Friday, December 1, 2023
ഒരസാധാരണ മാതൃക
കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന ആദ്യത്തെ അഞ്ചു ലോകരാഷ്ട്രങ്ങളില്‍ ഒന്നാണ് തെക്കുകിഴക്കന്‍ ആഫ്രിക്കയിലെ മലാവി. ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, താമസം, പരിസ്ഥിതി, …. തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലേയ്ക്കും പടര്‍ന്ന് കിടക്കുന്നു ആലങ്കാരികമായി ആ ദാരിദ്ര്യം.
2016 ല്‍ മലാവിയിലെ മ്ബാന്‍ഡോ ഗ്രാമത്തില്‍ മൂന്ന് പേര്‍ സ്വന്തം പോക്കറ്റുകളില്‍ നിന്നെടുത്ത ചെറിയ മൂലധനവും വലിയ ലക്ഷ്യങ്ങളുമായി ABUNDANCE എന്ന പേരില്‍ ഒരു സന്നദ്ധസംഘടനയ്ക്ക് രൂപം കൊടുത്തു. ഒറ്റപ്പാലത്ത് ജനിച്ച് ആഫ്രിക്കയില്‍ വളര്‍ന്ന ദീപ പുല്ലാനിക്കാട്ടില്‍ എന്ന ഒരു വ്യക്തി കൊണ്ടുനടന്ന സ്വപ്നത്തിന്‍റെ സാഹസികമായ സാക്ഷാല്‍ക്കാരമായിരുന്നു അത് .
അല്പം പശ്ചാത്തലം:
പഴയകാല എഴുത്തുകാരന്‍ ടാറ്റാപുരം സുകുമാരന്‍റെ ദൌഹിത്രിയാണ് ദീപ. PWD ജീവനക്കാരനായ അച്ഛന്‍ ഡെപ്യൂട്ടേഷനില്‍ ടാന്‍സാനിയയില്‍ ആയിരുന്നു - പിന്നീട് ലിസോട്ടോവിലും. ആ രണ്ടിടങ്ങളിലുമായി സ്കൂള്‍ വിദ്യാഭ്യാസം കഴിച്ച് കേരളത്തില്‍ എത്തി. എഞ്ചിനീയറിംഗും എം ബി എ യും പാസായി. ദന്തഡോക്റ്റര്‍ ആയ ഭര്‍ത്താവ് സജിത്തിനൊപ്പം വീണ്ടും ലിസോട്ടോവിലും അവിടെ നിന്ന് മലാവിയിലും എത്തി. അവിടെ കഴിഞ്ഞ അഞ്ചു കൊല്ലക്കാലം ഒരു സന്നദ്ധസംഘടനയുടെ ജീവകാരുണ്യപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. രാജ്യത്തെ ജീവിതസാഹചര്യങ്ങളുടെ വേദനിപ്പിക്കുന്ന ഒരുപാട് നേര്‍ചിത്രങ്ങള്‍ക്ക് അന്ന് സാക്ഷിയായി.
കുടുംബത്തോടൊപ്പം എസ്വാറ്റിനി – പഴയ സ്വാസിലാന്‍ഡ്– യിലേയ്ക്ക് മാറിപ്പോകുകയായിരുന്ന ദീപയ്ക്ക് പരിചയക്കാരും സുഹൃത്തുക്കളുമായ മലാവിക്കാര്‍ ഒരു യാത്രയയപ്പ് നൽകി. തന്നില്‍ നിന്ന് ഇനിയൊരു സേവനവും ലഭിക്കില്ലെന്ന് അറിയാമായിരുന്നിട്ടും ആ ചടങ്ങില്‍ അവർ പ്രകടിപ്പിച്ച സ്നേഹവും കരുതലും അവിശ്വസനീയമായിരുന്നു.
തിരിച്ചുവരണമെന്നും മലാവിക്കാര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നും മനസ്സിലുറപ്പിച്ചത് - ABUNDANCE WORLDWIDE എന്ന് പിന്നീട് പേര് വീണ സന്നദ്ധസംഘടന ഒരാശയമായി മനസ്സില്‍ രൂപം കൊണ്ടത് - ആ മണിക്കൂറുകളിലായിരുന്നു.
തന്‍റെ ആശയത്തോട് ഐക്യം പ്രകടിപ്പിച്ച രണ്ട് സുഹൃത്തുക്കളോടൊപ്പം 2016 ഏപ്രിലില്‍ ദീപ മലാവിയില്‍ തിരിച്ചെത്തി.
ആവശ്യാധിഷ്ഠിതവിലയിരുത്തലിലൂടെ മച്ചിങ്ങ ജില്ലയിലെ മ്ബാന്‍ഡോ ഗ്രാമത്തെ ദത്തെടുത്തുകൊണ്ട് ABUNDANCE അതിന്‍റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.
രാജ്യത്തെ ജീവിതനിലവാരം ചെറിയ തോതിലെങ്കിലും മെച്ചപ്പെടുത്താന്‍ പല പദ്ധതികള്‍ ഒരുമിച്ച് നടപ്പിലാക്കേണ്ട അവസ്ഥയായിരുന്നു.
ഒരു ഗ്രാമത്തെ കേന്ദ്രീകരിച്ച് അതിനൊരു തുടക്കമിടുക എന്നതായിരുന്നു ലക്ഷ്യം.
വിറകടുപ്പുകളായിരുന്നു മലാവിക്കാര്‍ ഉപയോഗിച്ചിരുന്നത്. ത്രികോണാകൃതിയില്‍ വെച്ച, എടുത്തുമാറ്റാവുന്ന, മുമ്മൂന്ന് കല്ലുകളായിരുന്നു അവ. വിറകിനും മരക്കരിക്കുമായി വ്യാപകമായ വനനശീകരണം നടക്കുന്നുണ്ടായിരുന്നു. അറുപത് കൊല്ലം കഴിയുമ്പോള്‍ രാജ്യത്ത് ഒരു മരവും ശേഷിക്കാനിടയില്ല എന്നു പഠനറിപ്പോര്‍ട്ട് വന്നു .
അശാസ്ത്രീയമായി നിര്‍മ്മിക്കപ്പെട്ട അടുപ്പുകളുടെ ഉപയോഗം ജനങ്ങള്‍ക്ക്, പ്രത്യേകിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കി.
ഗ്രാമവാസികളെ വെറും ഉപഭോക്താക്കളായി കണ്ടുകൊണ്ടുള്ള കാരുണ്യ പ്രവര്‍ത്തനങ്ങളായിരുന്നില്ല സംഘടന മനസ്സില്‍ കണ്ട ലക്ഷ്യം. അത് ദൈനംദിനജീവിതത്തിലെ ദാരിദ്ര്യവും കഷ്ടപ്പാടും കുറച്ചുകൊടുക്കാന്‍ സഹായിക്കുന്നതോടൊപ്പം ഒരു ജനതയെ കഴിയാവുന്നത്ര സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുക എന്നതായിരുന്നു.
അതിന് പ്രവര്‍ത്തനം രണ്ട് മേഖലകളിലേയ്ക്ക് കൂടി അടിയന്തിരമായി വ്യാപിപ്പിക്കേണ്ടതുണ്ടായിരുന്നു– വിദ്യാഭ്യാസവും ആരോഗ്യവും.
ഒരു ശതമാനം പേരാണ് മ്ബാന്‍ഡോയിൽ വൈദ്യുതി ലഭിക്കുന്നവരായി ഉണ്ടായിരുന്നത്. പഴയ കഥയല്ല - ഏഴ് വർഷം മുൻപ് ABUNDANCE രൂപീകൃതമാവുന്ന കാലത്തെ അവസ്ഥയാണ്. ഇന്‍റർനെറ്റ് ഇല്ല. വായനശാല ഇല്ല. മൊബൈൽ ഫോൺ സൗകര്യം പേരിന് മാത്രം. ഇന്നത്തെ ലോകത്ത് ഇങ്ങനെയൊരു ചുറ്റുപാടിൽ ജീവിക്കേണ്ടിവരുന്ന ഒരു സമൂഹത്തിന് വിദ്യാഭ്യാസരംഗത്ത് എത്ര ദൂരം പോകാനാവുമെന്നത് ഊഹിക്കാവുന്നതേയുള്ളു. കുട്ടികള്‍ക്ക് മാത്രമല്ല അദ്ധ്യാപകര്‍ക്കുമുണ്ടായിരുന്നു പഠനസാമഗ്രികളുടെ ദൌര്‍ലഭ്യമോ അഭാവമോ കൊണ്ടുള്ള പരിമിതികള്‍.
ആരോഗ്യകാര്യത്തില്‍ രാജ്യത്തിന്‍റെ പിന്നോക്കാവസ്ഥയ്ക്കും കാരണം
ദാരിദ്ര്യം മാത്രമായിരുന്നില്ല.
സ്ത്രീകളില്‍ ആറ് ശതമാനം പേര്‍ക്ക് മാത്രമാണ് സാനിറ്ററി പാഡുകള്‍ വാങ്ങി ഉപയോഗിക്കാൻ പറ്റിയ സാഹചര്യമുണ്ടായിരുന്നത്. സ്കൂളില്‍ നാലോ അഞ്ചോ ദിവസത്തെ ക്ലാസുകള്‍ മുടക്കുകയായിരുന്നു പെണ്‍കുട്ടികളുടെ പതിവ്. സാനിറ്ററി പാഡുകള്‍ക്ക് പകരം വര്‍ത്തമാന പത്രങ്ങളുടെ താളുകളും പഴയ തുണിക്കഷണങ്ങളും ആയിരുന്നു മിക്കവരും ഉപയോഗിച്ചുകൊണ്ടിരുന്നത്. അവയാകട്ടെ ഭദ്രമായി ശരീരത്തില്‍ ബന്ധിച്ച് നിര്‍ത്താന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ചെറിയ വയസ്സിലെ ഗര്‍ഭധാരണം, എച്ച് ഐ വി / എയ്ഡ്സ് അടക്കമുള്ള ലൈംഗിക രോഗങ്ങള്‍, അവയുടെ പ്രതിരോധം, കുടുംബാസൂത്രണം തുടങ്ങി ഗ്രാമത്തെ കാര്യമായി ബാധിച്ചിരുന്ന പല വിഷയങ്ങളിലും അന്ധവിശ്വാസങ്ങളോ അപകടകരമായ അറിവില്ലായ്മയോ ആയിരുന്നു ഗ്രാമവാസികള്‍ക്കുണ്ടായിരുന്നത്. ദാരിദ്ര്യത്തിനും പട്ടിണിക്കും നടുവില്‍ ആയിരുന്നപ്പോഴും ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ - കുടുംബാസൂത്രണത്തിന് ആരും തയ്യാറായിരുന്നില്ല. അത്തരം 'ഇടപെടലുകള്‍' ഗര്‍ഭധാരണശേഷി ഇല്ലാതാക്കാന്‍ അഥവാ വന്ധ്യതയ്ക്ക് കാരണമാവും എന്ന് അവര്‍ വിശ്വസിച്ചു.
ഗ്രാമത്തില്‍ വാഹനസൌകര്യം തീരെ കുറവായിരുന്നു. ഏറ്റവും അടുത്തുള്ള മ്ബോസ ക്ലിനിക്കിലെത്താന്‍ രോഗികള്‍ക്ക് മണ്‍പാതയിലൂടെ ചുരുങ്ങിയത് മൂന്ന് കിലോമീറ്റര്‍ ദൂരം നടക്കേണ്ടിയിരുന്നു. വാടകയ്ക്ക് കിട്ടുന്ന സൈക്ക്ള്‍ ആയിരുന്നു അവലംബിക്കാവുന്ന ഏക വാഹനം. ശാരീരിക അവശതകള്‍ ഉള്ളവര്‍ക്കും പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും അതൊട്ടും സൌകര്യപ്രദമായിരുന്നില്ല. ചികിത്സാ ചെലവിന്‍റെ കൂടെ യാത്രച്ചെലവ് കൂടി വഹിക്കാന്‍ പറ്റിയ സാമ്പത്തിക ചുറ്റുപാടുകളുമായിരുന്നില്ല മിക്കവര്‍ക്കും.
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനോ ജീവിതനിലവാരം ഉയര്‍ത്തുന്നതിനോ സഹായകമായേയ്ക്കാവുന്ന സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ യുവതയെ പ്രേരിപ്പിക്കുന്ന ഒന്നും എവിടേയും ഉണ്ടായിരുന്നില്ല.
തൊണ്ണൂറ്റഞ്ച് കുടുംബങ്ങള്‍ക്ക് ശാസ്ത്രീയമായി നിര്‍മ്മിച്ച അടുപ്പുകള്‍ സൌജന്യമായി വിതരണം ചെയ്തുകൊണ്ടാണ് സംഘടന അതിന്‍റെ പ്രവര്‍ത്തനം തുടങ്ങിയത്. പുക കുറഞ്ഞതും ഇന്ധനക്ഷമത കൂടുതലുള്ളതുമായ ഈ അടുപ്പുകള്‍ പ്രധാനമായും ഉന്നം വെച്ചത് വിറകിന്‍റേയും കരിയുടേയും ഉപയോഗം കുറയ്ക്കുന്നതിലായിരുന്നു.
അവയുടെ ഉപയോഗം തീര്‍ത്തൂം അവസാനിപ്പിക്കാന്‍ ഉതകുന്ന മട്ടില്‍ ജൈവമാലിന്യങ്ങളില്‍ നിന്ന് ബയോഗാസ് ഉത്പാദിപ്പിക്കാനാവുമോ എന്ന അന്വേഷണവും ഒരു വശത്ത് പുരോഗമിക്കുന്നുണ്ടായിരുന്നു.
വൈദ്യുതിയും ഇന്‍റര്‍നെറ്റും ഇല്ലാത്ത, പേരിന് മാത്രം മൊബൈല്‍ ഫോണ്‍ സൌകര്യമുള്ള മ്ബാന്‍ഡോ തീര്‍ത്തൂം ഒരു 'ഓഫ് - ദ - ഗ്രിഡ്' ഗ്രാമമാണ്. സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനും അതിന്‍റെ സഹായത്തോടെ ഒരു ഇ ലേണിങ് സെന്‍റര്‍ വിജയകരമായി കൊണ്ടുനടത്താനും കഴിയും എന്ന് ഐ ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടന വഴി ABUNDANCE മനസ്സിലാക്കി. ലോകത്തെ മികച്ച വിദ്യാഭ്യാസ സൈറ്റുകളുടെ ഓഫ് ലൈന്‍ പതിപ്പുകള്‍ ലഭ്യമാക്കുന്ന RACHEL സാങ്കേതികതയും കീപോഡ്സ് ഫ്ലാഷ് ഡ്രൈവുകളും നവീകരിച്ചെടുത്ത പഴയ ലാപ്ടോപ്പുകളും ഇക്കാര്യത്തില്‍ പ്രയോജനപ്പെട്ടു. പരിമിതമായ സാമ്പത്തികശേഷി ഉപയോഗിച്ച് 150 കീപോഡ്സ് പദ്ധതിക്കായി സംഘടിപ്പിച്ചു . പരിശീലനക്ലാസുകളില്‍ പങ്കെടുത്തിരുന്നവരുടെ ആവശ്യപ്രകാരം നേതൃത്വപാടവം, കാലാവസ്ഥാവ്യതിയാനം, സോപ്പ് നിര്‍മ്മാണം , വെല്‍ഡിംഗ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട 'Do It Yourself' വീഡിയോകള്‍ ലഭ്യമാക്കി. ചിലിംബ സെക്കന്‍ററി സ്കൂളിലെ ഒരു മുറിയാണ് ഇ ലേണിംഗ് സെന്‍റര്‍ ആയി പരിവര്‍ത്തനം ചെയ്യപ്പെട്ടത്. ജീവിതത്തില്‍ മൊബൈല്‍ ഫോണോ ലാപ്ടോപ്പോ കണ്ടിട്ടില്ലാത്തവരുമുണ്ടായിരുന്നു യുവാക്കളുടെ കൂട്ടത്തില്‍. ആള്‍ക്കൂട്ടധനസമാഹരണവും അഭ്യുദയകാംക്ഷികളുടെ കൈയയച്ച സംഭാവനകളും സുമനസ്സുകളുടെ സന്നദ്ധസേവനവും വഴി ആവശ്യത്തിനുള്ള മൂലധനം കണ്ടെത്തി. യുവാക്കളില്‍ പലരും ചെറിയ തൊഴില്‍ സംരംഭങ്ങളിൽ താത്പര്യവുമായി സംഘടനയെ സമീപിച്ചിരുന്നു. ഇ ലേണിംഗ് സെന്‍ററില്‍ ഏതന്വേഷണത്തിനുമുള്ള ഉത്തരം വിരല്‍ത്തുമ്പിലായിരുന്നു. നാല്‍പ്പത്തഞ്ചു പേര്‍ക്ക് ഒരേ സമയം പരിശീലനം കൊടുക്കാവുന്ന സംവിധാനമാണ് സെന്‍ററിൽ ഉള്ളത്. പഠനസാമഗ്രികളും സൌകര്യവും ഗ്രാമത്തിന്‍റെ മുക്കിലും മൂലയിലും എത്തിക്കുക എന്നതാണ് ലക്ഷ്യം.
അടുത്ത ശ്രമം സഹകരണാടിസ്ഥാനത്തില്‍ ഒരു ഗ്രന്ഥശാല തുടങ്ങാനായിരുന്നു. ശിശുപരിപാലന സെന്‍ററില്‍ ഒരു മുറിയാണ് ലൈബ്രറിയായി രൂപാന്തരപ്പെട്ടത്. മേശകളും കസേരകളും പുസ്തകങ്ങളും വ്യക്തികളില്‍ നിന്ന് സംഭാവനയായി കൈപ്പറ്റി. സംഘടനയുടെ സഹായത്തോടെ, തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിന്‍റെ ഭാഗമായി, ആശാരിപ്പണിയില്‍ പരിശീലനം സിദ്ധിച്ച ഒരാളാണ് പുസ്തകം സൂക്ഷിക്കാന്‍ രണ്ട് അലമാറകള്‍ നിര്‍മ്മിച്ചൂകൊടുത്തത്. ലൈബ്രേറിയനായി ചുമതലയേല്‍ക്കാന്‍ കൂട്ടത്തില്‍ നിന്നൊരാള്‍ തയ്യാറായി. പുസ്തകങ്ങള്‍ സംഭാവന ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് അധികൃതരുമായി ബന്ധപ്പെടാനുള്ള സംവിധാനമുണ്ടാക്കി.
കോവിഡ് സമയത്ത് ABUNDANCE തുണി മാസ്ക്കുകള്‍ നിര്‍മ്മിച്ച് ഗ്രാമവാസികള്‍ക്കിടയില്‍ വിതരണം ചെയ്തു. നേരത്തേ സൂചിപ്പിച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ അവസരം ഉപയോഗപ്പെടുത്തി തുന്നൽ ജോലി പഠിച്ച ഒരു സ്ത്രീയാണ് ഇതിന് മേല്‍നോട്ടം വഹിച്ചത്. ലോകത്തോടൊപ്പം കൊട്ടിയടച്ച മ്ബാന്‍ഡോയില്‍ മുടക്കമില്ലാതെ, നാട്ടില്‍ തന്നെ നിർമ്മിച്ച സോപ്പ് വിതരണം ചെയ്തതും സംഘടനയായിരുന്നു.
കൃഷി ചെയ്തും മത്സ്യം പിടിച്ചും ജീവിതം കൊണ്ടുനടത്താന്‍ കാലാവസ്ഥയിലെ അപ്രതീക്ഷിതമാറ്റങ്ങളും പ്രകൃതികോപങ്ങളും നാട്ടുകാരെ അനുവദിക്കുന്നുണ്ടായിരുന്നില്ല. ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് തൊഴിലും സുസ്ഥിരവരുമാനവും ഉറപ്പാക്കൂന്ന ഒരു സ്ഥാപനം മ്ബാന്‍ഡോയില്‍ തുടങ്ങണം എന്ന ആശയം പൊങ്ങിവന്നത് അങ്ങനെയാണ് .
ഡയറക്റ്റര്‍ മിസ് റൂത്ത് മുംബയുടെ നേതൃത്വത്തില്‍ നടന്ന യോഗങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ പൊതുസംരംഭമായി ഒരു അരിമില്ല് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. പൂര്‍ണമായും ഒരു സ്ത്രീ സംരംഭമായിരുന്നു അത്. പരിശീലനം കിട്ടിയ പതിനാറ് സ്ത്രീകള്‍ ചേര്‍ന്ന് അതിന്‍റെ നടത്തിപ്പ് ഏറ്റെടുത്തു. സമൂഹത്തിന് മൊത്തം പ്രയോജനപ്പെടുന്നതും കൂട്ടായ ശ്രമത്തിന് അവസരം തരുന്നതുമായ സ്ഥാപനമായി അത് വളര്‍ന്നു. ഗ്രാമവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ ധാന്യങ്ങള്‍ ഉമി കളഞ്ഞ് മേടിക്കാം. സേവനങ്ങള്‍ക്ക് അടയ്ക്കേണ്ട 'തുക' സാധനങ്ങളായും നല്കാം. ഇങ്ങനെ കിട്ടുന്ന സാധനങ്ങള്‍ അപ്പോഴപ്പോള്‍ മെംബര്‍മാരുടെ തീരുമാനമനുസരിച്ച് അവര്‍ക്കിടയില്‍ തന്നെ വീതിക്കപ്പെട്ടു. മില്ലില്‍ നിന്ന് ഉമി വാങ്ങി പുതിയ ഗാസ് കുക്കറുകളില്‍ വാതക ഇന്ധനം ഉണ്ടാക്കുന്നതിന് ഉപയോഗിക്കാം. ഉമി കളഞ്ഞ് പോളിഷ് ചെയ്ത ധാന്യങ്ങള്‍ കൂടുതല്‍ വിലയ്ക്ക് കമ്പോളത്തില്‍ വില്‍ക്കാം എന്നതുകൊണ്ടും ദൂരെയുള്ള മില്ലുകളിലേയ്ക്കുള്ള യാത്രാസമയവും ചെലവുകളും ലാഭിയ്ക്കാമെന്നതുകൊണ്ടും ഇത് നാട്ടുകാരുടെ സാമ്പത്തിക നിലവാരത്തില്‍ ഗുണകരമായ മാറ്റം വരുത്തി.
സുഗമമായ പ്രവര്‍ത്തനത്തെ ഒരിടപെടല്‍ വഴി പ്രകൃതി ഇടയ്ക്കൊന്ന് തകരാറിലാക്കി. അരിമില്ല് നടന്നുവന്നിരുന്ന കെട്ടിടം കനത്ത ഒരു ചുഴലിക്കാറ്റില്‍ നിലംപൊത്തി. അത് വീണ്ടും കെട്ടിയുയര്‍ത്തുക എന്നത് സാമ്പത്തികമായും അല്ലാതെയും ശ്രമകരമായ ജോലിയായിരുന്നു..
മഴക്കാലവും വേനല്‍ക്കാലവുമായി മലാവിക്കാര്‍ക്ക് രണ്ടുതരം കാലാവസ്ഥയേ ഉള്ളൂ. ഈ കാലങ്ങളില്‍ ഉണ്ടാവുന്ന നനഞ്ഞതും അല്ലാത്തതുമായ ജൈവമാലിന്യം ഒരേപോലെ ഉപയോഗിക്കാനാവുന്ന ഗാസ്പ്ലാന്‍റ് പ്രത്യേകം രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചു. ബയോഗാസും ബയോസിന്‍ ഗാസും പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുതുടങ്ങിയത് ഗ്രാമത്തിലെ ചിലിംബ പ്രൈമറി സ്കൂളിന്‍റെ അടുക്കളയില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പാകം ചെയ്യാനാണ്. ഇന്ധനം ഉത്പാദിപ്പിക്കാന്‍ ആവശ്യമായ ജൈവമാലിന്യം മുടങ്ങാതെയും തരം തിരിച്ചും ശേഖരിക്കേണ്ടതുണ്ടായിരുന്നു. ഗ്രാമത്തിലെ അരിമില്ലില്‍ നിന്ന് ഉമിയും ചെറിയ കൃഷിയിടങ്ങളില്‍ നിന്ന് ചാണകവും കരിമ്പിന്‍ ചണ്ടിയും പതിവായിത്തന്നെ ശേഖരിക്കാന്‍ ഏര്‍പ്പാടാക്കി. പദ്ധതിയില്‍ ജനപങ്കാളിത്തം ഉറപ്പിക്കാന്‍ ലഭിച്ച ആദ്യ അവസരമായി അത്. അഞ്ച് പുരുഷന്മാരും അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്ന ചെറുപ്പക്കാരുടെ ഒരു പത്തംഗ സംഘത്തിന് ABUNDANCE രൂപം നല്കി. അവരെ ബോധവത്ക്കരിക്കാന്‍ വര്‍ക് ഷോപ്പുകള്‍ സംഘടിപ്പിച്ചു. ജൈവമാലിന്യശേഖരണത്തിന് ആവശ്യമായ തൊഴില്‍ പരിശീലനം നല്കി. കൈയൂറകളും ബക്കറ്റുകളുമായി മാലിന്യശേഖരണത്തിനാവശ്യമായ സാമഗ്രികളും നല്കി.
അന്തരീക്ഷ - പരിസര മലിനീകരണങ്ങളും വനനശീകരണവും കാലാവസ്ഥാവ്യതിയാനവും കൂട്ടത്തില്‍ ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങളും കുറച്ചും പരിസ്ഥിതി സൌഹാര്‍ദ്ദപരമായി പുനരുപയോഗ ഊര്‍ജസ്രോതസ്സുകളുടെ ഉപയോഗം കൂട്ടിയും ചെറിയ തോതിലെങ്കിലും തൊഴില്‍മേഖലയെ പുഷ്ടിപ്പെടുത്തിയും ഇത് ഭാവിയില്‍ സ്വയംപര്യാപ്തതയുടെ വഴിയില്‍ രാജ്യത്തിന് ഏറെ ഗുണകരമായി തീരും എന്ന് ABUNDANCE വിശ്വസിക്കുന്നു.
ഇതിനിടെ ചെറിയ കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളും മുതിര്‍ന്നവര്‍ക്ക് സ്പോര്‍ട്ട്സ് സാമഗ്രികളും എത്തിച്ചുകൊടുക്കാനും സംഘടന ശ്രദ്ധിച്ചു. ആ വഴിക്കുള്ള ചെലവിന്‍റെ ഒരു ഭാഗം സ്വന്തം ശ്രമത്തിലൂടെ സ്വരൂപിച്ചെടുത്ത് ഗ്രാമത്തിലെ ചെറുപ്പക്കാര്‍ അവരുടെ കൂട്ടുത്തരവാദിത്വബോധം പ്രകടമാക്കി. ABUNDANCE ന്‍റെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു അതും. കൈയില്‍ ഒതുങ്ങുന്ന കാരുണ്യപ്രവര്‍ത്തനങ്ങളും സമാന്തരമായി മുന്നോട്ട് പോകുന്നുണ്ടായിരുന്നു. തണുപ്പ് കാലം തുടങ്ങുന്നതിന് തൊട്ട് മുന്‍പ് 117 വൃദ്ധജനങ്ങള്‍ക്ക് കമ്പിളിപ്പുതപ്പുകള്‍ കൊടുത്തുകൊണ്ട് 2016 ല്‍ തന്നെ അതിനും തുടക്കം കുറിച്ചു
പണമായും സാധനങ്ങളായും സേവനങ്ങളായും ABUNDANCE ന് അതിന്‍റെ ശ്രമങ്ങളില്‍ കൂട്ടായവരില്‍ വ്യക്തികളും സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ഉണ്ട്. അവയെ അന്വേഷിച്ചു കണ്ടെത്തുന്നതിലും ഒരുമിപ്പിക്കുന്നതിലും വേണ്ട ശ്രദ്ധ പുലര്‍ത്തുന്ന ഒരു ഭരണ - നിര്‍വാഹക കൂട്ടായ്മ ദീപയുടെ നേതൃത്വത്തില്‍ അതിനകം രൂപപ്പെട്ടുകഴിഞ്ഞിരുന്നു.
ഡയരക്റ്റര്‍ റൂത്ത് മുംബയുടെ മേല്‍നോട്ടത്തില്‍ സാനിട്ടറി പാഡുകളുടെ നിര്‍മ്മാണവും ശരിയായ ഉപയോഗരീതികളും എന്ന വിഷയത്തില്‍ വര്‍ക്ക് ഷോപ്പ് നടത്തി. പെണ്‍കുട്ടികളും സ്ത്രീകളുമായി എണ്‍പതിലധികം പേര്‍ പരിപാടിയില്‍ പങ്കുകൊണ്ടു. ബട്ടണുകള്‍ ഉപയോഗിച്ച് സുരക്ഷിതമായി ശരീരത്തില്‍ ബന്ധിക്കാവുന്നതും ആവര്‍ത്തിച്ച് ഉപയോഗിക്കാവുന്നതും ആയ തുണി പാഡുകളുടെ നിര്‍മ്മാണത്തില്‍ അന്‍പതിലേറെ പെണ്‍കുട്ടികള്‍ക്ക് പ്രായോഗിക പരിശീലനം നല്കി. തുണിയും തുന്നല്‍ സാമഗ്രികളും ഉള്‍പ്പെടുന്ന പാഡ് നിര്‍മ്മാണ കിറ്റുകള്‍ അവര്‍ക്കിടയില്‍ വിതരണം ചെയ്തു.
ആരോഗ്യസംരക്ഷണത്തോടൊപ്പം തൊഴിലും എന്ന ആശയം ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. സ്കൂളിലെ ഹാജര്‍ നിലവാരത്തോടൊപ്പം പെണ്‍കൂട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യവും മെച്ചപ്പെടുന്നതിന്‍റെ വ്യക്തമായ സൂചനകള്‍ കണ്ടുതുടങ്ങി.
|അന്ധവിശ്വാസങ്ങളുടെയും അറിവില്ലായ്മയുടെയും കെട്ടുപാടുകളില്‍ നിന്ന് യുവജനങ്ങളെ ആവുന്നത്ര മോചിപ്പിച്ച് അവര്‍ക്കിടയില്‍ ആരോഗ്യകരമായ ലൈംഗിക ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് ബോധവത്ക്കരണക്ലാസുകള്‍ സംഘടിപ്പിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ലിറ്റില്‍ ബിഗ് പ്രിന്‍റ്സ് എന്ന സന്നദ്ധസംഘടനയുടെ ക്ഷണമനുസരിച്ച് സോംബായിലെ ചിരുംഗാ സ്കൂളിലും ABUNDANCE ഇതേ തരത്തിലുള്ള വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിക്കുകയുണ്ടായി
നേരത്തേ സൂചിപ്പിച്ച മ്ബോസ ക്ലിനിക്കിലേയ്ക്ക് രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരാന്‍ ചെലവ് കുറഞ്ഞ വാഹനം എന്ന നിലയില്‍ ഒരു സൈക്ക്ള്‍ ആംബുലന്‍സ് 2016 അവസാനത്തോടെ ABUNDANCE സംഭാവന ചെയ്തു. ഗിയറുള്ള സൈക്ക്ളിന് പിന്നില്‍, ചക്രങ്ങള്‍ ഘടിപ്പിച്ച സ്റ്റ്രെച്ചര്‍ ബന്ധിപ്പിച്ചാണ് ഇത് നിര്‍മ്മിച്ചത്. ഒരു വര്‍ഷത്തിന് ശേഷം മലാവിയന്‍സ് ഇന്‍ ടെക്സാസ് എന്ന സംഘടനയുടെ വക രണ്ടാമത്തെ സൈക്ക്ള്‍ ആംബുലന്‍സും ലഭിച്ചു. ഒരു വിമാനയാത്രയില്‍ പരിചയപ്പെടാനിടയായ ആന്‍ഡ്രൂ ക്രോഞ്ഞെ എന്ന മനുഷ്യസ്നേഹിയുടെ ശ്രമമായിരുന്നു അതിന് പിന്നില്‍ എന്ന് ഓര്‍മ്മിക്കവേ ദീപ പറയുന്നു :
"ആകസ്മികമായ കൂടിക്കാഴ്ചകള്‍ നാം കരുതുന്നതുപോലെ ആകസ്മികമാവണമെന്നില്ല . മഹത്തായ ഏതോ ആശയ സാക്ഷാല്‍ക്കാരത്തിനായി സംഭവിക്കുന്നയാവാം അവ."
മ്ബാന്‍ഡോയില്‍ മലേറിയ പടര്‍ന്നപ്പോള്‍ നാല്‍പ്പതിലധികം കുട്ടികളെ ക്ലിനിക്കിലേയ്ക്കും തിരിച്ച് വീടുകളിലേയ്ക്കും എത്തിക്കുന്നതില്‍ വലിയ സേവനമാണ് സൈക്ക്ള്‍ ആംബുലന്‍സുകള്‍ക്ക് നിര്‍വഹിക്കാനായത്.
വനനശീകരണത്തിന്‍റെ ദൂരവ്യാപകമായ ദോഷഫലങ്ങളും കാലാവസ്ഥാവ്യതിയാനം നിയന്ത്രിക്കുന്നതില്‍ പരിസ്ഥിതിസംരക്ഷണത്തിനുള്ള പങ്കും ജനങ്ങളെ ബോദ്ധ്യപ്പെടുത്തി, നഷ്ടപ്പെട്ട വനസമ്പത്ത് തിരികെ കൊണ്ടുവരാന്‍ ഉള്ള ശ്രമം ABUNDANCE തുടങ്ങിവെച്ചു. രാജ്യത്ത് ഒരു ലക്ഷം മരങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്നതായിരുന്നു പദ്ധതി. വിത്തുശേഖരണത്തിലും മുളപ്പിച്ച വിത്തുകള്‍ ഉപയോഗിച്ച് വൃക്ഷത്തൈകളുടെ നഴ്സറി തയ്യാറാക്കുന്നതിലും വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ ക്ലാസുകള്‍ നടന്നു. വര്‍ദ്ധിച്ച ഉത്സാഹത്തോടെ ഗ്രാമത്തിലെ യുവതലമുറ ഈ ഉദ്യമങ്ങളില്‍ പങ്ക് ചേര്‍ന്നു. ക്ലാസുകളില്‍ പങ്കെടുത്ത യുവാക്കള്‍ അതില്‍ നിന്നു കിട്ടിയ ആവേശവുമായി ചുവന്ന പയര്‍ കൃഷി ചെയ്യുന്ന ഒരു പ്രൊജക്റ്റ് സ്വന്തമായി കണ്ടെത്തി നടപ്പാക്കി.
ഗ്രാമത്തിന്‍റെ ബഹുമുഖമായ വളര്‍ച്ചയ്ക്കായി ABUNDANCE നടത്തിയ ഇടപെടലുകള്‍ക്ക് കനത്ത പ്രഹരമാണ് മഹാമാരി ഏല്‍പ്പിച്ചത്. പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും മന്ദഗതിയിലാവുകയും ചെയ്തു. ലോക സാമ്പത്തിക ശക്തികള്‍ പോലും ഒരാഗോളമാന്ദ്യത്തിന്‍റെ ഭയപ്പാടില്‍ പതറുമ്പോള്‍ മലാവിയെ പോലുള്ള രാഷ്ട്രത്തിന്‍റെ അവസ്ഥ പറയേണ്ടതില്ലല്ലോ. ചുറ്റുപാടുകള്‍ സാധാരണ ഗതിയിലേയ്ക്ക് തിരിച്ചു വന്ന് കഴിഞ്ഞതോടെ വീണുകിടന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ മ്ബാന്‍ഡോവും ശ്രമം തുടങ്ങിയിട്ടുണ്ട്..
മറ്റെല്ലാ പദ്ധതികളെയും പോലെ മ്ബാന്‍ഡോ പദ്ധതിയും വിജയിക്കണമെങ്കില്‍ നിരന്തര നിരീക്ഷണത്തിലൂടെ വിലയിരുത്തലിലൂടെ സ്വയംവിമര്‍ശനത്തിലൂടെ ജനസമ്പര്‍ക്കത്തിലൂടെ ഓര്‍മ്മപ്പെടുത്തലുകളിലൂടെ അവയുടെ തുടര്‍ച്ചകള്‍ ഉറപ്പിക്കേണ്ടതുണ്ട്. ഒരു ജനതയുടെ ജീവിതശീലമായി വളരുമ്പോഴേ ഏത് സംഘടനയ്ക്കും പ്രവര്‍ത്തനം ഇനിയൊരിടത്തേയ്ക്ക് വ്യാപിപ്പിക്കാനായി മാറിനില്‍ക്കാനാവൂ.
ABUNDANCE WORLDWIDE പകര്‍ത്താവുന്ന മാതൃകയാണ്. ആശയമായി അത് ജനിച്ചത് ദീപ പുല്ലാനിക്കാട്ടില്‍ എന്ന ഒരാളുടെ മനസ്സിലാണെന്നത് സത്യം. അതിന്‍റെ വിജയയാത്രയില്‍ പക്ഷേ സമര്‍പ്പണബോധത്തോടെ സഹകരിച്ച ഒരുപാട് പേരുണ്ട് - സ്ഥാപനങ്ങളും സര്‍ക്കാരുമുണ്ട്.
ജലച്ചായചിത്രം
അവസാനത്തെ ഇല എന്ന ഒ .ഹെൻറി കഥയിലെ കേന്ദ്ര കഥാപാത്രമാണ് ജോൺസി എന്ന പെൺകുട്ടി. ന്യുമോണിയ ബാധിച്ച് കിടപ്പിലായിരുന്ന അവൾ , ജനാലയ്ക്കപ്പുറത്ത് നിന്നിരുന്ന ഒലീവ് മരത്തിലെ അവസാന ഇല വീഴുന്നതോടൊപ്പം താൻ മരിക്കും എന്ന് വിശ്വസിച്ചു. ഒരു രാത്രി ആ ഇല വീണത് അവളറിഞ്ഞില്ല. അവൾ മരിച്ചുമില്ല. രാത്രി, മഞ്ഞ് കൊണ്ടുനിന്ന്, പഴുത്ത് വീഴാറായ ഒരിലയുടെ ചിത്രം വരച്ച്, മരക്കൊമ്പിൽ ഒട്ടിച്ചുനിർത്തി, ബെര്‍മാന്‍ എന്ന അലസനായ ചിത്രകാരൻ അവളേയും അവളുടെ വിശ്വാസത്തേയും കാത്തു.. ആ തണുപ്പ് ന്യൂമോണിയയായി വന്ന്, പക്ഷേ, ചിത്രകാരന്‍റെ ജീവനെടുത്തു.. തന്‍റെ, ഏറ്റവും നല്ല ചിത്രം വരയ്ക്കാനിരിക്കുന്നേയുള്ളൂ എന്ന് അത്രയും കാലം പറഞ്ഞു നടന്ന ബെര്‍മാന്‍, മരിച്ചതിനു ശേഷം, കഥയിൽ നിന്നിറങ്ങി നടന്നു. ഈ ഭൂമിയിൽ, എവിടെയോ, കഥാപാത്രങ്ങളുടെ നഗരത്തിൽ, താഴെ ആള്‍ത്താമസമില്ലാത്ത ഒരു രണ്ടുനിലക്കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിൽ, മറ്റൊരു കഥയിലേയ്ക്ക് നടന്നുകയറി- കാലപരിഗണനകളില്ലാതിരുന്ന അവിടെ താമസമാക്കി… അതൊരു നീണ്ട ഒറ്റമുറിയായിരുന്നു. എത്രയോ കാലമായിട്ടെന്ന പോലെ ഒരു വശത്ത് സ്റ്റാൻഡിൽ ഉറപ്പിച്ച കാൻവാസും മുന്നിൽ തളികകളിൽ അലങ്കോലപ്പെട്ട്, വരണ്ട്, ചായക്കൂട്ടുകളും ബ്രഷുകളും കിടന്നിരുന്നു . വശത്ത് ജനലിനോട് ചേര്‍ന്ന് ഇട്ടിരുന്ന കട്ടിലില്‍, എത്രയോ കാലത്തെ പതിവെന്ന മട്ടിൽ ബെര്‍മാന്‍ ഉണര്‍ന്നു. …….അഴികളില്ലാത്ത ജനാലയിലൂടെ ഉച്ചയോടടുക്കുന്ന പകലിന്‍റെ ചൂടുള്ള വെളിച്ചം അകത്തേയ്ക്ക് ഒഴുകുന്നുണ്ടായിരുന്നു. ചിലന്തിവലകള്‍ മൂടിയ മേല്‍ത്തട്ടില്‍ നിന്ന് കണ്ണ് പിന്‍വലിച്ച് അയാള്‍ പുറംലോകത്തെ നോക്കി. കിടന്ന കിടപ്പില്‍, കാലെത്തിച്ച് ജനാലക്കൊളുത്ത് നീക്കി. ഒരതിസാധാരണ ദിവസം അവിടെ നിശ്ചലചിത്രമായി നിവര്‍ന്നു. പരന്നുള്ളോട്ട് വളഞ്ഞ മൈതാനത്തിനും കെട്ടിടത്തിനും ഇടയിൽ പ്രധാന പാത നെടുകെ നീണ്ടുകിടന്നു. ചുറ്റും ചിതറിയ വീടുകള്‍ക്കിടയിലൂടെ വളഞ്ഞും തിരിഞ്ഞും മറഞ്ഞും വെട്ടപ്പെട്ടും നാട്ടുവഴികള്‍ പടർന്നു. പാതയോരങ്ങളില്‍ പന്തലിച്ച മരങ്ങളില്‍ ഇലകൾ ചലനമറ്റ് നിന്നു – നാൽക്കാലികളും പക്ഷികളും അപ്പൊഴപ്പോൾ കാഴ്ചപ്പുറത്ത് വന്നുമറഞ്ഞു.. പതിവ് നന്മകളിലും തിന്മകളിലും മുഴുകി ഒറ്റപ്പെട്ട്, മനുഷ്യരും ! മറ്റാരോ തീര്‍ത്ത പാത്രങ്ങളില്‍ ജനിച്ച്, പുറത്തേയ്ക്ക് ഒഴുക്കപ്പെട്ടപ്പോഴൊക്കെ, മറ്റാരോ തീര്‍ത്ത വഴികളില്‍ ഒഴുകി ഒടുങ്ങുന്ന മനുഷ്യര്‍ സ്വന്തം കൈയൊപ്പ് പതിഞ്ഞ ഒരു കഥയോ കവിതയോ ചിത്രമോ എഴുതാൻ ബാക്കിയുണ്ടെന്ന അലട്ടലോ ആധിയോ തീണ്ടാത്തവര്‍.ബെര്‍മാന്‍റെ താത്പര്യമില്ലാത്ത കണ്ണുകള്‍ അവരെ പിന്തുടര്‍ന്നു: എന്തൊരു സാന്ദ്രമായ ജഡത ! പതിവായിട്ടാവട്ടെ, അല്ലാതെയാവട്ടെ. ഈ കാഴ്ചകള്‍ ആരുടെ മനസ്സില്‍ എന്ത് മാറ്റമാവും ഉണ്ടാക്കുക?അയാള്‍ തിരിഞ്ഞുകിടന്നു..-മറിച്ചും ആലോചിക്കാം .. അങ്ങനെയൊരു മാറ്റംവേണമെന്ന് വാശി പിടിക്കാതെ ഓരോ ദിവസത്തേയും, വരുന്ന മുറയ്ക്ക് സന്തോഷത്തോടെ ജീവിച്ചു തീർക്കുകയും ആവാമല്ലോ .. ‘ആയിക്കൂടേ ..?’ എന്ന് ചോദിച്ചുകൊണ്ട് ഉസ്ബെക്കിസ്ഥാനിലെ ഒമർ മനസ്സിൽ കയറിവന്നു … ഒപ്പം മുടന്തനായ തിമൂറും അയാളുടെ പുതുമണവാട്ടിയും! മധുവിധുവിന്‍റെ ചൂടാറും മുന്‍പേ യുദ്ധം ചെയ്യാനും വെട്ടിപ്പിടിക്കാനുമായി നാടുവിട്ട സുല്‍ത്താന്, മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ അപ്രതീക്ഷിത ഉപഹാരമായി കൊടുക്കാന്‍ ബീവി പണി കഴിപ്പിച്ച കൊട്ടാരത്തിന്‍റെ ശില്‍പിയായിരുന്നു ഒമര്‍. പണി പാതിയായ കൊട്ടാരം കാണാനെത്തിയ റാണിയെ, മുഖപടമില്ലാതെ ഒരു മാത്ര ഒമര്‍ കണ്ടു – അയാളുടെ മനസ്സിന്‍റെ സ്വാസ്ഥ്യം നഷ്ടപ്പെട്ടു. കൊട്ടാരത്തിൻറെ പണി മുടങ്ങി.- ആഴ്ചകളും മാസങ്ങളും പണി നടക്കാതിരുന്നപ്പോള്‍ റാണിയുടെ ദൂതൻ ശില്പിയെ ആളയച്ചുവരുത്തി… കൊട്ടാരം പണി പറഞ്ഞ സമയത്ത് തീര്‍ക്കാന്‍ ഒമർ മുന്നിൽ വെച്ച നിബന്ധന ദൂതനെ ഞെട്ടിച്ചു : “റാണിയുടെ കവിളില്‍ എനിക്ക് ഒരു തവണ ചുംബിക്കണം !–’’ ഒന്നും പറയാനാവാതെ, അയാള്‍ മടങ്ങി- പണി മുന്നോട്ട് നീങ്ങാതിരുന്നപ്പോൾ പല വഴിക്ക് ഒമറെ അനുനയിപ്പിക്കാൻ നോക്കി – ശകാരിച്ചു – തടവിലിടുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ശില്‍പി വഴങ്ങിയില്ല. “ഒരു ചുംബനം – അതില്‍ കവിഞ്ഞൊന്നും ഈ ജന്മം കൊണ്ട് നേടാനില്ല.! അതിനായി കൊട്ടാരനിര്‍മ്മിതി, അനന്തമായി നീട്ടിവയ്‌ക്കേണ്ടി വന്നാലും തെറ്റില്ല-” അത് ഒമറിന്‍റെ തത്വശാസ്ത്രം- തനിക്ക് സ്വീകാര്യമായി തോന്നുന്നില്ല.- അതുകൊണ്ട് മാത്രം, പക്ഷേ, അത് ശരിയല്ലാതാവുന്നുമില്ല! ബെർമാൻ നിഷേധാർത്ഥത്തിൽ തലയാട്ടി. സുല്‍ത്താന് കൊടുക്കാനുള്ള പാരിതോഷികത്തിന്‍റെ പണി പൂർത്തിയായിക്കിട്ടാനുള്ള അതിമോഹത്തിൽ, പഴുതറ്റപ്പോള്‍, റാണി ഒമറിനെ കൊട്ടാരത്തിലേയ്ക്ക് വിളിപ്പിച്ചു. ചുംബനം ഏറ്റുവാങ്ങാനാവശ്യമായത്ര ഭാഗം മാത്രം കവിൾ അനാച്ഛാദനം ചെയ്ത്, ശില്പിയുടെ ആഗ്രഹം നിവർത്തിച്ചു കൊടുത്തു. ഉള്ളിലെ എതിർപ്പിന്‍റെ ചൂടിൽ, ഒമർ ചുംബിച്ച ഇടം ചുണ്ടുകളുടെ ആകൃതിയില്‍ പൊള്ളി- കരുവാളിച്ചു. അന്ത:പുരം വിട്ട് റാണി അതിനുശേഷം പുറത്ത് വന്നില്ല. യുദ്ധത്തിൽ നേടിയ പൊന്നും പണവുമായി മടങ്ങിയെത്തിയ തിമൂർ, തന്നെ സ്വീകരിക്കാൻ എത്താത്ത ബീവിയെ അകത്തെത്തി കണ്ടു ……. രാജസമ്മാനം വാങ്ങാൻ എത്താൻ ശിൽപിയ്ക്ക് ഉത്തരവ് പോയി. പുതിയ കൊട്ടാരത്തിൻറെ വിശാലമായ പൂമുഖത്ത്, സിംഹാസനത്തില്‍ തിമൂര്‍ കാത്തിരുന്നു. ഒമര്‍ വന്നു . കൊട്ടാരത്തിലേയ്ക്കുള്ള പടവുകള്‍ കയറി… മൂന്നാമത്തെ പടവില്‍, കരുതിയിരുന്നിടത്ത് കാലിലെ പെരുവിരല്‍ അമര്‍ന്നപ്പോള്‍ ഭൂഗർഭത്തിലേയ്ക്ക് വഴി തുറന്നു. സുല്‍ത്താനെ താണ് വണങ്ങി, പ്രണയസ്മാരകത്തെ സ്വന്തം ശവക്കല്ലറയുമാക്കി ഒമര്‍ അപ്രത്യക്ഷനായി… റാണി തൻറെ എതിർപ്പിൽ ഉറച്ചുനിന്നിരുന്നെങ്കിൽ കഥ എങ്ങനെയായിരുന്നിരിക്കും അവസാനിച്ചിരിക്കുക ? — ബെർമാൻ ആലോചിക്കാൻ ശ്രമിച്ചിട്ടുണ്ട്. …. ഒമർ വഴങ്ങിയിരിക്കാൻ സാദ്ധ്യതയില്ല.. അപൂർണമായ കോട്ടയും തുടർന്നൊന്നും നിർമ്മിക്കാതെ, സൃഷ്ടിക്കാതെ, ഒമറും എന്ന കഥയില്ലായ്മയിൽ കഥയ്ക്ക് അവസാനിക്കേണ്ടി വന്നിരുന്നേനേ… ദിനാന്തരീക്ഷസ്ഥിതിയില്‍ മാറ്റം അനുഭവപ്പെട്ടപ്പോള്‍ ബെര്‍മാന്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. വെയിലിന്‍റെ കാഠിന്യം കുറഞ്ഞിരിക്കുന്നു- ആകാശത്ത് ഒരു മുന്നറിയിപ്പിൻ്റെ കാർക്കശ്യത്തോടെ മേഘങ്ങള്‍ ഉരുണ്ടുകയറിയിരിക്കുന്നു. നോക്കിയിരിക്കെ പുറംലോകത്തിൻ്റെ മുഖം മങ്ങി –ഓര്‍ക്കാപ്പുറത്ത് വെള്ളത്തുള്ളികള്‍ മുഖത്ത് വീണു – വലിയ വലിയ തുള്ളികൾ– ചരല്‍ വാരിയെറിയുന്ന ഒച്ചയിൽ ദൂരെ നിന്ന് മഴ ഇരച്ചെത്തി..കാറ്റിന്‍റെ കരുത്തില്‍, ചെരിഞ്ഞ് പെയ്യുന്ന മഴ ! പുറത്തെ ഭാവമാറ്റങ്ങള്‍ പഠിച്ച്, ജനാലയില്‍ നിന്ന് പിൻവാങ്ങി അയാള്‍ നിന്നു. മൈതാനത്തിനപ്പുറത്തെ കാഴ്ചകള്‍ക്ക് മേല്‍ നിറംമങ്ങിയ യവനിക വീണു. അതിനപ്പുറവും ഇപ്പുറവും മുഖംമൂടികളഴിച്ച ജീവികള്‍ അഭയം തിരഞ്ഞു പാഞ്ഞു. നോക്കിയിരിക്കെ കാറ്റ് കനത്തു. മൈതാനത്തിന്‍റെ നടുവില്‍ എവിടെയോ നിന്ന് ചുഴലി രൂപപ്പെട്ടു.. ചുവന്ന മണ്ണും ഉണക്കിലകളും ചുള്ളിക്കമ്പുകളും ഭ്രാന്താവേശത്തില്‍ വട്ടം ചുറ്റി മുകളിലേയ്ക്ക് ഉയര്‍ന്നു. പിന്നെ നിരാലംബരായി സമതലങ്ങളിലേയ്ക്ക് മടങ്ങി. നനഞ്ഞ മണ്ണിന്‍റെ മണം –. കാറ്റിൽ പരിസരം ഉറഞ്ഞാടി. വലയിൽ പെട്ട വന്യമൃഗമായി നഗരം കുതറി. ചീറിയിരമ്പി.. വെള്ളം, ചൂടിന്‍റെ ഉറവിടങ്ങള്‍ അന്വേഷിച്ച് മണ്ണില്‍ ലയിച്ചു – ലയിക്കാന്‍ കഴിയാത്തിടങ്ങളില്‍ പാർശ്വങ്ങളിലേയ്ക്ക് വ്യാപിച്ചു. അവിടെ ശക്തിയാര്‍ജ്ജിച്ചു. അതിന് ചുവന്ന നാവുകള്‍ മുളച്ചു. പൊത്തുകളിലും പോടുകളിലും അവ കടന്നുചെന്നു. മൂടിവെച്ച വൃത്തികേടുകളും അന്ത:ക്ഷോഭങ്ങളും കലങ്ങിമറിഞ്ഞു പുറത്തേയ്ക്കൊഴുകി. നഗരം പുറംതോടിന്നുള്ളിലേയ്ക്ക് വലിഞ്ഞു. നഗരത്തിൻ്റെ അഹന്ത മുറിപ്പെട്ടു.. ബെര്‍മാന്‍ കട്ടിലില്‍ നിന്ന് താഴെയിറങ്ങി. കാറ്റില്‍ മൂലയിലെ കാന്‍വാസ് ചെറുതായി വിറച്ചു. അതിനെ നോiക്കിനിൽക്കേ ബെര്‍മാന്‍റെ മനസ്സില്‍ വേദനയുടെ നനവ് പരന്നു ..കാലമെത്രയോ മുന്‍പ് തുടങ്ങിയ കാത്തിരുപ്പ് …ചിത്രങ്ങൾക്ക് വേണ്ടി – ചുരുങ്ങിയത് ഒരു മഹാചിത്രത്തിനു വേണ്ടിയെങ്കിലും…. ”കൂട്ടത്തില്‍ ഞാനും കാത്തിരുന്നോ?” ബെര്‍മാന്‍ തലയാട്ടി- “ഞാൻ പിഗ്മാലിയാനല്ല.ഒരു രൂപം ചെയ്ത് അതിൻറെ അന്യൂനതയിൽ അഹങ്കരിക്കാൻ – സ്വയം മറക്കാൻ . അതുമായി പ്രണയത്തിലാവാൻ…. കൊല്ലങ്ങൾ ഇരുപതോ ഇരുനൂറോ കഴിയട്ടെ..വരയ്ക്കാനുള്ളത് വരച്ചുതീർത്തേ ബെർമാൻ പോകു..!” തണുത്ത റൊട്ടിയും ജാമും കഴിച്ചുകൊണ്ടിരുന്നപ്പോൾ മുറിയിൽ ചൂട് കുറഞ്ഞുവരുന്നതായി ബെർമാൻ മനസ്സിലാക്കി.– ഒരാലസ്യം പോലെ മോഹിപ്പിക്കുന്ന അനുഭവം.! മടങ്ങിവന്നപ്പോഴേയ്ക്ക് കാറ്റിൻറെ വികൃതിയിൽ കിടക്കയുടെ ഒരു ഭാഗം നനഞ്ഞിരുന്നു. തണുപ്പിൻറെ രശ്മികളെ ഭാഗികമായി തടഞ്ഞുകൊണ്ട് ബെർമാൻ ജനാലയുടെ ഗ്ളാസ് ഷട്ടറുകൾ താഴ്ത്തിയിട്ടു. മഴയുടെ ശബ്ദം അവ്യക്തമായി കേൾക്കാം. നനഞ്ഞ പുറംലോകം ഒരു ഗ്ളാസ് പാത്രത്തിൽ ഒതുങ്ങിയത് കാണാം. നനവിൽ നിന്ന് മാറി, പുതപ്പ് കൊണ്ട് തലവഴി മൂടി അയാൾ കണ്ണടച്ചു കിടന്നു.. ഉറക്കത്തിൽ ലയിച്ചു. ഉറക്കത്തിലും മഴയുടെ സംഗീതം വിരാമമില്ലാതെ തുടർന്നു. തണുപ്പിൽ അതിന് ഒരു താരാട്ടിൻറെ താളമുണ്ടായിരുന്നു. സൂര്യപ്രകാശത്തിൽ മഴയ്ക്ക് വർണ്ണപൊലിമയുണ്ടായിരുന്നു. നേർത്ത വെള്ളിക്കമ്പികളിൽ തൂങ്ങിനിൽക്കാനാവാതെ, ഒരു ചിത്രകാരനെ കാണാതെ, അതിന് ഭ്രാന്ത് പിടിച്ചിരുന്നു. ഇളംചുവപ്പായിരുന്നു അതിൻറെ ആദ്യഭാവം. ഭൂമിയുടെ ആശകളസ്തമിച്ചു കൊണ്ടിരിക്കെ കടുംചുവപ്പിലൂടെ അത് കറുപ്പായി മാറി – കറുത്ത മഴ ! ബെർമാൻ ഉണർന്നു. മഴ അതേ സാന്ദ്രതയിൽ തുടരുന്നുണ്ടായിരുന്നു. നഗരത്തിന് ബോധം നഷ്ടപ്പെട്ടിരിക്കുന്നു – പാതയും അപ്പുറത്തെ മൈതാനവും അപ്രത്യക്ഷമായിരിക്കുന്നു ജലത്തിൽ ഉയർന്നുനിൽക്കുന്ന ചെടികളും കെട്ടിടങ്ങളും–! ഏതോ ചില കടപ്പാടുകളാൽ ബദ്ധരായി മനുഷ്യരും മൃഗങ്ങളും അങ്ങുമിങ്ങും പ്രത്യക്ഷപ്പെട്ടു മറഞ്ഞു. ദിനകൃത്യങ്ങളുടെ ക്രമം തെറ്റിയതിനു നേരെയുള്ള നീരസം അവരുടെ ശരീര ഭാഷകളിൽ പ്രകടമായിരുന്നു . മുന്നിലെ ചെറിയ പ്രതിബന്ധങ്ങളെ കീഴടക്കിയും അല്ലാത്തവയ്ക്ക് ചുറ്റും തായ് വഴികളായി പടർന്നും ജലം മുന്നേറി. പാതയ്ക്ക് കുറുകെ വീണ മരത്തിനപ്പുറം ചുഴികൾ നിർമ്മിച്ചു. ആകാശത്തിൻറെ മുഖമുദ്രകളിൽ കറുപ്പ് വ്യാപിച്ചു. മുഷിഞ്ഞ കറുപ്പ്. ജനാലപ്പടിയിൽ ഇരുന്ന് ബെർമാൻ പുറത്തെ ഭാവമാറ്റങ്ങൾ പഠിച്ചു. “ആ നൈരന്തര്യം സുഖപ്രദമല്ല,തീർച്ച!” ഓറഞ്ചിൻറെ മരവിച്ച പുറംതൊലി അടർത്തിക്കൊണ്ട് ബെർമാൻ ആരോടുമല്ലാതെ പറഞ്ഞു. “ജഡത്തിന് മേലുള്ള ഈ കൈയേറ്റം തെറ്റാണ്- ഓരോരുത്തർക്കും നൂറോ അധികമോ കാര്യങ്ങൾ കിടക്കുന്നു ചെയ്തുതീർക്കാൻ. പോരാട്ടങ്ങൾ നിലനിൽപ്പിനു വേണ്ടിയാവണം. ശത്രുവിനെ സൃഷ്ടിച്ച് നശിപ്പിക്കാനല്ല . മൂല്യങ്ങൾ നിത്യസത്യങ്ങളല്ലാത്തിടത്തോളം കാലം അങ്ങനെ ഒരു മഴയിൽ ഇവിടം മൂടാൻ ആർക്കെന്തവകാശം…?” എന്നും പകലിൻറെ രണ്ടാം പകുതികളിൽ ബെർമാൻ അരോചകങ്ങളായ ദൈനംദിന ബാദ്ധ്യതകളിൽ കുരുങ്ങി. ഈ ഭൂമുഖത്ത് അതയാളുടെ ശാപമായിരുന്നു. ഒരു സൗരദിനം എന്ന ചുരുങ്ങിയ കാലയളവിൽ അയാൾക്കാകാവുന്നതിലേറെയായിരുന്നു ആ ഭാരം. അവ ചെയ്യാനാവാതെ, ചെയ്യാതിരിക്കാനാവാതെ, എന്നിട്ടും പുതിയതെന്തോ ചെയ്യണമെന്ന വ്യാമോഹത്തോടെ ബെർമാനും കൂട്ടരും ജീവിച്ചു. ഉറക്കത്തിലും ഉണർവിലും ബോധത്തിൻറെ അർദ്ധച്ഛായകളിൽ കാൻവാസുകൾ കാത്തുനിന്നു. അവ ഒരിക്കലും മുന്നിൽ വന്നുനിന്ന് ‘ഇത് ഞങ്ങളുടെ അവകാശമാ’ണെന്ന് ഊറ്റം കൊണ്ടില്ല. അകത്തെ ചൂടിൽ മുഖം മഞ്ഞളിച്ചപ്പോഴും കാലാന്തരത്തിൽ അവയിൽ നര പടർന്നപ്പോഴും പെയ്യാനിരുന്ന ഒരു മഴയെ സ്വപ്നം കാണുക മാത്രം ചെയ്തു. ഓറഞ്ചിൻറെ അല്ലികളിലും തണുത്ത പാനീയങ്ങളിലും കുറ്റബോധത്തിൻറെ വിഷാണുക്കൾ പെരുകി. ബെർമാൻറെ മനസ്സിൻറെ മൃദുലതകളിൽ കല്ലുവര ഏൽപ്പിച്ച് അവ ദൗത്യം നിർവഹിച്ചു. അയാൾ ചായക്കൂട്ടുകളുണ്ടാക്കി. തൂലികയുമായി കാൻവാസിന് മുന്നിലിരുന്നു. ഭൗതികമായ ഒരു ചോദനയിൽ, ശാപമേറ്റു മയങ്ങുന്ന, അലസമായ മനസ്സിൻറെ തോട് പൊട്ടിക്കാൻ ശ്രമിച്ചു. മഴ തുടർന്നുകൊണ്ടേയിരുന്നു ..ഇഴമുറിയാതെ…! ധർമ്മാധർമ്മങ്ങളറിയാത്ത കൊടുങ്കാറ്റും — പകൽ മുഴുവൻ, വെളിച്ചത്തിൻറെ ഒരു പ്രതീക്ഷ ലോകത്തെ മൂടി. നിലാവിലെ നിഴൽ പോലെ അസുഖകരമായ കാഴ്ച . ”ഈ മഴയൊന്നു തോർന്നോട്ടെ..!” അത് ലോകത്തോട് പറയുന്നതു പോലെ തോന്നി……. ഒത്തുതീർപ്പിന് തയ്യാറാവാത്ത മഴയുടെ മുന്നിൽ സന്ധ്യയ്ക്ക് മറ്റൊരു പ്രഭാതത്തെ സൂചിപ്പിക്കുക കൂടി ചെയ്യാതെ, ഭയവിഹ്വലതയോടെ അത് വെള്ളത്തിൽ ലയിച്ചു. വെള്ളത്തിൻറെ മുഖം വീണ്ടും കറുത്തു ഒച്ചപ്പാടുകളില്ലാതെ…., ആവേശം സ്ഫുരിപ്പിക്കാതെ.., മടക്കുകളിൽ നിന്ന് ഇരുട്ടിൻറെ ചുരുളുകൾ നിവർത്തി, അത് വളർന്നുകൊണ്ടേയിരുന്നു. ബലാൽസംഗത്തിനെതിരെ അന്തരീക്ഷത്തിൻറെ മുഖത്തെ അറപ്പും രക്തച്ഛവിയും മാഞ്ഞിരിക്കുന്നു. പകരം അവിടെ മരണത്തിൻറെ ശാന്തമായ കറുപ്പ് പടർന്നു.- കെട്ടടങ്ങുന്ന സ്പന്ദനങ്ങളുടെ ശബ്ദം മാത്രം കേട്ടു–ഏതോ ഭൂതകാല സ്മരണയുടെ തിളക്കത്തിൽ – ഒരവസാന വ്യാമോഹത്തിൽ…..! തണുത്ത മുന്തിരിപ്പഴങ്ങൾ വായിലിട്ടുനുണഞ്ഞ്, വരയ്ക്കാനിരുന്ന ചിത്രത്തിൻറെ രൂപരേഖകൾ മനസ്സിൽ തിട്ടപ്പെടുത്തിക്കൊണ്ട് ബെർമാൻ തലയിണയിൽ ചാരി. ….. ലോകം ഒരു മയക്കത്തിലേയ്ക്ക് വഴുതി വർണഭേദങ്ങളും മാനങ്ങളും മറന്ന് കാൻവാസിൽ രേഖകൾ കെട്ടുപിണഞ്ഞു. അടിസ്ഥാന തലങ്ങളുടെ പരിധിയും പരിമിതിയും കടന്നു വളർന്നു. പ്രഭാതമോ പ്രദോഷമോ എന്നറിയാതെ ഒരിക്കൽ കൂടി ഉറക്കമുണർന്നപ്പോൾ ബെർമാൻറെ പേടകം സമുദ്രത്തിലൊരു ദ്വീപായിരുന്നു. അയാൾ ഞെട്ടി ഒഴുക്കിൽ ജീവജാലങ്ങൾ പുഴുക്കളെ പോലെ പിടഞ്ഞു–മനുഷ്യരും മൃഗങ്ങളും – ചെറിയ കെട്ടിടങ്ങളുടെ മേൽക്കൂരകൾ അവർക്കൊപ്പം സഞ്ചരിച്ചു. ചിലപ്പോൾ, എതിരെ വന്ന തിരയിൽ എടുത്തെറിയപ്പെടുകയും അന്തരീക്ഷത്തിൽ മലക്കം മറിഞ്ഞ്, അടുത്ത അഗാധതയിൽ മുങ്ങിത്താഴുകയും ചെയ്തു. മരത്തടിക്കഷണങ്ങൾ പോലെ മനുഷ്യശരീരങ്ങൾ എവിടെനിന്നൊക്കെയോ ഒഴുകിവന്നു.മുൻകൂർ തയ്യാറാക്കിയ പഥങ്ങളിൽ ചുറ്റിത്തിരിഞ്ഞ് എങ്ങോട്ടോ മറഞ്ഞു. കണ്ടിരിക്കെ പ്രവാഹത്തിന് ശക്തി കൂടിക്കൊണ്ടിരുന്നു. ജീവൻ നശിച്ച ശരീരങ്ങൾ പായൽ പോലെ ജലോപരിതലം മൂടി. മരണത്തിന് മുൻപുണ്ടായിരുന്ന ബാദ്ധ്യതകളും വൈജാത്യങ്ങളും അവർ മറന്നതുപോലെ തോന്നി. ആവർത്തനം വഴി, ഒരു ഭീകരത സൃഷ്ടിക്കാൻ പോലും അവയ്ക്ക് ആവാതെ പോയി – ബെർമാൻ, യോഷിഹിദെ എന്ന ചിത്രകാരനെ കുറിച്ചോർത്തു. രാജാവിന് വേണ്ടി മഹാനരകചിത്രം വരയ്ക്കുകയായിരുന്നു യോഷിഹിദെ. സങ്കല്പിക്കാവുന്ന എല്ലാ ക്രൂരതകളും ചിത്രത്തിൻറെ ഭാഗമാവേണ്ടിയിരുന്നു. ഭീകരതയുടെ നിറം കാണാൻ, അയാൾ ശിഷ്യന്മാരെ അടച്ചിട്ട മുറിയിലേയ്ക്ക് വിഷപ്പാമ്പുകളെ തുറന്നുവിട്ടു. അവരെ ചാട്ട കൊണ്ട് അടിക്കുകയും ശവംതീനി പക്ഷികൾക്ക് ഭക്ഷണമായി എറിഞ്ഞുകൊടുക്കുകയും ചെയ്തു. വലിയ കാൻവാസിൻറെ നാല് മൂലകളും അവയുടെ ചിത്രങ്ങൾ നിറഞ്ഞു. ചിത്രത്തിൻറെ ഒഴിച്ചിട്ട വിശാലമായ മദ്ധ്യഭാഗത്ത് വരയ്ക്കാൻ മനസ്സിൽ കരുതിയ ആശയം യോഷിഹിദെ രാജാവിനെ അറിയിച്ചു: “ മൂന്ന് നിലകളുള്ള, അലങ്കരിച്ച ഒരു തേര് – മൂന്നാം നിലയിൽ യവനികയ്ക്ക് പിന്നിൽ വെള്ള വസ്ത്രമുടുത്ത് സുന്ദരിയായ യുവതി –. തേരിന് താഴെ നിന്ന് തീ കൊളുത്തണം. തീ കത്തിപ്പടരുന്നതോടെ യവനിക വശങ്ങളിലേയ്ക്ക് വകഞ്ഞുമാറണം. പടരുന്ന തീയിലേയ്ക്ക് ഒന്നോടെ കത്തിയമരുന്ന തേര് – സ്ത്രീയും! അതാണ് കാൻവാസിൻറെ നടുവിൽ പകർത്തേണ്ട ചിത്രം.” തൻറെ ഇംഗിതത്തിനു വഴങ്ങാതിരുന്ന, ചിത്രകാരൻറെ മകളെയാണ് ബന്ധിനിയാക്കി തേർത്തട്ടിൽ രാജാവ് നിർത്തിയിരുന്നത്. തീ പടർന്ന്, തിരശീല പകുത്ത് മാറുന്നതുവരെ യോഷിഹിദെ അതറിഞ്ഞില്ല. അറിഞ്ഞപ്പോൾ അയാളിലെ ചിത്രകാരന് അതിൽ ഇടപെടാൻ ആയതുമില്ല. തേരിൻറെ തകരുന്ന തട്ടും പുളയുന്ന തീനാളങ്ങൾക്കു മുന്നിൽ വൃദ്ധൻറെ വികൃതമായ മുഖവും ! “മഹാനരക ചിത്രം യോഷിഹിദെ പൂർത്തിയാക്കിയോ?” ജനലിന്നപ്പുറം കാണാവുന്ന ദൂരമത്രയും വെള്ളത്തിൻറെ വാൾമുനകൾ! –മഹാനരകചിത്രത്തിന് മറ്റൊരു മുഖം! ബെർമാൻ കാൻവാസിന് മുന്നിലിരുന്നു… ബ്രഷ് മയപ്പെടുത്തി– ഇരുട്ടിനേക്കാൾ ദയനീയമായ വെളിച്ചം.. ചീവീടിൻറെ സംഗീതമില്ലാത്ത രാത്രി.. കാറ്റിൻറെ പരുഷമായ മുഴക്കം. പുറംചുമരുകളിൽ തിരകളുടെ വിട്ടുവീഴ്ചയില്ലാത്ത കോപം . ബെർമാൻറെ കൺപോളകൾ കനത്തു . നിർമ്മമമായ, നിസ്സംഗമായ ഒരു പുതിയ ഭാവവുമായി കാൻവാസ് ഉറക്കം തൂങ്ങി. ചായക്കൂട്ടുകൾ തളികകളിൽ ചിതൽപ്പുറ്റ് പോലെ വളർന്നു. അവയിൽ, അബോധാവസ്ഥയിൽ അർദ്ധജീവസ്ഫുലിംഗങ്ങൾ ജനിച്ചു. തരിശുഭൂമികളിൽ മേഞ്ഞുനടന്ന്, സംയോഗത്തിൻറെ രുചിയറിയാതെ, വിലക്കപ്പെട്ട ഒരു പഴവും ഭുജിക്കാതെ, പട്ടിണി കിടന്ന് അവ മരിച്ചു. മഴ അവസാനിച്ചതായി ബെർമാൻ സ്വപ്നം കണ്ടു. മരിച്ചവർ തിരിച്ചു വന്നതായും! കഴിഞ്ഞതെല്ലാം മറന്ന് പതിവ് ഭാവങ്ങളിൽ ലയിക്കാൻ അവർക്ക് സമ്മതമായിരുന്നു – തത്ക്കാലത്തേയ്ക്കായിട്ടാണെങ്കിലും ചിട്ടകൾ തെറ്റിക്കേണ്ടി വന്നതിൽ അവരുടെ മുഖങ്ങളിൽ അസംതൃപ്തി കവിഞ്ഞിരുന്നു. അപരിചിതമായ ഒരു പ്രേരണയിൽ കണ്ണ് തുറന്നപ്പോൾ സ്വന്തം പേടകം ഒരു തോണി പോലെ ഇളകിയാടുന്നതായി ബെർമാനറിഞ്ഞു. വിളക്കിലെ നാളം കാറ്റില്ലാതെയും ചുളിയുകയും നിവരുകയും ചെയ്തു. അടച്ച ഗ്ളാസ് ഷട്ടറിൻറെ മദ്ധ്യഭാഗം വരെ കറുത്ത ജലനിരപ്പ് ഉയർന്നുനിന്നു. ഭീകരമായ ഒരു വാദ്യസംഗീതത്തിൽ ആ മുറിയിലെ വസ്തുക്കൾക്ക് സമനില തെറ്റിക്കൊണ്ടിരുന്നു. നനഞ്ഞ തുണി കൊണ്ട് മുഖം തുടച്ച് ബെർമാൻ ഉറക്കത്തോട് യാത്ര പറഞ്ഞു. തണുത്ത കാൻവാസ് ഒരു ഗർഭിണിയുടെ മുഖം പോലെ വിളറി. ചായക്കൂട്ടുകളിൽ മൃദുലഭാവങ്ങൾ ഉണർന്നു. ഒരു സംഹാരത്തിൻറെ ബഹളവും അധീശത്വവും മറന്ന് പ്രകൃതി സൃഷ്‌ട്യുന്മുഖയായി. വിളക്കിലെ തിരി നീട്ടിയപ്പോൾ മുറിയിൽ പ്രകാശം നിറഞ്ഞു. പുറംലോകത്തിന്, അകത്തേയ്ക്കുള്ള എല്ലാ കവാടങ്ങളും ഭദ്രമായി ബന്ധിച്ചുകൊണ്ട് ബെർമാൻ തൂലികയെടുത്തു.. ഭ്രാന്തമായ ഒരു പ്രകമ്പനത്തിൽ കെട്ടിടം ആടിയുലഞ്ഞു. കാൻവാസ്, നിലത്തുറപ്പിച്ച ഫ്റെയ്മോടുകൂടി കമിഴ്ന്ന് വീണു. ജനൽപ്പടിയിൽ പിടിമുറുക്കി ബെർമാൻ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു. കെട്ടിടത്തിൻറെ തായ്‌വേരുകളറ്റു…. അന്യരക്തത്തിനു നേരെ ശരീരത്തിൻറെ ആന്തരികാവയവങ്ങളെ പോലെ അതിൻറെ അന്തേവാസികൾ പ്രക്ഷുബ്ദരായപ്പോൾ അടുത്ത തിരയിലത് മുങ്ങിത്താഴുകയും ചെയ്തു. തിരശ്ചീനത്തിൽ നിന്നല്പം ചെരിഞ്ഞ് താഴെയെവിടെയോ അത് നിശ്ചലമായി. ബെർമാൻ വീണിടത്ത് നിന്നെഴുന്നേറ്റു. വിളക്ക് കത്തിച്ചു. കാൻവാസിൻറെ മൂല വ്രണപ്പെട്ടിരുന്നു. ചായങ്ങൾ അൽപ്പാൽപ്പം തുളുമ്പി നിലത്ത് വീണിരുന്നു. പുറത്ത് ജലത്തിൻറെ കൊലവിളി തുടർന്നു. ചിത്രത്തിന് രൂപം കൊടുക്കാൻ ബെർമാൻ കാൻവാസിന് മുന്നിലിരുന്നു. വിളറിയ മഞ്ഞയ്ക്ക് പിന്നിൽ ആ കാൻവാസ് മറ്റെല്ലാം മറന്നു. ഇളംചുവപ്പ് നിറത്തിൽ കാൻവാസിന് കുറുകെ ഒരു തരംഗം മനസ്സിൽ കണ്ട് ബെർമാൻ തൂലികയെടുത്തു. എവിടെനിന്നെന്നറിയാതെ ഒരു ചുവന്ന സൂചി കാൻവാസിൻറെ മുകളറ്റത്ത് തറച്ചു. ബെർമാൻ പരിഭ്രാന്തിയോടെ എഴുന്നേറ്റു. : പിന്നിലെ ചുവരിൽ ഒരു സുഷിരം! കാൻവാസ് കൂടുതൽ നനയുന്നതിനു മുൻപ് അയാൾ സമചിത്തത നേടി. ചായങ്ങളുടെ ഒരു ചേരുവ കൊണ്ട് അയാൾ ആ സുഷിരം അടച്ചു. ഒരു നിമിഷം കാത്ത്, വീണ്ടും കാൻവാസിനെ സമീപിച്ചു. “ഭയപ്പെടരുത് …എൻറെ ചിത്രം വരച്ചുതീർത്തേ ഞാനുറങ്ങു” ബ്രഷ് കാൻവാസിലെത്തിയില്ല… വെള്ളത്തിൻറെ അടുത്ത സൂചി എതിരെ നിന്ന് നെറ്റിയിൽ തറച്ചു…: മുന്നിൽ, കാൻവാസിന് മുകളിൽ ഒരു സുഷിരം.! ചായങ്ങൾ വീണ്ടും വെള്ളത്തെ നേരിട്ടു.. സൂചി പിൻവാങ്ങി. മനസ്സ് ചഞ്ചലമാവാതിരിക്കാൻ ശ്രദ്ധിച്ച്, നാല് ചുവരിലും ശത്രുവിനെ കാത്ത് അയാൾ നിന്നു. “നീ ഏതു മാർഗ്ഗത്തിലൂടെയും വരിക…കഴിയുമെങ്കിൽ നീ ബെർമാനെ തോൽപ്പിക്കുക” വെള്ളം സംശയിച്ചു . അപസ്മാരത്തിൻറെ പിടിയിലെന്ന പോലെ നുരയുകയും പതയുകയും ചെയ്ത് അതെന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. കണ്ണാടി ജനലുകൾക്കും ചുമരുകൾക്കും അപ്പുറത്തല്ലാതെ അതിനെ മുഖാമുഖം കാണണമെന്ന് അയാൾക്ക് ആഗ്രഹമുണ്ടായിരുന്നു. “ എന്നിട്ട് നിൻറെ മുഖത്തേയ്ക്ക് ഞാനീ ചിത്രം എറിഞ്ഞുതരാം…. നിനക്ക് അതിനോട് ഒന്നും ചെയ്യാൻ … ……!” വാക്യം മുഴുവനാക്കാതെ അയാൾ നിർത്തി., മുറിയിൽ പ്രകാശം കുറഞ്ഞത് അയാൾ ശ്രദ്ധിച്ചു.,ഭയപ്പാടോടെ – നാല് ചുമരുകളിലും ഒരേസമയം ഭാവപ്പകർച്ച നിഴലിച്ചു. അവരുടെ മുഖം മങ്ങി – കാൽക്കീഴെ നിലം, മുകളിലുള്ള ഭാരങ്ങൾക്ക് വഴങ്ങിക്കൊണ്ടിരുന്നു. കാൻവാസിലേയ്ക്ക് ഇനിയൊരു തവണ നോക്കാൻ ധൈര്യമില്ലാതെ, വിറയ്ക്കുന്ന ശരീരവുമായി ബെർമാൻ നിന്നു. അസാധാരണമായ ഒരു ഗന്ധം ആ മുറിയിൽ നിറഞ്ഞു. തണുപ്പിൻറെ ശക്തമായ ഒരു വല അയാളെയും കാൻവാസിനേയും പൊതിഞ്ഞു. ചായക്കൂട്ടുകളുടെ പാത്രം ബെർമാൻറെ കൈയിൽ നിന്ന് ഊർന്നു വീണു. അടുത്ത നിമിഷം, കഠിനമായ ഒരദ്ധ്വാനത്തിനു ശേഷം, ആ നാല് ഭിത്തികളും ഒരേസമയം വിയർപ്പിൽ കുളിച്ചു–
ഭൂതായനം
സൈക്ക്ള്‍ ചവുട്ടിത്തുടങ്ങിയപ്പോള്‍ പതിവു വഴി വിട്ട് ഒരു യാത്ര മുഹേര്‍ കാംബിയുടെ മനസ്സിലുണ്ടായിരുന്നില്ല. വിവേക് നഗറില്‍ നിന്ന് തിരക്കില്ലാത്ത ധോബി കോളനിയിലേയ്ക്ക് കടക്കുന്നതിന് പകരം ഇടത്തോട്ടു തിരിഞ്ഞു കഴിഞ്ഞാണ് അന്നത്തെ വ്യായാമം സര്‍ക്കാര്‍ ജീവനക്കാരുടെ കോളനി വഴിയാവാം എന്ന് അവന് തോന്നിയത്. “റമ്പാന്‍ കലിയെ കണ്ട് വീട്ടിലേയ്ക്ക് ക്ഷണിക്കുകയുമാവാം . എന്നുമുതലേ ആലോചിക്കുന്നതാണ് . സമയം ഒത്തുവന്നില്ല .” മന:സാക്ഷി സൂക്ഷിപ്പുകാരനായ ബന്ധു, സ്ഥലംമാറ്റം കിട്ടി, വരുന്നുണ്ട് എന്ന് എന്നോട് പറഞ്ഞുതുടങ്ങിയിട്ട് കുറച്ചായി. മുഹേര്‍ കാംബിയുടെ സഹപ്രവർത്തകനും സുഹൃത്തുമായ ഞാന്‍ ഈ കഥ എഴുതാന്‍ തീരുമാനിച്ചതിന് മൂന്ന് കാരണങ്ങളുണ്ട്. വിശദാംശങ്ങള്‍ മറന്നുപോകുന്നതിന് മുന്‍പ് മുഴുവന്‍ കഥയും എനിക്കു വേണ്ടിത്തന്നെ അക്ഷരങ്ങളിലാക്കുക എന്നതാണ് ആദ്യത്തേത്. ജീവിച്ചിരിക്കെ ഒരാളുമായും നേരില്‍ പങ്ക് വെയ്ക്കാന്‍ ഞാനുദ്ദേശിക്കാത്ത കഥ എന്‍റെ കാലശേഷവും നിലനില്‍ക്കണമെന്ന ആഗ്രഹമാണ് രണ്ടാമത്തേത്. ആരെങ്കിലും കണ്ടെത്തി, വായിച്ച്, ചർച്ചയായി അത് ഇവിടെ തുടരുന്നെങ്കിൽ തുടരട്ടെ. മൂന്നാമത്തെ കാരണം വഴിയെ പറയാം. ഈ നഗരത്തിലെ മുഹേറിന്‍റെ ഒരേയൊരു സുഹൃത്ത് ഞാനാണ്. കടുത്ത അന്തര്‍മുഖനായിരുന്ന അവന് ഓഫീസിലോ താമസിക്കുന്നിടത്തോ ആരുമായും കൂട്ട് ഉണ്ടായിരുന്നില്ല. ‘ആയിരുന്ന’ എന്നും ‘ഉണ്ടായിരുന്നില്ല’ എന്നും ഭൂതകാലത്തില്‍ പറയുമ്പോള്‍ മിന്നല്‍ പോലെ മനസ്സിലൊരു അസ്വസ്ഥത വന്നുനിറയുന്നുണ്ട്. മുഹേറിനെ കുറിച്ച്, അവന്‍റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കൊണ്ടുനടക്കുന്ന ആശങ്കയോ അജ്ഞതയോ കാരണം, അറിയാതെ എഴുതിപ്പോകുന്നതാണ് . കൃത്യം പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ്, രാവിലെ ഇതേ സമയത്ത് എന്‍റെ മുറിയില്‍ കയറിവന്ന് മുഹേര്‍ പറഞ്ഞ കഥയും എന്‍റെ കണ്‍മുന്നില്‍ നടന്ന അതിന്‍റെ തുടര്‍ച്ചകളുമാണ് ഞാന്‍ പറയാന്‍ പോകുന്നത്. ജെമാലിയുമായുള്ള, ആറുമാസത്തെ അവന്‍റെ ദാമ്പത്യം ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു. ഗ്രാമക്ഷേത്രത്തില്‍, വിശേഷാവസരങ്ങളില്‍ ആചാരമനുസരിച്ച് ഉലുവച്ചീരയും ചിരട്ടക്കരിയും നേരിട്ടെത്തിക്കാന്‍ പാരമ്പര്യമായി അവകാശം കൈയാളുന്ന ഒരേയൊരു കുടുംബത്തിലെ ഒരേയൊരു പെണ്‍കുട്ടി – സമുദായത്തിലെ ഏതൊരു ചെറുപ്പക്കാരനും മോഹിക്കാവുന്ന ഏറ്റവും ശ്രേഷ്ഠയായ ഭാര്യ- അതായിരുന്നു അഭ്യസ്തവിദ്യയായിരുന്നില്ലെങ്കിലും സുന്ദരിയായ ജെമാലി. ഒരു സാധാരണ നാട്ടിൻപുറത്തിന്റെ രീതികൾ പോലും ശീലിച്ചിട്ടില്ലാത്ത സ്വന്തം സമുദായത്തിൽ നിന്ന് വിധിയുടെ അവിശ്വസനീയമായ ചില ഇടപെടലുകളാണ് തന്നെ ഇവിടെ എത്തിച്ചത് എന്ന് മുഹേർ പറഞ്ഞിട്ടുണ്ട്. അക്ഷരാഭ്യാസമുള്ളവരായി ആരും അവരുടെ കൂട്ടത്തിലില്ല. നഗരത്തിന്റെ ചൂരും ചുവയും പതുക്കെപ്പതുക്കെ ജെമാലിക്ക് പരിചയപ്പെടുത്തി ക്കൊടുക്കാം എന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ അതിനൊരു ശ്രമം നടത്താൻ കൂടി വയ്യാത്ത നിലയിൽ നഗരം അവളെ ഭയപ്പെടുത്തി. നീണ്ട ആറുമാസക്കാലത്തെ മുഹേറിന്റെ പലതരത്തിലുള്ള പദ്ധതികളിലൊന്നും ഒരിഞ്ചും മുന്നോട്ട് പോയില്ല. പിരിയാൻ വയ്യ – ഒരുമിച്ച് ജീവിക്കാനും വയ്യ – രണ്ടു പേർക്കും l! ” പാവമാണ് ജെമാലി. ഇന്നത്തെ അവസ്ഥയില്‍ പക്ഷേ ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാനാവില്ല . അവളെ സ്നേഹിക്കാനും സ്നേഹിക്കാതിരിക്കാനും ആ സ്നേഹം കാണാതിരിക്കാനും വയ്യ.” രക്ഷാമാര്‍ഗ്ഗങ്ങളില്ലാത്ത സ്വന്തം നിസ്സഹായാവസ്ഥ അവന്‍ വെളിപ്പെടുത്തിയത് അങ്ങനെയാണ്. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ എന്നും മിടുക്കനായ റമ്പാന്‍ കലിക്ക് എന്തെങ്കിലും വഴി നിര്‍ദ്ദേശിക്കാനായേയ്ക്കും എന്ന പ്രതീക്ഷയിലായിരുന്നു അവൻ . കോളനിയും ഉൾക്കൊള്ളുന്ന ഓഫീസിന്‍റെ ഗെയ്റ്റില്‍ എത്തിയപ്പോഴാണ് പുതിയ ബോര്‍ഡ് കണ്ടത് : ‘സന്ദര്‍ശകര്‍ പ്രധാന ഗേറ്റ് ഉപയോഗിക്കാതെ, ഇതിനു മുമ്പത്തെ വലത്തോട്ടുള്ള തിരിവ് വഴി ഓഫീസിനകത്ത് പ്രവേശിക്കുക’ തൊട്ടുതാഴെ, കടന്നുപോന്ന വഴിയിലേയ്ക്ക് ചൂണ്ടി, ഒരു അമ്പടയാളവും ! സമയം എട്ടര കഴിഞ്ഞിരുന്നു. ഒമ്പത് മണിക്ക് മുമ്പ് ചെന്നാലേ റമ്പാൻ കലിയെ കാണാന്‍ കിട്ടൂ . വന്നതിന്‍റെ എതിര്‍വശത്തെ സമാന്തര പാതയിലൂടെ മുഹേര്‍ തിരിച്ചു ചവുട്ടി . ‘ഇതിന് മുന്‍പത്തെ വലത്തോട്ടുള്ള’ ആ ‘തിരിവ്’ വീതിയേറിയ മണ്‍പാതയിലേയ്ക്കാണ് ചെന്നുചേരുന്നത്. തിരക്കേറിയ സിറ്റിയിൽ പ്രതീക്ഷിക്കാനാവാത്ത മട്ടില്‍ വീതിയുള്ള ഒരു നാട്ടുവഴി. അത് പോകുന്നത് പരന്ന് പടര്‍ന്ന് നില്‍ക്കുന്ന വിജനമായ മാന്തോപ്പിന് നടുവിലൂടെയാണ്. പലതവണ സൈക്ക്ളിലും നടന്നും പോയിട്ടുണ്ട്. വണ്ടികൾ കടന്നുപോകുമ്പോൾ ചുവന്ന പൊടിമണ്ണുയരുന്ന പാതയില്‍ അല്പദൂരം പോയി, ഇടത്തോട്ട് തിരിഞ്ഞ് അഞ്ച് മിനുട്ട് നടന്നാല്‍ കോളനിയിലേയ്ക്ക് കയറാം, ഒരു വിക്കറ്റ് ഗെയ്റ്റ് വഴി. ഇത്രയും ഓര്‍ക്കുകയും ചെയ്തു: ഇതിനു മുമ്പത്തെ തിരിവ് വഴി പോകാനുള്ള ആ നിർദ്ദേശത്തിന് ഒറ്റ നോട്ടത്തിൽ തന്നെ ഒരു പന്തികേടില്ലേ – ‘പോയി ഇന്നലെ വരൂ’ എന്ന് പറയുന്നത് പോലെ ? ‘ഇതിന് മുമ്പത്തേത് ‘ കഴിഞ്ഞ കഥയല്ലേ ? ആർക്കെങ്കിലും ഇതിന് മുൻപത്തെ തിരിവ് വഴി യാത്ര ചെയ്യാനാവുമോ ? റോഡ് കവരങ്ങളായി പിരിയുന്ന സ്ഥലത്തെത്തിയപ്പോള്‍ നിന്നു. ഒരു പ്രശ്നം – ഇപ്പോള്‍ റോഡ് വലതു വശത്തല്ല ! ഇവിടെ നിന്ന് ഓഫീസിലേയ്ക്ക് പോകുന്ന സന്ദർശകരെ ഉദ്ദേശിച്ച് ബോര്‍ഡില്‍ പറഞ്ഞിരിക്കുന്ന ‘ഇതിനു മുമ്പത്തെ വലത്തോട്ടുള്ള തിരിവ് ‘ ഇത് തന്നെയാണ്. പക്ഷേ മടങ്ങി വരുന്ന ഒരാള്‍ക്ക് തിരിവ് ഇടത്തോട്ടാണ്. വായിച്ചതിലെ പിഴവ് ആകുമോ ? റോഡ് മുറിച്ചുകടന്ന് സൈക്ക്ളില്‍ മുഹേര്‍ വീണ്ടും മെയ്ന്‍ ഗേറ്റില്‍ എത്തി- ബോര്‍ഡിനു തൊട്ടു മുന്നില്‍ നിന്ന് മനസ്സിരുത്തി വായിച്ചു: ‘ സന്ദര്‍ശകര്‍ പ്രധാന ഗേറ്റ് ഉപയോഗിക്കാതെ ഇതിനു മുമ്പത്തെ വലത്തോട്ടുള്ള തിരിവ് വഴി ഓഫീസിനകത്ത് പ്രവേശിക്കുക ‘ ചുറ്റിവളഞ്ഞ് ഒരു തവണ കൂടി വരാൻ സമയമില്ല. ഇപ്പോഴത്തെ ചുറ്റുപാടിൽ ഇതിനു മുമ്പത്തെ തിരിവ് വലതു വശത്ത് വരാന്‍ ഒരു വഴിയേയുള്ളൂ – പിന്നിലേയ്ക്ക് നടക്കുക ! ചെറിയ കാര്യങ്ങളിലും നിയമം തെറ്റിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്ന മുഹേര്‍ അത് തന്നെ ചെയ്തു. കുറച്ചുകൂടി മുന്നിലേയ്ക്ക് പോയി, സൌകര്യമുള്ള ഒരിടത്ത് സൈക്ക്‌ള്‍ പൂട്ടിവെച്ച് കൈകള്‍ മടക്കി അന്തരീക്ഷത്തില്‍ തുഴഞ്ഞ് വ്യായാമത്തിന്‍റെ പ്രതീതി വരുത്തി പിന്നിലേയ്ക്ക് നടന്നു. ഇടയ്ക്ക് കൌതുകത്തോടെ തന്നെ നോക്കി കടന്നുപോയ അപൂര്‍വം കാല്‍നടക്കാര്‍ക്ക് ഓരോ ചിരി സമ്മാനിച്ച് മുക്കവലയില്‍ എത്തി. സമയം നോക്കി. എട്ട് പത്ത് കഴിഞ്ഞിരിക്കുന്നു. വൈകിയിട്ടില്ല എന്ന് മനസ്സിൽ ആശ്വസിക്കാന്‍ തുടങ്ങുന്നതിന്നിടെ ഒരു ഞെട്ടലോടെ മുഹേര്‍ വീണ്ടും വാച്ചില്‍ നോക്കി, നടത്തം നിര്‍ത്തി. ‘ മെയ്ന്‍ ഗേറ്റില്‍ എത്തിയപ്പോള്‍ എട്ടരയായിരുന്നില്ലേ സമയം ?’ ഒന്നുകൂടി നോക്കിയപ്പോള്‍ എട്ട് പത്തിന് വാച്ച് നിന്നിരിക്കുന്നു ! അതെങ്ങനെ? വലത്തോട്ട് തിരിഞ്ഞ് മുന്നോട്ടു നടന്നുകൊണ്ടിരിക്കെ സംശയം തീരാതെ വീണ്ടും നോക്കി. ‘ഇല്ല – നിന്നിട്ടില്ല ! വാച്ച് നടക്കുന്നുണ്ട് !’ പെട്ടെന്നുണ്ടായ അസാധാരണമായ ഒരു സംശയം നിവര്‍ത്തിക്കാനായി മുഹേർ നടത്തം നിര്‍ത്തി വാച്ചില്‍ ദൃഷ്ടിയൂന്നി – പിന്നെ അടിവെച്ചടിവെച്ച് പിന്നിലേയ്ക്ക് നടന്നു – വിശ്വാസം വരാതെ നിന്നു – വീണ്ടും നടന്നു – വാച്ചിലെ സെക്കന്‍ഡ് സൂചി ആവര്‍ത്തിച്ച് നിശ്ചലമാവുകയും അപ്രദക്ഷിണമായി കറങ്ങുകയും ചെയ്യുന്നു ! അടുത്ത പത്തോ പതിനഞ്ചോ മിനുട്ട് ആരിലും സംശയം ജനിപ്പിക്കാത്ത മട്ടില്‍ മുന്നിലേയ്ക്കും പിന്നിലേയ്ക്കും നടന്നും അപ്പപ്പോള്‍ നിന്നും മുഹേർ ഉറപ്പ് വരുത്തി തന്‍റെ കൈത്തണ്ടയിലെ കൊച്ചുയന്ത്രം പദാനുപദം തന്‍റെ ചലനങ്ങള്‍ പകര്‍ത്തുന്നു ! സ്വപ്നമല്ലെന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന അസാധാരണമായ എന്തോ ഒന്നിന് താന്‍ ഇരയും സാക്ഷിയും ആകുകയാണെന്നും തിരിച്ചറിയാന്‍ – അതുമായി പൊരുത്തപ്പെടാന്‍ മനസ്സിന് സമയം കൊടുത്തുകൊണ്ട് നിൽക്കെ അവനാലോചിച്ചു : ‘ അവിശ്വസനീയമായ ഈ കളിയില്‍ കാലവും തന്നോടൊപ്പമുണ്ടാവുമോ ? മുന്നിലേയ്ക്ക് നടക്കുമ്പോള്‍ മുന്നിലേയ്ക്കും പിന്നിലേയ്ക്ക് നടക്കുമ്പോള്‍ പിന്നിലേയ്ക്കും കാലവും തന്നോടൊപ്പം വരുന്നുണ്ടാവുമോ? എങ്കില്‍— കാലത്തെ മുന്നോട്ടും പിന്നോട്ടും കൊണ്ടുനടത്താനുള്ള കഴിവ് ഏതോ തരത്തില്‍ തനിക്ക് കൈവന്നിട്ടുണ്ടെങ്കില്‍……! ‘ ചിന്തയില്‍ വാക്യം പൂര്‍ത്തിയാക്കാനുള്ള ക്ഷമയുണ്ടായില്ല . മുഹേറിന്‍റെ മനസ്സില്‍ അമാനുഷമായ ഒരു മോഹം ജനിച്ചു ! മനസ്സിലെ കുഴക്കുന്ന പ്രശ്നങ്ങള്‍ തത്കാലം മാറ്റിനിര്‍ത്തി അവൻ പുതിയ സമയ പരീക്ഷണത്തിന്‍റെ സാദ്ധ്യതകള്‍ ആരായാന്‍ തീരുമാനിച്ചു. റമ്പാൻ കലിയെ കാണാനുള്ള പരിപാടി ഉപേക്ഷിച്ച് യാത്ര കാൽനടയായി ഈ വഴിക്കാക്കിയത് അങ്ങനെയാണ്. ‘തിരിച്ചുപോകുമ്പോൾ സൈക്ക്ൾ എടുക്കാമല്ലോ !’ നിന്ന നില്‍പ്പില്‍ മൂന്നോ നാലോ ഗ്ലാസ് വെള്ളം കുടിച്ചു കഴിഞ്ഞ് കിതപ്പൊന്നടങ്ങിയിട്ടേ അവന്‍ സംസാരിച്ച് തുടങ്ങിയുള്ളൂ . കണ്ട് പരിചയമില്ലാത്ത ആവേശത്തോടെ, ശ്വാസം വിടാന്‍ സമയമെടുക്കാതെ മുഹേർ കഥ പറഞ്ഞവസാനിപ്പിച്ചു. അവന് എന്‍റെ പ്രതികരണമറിയേണ്ടിയിരുന്നു. നേരില്‍ അറിയുന്നത് വരെ എനിക്കൊന്നും പറയാനില്ലായിരുന്നു . പലതവണ ആവര്‍ത്തിച്ച് കണ്ടപ്പോള്‍ പക്ഷേ വിശ്വസിക്കാതെ വയ്യെന്നായി. സംഗതി സത്യമായിരുന്നു. മുഹേറിന്‍റെ കൈയില്‍ നിന്ന് ഊരിയ നിലയിലും എന്‍റെ കൈത്തണ്ടയിലും വാച്ച് ലോകത്തിലെ മറ്റേതു വാച്ചിനേയും പോലെ പെരുമാറി. അവന്‍റെ കൈത്തണ്ടയില്‍ അത് മുന്നോട്ടും പിന്നോട്ടും നടന്നും ഇടയ്ക്ക് നിന്നും പുതിയ നിയമങ്ങള്‍ അനുസരിച്ചു ! ചെറിയ കിതപ്പോടെ ബദ്ധപ്പാടോടെ താഴ്ന്ന ശബ്ദത്തില്‍ അവൻ സ്വന്തം പദ്ധതി അവതരിപ്പിച്ചു. ” കാലത്തില്‍ തിരിഞ്ഞുനടക്കാനുള്ള കഴിവ് ഏതോ അജ്ഞാതവഴികളിലൂടെ എനിക്ക് കൈവന്നിട്ടുണ്ടെങ്കില്‍….., എങ്കിൽ മാത്രം…, പിന്നിലേയ്ക്ക് നടന്ന്…ഇക്കഴിഞ്ഞ എട്ടുമാസക്കാലം… തിരിച്ചേല്‍പ്പിക്കാന്‍…ഞാന്‍ വിചാരിക്കുന്നു …! “ നിര്‍ത്തിനിര്‍ത്തിയാണ് മുഹേര്‍ സംസാരിച്ചത് . ” തിരിച്ചേല്‍പ്പിച്ച്, പകരം എനിക്ക് മറ്റൊരു എട്ടുമാസമെടുക്കണം. പിന്നിലേയ്ക്ക് നടന്നുനടന്ന് – വിവാഹാലോചനയുമായി ജെമാലിയെ കാണാൻ തീരുമാനിച്ചതിനു മുമ്പുള്ള ദിവസങ്ങളില്‍ എത്തി – വാച്ച് അഴിച്ചു മാറ്റി – ആരോടും തെറ്റ് ചെയ്യാതെ – ആരെയും നോവിക്കാതെ – പുതിയ ഒരു വഴിയില്‍ യാത്ര തുടരുക . “ തിരിച്ചേല്‍പ്പിക്കുക – പകരമെടുക്കുക അവന്‍റെ വാക്കുകള്‍ എന്നെ അന്ധാളിപ്പിച്ചു ! നമ്മുടെ രീതികൾ പരിചയമില്ലാത്ത ഒരു അന്യഗ്രഹജീവിയെ പോലെ മുഹേർ നിന്നു. പിന്നെ, എന്തുപറയണമെന്നറിയാതെ ഇരുന്ന എന്നോട് ചോദിച്ചു : ” താനെന്താ ഒന്നും പറയാത്തത് ? “ “എനിക്ക് ഭയം തോന്നുന്നു മുഹേര്‍ ! ” ” എനിക്ക് ഭയം തോന്നുന്നില്ലല്ലോ ചങ്ങാതീ. എന്നോ പറ്റിപ്പോയ അബദ്ധത്തെ പറ്റി ചിലപ്പോഴൊക്കെ നമുക്ക് തോന്നാറില്ലേ, അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ എന്ന് ? തിരുത്താനാവാത്ത കഴിഞ്ഞ കാലത്തെ തിരുത്താന്‍ അത്യപൂര്‍വമായ അവസരം ഒരുപക്ഷേ എനിക്ക് കിട്ടിയിരിക്കുന്നു. സംഗതി സത്യമാണെങ്കില്‍ ഞാനത് ഉപയോഗിക്കാതിരുന്നുകൂട. ” ഞാന്‍ ആത്മഗതം പോലെ എന്നാല്‍ മുഹേറിന് കേള്‍ക്കാവുന്ന ശബ്ദത്തില്‍ പറഞ്ഞു : ” ഇത് അസാധാരണമാണ് . പ്രകൃതിവിരുദ്ധമാണ്. ഇങ്ങനെയൊന്ന് ജീവിതത്തിൽ മുൻപുണ്ടായിട്ടില്ല. എവിടെയെങ്കിലും നടന്നതായി എവിടേയും കേട്ടിട്ടില്ല – വായിച്ചിട്ടില്ല. അത്തരത്തിൽ ഒരനുഭവമുണ്ടാവുമ്പോൾ സന്തോഷിക്കുകയല്ല ഭയപ്പെടുകയാണ് വേണ്ടത്. അടുത്ത തിരിവിനപ്പുറം എന്തെന്നറിയാത്ത കളികളെ സംശയത്തോടെയേ കാണാവൂ.” ” നിന്‍റെ സുഹൃത്ത് കാലത്തിലൂടെ ഒരു തിരിച്ചു പോക്കിനൊരുങ്ങുന്നു. ആ മുഖഭാവം മാറ്റി ഈ പരീക്ഷണത്തില്‍ എന്നോടൊപ്പം ഉണ്ടെന്നു പറയുകയല്ലേ വേണ്ടത് ? നീയല്ലേ എനിക്ക് ധൈര്യം തരേണ്ടത്? ” ദീര്‍ഘവൃത്താകൃതിയിലുള്ള വലിയ മേശയ്ക്കു ചുറ്റുമായി മുഹേര്‍ നടന്ന് തുടങ്ങി – പിന്നിലേയ്ക്ക്. ഇടയ്ക്ക് ചിരിച്ചും സംസാരിച്ചും. അടുപ്പിച്ചടുപ്പിച്ച് അര മണിക്കൂര്‍ വീതമുള്ള രണ്ടു ക്ലയന്‍റ് മീറ്റിങ്ങുകള്‍ക്കായി ഞാന്‍ മുറിയില്‍ കയറി. ജോലി കഴിഞ്ഞ് വീണ്ടും ഹാളില്‍ എത്തിയപ്പോള്‍ നടത്തം നിര്‍ത്തി മുഖത്തൊരു ചെറുചിരിയുമായി മുഹേര്‍ ഡൈനിങ് ടേബ്ളിന് മുന്നില്‍ കസേരയില്‍ ഇരിക്കുകയായിരുന്നു. ഞാന്‍ മുന്നില്‍ എത്തുന്നതിന് മുന്‍പും ഉണ്ടായിരുന്നു എന്ന് തോന്നിപ്പിച്ച അസാധാരണമായ ഒരു ചിരി. മേശയ്ക്കപ്പുറവും ഇപ്പുറവും ഇരുന്ന് പ്രാതല്‍ കഴിക്കുമ്പോഴും മറയാന്‍ മടിച്ചു നിന്ന ഒരു ചിരി ! ” എന്‍റെ മുഖത്ത് എന്തെങ്കിലും പ്രത്യേകത കാണുന്നുണ്ടോ? ” ഉള്ളില്‍ അനുഭവപ്പെട്ട നടുക്കം പുറമേയ്ക്ക് കാണിക്കാതെ ഞാന്‍ ചോദിച്ചു : ”എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടോ? ” അവന്‍ തലയാട്ടി : ” അസ്വസ്ഥതയല്ല…മറ്റെന്തോ ! കാലും കൈയും മരവിപ്പില്‍ നിന്നു മാറിവരുമ്പോള്‍ തോന്നാറില്ലേ – അത് പോലെ സുഖമുള്ള ഒരു കിരുകിരുപ്പ് ശരീരത്തിനകം മുഴുവനും ! ” ഇടറിയ ആ ശബ്ദം, ലഹരിയിലെന്ന പോലുള്ള ആ മുഖഭാവം, ആ വാക്കുകൾ- ഒന്നും എനിക്ക് ശരിയായി തോന്നിയില്ല. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഒരു ശ്രമം കൂടി നടത്തി. ” മുഹേർ, നമുക്കിത് ഇവിടെ നിര്‍ത്താം . ഇനി പിന്നെയാവാം. ” അവൻ കൂട്ടാക്കിയില്ല . ” കാലവും എന്നോടൊപ്പമുണ്ടെങ്കില്‍ അതിനെന്തെങ്കിലും തെളിവ് കിട്ടട്ടെ. എന്നിട്ട് നിര്‍ത്താം. പിന്നെ എന്തുവേണമെന്ന് പിന്നീട് ആലോചിക്കാം.” ആ ചിരി മുഖത്ത് പതിച്ചുവെച്ചത് പോലെ ! എനിക്കെന്‍റെ ഭയം മറച്ചുവെക്കാനായില്ല… “പരിചയമില്ലാത്ത എന്തോ ഒന്ന് എന്നല്ലാതെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് നമുക്കറിയില്ല. ആർക്കാണ് കഴിഞ്ഞുപോയ ദിവസങ്ങൾ നീ തിരിച്ചേൽപ്പിക്കുക? ആരിൽ നിന്നാണ് പകരമെടുക്കുക? ഇനി നീ പറഞ്ഞതുപോലെ കാര്യങ്ങള്‍ നടക്കുന്നു എന്ന് തന്നെ ഇരിക്കട്ടെ. ആ പോക്ക് നീ കരുതുന്ന വഴികളിലൂടെ തന്നെ ആയിരിക്കുമെന്ന് – എട്ടുമാസത്തിനപ്പുറം നീ നിശ്ചയിക്കുന്ന ഇടത്ത് ഇഷ്ടമുള്ള രീതിയില്‍ ആ മടങ്ങിപ്പോക്ക് അവസാനിപ്പിക്കാന്‍ നിനക്കാകുമെന്ന് – കാലം മറ്റൊരു വഴി നിനക്ക് അനുവദിച്ചുതരുമെന്ന് – ഒക്കെ എങ്ങനെയാണ് നമ്മള്‍ ഉറപ്പിക്കുക ? ചിരിച്ചുകൊണ്ടിരുന്ന മുഹേര്‍ എന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുന്നതായി തോന്നിയില്ല. ആ കണ്ണും കാതും മറ്റേതോ ലോകത്തായിരുന്നു . അടുത്ത മീറ്റിങ്ങിന് മുന്‍പ് തീര്‍ക്കേണ്ട ഫോണ്‍ വിളികളുടെ ലിസ്റ്റുമായി ഞാന്‍ വീണ്ടും അകത്തേയ്ക്ക് നടന്നു. മുഹേര്‍ പിന്‍നടത്തം പുനരാരംഭിച്ചിരുന്നു. ഓഫീസില്‍ അവന് വൈകുന്നേരത്തെ ഷിഫ്റ്റാണ് – സമയമുണ്ട് , ഫോണ്‍ സംഭാഷണത്തിനിടെ പരിഭ്രമിച്ചു കൊണ്ടുള്ള അവന്‍റെ ശബ്ദം കേട്ടുവെന്ന് തോന്നി ഞാൻ ഹാളിലെത്തി. മേശയുടെ കാലില്‍ മുറുക്കി പിടിച്ച് അവന്‍ താഴെ ഇരിക്കുകയായിരുന്നു – ” കുറെ നേരം…പിന്നിലേയ്ക്ക്… നടന്നിട്ടാവണം…തല…തിരിയുന്നു…! ” മുൻപത്തേക്കാൾ നിർത്തിനിർത്തിയാണവൻ സംസാരിച്ചത്. ശബ്ദത്തിലെ പതർച്ച ശ്രദ്ധിക്കാതിരിക്കാനായില്ല . എന്‍റെ കൈത്താങ്ങോടെ നടന്ന് വന്ന് അകത്ത് കട്ടിലിലിരുന്ന് കഴിഞ്ഞിട്ടും കണ്ണുകള്‍ എവിടെയെങ്കിലും ഉറപ്പിക്കാനവനായില്ല . ” ഇപ്പോഴും എനിക്ക് വല്ലാതെ തല തിരിയുന്നുണ്ട്. ” എന്‍റെ സഹായത്തോടെ അവന്‍ കിടന്നു ആ മുഖം കടലാസ് പോലെ വിളറിയിരുന്നു. ” മുഹേര്‍ ഇന്നത്തേയ്ക്ക് ഇത് മതി ! ” ” മതി…മതി…ബാക്കി…അടുത്ത… ദിവസമേയുള്ളൂ “ അവന്‍ തല കുലുക്കി . അടുത്തൊരു കസേരയിട്ട് ഞാന്‍ ഇരുന്നു , അസാധാരണമായി ഒന്നും സംഭവിക്കുന്നില്ലെന്ന് എന്നെ ആശ്വസിപ്പിക്കാനാവണം ഉറക്കത്തിൽ സംസാരിക്കുന്നതുപോലെ അവനെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. വിറയലും വിക്കും മാറി അവന്‍ സാധാരണ നിലയില്‍ ആവാന്‍ താമസിക്കുന്നതെന്ത് എന്ന് അസ്വസ്ഥപ്പെടുന്നതിന്നിടെ എന്‍റെ നോട്ടം ആ വാച്ചില്‍ വീണു . അതിന്‍റെ മുഖത്ത് നിന്ന് മൂന്നു സൂചികളും അപ്രത്യക്ഷമായിരുന്നു ! ഒരു നിമിഷം വാച്ചില്‍ ശ്രദ്ധിച്ച് മുഹേര്‍ കൈ എന്‍റെ നേരെ നീട്ടി. അത് ഊരിയെടുക്കുമ്പോള്‍ ഭയപ്പാടോടെ ഞാനറിഞ്ഞു : മുഹേര്‍ നടത്തം നിര്‍ത്തിക്കഴിഞ്ഞും വാച്ച് അതിന്‍റെ അപ്രദക്ഷിണയാത്ര തുടരുകയായിരുന്നു. അതിന്‍റെ വേഗം സൂചികൾ കാണാനാവാത്ത വിധം കൂടുകയും ചെയ്തിരുന്നു .. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു യന്ത്രത്തിന്‍റെ ഭാഗങ്ങളില്‍ സ്പര്‍ശിച്ചാലെന്ന പോലെ ആ ശരീരത്തില്‍ തൊടുമ്പോള്‍ കമ്പനങ്ങള്‍ അനുഭവപ്പെട്ടു. തൊട്ടടുത്ത് ഇരിക്കുമ്പോള്‍ നിശബ്ദതയോടടുത്ത് നില്‍ക്കുന്ന ഒരു മുഴക്കം കേള്‍ക്കുന്നത് പോലെ. ഊരിയെടുത്ത് ഡൈനിംഗ് ടേബ്ളിന് മുകളില്‍ വെച്ചിട്ടും വാച്ച് വഴങ്ങിയില്ല . മുഹേറിന്‍റെ മുഖത്ത് നിര്‍വചിക്കാനാവാത്ത ഒരു മാറ്റം അസ്വസ്ഥതയോടെ ഞാന്‍ തിരിച്ചറിഞ്ഞു. ” മുഹേര്‍ ! ” ആശങ്ക മറച്ചുവെയ്ക്കാതെ ഞാന്‍ ചോദിച്ചു- ” നമ്മള്‍ എന്തു ചെയ്യും ? ” ” നമുക്ക് …നോക്കാം… ” അസ്പഷ്ടമായിരുന്നു ആ വാക്കുകള്‍ . ” എന്താണ് ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നു പറയാമോ ? എന്ത് സഹായമാണ് എനിക്ക് ചെയ്യാനാവുക ? ” ” അകത്ത് ശക്തമായ കൊളുത്തിവലിക്കലുകള്‍ നടക്കുന്നത് പോലെ – ശരീരം സങ്കോചിക്കുന്നത് പോലെ ” “വേദന ? “ ” ഇല്ല..ഒട്ടും ഇല്ല.’ നോക്കിയിരിക്കുകയല്ലാതെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വശം ചെരിഞ്ഞു കിടന്ന മുഹേറിന്‍റെ ഇടതു കൈപ്പത്തി കൈയില്‍ എടുത്ത് മുതുകത്ത് പതുക്കെ തട്ടിക്കൊണ്ടിരിക്കുക മാത്രം ചെയ്തു ഞാന്‍. ആ കൈപ്പത്തിക്ക് ഹിമത്തിന്‍റെ തണുപ്പായിരുന്നു ! എന്തു ചെയ്യണമെന്നറിയാതെ വാച്ചിലേയ്ക്ക് നോക്കിനിന്ന് ഞാന്‍ ആലോചിച്ചു : കാര്യങ്ങളുടെ കടിഞ്ഞാണ്‍ മുഹേറിന്‍റെ കൈയില്‍ നിന്ന് പോയിരിക്കുന്നു. ഇപ്പോള്‍ ഇതിനെ നിയന്ത്രിക്കുന്ന ശക്തി ഏതായിരിക്കും ? എവിടെയായിരിക്കും ? അതിനെ ചെറുക്കാനുള്ള വഴി എന്തായിരിക്കും? സ്ഥലകാലബോധം ഞങ്ങളെ കൈവിട്ട അടുത്ത ഇരുപത് മണിക്കൂറിൽ മൂന്ന് പതിറ്റാണ്ടുകളുടെ ജീവിതം പിന്നോട്ട് ജീവിച്ചുതീർത്ത് മുഹേർ കാംബി എന്ന ചെറുപ്പക്കാരൻ എന്‍റെ കണ്മുന്നിൽ ഈ കട്ടിലില്‍ ഇല്ലാതായി ! കുറുകിക്കുറുകി ഒരു ബിന്ദുവിലേയ്ക്ക് ചുരുങ്ങി ഒന്നുമില്ലായ്മയില്‍ എത്തിയ അവസാനം ഒരു പേക്കിനാവിലെന്ന പോലെ എനിക്കോര്‍ക്കാം . ആ പകലും രാത്രിയും എങ്ങനെയാണ് കടന്നുപോയതെന്ന് കൃത്യമായി രേഖപ്പെടുത്താന്‍ എനിക്കാവില്ല- ഓര്‍മ്മിക്കാനാവില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി. അത് ഒരേയൊരു പകലും രാത്രിയും മാത്രമായിരുന്നു എന്നത് ദിവസങ്ങള്‍ എടുത്താണ് ഞാനെന്നെത്തന്നെ ബോദ്ധ്യപ്പെടുത്തിയത്. ആ മുഖവും ശരീരവും കണ്ടിരിക്കെ മാറിക്കൊണ്ടിരുന്നു. കാലത്തിന്‍റെ പതിവളവുകൾ പ്രസക്തമല്ലാത്ത രണ്ട് വഴികളില്‍ ആയിരുന്നു ഞങ്ങള്‍. ഒന്നിൽ അരിച്ചരിച്ച് മുന്നോട്ട് ഞാനും മറ്റതിൽ ഒരു നിർബാധപതനത്തിലെന്ന പോലെ അനുനിമിഷം കൂടുന്ന വേഗവുമായി പിന്നോട്ട് അവനും – ആകാശത്തിന് കുറുകെ മേഘം നീങ്ങുമ്പോള്‍ ചിലപ്പോൾ കാഴ്ചപ്പുറത്തുള്ള ഭൂഭാഗത്തിന്‍റെ ഒരു ഭാഗം വെയിലും ബാക്കി തണലുമാവാറുള്ളതുപോലെ. അടുത്തടുത്തായിരുന്നെങ്കിലും ഒരു വലിയ അകലം ഞങ്ങള്‍ക്കിടയില്‍ നിലനിന്നു. മുഹേര്‍ കാലത്തിലൂടെയല്ല കാലം മുഹേറിലൂടെയായിരുന്നു പിന്നിലേയ്ക്ക് കുതിച്ചത്. നോക്കിയിരിക്കെ അതിന് പ്രകാശവേഗം കൈവന്നു. അപ്രദക്ഷിണമായി ചുറ്റുന്ന ചുഴിയുടെ വേഗം കുറഞ്ഞ പുറംചുറ്റുകളിൽ നിന്ന് വേഗം കൂടിയ അകംചുറ്റുകളിലേയ്ക്ക് എന്നതുപോലെയായിരിന്നു അവന്‍റെ മാറ്റം. മുറിയിലേയ്ക്ക് കടന്നുവന്ന ചെറുപ്പക്കാരനായിരുന്നില്ല അനുനിമിഷം പരിണമിച്ചുകൊണ്ടിരുന്ന കട്ടിലിലെ രൂപം. ശരീരത്തില്‍ നിന്ന് വര്‍ഷങ്ങള്‍ അഴിഞ്ഞഴിഞ്ഞ് ഒഴിയുകയായിരുന്നു. യൌവനത്തില്‍ നിന്ന് കൌമാരത്തിലേയ്ക്കും അതിലധികം വേഗത്തില്‍ ബാല്യത്തിലേയ്ക്കും പിൻവാങ്ങിക്കൊണ്ടിരുന്ന മുഹേറിന്‍റെ അനുഭവത്തെ പോലെ ഭയപ്പെടുത്തുന്നതായി മറ്റെന്തെങ്കിലുമുണ്ടായിരുന്നെങ്കിൽ അതതിന് ആദ്യന്തം ഏകസാക്ഷിയായിരിക്കേണ്ടിവന്ന എന്‍റെ അനുഭവമാവും . ഒഴിവാക്കാനാവാത്ത ഫോണ്‍ വിളികള്‍ക്കും നീട്ടിവെയ്ക്കാനാവാത്ത ഓഫീസ് കാര്യങ്ങള്‍ക്കും മാറിനിന്നതൊഴിച്ചാല്‍ മുഴുവന്‍ സമയവും ഞാന്‍ ശാരീരികമായി അവനടുത്തുണ്ടായിരുന്നു. മാനസികമായും എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റുന്നില്ല. വിഭ്രാമകമായ ആ ചുറ്റുപാടില്‍ ബോധാബോധങ്ങളുടെ അതിരുകൾ അങ്ങോട്ടുമിങ്ങോട്ടും ഞാൻ പല തവണ താണ്ടിയിട്ടുണ്ടാവാം. മുഹേര്‍ കാംബി എന്ന ചെറുപ്പക്കാരന്‍ ഈ ലോകത്ത് നിന്ന് പോയിട്ട് രണ്ടാഴ്ച യോളമാവുന്നു. ആ ദിവസത്തിന്‍റെ മായക്കാഴ്ചകളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും ചെറുതായെങ്കിലും പുറത്തു കടക്കാന്‍ മൂന്നോ നാലോ ദിവസങ്ങള്‍ വേണ്ടിവന്നു . ഓഫീസില്‍ തിരക്ക് കുറഞ്ഞ ദിവസങ്ങളായത് ഒരുതരത്തിൽ ആശ്വാസമായി. അന്ന് നടന്നതൊക്കെ ശരിക്കും നടന്നതാണോ അതോ എന്‍റെ തോന്നലായിരുന്നോ എന്ന് ഇടയ്ക്കൊക്കെ സംശയം തോന്നി. അത് ഒരു ഭ്രാന്തന്‍ സ്വപ്നം മാത്രമായിരുന്നു എന്ന് ഞാനും വിശ്വസിക്കുമായിരുന്നു സാഹചര്യത്തെളിവുകള്‍ ഇല്ലായിരുന്നെങ്കില്‍ – (ഞാൻ ആദ്യം സൂചിപ്പിച്ച കാരണങ്ങളിൽ മൂന്നാമത്തേത് ഇതാണ്. കാലം കടന്നുപോകുമ്പോൾ എനിക്ക് തന്നേയും വിശ്വസിക്കാനാവാതെ വന്നേയ്ക്കും അന്നത്തെ സംഭവങ്ങൾ. രേഖകളിലാക്കേണ്ട ഒന്നും നടന്നിട്ടില്ലെന്ന ബോദ്ധ്യത്തിൽ, മറ്റാർക്കും അറിയാത്ത ഒരു കഥയെ ഞാനും അവഗണിച്ചേയ്ക്കും. അത് സംഭവിച്ചുകൂട.) അന്ന് വൈകുന്നേരം ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ജെമാലി ഓഫീസില്‍ വന്നിരുന്നു. അവകാശികളില്ലാത്ത നിലയില്‍ മുഹേറിന്‍റെ സൈക്ക്ള്‍ അന്ന് പാര്‍ക്ക് ചെയ്തിരുന്നു എന്ന് പറഞ്ഞ സ്ഥലത്തു നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു. അവന്‍ ഈ ലോകത്തില്ല എന്നല്ലാതെ ജീവിച്ചിരിപ്പില്ല എന്നു പറയാന്‍ എനിക്കിഷ്ടമല്ല. കാലത്തിന്‍റെ നെഗറ്റിവ് അക്ഷത്തിലൂടെ ഈ നിമിഷവും അവന്‍ യാത്രചെയ്യുന്നുണ്ടാവണം . അവന്‍റെ പ്രായം ? – 10 ? -100 ? അറിയില്ല. മുഹേർ അപ്രത്യക്ഷമായ നിമിഷം വാച്ചിന്‍റെ ചലനം നിലച്ചു. കാലത്തിന്‍റെ ഋണമൂല്യങ്ങള്‍ അളക്കാന്‍ പ്രാപ്തമല്ലാത്തതിനാലാവാം. അലമാറയില്‍ ആരുടേയും കണ്ണില്‍ പെടാത്ത ഒരിടത്ത് ഞാനത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. എനിക്ക് പ്രതീക്ഷയുണ്ട്. പ്രകൃതി എല്ലാറ്റിലും തുലനം പാലിക്കുന്നു. മുഹേറിന്‍റെ യാത്ര എന്നോ എവിടെയോ അവസാനിച്ചേ പറ്റൂ . ഊഞ്ഞാലിലെന്ന പോലെ അവിടെ നിന്ന് അവന്‍ മടക്കയാത്ര തുടങ്ങും. പോയതുപോലെ അവിശ്വസനീയമായി ഒരു ദിവസം അവന്‍ ഈ മുറിയില്‍ തിരിച്ചെത്തും. ഒരു കാര്യം അപ്പോഴും എന്‍റെ സ്വസ്ഥത നശിപ്പിക്കുന്നു. തിരിച്ചുള്ള യാത്രയില്‍,വര്‍ത്തമാനത്തില്‍ നിര്‍ത്താനാവാതെ ഒരൂഞ്ഞാലില്‍ എന്ന പോലെത്തന്നെ ഈ മുറിയില്‍ എന്‍റെ കണ്‍മുന്നില്‍ മുഹേര്‍ കാംബി എന്ന ചെറുപ്പക്കാരന്‍ ഭാവിയിലേയ്ക്ക് പറന്നു പോയാലോ ?
നാല്‍ക്കവലയിലെ സാക്ഷി
രാവിലെ ബാങ്കില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ അല്പം നേരത്തേ ഇറങ്ങിയതായിരുന്നു. ലെഔട്ടിന്‍റെ ഗേറ്റിനടുത്തു വെച്ച് പഴയ ശിഷ്യ ആന്‍ എതിരെ വന്നു. ആന്‍ ജോലിയുമായി വിദേശത്താണ്. മൂന്നാഴ്ചത്തെ ഒഴിവില്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞിരുന്നു. കോവിഡിന് മുന്‍പ് മുതലുള്ള വിശേഷങ്ങള്‍ പറയാനും കേള്‍ക്കാനുമുണ്ടായിരുന്നു. പ്രിയശിഷ്യയായിരുന്നു ലണ്ടനിൽ ജനിച്ച് വളർന്ന – കണക്ക് ഇഷ്ടവിഷയമായിരുന്ന- കണക്ക് ടെക്സ്റ്റ് പുസ്തകത്തിന്‍റെ ആദ്യപേജില്‍, ഭംഗിയുള്ള കൈപ്പടയില്‍, ‘The Sine Cosine and Multiple signs oft at a tangent makes me go’ എന്നെഴുതിവെച്ചിരുന്ന ആന്‍. ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ ദീര്‍ഘകായനായ ഒരു തേരട്ട പാതയോരത്തെ നനഞ്ഞ പുല്‍ത്തട്ടുകള്‍ വിട്ട് റോഡിലേയ്ക്ക് കയറാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. നിലാവ് പോലുള്ള ഇളവെയിലില്‍ അതിന്‍റെ ശരീരം തിളങ്ങി- ആപാദചൂഡം എന്നതുപോലെ ആപുച്ഛശീര്‍ഷം എന്നു പറയാമോ ? നാട്ടില്‍ കണ്ടുവളര്‍ന്നവയെ അപേക്ഷിച്ച് ഇവിടത്തുകാർക്ക് നീളവും പുഷ്ടിപ്പും കൂടുതലാണ്. ആ അമിതമായ എണ്ണമിനുപ്പും കടുംകറുപ്പും മറുനാടന്‍ സ്വഭാവങ്ങളാണെന്ന് വേണം കരുതാൻ. തേരട്ട റോഡിലേയ്ക്ക് അല്പം കയറിയും തിരിച്ചിറങ്ങിയും മുന്‍ഭാഗം തറയില്‍ നിന്നുയര്‍ത്തി ഏതോ തരത്തിലുള്ള പരിസരപഠനം നടത്തിയും കുറച്ചുനേരം സംശയിച്ചുനിന്നു. പിന്നെ പാതയ്ക്ക് കുറുകെ നീങ്ങി. പാതയിൽ രാത്രിമഴയുടെ നനവില്‍ ഒട്ടിക്കിടന്ന ഇലകളിൽ അത് അപ്പൊഴപ്പോൾ തടഞ്ഞുനിന്നു. അപ്പോഴൊക്കെ മുന്‍ഭാഗം തുമ്പിക്കൈ പോലെ ഉയര്‍ന്നു. അടുത്തുള്ള തമിഴ്നാട്ടുകാരന്‍ സ്വാമിയുടെ വീട്ടില്‍ നിന്ന് പഴയ തമിഴ് പാട്ടിന്‍റെ വരികള്‍ ഒഴുകിവന്നു : കണ്‍ തിറന്തതും കാട്ചി വന്തതാ കാട്ചി വന്തതും കണ്‍ തിറന്തതാ (കണ്ണ് തുറന്നതും കാഴ്ച (മുന്നില്‍) വന്നതാണോ കാഴ്ച (മുന്നില്‍) വന്നതും കണ്ണ് തുറന്നതാണോ ) എന്‍റെ നോട്ടം കണ്ടിട്ടാവാം ആനിന്‍റെ കണ്ണുകളും ആ ജീവിയുടെ ചലനം പിന്തുടര്‍ന്നു. ഞങ്ങളുടെ സംസാരം തേരട്ടയെക്കുറിച്ചും കോളനിയില്‍ ഋതുഭേദങ്ങള്‍ക്കനുസരിച്ച് പ്രത്യക്ഷപ്പെടുന്ന മറ്റ് ജീവികളെ കുറിച്ചുമായി. ഒഴുകിപ്പരക്കുകയും വലിഞ്ഞുനീളുകയും ചുരുങ്ങുകയും ചെയ്യുന്ന അട്ട, പുറംതോടുള്ളതും ഇല്ലാത്തതുമായ ഒച്ച്, ഞങ്ങള്‍ പാലക്കാട്ടുകാരുടെ പാവം പച്ചപ്പയ്യ്, ക്രൂരനായ തൊഴുകുന്ന ജീവി, തേനീച്ച, ഈയാംപാറ്റ, ശല്യക്കാരായ കമ്പിളിപ്പുഴുവും കോട്ടെരുമയും …. ഭൂമിയുടെ അവകാശികള്‍ ഒരുപാട് പേരുണ്ട് ലെഔട്ടില്‍. സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ ആന്‍ തേരട്ടയുടെ യാത്ര വീഡിയോവില്‍ പകര്‍ത്തുന്നുണ്ടായിരുന്നു വിദേശത്തെ സുഹൃത്തുകള്‍ക്കായി! പാതയോരം വിട്ടതോടെ അതിന്‍റെ യാത്രയ്ക്ക് വേഗം കൈവന്നു. ഋജുരേഖയിൽ, ഇടംവലം നോക്കാതെ, അസംഖ്യം കാലുകളില്‍, അതെന്തൊരു ചുറുചുറുക്കുള്ള പോക്ക് ! ഓടുന്നത് പോലെ ! – വലിപ്പത്തിലും വേഗത്തിലും ഉള്ള സ്വന്തം പരിമിതികളെ പറ്റി, കോളനിക്കകത്തെ വാഹനഗതാഗതത്തെ പറ്റി, അപകടസാദ്ധ്യതകളെ പറ്റി, ശങ്കകളില്ലാതെ ! അഥവാ അത്തരം ശങ്കകളായിരുന്നിരിക്കുമോ ആ വേഗത്തിന് കാരണം ? നിമിഷങ്ങൾക്കകം അത് പാതയുടെ പാതിയും കടന്നു. ഗേറ്റ് കടന്നുവന്ന പത്രക്കാരന്‍ നാഗരാജിന്‍റെ ഇരുചക്രവാഹനം അതിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നുപോയി. വണ്ടിയില്‍ നിന്നുള്ള കാറ്റിലോ ചൂടിലോ പുകയിലോ അസ്വസ്ഥനായി ആ ജീവി ചുരുണ്ടു. നിശ്ചലനായി. മിനിറ്റുകള്‍ക്ക് ശേഷം സാവധാനം ചുറ്റുകള്‍ അഴിച്ച് യാത്ര തുടരാനൊരുങ്ങവേ തേരട്ട വീണ്ടും പരുങ്ങി. സംശയനിവൃത്തിക്കായി ഒരു കൂട്ടം മുന്‍കാലുകളുപയോഗിച്ച് ഇടതും വലതും ഭൂമിയില്‍ തൊട്ട് നോക്കി, ശരീരത്തിന്‍റെ മുന്‍ഭാഗം ഉയര്‍ത്തി വീണ്ടും പരിസരനിരീക്ഷണം നടത്തി. സംശയിച്ചുസംശയിച്ച് ഒടുവിൽ യാത്ര നേരെ എതിര്‍ദിശയിലാക്കി. പുറപ്പെട്ട ഇടത്തേയ്ക്ക് തന്നെ ! ഇത്തവണ കോണോടുകോണായിട്ടാണെന്ന വ്യത്യാസം മാത്രം. റോഡിനറ്റം വരെ പോയി അടുത്ത ക്രോസിലേയ്ക്ക് തിരിയുന്നതിന് പകരം അല്പനേരം നിന്ന് നാഗരാജിന്‍റെ വണ്ടിയും തിരിച്ചുവന്നു, കൈയില്‍ ബാഗില്‍ നിന്നെടുത്ത് മടക്കിപ്പിടിച്ച പത്രവുമായി. നന്ദി പറഞ്ഞ എന്നോട് ക്ഷമാപണസ്വരത്തില്‍ അവന്‍ പറഞ്ഞു : ” കെട്ട് വരാന്‍ വൈകി, സര്‍ ! “ പത്രം കൈയില്‍ തന്ന് അവന്‍ വണ്ടി തിരിച്ചപ്പോള്‍ വാ പൊത്തി ആന്‍ ശബ്ദമുയര്‍ത്തി. “അയ്യോ !” തേരട്ട മുഴുവനായും വണ്ടിയുടെ മുന്‍ചക്രത്തിന് കീഴിലമര്‍ന്നിരുന്നു. വണ്ടിയിൽ നിന്നുള്ള പുകയും മണവും അന്തരീക്ഷത്തിൽ ബാക്കിനിർത്തി നാഗരാജ് തിരിവിനപ്പുറം മറഞ്ഞു. ഒരു ദ്വിമാന നിശ്ചലചിത്രമായി തേരട്ട റോഡില്‍ പതിഞ്ഞ് പരന്നു. നിമിഷങ്ങള്‍ക്ക് മുന്‍പ് ആവേശത്തോടെ തുടിച്ചുകൊണ്ടിരുന്ന ഒരു ജീവന്‍ കണ്‍മുന്നില്‍ നിലവിളിക്കാതെ ഒന്ന് പിടയുക പോലും ചെയ്യാതെ അവസാനിച്ചു, ആ ദുർമ്മരണത്തിന് കാരണക്കാരനായവൻ പോലും അറിയാതെ ! സംഭവത്തിന് ദൃക്സാക്ഷികളായി ഞങ്ങള്‍ രണ്ടുപേര്‍. അതൊരു വല്ലാത്ത കാഴ്ചയായിരുന്നു. അതേല്‍പ്പിച്ച നടുക്കത്തിനപ്പുറം പിടിച്ചു നില്‍ക്കാന്‍ ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് അപ്പോള്‍ ശക്തിയുണ്ടായിരുന്നില്ല. ‘പിന്നെ വിളിക്കാം’ എന്ന് ഞങ്ങള്‍ അവസാനിപ്പിച്ചു. കോളനിയിലെ പാതകളില്‍ ചതഞ്ഞരഞ്ഞ തേരട്ടകളും ഒച്ചുകളും നിത്യകാഴ്ചകളാണ്. അതിന്‍റെ അവസാനനിമിഷങ്ങളില്‍ ഏതോ തരത്തില്‍ പങ്ക് ചേര്‍ന്നതിനാലാവാം- മരണം, നോക്കിനില്‍ക്കെ സംഭവിച്ചതു കൊണ്ടുമാവാം- ഇതെഴുതുമ്പോഴും മനസ്സില്‍ ആയിരം കാലുകളില്‍ ഒരു കുഞ്ഞുതീവണ്ടി അതിന്‍റെ ഒഴിവാക്കാനാവാത്ത ദുരന്തത്തിലേയ്ക്ക് ഓടിക്കൊണ്ടിരിക്കുന്നു. അടുത്തൊന്നും മനസ്സിൽ നിന്ന് മാഞ്ഞുപോകാന്‍ സാദ്ധ്യതയില്ലാത്ത ചിത്രം . ആ മരണത്തിന്‍റെ രംഗസംവിധാനത്തില്‍ ഞാനും ആനും നാഗരാജും എത്ര കൃത്യമായാണ് ഞങ്ങളുടെ പങ്ക് നിർവഹിച്ചത് ! ആരെങ്കിലും ഒരാള്‍ അല്പം നേരത്തേ അഥവാ അല്പം വൈകി പുറപ്പെട്ടിരുന്നെങ്കില്‍ കഥ ഇങ്ങനെ ആയിരുന്നിരിക്കില്ല അവസാനിച്ചിരിക്കുക. ഇനി, ഒരുപക്ഷേ അതൊരാത്മഹത്യയായിരുന്നോ? അറിയില്ല. തേരട്ട എന്തിനാണ് തിരിച്ചുവന്നത്? പോസ്റ്റ് ഓഫീസ് റോഡിലാണ് ബാങ്ക്. ലെഔട്ടിന് മുന്നിലെ പാത മുറിച്ചുകടന്ന് അല്പം നടന്ന് വലത്തോട്ട് തിരിയണം. തിരക്കായിക്കഴിഞ്ഞാല്‍ ആ മുറിച്ചുകടക്കല്‍ ജീവന്‍ കൈയില്‍ വെച്ചുള്ള കളിയാണ്. സിഗ്നല്‍ ലൈറ്റുകളില്ല. പോലീസില്ല. ട്രാഫിക് നിയമങ്ങള്‍ ഗൗനിക്കാത്ത വണ്ടികള്‍ എല്ലാ ദിശകളില്‍ നിന്നും വരും. പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും. ഞങ്ങള്‍ അഞ്ചെട്ടുപേര്‍ മറുകര പറ്റാന്‍ കാത്തുനില്‍ക്കുകയാണ്. എന്‍റെ തൊട്ട് ഇടതുഭാഗത്ത്, ലെഔട്ടില്‍ എല്ലാവര്‍ക്കും പരിചിതനായ മൂന്ന് കാലുള്ള തെരുവ് നായ എവിടെനിന്നോ വന്ന് നില്‍പ്പുറപ്പിച്ചു. മുക്കാലനായിട്ടാണ് അത് ജനിച്ചിട്ടുണ്ടാവുക എന്ന് തോന്നാറുണ്ട്. കാരണം നാലാമത്തെ കാലിന്‍റെ ഒരു സൂചനയും ആ ശരീരത്തിൽ കണ്ടിട്ടില്ല. പാതയ്ക്ക് കുറുകെ ദൂരേയ്ക്ക് ദൃഷ്ടികള്‍ അയച്ച് ചെവികള്‍ കൂര്‍പ്പിച്ച് അത് നിന്നു. തേരട്ടയെ പശ്ചാത്തലമാക്കി ഞാനതിന്‍റെ ശരീരഭാഷ മനസ്സിലാക്കാന്‍ ശ്രമിച്ചു. ഈ തിരക്കില്‍ ഇവിടെയില്ലാത്ത എന്തന്വേഷിച്ചാണ് അത് അപകടകരമായ ദൗത്യത്തിന് മുതിരുന്നത്? തൊട്ടുമുന്നിലുള്ളത് കാണാതെയും കേൾക്കാതെയും മറ്റെന്തിനോ കണ്ണോർത്തും കാതോർത്തും നിൽക്കുന്ന അതിന്‍റെ ഏകാഗ്രത അമ്പരപ്പിക്കുന്നതായിരുന്നു. അടുത്ത നിമിഷം ഏതോ വണ്ടിയുടെ മുന്നിൽ അവസാനിക്കാൻ പോകുന്ന മറ്റൊരു ജീവിതമാണോ ഞാൻ കണ്ടുകൊണ്ടിരിക്കുന്നത് ? അതിനെ കോളനിക്കകത്തേയ്ക്ക് തിരിച്ചോടിച്ചാലോ എന്നാലോചിച്ചു. കാര്യമില്ല. അത് മടങ്ങിവരും. ആദ്യമായിട്ടാവില്ല അത് ഈ വഴി മുറിച്ചുകടക്കുന്നത്. വാഹനങ്ങളുടെ ഒഴുക്കിനിടെ ഒരു നായയ്ക്ക് മാത്രം കടന്നുപോകാവുന്ന വിടവുകൾ വരും എന്ന അദ്‌ഭുതകരമായ തിരിച്ചറിവ് എനിക്കുണ്ടായത് അപ്പോഴാണ്. തൊട്ടുമുന്നിൽ കിട്ടിയ ഒരു വാഹനത്തിന്‍റെ ഒഴിവിലേയ്ക്ക് (!) അനായാസമായി നായ ഓടിക്കയറി. നടന്നുകയറി എന്ന് പറയാനാവാത്തത് കൊണ്ടുമാത്രം അങ്ങനെ എഴുതിയതാണ്. അതിന് ശേഷം, നില്‍ക്കാതെ, സംശയിക്കാതെ ഒരേ വേഗത്തില്‍ അത് മുന്നോട്ട് പോയി. തിരക്കിലൂടെ ഓടി അപ്പുറം ചേരാനുള്ള ഒരു ബദ്ധപ്പാടും അതിനുണ്ടായിരുന്നില്ല. ഇടംവലം നോക്കാതെ, ചെവികള്‍ മടക്കിയും വാല്‍ കാലുകള്‍ക്കിടയിലേയ്ക്ക് താഴ്ത്തിയും (വേഗം കുറച്ച് സഹകരിച്ച) ചുറ്റുമുള്ളവരോട് നന്ദി പ്രകടിപ്പിച്ചായിരുന്നു ആ പോക്ക്. വഴി പൂര്‍ണമായും മുറിച്ചുകടന്ന് നടവഴിയിലേയ്ക്ക് കയറി ഒന്ന് തിരിഞ്ഞുനോക്കാന്‍ പോലും മെനക്കെടാതെ അതതിന്‍റെ വഴിക്ക് പോയി. മടക്കിയ ചെവികള്‍ വീണ്ടും നിവര്‍ത്തിയോ എന്ന് അത്ര ദൂരെ നിന്ന് വ്യക്തമല്ലായിരുന്നു. പക്ഷേ താഴ്ത്തിയിട്ടിരുന്ന വാല്‍ ഉയര്‍ത്താന്‍ അത് മറന്നില്ല ! ഒടുവില്‍ ഞങ്ങളുടെ ഊഴമെത്തി. അച്ചടക്കമില്ലാത്ത ആള്‍ക്കൂട്ടം അച്ചടക്കമില്ലാത്ത തിടുക്കില്‍ റോഡ് മുഴുവനും കൈയടക്കി അപ്പുറം കടന്നു. അല്പം നടന്ന് വലത്തോട്ട് തിരിഞ്ഞ് ഞാന്‍ പോസ്റ്റ് ഓഫീസ് റോഡിലേയ്ക്ക് കയറി. പോസ്റ്റ് ഓഫീസ് റോഡില്‍ ഏറെക്കുറെ നടുവിലാണ് ബാങ്ക്. ഒരിക്കലും കണ്ടിട്ടില്ലാത്ത മട്ടില്‍ തിരിവ് മുതല്‍ റോഡിനറ്റം വരെ വാഹനങ്ങളുടെ നീണ്ട നിര- ബാങ്ക് കെട്ടിടത്തിന് തൊട്ടടുത്ത് ഒരു ജനക്കൂട്ടവും ! എന്തോ അപകടം നടന്നിട്ടുണ്ടാവും എന്ന തോന്നലാണ് ആദ്യം ഉണ്ടായത്. സ്ലാബുകള്‍ ഇളകിയും നീങ്ങിയും കിടന്ന നടപ്പാതയിലൂടെ, തുറന്നു കിടന്ന അഴുക്കുചാലില്‍ കെട്ടിനിന്ന കറുത്ത വെള്ളത്തില്‍ നിന്ന് മാറി, അതില്‍ നിന്നുയര്‍ന്ന ദുര്‍ഗന്ധത്തിന് നേരെ മൂക്കടച്ച്, ഞാന്‍ ബാങ്കിന് മുന്നിലെത്തി. റോഡിന് നടുവില്‍ അതിന് സമാന്തരമായി ഒരു വലിയ സിന്ധിപ്പശു കിടക്കുന്നു ! ഏതെങ്കിലും വാഹനം ഇടിച്ചു വീഴ്ത്തിയതാണോ എന്ന എന്‍റെ സംശയം അടുത്ത് നിന്നിരുന്ന തുന്നൽക്കടക്കാരൻ തീർത്തുതന്നു. “ഒരു വാഹനവും ഇടിച്ചില്ല സര്‍ ! അതിന് അവിടെ എത്തിയപ്പോള്‍ കിടക്കണമെന്ന് തോന്നി. അവരുടെ കാലമല്ലേ? കഴിഞ്ഞ അര-മുക്കാല്‍ മണിക്കൂറായി അതിനെ അവിടെ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ ഉള്ള ശ്രമമാണ്! “ രണ്ട് വാക്കുകളിൽ, പൊതിഞ്ഞവതരിപ്പിപ്പിച്ച രാഷ്ട്രീയ പ്രസ്താവനയെ ഒരു ചിരികൊണ്ട് അഭിനന്ദിച്ച് ഞാൻ നീങ്ങി. വാഹനങ്ങള്‍ പശുവിനെ ഒരു ട്രാഫിക് ഐലന്‍ഡ് ആയെടുത്ത്, രണ്ട് വശങ്ങളിലൂടെ തിരിഞ്ഞുപോകുകയാണ്. വലിയ വാഹനങ്ങള്‍ വരുന്ന റോഡല്ല. ഒരാൾ അടുത്തിരുന്ന് പശുവിന്‍റെ വശങ്ങളിൽ തട്ടിയും കഴുത്തിൽ ചൊറിഞ്ഞുകൊടുത്തും എഴുന്നേൽക്കാൻ അതിനെ പ്രേരിപ്പിക്കുന്നുണ്ട്. മറ്റൊരാൾ എവിടെനിന്നോ പഴത്തൊലികൾ കൊണ്ടുവന്ന് തിന്നാൻ കൊടുക്കുകയും അതല്പം അകലെ കാണിച്ച് പ്രലോഭിപ്പിക്കുകയും ചെയ്യുന്നുണ്ട്. അടുത്തുകിട്ടുമ്പോൾ തിന്നും ദൂരെ കൊണ്ടുപോകുമ്പോള്‍ താത്പര്യക്കുറവോടെ കണ്ണടച്ച് തുറന്ന്, മുഖം തിരിച്ചും അക്ഷോഭ്യയായി കിടന്നേയുള്ളൂ പശു. കടന്നുപോകുന്നവരില്‍ ചിലര്‍ അടുത്തുചെന്ന് അതിനെ തൊട്ട് തൊഴുകുന്നുമുണ്ട്. ഇഞ്ചിഞ്ചായി മുന്നോട്ട് നീങ്ങിയിരുന്ന വണ്ടികള്‍ ഓടിച്ചവരിലോ പരിസരത്ത് കൂടിനിന്നവരിലോ അക്ഷമയോ അസ്വസ്ഥതയോ ഉണ്ടായിരുന്നില്ല ! തിരക്കിലൂടെ വഴി കണ്ടെത്തി ഞാന്‍ ബാങ്കില്‍ കയറി. പത്തോ പതിനഞ്ചോ മിനിറ്റുകൾക്ക് ശേഷം കാര്യം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും സ്ഥിതിഗതികള്‍ മാറിയിട്ടുണ്ടായിരുന്നില്ല . പശുവിന്‍റെ നേരെ മുന്നില്‍ നിന്ന് ഞാനാ രംഗം ക്യാമറയില്‍ പകര്‍ത്തി. ചതഞ്ഞരഞ്ഞ് റോഡിനോട് ചേര്‍ന്ന തേരട്ടയേയും ലോകത്തോട് സന്ധി ചെയ്ത്, തിരക്കുള്ള റോഡ് മുറിച്ചുകടന്ന നായയേയും അതിന് ഇരുപുറവുമായി സങ്കല്‍പ്പിച്ച് ആ ശാന്തമായ മുഖത്തേയ്ക്ക് നോക്കി അല്പനേരം നിന്നു. പിന്നെ മടങ്ങി. കോളനിക്കകത്ത് തേരട്ടയുടെ ജൈവചിത്രത്തിന്മേല്‍ ഒരു ഉണങ്ങിയ ഇല വീണുകിടന്നിരുന്നു, മൃതശരീരത്തെ പുതപ്പിക്കുന്ന മട്ടില്‍ . അടുത്ത അദ്ധ്യായവുമായി എട്ടുവയസ്സുകാരൻ ഉണ്ണി എന്നെ കാത്തിരിക്കുകയായിരുന്നു, വീട്ടിലെത്തിയപ്പോൾ. അഞ്ചു വര്‍ഷം മുന്‍പ് ഞങ്ങളെ ദത്തച്ഛനും ദത്തമ്മയുമായി ഏറ്റെടുത്ത അയൽക്കാരനാണ് അക്ഷിത്ത് എന്ന ഉണ്ണി. യു ട്യൂബില്‍ കബാലി എന്ന ആനയുടെ വീഡിയോ എടുത്തുവെച്ചായിരുന്നു കാത്തിരുപ്പ്. കൈയും കാലും മുഖവും കഴുകി വന്നിരുന്നപ്പോള്‍, താൻ പലതവണ കണ്ടുകഴിഞ്ഞ വീഡിയോ എന്നെ കാണിക്കാൻ അവന്‍ ടി വി ഓണ്‍ ചെയ്തു. വാര്‍ത്ത വായിച്ചിരുന്നു. ആതിരപ്പള്ളി – വാൽപ്പാറ റൂട്ടിൽ എവിടെയോ റോഡിന് നടുവില്‍ തലയെടുപ്പോടെ ആന നിന്നു. അഭിമുഖമായി നില്‍ക്കുന്ന ബസ്സിന്‍റെ സ്റ്റിയറിംഗ് വീലില്‍ ഡ്രൈവറുടെ കൈ കാണാം. ആന മുന്നിലേയ്ക്കും ബസ് പിന്നിലേയ്ക്കും നീങ്ങിത്തുടങ്ങി- മുന്‍കൂര്‍ പറഞ്ഞുറപ്പിച്ച ചടങ്ങിന്‍റെ ഭാഗമെന്ന പോലെ, ഒരേ വേഗത്തില്‍ ! കാര്യങ്ങൾ നിശ്ചയിക്കുന്നത് ആരാണെന്നത് പക്ഷേ വ്യക്തമായിരുന്നു. ഇരുവശവുമുള്ള സ്വന്തം പ്രകൃതിയിലേയ്ക്ക് എപ്പോൾ വേണമെങ്കിലും തിരിഞ്ഞുപോകാമായിരുന്നു കാട്ടിലെ പടയപ്പയ്ക്ക്. ബസിന് അതിനാവുമായിരുന്നില്ല. എന്നിട്ടും മനുഷ്യൻ മനുഷ്യന് വേണ്ടി നിർമ്മിച്ച പാതയിൽ നിന്ന് വശങ്ങളിലേയ്ക്ക് പോലും മാറാതെ ബസിനെ എട്ട് കിലോമീറ്റർ അത് പിന്നിലേയ്ക്ക് ഓടിപ്പിച്ചു. ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് സമനില വിടാതെ വണ്ടിയോടിച്ച് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഡ്രൈവർ പറയുന്നു. വനപാതയിൽ റിവേഴ്‌സ് ഗിയറിലുള്ള ആ യാത്ര ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലത്തിലൂടെ തന്നെ ആയിരുന്നിരിക്കണം . തുമ്പിക്കൈ പോലെ ശരീരത്തിന്‍റെ മുന്‍ഭാഗം ഉയര്‍ത്തുകയും പരിസരവുമായി ഇടപെടുകയും ചെയ്ത തേരട്ടയില്‍ ആണ് ഇന്നത്തെ യാത്ര തുടങ്ങിയത്. ഒരു പടുകൂറ്റന്‍ തേരട്ടയെ പോലെ ചുരുളുകയും നിവരുകയും ചെയ്തുകൊണ്ടിരുന്ന കബാലിയുടെ തുമ്പിക്കൈയില്‍ എത്തിനിൽക്കുന്നു അത്. രണ്ട് മണിക്കൂറോളം സമയം തുടര്‍ച്ചയായി മുന്നിലെത്തിയ വഴിക്കാഴ്ചകളുടെ നാനാര്‍ത്ഥങ്ങള്‍ അയവിറക്കിയും അപഗ്രഥിച്ചും ഉച്ചമയക്കത്തിന്‍റെ സമയം, ഉണർന്നിരുന്നുതന്നെ കഴിച്ചുകൂട്ടി. സാന്ദ്രമായ ആ തുടരനുഭവങ്ങളെ നേര്‍പ്പിക്കുന്ന ഒന്നും ദിവസത്തിന്‍റെ ബാക്കി സമയത്ത് ഉണ്ടാവരുത് എന്ന് തോന്നി. വൈകുന്നേരത്തിന് കാത്തുനില്‍ക്കാതെ ലേഔട്ടിലെ വിജനമായ പാര്‍ക്കിലെത്തി മൂലയിലെ ബെഞ്ചില്‍ മലര്‍ന്ന് കിടന്നു. നോക്കിയിരിക്കെ മേഘത്തിന്‍റെ രണ്ട് നാടകള്‍ ആകാശത്ത്, വിടര്‍ന്ന ഒരു ഗുണനചിഹ്നം തീര്‍ത്തു. ഒരു നാല്‍ക്കവലയുടെ പ്രതീതി തോന്നിച്ച അതിന്‍റെ വ്യത്യസ്ത ശാഖകളിലേയ്ക്ക് പെട്ടെന്നുണ്ടായ പ്രേരണയില്‍ ഞാന്‍ ആ നാല് ജീവികളെ കയറ്റിവിട്ടു. എനിക്കവയെ അങ്ങനെ ഒരു ചിത്രത്തില്‍ കാണേണ്ടിയിരുന്നു. ചതഞ്ഞരയുന്നവരുടെ, ഒത്തുപോകുന്നവരുടെ, വഴിമുടക്കുന്നവരുടെ, എതിരെ വന്ന് നമ്മെ അടിയറവ് പറയിക്കുന്നവരുടെ, ആ പ്രതിനിധികളെ ! അഭൌമമായ ഒരു സാന്ധ്യപ്രകാശത്തില്‍ മുങ്ങിനിന്നു പരിസരം. ഇമവെട്ടാതെ എന്നെ നോക്കിക്കൊണ്ടിരുന്ന രണ്ട് കണ്ണുകള്‍ അകലെ, ആകാശത്ത്, ആ ഗുണനചിഹ്നത്തിനുമപ്പുറം അപ്പോഴാണ് ഒരു ഞെട്ടലോടെ ഞാന്‍ ശ്രദ്ധിച്ചത്
വിദേശവാസത്തിനിടെ ഒരു വിദേശവാസം - ഇസ്താംബുള്‍
ഇസ്താംബുളില്‍ എത്തി രണ്ടാം ദിവസം -
പകല്‍ സിറ്റിയില്‍ ചുറ്റിനടന്ന് കാഴ്ചകള്‍ കണ്ട് താമസസ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്നു ഞങ്ങള്‍.
ഡ്രാക്കുളയിലെ ക്രിസ്റ്റഫര്‍ ലീയുടെ മുഖവും ശരീരപ്രകൃതിയുമുള്ള ടാക്സി ഡ്രൈവര്‍ ഹംസ അഞ്ഞൂറ് ലിറയാണ് ചാര്‍ജായി ചോദിച്ചത്. തലേന്ന് സിറ്റിയിലേയ്ക്കും തിരിച്ചും നൂറ്റമ്പതും നൂറ്ററുപതും ലിറയ്ക്ക് യാത്ര ചെയ്ത അതേ ദൂരം!
വിലപേശാന്‍ ഒരിക്കലും മറക്കരുതെന്ന ഉപദേശം ഓര്‍മ്മിച്ച് അനു നൂറില്‍ തുടങ്ങി. യാത്ര ആരംഭിച്ചുകഴിഞ്ഞിരുന്നു. അവിശ്വസനീയം എന്ന അര്‍ത്ഥത്തിലാവണം ദൈവത്തെ വിളിച്ച് ടര്‍ക്കിഷ് ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞ് തർക്കിച്ച് അയാള്‍ ഉച്ചത്തില്‍ ചിരിച്ചുകൊണ്ടിരുന്നു. ഇംഗ്ലീഷില്‍ അനുവും സ്വന്തം ഭാഷയില്‍ ഹംസയും വിലപേശല്‍ തുടര്‍ന്നു. അവൾ ഓരോ പത്ത് ലിറ കൂട്ടി പറഞ്ഞപ്പോഴും അയാള്‍ ഉറക്കെയുറക്കെ ചിരിച്ചു. അല്ലാഹുവിനെ വിളിച്ചു. അവൾക്ക് നേരെ കൈ ചൂണ്ടി 'എന്ത് അസംബന്ധമാണ് പറയുന്നതെന്ന് നോക്കൂ!' എന്ന മട്ടില്‍ തുടര്‍ച്ചയായി എന്നോട് പരാതിപ്പെട്ടു-
പക്ഷേ വണ്ടി നിര്‍ത്തിയില്ല- നീരസപ്പെട്ടില്ല.
'ഹാജീ' എന്ന് സംബോധന ചെയ്താണ് അയാള്‍ എന്നോട് സംസാരിച്ചിരുന്നത്. ഒടുവില്‍ നൂറ്ററുപതില്‍ ഉറപ്പിച്ചു. ഒരു നിമിഷം സ്റ്റിയറിംഗ് വീലില്‍ നിന്ന് രണ്ട് കൈയും മുകളിലേയ്ക്കുയര്‍ത്തി വീണ്ടും പടച്ചവനെ വിളിച്ച് അയാള്‍ വാത്സല്യഭാവത്തില്‍ ചിരിച്ചു.
മ്യൂസിക് സിസ്റ്റത്തില്‍ നിന്ന് പതിഞ്ഞ ശബ്ദത്തില്‍ ഗസലുകളും സൂഫി സംഗീതവും ഒഴുകുന്നുണ്ടായിരുന്നു. ഫോണില്‍ ലിസ്റ്റ് പ്രദർശിപ്പിച്ച്, ഇഷ്ടപ്പെട്ട പാട്ട് തൊട്ടുകാണിക്കാന്‍ അയാള്‍ എന്നോടപേക്ഷിച്ചു. സംഗീതം ഏതായാലും ഇഷ്ടമാണെന്ന് പറഞ്ഞും പറയാതെയും അയാളെ ബോദ്ധ്യപ്പെടുത്തി..
വശത്തിരുന്ന സിഗററ്റ് പാക്കറ്റ് ഒരു വിരലുപയോഗിച്ച് തുറന്ന് അയാൾ എനിക്ക് നീട്ടി.
തുർക്കിയിൽ പുകവലിക്ക് വിലക്കില്ല. വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോഴും ഡ്രൈവറുടെ വിരലുകൾക്കിടയിൽ പുകയുന്ന സിഗററ്റുണ്ടാവും. എല്ലായിടത്ത് നിന്നും, പഴയ കാലത്ത് നമ്മുടെ നാട്ടിലുണ്ടായിരുന്നതു പോലെ, സമൃദ്ധമായി പുകച്ചുരുളുകൾ ഉയരുന്നുണ്ടാവും. 'ഹാൻഡ്-ഫ്രീ- സ്‌മോക്കിങ്' എന്ന് വിശേഷിപ്പിക്കാവുന്ന കൗതുകകരമായ വിദ്യ ഇത്ര വ്യാപകമായി ഇതേവരെ എവിടെയും കണ്ടിട്ടില്ല. ചുണ്ടുകൾക്കിടയിൽ പുകയുന്ന സിഗററ്റ് പിടിപ്പിച്ച് ഒരു കുട നിവർത്താൻ ശ്രമിക്കുമ്പോൾ പോലും കണ്ണുകളിലേയ്ക്ക് പുകപടർന്ന് നീറ്റലുണ്ടാക്കും എന്നതാണ് എന്‍റെ അനുഭവം. സുഗന്ധദ്രവ്യങ്ങളും മധുരപലഹാരങ്ങളും പാക്കറ്റുകളിൽ നിറയ്ക്കുമ്പോഴും സിഗററ്റ് ചുണ്ടുകൾക്കിടയിൽ നിർത്തി മുറിയാതെ പുകവലിക്കുന്നവരോട് ചെറിയ ബഹുമാനം തോന്നിയെന്നതാണ് സത്യം.
ഒരു ഹോട്ടലിൽ തീൻമേശമേൽ വെച്ചിരുന്ന ലോഹനിർമ്മിതമായ ആഷ്ട്രേയ്ക്ക് അച്ചപ്പത്തിന്‍റെ രൂപമായിരുന്നു! ഓർമ്മയ്ക്ക് ഒന്ന് വാങ്ങണമെന്ന് കരുതി - നടന്നില്ല.
റോഡിൽ പതിച്ചിരിക്കുന്ന ഇഷ്ടികകൾക്കിടയിലെ വിടവിൽ സിഗററ്റ് കുറ്റികൾ ഇല്ലാത്ത ഒരു പൊതുസ്ഥലവും കണ്ടില്ല.
ഞാൻ ചിരിച്ച്, കൈയുയർത്തി വിലക്കി.
"അച്ഛൻ പുകവലിക്കില്ല! " അനു പറഞ്ഞു
ഹംസ വീണ്ടും ചിരിച്ചു. ദൈവത്തെ വിളിച്ചു.
ഒരു നാല്‍ക്കവലയില്‍ സിഗ്നല്‍ കാത്ത് കാര്‍ നിന്നു. കൈയിൽ 'ജപമാല'യുമായി ഒരു ചെറുപ്പക്കാരൻ ഇടത് വശത്തുനിന്ന് ഡ്രൈവറുടെ കൈ പിടിച്ചു -
മുൻസീറ്റിൽ ഇടത് വശത്തേതാണ് തുർക്കിയിൽ ഡ്രൈവറുടെ ഇരിപ്പിടം. യു.എസ്സിലാണ് ഇതാദ്യം കണ്ടത്. തിരക്കുള്ള പാതകളിൽ കാർ തിരിയുമ്പോഴും മുന്നിലുള്ള വണ്ടിയെ ഓവർടേക് ചെയ്യുമ്പോഴും ആദ്യമൊക്കെ നമുക്ക് ചെറിയ അസ്വസ്ഥത തോന്നും. കണ്ണാടിയിലെ പ്രതിബിംബം നോക്കി കാറോടിക്കുന്നതുപോലെ തോന്നും. നിയമപ്രകാരം മുന്നിലുള്ള വണ്ടിയെ ഓവർടേക് ചെയ്യേണ്ടത് ഇടത് വശത്തുകൂടെയാണ്.
മാല ഹംസയുടെ കൈവെള്ളയിൽ വെച്ച് ചെറുപ്പക്കാരന്‍ കണ്ണിൽ തൊടുവിച്ചു - ചുംബിച്ചു. ചിരിച്ച് വർത്തമാനം പറയുന്നത് കണ്ടപ്പോൾ അവർ പരിചയക്കാരായി രുന്നിരിക്കും എന്ന് ഞാൻ കരുതി. ഹംസ പത്ത് ലിറയുടെ നോട്ട് എടുത്തുകൊടുത്തപ്പോൾ ആണ് അയാളത് വിൽക്കാനോ എന്തോ പേരിൽ പണം ചോദിക്കാനോ ആണ് ശ്രമിക്കുന്നതെന്ന് മനസ്സിലായത്. ചെറുപ്പക്കാരൻ കാറിന്‍റെ മുൻവശത്തുകൂടി വന്ന് മാല എന്‍റെ കൈയിലേക്കിട്ടു. വേണ്ടെന്ന് തലയാട്ടി തിരിച്ചേൽപ്പിക്കാൻ ശ്രമിച്ച എന്‍റെ കൈ കൂട്ടിപ്പിടിച്ച് കണ്ണുകളിൽ മുട്ടിച്ചു- ചുംബിച്ചു.
'എന്തൊരു ഭ്രാന്ത് ' എന്ന ഭാവത്തിൽ സ്നേഹത്തിന്‍റെ ചിരി രണ്ടുപേര്‍ക്കുമായി പകുത്തുതന്നേയുള്ളൂ ഹംസ.
അനു തന്ന പത്ത് ലിറ നോട്ട് ഞാന്‍ അങ്ങോട്ടും കൈയില്‍ ചൂടും നനവുമുള്ള ഒരുമ്മ ചെറുപ്പക്കാരന്‍ ഇങ്ങോട്ടും കൈമാറിക്കഴിഞ്ഞപ്പോള്‍ സിഗ്നല്‍ കിട്ടി വണ്ടി മുന്നോട്ട് നീങ്ങി.
താമസസ്ഥലത്തിനടുത്ത് കാർ നിർത്തി. യാത്രക്കാർക്ക് കയറാനോ ഇറങ്ങാനോ കാർ നിർത്തുന്ന രീതിയിലുമുണ്ട് പുതുമ. കൈകാണിക്കുന്ന/പറയുന്നയിടത്ത് നടുറോഡിലായാലും വണ്ടി നിർത്തുകയാണ് ചെയ്യുന്നത്. നാട്ടുനടപ്പായതുകൊണ്ടാവണം ആരും ഹോണടിക്കുകയോ ശകാരിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല.
പണം കൊടുക്കാൻ അനു ഫോണെടുത്തപ്പോൾ അപ്പുവിന്‍റെ മൂന്നോ നാലോ വയസ്സുള്ളപ്പോഴത്തെ ഫോട്ടോ അയാളുടെ കണ്ണിൽ പെട്ടു. ഫോട്ടോവിനും അനുവിനും നേരെ മാറിമാറി വിരൽ ചൂണ്ടി അറിയാവുന്ന ഇംഗ്ലീഷിൽ വാത്സല്യത്തോടെ അയാൾ അനുവിനോട് ചോദിച്ചു :
IS THAT MY SON?
ഏറെക്കുറെ ഒരു ഹംസച്ചിരി തന്നെ ചിരിച്ച് അവൾ അയാളെ തിരുത്തി.
പ്രപഞ്ചനാഥനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വിളിച്ച്, വീണ്ടും ചിരിച്ച്, കൈതന്ന്, കൈ വീശി ഹംസ കാർ തിരിച്ചു. ഭാഷയില്ലാതെയും
അപരിചിതരെ എങ്ങനെ സൽക്കരിക്കാം എന്നതിന്‍റെ ഹൃദയസ്പർശിയായ ഉദാഹരണമായിരുന്നു അയാൾ കാണിച്ചുതന്നത്.
ആ മുഖവും യാത്രയും ഞാൻ മറക്കില്ല.
ഇസ്താംബുൾ ഒരസാധാരണ അനുഭവമായിരുന്നു- താമസം, പ്രദേശം, ആൾക്കാർ, യാത്രകൾ, ചരിത്രസ്മാരകങ്ങള്‍, ഭക്ഷണം - എല്ലാ നിലയിലും. രാവിലെ പത്തുമണിയോടെ പുറത്തിറങ്ങുന്ന ഞങ്ങള്‍ തിരിച്ചെത്തിയിരുന്നത് അത്താഴത്തിന്‍റെ നേരത്തായിരുന്നു. ഉച്ചഭക്ഷണത്തിനുള്ള ഇടവേള മാറ്റിനിര്‍ത്തിയാല്‍ ആ നേരമത്രയും ഞങ്ങള്‍ ചലിച്ചുകൊണ്ടേ ഇരിക്കുകയുമായിരുന്നു- കാറില്‍, ട്രാമില്‍, മെട്രോയില്‍, ഫെറിയില്‍ -- അല്ലാത്തപ്പോള്‍ നടന്ന്. ശരാശരി പത്ത് കിലോമീറ്റര്‍ വീതം കാല്‍നടയായിത്തന്നെ താണ്ടിയിരുന്നു.
ദിനാന്തരീക്ഷസ്ഥിതി അനുകൂലമായി നിന്നു. മടങ്ങുന്നതിന്‍റെ തലേന്ന് ഒന്ന് ചാറിയതല്ലാതെ മഴ പെയ്തില്ല. തീക്ഷ്ണമായ വെയിലുമുണ്ടായില്ല.
ഇസ്താംബുളില്‍ നടക്കുകയെന്നാല്‍ ഉയരങ്ങളിലേയ്ക്ക് കയറുകയോ താഴ്ചകളിലേയ്ക് ഇറങ്ങുകയോ ചെയ്യുക എന്നാണര്‍ത്ഥം.
അതും എന്തുതരത്തിലുള്ള കയറ്റവും ഇറക്കവും!
നൂറ് മീറ്റര്‍ നടക്കുമ്പോള്‍ നിങ്ങള്‍ ചുരുങ്ങിയത് അമ്പത് മീറ്റര്‍ ഉയരത്തില്‍/താഴ്ചയില്‍ എത്തിക്കഴിഞ്ഞിരിക്കും-അതതിലും അധികമാവുന്ന അപൂര്‍വം ഉദാഹരണങ്ങളും കണ്ടു!
ഗ്രാന്‍ഡ് മാര്‍ക്കറ്റ് പോലെ മുകളില്‍ കെട്ടിമറച്ച, വഴിതെറ്റിപ്പോയേയ്ക്കാവുന്ന, രാവണൻ കോട്ടകളിലും ഇതിന് മാറ്റം കണ്ടില്ല. പാതയോരത്തെ ചെരിഞ്ഞ പ്രതലങ്ങളില്‍ പല തട്ടുകളായി പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളുണ്ട്. ഒരുനിലയിലാണെങ്കിലും(!) ഒരു നാലുനിലക്കെട്ടിടത്തിന്‍റെ ഫലം തന്ന അങ്ങനെയൊരിടത്തിരുന്ന് ബക് ലാവയും കടുപ്പത്തിലുള്ള ടർക്കിഷ് കോഫിയും കഴിച്ചു ഞങ്ങൾ. പൈസ കൊടുക്കാൻ നിലത്ത് തന്നെയുള്ള 'നാലാം നിലയിലെ' കൗണ്ടറിൽ പോകേണ്ടിവന്നു.
കുത്തനെയുള്ള കയറ്റങ്ങളില്‍ റിവേഴ്സ് ഗിയറില്‍ വരുന്ന കാറുകളുടെ 'ആത്മവിശ്വാസം' അദ്ഭുതപ്പെടുത്തും. കടുത്ത വെയിലിലോ കനത്ത മഴയിലോ സ്ഥിതിഗതികൾ എങ്ങനെയുണ്ടാവുമെന്ന് അറിയില്ല. ഞങ്ങൾ കണ്ട കാലാവസ്ഥയിൽ അതൊരു പുതിയ, ഹൃദ്യമായ അനുഭവം തന്നെയായിരുന്നു.
രണ്ട് ലെയ്ൻ മാത്രമുള്ള റോഡുകളിലും ട്രാമുകളിലും കണ്ട, അനുഭവിച്ചറിഞ്ഞ, തിരക്ക് മുംബൈയെ ഓർമ്മിപ്പിച്ചു. കാറെടുത്തോ പലപ്പോഴും നടന്നോ എത്താവുന്ന സ്ഥലങ്ങളിലേയ്ക്കും ട്രാം ഉപയോഗിച്ചത് ആ സ്ഥലത്തിന്‍റെ തുടിപ്പറിയാൻ വേണ്ടിയായിരുന്നു.
'ഒന്നും നോക്കണ്ട.. തള്ളിക്കയറിക്കോളൂ' എന്നായിരുന്നു മുൻപും ഇവിടെ വന്നിട്ടുള്ള മകളുടെ ഉപദേശം. ഇറങ്ങാറാവുമ്പോഴും അവളോർമ്മിപ്പിച്ചു : 'ഒന്നും നോക്കണ്ട. തള്ളി മുന്നോട്ട് പൊയ്ക്കോളൂ.
ഇസ്താംബുളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു ലേഖനത്തിൽ വായിച്ചത് ഓർമ്മയിലുണ്ടായിരുന്നു. 'കാൽനടക്കാർക്ക് പാത മുറിച്ചുകടക്കാനുള്ള സിഗ്നൽ വന്നാലും ഇരുവശത്തേയ്ക്കും നോക്കി ഉറപ്പ്
വരുത്തി മാത്രം റോഡിലേക്കിറങ്ങുക. അടുക്കുന്ന വണ്ടിയിലെ ഡ്രൈവർ ബ്രേക്ക് ചവിട്ടുമെന്ന് ഉറപ്പിക്കരുത്.'
മറുപക്ഷത്ത് സിഗ്നൽ നോക്കാതെ ഓടി മറുകര പിടിക്കുന്നവരുണ്ട്, ഇഷ്ടം പോലെ. ഇവക്കിടയിൽ വണ്ടികളുടെ വേഗം നോക്കി മുന്നിൽ കൊണോട് കോൺ ശരവേഗം കടന്നുപോകുന്ന ഇലക്ട്രിക് ബൈക്കുകളെയും സങ്കൽപ്പിക്കൂ.
ഈ അച്ചടക്കമില്ലായ്മയിൽ പക്ഷേ മൊത്തം നിറഞ്ഞുനിൽക്കുന്ന ഒരച്ചടക്കമുണ്ട്. അന്യോന്യം തട്ടുകയും മുട്ടുകയും ചെയ്യാതെ നഗരം അത് കൊണ്ടുനടത്തുന്നതാണ് സന്ദർശകൻ അദ്‌ഭുതത്തോടെ കണ്ട് ആസ്വദിക്കുന്നത്.
(തുടരും)
കെമാലും ഫ്യൂസുനും ഒരു മ്യൂസിയവും
ഓരോ നിമിഷവും കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഓര്‍മ്മത്തുണ്ടുകളുടെ സമാഹാരമാണ് ജീവിതം. കണ്ടും കേട്ടും അനുഭവിച്ചും ഇടപഴകുന്ന ചുറ്റുപാടുകള്‍ ഏതെങ്കിലും തരത്തില്‍ പരിഷ്കരിക്കപ്പെടുമ്പോള്‍ പരോക്ഷമായെങ്കിലും മനസ്സ് പ്രതിഷേധിക്കും. അത്തരം മാറ്റങ്ങൾ ഓര്‍മ്മകളെ കയ്യേറ്റം ചെയ്യുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നു എന്നതിനാലാണത്. ഓര്‍മ്മകള്‍ക്ക് മുറിവ് തട്ടുമ്പോൾ എന്‍റെ ഒരംശം തന്നെയാണ് വികലമാകുന്നത് - ഇല്ലാതാവുന്നത്.
ഒര്‍ഹാന്‍ പാമുക്കിന്‍റെ അഭിപ്രായത്തോട് ഐക്യപ്പെടാന്‍ ബുദ്ധിമുട്ടില്ല. പണ്ട് താമസിച്ചിരുന്ന വീടോ നാടോ സന്ദര്‍ശിക്കുമ്പോള്‍ ഈ നഷ്ടം അനുഭവിക്കാത്തവരുണ്ടാവില്ല.
ഓർമ്മകളുടെ ഒരു തീവ്രാരാധകനാണ് ഇതെഴുതുന്നയാളും.
ഇസ്താംബൂളിൽ എത്തിയതിന്‍റെ പിറ്റേന്ന് ഉച്ചയ്ക്ക് ഞങ്ങൾ Masumiyet Müzesi എന്ന് ടര്‍ക്കിഷ് ഭാഷയില്‍ പേരുള്ള Museum of Innocence കാണാനെത്തി. നോബൽ സമ്മാനജേതാവായ പാമുക് സ്വന്തം നോവലിന്‍റെ തന്നെ പേരാണ് മ്യൂസിയത്തിനിട്ടിരിക്കുന്നത്. ഒമ്പത് വര്‍ഷങ്ങളിലൂടെ സമാഹരിച്ച സ്മരണികകള്‍ നാല് നിലകളുള്ള കെട്ടിടത്തില്‍ ക്രമീകരിച്ചിരിക്കുന്നു, ഒറ്റയ്ക്ക് പണിതെടുത്ത മ്യൂസിയത്തിന് ഒരുപാട് സവിശേഷതകളുണ്ട്.
പല നാടുകളിലായി കുറേയേറെ മ്യൂസിയങ്ങള്‍ പലപ്പോഴായി സന്ദര്‍ശിച്ചിട്ടുണ്ട്. പേരില്‍ ആ വാക്കില്ലെങ്കിലും ഒരു കാലത്തിന്‍റെ ഒരു ജീവിതത്തിന്‍റെ ഓര്‍മ്മകളുമായി നില്‍ക്കുന്ന ഒട്ടേറെ 'സ്മാരക'ങ്ങളില്‍ അദ്ഭുതാദരങ്ങളോടെ ചുറ്റിനടന്നിട്ടുണ്ട്.
ഷാര്‍ലറ്റ്-എമിലി-ആന്‍-ബ്രോണ്ടി സഹോദരിമാര്‍, വില്യം വേഡ്സ്വര്‍ത്ത്, ചാള്‍സ് ഡിക്കന്‍സ്, ജോണ്‍ കീറ്റ്സ്, ഐസക് ന്യൂട്ടന്‍, ചാള്‍സ് ഡാര്‍വിന്‍, വിര്‍ജീനിയ വൂള്‍ഫ്, ഷേക്സ്പിയർ എന്നിവരുടെ നല്ല നിലയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന വീടുകള്‍ ഇവിടെ, യു കെ യില്‍ വിസ്തരിച്ചു കാണാന്‍ കഴിഞ്ഞവയില്‍ ചിലവയാണ്. അവരുടെ സ്വീകരണമുറികളിലും വൈന്‍ സെല്ലറുകളിലും കിടപ്പറകളിലും വരെ നടന്ന് കഥകള്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്യുമ്പോള്‍ അനുഭവപ്പെടുന്നത് എന്തെന്ന് അനുഭവിച്ചു തന്നെ അറിയണം.
ഇപ്പറഞ്ഞ ഉദാഹരണങ്ങളിലൊക്കെ, പ്രസിദ്ധരായി ജീവിച്ചുമരിച്ച അന്തേവാസികളുടെ ശേഷിപ്പുകള്‍ ആണ് പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നത്. നമുക്ക് വേണ്ടി അവ ഭദ്രമായി ശേഖരിച്ച് സൂക്ഷിച്ച് വെച്ചത് അവര്‍ക്ക് ശേഷം വന്ന കരുതലുള്ള തലമുറകളാണ്. ഇന്ത്യയിലും പുറംനാടുകളിലുമായി സന്ദര്‍ശിക്കാനായ അസംഖ്യം ചരിത്രസ്മാരകങ്ങളുടെ കഥയും അതുതന്നെ
നിഷ്ക്കളങ്കതയുടെ മ്യൂസിയം ഒരുങ്ങുന്നത് കഥയിലാണ് -. അത് ഒരുക്കുന്നത് കെമാല്‍ എന്ന കഥാപാത്രമാണ്. അതിനാല്‍ അത് അയഥാര്‍ത്ഥമാണ്. അതേ മ്യൂസിയമാണ് പക്ഷേ നാല് നിലകളുള്ള കെട്ടിടത്തില്‍ നമ്മള്‍ അകത്തുകയറി കാണുന്നത്. അപ്പോള്‍ അത് യഥാര്‍ത്ഥവുമാണ്. കഥാപാത്രമായും പ്രത്യക്ഷപ്പെടുന്ന ഒർഹാൻ പാമുക് എന്ന നോവലിസ്റ്റ് ആണ് നമുക്കായി അതൊരുക്കിയിരിക്കുന്നത്.
കഥാപാത്രങ്ങള്‍ ഭാവനാസൃഷ്ടി മാത്രമാണെന്ന് എഴുത്തുകാരും ചലച്ചിത്ര നിര്‍മ്മാതാക്കളും മുന്‍കൂര്‍ ജാമ്യമെടുക്കാറുണ്ട്. ഇതില്‍ നിന്ന് മാറി
ഭാവനാസൃഷ്ടികളായ തന്‍റെ കഥാപാത്രങ്ങളെ വായനക്കാര്‍ അങ്ങനെയല്ലാതെ കാണണമെന്ന എഴുത്തുകാരന്‍റെ ആഗ്രഹമാണ് ഒരു കാഴ്ചബംഗ്ലാവാ'യി വളര്‍ന്നത്.
“I wanted to collect and exhibit the 'real' objects of a fictional story in a museum and to write a novel based on these objects,”
നോവലിന്‍റെ 83 അദ്ധ്യായങ്ങളെ പ്രതിനിധീകരിക്കുന്ന 83 അറകൾ - അവയിൽ ശേഖരിക്കപ്പെട്ടിരിക്കുന്നത് 'ഇവിടെ ജീവിച്ച' ഫ്യൂസുന്‍ എന്ന 'കാല്‍പ്പനിക' കഥാപാത്രം നിത്യജീവിതത്തില്‍ എടുക്കുകയും പെരുമാറുകയും മറ്റേതെങ്കിലും തരത്തിൽ ബന്ധപ്പെടുകയും ചെയ്ത വസ്തുക്കൾ! കളിപ്പാട്ടങ്ങള്‍,പോസ്റ്റ്കാര്‍ഡുകള്‍, തീപ്പെട്ടികള്‍, ഉടുപ്പുകള്‍, സിനിമാ പരസ്യങ്ങള്‍ എല്ലാമുണ്ട് കൂട്ടത്തില്‍.
ഫ്യൂസുന്‍ വലിച്ചതെന്ന് സാക്ഷ്യപ്പെടുത്തിയ 4213 സിഗററ്റ് കുറ്റികള്‍, വര്‍ഷങ്ങള്‍ രേഖപ്പെടുത്തി, കുത്തനെ നിര്‍ത്തിയ, വലിയ ചതുര ഫ്രെയ്മിട്ട കണ്ണാടിക്കൂടില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു !
സ്വപ്നത്തില്‍ കണ്ട പൂ, ഉന്നര്‍ന്നുകഴിഞ്ഞപ്പോള്‍ തൊട്ടടുത്ത് ശയ്യയിൽ കാണുന്ന പഴയ കഥാപാത്രത്തെ ഓര്‍മ്മിക്കുന്നുണ്ട് ഒരു അഭിമുഖത്തില്‍ പാമുക്. നിഴലില്‍ നിന്ന് വസ്തു രൂപപ്പെടുന്ന മറ്റൊരുദാഹരണം ലോകത്തുണ്ടോ എന്നറിയില്ല.
കഥകൾക്കും നോവലുകൾക്കും ചലച്ചിത്രങ്ങളായും നാടകങ്ങളായും ദൃശ്യാവിഷ്ക്കാരം ലഭിക്കാറുണ്ട്. ഒരു പടി കൂടി കടന്ന് ത്രിമാനസ്വഭാവമുള്ള യഥാര്‍ത്ഥവസ്തുക്കളായി അവ മുന്നിലെത്തുകയാണ് ഇവിടെ.
തന്‍റെ ജീവിതകഥ എഴുതാൻ കെമാൽ, ഒർഹാൻ പാമുക് എന്ന എഴുത്തുകാരനോട് അപേക്ഷിക്കുന്നു. കഥ കെമാലിന്‍റെ പക്ഷത്തുനിന്ന് അയാളുടെ അനുവാദത്തോടെ ഉത്തമപുരുഷന്‍റെ കാഴ്ചപ്പാടില്‍ ആണ് എഴുതപ്പെട്ടിരിക്കുന്നത്. ആ കെമാല്‍ ആവട്ടെ ഒര്‍ഹാന്‍ പാമുക് സൃഷ്ടിച്ച കഥാപാത്രവുമാണ്.
സമ്പന്നകുടുംബങ്ങളാണ് കെമാലും സിബെലും. അവരുടെ വിവാഹനിശ്ചയത്തിന് രണ്ടു മാസം മാത്രമുള്ളപ്പോള്‍ ആണ് കഥ തുടങ്ങുന്നത്. അവിചാരിതമായി കണ്ടുമുട്ടുന്ന ഫ്യൂസുനില്‍ കെമാല്‍ ആകൃഷ്ടനാവുന്നു. ഫ്യൂസുന്‍ ദരിദ്രയും അകന്ന ബന്ധുവുമാണ്. പല തവണ ശാരീരിക വേഴ്ചയില്‍ ഏര്‍പ്പെട്ടു കഴിഞ്ഞിട്ടും അതിനെ പ്രണയമായി അയാള്‍ അംഗീകരിച്ചിരുന്നില്ല. സിബെലുമായൂള്ള ദാമ്പത്യത്തിന് സമാന്തരമായി കൊണ്ടുനടക്കാവുന്ന ഒരു രഹസ്യബന്ധം മാത്രമായിരുന്നു മനസ്സില്‍. വിവാഹനിശ്ചയത്തില്‍ പങ്ക് കൊണ്ടതിന് ശേഷം ഫ്യൂസുന്‍ അപ്രത്യക്ഷയാവുന്നു.അപ്പോഴാണ് അവളുമായി താന്‍ എത്ര അടുത്തുകഴിഞ്ഞിരുന്നു എന്നയാള്‍ തിരിച്ചറിയുന്നത്. നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കുന്നില്ല. ഫ്യൂസുനുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട വസ്തുക്കള്‍ ശേഖരിക്കുന്ന ഭ്രാന്തമായ ഒരു യാത്രയില്‍ ഏര്‍പ്പെടുന്നു കെമാല്‍.
അയാളുടെ ജീവിതത്തിലേയ്ക്ക് ഫ്യൂസുന്‍ തിരിച്ചുവരുന്നുണ്ട് - മറ്റൊരാളുടെ ഭാര്യയായും - പിന്നീട് വിവാഹമോചിതയായി അയാളുമായി വിവാഹത്തിന് തയ്യാറായും. കാലം കാത്തുവെച്ചിരുന്ന ദുരന്തത്തിലേയ്ക്കാണ് പക്ഷേ കഥ നീങ്ങുന്നത്.
2008 ല്‍ നോവല്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷമാണ് മ്യൂസിയം സന്ദര്‍ശകര്‍ക്കായി തയ്യാറാവുന്നത്. കഥയില്‍ ഫ്യൂസുനും കുടുംബവും കാല്‍ നൂറ്റാണ്ട് ജീവിച്ച ടിംബര്‍ ടൌണ്‍ഹൌസ് മ്യൂസിയമാക്കാനായി വിലയ്ക്ക് വാങ്ങുന്നത് കെമാല്‍ ആണ്.
മ്യൂസിയം എന്ന ലക്ഷ്യവുമായി 1999 ല്‍ കെട്ടിടം സ്വന്തമാക്കുന്നത് പാമുക് ആണ്.
പുസ്തകത്തിന്‍റെ എണ്‍പത്തി മൂന്നാം അദ്ധ്യായത്തില്‍ കെമാല്‍ എഴുതുന്നു :
'From the next paragraph until the end, it will, in essence, be Orhan Bey who is telling the story.'
അടുത്ത ഖണ്ഡിക ഇങ്ങനെ തുടങ്ങുന്നു:
Hello, this is Orhan Pamuk! With Kemal Bey's permission I shall begin by describing my dance with Füsun.
(ദുരന്തകഥയിലെ നായികയാണ് ഫ്യൂസുൻ!)
(ടര്‍ക്കിഷ് ഭാഷയില്‍ ബഹുമാനസൂചകമായി പേരിനോട് ചേര്‍ക്കുന്നതാണ് Bey .നേരിട്ടുള്ള സംഭാഷണത്തില്‍ അത് bey ആവും
പത്തൊമ്പതാം നൂറ്റാണ്ടിൽ പണിത, 199ൽ മാത്രം ഒർഹാൻ പാമുക് സ്വന്തമാക്കിയ ഈ കെട്ടിടം നാല് നിലകളിൽ നമുക്ക് മുന്നിൽ തുറക്കുന്ന ഒരു കഥാപുസ്തകമാണ്. കെമാലും ഫ്യൂസുനും ഇവിടെ ചെലവഴിച്ചു എന്ന് എഴുത്തുകാരന്‍ അവകാശപ്പെടുന്ന കാലത്ത് സത്യത്തില്‍ ഇവിടെ ജീവിച്ചിരുന്നവരെ കുറിച്ച് ഞാനാലോചിച്ചു. ചരിത്രം വളച്ചൊടിക്കുന്നവരെ കുറിച്ചും തിരുത്തുന്നവരെ കുറിച്ചുമൊക്കെ ഒരുപാട് ആശങ്കകള്‍ കൊണ്ടുനടക്കുന്ന തലമുറയാണ് നമ്മുടേത്. ഏതോ കഥയിൽ
അന്യഗ്രഹജീവികൾ ചെയ്തതുപോലെ പെട്ടെന്നൊരു ദിവസം ലോകമെമ്പാടുമുള്ള കഥാപാത്രങ്ങൾ നമ്മുടെയൊക്കെ വീടുകൾ കൈയേറിയാലോ! അഭയാർത്ഥികളായി ഒരയഥാർത്ഥലോകത്ത് നമുക്ക് പുറത്ത് നില്‍ക്കേണ്ടിവന്നാലോ?
ഇസ്താംബുളിലെ തിരക്കേറിയ തെരുവുകൾക്കിടയ്ക്ക് ഒരിടവഴിയിൽ അനാർഭാടമായി നിൽക്കുന്ന മ്യൂസിയം ഏറ്റവും പ്രിയപ്പെട്ട ഇസ്താംബുൾ അനുഭവമായി.
നോവലും മ്യൂസിയവും സമാന്തരമായി മുന്നോട്ട് പോയ സൃഷ്ടികളാണെന്ന് എഴുത്തുകാരൻ പറയുന്നു. അന്യോന്യം ബന്ധപ്പെട്ടവയെങ്കിലും രണ്ടും സ്വതന്ത്ര അസ്തിത്വമുള്ളവ. മ്യൂസിയത്തിൽ പ്രദര്‍ശിപ്പിക്കാന്‍ 1970-'80 കളുടെ മുദ്ര പതിഞ്ഞ വസ്തുക്കൾ കണ്ടെത്താൻ പാമുക്കിന് ഏറെയൊന്നും ബുദ്ധിമുട്ടേണ്ടിവന്നിട്ടുണ്ടാവില്ല എന്ന് ഇസ്താംബുൾ തെരുവുകളിൽ ചുറ്റി നടക്കുമ്പോൾ നമുക്ക് മനസ്സിലാവും. ഭൂതകാലത്തിന്‍റെ അവശിഷ്ടങ്ങൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന ഒട്ടേറെ കടകൾ ഉണ്ടാവിടെ.
പടിഞ്ഞാറൻ സംസ്കാരത്തിന്‍റെ അധിനിവേശമോ സ്വാധീനമോ അടർത്തിമാറ്റിയ ഇസ്താംബുളിന്‍റെ സ്വത്വമായി ഫ്യുസുനെന്ന സുന്ദരിയേയും ആ നഷ്ടബോധവുമായി ജീവിക്കുന്ന ഇസ്താംബുളായി കെമാൽ എന്ന നായകനേയും സങ്കൽപ്പിക്കാൻ തോന്നി എനിക്ക്.
Blue Mosque, Hagia Sophia, Basilica Cistern, Spice Market എന്ന Egyptian Market, Grand Bazar, Topkapi Palace, Bosphorus, ഇസ്താംബുളിന്‍റെ ഏഷ്യന്‍ ഭാഗം എന്നിവയെ കുറിച്ച് എഴുതാനുണ്ട്.
Museum of Innocence എന്നത് മറ്റൊരനുഭവമാണ്. കഥാപാത്രങ്ങളെ പോലെ അതിനടുത്ത ദിവസം രാത്രി ഞങ്ങള്‍ക്ക് മുന്നിലെത്തിയ അതിഥികളെ പരിചയപ്പെടുത്തി തത്ക്കാലം നിര്‍ത്താം.
ഇസ്താംബൂളില്‍ എത്തി മൂന്നാം ദിവസം രാത്രി. പകല്‍ മുഴുവന്‍ ചുറ്റിനടന്ന് കാഴ്ചകള്‍ കണ്ടു. സ്വാദിഷ്ടമായ ടര്‍ക്കിഷ് അത്താഴത്തിന് ശേഷം ഫ്ലാറ്റില്‍
തിരിച്ചെത്തി. പിറ്റേന്നത്തേയ്ക്കുള്ള പരിപാടി തയ്യാറാക്കി. ഞങ്ങള്‍- അനുവും സുശീലയും ഞാനും- ഉറക്കത്തിലേയ്ക്ക് വീണുകഴിഞ്ഞിരുന്നു. ഡോര്‍ ബെല്ലിന്‍റെ ശബ്ദം കേട്ട് ഞങ്ങള്‍ ഉണര്‍ന്നു.
സമയം പതിനൊന്നര മണി.
ഇസ്താംബൂളില്‍ ഞങ്ങളെ അറിയാവുന്ന ഒരേയൊരാള്‍ ഫ്ലാറ്റ് ഉടമയായ സ്ത്രീയാണ്. അവരുമായുള്ളത് മെയില്‍-ചാറ്റ്-ഫോണ്‍ വഴി മാത്രമുള്ള ബന്ധമാണ്. ഫ്ലാറ്റിന് മുന്നില്‍ ലോഹത്തകിടിട്ടടച്ച കോണ്‍ക്രീറ്റ് കുഴിയില്‍ നംബര്‍ ലോക്കിട്ട് പൂട്ടിവെച്ചിരിക്കുകയായിരുന്നു വീടിന്‍റെ താക്കോല്‍. അത് അതേ കുഴിയിലിട്ട് മൂടിയാണ് അഞ്ചുദിവസത്തിന് ശേഷം ഞങ്ങള്‍ മടങ്ങിയത്. അതില്‍ കൂടുതല്‍ ഒരു പരിചയം വീട്ടമയുമായി ഉണ്ടായിരുന്നില്ല. രാത്രി പതിനൊന്നര മണിക്ക് വിളിച്ചുണര്‍ത്താന്‍ അധികാരമുള്ള സൌഹൃദങ്ങളൊന്നും ഇസ്താംബൂളില്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് ചുരുക്കം. വാതിലിലെ ലെന്‍സിലൂടെ നോക്കി ആരാണെന്നും എന്ത് വേണമെന്നും അന്വേഷിച്ചു. രാത്രി എന്തായാലും വാതില്‍ തുറക്കില്ലെന്ന് അറിയിച്ചു. കുഴപ്പക്കാരല്ലെന്ന് തോന്നിച്ച ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ആണ് പുറത്തുണ്ടായിരുന്നത്. നാലോ അഞ്ചോ നിലകളുള്ള ഫ്ലാറ്റിലേയ്ക്ക് കയറാനുള്ള പൊതുവാതില്‍ താക്കോലില്ലാതെ പുറത്തുനിന്ന് തുറക്കാനാവില്ല. അതുകൊണ്ട് താമസക്കാരനല്ലാത്ത ഒരാള്‍ക്ക് ഞങ്ങളുടെ വാതിലിന് മുന്നില്‍ എത്തിപ്പെടാനും കഴിയില്ല. ചെറുപ്പക്കാരോട് സംസാരിക്കുമ്പോള്‍ തന്നെ വീട്ടുടമയുമായി ചാറ്റ് വഴി ബന്ധപ്പെട്ടു.
അത് ഏതോ 'rogue neighbours' ആവാനേ വഴിയുള്ളൂ എന്നും വാതില്‍ തുറക്കേണ്ടെന്നും ഫ്ലാറ്റ് മാനേജരെ വിളിച്ച് വേണ്ടത് ചെയ്യാം എന്നുമായിരുന്നു മറുപടി. വീടിനകത്ത് നിന്ന് ഇംഗ്ലീഷിലും പുറത്തുനിന്ന് ടര്‍ക്കിഷ് ഭാഷയിലുമായിരുന്നു സംഭാഷണം. സ്വാഭാവികമായും രണ്ടുപേര്‍ക്കും പറയുന്നതൊന്നും അന്യോന്യം മനസ്സിലാവുന്നുണ്ടാ യിരുന്നില്ല. ഒരാള്‍ സംസാരിച്ചുകഴിഞ്ഞ് അല്‍പസമയം അന്തരീക്ഷം നിശബ്ദമായിരിക്കും. അത് കഴിഞ്ഞ് ബെല്‍ വീണ്ടും ശബ്ദിക്കും.
അതങ്ങനെ പത്തിരുപത് മിനുട്ട് തുടര്‍ന്നു. പിന്നെ അവര്‍ കാഴ്ചപ്പുറത്തുനിന്ന് മാഞ്ഞുപോയി.കഥയുടെ ആദ്യഭാഗത്ത് നിന്ന് എഴുന്നേറ്റ് ഞങ്ങളെ കാണാനെത്തിയ കെമാലും ഫ്യൂസുനും ആയിരുന്നിരിക്കുമോ അവര്‍ ?
ഒടുവിലത്തെ പേജുകള്‍ നഷ്ടപ്പെട്ട ഒരു അപസര്‍പ്പക കഥപോലെ
"അവനല്ല -- അവളാണ്..! "
യു കെ യിലുള്ള മകന്‍റെ കുടുംബത്തോടൊപ്പം മൂന്ന് മാസം ചെലവിട്ട് മടങ്ങുകയാണെന്ന് പറഞ്ഞ സുഹൃത്തിനെ ഒരു അത്താഴത്തിന് സന്ധിക്കാന്‍ എത്തിയതായിരുന്നു ഞങ്ങള്‍. ബെങ്ഗളൂരുവില്‍ കാണാറും കേള്‍ക്കാറുമുണ്ടെങ്കിലും ഇവിടെയുണ്ടെന്നറിഞ്ഞപ്പോള്‍ കാണാതെ പോകുന്നത് ശരിയല്ല എന്ന് തോന്നി.
അത്തരം തോന്നലിന് പിന്നിലെ മന:ശാസ്ത്രം മുന്‍പും കൌതുകമുണര്‍ത്തിയിട്ടുണ്ട്.
നാട്ടില്‍ നിന്ന് ഒഴിവ് കാലത്ത് ബെങ്ഗളൂരുവില്‍ എത്താറുള്ള മലയാളി കുടുംബങ്ങള്‍ പുത്തന്‍ രുചികള്‍ അറിയാന്‍ മെനക്കെടാതെ മലയാളി ഹോട്ടലുകളിലും ബേക്കറികളിലും മലയാളചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലും തിരക്കിക്കൂടുന്നത് ഒരു പതിവ് കാഴ്ചയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആന്ധ്ര സ്വദേശിയായ പരിചയക്കാരനാണ് ഇത് നമ്മുടെ മാത്രം സ്വഭാവമല്ലെന്ന് മനസ്സിലാക്കിത്തന്നത്. അച്ഛനും അമ്മയുമടങ്ങുന്ന സംഘത്തോടൊപ്പം യൂറോപ്യന്‍ ടൂറിന് പോയതായിരുന്നു അയാള്‍. എഡിന്‍ബറോയിലെ ബന്ധുഗൃഹത്തില്‍ നിന്ന് കാഴ്ചകള്‍ കാണാന്‍ പുറപ്പെട്ടിറങ്ങിയ മിക്കവാറും യാത്രകള്‍ ആന്ധ്ര- കൃത്യമായി പറഞ്ഞാല്‍ ഹൈദരാബാദ്- വിഭവങ്ങള്‍ കിട്ടുന്ന റെസ്റ്റോറന്‍റുകള്‍ അന്വേഷിച്ചുകണ്ടെത്തുന്ന ശ്രമങ്ങളായി അവസാനിക്കുമായിരുന്നു പോലും.
എനിക്കും സുഹൃത്തിനും അന്യോന്യം കാണണമെന്ന് തോന്നിയതില്‍ ഔചിത്യഭംഗമില്ല എന്നര്‍ത്ഥം.
രാജീവിന്‍റെ പേരമകന്‍ -ഞങ്ങളുടെ അപ്പുവിനെ പോലെ- ഇത്തവണ GCSE എന്ന പതിനൊന്നാം വര്‍ഷ പരീക്ഷ ജയിച്ച പതിനാറുകാരനാണ്. പഴയ സ്കൂളിലെ സഹപാഠികളോടൊപ്പം ഒരു സമാഗമത്തിന് രാവിലെ വീട് വിട്ടതായിരുന്നു നീരവ്. അത്താഴത്തിനും അവന് എത്തിച്ചേരാനായില്ല. ഒമ്പതര മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഭക്ഷണം കഴിച്ചു.
വാരാന്ത്യമായിരുന്നതിനാല്‍ വീട് ഒരു ഒഴിവ് ദിന മാനസികാവസ്ഥയിൽ ആയിരുന്നു.
യാത്ര പറയാനൊരുങ്ങവേ രാത്രി തങ്ങാന്‍ സുഹൃത്തിനെ കൂടി കൂടെ കൊണ്ടുവരാന്‍ അനുമതി തേടി നീരവ് അമ്മയെ ഫോണില്‍ വിളിച്ചു.
അനുമതി കൊടുത്തുകൊണ്ട്,'അച്ഛനോ അമ്മയോ വേണമെങ്കില്‍ അവനെ വീട്ടില്‍ കൊണ്ടുപോയി വിടാം' എന്ന് പറഞ്ഞ അമ്മയോട് ചിരിച്ചുകൊണ്ട് നീരവ് പറഞ്ഞു
" അവനല്ല - അവളാണ് ! "
കണ്ണുകള്‍ വലുതാക്കി, ചുണ്ടത്ത് വിരല്‍ വെച്ച് അമ്മ ഞങ്ങളെ നോക്കി.
ഇവിടത്തെ കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ അസ്വാഭാവികത തോന്നേണ്ടതില്ലാത്ത ചുറ്റുപാട് ആയിരുന്നിരിക്കാം.
പക്ഷേ ഹാളിലെ മലയാളി അന്തരീക്ഷം നിശബ്ദം ഒന്ന് കിടുങ്ങി. ഒന്നോ രണ്ടോ മിനുട്ടില്‍ സമനില വീണ്ടെടുത്ത് അമ്മ അതിഥിമുറി ഒരുക്കി ഹാളില്‍ തിരിച്ചെത്തി. തിരക്കിട്ട ആലോചനയ്ക്കൊടുവില്‍ പിറ്റേന്ന് പെണ്‍കുട്ടി സ്ഥലം വിടുന്നതുവരെ ഒരുതരത്തിലും വിഷയം ചര്‍ച്ച ചെയ്യരുതെന്ന തീരുമാനത്തില്‍ എത്തി.
നീരവും പഴയ സഹപാഠിയും വന്നു. ഭംഗിയും പ്രസരിപ്പുമുള്ള ഒരു മദാമ്മക്കുട്ടി. ബുദ്ധിമുട്ടിച്ചതിന് ക്ഷമ ചോദിച്ച്, എല്ലാവരെയും പരിചയപ്പെട്ട്, ചിരിച്ച്, നീരവിനോടും അമ്മയോടുമൊപ്പം അവള്‍ അവളുടെ മുറിയിലേയ്ക്ക് പോയി. അഞ്ച് മിനുട്ട് കൂടി ഇരുന്ന് ഞങ്ങള്‍ യാത്ര പറഞ്ഞു.
പിറ്റേന്ന് സുഹൃത്ത് ബാക്കി കഥ പറഞ്ഞു :
പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും തത്ക്കാലം വീട്ടിലില്ല. അയല്‍വീടുകളിലുള്ളവരും ഒഴിവുകാല യാത്രകളില്‍ ആണ്. ഒറ്റയ്ക്ക് വീട്ടില്‍ കഴിയുന്നതിന്‍റെ മുഷിപ്പ് ഒഴിവാക്കേണ്ടിയിരുന്നു അവള്‍ക്ക്. കോവിഡ് കാലത്തിന് മുന്‍പ് കണ്ടതാണ് നീരവിനെ. ഒരുപാട് സംസാരിക്കാനുണ്ട്. വരുംവര്‍ഷങ്ങളില്‍ പഠിക്കേണ്ട വിഷയങ്ങളെ കുറിച്ചും ലക്ഷ്യം വെയ്ക്കേണ്ട കോളേജുകളെ കുറിച്ചും ഒക്കെ ചര്‍ച്ച ചെയ്യാനുണ്ട്!
മുതിര്‍ന്നവര്‍ കിടക്കാനൊരുങ്ങുമ്പോഴും- രാത്രിയില്‍ എപ്പോഴോ ഉണര്‍ന്നെഴുന്നേറ്റപ്പോഴും- നീരവിന്‍റെ കിടക്കയുടെ കാല്‍ക്കലും തലയ്ക്കലും അഭിമുഖമായിരുന്ന് അവര്‍ സംസാരിക്കുകയായിരുന്നു.
" രാത്രി ഒന്നര മണി വരെ ഞങ്ങള്‍ സംസാരിച്ചിരുന്നു! "
രാവിലെ ഒപ്പമിരുന്ന് പ്രാതല്‍ കഴിച്ചതിന് ശേഷമാണ് അവള്‍ യാത്ര പറഞ്ഞത്.
അസാധാരണമായി എന്തെങ്കിലും നടന്നതായി നീരവിന്‍റെയോ പെണ്‍കുട്ടിയുടെയോ വാക്കുകളിലോ പെരുമാറ്റത്തിലോ കാണാതിരുന്നതുകൊണ്ട് മുന്‍തീരുമാനത്തില്‍ നിന്ന് മാറി തത്ക്കാലം വിഷയം ചര്‍ച്ച ചെയ്യുകയേ വേണ്ട എന്ന തീരുമാനത്തിലെത്തി സുഹൃത്തിന്‍റെ വീട്ടുകാർ!
സന്തോഷം തോന്നി.
മറകളില്ലാത്ത ആ സൌഹൃദവും ഒന്ന് ഞെട്ടിയതിന് ശേഷമാണെങ്കിലും പുതിയ കാലത്ത്, പുതിയ ചുറ്റുപാടില്‍ രക്ഷിതാക്കള്‍ കാണിച്ച ഹൃദ്യമായ ആ വീണ്ടുവിചാരവും ഞാന്‍ ഓര്‍മ്മയില്‍ സൂക്ഷിക്കും.
നാലാമത്തെ തവണയാണ് സന്ദര്‍ശകരായി യു കെ യില്‍ എത്തുന്നത്. ആഗസ്റ്റ് ആദ്യവാരത്തിന്റെ അവസാനം ഇവിടെയെത്തുമ്പോൾ രാവിലെ അഞ്ചര മണിയോടെ ഉദിച്ച് രാത്രി എട്ടരയ്ക്ക് അസ്തമിക്കുന്ന 'പതിനഞ്ച്-മണിക്കൂർ- പകലുക'ളായിരുന്നു. ഒന്നര മാസത്തിന് ശേഷം അത് പന്ത്രണ്ടര മണിക്കൂറിൽ എത്തിനിൽക്കുന്നു. ചില ദിവസങ്ങളില്‍ ഊഷ്മാവ് താപതരംഗത്തിന്‍റെ വക്കോളമെത്തിയെങ്കിലും പൊതുവെ പ്രസന്നമായ തണുപ്പായിരുന്നു ദിനാന്തരീക്ഷസ്ഥിതി. കാലാവസ്ഥ അനുകൂലമാകുമ്പോള്‍ ആഘോഷിക്കണമെന്ന് സായിപ്പന്മാരെ പോലെ നമ്മളും പഠിച്ചിരിക്കുന്നു. വെയില്‍ ദിവസങ്ങള്‍ കാടുകളില്‍ പിക്നിക്കിന് - ദീര്‍ഘദൂര ട്രെക്കിങ്ങിന് - പോയും മുറ്റത്ത് ഹാമക് നിവര്‍ത്തി അതില്‍ കിടന്ന് പുസ്തകം വായിച്ചും ആഘോഷിക്കുന്ന നാട്ടില്‍ ചെന്നാല്‍ ' —- റോമാക്കാരെ പോലെ' എന്നോ '—------------ നടുക്കണ്ടം തിന്നണം' എന്നോ ഒക്കെയാണ് എന്‍റേയും അഭിപ്രായം. എല്ലാവരുമൊത്ത് പുറത്തിറങ്ങാൻ കഴിയാതെ വന്ന ദിവസങ്ങളിൽ ഞങ്ങൾ സന്ദർശകർ മാത്രം പുറത്തിറങ്ങും. തെറ്റായ ദിശകളിൽ വണ്ടികൾ വരുന്നുണ്ടോ എന്ന് ആശങ്കപ്പെടാതെ നടക്കാവുന്ന പാതയോരവഴികളിലൂടെ അഥവാ അടുത്തുള്ള മൈതാനത്തിൽ ഒരു മണിക്കൂർ നടക്കും. ഒരു തവണ ഒരു തിരിവ് മറന്ന് വഴിതെറ്റി കുറെ ദൂരം പോയി. GPS ന്റെ സഹായം എടുക്കാമായിരുന്നു. ചുറ്റുപാടുകൾ വല്ലാതെ അപരിചിതമായി അനുഭവപ്പെട്ടുതുടങ്ങിയപ്പോൾ എബ്രഹാം ലിങ്കന്റെ മുഖവുമായി എതിരെ വന്ന സായിപ്പിനോട് വീട്ടിനടുത്തുള്ള റെയിൽവേ സ്റ്റേഷനിലേയ്ക്കുള്ള വഴി ചോദിച്ചു. "Sanderstead Railway Station? You are miles and miles away!" മുഖത്ത് അദ്ഭുതത്തിന്റെയും ആശങ്കയുടെയും പുഞ്ചിരി. പത്തടി നടന്നതിന് ശേഷം മൂപ്പർ തിരിച്ചുവന്നു, ഞങ്ങൾക്ക് കൃത്യമായി എവിടെയാണ് പോകേണ്ടതെന്നറിയാൻ. വഴിക്കുണ്ടായിരുന്ന ഒരു Y സന്ധിപ്പിൽ പിഴച്ചതാണെന്ന് മനസ്സിലായയത്‌കൊണ്ട് ഞങ്ങൾ തിരിച്ചുനടന്നു.
കാൽനടയാത്രക്കാരിൽ മിക്കവരുടെയും കൂടെ പലയിനം വളർത്തുനായ്ക്കളും കാണും. തുടലും ഗ്ലൗസും പ്ലാസ്‌റ്റിക് ഉറകളും ആൾക്കാരുടെ കൈകളിൽ കാണാം. കാട്ടിൽ നടക്കുന്നതിന്നിടെ ഓടിവന്ന നായയെ കണ്ട് ഭയന്ന കുട്ടിയുടെ അമ്മയോട് കുട്ടിക്ക് ആവശ്യമായ പരിശീലനം കൊടുക്കണമെന്ന് സ്നേഹപൂർവ്വം ഉപദേശിച്ച മദാമ്മയെ കുറിച്ച് സുഹൃത്തിന്റെ ഭാര്യ പറയുന്നുണ്ടായിരുന്നു.
ഓഫീസിലേയ്ക്ക് ധരിക്കേണ്ട വസ്ത്രങ്ങള്‍ കാലാവസ്ഥ-ചാനല്‍ നോക്കി നിശ്ചയിക്കുന്ന രീതി ആദ്യമായി കണ്ടതും അദ്‌ഭുതപ്പെട്ടതും മറ്റൊരു രാജ്യത്താണ്. മഴയായാലും വെയിലായാലും നാട്ടിൽ നമ്മുടെ കവിഞ്ഞ കരുതൽ ഒരു കുടയിലൊതുങ്ങും.
ബെങ്ഗളൂരുവിൽ സ്ഥിതി വ്യത്യസ്തമാണ്. മലയാളികളെ പോലെ കുട ഉപയോഗിക്കുന്ന ശീലം കന്നഡക്കാർക്കില്ല. സോക്സ്, കൈയുറ, മഫ്ളർ, തൊപ്പി, സ്വെറ്റർ, ജാക്കറ്റ്, (കുറെയേറെ പേർക്ക്) ചെവിയിൽ പഞ്ഞി എന്നിങ്ങനെയൊക്കെയാണ് അവരുടെ രീതികൾ.
മറുനാടൻ തണുപ്പ് അസ്ഥിയിൽ പിടിക്കുന്ന മൂന്നാമതൊരിനമാണ്.
മടക്കിക്കുത്തിയ മുണ്ടും ടീഷർട്ടുമാണ് എന്നും എവിടെയും എന്റെ വീട്ടുവേഷം. ഒരനുഭവം ഓർക്കുന്നു. വീട്ടിൽ നിന്ന് അല്പം മാറിയായിരുന്നു കാർ പാർക്ക് ചെയ്തിരുന്നത്. വാങ്ങിയ സാധനങ്ങൾ കാറിൽ നിന്ന് വീട്ടിലേയ്ക്ക് കൊണ്ടുവന്നുകൊണ്ടിരുന്ന അജിയെ സഹായിക്കാൻ, ചൂടാക്കിയ ഹാളിൽ നിന്ന് അതേ വേഷത്തിൽ ഞാൻ കാറിനടുത്തെത്തി. അതേവരെ അറിഞ്ഞിട്ടില്ലാത്ത ഒരു തരിപ്പ് കൈത്തണ്ടകളുടെ അകത്തേയ്ക്ക് കടച്ചിലായി പടർന്നു. ചെറിയ ശ്വാസതടസ്സമുണ്ടാക്കുന്ന മട്ടിൽ നാസാരന്ധ്രങ്ങളിൽ, ഉറഞ്ഞ ജലത്തിന്റെ പാട രൂപപ്പെട്ടത് പോലെ തോന്നി. അതിഥിയായി വീട്ടിലെത്തിയിരുന്ന അജിയുടെ സുഹൃത്ത് പറഞ്ഞു : ' ഒരിക്കലും ചെയ്യരുത് അങ്ക്ൾ ! ഒറ്റദിവസം കൊണ്ട് ന്യുമോണിയയായി മാറും ! "
ഇതെഴുതുന്ന ദിവസം പുലർന്നത് 8° C താപനിലയിലാണ്. വരും ദിവസങ്ങളിൽ ഇനിയും താഴും- !
Subscribe to:
Posts (Atom)