Monday, October 2, 2023
സിംഗപ്പൂര്‍ -2 --ടാന്‍ യൂ ഹ്വാത് എന്ന ക്യാബ് ഡ്രൈവര്‍
സിംഗപ്പൂർ - 2
______________
ടാൻ യൂ ഹ്വാത് എന്ന ക്യാബ് ഡ്രൈവർ
________________________________________
മൂന്നോ നാലോ കൊല്ലങ്ങളായി സിംഗപ്പൂരിൽ ജോലി ചെയ്തിരുന്ന ചക്രി (ചക്രവർത്തി) അടുത്തിടെ ഒരു ജോലിക്കയറ്റത്തോട് കൂടി യു എസ്സിലെ ടെക്സസിലേയ്ക്ക് പോയി . പുതിയ സ്ഥലത്ത് ജോലിയിൽ കയറിയതിന് ശേഷം മൂപ്പർ സ്വന്തം എഫ്ബി പോസ്റ്റിൽ സിംഗപ്പൂരിനോട് യാത്ര പറഞ്ഞതിങ്ങനെയാണ് :
'നന്ദി.., സിംഗപ്പൂർ ! ഇക്കഴിഞ്ഞ വർഷങ്ങളിൽ നീ എന്നെ സ്നേഹത്തോടും കരുതലോടും പരിചരിച്ചു. തുടർന്നും ഇവിടെ കഴിയാൻ ഞാൻ ശ്രമിച്ചേനേ - അന്തരീക്ഷോഷ്മാവ് ഒരു പത്തു ഡിഗ്രി കുറവും വിസ്തീർണം ഏതാനും ആയിരം ചതുരശ്ര കിലോമീറ്റർ കൂടുതലും ആയിരുന്നെങ്കിൽ !"
കിഴക്കുപടിഞ്ഞാറ് അമ്പതിൽ താഴെ കിലോമീറ്റർ നീളം -
തെക്കുവടക്ക് ഇരുപത്തഞ്ചോളം കിലോമീറ്റർ വീതി -
750 ൽ കുറവ് ചതുരശ്ര കിലോ മീറ്റർ വിസ്തീർണ്ണം -
അതായത് കേരളത്തിന്റെ അഞ്ചിലൊന്ന് - അത്രയേയുള്ളൂ സിംഗപ്പൂർ എന്ന സിംഹപുരം.
നെടുകെയും കുറുകെയും രാജ്യത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ കാൽനടയായി യാത്ര ചെയ്യുക എന്നത് സഹപ്രവർത്തകൻ റിച്ചാർഡിന്റെ ഇടവിട്ടുള്ള വിനോദമാണെന്ന് ചാരു പറയുന്നു .
മൂന്ന് മാസത്തെ ഒഴിവിലാണ് വന്നിരുന്നതെങ്കിൽ ഒരു ശ്രമം നടത്തിയേനേ ഞങ്ങളും.
അടുത്ത തവണയാവട്ടെ..
ഇൻഡോനേഷ്യയുടെ പഴയ ഒരു ഭരണാധികാരി പരിഹസിച്ചതുപോലെ ഭൂപടത്തിലെ ചെറിയ ശോണബിന്ദുവാണ് ഈ നഗരരാഷ്ട്രം .
The Little Red Dot !
"കുറച്ചു ദൂരേയ്ക്കാണ് ഇന്നത്തെ യാത്ര.. കുഴപ്പമില്ലല്ലോ..?"
രാത്രി ഒമ്പത് മണി കഴിഞ്ഞിരുന്നു സമയം.
"ഒരു കുഴപ്പവുമില്ല- എന്നാലും..എത്ര ദൂരേയ്ക്ക് ..?"
"ക്യാബിൽ ഇരുപത് മിനുട്ട് -" !!
ഇങ്ങനെയാണ് പൊതുവെ യാത്രകളുടെ സമയദൈർഘ്യം !
വിസ്തീർണത്തിൽ ചെറുതെങ്കിലും ജനസാന്ദ്രതയിൽ ലോകരാഷ്ട്രങ്ങളിൽ രണ്ടാമത്തേതോ മൂന്നാമത്തേതോ ആയ സിംഗപ്പൂരിൽ വാഹനങ്ങളുടെ എണ്ണം കുറവല്ല. ഇരുപതോ ഇരുപത്തഞ്ചോ മിനുട്ടിൽ ലക്ഷ്യസ്ഥാനത്ത് എത്താനാവുന്നെങ്കിൽ നന്ദി പറയേണ്ടത് നിലവാരമുള്ള റോഡുകൾക്കും കാര്യക്ഷമതയുള്ള വാഹനങ്ങൾക്കും കർശനമായി പാലിക്കപ്പെടുന്ന ട്രാഫിക് നിയമങ്ങൾക്കും തന്നെയാണ്.
കാർ ഡ്രൈവർമാർ (അവരിൽ സ്ത്രീകളുമുണ്ട്.) ഏറെക്കുറെ എല്ലാവരും നാട്ടുവിശേഷങ്ങൾ ചോദിച്ചും പറഞ്ഞും യാത്രകളിൽ അനായാസം പങ്കുചേരുന്നവരാണ് എന്നാണനുഭവം. ശ്രദ്ധയോടെ കേട്ടാൽ, ചില സിംഗ്ളീഷ് (മംഗ്ളീഷിനെയും ഹിങ്ഗ്ളീഷിനെയും ഒക്കെ പോലെ ) പ്രയോഗങ്ങളൊഴികെ, മനസ്സിലാക്കാൻ വിഷമമില്ലാത്ത, അൽപം ചെരിഞ്ഞ, ഇംഗ്ലീഷ്.
കാണേണ്ട കാഴ്ചകളുടെയും ചെയ്യേണ്ട കാര്യങ്ങളുടെയും വിവരണവും താരതമ്യങ്ങളുമായി നീളും സംഭാഷണം. 'Singapore is a GREAT city' എന്ന് സംഭാഷണത്തിനിടെ ഒരു തവണയെങ്കിലും ചിരിച്ച് തലകുലുക്കും !
ഇക്കഴിഞ്ഞ ദിവസം വന്ന ചെറുപ്പക്കാരന് നാടിനെ കുറിച്ച് പറയാനുണ്ടായിരുന്നത് യാത്ര അവസാനിക്കുമ്പോഴും തീർന്നിരുന്നില്ല :
"ഹോങ്കോങ് നല്ലതാണെന്ന് അവിടത്തുകാർ പറയും. അത് ശരിയല്ല. ഞാനവിടെ പോയിട്ടുണ്ട്, പല പ്രാവശ്യം, പല കാര്യങ്ങൾക്കുമായി . സമരവും ബഹളവുമാണവിടെ. ചൈനയിലുമില്ല സമാധാനവും സന്തോഷവും. ഞങ്ങളുടേത് ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമാണ് - സുരക്ഷിതമായ രാജ്യമാണ്. "
സന്ദർശകരായ ഞങ്ങൾ പടിഞ്ഞാറ് ഒരു സ്ഥലത്തേയ്ക്ക് പുറപ്പെട്ട് ബസ് തെറ്റിക്കയറി കിഴക്ക് ഈ സ്ഥലത്ത് എത്തിപ്പെട്ടതാണ് എന്ന് ഒന്ന് തുടങ്ങിക്കൊടുത്തേയുള്ളു. അത് കേൾക്കാൻ കാത്തിരുന്നതുപോലെ യാണ് അയാൾ തുടങ്ങിയത്.
" നിങ്ങൾക്ക് ഒന്നും ഭയക്കേണ്ട കാര്യമില്ല സിംഗപ്പൂരിൽ. സ്ഥലമറിയാതെ എവിടെ പെട്ടുപോയാലും സുരക്ഷിതമായി 'ഞങ്ങൾ' നിങ്ങളെ വീട്ടിൽ എത്തിച്ചിരിക്കും. എന്റെ കുട്ടികൾക്ക് സിംഗപ്പൂരിലെ എത് തെരുവിലും എത് അർദ്ധരാത്രിക്കും ഒറ്റയ്ക്ക് ചുറ്റിനടക്കാം. ഒന്നും സംഭവിക്കില്ല. ആ ധൈര്യം ഞങ്ങൾക്ക് തന്നത് രാഷ്ട്രപിതാവായ മുൻപ്രധാനമന്ത്രിയാണ്. ഭരണനേതൃത്വം കരുത്തും സഹജീവിസ്നേഹവും ചേർന്ന ഒരാളിൽ ആവണം. ഒരേസമയം അയാൾ സ്വേച്ഛാധിപതിയും കമ്യൂണിസ്റ്റുമായിരിക്കണം . എന്നാലേ ജനോപകാരപ്രദമായ മട്ടിൽ നാടിനെ മുന്നോട്ട് നയിക്കാനാകൂ . ഗാന്ധിയുടെ നാട്ടിൽ നിന്നല്ലേ നിങ്ങൾ വരുന്നത് - നിങ്ങൾക്കറിയാമല്ലോ. സിംഗപ്പൂർ ഇങ്ങനെയൊന്നുമായിരുന്നില്ല. നാല്പതു കൊല്ലം മുൻപ് ഇവിടെ ശമ്പളക്കൂടുതൽ ആവശ്യപ്പെട്ട് പൈലറ്റുമാർ ഒരു ചട്ടപ്പടിജോലി സമരം തുടങ്ങി. ഞങ്ങളുടെ മുൻപ്രധാനമന്ത്രി അവരെ വിളിച്ചുവരുത്തി. സംശയത്തിനിടയില്ലാത്ത ഭാഷയിൽ അവരോട് പറഞ്ഞു. 'രാഷ്ട്രത്തിന് നഷ്ടവും ചീത്തപ്പേരും ജനത്തിന് ബുദ്ധിമുട്ടും ഉണ്ടാക്കുന്ന സമരത്തിൽ നിന്ന് പിന്തിരിയണം. ജോലി കൃത്യമായി ചെയ്തുകൊണ്ട് നിങ്ങളുടെ ആവശ്യങ്ങൾ അവതരിപ്പിക്കണം. ഇപ്പോഴത്തെ രീതി തുടർന്നാൽ എയർലൈൻസിന്റെ പ്രവർത്തനം അവസാനിപ്പിച്ച്, പുതിയ ഒരു തുടക്കത്തിലേയ്ക്ക് പോകാൻ എനിക്ക് ബുദ്ധിമുട്ടില്ല. എന്നെ അതിന് നിർബന്ധിക്കരുത് '
സമരം അവസാനിപ്പിച്ച് ജീവനക്കാർ ജോലിക്ക് കയറി. സിംഗപ്പൂരിനെ ലോകരാഷ്ട്രങ്ങളുടെ നിലവാരത്തിലേയ്ക്ക് ഉയർത്തിക്കഴിഞ്ഞാണ് ലീ ക്വാൻ യു മരിച്ചത്. അന്ന് കോരിച്ചൊരിയുന്ന മഴയത്ത് അദ്ദേഹത്തിന് ആദരവ് അർപ്പിക്കാൻ ക്ഷമയോടെ കാത്തുനിന്നവരുടെ മുൻപിൽ തന്നെ ആ പൈലറ്റുമാരുണ്ടായിരുന്നു.
ഇന്ന് ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും ഞങ്ങളുടെ രാജ്യം മുൻപന്തിയിലാണ്. "
Gojek Singapore app വഴി book ചെയ്തപ്പോൾ ഞങ്ങൾക്ക് കിട്ടിയ മെസ്സേജ് നാല് മിനുട്ടിൽ കാർ ഞങ്ങൾക്കരികിൽ എത്തുമെന്നായിരുന്നു. ഫോണിലെ മാപ്പിൽ അത് വരുന്നത് ശ്രദ്ധിച്ച് നിൽക്കെ ഡ്രൈവറുടെ അറിയിപ്പ് വന്നു :
'ഞാൻ പിക് അപ് പോയിന്റിൽ എത്തി .'
തൊട്ടുമുന്നിൽ വന്ന് നിൽക്കുകയാണ് പതിവ്.
അങ്ങനെ ചെയ്യേണ്ട കാര്യമില്ലെങ്കിലും കാത്തുനിൽക്കുന്ന കാറുകളുടെ നിരയിൽ അറ്റം വരെ നടന്നുനോക്കി. ഞങ്ങൾക്ക് കിട്ടിയ നമ്പറിൽ ഒരു കാർ കൂട്ടത്തിലില്ല. എന്തുചെയ്യണമെന്ന് സംശയിച്ചുനിൽക്കെ അടുത്ത മെസ്സേജ് :
'നാല് മിനുട്ടിനുള്ളിൽ കാറിനടുത്ത് എത്തിയില്ലെങ്കിൽ ട്രിപ്പ് ക്യാൻസൽ ചെയ്യും. അതിനുള്ള ചാർജ് കൊടുക്കേണ്ടിയും വരും.'
മറ്റൊരു രാജ്യത്ത് നിന്ന് സന്ദർശകരായി എത്തിയ ഞങ്ങൾക്ക് സ്ഥലവും രീതികളും പുതിയതാണെന്നും കാറിനടു ത്തെത്താനുള്ള ശ്രമത്തിലാണെന്നും മെസ്സേജ് അയച്ചതിനു പിന്നാലെ എവിടെനിന്നെന്നറിയാതെ കാർ മുന്നിലെത്തി. പിക്കപ്പ് പോയന്റ് ടൈപ് ചെയ്തതിൽ വന്ന ചെറിയ നോട്ടക്കുറവ് അയാൾ ചൂണ്ടിക്കാണിച്ചുതന്നു.
ലീ ക്വാൻ യു വും ഗാന്ധിയും മാവോ സേ തൂങ്ങും ഒരേപോലെ കയറിവന്നു, വിദ്യാസമ്പന്നനായ ചെറുപ്പക്കാരന്റെ വിശകലനത്തിൽ.
" ജോലി ചെയ്യാൻ തയ്യാറാണെങ്കിൽ നിങ്ങൾക്ക് ഇവിടെ ജോലിയുണ്ട്. സുഖമായി ജീവിക്കാനുള്ള വരുമാനം ജോലിയിൽ നിന്ന് കിട്ടും. വലിയ... വളരെ വലിയ പണച്ചെലവുള്ള ജീവിതവും ഉണ്ട് സിങ്കപ്പൂരിൽ. വരുമാനത്തിൽ ഒതുങ്ങാത്ത ജീവിതശൈലി ധൂർത്താണ്. അത്യാഗ്രഹമാണ്. അങ്ങനെയൊരു വാക്ക് ഉപയോഗിക്കാൻ എനിക്കിഷ്ടമല്ലെങ്കിലും അതിനെ 'അറപ്പിക്കുന്നത് ' എന്നാണ് ഞാൻ വിശേഷിപ്പിക്കുക. വഴിയിലൊരു നൂറ് ഡോളർ നോട്ട് കിടക്കുന്നത് കണ്ടെന്ന് കരുതു. അതെടുത്ത് പോക്കറ്റിലിട്ടാൽ ഒരുപക്ഷേ എനിക്ക് അഴിയെണ്ണേണ്ടി വരും. പകരം ജോലി എടുത്തുകിട്ടുന്ന പൈസ കൊണ്ട് സുഖമായി ജീവിക്കാനാവും എന്ന തിരിച്ചറിവ് ഉണ്ടായിരിക്കുന്നതാണ് നല്ലത്. "
വഴിയിലൊരിടത്തേയ്ക്ക് കൈ ചൂണ്ടി അയാൾ പറഞ്ഞു :
" സിംഗപ്പൂർ പൗരന്മാർക്ക്, സംസാരിക്കാനുള്ള സ്ഥലമാണത് - 'സ്പീക്കേഴ്സ് കോർണർ' സമരം ചെയ്യാനും പൊതുസ്ഥലങ്ങളിൽ ജാഥ നയിക്കാനും ഞങ്ങൾക്ക് അനുവാദമില്ല. ഇവിടെ ഞങ്ങൾക്ക് യോഗങ്ങൾ കൂടാം - രാഷ്ട്രീയാഭിപ്രായങ്ങൾ ചർച്ച ചെയ്യാം - വിയോജിപ്പുകൾ പ്രകടിപ്പിക്കാം. നിർദ്ദേശങ്ങൾ അവതരിപ്പിക്കാം. ഭരണഘടന അംഗീകരിച്ചിരിക്കുന്ന ഏതെങ്കിലും ഭാഷയിൽ. സുഖമായി ജീവിക്കാനുള്ള സാഹചര്യം നിലവിലുള്ളപ്പോൾ സാധാരണക്കാരൻ എന്തിനാണ് സമരം ചെയ്യുന്നത്...? "
സ്പീക്കേഴ്സ് കോർണറിൽ നിലവിലുള്ള വിലക്കുകളിൽ ശ്രദ്ധേയമായി തോന്നിയ ഭാഗം ഇങ്ങനെ പരിഭാഷപ്പെടുത്താം :
'നേരിട്ടോ ആനുഷംഗികമായോ ഏതെങ്കിലും മതവിശ്വാസങ്ങളെ കുറിച്ചോ മതങ്ങളെ കുറിച്ചോ മത-ജാതി വികാരങ്ങൾ വ്രണപ്പെടുന്ന രീതിയിലോ രാജ്യത്തെ വിവിധമത- ജാതിക്കാർ ക്കിടയിൽ സ്പർദ്ധയോ അസ്വസ്ഥതയോ ശത്രുതയോ വളർത്തുന്ന തരത്തിലോ ഉള്ള ചർച്ചകളും പ്രസംഗങ്ങളും വിലക്കിയിരിക്കുന്നു.'
ഇപ്പോഴത്തെ പ്രധാനമന്ത്രിയെ കുറിച്ച് ചെറുചിരിയോടെയാണയാൾ പറഞ്ഞത്.
" മകൻ അച്ഛനെ പോലെത്തന്നെ പ്രാപ്തനാണെങ്കിലും സൗമ്യപ്രകൃതിയാണ്. കോവിഡ് സമയത്തൊക്കെ അദ്ദേഹം രാഷ്ട്രത്തെ മികച്ച രീതിയിലാണ് നയിച്ചത്. പാലിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിന്, അതിന്റെ ശാന്തഭാവം കണ്ട് സഹൃദയരായ ഒരു മ്യൂസിക് ബാൻഡ് പശ്ചാത്തലസംഗീതം ഒരുക്കുക കൂടി ചെയ്തു. യു ട്യൂബിലുണ്ട് കണ്ടുനോക്കു!"
രാജ്യത്തെ കർശനമായ നിയമവാഴ്ചയേയും ശിക്ഷാവിധികളേയും വല്ലാതെ ഭയന്നുകൊണ്ടുള്ള ജീവിതങ്ങളാണ് സാധാരണക്കാരന്റേത് എന്ന് മുൻപും തോന്നിയിരുന്നില്ല.
രാഷ്ട്രീയം ചർച്ചാവിഷയമാവാത്ത താവുമോ ഒരുപക്ഷേ കാരണം എന്നൊരു സംശയമുണ്ടായിരുന്നു.
അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി നിത്യജീവിതത്തിന്റെ ആയാസം കുറച്ചുതരുന്ന ഭരണകൂടത്തിന് കീഴിൽ സാധാരണക്കാരന് പരാതികൾ കുറയുന്നു എന്നതാവുമോ കാരണം എന്ന് ഇപ്പോൾ തോന്നുന്നു.
യു എസ്സിൽ വീട് വാങ്ങിച്ചതിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരൻ 'സുഹൃത്ത്' ഒരിക്കൽ പറഞ്ഞു :
" ഒരു വീട് വാങ്ങിയ സുഖം കിട്ടിയില്ല, അങ്ക്ൾ.."
എന്നിട്ട് അത് ഇങ്ങനെ വിശദീകരിച്ചു :
"ഒരു ഏജന്റിനെ കണ്ടു. ഏതുതരം വീടാണ് വാങ്ങാൻ ആഗ്രഹിക്കുന്നതെന്ന് വിശദീകരിച്ചു. നാലഞ്ച് ദിവസം കഴിഞ്ഞ് അയാൾ വിളിച്ചു. പറഞ്ഞ മട്ടിലൊരു വീടുണ്ടെന്നറിയിച്ചു. പോയി കണ്ടു. ഇഷ്ടപ്പെട്ടു. വെളുത്തതും കറുത്തതുമില്ലാതെ പരസ്യത്തിൽ പറഞ്ഞിരുന്ന തുക ബാങ്ക് വഴി കൈമാറി. ഒരു ടി വി പോലെ, കമ്പ്യൂട്ടർ പോലെ, വീട് സ്വന്തമായി. "
നമ്മുടെ നാട്ടിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകളും അഴിമതികളും മെല്ലെപ്പോക്കുകളും അടുത്ത ബന്ധുക്കളുടെ അനുഭവകഥകളിലൂടെ വിശദീകരിച്ച് ചെറുപ്പക്കാരൻ അവസാനിപ്പിച്ച രീതി ശ്രദ്ധേയമായി തോന്നി .
"ഇവിടെ (യു എസ്സിൽ ) അഴിമതിയില്ല എന്ന് ഞാൻ പറയില്ല. പക്ഷേ ദൈനംദിന ജീവിതത്തിൽ സാധാരണക്കാരന് അത് നേരിടേണ്ടിവരുന്നില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചുതന്നെ പറയാനാവും "
ഈ അവസ്ഥ ഇവിടത്തെ- സിംഗപ്പൂരിലെ - സാധാരണക്കാരനും ബാധകമായിരിക്കും എന്ന് തോന്നുന്നു. വൈദ്യുതി, ഇന്റർനെറ്റ്, റോഡ്, പൊതുഗതാഗതം ഇതൊക്കെ ബുദ്ധിമുട്ടാതെ, ബുദ്ധിമുട്ടിക്കാതെ അയാൾക്കും കിട്ടുന്നുണ്ടല്ലൊ .
തിരക്കുള്ള റോഡുകൾ മുറിച്ചുകടക്കാനാണെങ്കിലും
കാൽനടക്കാർക്ക് സ്വന്തം റിഫ്ലെക്സുകളെയോ തടിമിടുക്കിനെയോ ആശ്രയിക്കേണ്ടിവരുന്നില്ല. സിഗ്നൽ ഇല്ലാത്തിടങ്ങളിൽ, മറുകര പറ്റാൻ റോഡിലിറങ്ങുന്ന കാൽനടക്കാരൻ എതിർവശത്ത് നടവഴിയിലേയ്ക്ക് കയറുന്നത് വരെ വാഹനങ്ങൾ ക്ഷമയോടെ കാത്തുനിൽക്കുന്നത്, വിദേശരാജ്യങ്ങളിൽ, മുൻപും കണ്ടിട്ടുണ്ട്. പരസഹായമില്ലാതെ വീൽ ചെയറിൽ യാത്ര ചെയ്യുന്നവരും ബദ്ധപ്പാടില്ലാതെയാണ് പാത മുറിച്ചുകടക്കുന്നത്.
ഇരിക്കുന്നിടത്ത് നിന്ന് കഴുത്ത് തിരിക്കാതെ, വരുന്ന ബസ്സുകൾ കാണാനാണത്രെ പുതിയ ബസ് സ്റ്റോപ്പുകളിൽ സമാന്തര സിമന്റ് ബെഞ്ചുകൾ ചെരിച്ചാണ് പിടിപ്പിച്ചിരിക്കുന്നത്.
ബസ്സിൽ കയറാൻ ഒറ്റയ്ക്ക് വീൽചെയറിൽ എത്തുന്ന യാത്രക്കാരുണ്ട്. തറയോട് ചേർന്ന് ബസ്സിൽ ഘടിപ്പിച്ചിരിക്കുന്ന റാംപ് വഴി അവരെ കയറ്റിയിരുത്തുന്നതും ഇറങ്ങേണ്ടിടത്ത് സുരക്ഷിതരായി പുറത്തേക്കിറക്കുന്നതും ഡ്രൈവറാണ്.
കണ്ടക്റ്ററും 'കിളി'യും ഇല്ലാത്ത ബസ്സുകളാണ്.
ഭൂഗർഭ റെയിൽവേയാണ് സിംഗപ്പൂരിൽ കൂടുതലും. MRT(മാസ് റാപിഡ് ട്രാൻസ്‌പോർട് ) എന്ന ചുരുക്കപ്പേരുള്ള റെയിൽവേയ്ക്ക് 1987 ൽ തുടങ്ങുമ്പോൾ ആറ് കിലോമീറ്റർ ദൈർഘ്യവും അഞ്ച് സ്റ്റേഷനുകളും ആണുണ്ടായിരുന്നത്. ഇന്നത് ഇരുന്നൂറ്റി ഇരുപതോളം കിലോമീറ്റർ ദൈർഘ്യവും നൂറ്റിതൊണ്ണൂറോളം സ്റ്റേഷനുകളുമായി രാജ്യമാകെ പടർന്നിരിക്കുന്നു. ഡ്രൈവറില്ലാത്ത, യന്ത്രവൽക്കരിച്ച ട്രെയ്‌നുകൾ ആദ്യമായി കണ്ടത് ലണ്ടനിലാണ്. മാളുകളുടെ ബെയ്സ്മെന്റിലാണ് റെയിൽവേ സ്റ്റേഷനുകൾ . സ്റ്റേഷനിൽ, അടഞ്ഞ വാതിലുകൾക്ക് മുന്നിൽ, നട തുറക്കാൻ ശ്രീകോവിലിന് മുന്നിലെന്നതുപോലെ, ആൾക്കാർ കാത്തുനിൽക്കുന്നു. തുരങ്കത്തിലൂടെയെത്തുന്ന ട്രെയ്‌ൻ ആദ്യമായി കണ്ട് അദ്‌ഭുതപ്പെട്ടത് ലണ്ടനിലായിരുന്നു.
പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ, ട്രെയ്‌നുകളിൽ - മറ്റ് പൊതുസ്ഥലങ്ങളിലും - തമിഴിലും എഴുതിയിട്ടുണ്ടാവും. അംഗീകരിക്കപ്പെട്ട രാഷ്ട്രഭാഷകളിൽ ഒന്നാണ് തമിഴ്.
അവശർക്കും മുതിർന്നവർക്കും സീറ്റൊഴിഞ്ഞ് കൊടുക്കൽ - കയറിവരുന്നവർക്ക് വഴിമാറി ക്കൊടുക്കൽ - പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കൽ തുടങ്ങി ട്രെയ്‌നുകളിൽ സഹയാത്രികരോട് കാണിക്കേണ്ട മര്യാദകൾ അഞ്ച് ചിത്രകഥാപാത്രങ്ങളിലൂടെ പറയുന്ന പരസ്യം കൗതുകകരമായി തോന്നി :
വികലാംഗർക്കോ മുതിർന്നവർക്കോ വേണ്ടി സീറ്റ് വിട്ടുകൊടുക്കുന്ന Stand-Up Stacey
മറ്റുള്ളവർക്ക് ഇറങ്ങാനായി വഴി മാറിക്കൊടുക്കുന്ന Give-Way Glenda
കയറുന്നവർക്ക് ഇടം കിട്ടാനായി അകത്തേയ്ക്ക് ഒതുങ്ങുന്ന Move-In Martin:
സഹയാത്രികർക്ക് അലോസര മുണ്ടാക്കാതെ ശബ്ദം താഴ്ത്തി സംസാരിക്കുന്ന Hush-Hush Hannah
അന്തരീക്ഷത്തിൽ മറ്റുള്ളവർക്ക് അവകാശപ്പെട്ട ഇടങ്ങളിലേയ്ക്ക് അതിക്രമിച്ചു കയറാതെ കൈയിലെ ബാഗ് മുന്നിൽ, താഴെ വെച്ച് യാത്ര ചെയ്യുന്ന Bag-Down ബെന്നി.
സിംഗപ്പൂര്‍ -1
രാവിലെ ആറര മണി. സിംഗപ്പൂർ ഉണരുന്നേയുള്ളു. തെരുവുവിളക്കുകൾ അണഞ്ഞിട്ടില്ല. ചുറ്റുമുള്ള പാതകളിലെ ഒറ്റപ്പെട്ട വാഹനങ്ങളുടെ ശബ്ദം മാറ്റിനിർത്തിയാൽ ഇപ്പോൾ കേൾക്കുന്നത് കലപില കിളിയൊച്ചകൾ മാത്രം. എയർ പോർട്ടിൽ നിന്നുള്ള യാത്രയിൽ കണ്ട പാതയോര വൃക്ഷങ്ങളെ പോലെ കൂട്ടം ചേർന്നുള്ള ആ ചിലയ്ക്കലുകളും സത്യത്തിൽ അദ്‌ഭുതപ്പെടുത്തി. കഴുകി വെടിപ്പാക്കിയ സമ്പന്നമായ ഒരു കോൺക്രീറ്റ് കാട് മാത്രമായിരുന്നു മനസ്സിൽ ഈ സിറ്റി സ്റ്റേറ്റ് .
ഡയപ്പർ കെട്ടിയാണ് സിംഗപ്പൂരിലെ പക്ഷികൾ ജീവിക്കുന്നതെന്ന് കൊല്ലങ്ങൾ ഇവിടെ ജീവിച്ച ബന്ധു തമാശ പറയുന്നു .
''ശരിയായ ടോയ്ലെറ്റ് ട്രെയ്‌നിംഗ് കിട്ടിയതുപോലെയാണവർ പൊതുസ്ഥലങ്ങളിൽ പെരുമാറുന്നത്!''
സത്യം!
രാവിലെ ഈ സമയത്ത് എന്നോടൊപ്പം ഉണർന്നിരിക്കുന്നത് മകൾ ചാരുവിന്റെ വാലി എന്ന പേരുള്ള 'പോരാളി' വളർത്തു മത്സ്യം മാത്രമാണ്.
ചട്ടികളിൽ വളരുന്ന ചെടികൾക്കും പേരുകളുണ്ട്, സിൽവിയ, ന്യൂട്ടൺ, ഓസ്കാർ, ജേക്കബ്, ഒലീവിയ എന്നിങ്ങനെ- കൂട്ടത്തിൽ ക്ഷീണിച്ച ഒരു ദാക്ഷായണിയും ! പോകുന്നതിന് മുൻപ് ഒരു നിസാമുദ്ദീനെ വാങ്ങി സമ്മാനിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അലയടിക്കുന്ന വർണച്ചിറകുകളിളക്കി സ്വന്തം സാമ്രാജ്യത്തിൽ നീന്തിയും കുത്തിമറിഞ്ഞും ഒറ്റയ്ക്കുള്ള ജീവിതം ആഘോഷിക്കുകയാണ് വാലി. ബെങ്ഗളൂരുവിൽ ഏഴ് വയസ്സുകാരൻ ഉണ്ണി, ഇണയെ പോലും പരിധിയിൽ കവിഞ്ഞ് പൊറുപ്പിക്കാത്ത പോരാളിമീനിനെ കാണിച്ചുതന്നതും പരിചയപ്പെടുത്തിയതും ഓർത്തു.
കോഴിപ്പോര് പോലെ വാതുവെച്ച് നടത്താറുണ്ടായിരുന്ന മീൻപോരുകളിലെ ചേകവന്മാരായിരുന്നു പോലും ഇക്കൂട്ടർ.
'ജീവിതം മറ്റൊരാളുമായി
പങ്കു വെയ്ക്കാൻ കഴിയാതെ ഞാനെന്നെത്തന്നെ
വേളികഴിച്ചു കഴിഞ്ഞീടുന്നു' എന്ന അർത്ഥത്തിൽ ഒരു കുഞ്ഞുണ്ണിക്കവിതയുണ്ട്.
ഇവിടെ എത്തിയിട്ട് ഒരാഴ്ച പിന്നിടുന്നു.
പറക്കമുറ്റാത്ത ഞങ്ങൾ രണ്ടുപേരെ വീട്ടിലാക്കി മൂന്നാം ദിവസം, കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ചാരു ഓഫിസിൽ പോയിത്തുടങ്ങി.
ഏഷ്യൻ രാജ്യമായതുകൊണ്ടാവാം ഈ അന്തരീക്ഷത്തിൽ കാര്യമായ അപരിചിതത്വം അനുഭവപ്പെടുന്നില്ല. കാർഡ് ടാപ് ചെയ്ത് ഗേറ്റ് തുറക്കാനേ പരിശീലനം വേണ്ടിയിരുന്നുള്ളു.
വെയിൽ ഉറയ്ക്കുന്നതിന് മുൻപ് ആദ്യമായി ഒറ്റയ്ക്ക് പുറത്തിറങ്ങിയ ദിവസം പാതയോരത്ത് ഇൻസ്റ്റന്റ് മരം നടൽ നടക്കുകയായിരുന്നു . ഏറെക്കുറെ വളർച്ചയെത്തിയ മരങ്ങളുമായി എത്തിയ ട്രക്കിൽ നിന്ന് മണ്ണിൽ പുതഞ്ഞ വേരുകളോടെ പുതിയ താമസസ്ഥലത്തേയ്ക്ക് അഞ്ചു മിനുട്ടിൽ ഒരു പറിച്ചുനടൽ !
വെയിലാറിക്കഴിഞ്ഞ് കൈയിൽ സിംഗപ്പൂർ ഡോളർ നോട്ടുകളും ഫോണിൽ ജി പി എസ്സുമായി പ്രവർത്തി ദിവസങ്ങളിൽ സുശീലയും ഞാനും പുറത്തിറങ്ങും നഗരത്തെ നേരിൽ കാണാനും പരിചയപ്പെടാനും.
മുപ്പത് ഡിഗ്രിക്ക് മേൽ നിൽക്കുന്ന ശരാശരി ഊഷ്മാവിൽ എ സി യുള്ള മുറികളിൽ നിന്ന് എ സി യുള്ള വാഹനങ്ങളിൽ എ സി യുള്ള ഓഫീസുകളിലോ കച്ചവടസ്ഥാപനങ്ങളിലോ എത്തി സമയം ചെലവഴിക്കുന്നതിൽ കവിഞ്ഞ സാഹസങ്ങൾ പകൽവേളകളിൽ ആശാസ്യമല്ല എന്ന് സന്ദർശകർക്കും അറിയാം. എല്ലാ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും ശാന്തമായി പെയ്തൊഴിയുന്ന മഴയോടെയാണ്. വൈകുന്നേരങ്ങളിലും രാത്രിയും ചിലപ്പോൾ ഇടി-മിന്നലുകളുടെ അകമ്പടിയുണ്ടാവും .
ബെങ്ഗളൂരുവിൽ നിന്ന് നാല്-നാലര മണിക്കൂർ നേരത്തെ കുഞ്ഞിയാത്ര - ഒരേയൊരു മാസത്തെ ദൈർഘ്യം മാത്രമുള്ള കുഞ്ഞിത്താമസം - കുഞ്ഞിയുടുപ്പിട്ട കുഞ്ഞി ശരീരങ്ങളുടെ ഈ കുഞ്ഞിനാടിനെ അടുത്തറിയാൻ 'ഒരു വരവ് കൂടി വരേണ്ടിവരും - തീർച്ച !'
എമറാൾഡ് ഹിൽ റോഡിലെ Hullet Rise എന്ന ബഹുനിലക്കെട്ടിടത്തിൽ 11th floor ൽ ആണ് ചാരുവിന്റെ ഒതുക്കമുള്ള മൂന്ന് മുറി ഫ്ലാറ്റ്. ഈ 11th floor ന് ഒരു പ്രത്യേകതയുണ്ട്. നാട്ടിലാണെങ്കിൽ ഇതിനെ 10 th floor എന്നാണ് നാം വിളിച്ചിട്ടുണ്ടാവുക. ഇതൊരു അമേരിക്കൻ രീതിയാണെന്ന് കാണുന്നു. Ground floor, first floor എന്ന് പൊതുവെ പറയാറുണ്ടെങ്കിലും നമ്മൾ മലയാളികൾക്കും താഴത്തെ വീട് ഒന്നാം നിലയും 1st floor രണ്ടാം നിലയുമല്ലേ? താഴെക്കിറങ്ങുമ്പോൾ ലിഫ്റ്റിൽ 1 ആണ് അമർത്തുന്നത് - 0 മോ G യോ പട്ടികയിലില്ല!
Shop houses എന്ന പേരിൽ സംരക്ഷിക്കപ്പെടുന്ന നിരവീടുകളുടെ ഇടങ്ങളിൽ ഒന്നാണ് ഓർച്ചാഡ് റോഡിനോട് ചേർന്നുകിടക്കുന്ന ഇവിടവും (ഞങ്ങളുടേത് പോലുള്ള ഫ്ലാറ്റ് സമുച്ചയങ്ങൾ അവയുടെ ഭാഗമല്ലെങ്കിലും).അകത്ത് ആലങ്കാരികമായ വെച്ചുകെട്ടലുകൾ ഒഴിവാക്കിക്കൊണ്ടുള്ള ഗൃഹനിർമ്മാണം പുറംനാടുകളിലെ പൊതുസ്വഭാവമാണെ ന്ന വിശ്വാസം ഇവിടെയും എനിക്ക് തിരുത്തേണ്ടി വന്നില്ല.
ആദ്യകാല കുടിയേറ്റക്കാർക്ക് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നിർമ്മിച്ച് വാടകയ്‌ക്ക് കൊടുത്ത ഇരുനില ക്കെട്ടിടങ്ങളാണ് shop houses . 1800 കളുടെ ഒന്നാം പാതിയിൽ ആദ്യമായി താമസത്തിന് കൊടുത്തപ്പോൾ, മിക്കവാറും താഴെ കടയും മുകളിൽ താമസവുമായിരുന്നു പോലും. ആ പേര് വരുന്നത് അങ്ങനെയാണ്. അന്നൊക്കെ, നമ്മുടെ നാട്ടിൽ കാണാറുള്ളതുപോലെ, കടയുടെ പുറത്തേയ്‌ക്കും വിൽപ്പനയ്ക്കുള്ള ഉരുപ്പടികൾ നിരത്തിയും പരസ്യങ്ങൾ പ്രദർശിപ്പിച്ചും പശ്ചാത്തലത്തിൽ സംഗീതമൊരുക്കിയും ആയിരുന്നു ഇവ നിലനിന്നിരുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടുതുടങ്ങിയപ്പോൾ കടവീടുകളുടെ സ്ഥാനത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ അംബരചുംബികൾ ഉയർന്നു. ചരിത്രസ്മാരകങ്ങളായി കട വീടുകൾ സംരക്ഷിക്കപ്പെടണം എന്ന ആശയം പൊങ്ങിവന്നത് പിന്നീടാണ്. അകത്ത് മാത്രം ആവശ്യമായ മാറ്റങ്ങൾ വരുത്തി ബാക്കി ഷോപ്പ് ഹൗസുകൾ നിലനിന്നു. ചിലവ വീടുകളായും ചിലവ കച്ചവടസ്ഥാപനങ്ങളായും തുടരുന്നു.
വീടുകൾക്ക് പുറത്ത് ഒരറ്റം മുതൽ മറ്റേയറ്റം വരെ നീണ്ടുകിടക്കുന്ന മൂടിയ അഥവാ ഓട് മേഞ്ഞ 'അഞ്ചടി(നട )പ്പാത'യാണ് സന്ദർശകരുടെ കാഴ്ചയിൽ കടവീടുകളെ ആകർഷകമാക്കുന്ന ഒരു ഘടകം. വീട്ടുകാരുടെ സ്വകാര്യതയെ അലോസരപ്പെടുത്താതെ, മഴയും വെയിലുമേൽക്കാതെ പൊതുജനത്തിന് ഉപയോഗിക്കാവുന്ന ഈ പൊതുവഴി ഒരു വലിയ ആശയമാണ് - വലിയ സൗകര്യവും . ഒരു കൗതുകത്തിന്, കുട്ടിക്കാലം ചെലവഴിച്ച ഒലവക്കോട് റെയിൽവേ കോളനിയിലെ നിര വീടുകൾക്കും ഇടച്ചുമരുകൾ പങ്കു വെയ്ക്കുന്ന കൽപ്പാത്തി അഗ്രഹാരത്തിലെ വീടുകൾക്കും അങ്ങനെയൊരു പൊതുവരാന്ത സങ്കൽപ്പിച്ചുനോക്കി...
(റോഡിന്റെ എതിർവശങ്ങളിലായി രണ്ട് വീടുകളിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ടൈലുകളും സിമന്റും മണലും അടങ്ങുന്ന നിർമ്മാണ സാമഗ്രികൾ അയൽവാസികൾക്കോ വഴിയാത്രക്കാർക്കോ ബുദ്ധിമുട്ടാവാത്ത മട്ടിൽ അടുക്കിയും മറച്ചുമാണ് വെച്ചിരിച്ചിരിക്കുന്നത് . ഈ പൗരബോധം മറ്റു വിദേശരാജ്യങ്ങളിലും കണ്ടറിഞ്ഞിട്ടുണ്ട്. ദിവസവും ക്രൂരമായി പരിണമിച്ചുകൊണ്ടിരിക്കുന്ന ബെങ്ഗളൂരുവിൽ നിന്നാണ് ഞാൻ വരുന്നത്. ഇഷ്ടികയും കൂട്ടിയിട്ട മണലും ഇരുമ്പ് കമ്പികളും ചുറ്റിയും വളഞ്ഞുമുള്ള സാഹസികയാത്രകളാണ് ഞങ്ങൾക്ക് അവിടെ ഓരോ ചെറിയ നടത്തയും. ടാറിടുന്നതുമായോ കുഴികൾ നികത്തുന്നതുമായോ ബന്ധപ്പെട്ടുള്ള ജോലികൾ കാരണം ഒരു വഴിക്കുള്ള യാത്ര മുടക്കിയിരിക്കുന്നു എന്നറിയുന്നത് പലപ്പോഴും മൂന്നോ നാലോ കിലോമീറ്റർ സഞ്ചരിച്ച് ജോലി നടക്കുന്നിടത്ത് എത്തുമ്പോഴായിരിക്കും. നമുക്ക് പകർത്തേണ്ടതായി പലതുമുണ്ട് വെളിനാടുകളിൽ എന്ന് രാഷ്ട്രീയ നേതൃത്വത്തിന് തോന്നണം. അപ്പോഴേ അതൊരു സാമൂഹ്യപാഠമായി ജനത്തിന് മുന്നിലെത്തിക്കാനാവു .)
സിംഗപ്പൂരിൽ വണ്ടികളിലും കടകളിലും മാളുകളിലുമൊഴികെ പൊതുസ്ഥലങ്ങളിൽ ഇപ്പോൾ മാസ്ക് നിർബന്ധമല്ല. ഞങ്ങൾക്കാകട്ടെ ഇപ്പോൾ മാസ്ക് ഇല്ലാതെ പുറത്തിറങ്ങുമ്പോൾ ചെറിയ അളവിൽ നഗ്നത അനുഭവപ്പെടും. ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാവുന്ന തരത്തിൽ കൈത്തണ്ടയിൽ മാസ്ക് കെട്ടിക്കൊണ്ടുനടക്കുന്നവരെ വഴിനീളെ കാണാം. അവർ നിയമലംഘകരല്ല. തൊണ്ണൂറ്റൊമ്പത് ശതമാനം പേരും പക്ഷേ മറുനാടൻമാരാണ്. ഇവിടത്തുകാരെ മാസ്ക്കില്ലാതെ പൊതുസ്ഥലങ്ങളിൽ കാണാനായില്ല എന്നുതന്നെ പറയാം.
കോവിഡിനെ സാധാരണ ജലദോഷപ്പനിയുടെ അപകടകാരിയായ പുതിയ രൂപമായി കണ്ട്, ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വത്തിൽ മുന്നോട്ട് പോകുക എന്നതാണ് ഇന്നത്തെ സിംഗപ്പൂർ നയം. കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ പോകുന്നു എന്ന് ഇന്നലത്തെ വാർത്തയിലും ഉണ്ടായിരുന്നു .
വീട്ടുജോലികളിൽ സഹായിക്കുന്ന ജെയ്ൻ ഫിലിപ്പീൻകാരിയാണ്. ബോബ് ചെയ്ത തലമുടിയിൽ ചായം തേച്ച്, ചിരിച്ച് പ്രസരിപ്പോടെ ജോലി ചെയ്യുന്ന ജെയ്നിന്റെ ഭർത്താവും മുതിർന്ന മക്കളും നാട്ടിലാണ്. ചെറിയ മുറിക്കാലുറയും ഷർട്ടുമാണ് വേഷം. പരിചയപ്പെടുത്തിയപ്പോൾ തന്നെ 'ഇത്രയും വലിയ മകളുണ്ടെന്ന് തോന്നില്ല' എന്ന് കണ്ണുകൾ വലുതാക്കി . 'മോം ഈസ് പ്രെട്ടി ! ' എന്ന് സുശീലയ്ക്കും 'യു ആർ ഹാൻസോം! ' എന്ന് എനിക്കും 'സർട്ടീറ്റ്' തന്നു!
Subscribe to:
Posts (Atom)