് ?” “ തമാശയല്ല ! എന്‍റെ ഉള്ളിലെ വിറ ഇപ്പോഴും മാറിയിട്ടില്ല.” റെസ്റ്റോറന്‍റിലെ കൂടിക്കാഴ്ചയെ കുറിച്ച് കേട്ടുകഴിഞ്ഞ് ജയശങ്കര്‍ ചോദിച്ചു : “താന്‍ രാഘവേന്ദ്രയാണെന്ന് അയാള്‍ പറഞ്ഞോ ? അതോ മാഷ് അനുമാനിച്ചോ? മാഷ് കണ്ടത് ജയദേവപ്പയെയാണ്. അവര്‍ രണ്ടുപേരും എട്ടാം ക്രോസിലായിരുന്നു. മാഷ് കോളനി വിട്ടതിന് പിന്നാലെ അയാളും വാടകവീട് ഒഴിഞ്ഞു.” “മുടന്തുള്ളയാൾ ആയിരുന്നില്ലേ രാഘവേന്ദ്ര ?” “അതാണ് മാഷെ കുഴപ്പത്തിലാക്കിയത് എന്ന് മനസ്സിലായി. മാഷ് മാത്രമല്ല മറ്റ് പലരുമുണ്ട് സംശയാലുക്കളുടെ സംഘത്തില്‍. ജയദേവപ്പയ്ക്കും ആ പറഞ്ഞ ‘ദുര്‍ന്നടപ്പു’ണ്ട്. ഒരാള്‍ക്ക് ജന്‍മനാല്‍ ഒരു കാലിന് നീളക്കുറവുണ്ട്. മറ്റേയാള്‍ക്ക് പക്ഷാഘാതം ഒരു കാലിന് സമ്മാനിച്ച വലിവും. രണ്ടുപേരും ഒരേ വീട്ടിന്‍റെ താഴത്തെയും മുകളിലെയും നിലകളില്‍ ഒറ്റയ്ക്കൊറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുകയായിരുന്നു. എല്ലാവരുമായും പരിചയപ്പെടാന്‍ വേണ്ടത്ര കാലം അവര്‍ കോളനിയില്‍ ഉണ്ടായിരുന്നില്ല. രാഘവേന്ദ്ര മരിച്ച് ആഴ്ചകള്‍ക്കുള്ളില്‍ ജയദേവപ്പയും വീടൊഴിഞ്ഞു. ‘പകലും രാത്രിയും ഭേദമില്ലാതെ രാഘവേന്ദ്ര വീട്ടില്‍ കയറിവരുന്നു.വാതില്‍ അടച്ചുകുറ്റിയിട്ടാലും ഇഷ്ടന് വരാനും പോകാനും തടസ്സമാവുന്നില്ല. സ്വൈരമായി ഉണ്ണാനോ ഉറങ്ങാനോ കഴിയുന്നില്ല’ എന്നതായിരുന്നു വീടൊഴിയാന്‍ കാരണമായി പറഞ്ഞത് എന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ രാഘവേന്ദ്ര മാഷേയും വന്നുകണ്ടു. നന്നായി!” വീട്ടിലേയ്ക്കുള്ള മടക്കയാത്രയിലും വീട്ടിലെത്തിക്കഴിഞ്ഞും എനിക്ക് സ്വസ്ഥത തിരിച്ചുകിട്ടിയില്ല - റെസ്റ്റോറന്‍റില്‍ ഞാന്‍ കണ്ടത് ജയദേവപ്പയേയോ അതോ തന്നെ വന്നു കാണാറുണ്ടായിരുന്നു എന്ന് ജയദേവപ്പ പറഞ്ഞ രാഘവേന്ദ്രയേയോ ? ജയദേവപ്പ എന്ന പുതുമുഖത്തെ പറ്റി ജയശങ്കര്‍ പറഞ്ഞത് പൂര്‍ണമായും വിശ്വസിച്ചാലും പ്രശ്നം തീരുന്നില്ല. മൂന്ന് വര്‍ഷം മുന്‍പ് മനസ്സില്‍, മരിച്ച് മണ്ണടിഞ്ഞ മനുഷ്യന്‍ ആള്‍മാറാട്ടം നടത്തി, ഇന്നെന്‍റെ മുന്നില്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അയാള്‍ക്ക് പകരം അന്ന് മരിച്ച ആളുടെ പരിചയപ്പെടുത്തല്‍ രേഖകളൊന്നും ഇനി ഒരിക്കലും എനിക്ക് കിട്ടില്ല. രാഘവേന്ദ്രയായി ഞാന്‍ സങ്കല്‍പ്പത്തില്‍ മറവ് ചെയ്തത് ജയദേവപ്പയെയാവാം. തെറ്റ് തിരുത്തി അമുഖനായ രാഘവേന്ദ്രയെ അടക്കം ചെയ്യേണ്ട ദൌത്യത്തിനാണ് ഇനി ഞാന്‍ തയ്യാറാവേണ്ടത്! മൂന്ന് : ഷ്രോഡിംഗറുടെ വഴിയില്‍ പണ്ട്, പുതിയ സ്കൂളില്‍ ആറാം ക്ലാസില്‍ കിട്ടിയ ആദ്യചങ്ങാതിയായിരുന്നു ശിവശങ്കരന്‍. അതല്ലാതെ അഞ്ചോ ആറോ പേരേ ഓര്‍മ്മയിലുള്ളു. ഇപ്പോള്‍ എവിടെ, എന്തുചെയ്യുന്നു എന്നൊന്നും ആരെക്കുറിച്ചും അറിഞ്ഞുകൂട. പൊതുവേ നാട്ടുകാരിലാരുടെയെങ്കിലും ജീവിതത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ അതറിയാറുള്ളത് ഇന്നും ശിവനിലൂടെയാണ്. ആ സമയത്ത് നാട്ടില്‍ ഉണ്ടാവുമെന്നറിയാമായിരുന്നതു കൊണ്ട് പിറന്നാളിന് വീട്ടില്‍ എത്താമെന്ന് എറ്റിരുന്നു. ശിവന്‍റെ എഴുപതാം പിറന്നാളും ഞങ്ങളുടെ സൌഹൃദത്തിന്‍റെ അറുപതാം വര്‍ഷവും ഒരുമിച്ച് ആഘോഷിക്കാനായിരുന്നു പരിപാടി. ചീരക്കൂട്ടാനും തക്കാളിരസവും പയറുപ്പേരിയും പപ്പടവുമായി ലഘുവായ നാടന്‍ ഭക്ഷണം ഒരുക്കിയിരുന്നു അംബിക. ആദ്യകാലത്ത് എഴുത്തുകളിലൂടെയും പിന്നീട് ഫോണ്‍ വിളികളിലൂടെയും ഒടുവില്‍ സോഷ്യല്‍ മാദ്ധ്യമങ്ങളിലൂടെയും ഞങ്ങളുടെ കൂട്ടുകെട്ട് ഇന്നും ആരോഗ്യത്തോടെ തുടരുന്നു. കണ്ടുമുട്ടുമ്പോള്‍ സംഭാഷണം ഇപ്പോഴും ഞങ്ങള്‍ ഒരുമിച്ചു വളര്‍ന്ന കാലത്തെ കുറിച്ചാവും. വഴി പിരിഞ്ഞതിന് ശേഷം രണ്ടുപേരുടേയും ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചു എന്ന് പറയാനോ കേൾക്കാനോ കാര്യമായ താത്പര്യം രണ്ടുകൂട്ടര്‍ക്കും ഉണ്ടാവാറില്ല. ഇത്തരത്തിലുള്ള മാനസികാവസ്ഥ മനുഷ്യന്‍റെ പൊതുസ്വഭാവമാണെന്ന് ഒരു മിലന്‍ കുന്ദേരക്കഥയില്‍ വായിച്ചതായി ഓര്‍മ്മയുണ്ട്. അന്നത്തെ സഹപാഠികള്‍ ദേവിദാസന്‍, വേലായുധന്‍, ഗോപിനാഥന്‍, ബാലചന്ദ്രന്‍, വത്സല, മേരി ജോര്‍ജ്, ശകുന്തള, സരള തുടങ്ങിയവരുടെ പേരുകള്‍ സംസാരത്തിനിടയില്‍ പലപ്പോഴും കയറിവരും. ഒരേ സ്കൂളിലും കോളേജിലും പലപ്പോഴും ഒരേ ക്ലാസ് മുറിയിലും പഠിച്ച് പുറത്തുവന്ന് പല വഴിക്ക് പിരിഞ്ഞ് ആറ് പതിറ്റാണ്ടുകള്‍ പിന്നിട്ടു. ചിലരെ മാത്രം ഇടയ്ക്ക് ഒന്നോ രണ്ടോ തവണ കണ്ടു. സംസാരിച്ചു. എല്ലാവരും എന്തൊക്കെയോ ജോലി ചെയ്ത്, വിരമിച്ച്, ഭൂമിയിൽ എവിടെയൊക്കെയോ മക്കളും പേരമക്കളുമായി കഴിയുന്നുണ്ടാവണം. ഓർമ്മയിലുള്ള അവരുടെ മുഖങ്ങളിലും ശരീരപ്രകൃതിയിലും പ്രായത്തിനനുസരിച്ച് നര, കഷണ്ടി, കുടവയർ, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ ചേർത്തുവെച്ച് സങ്കൽപ്പിക്കലാണ് നേരില്‍ കാണുമ്പോള്‍ വിശേഷിച്ചും ഞങ്ങളുടെ ഒരു ഒഴിവുസമയവിനോദം. വിനോദമെന്ന് പറഞ്ഞെന്നേയുള്ളൂ. അത് തീര്‍ത്തും ഒരു വിനോദമല്ല. അവര്‍ക്കോരോരുത്തര്‍ക്കുമായി അങ്ങനെ ഞങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത കൃത്യമായി തുടരുന്ന ജീവിതമുണ്ട്. ആ അര്‍ത്ഥത്തില്‍ അവരെല്ലാം എപ്പോഴും ഞങ്ങളുടെ കാഴ്ചപ്പുറത്തും കേൾവിപ്പുറത്തും ഉണ്ടെന്ന തോന്നലാണ് കാര്യം. അതൊരാശ്വാസമാണ്. അതേ സമയം ദൂരെയെവിടെയോ ഇരുന്ന്, അവരൊക്കെ ഞങ്ങളെ കുറിച്ചും അങ്ങനെ പലതും സങ്കല്‍പ്പിച്ചുകൂട്ടുകയായിരിക്കും എന്ന് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതയിലെന്ന പോലെ കൌതുകം കൊള്ളുകയും ചെയ്യും. കാണാമറയത്ത് സമാന്തരമായി മുന്നേറുന്ന ജീവിതങ്ങളെ കുറിച്ച് ഒന്നും അറിയാതെ, അതില്‍ ആകാംക്ഷയോ ആശങ്കയോ ഇല്ലാതെ ജീവിച്ചുപോകാന്‍ നമുക്ക് കഴിയുന്നു എന്നത് എന്തൊരു സങ്കടപ്പെടുത്തുന്ന അദ്ഭുതമാണ് ! അവരിലാരുടെയെങ്കിലും ഫോണ്‍ നമ്പര്‍ കൈയിലുണ്ടെങ്കില്‍ ഒന്ന് വിളിച്ചുനോക്കാം എന്ന നിരുപദ്രവമായ ഒരു നിര്‍ദേശം മൂന്നുപേരിലാരോ മുന്നോട്ട് വെച്ചു. ബാലചന്ദ്രന്‍റേയും ജന്‍മദിനം ഇതേ ദിവസമാണെന്ന് ശിവന്‍ പറയാറുള്ളത് ഓര്‍മ്മയുണ്ട്. കോളേജ് വിട്ടുകഴിഞ്ഞ് ഇരുപതോ ഇരുപത്തഞ്ചോ കൊല്ലങ്ങള്‍ക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ച് അപ്രതീക്ഷിതമായി ബാലനേയും കുടുംബത്തേയും കണ്ടിരുന്നു. മകന് എഞ്ചിനീയറിംഗിലും മകള്‍ക്ക് ചിത്രംവരയിലുമാണ് താത്പര്യം എന്ന് പറഞ്ഞതായോര്‍ക്കുന്നു. രണ്ടും അച്ഛന്‍റെ താത്പര്യങ്ങളുടെ തുടര്‍ച്ചയാണെന്ന് പറഞ്ഞ് അന്ന് മൂപ്പര്‍ ഭാര്യയെ കളിയാക്കിയതും ഓര്‍മ്മയിലുണ്ട്. "പതിവായി വിളിച്ച് ബാലന് ആശംസകള്‍ കൈമാറാറുണ്ട്. " ശിവന്‍ പറഞ്ഞു. "മഹാമാരിക്കാലം വരെയും അത് തുടര്‍ന്നു. അടച്ചിരിപ്പുകാലം മനസ്സിനകത്തും ഉയരത്തില്‍ മതിലുകള്‍ കെട്ടി അത് മുടക്കി. ശിവന്‍ പറഞ്ഞു. ആ പതിവ് പുനരാരംഭിക്കാം എന്നും അതില്‍ ഞാനും കക്ഷി ചേരാമെന്നും ഞാന്‍ പ്രതികരിച്ചു.. പുസ്തക ഷെല്‍ഫിലും മേശയുടെ വലിപ്പിനകത്തും അന്വേഷിച്ച് ഫോണ്‍ നമ്പറുകള്‍ കുറിച്ചുവെച്ചു പഴകിപ്പിഞ്ഞിയ ഡയറി പുറത്തെടുത്തു. ആദ്യതവണ ഫോണ്‍ നിശബ്ദത പാലിച്ചു. രണ്ടാം വിളി തെറ്റി വേറെയേതോ നമ്പറിലേയ്ക്ക് പോയി. അടുത്തതില്‍ അങ്ങേയറ്റത്ത് മണിയടിച്ചു. “ഹലോ ..” മുഴക്കമുള്ള ശബ്ദം. ശിവന്‍റെ കണ്ണുകള്‍ വികസിച്ചു. “ബാലചന്ദ്രന്‍റെ വീടല്ലേ?” ആവേശം പുറത്തുകാണിക്കാതെ ക്ഷമാപണസ്വരത്തില്‍ ശിവന്‍ ചോദിച്ചു. “ അതെ…? “ പിന്നെ രണ്ടുപേരും ഒരേ സമയം അന്യോന്യം ചോദിച്ചു: “ആരാണ് സംസാരിക്കുന്നത്?” “ സ്കൂളില്‍ ഒപ്പം പഠിച്ച ശിവശങ്കരന്‍ ആണെന്ന് പറയൂ.“ “ ശിവശങ്കരന്‍ സര്‍, ഞാന്‍ ബാലചന്ദ്രന്‍റെ മകന്‍ ഹരിയാണ്. സാറിന് ആരോടാണ് സംസാരിക്കേണ്ടത് ?” “ഹരി, അച്ഛനോട് തന്നെ- ബാലചന്ദ്രനോട്... “ “സര്‍, അച്ഛന്‍ …അച്ഛന്‍ പോയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു ! പെട്ടെന്നുള്ള മരണമായിരുന്നു. ശ്രാദ്ധത്തിൽ പങ്കുകൊള്ളാൻ പതിവ് പോലെ എത്തിയതാണ്. എല്ലാ ശ്രാദ്ധത്തിനും ഞങ്ങള്‍ എല്ലാവരും ഉണ്ടായിരിക്കണം എന്നത് അമ്മയ്ക്ക് നിര്‍ബന്ധമാണ്. അമ്മയുമായി പരിചയമുണ്ടോ? ഫോൺ അമ്മയ്ക്ക് കൊടുക്കട്ടേ?” ശിവന്‍ ഒരു നിമിഷം മിണ്ടാതെ നിന്നു. പിന്നെ താഴ്ന്ന ശബ്ദത്തില്‍ അവസാനിപ്പിച്ചു. “ അമ്മയെ പരിചയപ്പെട്ടിട്ടില്ല, ഹരീ. അച്ഛന്‍ …പോയത് അറിഞ്ഞില്ല. എന്ത് പറയണമെന്ന് അറിയുന്നില്ല. തമ്മില്‍ എഴുത്തുകുത്തും ഫോണും ഒന്നും പതിവുണ്ടായിരുന്നില്ല. എവിടെയോ സുഖമായി വിശ്രമജീവിതം നയിക്കുന്നുണ്ടെന്നായിരുന്നു വിശ്വാസം. തത്ക്കാലം ഫോണ്‍ വെയ്ക്കട്ടെ. അടുത്തൊരു ദിവസം ഞാന്‍ ഹരിയെ വിളിക്കാം. എനിക്ക് സംസാരിക്കണം” ഫോണ്‍ വെച്ചുകഴിഞ്ഞ് ഞങ്ങള്‍ അന്യോന്യം നോക്കി മിണ്ടാതിരുന്നു. ഞങ്ങളുടെ കഥകളില്‍ ബാലചന്ദ്രന്‍ ആരോഗ്യവാനായിരുന്നു. ചില്ലറ ശാരീരിക അവശതകളുള്ള ഭാര്യയോടൊപ്പം വടക്കേ ഇന്ത്യയിലോ വിദേശത്തോ മക്കളുടെ കൂടെ പോയി മാസങ്ങള്‍ ജീവിക്കുന്നയാളായിരുന്നു. അപൂര്‍വം ചിലപ്പോഴൊക്കെ ചിത്രം വരച്ചും മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും വരയുടെ ബാലപാഠങ്ങള്‍ പഠിപ്പിച്ചും ഇപ്പോഴും മനസ്സില്‍ ജീവിക്കുന്ന ഒരാള്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഭൂമിയില്‍ ഇല്ലായിരുന്നു എന്ന് ഞങ്ങള്‍ ഞങ്ങളെ എങ്ങനെ വിശ്വസിപ്പിച്ചെടുക്കും ? അറിയില്ല.

Thursday, December 19, 2024

ദ്വൈതം

ഏകാന്തത നിനക്കിഷ്ടമാണെന്ന് നീ പറഞ്ഞു. ഏകാന്തത രണ്ടുതരത്തിലുണ്ട് : നീ മറ്റുള്ളവരെ ഒഴിവാക്കുമ്പോൾ നിനക്ക് ലഭിക്കുന്ന ഏകാന്തത ഒരു തരം മറ്റുള്ളവർ നിന്നെ ഒഴിവാക്കുമ്പോൾ നിനക്ക് ലഭിക്കുന്ന ഏകാന്തത മറ്റൊരു തരം ഇവയിൽ ഏതുതരം ഏകാന്തതയാണ് നിനക്കിഷ്ടമാണെന്ന് നീ പറഞ്ഞത്? നിശ്ശബ്ദത ഇടയ്ക്കൊരാശ്വാസമാണെന്ന് നീ പറഞ്ഞു. നിശ്ശബ്ദത രണ്ടുതരത്തിലുണ്ട് ഈ വീട്ടിൽ ഇടയ്ക്കൊരു വാക്കിനുപോലും ഇടമില്ലാത്തത്ര അടുത്ത് നാമിരിക്കുമ്പോൾ നമുക്കിടയിൽ തളിർത്തു വളരുന്ന നിശ്ശബ്ദത ഒരു തരം ഇതേ വീട്ടിൽ ഒരു വാക്കിനും അടുപ്പിക്കാനാവാത്തത്ര അകന്ന് നാമിരിക്കുമ്പോൾ നമുക്കിടയിൽ പെയ്തുറയുന്ന നിശ്ശബ്ദത മറ്റൊരു തരം ഇവയിൽ ഏതുതരം നിശ്ശബ്ദതയാണ് ഇടയ്ക്കൊരാശ്വാസമാണെന്ന് നീ പറഞ്ഞത്? വാക്കുകളുടെ അർത്ഥവ്യാപ്തി പലപ്പോഴും നിന്നെ ആശയക്കുഴപ്പത്തിലാക്കുന്നു എന്ന് നീ പറഞ്ഞു വാക്കുകളുടെ അർത്ഥവ്യാപ്തി രണ്ടുതരത്തിലുണ്ട് പ്രപഞ്ചോത്പത്തിയിലെ വിസ്ഫോടനം പോലെ അനന്തദിശകളിൽ വളർന്ന് നിന്റെ ജിജ്ഞാസയുടെ ക്ഷുത്പിപാസകളെ മുഴുവനായും ശമിപ്പിക്കുന്ന അർത്ഥവ്യാപ്തി ഒരു തരം അർബുദകോശങ്ങളെ പോലെ സ്വയം അടയിരുന്ന് വിരിയിച്ച് ലക്ഷങ്ങളായി പെരുകി നിന്റെ പഞ്ചേന്ദ്രിയങ്ങളിലും നിറഞ്ഞ് നിന്നെ ഞെരുക്കുന്ന അർത്ഥവ്യാപ്തി മറ്റൊരുതരം ഇവയിൽ ഏതുതരം അർത്ഥവ്യാപ്തിയാണ് നിന്നെ ആശയക്കുഴപ്പത്തിലാക്കുന്നു എന്ന് നീ പറഞ്ഞത്? നാം സഞ്ചരിക്കുന്നത് സമാന്തരപാതകളിലാണെന്നത് നിന്നെ ഭയപ്പെടുത്തുന്നു എന്ന് നീ പറഞ്ഞു. സമാന്തരങ്ങളും രണ്ടു തരത്തിലുണ്ട്. റെയിൽപ്പാളങ്ങളെ പോലെയുള്ള സമാന്തരങ്ങളിലാണ് നാമെങ്കിൽ അല്പം അകന്നുകൊണ്ടാണെങ്കിലും നാമെപ്പോഴും ഒരുമിച്ചുണ്ട്. അതല്ല, എതിർ ദിശകളിൽ പായുന്ന സമാന്തരപാതകളിലാണ് നാമെങ്കിലോ? അപ്പോഴും ഭയക്കേണ്ട കാര്യമില്ല. ഭൂമി ഉരുണ്ടിട്ടാണ്. ഇനിയും പലതവണ നാം സന്ധിച്ചേ മതിയാവൂ.

Sunday, December 15, 2024

രാത്രിവണ്ടിയിലെ യാത്രക്കാര്‍

സീറ്റില്‍ ഇരുന്നുകഴിഞ്ഞ്, ബാക്പാക്ക് അടിയിലേയ്ക്ക് നീക്കിവെച്ചു. നേരത്തേ ഇടം പിടിച്ചുകഴിഞ്ഞിരുന്ന നാലുപേര്‍ക്കിടയിലെ സംസാരം പൊടുന്നനെ നിലച്ചു. വൃദ്ധന്‍റെ വരണ്ടുണങ്ങിയ നോട്ടം ചോദ്യഭാവത്തില്‍ എന്‍റെ മുഖത്ത് പറ്റിപ്പിടിച്ചു. പെണ്‍കുട്ടിയുടേയും മദ്ധ്യവയസ്കന്‍റേയും സ്ത്രീയുടേയും മുഖങ്ങളില്‍ സ്വാഗതം ചെയ്തുകൊണ്ടുള്ള പുഞ്ചിരി തെളിഞ്ഞു. സത്യത്തില്‍ അത്രയൊക്കെയേ വേണ്ടൂ. പക്ഷേ ആരും അവിടം കൊണ്ട് നിര്‍ത്തില്ല. ആ മൂന്നുപേര്‍ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും മുത്തച്ഛനും ആയിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. മുത്തച്ഛന്‍ അമ്മയുടെ അച്ഛനാവണം. ഒരു ഇരട്ടത്താടിയുടെ സൂചന സ്ത്രീയുടെ വലിയ മുഖത്തിനും ഉണ്ട്. പേര്, ജോലി, ഇറങ്ങുന്ന സ്ഥലം, കുടുംബവിശേഷങ്ങള്‍ തുടങ്ങി അവരുടെ അന്വേഷണങ്ങള്‍ക്ക് ചിരിച്ച് ചുരുങ്ങിയ വാക്കുകളില്‍ മറുപടി പറഞ്ഞു. കൈയിലെ പുസ്തകത്തിലേയ്ക്ക് ഇടയ്ക്ക് കണ്ണുകള്‍ മാറ്റി അവരെ നിരുത്സാഹപ്പെടുത്തുന്നുണ്ടായിരുന്നു. അവര്‍ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞത് മുഴുവന്‍ പതിവ് പോലെ ശ്രദ്ധകൊടുക്കാതെ തലയാട്ടിയും മൂളിയും കേട്ടു. ഇടക്കിടയ്ക്ക് നോട്ടവും ശ്രദ്ധയും മറ്റ് യാത്രക്കാരിലേയ്ക്കും പുറത്ത് സ്റ്റേഷനിലേയ്ക്കും തിരിക്കുക എന്നതാണ് ഈ ചുറ്റുപാടില്‍ അതിനുള്ള ഫലപ്രദമായ ഒരു വഴി. ഏതാനും മണിക്കൂര്‍ നേരം ഒരുമിച്ച് യാത്ര ചെയ്യുന്നതിന് അതില്‍ കൂടുതല്‍ ചെയ്യുന്നതെന്തും പാഴ്ച്ചെലവാണ്. നാലിലൊരാളുടേതാവണം സൈഡ് ബെര്‍ത്തുകളില്‍ ഒന്ന്. ബാക്കിവന്ന ബെര്‍ത്തിലേയ്ക്കുള്ളയാള്‍ കൂടി ആ കുടുംബത്തില്‍ നിന്നായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു. പരിചയപ്പെടലും കുശലപ്രശ്നങ്ങളും ഒറ്റയടിക്ക് തീർന്നേനേ. തോളത്ത് ലാപ്ടോപ്പ് ബാഗുമായി അപ്പോഴാണ് ചെറുപ്പക്കാരന്‍ തിരക്കിലൂടെ ധൃതിയില്‍ നടന്നുവന്നത്. പേര് പറഞ്ഞ് ആദ്യം പരിചയപ്പെട്ടത് എന്നെയായിരുന്നു. വിശദമായ സ്വയം പരിചയപ്പെടുത്തലിനുശേഷം അയാള്‍ ചോദ്യങ്ങളിലേയ്ക്ക് കടന്നു. ‘എവിടെ എന്തിലാണ് ജോലി ? കൂടെ ആരൊക്കെയുണ്ട് ? ലീവില്‍ നാട്ടില്‍ പോകുകയാണോ ? കുട്ടികള്‍ പഠിക്കുകയാണോ ? ഏതൊക്കെ ക്ലാസുകളില്‍? ’ അലോസരപ്പെടുത്തിയ ചിരിയും കൈകുലുക്കലും ആവശ്യത്തിലധികം നീണ്ടു. തുടര്‍ന്നുള്ള കോലാഹലങ്ങളില്‍ ഭാഗഭാക്കാവാതിരിക്കാന്‍ സീറ്റില്‍ നിന്നെഴുന്നേറ്റ് വാതിലിന് നേരെ നടന്നു. അല്‍പസമയത്തേയ്ക്ക് പ്ലാറ്റ്ഫോമില്‍ ഇറങ്ങിനിന്നു. ഞങ്ങള്‍ അഞ്ചുപേരുടെയും ജീവചരിത്രത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും അയാള്‍ തൃപ്തിപ്പെടില്ലെന്ന് വ്യക്തമായിരുന്നു’ മടങ്ങിവന്ന് സീറ്റിലിരുന്നതോടെ അഭിമുഖം പെയ്തുതോര്‍ന്നു. ഒരു നിമിഷം പാഴാക്കാതെ, ദൂരെയിരുന്ന് ജനലിലൂടെ പുറംകാഴ്ചകള്‍ കാണാന്‍ പാടുപെട്ടിരുന്ന പെണ്‍കുട്ടിയെ പേരെടുത്ത് വിളിച്ച്, ചെറുപ്പക്കാരന്‍ ക്ഷണിച്ചു : “ ഗായത്രി ഇവിടെ വന്നിരുന്നോളൂ. നിങ്ങളുടെ സീറ്റ് തന്നെയല്ലേ ? “ വിളിക്കാന്‍ കാത്തിരുന്നതുപോലെ ഗായത്രി എന്ന പെണ്‍കുട്ടി എഴുന്നേറ്റു. ചെറുപ്പക്കാരന് മുന്നില്‍ ഒഴിഞ്ഞുകിടന്നിരുന്ന സീറ്റില്‍ ചെന്നിരുന്നു. സന്ധ്യ മയങ്ങിത്തുടങ്ങിരിക്കുന്നു. എ സി കോച്ചല്ലേ - ഇരുട്ടായാല്‍ പുറംകാഴ്ചകള്‍ കാണൽ അവസാനിക്കും. ഞാൻ ആശ്വസിച്ചു. അയാള്‍ക്ക്, അയാളെ പോലുള്ളവർക്ക്, അങ്ങനെയൊരു നിര്‍ദ്ദേശം വെയ്ക്കാന്‍ ധൈര്യം വരുന്നതെങ്ങനെ എന്ന് - പത്തൊമ്പതോ ഇരുപതോ വയസ്സുള്ള സുന്ദരിയായ ഗായത്രിക്ക്, ഗായത്രിയെ പോലുള്ളവർക്ക്, ആ ക്ഷണം തള്ളിക്കളയണമെന്ന് തോന്നാതിരിക്കുന്നത് എന്തുകൊണ്ടെന്ന് - മകളെ, പേരമകളെ വിലക്കണമെന്ന് മറ്റ് മൂന്നുപേരിലാരും, അവരെപ്പോലുള്ളവരാരും, ഒരു നിമിഷം ആലോചിക്കാതിരിക്കുന്നതെന്തു കൊണ്ടെന്ന് - ബുദ്ധി ഉറച്ച കാലം തൊട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. അതിലെന്തെങ്കിലും സദാചാരഭ്രംശം കണ്ടിട്ടല്ല. ഒരു വശത്ത്, മുന്‍കൈ എടുക്കാനുള്ള ആളുകളുടെ ധൈര്യവും മറുവശത്ത്, അതിന് വഴങ്ങാനുള്ള മറ്റുള്ളവരുടെ സന്നദ്ധതയും മുഷിപ്പില്ലായ്മയും അതിശയിപ്പിക്കൂന്നു. ചെറുപ്പക്കാരന്‍ ഉമിനീരിറക്കാതെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ചിരിച്ചും സംശയനിവൃത്തി വരുത്തിയും പെണ്‍കുട്ടി അതില്‍ മുഴുവനായും പങ്കുചേരുന്നുണ്ട്. എന്തൊരു വൃഥാവ്യായാമം ! എനിക്ക് വ്യക്തിപരമായി അത് പ്രശ്നമൊന്നും ഉണ്ടാക്കുന്നില്ല. ആള്‍ക്കാരുടെ നടുവിലിരുന്നും സ്വയം ‘സ്വിച്ച് ഓഫ്’ ചെയ്യാന്‍ കഴിയുന്ന ഒരപൂര്‍വ്വസിദ്ധി പ്രകൃതിദത്തമായി എന്നിലുണ്ട്. ഉദാഹരണത്തിന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഇവരൊക്കെ ഇക്കഴിഞ്ഞ നിമിഷം വിസ്തരിച്ചതിൽ ഒരു വാക്കും ഇപ്പോള്‍ ഏന്‍റെ ഓർമ്മയിലില്ല. അയാളുടെ ഭാര്യയുടെ പേരും ഗായത്രി എന്നാണ് പോലും ! അത് പറഞ്ഞ് രണ്ടുപേരും നിര്‍ത്താതെ ചിരിക്കുന്നു. ചിരിയില്‍ പങ്കുചേരാന്‍ പെണ്‍കുട്ടി, കഥ അച്ഛനമ്മമാരുമായി പങ്കുവെയ്ക്കുന്നു. അവരും ചിരിക്കുന്നു. സന്ദര്‍ഭത്തിന്‍റെ നിസ്സാരതയോർത്ത് എനിക്കും ചിരി വരുന്നു. ഒമ്പത് മണിയോടെ കോച്ചില്‍ അപ്പുറവുമിപ്പുറവും വിളക്കുകള്‍ അണഞ്ഞുതുടങ്ങി. സംസാരം പതിഞ്ഞ ശബ്ദത്തിലായി. പതുക്കെപ്പതുക്കെ അതതിന്‍റെ സ്വാഭാവിക അവസാനത്തിലേയ്ക്ക് നീങ്ങുകയാണെന്ന് ഞാനറിഞ്ഞു. ശുഭരാത്രി ആശംസിച്ച് പെണ്‍കുട്ടി അകത്തെ നടുബെര്‍ത്തില്‍ കയറിപ്പറ്റി. കാഴ്ചക്കാരനും ഒന്നിരിക്കട്ടെ എന്ന മട്ടില്‍ പെണ്‍കുട്ടി എനിക്കും ശുഭരാത്രി നേര്‍ന്നു. വൃദ്ധന്‍ താഴത്തെ സൈഡ് ബെര്‍ത്തില്‍ ഷീറ്റ് വിരിച്ച് ലൈറ്റിന് നേരെ നോട്ടമയച്ചു - ചെറുപ്പക്കാരനെ നോക്കി. ചെറുപ്പക്കാരന്‍ വിളക്കുകള്‍ അണച്ചു. സ്വന്തം ബെര്‍ത്തില്‍ കയറി കിടക്കാന്‍ വട്ടംകൂട്ടി. ആശ്വാസത്തോടെ താഴത്തെ ബെര്‍ത്തില്‍ ഞാനും കിടന്നു. കോച്ചിനകത്തെ ഊഷ്മാവ് വല്ലാതെ താഴ്ത്തി വെച്ചിരിക്കുന്നു എന്ന് ആരൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. തണുപ്പ് കൂടുതല്‍ തന്നെയായിരുന്നു. പക്ഷേ അങ്ങനെയുള്ള കാര്യങ്ങളിലൊന്നും ഇടപെട്ട് പരിഹാരം തേടുന്ന സ്വഭാവമല്ല എന്‍റേത്. മറ്റാരെങ്കിലും ചെയ്യുമല്ലോ എന്ന് കരുതും. രാത്രിയല്ലേ - കമ്പിളിപ്പുതപ്പ് കൊണ്ട് തലവഴി മൂടി സുഖമായി കിടന്നുറങ്ങിയാല്‍ പോരേ എന്നും ചിന്തിക്കും. പെണ്‍കുട്ടി കര്‍ട്ടന്‍ മാറ്റി ചെറുപ്പക്കാരനെ നോക്കി. “ രാജൂ, ഒരു സഹായം - ടെംപറേച്ചര്‍ കുറയ്ക്കാന്‍ ആരോടെങ്കിലും പറയാന്‍ പറ്റുമോ? ” അയാള്‍ രാജുവല്ല രാജകൃഷ്ണന്‍ ആണെന്ന് ഞാനോര്‍ത്തു. ഏന്‍റെ ബാല്യകാലസുഹൃത്തിന്‍റെ പേരായതുകൊണ്ടാണ് അത് മനസ്സില്‍ പതിഞ്ഞത്. ഒരു നിമിഷം ആലോചിക്കാന്‍ എടുക്കാതെ ചെറുപ്പക്കാരന്‍ ചാടി താഴെയിറങ്ങി. വഴിയിലെ മങ്ങിയ നീലവെളിച്ചത്തില്‍ നടന്നുമറഞ്ഞു. ട്രെയ്നിന്‍റെ താളത്തില്‍ പെട്ടെന്ന് ഉറക്കത്തിലേയ്ക്ക് വീഴുന്നയാളാണ് ഞാന്‍. താപനില കുറയ്ക്കാന്‍ ആരെങ്കിലും ഇടപെട്ടോ എന്നറിഞ്ഞില്ല. കാലിലാരോ സ്പര്‍ശിച്ചു എന്ന് തോന്നി ഞാനുണര്‍ന്നപ്പോള്‍ സമയം രാത്രി ഒന്നര മണി കഴിഞ്ഞിരുന്നു. വണ്ടി ഏതോ തമിഴ്നാട് സ്റ്റേഷനില്‍ നിര്‍ത്തിയിരിക്കുകയാണ്. വൃദ്ധനാണ് - കൈ അബദ്ധത്തില്‍ ദേഹത്ത് തട്ടിയതാണെന്നാണ് വിചാരിച്ചത്. “ ആ വാതിലൊന്ന് തുറന്നുതരാമോ ? “ പിന്നിലേയ്ക്ക് കൈ ചൂണ്ടി അയാള്‍ സ്വകാര്യമായി ചോദിച്ചു. ഞാന്‍ പുതപ്പ് മാറ്റി എഴുന്നേറ്റു. അയാളോടൊപ്പം നടന്നു. കൂടെയുള്ളവരേയും വായാടിയായ ചെറുപ്പക്കാരനേയും ഒഴിവാക്കിയാണ് എന്നെ വിളിച്ചത്. സ്വന്തക്കാർ സുഖമായി ഉറങ്ങിക്കോട്ടെ എന്ന് വിചാരിച്ചുകാണും. കാരണവര്‍ക്ക് എന്തൊരു കരുതൽ ! ടോയ്ലെറ്റിന്‍റെ വാതിലിനെ കുറിച്ചാണ് പറയുന്നതെന്ന് ധരിച്ച് അങ്ങോട്ട് തിരിയാന്‍ ശ്രമിച്ചപ്പോള്‍ വൃദ്ധന്‍ വീണ്ടും തോളില്‍ സ്പര്‍ശിച്ചു. കോച്ചില്‍ നിന്ന് പുറത്തേയ്ക്കുള്ള വാതില്‍ ആണ് അയാള്‍ക്ക് തുറന്നുകിട്ടേണ്ടിയിരുന്നത്. പഴയ വാതിലിന്‍റെ പിടി ചലിപ്പിക്കാന്‍ കാര്യമായ അദ്ധ്വാനം വേണ്ടിവന്നു. നന്ദി പറഞ്ഞ് അയാള്‍ പ്ലാറ്റ്ഫോമിലേക്കിറങ്ങി. ഭക്ഷണശാലയ്ക്ക് മുന്നിലെത്തി. കോഫി വാങ്ങി ഗ്ലാസ്സിൽ നിന്ന് ഡവറയില്‍ ഒഴിച്ച് ചൂടാറിച്ച് കുടിക്കുന്നത് നോക്കി ഞാൻ വാതിൽക്കൽ തന്നെ നിന്നു. അയാള്‍ കോച്ചില്‍ തിരിച്ചുകയറിക്കഴിഞ്ഞ്, വാതിൽ അടച്ചു ഭദ്രമാക്കിയേ മടങ്ങിപോകാൻ പറ്റൂ. വൃദ്ധൻ കോഫി കുടിച്ചുതീർത്ത് ഗ്ലാസ് തട്ടില്‍ വെച്ചു - പൈസ കൊടുത്തു - എന്‍റെ നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തിക്കാണിച്ച് എതിർവശത്തേയ്ക്ക് നടന്നുമറഞ്ഞു. കാത്തിരിപ്പ് മുറിയിലെ ടോയ്ലെറ്റ് ഉപയോഗിക്കാനായിരിക്കും. ഉയർത്തിയ ചൂണ്ടുവിരലിന് അങ്ങനെയും അര്‍ത്ഥമുണ്ടല്ലോ. പക്ഷേ വഴിക്കുള്ള സ്റ്റേഷനില്‍ ഇറങ്ങി അതിന് മുതിരുന്നത് അയാളുടെ പ്രായത്തില്‍ ഒരു സാഹസികതയല്ലേ? ട്രെയ്‌ൻ പുറപ്പെടുന്നതിന് മുൻപേ എത്തിപ്പെടണേ എന്ന പ്രാർത്ഥനയുമായി ഞാൻ നിന്നു. എന്തോ കാരണം കൊണ്ട് പതിവിലുമധികം നേരം ട്രെയ്‌ൻ സ്റ്റേഷനില്‍ കിടന്നു. വൃദ്ധന്‍ മറഞ്ഞയിടത്തേയ്ക്ക് കണ്ണയച്ച് അസ്വസ്ഥതയോടെ ഞാന്‍ നിന്നു. വണ്ടി ഇളകിത്തുടങ്ങിയിട്ടും വൃദ്ധനെ കാണാതിരുന്നപ്പോൾ ഉള്ളിൽ ഒരാളൽ ഉയര്‍ന്നു. ദൈവമേ ! സ്റ്റേഷൻ വിടുന്നതിന് മുന്‍പേ വണ്ടിക്ക് വേഗം കൂടി. ചങ്ങല വലിച്ച് വണ്ടി നിർത്തണോ ? വണ്ടിയില്‍ നിന്ന് ഇറങ്ങിപ്പോയയാള്‍ തിരിച്ചുവരാന്‍ വൈകിയെന്നത് ചങ്ങല വലിച്ച് വണ്ടി നിര്‍ത്താന്‍ മതിയായ കാരണമാവുമോ? അല്ലെങ്കിലും ഞാൻ ഒറ്റയ്ക്ക് അത് തീരുമാനിച്ച് നടപ്പിലാക്കുമായിരുന്നില്ല. അതല്ല എന്റെ പ്രകൃതം. ബസ്സായിരുന്നെങ്കിൽ ആരെയെങ്കിലും ഉണർത്തിയോ ഡ്രൈവറെ നേരില്‍ കണ്ട് അപേക്ഷിച്ചോ വണ്ടി നിര്‍ത്താമായിരുന്നു. അതും അങ്ങനെയൊരു ഘട്ടം വന്നാല്‍ ഞാന്‍ ചെയ്യുമോ എന്ന് സംശയമാണ്. വണ്ടി നല്ല വേഗം കൈവരിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി കാത്തുനില്‍ക്കുന്നതില്‍ കാര്യമില്ല. വാതിലടച്ച് സാക്ഷയിട്ട് ഞാന്‍ മടങ്ങി. വൃദ്ധന്‍ കടകളുടെ അറ്റം വരെ നടന്ന് കോച്ചിന്‍റെ മറ്റേ വാതില്‍ വഴി അകത്ത് കയറിയിട്ടുണ്ടാവുമോ ? അഥവാ, മാറി അടുത്തേതെങ്കിലും കോച്ചില്‍ കയറിക്കാണുമോ ? പ്ലാറ്റ്ഫോം ഏറെക്കുറെ വിജനമായിരുന്നതുകൊണ്ട് അങ്ങനെയെന്തെങ്കിലും നടന്നിരുന്നെങ്കില്‍ എന്‍റെ കണ്ണില്‍ പെടാതെ പോകാനുള്ള സാദ്ധ്യത കുറവാണ്. അതുമല്ല, അകത്തുനിന്ന് ആരെങ്കിലും തുറന്നുകൊടുക്കാതെ രാത്രി ഈ സമയത്ത് അങ്ങനെയൊരാള്‍ക്ക് റിസര്‍വേഷന്‍ കോച്ചില്‍ കയറിപ്പറ്റാനുമാവില്ല. വൃദ്ധന്‍ കിടന്നിരുന്ന ബെര്‍ത്തില്‍ വെള്ള വിരികളും കമ്പിളിപ്പുതപ്പും തലയിണയും അനാഥമായി ചുരുണ്ടുകൂടിക്കിടന്നു. ലൈറ്റ് തെളിയിക്കാതെ, ശബ്ദമുണ്ടാക്കാതെ ഞാനെന്‍റെ ബെര്‍ത്തില്‍ കയറിക്കിടന്നു. ഒരു ഐസ് ബോക്സിനകത്തെന്ന പോലെ കോച്ചിനകം മരവിച്ചിരിക്കുന്നു. പെണ്‍കുട്ടിയെ സഹായിക്കാന്‍ തുനിഞ്ഞിറങ്ങിയ ചെറുപ്പക്കാരന് ഒന്നും ചെയ്യാനായിട്ടില്ലെന്നർത്ഥം. ഭയാശങ്കകള്‍ മൂലം എനിക്ക് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നതുമാവാം. ഉറക്കം വരുന്നില്ല. ഇന്ന് രാത്രി ഇനി ഉറങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മനസ്സ് അസ്വസ്ഥമാണ്. ഓരോ നിമിഷവും വണ്ടി സ്റ്റേഷനിൽ നിന്ന് അധികമധികം ദൂരത്തേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ആ നാലുപേരിലാരെയെങ്കിലും വിളിച്ചുണര്‍ത്തണോ എന്ന് തീര്‍ച്ചപ്പെടുത്താനാവാതെ ഞാൻ കണ്ണടച്ച് കിടന്നു. ഭവിഷ്യത്തുകള്‍ എന്താവുമെന്ന സംശയമാണ് എന്തെങ്കിലും ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നത്. കഴിഞ്ഞ അഞ്ചോ പത്തോ മിനുട്ടില്‍ ഈ കോച്ചിനകത്ത് നടന്നതിന് ഞാനും വൃദ്ധനും മാത്രമാണ് സാക്ഷികള്‍. തത്ക്കാലം അതങ്ങനെത്തന്നെ നില്‍ക്കട്ടെ. ഇടയ്ക്കെപ്പോഴോ അവിടവിടെ ഫോണുകളില്‍ വെളിച്ചം മിന്നി. സമയം നോക്കി യാത്രികര്‍ സമാധാനമായി ഉറക്കത്തിലേയ്ക്ക് തിരിച്ചുപോയി - കൂടെ വന്നയാള്‍ വഴിയില്‍ ഇറങ്ങിപ്പോയതറിയാതെ - ഉറങ്ങാതെ കിടക്കുന്നവന്‍റെ വേദനയും വേവലാതികളും മനസിലാക്കാതെ. അഞ്ച് മണിക്ക് മുൻപ് വണ്ടി പാലക്കാടെത്തി. ചെറുപ്പക്കാരനടക്കം എല്ലാവരും തലവഴി കമ്പിളി പുതച്ചുറങ്ങുകയായിരുന്നു. ബാഗെടുത്ത് ഒച്ചയുണ്ടാക്കാതെ ഞാൻ പുറത്തിറങ്ങി. മോഷ്ടിച്ച മുതലുമായി പുറത്തിറങ്ങുന്ന കള്ളന്‍റെ മാനസികാവസ്ഥയായിരുന്നു എനിക്ക്. പുറത്തെത്തി പതിവ് ചായയും സിഗററ്റും ഒഴിവാക്കി ഓട്ടോറിക്ഷയില്‍ കയറി. വീടെത്തി. ദേഹത്ത് ഇദയം നല്ലെണ്ണയും തൊണ്ണൂറ്റെട്ട് ശതമാനം ശുദ്ധഗ്ലിസറിൻ ചേർത്ത പിയേഴ്സ് സോപ്പും തേച്ച് കുളിച്ചു. വണ്ടിയിൽ നിന്ന് ദേഹത്തും മനസ്സിലും കയറിക്കൂടിയ പുറംലോകത്തിന്റെ പൊട്ടും പൊടികളും അപ്പാടെ കഴുകിക്കളഞ്ഞു. പാൽ കുറച്ച്, മധുരമിടാതെ, കടുപ്പത്തില്‍ ഒരു കോഫി ഉണ്ടാക്കി. രണ്ട് പാര്‍ലെ ജി ബിസ്ക്കറ്റുമായി സ്വീകരണമുറിയില്‍ സോഫയില്‍ വന്നിരുന്നു. നേരം പുലര്‍ന്നതേയുള്ളൂ. രാത്രി ട്രെയ്നില്‍ അനുഭവപ്പെട്ട പേടി മനസ്സില്‍ നിന്ന് ഒഴിഞ്ഞുപോയിരിക്കുന്നു. ആ സംഭവങ്ങളിൽ നിന്ന് ഞാൻ മുക്തി നേടിയിരിക്കുന്നു. ഇപ്പോഴുള്ളത് ജിജ്ഞാസ മാത്രം. ബെങ്ഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള യാത്രക്കിടെ രാത്രി ഒന്നര മണിക്കും ഒന്നേമുക്കാല്‍ മണിക്കും ഇടയില്‍ ആ റിസര്‍വേഷന്‍ കോച്ചില്‍ നടന്നതെന്ത് ? സ്വസ്ഥമായിരുന്ന് ആലോചിക്കുമ്പോള്‍ മൂന്ന് വ്യത്യസ്ത കഥാവഴികള്‍ മനസ്സില്‍ വന്നു. ഒന്ന് : വൃദ്ധന്‍ മറവിരോഗത്തിന്‍റെ ഏതോ ഘട്ടത്തില്‍ ഉള്ളയാളാവാം. പണവും ഭാഷയും കൈവശമില്ലാതെ ഒറ്റയ്ക്ക് തമിഴ് നാട് വഴികളില്‍ ഇപ്പോള്‍ ചുറ്റിത്തിരിയുന്നുണ്ടാവും. വരുംമണിക്കൂറുകളില്‍ എപ്പോഴെങ്കിലും സംശയം തോന്നി നല്ലവരായ നാട്ടുകാര്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പരസ്യങ്ങളില്‍ കൂടി ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമിക്കുമായിരിക്കും. വീട്ടുകാര്‍ കോച്ചിലെ ടിക്കറ്റ് പരിശോധകനോ സഹയാത്രികര്‍ക്കോ ഒരു സൂചന മുന്‍കൂര്‍ കൊടുത്തിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല. രണ്ട് : അഭിപ്രായവ്യത്യാസങ്ങള്‍ കാരണം മകനും മരുമകളുമൊരുമിച്ച് അഥവാ മകളും മരുമകനുമൊരുമിച്ച് ഒത്തുപോകാന്‍ ആവാത്ത ചുറ്റുപാടില്‍ ഭാഷയറിയാത്ത അപരിചിതദേശത്ത്, അവരുടെ പദ്ധതികളിൽ പെടാതെ ഒരു സ്വതന്ത്രജീവിതം സ്വപ്നം കണ്ട് വൃദ്ധന്‍ ഇരുട്ടിലേയ്ക്ക് മറഞ്ഞതാവാം. താരതമ്യപ്പെടുത്തി ആളെ അടയാളപ്പെടുത്താന്‍ ആ വാക്കുപയോഗിച്ചെന്നേയുള്ളൂ - വൃദ്ധന്‍ അത്ര വൃദ്ധനൊന്നുമായിരുന്നില്ല. ഒറ്റത്തടിയായി ഒരു ജീവിതം കൊണ്ടുനടത്താനുള്ള വകയൊക്കെ മൂപ്പരുടെ കൈവശം ഇപ്പോഴും ഉണ്ട്. വഴിയോരചായക്കടയില്‍ ചായ നുണഞ്ഞ്, ആരും അന്വേഷിച്ചു വരാന്‍ സാദ്ധ്യതയില്ലാത്ത ഏതോ തമിഴ്നാട് ഗ്രാമത്തിലേയ്ക്കുള്ള വഴി തിരയുകയാവും ഇപ്പോള്‍. ഈ രണ്ട് കഥാവസാനങ്ങളിലും തടയാന്‍ ശ്രമിക്കാതെ കഥയ്ക്കൊപ്പം നടന്നു എന്ന പരാതി എനിക്കു തന്നെ എന്നെപ്പറ്റിയുണ്ടാവും. പൂര്‍ണമായും എന്നെ കുറ്റവിമുക്തനാക്കുന്ന മൂന്നാം അവസാനത്തിലാണ് എന്‍റെ കണ്ണും മനസ്സും. മൂന്ന്: വൃദ്ധന്‍ ഒറ്റയ്ക്ക് ടിക്കറ്റെടുത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നയാളായിരുന്നു. അയാളുടെ സീറ്റ് ആ കോച്ചില്‍ ആയിപ്പോയെന്നേയുള്ളൂ. തലേന്ന് രാത്രി പരിചയപ്പെടുത്തിയപ്പോള്‍ അവരാരെങ്കിലും അയാളെ കുറിച്ച് എന്തെങ്കിലും പറഞ്ഞോ എന്ന് ഓര്‍ത്തെടുക്കാനാവുന്നില്ല. അവരുടെ സംസാരങ്ങളിലോ അത്താഴത്തിലോ അയാള്‍ പങ്ക് ചേര്‍ന്നിരുന്നോ എന്നും ഓര്‍മ്മയില്ല. അയാള്‍ ഇറങ്ങിയത് അയാള്‍ക്ക് ഇറങ്ങേണ്ട സ്റ്റേഷനില്‍ തന്നെയാവും. അവിടത്തെ കറുത്ത മണ്ണില്‍ ചോളവും കരിമ്പും വിളയിച്ച് ആടുമാടുകളെ വളര്‍ത്തി കഴിയുന്ന ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം അയാളെ കാത്തിരുന്നിട്ടുണ്ടാവും. മനസ്സ് ഇപ്പോള്‍ ശാന്തമാണ്. തണുപ്പില്‍ ലോകത്തെ കുറിച്ച് ചിന്തിക്കാതെ ഞാന്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കൂടി ഉറങ്ങാന്‍ നോക്കട്ടെ.