Friday, May 20, 2022

അമരത്വം തേടുന്ന കഥാപാത്രങ്ങള്‍ --എം എച് സുബൈര്‍

നീണ്ട ഇടവേളകളിൽ വളരെക്കുറച്ച് കഥകൾ എഴുതിയ ഒരാളാണ് ശ്രീ സതീശൻ പുതുമന. എന്നാൽ എഴുതിയ ഓരോ കഥയും മനുഷ്യമനസ്സെന്ന പ്രതിഭാസത്തെ വായനക്കാർക്ക് മുന്നിൽ തുറന്നിടുന്നു. ഓരോ കഥയിലും വായനക്കാർക്ക് അഴിച്ചെടുക്കാനുള്ള കുരുക്കുകൾ അദ്ദേഹം വിദഗ്ധമായി നെയ്തു ചേർക്കുകയും അതിലൂടെ മനസ്സിനെ അതിന്റെ സങ്കീർണ്ണതയിലും വ്യാപ്തിയിലും മനസ്സിലാക്കാനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നുണ്ട്. ഓരോ കഥയ്ക്കുള്ളിലും മറ്റൊരു ലോകത്തേയ്ക്ക് തുറക്കുന്ന കിളി വാതിലുകൾ ഒളിപ്പിച്ചു വച്ചിരിക്കുന്നത് അറിയാൻ കഴിയും. മുന്നോട്ട് നടക്കുന്തോറും ആ ലോകങ്ങളിലേയ് ക്കുള്ള ഉൾവഴികൾ താനേ ജീവൻ വച്ചുണരുകയാണ്. മനുഷ്യ മനസ്സിന്റെ ബോധ-ഉപബോധ തലങ്ങളെ അനാവരണം ചെയ്യുന്ന സൂക്ഷ്മലോകങ്ങളിലേക്കുള്ള ഉൾവഴികൾ. ഒരു കലാസൃഷ്ടി എങ്ങനെയായിരിക്കണം എന്ന പ്രഖ്യാപിത ധാരണകളൊ മുൻവിധികളോ മനസ്സിൽ സൂക്ഷിക്കാത്ത ഒരാസ്വാദകൻ ഒരു കഥയെ ഉദാത്തമെന്നോ നിലവാരമില്ലാത്തതെന്നോ വിധിയെഴുതാനുള്ള അളവുകോലുകൾ സൂക്ഷിക്കാറില്ല. ഓരോ സർഗ്ഗാത്മക സൃഷ്ടിയും മാറ്റുരച്ചു നോക്കുവാനുള്ള ഉരകല്ലുകളില്ലാതെ അതിൻറേതായ ഭൂമികയിൽ തനിച്ചു നിൽക്കുകയാണ്. ഒന്നും മറ്റൊന്നിനോട് സാദൃശ്യപ്പെടുത്തി നോക്കാനാവാത്ത വിധം വൈവിധ്യം നിറഞ്ഞതാണല്ലോ പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിയും. ഒരേ ബാഹ്യ പ്രപഞ്ചം തന്നെ ഓരോ മനുഷ്യനിലും വ്യത്യസ്ത അനുഭൂതികൾ ഉണർത്തുന്നതിനാൽ ഓരോ മനുഷ്യന്റെയും ആന്തരിക ലോകവും, അനുഭവങ്ങളും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്. സ്മൃതി രൂപത്തിൽ കിടക്കുന്ന ഒരു കഥയുടെ ബീജം ഈർപ്പം വലിച്ചെടുത്ത് വളർന്നു പന്തലിക്കുന്നതും ആ ആന്തരിക ലോകത്താണ്. അദ്ദേഹത്തിന്റെ “നീലക്കാർവർണ്ണം” എന്ന കഥയിലെ ചന്ദ്രശേഖരൻ മാഷ് പറയുന്നുണ്ട് “ഒരു പക്ഷെ ഞാൻ കാണുന്ന നീല നിറമായിരിക്കില്ല നീ കാണുന്നത്” എന്ന്. എഴുത്തുകാരന്റെ ആത്മനിഷ്ഠമായ അനുഭവങ്ങളുടെ ഉറവിടം അവന്റെ തന്നെ ബോധമാണ്. ബോധം കേവലമാണ് (absolute). ബാഹ്യപ്രപഞ്ചത്തിൽ ഇല്ലാത്ത നിറങ്ങൾ ബോധത്തിന്റെ ഗുണങ്ങളാണ്. അതുപോലെയാണ് ഒരു എഴുത്തുകാരന് തന്റെ കഥാലോകവും. പുറത്തേക്ക് നോക്കുമ്പോൾ നമ്മൾ കാണുകയും അറിയുകയും ചെയ്യുന്ന ഇന്ദ്രിയ ഗോചരമായ പ്രപഞ്ചം യഥാർത്ഥത്തിൽ നമ്മുടെ തലച്ചോറിലെ ന്യുറോണുകളുടെ പുനഃസൃഷ്ടിയാണെന്നും ജ്ഞാനേന്ദ്രിയങ്ങളുടെ സംവേദനം കൊണ്ട് മാത്രം ജ്ഞാനം ഉണ്ടാവുകയില്ലെന്നും ഉള്ള സത്യം ആധുനികോത്തര ഭൗതികവും ന്യുറോ ശാസ്ത്രവും ഇന്ന് അംഗീകരിക്കുന്നു. ഒരാൾ അനുഭവിക്കുന്ന സുഖ-ദുഃഖ സമ്മിശ്രമായ ആന്തരിക ലോകം (Inner experience) വേറൊരു മനുഷ്യനുമായും പങ്കുവയ്ക്കാൻ കഴിയില്ല എന്നത് ശാസ്ത്രലോകത്തെ ഇന്നും അത്ഭുതപ്പെടുത്തുന്നു. ഒരു സർഗ്ഗ സൃഷ്ടിയെ വിലയിരുത്താൻ ശ്രമിക്കുമ്പോൾ ഒരു നിരൂപകൻ കാണുന്ന ന്യുനതകൾ രചയിതാവിന്റെ കണ്ണിൽപ്പെടാത്തതും രചയിതാവ് കാണാത്ത അർത്ഥതലങ്ങൾ ആ നിരൂപകൻ കണ്ടെത്തുന്നതും ഇതേ കാരണത്താലാണ്. യാഥാർഥ്യത്തിനും മിഥ്യയ്ക്കുമിടയിലെ അതിരുകൾ യഥേഷ്ടം താണ്ടിക്കടക്കുന്ന കഥാപാത്രങ്ങളെയാണ് സതീശൻ പുതുമന തന്റെ ജലച്ചായ ചിത്രം, നീലക്കാർവർണ്ണം, ഏതോ ഒരപരിചിതൻ, അസൂയ, മരണത്തിന്റെ മാമൂൽ എന്നീ കഥകളിൽ സൃഷ്ടിക്കുന്നത്. വിശാലമായൊരു തുറസ്സിലേക്ക് ഒരു കിളിവാതിലിലൂടെ നോക്കേണ്ടി വരുമ്പോൾ നിരീക്ഷകൻ അനുഭവിക്കുന്ന ഒരു പരിമിതിയുണ്ട്, ഒന്നിനു ശേഷം മറ്റൊന്ന് എന്ന കാഴ്ചയുടെ പരിമിതിയാണത്. എന്നാൽ ഒന്നിനോടൊന്ന് കണ്ണി ചേർന്നുള്ള ഒഴുക്കാണ് പരമയാഥാർഥ്യമെന്നത് ബോധത്തിൽ ഉറപ്പിച്ചുകഴിഞ്ഞാൽ രേഖീയമായ കാലസങ്കല്പങ്ങൾ അവിടെ അവസാനിക്കുന്നു. അവിടെ മരിച്ചവരും ജീവിച്ചിരിക്കുന്നവരും ഒരു പോലെയാണ്. തുടക്കവും ഒടുക്കവുമില്ലാത്ത സ്ഥലകാല നിയമങ്ങളില്ലാത്ത ബോധത്തിന്റെ അനന്തമായ ഒഴുക്ക്. ജാഗ്രത്തിൽ ഇരുന്നുകൊണ്ട് സ്വപ്നലോകത്ത് വിഹരിക്കുന്നവരാണ് എഴുത്തുകാർ. ജാഗ്രത്തിനും സ്വപ്നത്തിനും സുഷുപ്തിക്കും അപ്പുറം ഈ മൂന്നവസ്ഥയിലൂടെയും കടന്നു പോവുന്ന ബോധമാണ് തുരീയാവസ്ഥ. അവിടെയാണ് സർഗ്ഗ പ്രതിഭയുള്ളവർ എഴുത്തിന്റെ മാന്ത്രിക മുഹൂർത്തങ്ങളിൽ അവരറിയാതെ എത്തിച്ചേരുന്നത് . സ്മൃതി രൂപത്തിൽ ഉറങ്ങിക്കിടക്കുന്ന കഥാ ബീജം സ്ഥലകാലപരിമിതികളെ കവിഞ്ഞു ജീവിക്കുന്ന കഥാപ്രമേയങ്ങളായി, കഥാ പാത്രങ്ങളായി ജന്മമെടുക്കുന്ന ഇടം. സ്വപ്‍ന ലോകത്ത് വിഹരിക്കുന്ന നിമിഷങ്ങളിൽ ആരും ജാഗ്രത്തെക്കുറിച്ച് ബോധവാനല്ല. ജാഗ്രത്തിൽ ഇരുന്നുകൊണ്ട് സ്വപ്നലോകത്തെ വിലയിരുത്തുമ്പോൾ മാത്രമാണ് സ്വപ്നം അയഥാർത്ഥമാണെന്ന് തോന്നുന്നത്. സ്വപ്നത്തിൽ നിന്നും ഉണരുമ്പോൾ മാത്രമാണ് അതൊരു സ്വപ്നമായിരുന്നു എന്നറിയുന്നത്. ഇന്നലെ നടന്നൊരു സംഭവവും ഇന്നലെ കണ്ടൊരു സ്വപ്നവും തമ്മിൽ എന്ത് അന്തരമാണുള്ളത്!. ഏതാണ് സത്യം ഏതാണ് മിഥ്യ? നമ്മൾ കാണുന്നതും നമുക്ക് തോന്നുന്നതുമെല്ലാം സ്വപ്നത്തിലെ സ്വപ്നമല്ലാതെ മറ്റെന്താണ് എന്ന എഡ്ഗാർ അല്ലൻപോയുടെ വരികൾ ഓർക്കാം. ‘നീലക്കാർവർണ്ണം’ എന്ന കഥയിലെ ചന്ദ്രശേഖരൻ മാഷ് ഒരു നിരീശ്വരവാദിയാണെങ്കിലും അമ്പലത്തിൽ പോവുന്നത് അമ്പലവുമായി ബന്ധപ്പെട്ട ഓർമ്മവഴികളിൽ അലയാനുള്ള മോഹം കൊണ്ടാണ്. അമ്പലത്തിൽ കയറിയതു കൊണ്ടോ ഒരു പൂജയിൽ പങ്കെടുത്തതുകൊണ്ടോ തന്റെ നിരീശ്വര വിശ്വാസങ്ങൾക്ക് കോട്ടംതട്ടില്ല എന്ന് ചിന്തിക്കുന്ന ഒരാളാണ് അദ്ദേഹം. കഥ തുടങ്ങുന്നത് അമ്പല പരിസരത്തു വച്ചു കണ്ടുമുട്ടിയ ഒരു ചെറുപ്പക്കാരനുമായി അദ്ദേഹം സംസാരിച്ചു നിൽക്കുന്നതായിട്ടാണ്. ആ സംസാരത്തിലൂടെയാണ് കഥ ചുരുൾ നിവരുന്നതും ചന്ദ്രശേഖരൻ മാഷിന്റെ പൂർവ്വ ചരിത്രം വായനക്കാർ അറിയുന്നതും. ചിന്തകളെ പൂർണ്ണമായും ഓർമ്മവഴികളിലൂടെ അലയാൻ വിട്ടിട്ട് അമ്പലത്തിന്റെ പരിസരത്തും ചുറ്റുവട്ടത്തും നഗ്നപാദനായി അദ്ദേഹം അലഞ്ഞു നടക്കുകയാണ്. തന്നോടൊപ്പം ഭഗവാനെ കണ്ടു തൊഴാൻ എത്തിയ ഭാര്യയെയും സഹോദരിയെയും തിരഞ്ഞാണ് ആ അലച്ചിൽ. ഈ അലച്ചിലിനിടയിൽ തന്നെ അദ്ദേഹം പുറത്തിറങ്ങുകയും കടകളിൽ വിൽക്കാൻ വച്ചിരിക്കുന്ന വസ്തുക്കളെ നോക്കി അലക്ഷ്യമായി നടക്കുകയും എത്രയോ കാലമായി പരിചയമുള്ള കടയിൽ കയറി ചായയും വടയും കഴിക്കുകയും ചെയ്യുന്നുണ്ട്. ഭഗവാനെ കാണാനായി തന്നോടൊപ്പം ഉണ്ടായിരുന്ന ബന്ധുക്കളെ കാണാതെ അദ്ദേഹം വിഷമിക്കുന്നു. സമയം വൈകുന്നതിനനുസരിച്ച് അദ്ദേഹത്തിന്റെ പരിഭ്രാന്തിയും വർദ്ധിക്കുന്നു. ഒടുവിൽ അമ്പലത്തിലെ അധികാരികളെ അറിയിക്കുകയും അവർ ഉച്ചഭാഷിണിയിലൂടെ അവരെ പേരെടുത്ത് വിളിച്ച് അന്വേഷിക്കുകയും ചെയ്യുന്നു. രാത്രിയോടടുക്കുമ്പോൾ താൻ ആ നിമിഷം അനുഭവിക്കുന്ന നിസ്സഹായത ചെറുപ്പക്കാരനോട് അദ്ദേഹം വിവരിക്കുന്നു. ആ സംസാരത്തിനിടയിൽ വർഷങ്ങളിലൂടെ അമ്പലത്തിനും പരിസരത്തിനും വന്ന മാറ്റത്തെക്കുറിച്ച് ചെറുപ്പക്കാരനോട് പറയുന്നുണ്ട്. മാഷിന്റെ സംസാരത്തിലെ ഒരു പ്രത്യേകത ചെറുപ്പക്കാരൻ ശ്രദ്ധിക്കുന്നുണ്ട്. നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവത്തിന്റെ തത്സമയ വിവരണം പോലെയാണ് അദ്ദേഹം തന്റെ ഓർമ്മവഴികളിലൂടെ സഞ്ചരിക്കുന്നത്. തൊട്ടടുത്ത് സംസാരിച്ചു നിൽക്കുന്ന ഒരാൾ പെട്ടെന്ന് മാഞ്ഞുപോയാൽ തോന്നുന്ന അസ്വസ്ഥത എന്താണെന്നും, ആൾ തിരക്കിൽപ്പെട്ട് കൂടെയുള്ള ഒരാൾ പെട്ടെന്ന് കൈവിട്ടുപോവുമ്പോൾ തോന്നുന്ന മനോവ്യഥ എന്താണെന്നുമൊക്കെ അദ്ദേഹം ചെറുപ്പക്കാരനെ ധരിപ്പിക്കുന്നു. എപ്പോഴും അദൃശ്യരായ ആരോടോ സംസാരിച്ചു നടന്നിരുന്ന സമനില തെറ്റിയ ഏതോ ഒരു അപ്പുനായരെ ഓർക്കുന്നു. എന്നാൽ ചന്ദ്രശേഖരൻ മാഷ് ആരാണെന്ന് ആ അമ്പലപരിസരത്ത് ചെറുപ്പകാലം തൊട്ടേ ഭക്തരെ സേവ ചെയ്തു ജീവിക്കുന്ന ആ ചെറുപ്പക്കാരന് നന്നായി അറിയാം. ഒടുവിൽ ആ സത്യം അയാൾ ചന്ദ്രശേഖരൻ മാഷിനെ ധരിപ്പിക്കുന്നു. എന്നോ ഒരിക്കൽ കൂടെ വന്നു എന്ന് വിശ്വസിക്കുന്ന തന്റെ ബന്ധുക്കളെത്തിരക്കി അദ്ദേഹം കഴിഞ്ഞ പതിനഞ്ചോളം വർഷങ്ങളായി ഇങ്ങിനെ അമ്പലത്തിലും പരിസരങ്ങളിലും അലയുകയായിരുന്നു എന്ന സത്യം! ആ ചെറുപ്പക്കാരന്റെ പേരും ചന്ദ്രശേഖരൻ എന്നു തന്നെയാണ് എന്നത് കഥയുടെ ഭ്രമാത്മകത കൂട്ടുന്നു. “എന്റെ പേരും ചന്ദ്രശേഖരൻ എന്നു തന്നെയാണ് പക്ഷെ മാഷ് അല്ല എന്നേയുള്ളു” എന്ന് ആ ചെറുപ്പക്കാരൻ പറയുമ്പോൾ ഭ്രാന്തുള്ള ഒരു മനുഷ്യനും ഭ്രാന്തില്ലാത്ത മറ്റൊരു മനുഷ്യനും തമ്മിലുള്ള വ്യത്യാസം ഒരാൾക്ക് ഭ്രാന്തില്ല എന്നുള്ളതാണ് എന്ന കൗതുകകരമായ സത്യം ഓർത്തുപോവുന്നു. കഥ വായിച്ചു തീർന്നാലും ഏത് ചന്ദ്രശേഖരനാണ് ഭ്രമാത്മക ലോകത്ത് ജീവിക്കുന്നത് എന്ന ചോദ്യം ഉത്തരമില്ലാതെ ബാക്കിയാവുന്നു. ജീവിതത്തെ വളരെയധികം പ്രണയിക്കുന്നവരാണ് സതീശൻ പുതുമനയുടെ എല്ലാ കഥാപാത്രങ്ങളും. ജീവിതാസക്തികളിൽ മുഴുകാൻ ആഗ്രഹിക്കുന്ന അവർ മരണത്തെ ഭയക്കുന്നവരാണ്. വാ ർദ്ധക്യത്തിൽ നിന്നും യൗവ്വനത്തിലേക്കും, യൗവ്വനത്തിൽ നിന്നും ബാല്യത്തിലേക്കും തിരിച്ചുനടക്കാൻ അവർ കൊതിക്കുന്നു. അപൂർണ്ണതയിൽ നിന്നും പൂർണ്ണത തേടി പുനർജന്മങ്ങൾ മോഹിച്ച് അവർ എഴുത്തുകാരനെ വിടാതെ പിന്തുടരുന്നു. ‘ജലച്ചായ ചിത്രം’ ‘കൂടെ ഒരപരിചിതൻ’ എന്നീ കഥകളിൽ ഇത് പ്രത്യക്ഷമായി തന്നെ വായനക്കാരന് വായിച്ചെടുക്കാൻ കഴിയും. പെരുമഴ പെയ്യുന്ന ഏതോ ഒരു അടച്ചിരിപ്പു ദിനത്തിൽ ഒരു കഥയെഴുതാനായി തന്റെ മുറിയിൽ കണ്ണുകൾ പൂട്ടി ധ്യാനനിമഗ്നനായി ഇരിക്കുന്ന സതീശൻ പുതുമന എന്ന കഥാകാരനെ വായനക്കാർക്ക് സങ്കല്പിച്ചെടുക്കാം. ഏതോ ഒരു നിമിഷത്തിൽ അദ്ദേഹത്തിന് തോന്നിയിരിക്കണം തന്റെ മുറിയുടെ വാതിലിൽ ആരോ മെല്ലെ തട്ടിയെന്ന്. വാതിലുകൾ തുറക്കുമ്പോൾ അതാ മുന്നിൽ നിൽക്കുന്നു താൻ വായിച്ച കഥകളിലെ കഥാപാത്രങ്ങൾ! തന്റെ വായനയെ സ്വാധീനിച്ച, മനസ്സിനെ വശീകരിച്ച കഥാപാത്രങ്ങൾ പലരുമുണ്ട് അവരിൽ. അവരിൽ താൻ തന്നെ സൃഷ്ടിച്ച കഥാപാത്രങ്ങളുണ്ടായിരുന്നു. ഇനിയുമൊരു കഥയിൽ പുതിയൊരു ജന്മം കൂടി ജീവിക്കാൻ ആഗ്രഹിക്കുന്നവർ, പഴയ ജന്മത്തിലെ തെറ്റുകൾ തിരുത്തി വീണ്ടുമൊരു ജീവിതം ആഗ്രഹിക്കുന്നവർ, കഥാപാത്രങ്ങളായി ജനിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും ജനിക്കാതെ പോയവർ. ഓ. ഹെൻട്രിയുടെ അവസാനത്തെ ഇല എന്ന കഥയിലെ കഥാപാത്രമായ ബെർമാൻ ഏറ്റവും മുന്നിലുണ്ട്. തന്റെ ഏറ്റവും ഉദാത്തമായ ചിത്രം വരയ്ക്കണമെന്ന നടക്കാതെ പോയ ആഗ്രഹം നിറവേറ്റാൻ ക്യാൻവാസും ചായക്കൂട്ടുകളുമായി അദ്ദേഹം വന്നിരിക്കുന്നു. ഉസ്ബെക്കിസ്ഥാനിലെ തിമൂറിന്റെ പത്നിയെ ഉമ്മവച്ചു എന്നതിനാൽ മരണം ശിക്ഷയായി ഏറ്റുവാങ്ങിയ കൊട്ടാരം ശിൽപ്പിയായ ഒമർഉണ്ട്. സൗന്ദര്യാരാധകനായ ഒമറിന് കഴിയുമെങ്കിൽ രാജ്ഞിയെ ഒരിക്കൽക്കൂടി ഉമ്മവയ്ക്കാനും വീണ്ടും മരണശിക്ഷ ഏറ്റുവാങ്ങാനും ആഗ്രഹമുണ്ട്.രാജാവിന് വേണ്ടി മഹാനരക ചിത്രം വരയ്ക്കാൻ നിയോഗിക്കപ്പെട്ട യോഷിഹിദെ എന്ന ചിത്രകാരനുണ്ട്. നരക ചിത്രം വരയ്ക്കാനുള്ള ശ്രമത്തിൽ തന്റെ പുത്രി കത്തിയെരിയുന്നത് കണ്ടിട്ടും കലയോടുള്ള പ്രതിപത്തിയിൽ നിശബ്ദനായി നോക്കിനിന്ന ചിത്രകാരൻ. റഷ്യൻ മിസ്റ്റിക്കായിരുന്ന P.D. Ouspensky യുടെ Strange Life of Evan Osokin എന്നൊരു നോവലുണ്ട്. ഇനിയൊരു ജന്മം കൂടി കിട്ടിയിരുന്നെങ്കിൽ എല്ലാ തെറ്റുകളും തിരുത്തി വേറൊരു രീതിയിൽ ജീവിക്കുമായിരുന്നു എന്ന് അതിലെ കഥാപാത്രമായ ഓസോകിൻ ആഗ്രഹിക്കുന്നു. ഒരു മജിഷ്യന്റെ സഹായത്തോടെ അയാൾ വീണ്ടും ജനിക്കുന്നു. എന്നാൽ പഴയ ജന്മത്തിലെ ഓർമ്മകളുമായാണ് അയാൾ വീണ്ടും ജനിക്കുന്നത്. ഓരോ അനുഭവത്തിലൂടെ കടന്നുപോവുമ്പോഴും അയാൾ അസഹ്യമായ വിരസതയിൽ പുതിയ ജീവിതത്തിൽ ഒരു മാറ്റവും വരുത്താൻ കഴിയാതെ പഴയ ജന്മം തന്നെ അതേപടി ആവർത്തിക്കുകയും ചെയ്യുന്നു. ജലച്ചായചിത്രം എന്ന കഥ Determinism, free will, eternal recurrence തുടങ്ങിയ സമസ്യകളിലേക്ക് വായനക്കാരെ കൊണ്ടുപോവുന്നുണ്ട്. ജീവിതത്തിൽ ഒന്നും തന്നെ യാദൃച്ഛികമല്ല എന്ന് കാൾ യൂങ് തന്റെ ഓർമ്മകൾ, സ്വപ്‌നങ്ങൾ, അനുഭവങ്ങൾ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. “എൺപത് വർഷം പിന്നിലേക്ക് നോക്കി ഞാൻ എന്റെ ജീവിതത്തിലെ നിർണ്ണായകമായ സംഭവങ്ങളെയും ബന്ധപ്പെടാനിടയായ വ്യക്തികളെയും പറ്റി ആലോചിക്കുമ്പോൾ അതൊന്നും യാദൃച്ഛികമായിരുന്നില്ല എന്ന് മനസ്സിലാവുന്നു. നമ്മുടെ ജീവിതയാത്രയിൽ നമ്മെ കൈപിടിച്ചുയർത്തുന്ന അദൃശ്യമായ എന്തോ ഉണ്ടെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.” ജലച്ചായ ചിത്രത്തിലെ ബെർമാന്റെ മാനസികവസ്ഥയെയും അയാളുടെ അന്തക്ഷോഭത്തെയും ഒക്കെ കഥാന്ത്യത്തിലെ പ്രളയവും പ്രകൃതി ക്ഷോഭവുമായി വിളക്കിച്ചേർക്കാനുള്ള ശ്രമത്തിൽ ഈ രചന ഒരു കഥയെക്കാളും നിറക്കൂട്ടുകൾ വാരിവിതറിയ ഒരു ക്യാൻവാസിന്റെ രൂപമായാണ് വായനക്കാരുടെ മനസ്സിൽ അവശേഷിക്കുന്നത്. കടും നിറങ്ങളാൽ തീർത്ത ഒരു അബ്സ്ട്രാക്റ്റ് പെയിന്റിംഗ്. “കൂടെ ഒരപരിചിതൻ” എന്ന കഥയിൽ മഹാനഗരത്തിലെ തന്റെ കോളനിയിൽ, ഒരു സുപ്രഭാതത്തിൽ, ആവർത്തനവിരസമായ പുറം കാഴ്ചകൾ നോക്കിയിരിക്കുമ്പോഴാണ് കഥാകൃത്തിനെ കാണാൻ അപരിചിതൻ കയറി വരുന്നത്. ഓർമ്മകൾ മങ്ങിത്തുടങ്ങിയ കഥാകൃത്തിന് അപരിചിതനെ മനസ്സിലാവുന്നില്ല. എങ്കിലും അയാളുടെ ചില അംഗ വിക്ഷേപങ്ങളും മുരടനക്കങ്ങളും കാണുമ്പോൾ അയാളെ എങ്ങനെയോ അറിയാമല്ലോ എന്ന് അയാൾ ഓർക്കുന്നു. അപരിചിതൻ, ദേവദത്തൻ എന്ന തന്റെ പേരു ചൊല്ലി സ്വയം പരിചയപ്പെടുത്തുകയാണ്. പേര് കേട്ടിട്ടും ഓർക്കാൻ കഴിയാതെ വരുമ്പോൾ തന്നെ തിരിച്ചറിയാൻ സഹായിച്ചേയ്ക്കാവുന്ന തെളിവുകൾ ഓരോന്നായി നിരത്തുന്നു. കഥാകാരന്റെ ഉള്ളിൽ അടക്കം ചെയ്തു വച്ച ഓർമ്മകളെ ഒന്നൊന്നായി അയാൾ വലിച്ചു പുറത്തിടുകയാണ്. ഏറ്റവും വിദൂരമായ, ആരോടും പങ്കുവച്ചിട്ടില്ലാത്ത സ്മരണകളെപ്പോലും തെളിവുകളായി നിരത്തി അയാൾ എഴുത്തുകാരനെ അത്ഭുതപ്പെടുത്തുന്നു. താൻ മറ്റാരോടും ഇതുവരെ പങ്കുവച്ചിട്ടില്ലാത്ത, പങ്കുവയ്ക്കാൻ കഴിയാത്ത അനുഭവങ്ങൾ, ഓർമ്മകൾ അയാൾ പറഞ്ഞു തീരുമ്പോഴും തന്നെ തിരിച്ചറിയാൻ കഴിയാതെ സംശയിച്ചു നിൽക്കുന്ന എഴുത്തുകാരനു മുന്നിൽ അവസാനത്തെ ആയുധവും പുറത്തെടുക്കുന്നു. താൻ മറക്കാൻ ആഗ്രഹിക്കുന്നതും മനസ്സിന്റെ അടിയിൽ കല്ലിച്ചു കിടക്കുന്നതുമായ ഒരോർമ്മ അയാൾ പങ്കുവയ്ക്കുന്നു. ‘ദേവദത്തന്റെ ദുരന്തം’ എന്ന എഴുതാത്ത കഥയിലെ പിറക്കാതെ പോയ കഥാപാത്രമായിരുന്നു ദേവദത്തൻ. തനിക്ക് പിറക്കാതെ പോയൊരു കുഞ്ഞിനെ കാണുമ്പോഴുള്ള വേദനയും, വിശദീകരിക്കാനാവാത്തൊരു ഭയവും എഴുത്തുകാരനെ ഗ്രസിക്കുന്നു. ഒരു മനുഷ്യൻ ഈ ലോകത്തുനിന്നും കടന്നുപോവുമ്പോൾ എല്ലാ ഓർമ്മകളേയും കൂടെകൊണ്ടുപോവുന്നു. എല്ലാ ഓർമ്മകളും എഴുത്തുകാരനോടൊപ്പം മണ്ണടിയുന്നതിനു മുൻപായി അമരത്വം ആഗ്രഹിക്കുന്ന ദേവദത്തൻ ഒരു ഓർമ്മക്കുറിപ്പെങ്കിലും തന്റെ അവകാശമായി ചോദിക്കുന്നു. ദേവദത്തൻ പറയുന്നു: “മാഷിന്‍റെ മനസ്സിലിരിപ്പ് വള്ളിപുള്ളി വിടാതെ പറഞ്ഞിട്ടും മാഷക്കെന്തിനാണ് സംശയം …? ഞാന്‍ പറയാം ….ഒരു വെറും ആശയമാണ്, മാഷേ, ഞാന്‍ ….എഴുതാന്‍ വിട്ടുപോയ ഒരു കഥയിലെ ഇല്ലാത്ത ഒരു കഥാപാത്രം…എഴുതാത്ത കാലത്തോളം, എൻ്റെ കാര്യത്തിൽ, ആ ഇല്ലായ്മയ്ക്കും ഉണ്ട് വല്ലായ്മപ്പെടുത്തുന്ന ഒരില്ലായ്മ .. ….അതില്‍ നിന്നെനിക്കൊരു മോചനം വേണം, മാഷേ …… ആ ഓർമ്മക്കൂടൊന്ന് പൊടിതട്ടിയെടുത്ത്,എന്നെ ജീവിക്കാൻ വിടുമോ എന്നന്വേഷിക്കാനാണ് ഞാൻ വന്നത് .…” ഒരു കഥയെഴുത്തുകാരനും മനസ്സിലെ അവസാനത്തെ കഥയും പറഞ്ഞുതീര്‍ത്തല്ല രംഗം വിടുന്നത്. പുസ്തക ഷെല്‍ഫിലെ ചില പുസ്തകങ്ങള്‍ പിന്നീടാവാമെന്ന വിശ്വാസത്തില്‍ അനന്തമായി വായിക്കാതെ വയ്ക്കുന്നത് പോലെ, എഴുതപ്പെടാതെ, അവസാനിക്കുന്ന കഥകളുണ്ട്. വായിക്കപ്പെടാത്ത പുസ്തകങ്ങള്‍ പിന്നീട് എപ്പോഴെങ്കിലുമൊക്കെ , ആരെങ്കിലുമൊക്കെ, വായിക്കും., എഴുതപ്പെടാത്ത കഥകള്‍, എഴുത്തുകാരനോടൊപ്പം ഇല്ലാതാവുന്നു. വായനകളോ തുടര്‍വായനകളോ ഇല്ലാതെ അവസാനിക്കുന്ന അത്തരം കഥാപാത്രങ്ങളുടെ കൂടി ശബ്ദമാണ് താൻ എന്ന് അയാൾ കഥാകൃത്തിനെ ഓർമ്മപ്പെടുത്തുന്നു. ബാല്യത്തിലോ യൗവ്വനത്തിലോ മനസ്സിനുള്ളിൽ അടക്കി വച്ച വൈകാരിക പ്രധാനമായ ഒരു സംഭവം പിന്നീടെപ്പോഴെങ്കിലും കാലം തെറ്റി അതിന്റെ തുടർച്ചതേടി മനസ്സിൽ എത്തുന്നതിനെ അപസ്മാരമെന്ന് (അപ സ്മരണം) എന്ന് മനഃശാസ്ത്രജ്ഞർ വിധിയെഴുതുന്നു. ഒരെഴുത്തുകാരൻ അതിനെ തന്റെ ഉലയിലിട്ട് ഊതിപ്പെരുപ്പിച്ച് കഥയാക്കി മാറ്റുന്നു. ഒരു മിനിക്കഥ എന്ന് വിളിക്കാവുന്ന “മറുക്” എന്ന കഥയിൽ മനസ്സിൽ അന്തർലീനമായി കിടക്കുന്ന അസൂയ എന്ന വികാരത്തെ ചുരുക്കം വാക്കുകൾ കൊണ്ട് ആഖ്യാനം ചെയ്തിരിക്കുന്നു. സുന്ദരിയായ പെൺകുട്ടിക്ക് തന്റെ കഴുത്തിനു പിന്നിലെ സുന്ദരമായ മറുക് കവിയായ ഭർത്താവിനു മാത്രം കാണാൻ കഴിയുന്നല്ലോ എന്ന അസൂയ. തന്നേക്കാളും സൗന്ദര്യമുള്ള മറുകിനോടുള്ള അസൂയ. തന്നേക്കാളും ഉയർന്നു നിൽക്കുന്ന ഭർത്താവിന്റെ സൗന്ദര്യ സങ്കൽപ്പങ്ങളെക്കുറിച്ചുള്ള അസൂയ. സർഗ്ഗധനനായ ഒരു കവിയുടെ സൗന്ദര്യ സങ്കല്പം ആത്മജ്ഞാനം ആഗ്രഹിക്കുന്ന ഒരാളിന്റെ സൗന്ദര്യ സങ്കല്പത്തോളം ഔന്നത്യം ഉള്ളതാണ്. ലോക് ഡൗൺ കാലം ലോകത്തെ പല രീതിയിൽ സ്വാധീനിച്ചു. രാജ്യത്തെ ഇരുപത്തഞ്ചു ലക്ഷത്തോളം കുടിയേറ്റതൊഴിലാളികൾ ജീവനോപാധി നഷ്ടപ്പെട്ട് ചേരികൾ വിട്ട് പുറത്തിറങ്ങി സ്വന്തം ഗ്രാമങ്ങളെ ലക്ഷ്യമാക്കി കാലുകൾ പൊള്ളി നടന്നപ്പോൾ അതേ അടച്ചിരിപ്പുകാലം സർഗ്ഗ പ്രതിഭയുള്ളവരെ എഴുത്തുകാരാക്കുകയും, കവികളെ മഹാകവികളാക്കുകയും, ആത്മീയവാദികളെ ആത്മജ്ഞാനത്തിലേക്ക് അടുപ്പിക്കുകയും ചെയ്തു. വ്യക്തികൾക്കിടയിലെ സ്വകാര്യയിടം (space) നഷ്ടപ്പെട്ട കാരണത്താൽ മുമ്പെങ്ങും ഇല്ലാത്ത വിധം കുടുംബ കലഹങ്ങളും ആത്മഹത്യകളും പെരുകിയതായി സാമൂഹ്യ മാധ്യമങ്ങൾ രേഖപ്പെടുത്തി. ഓരോ മനുഷ്യനും അവനു ചുറ്റും അദൃശ്യമായൊരു അതിർത്തി വലയം സൃഷ്ടിച്ചിട്ടുണ്ട്. ഓരോ വ്യക്തിയും തനിച്ചിരിക്കാൻ ആഗ്രഹിക്കുന്ന ആ ഇടം ഓരോ വ്യക്തിയുടെയും സ്വന്തമാണ്. അടച്ചിരിപ്പുകാലങ്ങളിൽ ഓരോ മനുഷ്യനും നഷ്ടപ്പെട്ടത് ഈ സ്വകാര്യ ഇടമാണ്. വ്യക്തികൾക്കിടയിൽ ഊറിയുറച്ചുപോയ വിരസത ചിത്രീകരിക്കുന്നതാണ് ‘ കോവിഡ് – മൂന്ന് ചിത്രങ്ങൾ’ എന്ന കഥ. ഹേമന്ത് എന്ന കഥാപാത്രം വീട്ടിലെ അടുക്കള ചുവരിൽ വീഴുന്ന പ്രഭാതത്തിലെ ഇളം വെയിലിൽ തന്റെ തലയുടെ നിഴൽ ഭാര്യയായ ആരതിയുടെ കാൽക്കൽ കൊണ്ടുവരാൻ ശ്രമിക്കുന്നു. വർഷങ്ങൾക്ക് മുൻപ് അവർ ഭ്രാന്തമായി പ്രണയിച്ചു നടന്നിരുന്ന കാലങ്ങളിൽ അയാൾ ആരതിയോട് ചെയ്തിരുന്ന പ്രണയ സമർപ്പണത്തിന്റെ ഓർമ്മയായിരുന്നു അയാൾക്കത്. വർഷങ്ങൾക്ക് ശേഷം ആ കാലം അയാളുടെ മനസ്സിലെത്തി . എന്നാൽ ഇന്ന് ആ നിഴലിൽപ്പെടാതിരിക്കാനായി ഒഴിഞ്ഞുമാറി ആരതി. ഇരുപത്തിനാലു മണിക്കൂറും ഒരുമിച്ചിരിക്കണം എന്നാഗ്രഹിച്ച അവളിലെ മാറ്റം അയാൾ തിരിച്ചറിയുന്നു. അവസാനിക്കാത്തൊരു തീവണ്ടിയാത്രയിലെന്നപോലെ ജീവിതം പെട്ടിക്കകത്ത് ഒതുങ്ങേണ്ടി വന്ന അടച്ചിരിപ്പുദിനങ്ങളിലെ വിരസതയെ ഭാവനാത്മകമായി കഥാകാരൻ ആഖ്യാനം ചെയ്തിരിക്കുന്നു. ‘വെളിച്ചത്തിന്റെ ആ പാളി യിൽ എന്റെ നിഴൽ വീഴുന്നത് പോലും എനിക്കിഷ്ടമല്ല’ എന്ന ആരതിയുടെ ആത്മഗതം പോലും ഹേമന്തിന് കേൾക്കാൻ കഴിയുന്ന രീതിയിലുള്ളതായിരുന്നു ആ ഒഴിഞ്ഞുമാറൽ. പ്രഭാതത്തിലെ കിളിയൊച്ചകളും, ദൂരെ അമ്പലത്തിലെ മണിയടിയും, മറ്റേതോ ലോകത്ത് നിന്നും വരുന്നതുപോലെ തോന്നുന്ന തീവണ്ടി ചൂളവും ആരതിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ചൂടുള്ളൊരു കോഫിയുമായി തന്റേതു മാത്രമായ ആ സ്വകാര്യനേരങ്ങളിലെ തനിച്ചിരിപ്പ് അതീന്ദ്രിയാനുഭവമായി ആരതിക്ക് തോന്നിയിരുന്നു. ആരുമായും പങ്കിടാൻ പോലും കഴിയാത്ത ആ സ്വാസ്ഥ്യം നഷ്ടപ്പെട്ടതിലുള്ള ദുഃഖം വല്ലാത്തൊരു മടുപ്പായി മാറുന്നതും കഥാന്ത്യത്തിൽ കോഫിയിൽ നിന്നും നാവിൽ തടഞ്ഞ പാൽപ്പാട വാഷ്ബേസിനിലേക്ക് തുപ്പുന്നതിലൂടെ കഥാകാരൻ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. കാണാതിരുന്ന് കാണുമ്പോഴുള്ള സുഖം കണ്ടുകണ്ടിരിക്കുമ്പോൾ ഇല്ലാതാവുന്നു. കെട്ടിപ്പിടിച്ച് ഉമ്മ വച്ച് ഇനിയെന്ന് കാണും നമ്മൾ എന്നൊക്കെ യാത്ര പറഞ്ഞ് രാവിലെ ഇറങ്ങിയപ്പോയ ഒരാൾ അന്നു വൈകുന്നേരം തന്നെ യാത്ര ഉപേക്ഷിച്ച് ഇനി ഞാൻ പോവുന്നില്ല എന്നും പറഞ്ഞു തിരിച്ചെത്തുമ്പോൾ മറ്റേയാൾക്ക് തോന്നുന്ന വിശദീകരിക്കാനാവാത്ത വികാരം ഭംഗിയായി വ്യക്തമാക്കുന്നുണ്ട് ഈ കഥയിൽ. എന്തിലും ഏതിലും പുതുമ ആഗ്രഹിക്കുന്നത് മനസ്സിന്റെ വാസനയാണ്. മനസ്സ് എപ്പോഴും അതുവരെ അറിയാത്തതും, കാണാത്തതും തിരഞ്ഞു കൊണ്ടേയിരിക്കും. ഇണകൾക്കിടയിൽപ്പോലും അറിയാനിത്തിരി ബാക്കി നിൽക്കുമ്പോഴാണ് വീണ്ടും സംസാരിച്ചിരിക്കാനും, സമയം പങ്കിടാനും തോന്നുക. മനുഷ്യബന്ധങ്ങളിലെ, സ്നേഹപ്രകടനങ്ങളിലെ സങ്കീർണ്ണമായ മനഃശാസ്ത്രത്തിന്റെ സൂക്ഷ്മ തലങ്ങൾ അനാവരണം ചെയ്യപ്പെടുന്നുണ്ട് ഇവിടെ. ‘അതു കഴിഞ്ഞ് വേതാളം ചോദിച്ചു:’ എന്ന കഥയിലെ ദിവാകുമാർ എന്ന കഥാപാത്രം മനുഷ്യനെന്ന അത്ഭുതത്തെ അനാവരണം ചെയ്യുന്നു. ഒരു മനുഷ്യൻ എപ്പോഴും മറ്റൊരു മനുഷ്യനെ അത്ഭുതപ്പെടുത്തുന്നു. കഥാകൃത്തിനടുത്ത് ഗണിതം പഠിക്കാനെത്തുന്ന പത്തൊമ്പതുകാരനായ ദിവാകുമാർ പകരുന്ന പാത്രങ്ങൾക്കനുസരിച്ച് രൂപം മാറുന്ന വെള്ളം പോലെയാണ്. ആത്യന്തികമായി ഒരു മനുഷ്യനെ നിർവചിക്കുന്നുണ്ട് ഈ കഥയിൽ. നിർവചനങ്ങളിലൊതുക്കാൻ കഴിയാത്ത, നാല് വശങ്ങളിലേയ്ക്കും ഒഴുകി പരക്കാൻ കഴിയുന്ന, സ്ഥാനവും വേഗവും കൃത്യമായി നിർണ്ണയിക്കാൻ കഴിയാത്ത ഒരു പ്രതിഭാസമാണ് ഓരോ മനുഷ്യനുമെന്ന സത്യത്തെ ഈ കഥ അടിവരയിടുന്നു. ഓരോ മനുഷ്യനും വ്യാപരിക്കുന്നത് ഉൾവലിഞ്ഞ സ്വന്തം ലോകങ്ങളിലാണ്. മറ്റൊരാളെ കണ്ടുമുട്ടുമ്പോൾ മാത്രം പുറത്തേക്കിറങ്ങി വന്ന് പരസ്പരം കൈ കൊടുത്ത്, മുഖം കാണിച്ച്, ചിരിക്കുകയും, സംസാരിക്കുകയും ചെയ്ത് അവനവന്റെ ഉള്ളിലേക്ക് തന്നെ മടങ്ങിപ്പോകുന്നവരാണവർ. അതാണ് ഒരാളിന്റെ സ്ഥായിയായ ഭാവം. ഓരോ നിമിഷത്തിലും ഓരോരോ ചിന്തകളാൽ ആവേശിക്കപ്പെട്ട്, രൂപവും ഭാവവും മാറാൻ സാധ്യതയുള്ള ജീവിയാണ് ഓരോ മനുഷ്യനും. സാഹചര്യങ്ങൾക്കനുസരിച്ച് അവർ ഓരോ മുഖംമൂടികൾ അണിയുന്നു. ഭാര്യയുടെ മുന്നിൽ ഒന്ന്, മക്കളുടെ മുന്നിൽ വേറൊന്ന്, സുഹൃത്തുക്കളുടെ നടുവിൽ മറ്റൊരെണ്ണം. ചുറ്റും ആരുമില്ലെന്നറിയുമ്പോൾ, എല്ലാ പൊയ്മുഖങ്ങളും അഴിച്ചു മാറ്റുമ്പോൾ, നേരിടേണ്ടി വരുന്ന സ്വന്തം മുഖവും. ദിവാകുമാറിനാൽ വഞ്ചിക്കപ്പെട്ട ഒരാൾ ‘സത്യം പറഞ്ഞാൽ ഈ കാണുന്ന ആളല്ല ശരിക്കുള്ള ദിവാകുമാർ’ എന്ന് ഭയത്തോടെ പറയുമ്പോഴും, ‘ക്ഷമിക്കണം പൊറുക്കണം’ എന്ന ക്ഷമാപണത്തിനപ്പുറം അയാളുടെ മുഖത്ത് മറ്റൊരു ഭാവഭേദവും തെളിയുന്നില്ല. തീരെ ദുർബലനായ, ഒരടി വാങ്ങാൻ പോലും ആരോഗ്യമില്ലാത്ത അയാൾ കളവുകൾ കാണിക്കുകയും വിശ്വസിക്കുന്നവരെയെല്ലാം പറ്റിക്കുകയും ചെയ്യുമ്പോഴും സ്വന്തം തെറ്റുകൾ തിരിച്ചറിയാൻ കഴിയാത്ത ഒരു കുഞ്ഞിനെപ്പോലെ അയാൾ പലപ്പോഴും പെരുമാറുന്നു. ‘സാറിൻറെ മുന്നിൽ എന്നെ കള്ളനാക്കിയതിന് ഞാൻ നിങ്ങളെ വെറുതെ വിടുമെന്ന് കരുതണ്ട’ എന്ന് ഒരാളെ ഭീഷണിപ്പെടുത്തുമ്പോഴാണ് അയാളുടെ ഉള്ളിലെ മറ്റൊരു വ്യക്തിയെ വായനക്കാർ അറിയുന്നത്. ദിവാകുമാറുമായി ബന്ധപ്പെട്ട എല്ലാവരും അയാളെ തട്ടിപ്പു നടത്തുന്നവൻ എന്ന് അന്തിമമായി വിധിയെഴുതുമ്പോഴും, അയാളുടെ തട്ടിപ്പുകൾ നേരിൽ ബോധ്യപ്പെടുമ്പോഴും അയാളോടുള്ള പെരുമാറ്റത്തിൽ എഴുത്തുകാരൻ സൂക്ഷിക്കുന്ന നിക്ഷ്പക്ഷത, അയാളോടുള്ള കരുതൽ ഇതൊക്കെ കഥയെ ഔന്നത്യത്തിലേക്ക് എത്തിക്കുന്നു. വാക്കിലും പ്രവൃത്തിയിലും, അടുത്ത നിമിഷം കണ്ടുപിടിക്കപ്പെടാവുന്ന കളവുകൾ കൊണ്ട് എന്തായിരുന്നു ദിവാ എന്ന മനുഷ്യന് നേടാൻ ഉണ്ടായിരുന്നത് എന്ന ചോദ്യം വായനക്കാരോടാണ്. ഇവിടെ ചോദ്യം ചോദിക്കുന്നത് വേതാളത്തിന്റെ സ്ഥാനത്തുള്ള എഴുത്തുകാരനും ഉത്തരം പറയേണ്ടത് വിക്രമാദിത്യന്റെ സ്ഥാനത്തുള്ള വായനക്കാരുമാണ്. എഴുത്തുകാരൻ കഥാപാത്രങ്ങളാൽ വേട്ടയാടപ്പെടുന്നു. സതീശൻ പുതുമനയുടെ പല കഥകളിലും ഇത് ആവർത്തിച്ചു വരുന്ന പ്രമേയമാണ്. എഴുതിക്കഴിഞ്ഞ കഥകളിലേയും എഴുതാൻ കഴിയാത്ത കഥകളിലെയും കഥാപാത്രങ്ങൾ അദ്ദേഹത്തെ വിടാതെ പിന്തുടരുന്നു. കഥാപാത്രങ്ങളായി ജനിക്കാതെ പോയവർ അദ്ദേഹത്തിന്റെ മുന്നിലെത്തി ഒരു ഓർമ്മക്കുറിപ്പെങ്കിലും അവകാശമായി ചോദിക്കുന്നു. അമേരിക്കൻ എഴുത്തുകാരനായ ജോർജ് സ്റ്റെയിനെറിന്റെ വാക്കുകൾ ഇവിടെ ഓർത്തുപോവുന്നു. ‘മഹത്തായ എല്ലാ രചനകളും പിറവി കൊള്ളുന്നത്‌ മരണത്തിനെതിരായി ആത്മാവ് നടത്തുന്ന കഠിനമായ പോരാട്ടത്തിൽ നിന്നാണ്, നില നിൽക്കാനുള്ള അഭിവാഞ്ഛയിൽ നിന്നാണ് , സൃഷ്ടിയുടെ ശക്തി കൊണ്ട് കാലത്തെ മറികടക്കാമെന്ന പ്രത്യാശയിൽ നിന്നാണ്.’- സമസ്ത ജീവജാലങ്ങളിലും വച്ച് മനുഷ്യൻ മാത്രമാണ് ഞാൻ ഒരിക്കൽ ഇവിടെ ജീവിച്ചിരുന്നു എന്ന് അടയാളങ്ങൾ ബാക്കിവയ്ക്കാൻ ആഗ്രഹിക്കുന്നത്. കഥാപാത്രങ്ങളായി അമരത്വം ആഗ്രഹിക്കുന്ന കഥാപാത്രങ്ങൾ എല്ലാവരും തന്നെ എഴുത്തുകാരന്റെ അപര വ്യക്തിത്വങ്ങളാണ്. എഴുതാനും അറിയപ്പെടാനുമുള്ള ഒരെഴുത്തുകാരന്റെ അടങ്ങാത്ത മോഹം. ഒരു കഥയോ കവിതയോ എഴുതുമ്പോൾ എഴുത്തുകാരൻ അനുഭവിക്കുന്ന ആത്മാനുഭൂതി ആസ്വാദകരിലേക്കും അതേ അളവിൽ പകരാറുണ്ട്. ആ നിമിഷങ്ങളിൽ അവർ അനുഭവിക്കുന്ന അനുഭൂതി അവരവരുടെ ഉണ്മയിലേക്കുതന്നെ തിരികെ കൊണ്ടുവരാൻ പ്രാപ്തരാക്കുന്നു. അതുകൊണ്ടാവണം നല്ലൊരു കഥയോ കവിതയോ വായിക്കുമ്പോൾ ഉള്ളിലെവിടെയോ കാലങ്ങളായി അടിഞ്ഞുകൂടിയ അഴുക്കുകൾ എല്ലാം ആരോ വലിച്ച് പുറത്തിട്ടപോലെ തോന്നാറുള്ളത്. കുറച്ചു കാലത്തേക്കെങ്കിലും ഭാരമില്ലാത്തൊരു പൊങ്ങുതടിപോലെ ഒഴുകിനടക്കുന്നതു പോലെയും തോന്നാറുണ്ട് വീണ്ടും അഴുക്കടിയുംവരെ.

തലകീഴായി വളരുന്ന ഒരു മരം

പത്തു പ്രകാശവർഷം അകലെയുള്ള ഒരു നക്ഷത്രം ഈ നിമിഷം മരിക്കുന്നു എന്നു കരുതു. അതിൽ നിന്ന് പുറപ്പെട്ട അവസാനപ്രകാശരശ്മികൾ പത്തു വർഷത്തിന് ശേഷമായിരിക്കും നമ്മളിൽ എത്തുക. അത്രയും കാലം നാം അതിനെ അതിൻറെ പതിവ് സ്ഥാനത്ത് കണ്ടുകൊണ്ടേയിരിക്കും.മറിച്ച് അത്രയും ദൂരെയിരുന്ന് ഒരാൾ ഈ നിമിഷം നമ്മെ നോക്കിക്കൊണ്ടിരിക്കുകയാണെങ്കിലോ? പത്തുവർഷം മുൻപത്തെ നമ്മളെയായിരിക്കും അയാൾ കാണുന്നുണ്ടാവുക.അടുത്തടുത്ത് കാണുന്ന രണ്ട് നക്ഷത്രങ്ങൾ ഒരുപാട് വ്യത്യാസമുള്ള രണ്ട് കാലഘട്ടങ്ങളിൽ നിന്നാണ് ഒരുമിച്ച് നമുക്ക് മുന്നിൽ അങ്ങനെ പ്രത്യക്ഷപ്പെടുന്നത്. പ്രപഞ്ചം കൊണ്ടുനടക്കുന്നതത്രയും മായക്കാഴ്ചകൾ ആണെന്നർത്ഥം– അയഥാർത്ഥമാണെല്ലാം – ഈ ഞാനൊഴികെ ! ആ ബോധത്തോടെ കഴിഞ്ഞ അര മണിക്കൂറിലധികമായി, അഞ്ചാം നിലയിലെ ഈ കാത്തിരിപ്പുമുറിയിൽ ഒറ്റക്കിരിക്കുകയാണ് ഞാൻ. വന്നപ്പോൾ ഇവിടെ ഉണ്ടായിരുന്ന ചെറുപ്പക്കാരനുമായി ഇപ്പോൾ ഹാഫ്ഡോറിനപ്പുറം ഡോക്റ്റർ സംസാരിക്കുന്നത് അവ്യക്തമായി എനിക്ക് കേൾക്കാം. അയാളുടെ അടഞ്ഞ മുഖവുമായി സംസാരിക്കാതെയെങ്കിലും ഒന്ന് പരിചയപ്പെടാൻ ഞാൻ ശ്രമിച്ചിരുന്നു. ചുറ്റും അദൃശ്യമായ ഒരു കോട്ട തീർത്തിരുന്നു ചെറുപ്പക്കാരൻ. അകത്ത് ശബ്ദത്തോടെ കസേര ഇളകി – ചെറുപ്പക്കാരൻ പുറത്തുവന്നു – എന്നെ നോക്കി ചിരിയുടെ നിഴൽ മുഖത്ത് വരുത്തി, പുറത്തേയ്ക്ക് നടന്നു . രണ്ടോ മൂന്നോ മിനുട്ടിനു ശേഷം, ഹാഫ്ഡോർ തുറന്ന്, തല മാത്രം പുറത്തേക്ക് കാണിച്ച് ഡോക്റ്റർ എന്നെ ക്ഷണിച്ചു. അകത്ത് അഭിമുഖമായി ഇരുന്ന്, അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഞാൻ സ്വയം പരിചയപ്പെടുത്തി : “ പേര് യശ്വന്ത് – വയസ്സ് മുപ്പത്തഞ്ച് – സിസ്റ്റം അനലിസ്റ്റ് ആയി ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ജോലി നോക്കുന്നു – ഭാര്യയും ഐ ടി മേഖലയിലാണ്‌ – എട്ട് വയസ്സായ ഒരാൺകുട്ടിയുണ്ട് – തിരക്കുണ്ട് – എന്നാലും സമാധാനത്തോടെയുള്ള ജീവിതം -” നിർത്തിയപ്പോൾ ഡോക്റ്റർ സ്വന്തം പേര് പറഞ്ഞു– ചിരിച്ചു : “ ഇനി, പറയാനുള്ളത് മുഴുവൻ വിസ്തരിച്ചു പറയു. എനിക്കെന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ഞാനത് അപ്പൊഴപ്പോൾ ചോദിക്കാം.” ആശ്വാസത്തോടെ ഞാൻ തുടങ്ങി : “ ഒരു പേടിസ്വപ്നത്തിന് പരിഹാരം തേടി ഡോക്റ്ററെ കാണേണ്ട പ്രായമല്ല എനിക്ക് എന്നെനിക്ക് നന്നായറിയാം . ഞാൻ വന്നിരിക്കുന്നത് പക്ഷേ, സത്യമായും അങ്ങനെയൊരു ആവശ്യവുമായാണ്, ഡോക്റ്റർ. കൊല്ലങ്ങളായി ആവർത്തിച്ചാവർത്തിച്ചു കാണുന്ന സ്വപ്‌നങ്ങളിൽ ഒന്ന് ഈയിടെയായി എൻ്റെ ഉറക്കം കെടുത്തുന്നു. ആവർത്തിക്കുന്ന സ്വപ്‌നങ്ങൾ എല്ലാവർക്കും ഉണ്ടാവും. അവയൊന്നും, മുതിർന്നതിനു ശേഷം ആരെയും നിരന്തരം അസ്വസ്ഥരാക്കുന്നുണ്ടാവില്ല- എന്നാണെൻറെ വിശ്വാസം .” കണ്ണട അല്പം താഴ്ത്തിവെച്ച്, കസേരയിൽ ചാരിയിരുന്ന് കേട്ടുകൊണ്ടിരുന്ന ഡോക്റ്റർ വിരലുയർത്തി എന്നെ തടഞ്ഞു : ” ഒന്നോ രണ്ടോ ഉദാഹരണങ്ങൾ പറയാമോ ? “ ഞാൻ ചിരിച്ചു. “തീർച്ചയായും ഡോക്റ്റർ- കൂടുതൽ സമയമെടുക്കരുതല്ലോ എന്ന് ആലോചിച്ച് ചുരുക്കിയതാണ്.” ” നമുക്കീ ലോകത്തെ സമയം മുഴുവനുമുണ്ട് – പറയൂ- ഇന്നെനിക്ക് കാണാനുള്ള അവസാനത്തെ ആളാണ് താങ്കൾ. “ ” കാൽ തെറ്റി അടിത്തട്ടില്ലാത്ത ആഴത്തിലേയ്ക്ക് വീഴുന്നതാണ് ഏറ്റവും തവണ കണ്ടിട്ടുള്ള സ്വപ്നം- ഇന്നും തുടരുന്ന, ഓർമ്മയിലെ ആദ്യകാല സ്വപ്നങ്ങളിൽ ഒന്ന് . ഒന്നും പഠിക്കാതെ, ഒട്ടും തയ്യാറാവാതെ, പരീക്ഷാ ഹാളിലേയ്ക്ക് കയറുന്നതായാണ് ഇനിയൊന്ന്. തോൽവിയുടെ ഭാരം മരണം വരെ ചുമക്കേണ്ടതിൻറെ ആധിയോടെയാണ് ഞാനുണരുക” ഡോക്റ്റർ ചിരിച്ചു : ” എൻ്റെ സ്വപ്‌നങ്ങൾ താങ്കൾ കട്ടെടുത്തു എന്ന് പറയേണ്ടിവരും .” ” ഡോക്റ്റർ !” “ഇനിയും പോരട്ടെ – ഒന്നോ രണ്ടോ -” ” പൊതുസ്ഥലത്ത് എവിടെയോ നൂൽബന്ധമില്ലാതെ പെട്ടുപോകുന്നതായി പല പ്രാവശ്യം സ്വപ്നം കണ്ടിട്ടുണ്ട്. നഗ്നനായി, വീട് ലക്ഷ്യമാക്കി നടക്കുമ്പോൾ അയൽക്കാരും സുഹൃത്തുക്കളുമൊക്കെ വഴിയിലുണ്ടാവും. ഒരു മറവുമില്ലാത്ത ആ വഴി അവരുടെ കണ്ണിൽ പെടാതെ എങ്ങനെ കടന്നുകിട്ടും എന്ന അങ്കലാപ്പുമായി നടക്കുന്നതിനിടെ ഉണരും. വീണ്ടും ഉറക്കത്തിൽ വീഴുംവരെ ജാള്യത വിട്ടുമാറില്ല.” “ യശ്വന്ത് കഥയെഴുതാറുണ്ടോ ?” “അയ്യോ, ഡോക്റ്റർ !” ” കാര്യമായി ചോദിച്ചതാണ് – ഞാൻ കേട്ടിടത്തോളം താങ്കൾ നല്ല ഒരു കഥ പറച്ചിലുകാരൻ ആണ് . എഴുതാറില്ലെങ്കിൽ എഴുതിത്തുടങ്ങണം എന്ന് ഞാൻ പറയും.” നന്ദി ധ്വനിപ്പിച്ച് ഞാൻ ചിരിച്ചു . ” മാനസികരോഗിയാണെന്ന് തോന്നിക്കുന്ന ഒരക്രമി പിന്തുടർന്നു വരുന്നതായി സ്വപ്നം കാണാറുണ്ട്. അയാളിൽ നിന്ന് രക്ഷ തേടി ഓടാൻ ശ്രമിക്കുമ്പോൾ കാലുകൾക്ക് വേഗം കിട്ടില്ല – മൈക്കേൽ ജാക്സൻ്റെ മൂൺവാക്കിങ് പോലെ – മണലിൽ ഓടുന്നതുപോലെ- നിന്നുപോകുന്നത് പോലെ ! “. ” മുഖവുര ഇതിലധികം നന്നാവാനില്ല” ഡോക്റ്ററുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി പടർന്നു – “ഇനി, കുഴപ്പക്കാരൻ സ്വപ്നത്തെ കുറിച്ച് പറയു. “ “ വളരെ ചെറിയ ഒരു സ്വപ്നമാണത്, ഡോക്റ്റർ . വിഴുങ്ങാൻ കഴിയാവുന്നതിൽ അല്പം വലിയ എന്തോ ഒന്ന് – ഒരു ചോക്ലേറ്റോ ഒരു പൊട്ട് ശർക്കരയോ ആവാം – ഞാൻ വായിലിട്ടിരിക്കുന്നു. ഓരോ ഭക്ഷണത്തിനു ശേഷവും അങ്ങനെ എന്തെങ്കിലുമൊരു മധുരം പതിവുണ്ട്. സ്വപ്നത്തിൽ, എൻ്റെ ഒരു നിമിഷത്തെ അശ്രദ്ധയിൽ അത്, വശത്തുകൂടെ തൊണ്ടയിലേയ്ക്ക് ഇറങ്ങുന്നു. വിഴുങ്ങാനോ പുറത്തേയ്ക്ക് എടുക്കാനോ ആവാതെ, ശ്വാസം മുട്ടി അടുത്ത നിമിഷം മരിക്കാൻ പോകുന്നു എന്ന ഭയത്തോടെ ഞാൻ ഉണരുന്നു. ഉറക്കത്തിൽ കരയുന്ന ശബ്ദം കേട്ട് ഭാര്യ എന്നെ തട്ടി വിളിക്കാറുണ്ട്. മരണസഞ്ചാരത്തിൽ നിന്നാണ് ഞാൻ ഉണരുക. അവളുടെ മുഖത്തും ശബ്ദത്തിലും പ്രകടമായ നീരസമുണ്ടാവും. ഉറക്കം തടസ്സപ്പെടുന്നതല്ല അവളെ അലോസരപ്പെടുത്തുന്നത്. ഉറക്കത്തിലെ കരച്ചിലിൻറെ ‘മൃഗീയമായ ഈണ’മാണ്. അത് മനുഷ്യൻറെ കരച്ചിലായി തോന്നാറില്ലെന്നവൾ പറയുന്നു ” “ ഇതിനെ ഭയന്നല്ല, പക്ഷേ, യശ്വന്ത് എന്നെ കാണാൻ എത്തിയിരിക്കുന്നത് ?” “ അല്ല ഡോക്റ്റർ – എത്രയോ കൊല്ലങ്ങളായി ആവർത്തിച്ചാവർത്തിച്ച് കണ്ടിട്ടുള്ള സ്വപ്നമാണ്. അത്‌ എന്തുകൊണ്ട് അങ്ങനെ ആവർത്തിക്കുന്നു എന്ന് അറിയാൻ തീർച്ചയായും താത്പര്യമുണ്ട്. പക്ഷേ വീണ്ടും ഉറക്കത്തിൽ വീഴുന്നത് വരെയേ അതെന്നെ ബുദ്ധിമുട്ടിക്കൂ. കഴിഞ്ഞ ഒന്നോ ഒന്നരയോ കൊല്ലത്തിനിടയിലെപ്പോഴോ സ്വപ്നം വളർച്ചയുടെ വിചിത്രമായ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. ആദ്യം അത് സ്വപ്നത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേയ്ക്കായിരുന്നു. ഉണർന്ന് കഴിഞ്ഞും തൊണ്ടയിൽ കുരുങ്ങിയ വസ്തുവും ശ്വാസം മുട്ടലും ഭയവും ബാക്കി നിൽക്കും. അതിനെ എങ്ങനെയെങ്കിലും അകത്തേയ്ക്കാക്കാനുള്ള പരക്കംപാച്ചിലിൽ അടുത്തുള്ള ടീപോയ്ക്ക് മുകളിൽ ഫ്‌ളാസ്‌കിൽ കരുതിയിരിക്കുന്ന വെള്ളം എടുത്ത് അഞ്ചോ ആറോ കവിൾ കുടിച്ചു കഴിഞ്ഞേ ഞാൻ ശരിക്കും ഉണരൂ – വെള്ളം കുടിക്കുന്നത് സ്വപ്നത്തിലല്ല. ഞാൻ പറയുന്നത് ഡോക്റ്റർക്ക് വ്യക്തമായോ എന്നറിയില്ല.” “തീർച്ചയായും, യശ്വന്ത് – ബാക്കി പറയു.” “പിന്നീടൊരിക്കലും സ്വപ്നം ആദ്യരൂപത്തിൽ അവസാനിച്ചില്ല. വെള്ളം കരുതാൻ മറന്നല്ലോ എന്നും വെള്ളമേ കിട്ടാത്ത സ്ഥലത്താണല്ലോ ഞങ്ങൾ എന്നുമൊക്കെയുള്ള ഭയത്തോടെ ഉണരുമ്പോൾ ടീപ്പോയ്ക്ക് മുകളിൽ ഫ്‌ളാസ്‌ക് കണ്ട്, വിവരിക്കാനാവാത്ത ആശ്വാസം തോന്നിയ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. മുറിയിൽ വെള്ളം വെയ്ക്കാൻ മറന്ന ഒരേയൊരു ദിവസം ബെഡ് റൂമിൽ നിന്ന് ഹാൾ മുറിച്ചുകടന്ന് അടുക്കളയിൽ പോയി വെള്ളം കുടിച്ചതും ഓർക്കുന്നു. ഭാര്യയെ ഉണർത്താതെ, ശബ്ദമുണ്ടാക്കാതെ, രണ്ട് വാതിലുകൾ തുറന്ന്, ലൈറ്റുകൾ തെളിയിച്ച്, അടുക്കളയിൽ ഷെൽഫിൻറെ അടച്ചുവെച്ച വലിപ്പ് തുറന്ന്, ഗ്ളാസ് എടുത്ത്, ടാപ്പിന് കീഴെ കഴുകി, ഫിൽറ്ററിൽ നിന്ന് വെള്ളമെടുത്ത് കുടിച്ച്, ഗ്ളാസ് തിരികെ വലിപ്പിനകത്ത് കമഴ്ത്തി, ലൈറ്റുകൾ കെടുത്തി, വാതിലുകൾ അടച്ച്, തിരിച്ചുവന്ന് പുതപ്പിനകത്ത് കയറുന്നതുവരെ ഉള്ള കാര്യങ്ങൾ സ്വപ്നവും യാഥാർത്ഥ്യവുമാണ്. ഡോക്റ്റർ ഇമവെട്ടാതെ കേട്ടിരുന്നു. “ഇപ്പോൾ അഞ്ചാറു മാസമായി ഭയപ്പെടുത്തിക്കൊണ്ട് സ്വപ്നം വീണ്ടും വളരുന്നു- പഴയതിൻ്റെ തുടർച്ചയായല്ല . ഇത്തവണ സ്വപ്നത്തിൽ നിന്ന് സ്വപ്നത്തിലേയ്ക്ക് ആണ് അതിൻ്റെ പോക്ക്. ആ വളർച്ച എന്നെ ഭയപ്പെടുത്തുന്നു- ഒന്നിലധികം കാരണങ്ങൾ കൊണ്ട് !” കൈയിലെ പേന മേശപ്പുറത്ത് വെച്ച് രണ്ട് കൈപ്പടങ്ങളും വിരലുകൾ കോർത്ത് അകത്തേയ്ക്ക് മടക്കി അതിന്മേൽ താടി ചേർത്ത്, ഡോക്റ്റർ ഇരുന്നു. “പുതിയ സ്വപ്നത്തിൽ ഞാനൊരു മനോരോഗവിദഗ്ദ്ധൻ്റെ മുന്നിൽ ഇരിക്കുകയാണ്, ഡോക്റ്റർ, സ്വപ്നത്തെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചു കൊണ്ട്…!” “ ഓ – യശ്വന്ത് ! ” ഒന്ന് നിർത്തി, കണ്ണുകൾ വലുതാക്കി ഡോക്റ്റർ അദ്‌ഭുതപ്പെട്ടു : “ അതൊരു വല്ലാത്ത സ്വപ്നം! “ “എനിക്ക് ഭയം തോന്നുന്നു, ഡോക്റ്റർ .” “ഭയപ്പെടേണ്ട കാര്യമില്ല ..നമുക്ക് പരിഹാരമുണ്ടാക്കാം. ഒരു പഴയ കഥ ഓർമ്മ വന്നത് പറയട്ടേ ? മുത്തച്ഛനെ കാണാൻ നാട്ടിലെ വൈദ്യർ ഒരിക്കൽ വീട്ടിൽ വന്നു. അവർ കൂട്ടുകാരായിരുന്നു. മുത്തച്ഛൻ ഒരു കെട്ട് പ്രശ്നങ്ങൾ ഒറ്റയടിക്ക് വൈദ്യരുടെ മുന്നിൽ അവതരിപ്പിച്ചു: ‘രാത്രി ഉറക്കം കുറവാണ്. പകൽ സദാ ഉറക്കം തൂങ്ങിക്കൊണ്ടാണ്. വിശപ്പില്ല. ക്ഷീണമുണ്ട്. ഓർമ്മക്കുറവുണ്ട്.’ പറഞ്ഞവസാനിപ്പിച്ച്, മുത്തച്ഛൻ പറഞ്ഞു : ‘വൈദ്യര് ഒരു വഴി കാണണം. എനിക്ക് ഇതിൽ നിന്നൊന്നു പുറത്ത് കടക്കണം.’ ചിരിച്ചുകൊണ്ട് വൈദ്യരുടെ മറുപടി : ‘സമയം വേണം..എനിക്കിതിലൊരു രണ്ട് തച്ച് പണിയാനുണ്ട്.’ അത് പറഞ്ഞ് രണ്ടുപേരും ഉറക്കെയുറക്കെ ചിരിച്ചത് എന്തിനെന്ന് കുട്ടികളായിരുന്ന ഞങ്ങൾക്ക് മനസിലായില്ല. ഇപ്പോൾ യശ്വന്തിനോട് ഞാനും പറയാം : സമയം വേണം – എനിക്കിതിലൊരു രണ്ട് തച്ച് പണിയാനുണ്ട്!” ഡോക്റ്റർ മേശപ്പുറത്തെ ബെല്ലമർത്തി. ഹാഫ് ഡോർ തുറന്ന് അകത്തുവന്ന സഹായിയെ നിർത്തി അദ്ദേഹം എന്നോട് ചോദിച്ചു : “കോഫിയോ ചായയോ ..?” മറുപടി വൈകുന്നു എന്ന് തോന്നിയത് കൊണ്ടാവാം എൻറെ നേരെ ചെറുതായി കൈവീശി ഡോക്റ്റർ ചെറുപ്പക്കാരനോട് പറഞ്ഞു : “കടുപ്പത്തിൽ രണ്ട് കോഫി!…… ഇനി പറയു .. “ “സ്വപ്നം – സ്വപ്‌നങ്ങൾ അത്രയേയുള്ളൂ, ഡോക്റ്റർ – പറയാനുള്ളത് എൻറെ സംശയങ്ങളെ കുറിച്ചും ഭയങ്ങളെ കുറിച്ചുമാണ് . വന്നുവന്ന്, സ്വപ്നം കാണുകയാണോ ഉണർന്നിരിക്കുകയാണോ എന്ന് തീർച്ചപ്പെടുത്താനാവാത്ത അവസ്ഥയിലാണ് ഞാൻ.. സ്വപ്നങ്ങളിൽ കണ്ട ഡോക്റ്റർമാരെ ആരെയും എനിക്ക് മുൻപരിചയമില്ല. കറുത്ത കോട്ടിട്ടവർ ..കട്ടിഫ്രെയിമുള്ള കണ്ണട ധരിച്ചവർ.. ഊശാൻതാടിക്കാർ – തലമുടി തോളറ്റം വളർത്തിയവർ.. കട്ടിപ്പുരികമുള്ളവർ.. ഡോക്റ്ററെ പോലെ ഇവയൊന്നുമില്ലാതെയും ചിലർ ! “ “നമ്മുടെ ഈ കൂടിക്കാഴ്ചയെ കുറിച്ചും ഇല്ലേ സംശയം ?” “ സത്യം പറയണമല്ലോ – രണ്ടോ മൂന്നോ തവണ ഞാൻ ദേഹത്ത് നുള്ളിനോക്കി, ഡോക്റ്റർ..” “..ബാക്കി പറയു..” “ ഞാൻ സംസാരിച്ചു തീരുമ്പോൾ എൻറെ മുഖത്ത് കണ്ണുകളുറപ്പിച്ച് അവർ ആലോചനയിൽ മുഴുകാറുണ്ട്. എൻറെ മനസ്സിൻറെ മാത്രം സൃഷ്ടികളാണ് അവരോരോരുത്തരുമെങ്കിൽ എനിക്കറിയാത്ത എന്താവാം അവർ ആലോചിച്ചുകൂട്ടുന്നത്? അങ്ങനെ ഭൂതവും ഭാവിയുമില്ലാതെ ഏതാനും നിമിഷനേരത്തേയ്ക്ക് എൻറെ സ്വപ്നത്തിൽ മാത്രമായി അവർക്ക് ജീവിച്ച് ‘അവസാനിക്കാ’മെങ്കിൽ അങ്ങനെ ആരുടെയോ സ്വപ്നത്തിലെ കഥാപാത്രമല്ല ഞാനെന്ന് ഞാനെങ്ങനെ ഉറപ്പിക്കും? പഴയ കവിതയിൽ വായിച്ചതുപോലെ ‘ആരുടെ തോന്നലാണ് ഞാൻ’ എന്ന് ചിലപ്പോൾ ഭയം തോന്നും. പോയിപ്പോയി അവസാനിക്കാത്ത ഒരുസ്വപ്നത്തിലേയ്ക്ക് ഞാൻ വലിച്ചെടുക്കപ്പെട്ടാലോ ? പലപ്പോഴും ഈ ഡോക്റ്റർമാർ അപ്രസക്തമെന്ന് എനിക്ക് തോന്നുന്ന ചോദ്യങ്ങൾ ചോദിക്കുന്നു. പ്രശ്നത്തിന് വിചിത്രമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു “ “അവർ ചോദിച്ച ചില ചോദ്യങ്ങളോ പറഞ്ഞ പ്രതിവിധികളോ ഓർമ്മയുണ്ടോ…?” “ഒരു ഡോക്റ്റർ ചോദിച്ചത് ഞാൻ പാട്ട് പാടാറുണ്ടോ എന്നാണ്. ഇനിയൊരാൾക്ക് അറിയേണ്ടിയിരുന്നത് എൻ്റെ വീട്ടിലോ അടുത്ത ബന്ധത്തിലോ ആർക്കെങ്കിലും എപ്പോഴെങ്കിലും പാമ്പ് കടിയേറ്റിട്ടുണ്ടോ എന്നാണ്..- ഈ അസംബന്ധ നാടകങ്ങളിൽ നിന്ന് എനിക്കൊരു രക്ഷ വേണം, ഡോക്റ്റർ ” കോഫി കപ്പ് ചുണ്ടോടടുപ്പിച്ച് ഡോക്റ്റർ പറഞ്ഞു : “യശ്വന്ത്, സ്വന്തം പ്രശ്നങ്ങൾ വ്യക്തമായി വാക്കുകളിൽ അവതരിപ്പിക്കാൻ കഴിയുന്ന രോഗി ഒരു മനോരോഗവിദഗ്ദ്ധന് വലിയ സഹായമാണ് ചെയ്യുന്നത്. മറ്റു ഡോക്റ്റർമാരെ പോലെ സ്റ്റെതസ്കോപ്പും തെർമോമീറ്ററും തരുന്ന വിവരങ്ങൾ മാത്രം വെച്ചല്ല ഞങ്ങൾ രോഗനിർണയം നടത്തുന്നതും ചികിത്സിക്കുന്നതും. ആ നിലയ്ക്കാണ് ഞാൻ പറയുന്നത്, യശ്വന്ത് എൻറെ ജോലി കാര്യമായി കുറച്ചുതന്നു. താങ്കളുടെ ചില സംശയങ്ങൾ, സ്വപ്നങ്ങളിൽ ആണെങ്കിലും, തീർത്തുതരാൻ ഞാൻ ശ്രമിക്കാം. ആ ഡോക്റ്റർമാർ ചോദിച്ചതായി പറഞ്ഞ ചോദ്യങ്ങളില്ലേ? അവ യശ്വന്ത് കരുതുന്നത് പോലെ തീരെ അപ്രസക്തങ്ങളാവണ മെന്നില്ല. എൻറെ സഹായം തേടി വരുന്നവരോട് അത്തരം ചോദ്യങ്ങൾ ചോദിക്കുന്ന കൂട്ടത്തിലാണ് ഞാനും . എനിക്കതിന് രണ്ട് കാരണങ്ങളെങ്കിലും പറയാനാവും. ആവട്ടെ , പാട്ട് പാടാറുണ്ടോ എന്ന ചോദ്യത്തിന് സ്വപ്നത്തിൽ യശ്വന്തിൻറെ മറുപടി എന്തായിരുന്നു എന്നോർമ്മയുണ്ടോ? “ “ഞാൻ പാടാറില്ല ഡോക്റ്റർ!” “അതൊരു മുഴുവൻ ഉത്തരമായില്ല, യശ്വന്ത് – സാധാരണ ഡോക്റ്റർമാരുടെ മുന്നിൽ ഇരിക്കുന്ന അനായാസതയോടെ യാവില്ല മിക്കവാറും പേർ ഒരു മനോരോഗ വിദഗ്ധൻറെ മുന്നിലിരിക്കുക. എന്തോ അമാനുഷമായ ശക്തികളുള്ളവരാണ് ഞങ്ങൾ എന്ന് കരുതുന്നവരാണ് പലരും. അതുണ്ടാക്കുന്ന ഭയം, അകലം, കാരണം നിങ്ങൾ മനസ്സ് തുറക്കാൻ മടിക്കും. ഭയം മാറ്റി നിങ്ങളെ സമതലങ്ങളിലേക്ക് കൊണ്ടുവരാൻ, അന്തരീക്ഷത്തിന് അയവ് വരുത്താൻ ലഘുവായ ഒരു കുശലപ്രശ്നത്തിന് കഴിഞ്ഞെന്നിരിക്കും. ഞാൻ അതാണ്‌ പതിവ്. ഇവിടെ എനിക്കത് വേണ്ടിവന്നില്ല. അനായാസമായി, വ്യക്തമായി, കാര്യങ്ങൾ അവതരിപ്പിക്കാൻ ആവാത്തവരെയേ സഹായിക്കേണ്ടതുള്ളൂ. പിന്നെ, പാടാറില്ല എന്നതിനുപകരം ‘പാടാനറിയില്ല -വീട്ടിൽ എപ്പോഴെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ മൂളാറുണ്ടെങ്കിലും’ എന്ന ഉത്തരമാവില്ലേ കൂടുതൽ ശരി? മുഴുവൻ സത്യം പറയാൻ ശ്രദ്ധിക്കുന്നയാളാണോ എന്നറിയാൻ ഞങ്ങൾ ഒരുപക്ഷേ അങ്ങനെയൊരു ചോദ്യം ചോദിച്ചെന്നിരിക്കും. ഇനി നമുക്ക് പ്രശ്നത്തിലേക്ക് കടക്കാം..” ഡോക്റ്റർ ഇരുന്നിടത്ത് നിന്നെഴുന്നേറ്റു – ജനാലയുടെ അടുത്തേയ്ക്ക് നീങ്ങി – അഴികളില്ലാത്ത ജനൽ, കമ്പിവലയുടെ കൊളുത്ത് നീക്കി മലർക്കെ തുറന്ന് അദ്ദേഹം എന്നേയും ക്ഷണിച്ചു. താഴെ ഇരുദിശകളിലും ഇരമ്പിയോടുന്ന നഗരം. ഉറുമ്പുകളെ പോലെ തലങ്ങും വിലങ്ങും തിരക്കിട്ട് നടക്കുന്ന കാൽനടക്കാരും.. “ യശ്വന്തിനറിയാമോ ആ കാണുന്ന ജനക്കൂട്ടത്തിൽ ഒരാളില്ല ഏതെങ്കിലും തരത്തിലുള്ള ഭ്രാന്തില്ലാത്തവരായി. അതവരാരെങ്കിലും സമ്മതിച്ചുതരുമോ? സ്വപ്നം എന്താണെന്നും എന്തിനാണെന്നും ഇന്നും ഞങ്ങൾക്കും കൃത്യമായറിയില്ല. ഞാനതിനെ കുറച്ചുനേരത്തേയ്ക്കുള്ള ഭ്രാന്തായിട്ടാണ് കരുതാറുള്ളത്. യുക്തിക്ക് നിരക്കാത്ത സ്വപ്നങ്ങളെ, അല്ലെങ്കിൽ, നമ്മൾ എങ്ങനെയാണ് വ്യാഖ്യാനിക്കുക? ടിപ്പു സുൽത്താനുമായി ദ്വന്ദയുദ്ധത്തിൽ ഏർപ്പെട്ടതായി ഞാൻ സ്വപ്നം കണ്ടത് ഈയിടെയാണ്….. ഉറക്കത്തിന്റെ പ്രശ്നവുമായി വരുന്നവരോട് ഡോക്റ്റർമാർ പതിവായി നിർദ്ദേശിക്കുന്ന ചില ചിട്ടകൾ ദിനചര്യയുടെ ഭാഗമാക്കുന്നതാവട്ടെ ചികിത്സയുടെ ആദ്യപടി. അത്താഴം ലഘുവാക്കുക- നേരത്തേയാക്കുക – മനസ്സിനെ മോശമായി ബാധിക്കുന്നതൊന്നും കാണുകയോ കേൾക്കുകയോ വായിക്കുകയോ ചെയ്യാതിരിക്കുക.. അങ്ങനെയങ്ങനെ -അടുത്ത തവണ കാണുമ്പോൾ ഞാൻ വിശദമാക്കാം. “ “ഇതൊക്കെ എന്നുമുതലേ ശീലമാക്കിയവ, ഡോക്റ്റർ !” “വ്യായാമം ചെയ്യാറുണ്ടോ ?” “രാവിലെ സൂര്യനമസ്കാരവും നടത്തവുമായി ഒരു മണിക്കൂർ – മുടങ്ങാതെ!” “വ്യായാമത്തിൽ ഒരൈറ്റം കൂടി ആയാലോ ..?” “തീർച്ചയായും ഡോക്റ്റർ ..” “ഇപ്പോൾ ..?” മറുപടി, പറയുന്നതിന് പകരം, ചെയ്തുകാണിക്കാനായി മുട്ടുകാൽ മടക്കി ഞാൻ കുത്തനെ നിലത്തിരുന്നു . കൈകൾ കൊണ്ട് കാലുകളെ പൊതിഞ്ഞുപിടിച്ചു. അതേ നിലയിൽ നിലത്തുനിന്ന് ഉയർന്ന് ഒരാളുയരത്തിൽ അന്തരീക്ഷത്തിൽ നിന്ന എന്നോട് ഡോക്റ്റർ ചോദിച്ചു : “ബുദ്ധിമുട്ടുണ്ടോ ?” ഞാൻ തലയാട്ടി. മുറിക്കകത്ത് മേൽത്തട്ടിന് തൊട്ടുതാഴെ ഫാനിനെ രണ്ടോ മൂന്നോ തവണ വട്ടംചുറ്റി ജനാല വഴി പുറത്ത് കടന്നു . നഗരാന്തരീക്ഷത്തിലെ പൊടിമഴയുടെ തണുപ്പിലൂടെ നേർത്ത കാറ്റിലൂടെ, തിരക്കിനും കെട്ടിടങ്ങൾക്കും മുകളിലൂടെ പറന്നുനീങ്ങുന്നതിനിടെ ഞാൻ തിരിഞ്ഞുനോക്കി. അഞ്ചാം നിലയിലെ ജനാലയ്ക്കൽ കൈയുയർത്തി വീശി, വിജയചിഹ്നം കാണിച്ച്, ഡോക്റ്റർ നിൽക്കുന്നുണ്ടായിരുന്നു!

കഥകള്‍ - കഥയില്ലായ്മകള്‍

ഹാറുക്കി മുറാക്കാമിയുടെ Birthday Girl എന്ന പുസ്തകത്തിന് ഒരു കൈപ്പത്തിയുടെ നീളവും വീതിയുമേയുള്ളൂ- നാൽപ്പത്തി രണ്ട് പേജുകളിലായി പറഞ്ഞിരിക്കുന്ന ഒരു ചെറുകഥ! പഠിത്തത്തിനിടെ പാർട് ടൈം ആയി ജോലി ചെയ്യുന്ന രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ നാല് പരിചാരകർ മാത്രമുള്ള ഒരു ചെറിയ ഇറ്റാലിയൻ റെസ്റ്റോറൻറാണ്‌ രംഗം – കാഷ് കൗണ്ടറിൽ ഇരിക്കുന്ന മദ്ധ്യവയസ്കയും അതേ പ്രായമുള്ള ഫ്ലോർ മാനേജരും ആറാം നിലയിലെ മുറിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധനായ റെസ്റ്റോറൻറ് ഉടമയുമാണ് മറ്റു കഥാപാത്രങ്ങൾ. പാർട് ടൈം പരിചാരികകളിൽ ഒരുവളുടെ ഇരുപതാം പിറന്നാൾ ദിവസമാണ് കഥ നടക്കുന്നത് – ഇരുപതാം പിറന്നാൾ ജപ്പാൻകാർക്ക് മറ്റു പിറന്നാളുകൾ പോലെയല്ല, ആഘോഷിക്കാനുള്ളതാണ്. ഔദ്യോഗികമായി ഒരാൾക്ക് പ്രായപൂർത്തിയാവുന്ന ദിവസമാണത് ! ആഗ്രഹിച്ചതിൽ നിന്ന് വ്യത്യസ്തമായി അന്നവൾക്ക് സുഹൃത്തുമായി ജോലി വെച്ചുമാറാൻ ആയില്ല. ഒരിക്കലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാത്ത, അവധിയെടുക്കാത്ത, മാനേജർ പെട്ടെന്നുണ്ടായ വയറുവേദനയെ തുടർന്ന് ആസ്പത്രിയിൽ പ്രവേശിക്കപ്പെടുക കൂടി ചെയ്തപ്പോൾ ജീവിതത്തിൽ ഒരിക്കൽ മാത്രം വരുന്ന ആ ഇരുപതാം പിറന്നാൾ അവളുടെ കൈയിൽ നിന്ന് ഊർന്നുപോയി. അതേ കെട്ടിടത്തിൻറെ ആറാം നിലയിലെ മുറിയിൽ ഏകാകിയായി കഴിയുന്ന റെസ്റ്റോറൻറ് ഉടമയ്ക്ക് അത്താഴം എത്തിച്ചു കൊടുക്കേണ്ട അധികജോലി കൂടി അവൾക്ക് ഏറ്റെടുക്കേണ്ടി വന്നത് അങ്ങനെയാണ്. നിർദ്ദേശപ്രകാരം ഭക്ഷണം അറുനൂറ്റി നാലാം നമ്പർ മുറിയുടെ വാതിൽക്കൽ എത്തിച്ച്, പിൻവാങ്ങുന്നതിനുപകരം, സമ്മതം വാങ്ങി ട്രോളിയുമായി അവൾ മുറിക്കകത്ത് പ്രവേശിക്കുന്നു. അവളുടെ ഇരുപതാം പിറന്നാൾദിവസമാണ് എന്ന് മനസ്സിലാക്കുന്ന റെസ്റ്റോറൻറ് ഉടമ ഒരു പാരിതോഷികമെന്ന നിലയിൽ അവളുടെ ഒരാഗ്രഹം – ഒരു wish – സാധിപ്പിച്ചുകൊടുക്കാമെന്ന് വാക്ക് കൊടുക്കുന്നു. (‘But you had better think about it very carefully because I can grant you only one.’ He raised a finger. ‘ Just one. You can’t change your mind afterwards and take it back..’) അവൾ സ്വന്തം ആഗ്രഹം വെളിപ്പെടുത്തുന്നു- ‘തീർത്തും ചെറിയ മോഹമായി പോയില്ലേ?’ എന്ന് അദ്‌ഭുതപ്പെട്ടു കൊണ്ടാണെങ്കിലും അത് നിവർത്തിച്ചു കൊടുത്തതായി തൊഴിലുടമ അവളോട് പറയുന്നു. അധികം താമസിയാതെ അവൾ അവിടത്തെ ജോലി വിടുന്നു. വർഷങ്ങൾക്ക് ശേഷം ആ കഥ കേൾക്കുന്ന സുഹൃത്ത് അവൾക്ക് അനുവദിച്ചുകിട്ടിയ ആഗ്രഹത്തെ കുറിച്ച് രണ്ട് ചോദ്യങ്ങൾ അവളോട് ചോദിക്കുന്നു. അവളുടെ wish എന്തായിരുന്നു എന്നവൾ ചോദിക്കുന്നില്ല! – ചോദ്യം ഒന്ന്: അന്നത്തെ ആഗ്രഹം സാധിച്ചുകിട്ടുകയുണ്ടായോ? ചോദ്യം രണ്ട്: മറ്റെന്തെങ്കിലുമായിരുന്നു ചോദിക്കേണ്ടിയിരുന്നത് എന്ന് പിന്നീടെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ‘പറയാറായില്ല, ജീവിതം ഇനിയും ബാക്കികിടക്കുകയല്ലേ?’ എന്നായിരുന്നു ആദ്യചോദ്യത്തിന് അവളുടെ ഉത്തരം. അഥവാ സുഹൃത്തിനായിരുന്നു അങ്ങനെയൊരവസരം കിട്ടിയിരുന്നതെങ്കിൽ എന്തായിരുന്നിരിക്കും അവൾ ആവശ്യപ്പെട്ടിട്ടുണ്ടാവുക എന്ന മറുചോദ്യം രണ്ടാം ചോദ്യത്തിനും. സ്വന്തം തൊഴിൽദാതാവിനോട് അവൾ അന്ന് ചോദിച്ച ചോദ്യമെന്തായിരുന്നു എന്നത് കഥയിലില്ല. വിട്ടുപോയ വരികൾ വായനക്കാർക്ക് സൗകര്യം പോലെ പൂരിപ്പിക്കാം.. ഈ ‘കഥയില്ലായ്മ’യാണ് കഥയുടെ ജീവൻ. ഇടയ്ക്ക് പേജ് നഷ്ടപ്പെട്ട പുസ്തകത്തെ പോലെ അത് വായനക്കാരനെ നിരാശപ്പെടുത്തുന്നില്ല. ഒരർത്ഥത്തിൽ, തനിക്ക് വേണ്ടി ആ ഭാഗം എഴുതിച്ചേർക്കാൻ – എഴുത്തിൽ പങ്കുചേരാൻ- വായനക്കാരനെ ക്ഷണിക്കുകയാണ് കഥാകൃത്ത് ചെയ്യുന്നത്. കഥ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് 2002 ൽ ആണ്. കഥാകൃത്തിൻറെ സപ്തതി ആഘോഷത്തിൻറെ ഭാഗമായി, 2019 ൽ പുറത്തിറക്കിയ പ്രത്യേക പതിപ്പാണ് ഞാൻ വായിച്ചത്. പുസ്തകത്തിൻറെ ആകർഷകമായ പുറംചട്ടയിൽ രണ്ട് ഭാഗത്തും നക്ഷത്രങ്ങൾ മൂടിയ ആകാശമാണ്. ആ പ്രകാശ ബിന്ദുക്കൾക്കിടയിലൂടെ കാണുന്ന ഇരുട്ടാണെന്നിലെ വായനക്കാരന് ഹൃദ്യമായി അനുഭവപ്പെട്ടത്. പ്രപഞ്ചത്തിൽ എൺപത് ശതമാനത്തിലധികം ഇന്ദ്രിയഗോചരമല്ലാത്ത തമോദ്രവ്യമാണ് എന്ന് ശാസ്ത്രം വിശ്വസിക്കുന്നു. കഥാലോകത്തിനും ഇത് ബാധകമാണ് എന്ന് തോന്നാറുള്ളത് ഇത്തരം വായനകളിലാണ്. ‘Birthday Girl വായിച്ച് അവസാനിപ്പിച്ചപ്പോൾ ആദ്യം മനസ്സിലെത്തിയ കഥ പ്രസിദ്ധമായ Monkey’s Paw ആണ്. W W Jacobs ൻറെ കഥ കൃത്യം ഒരു നൂറ്റാണ്ട് മുൻപ് , 1902 ൽ ആണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വിശ്വാസിക്കും അവിശ്വാസിക്കും സ്വന്തം യുക്തിക്കനുസരിച്ച് വായിച്ച് ആസ്വദിക്കാവുന്ന കഥ താഴെ തന്നിരിക്കുന്ന ലിങ്കിൽ കിട്ടും. https://www.englishclub.com/reading/story-monkeys-paw.htm കഥ പറയാതെ പറയുന്ന ‘ഈ സൂത്രപ്പണി നന്നായി ഉപയോഗിച്ചിട്ടുള്ള രണ്ട് മലയാളകഥകളും പെട്ടെന്ന് ഓർമ്മയിൽ വന്നു :. സക്കറിയയുടെ ‘ഒരെഴുത്ത്’ (അതാണ് പേരെന്നാണോർമ്മ) എന്ന കഥ വാർദ്ധക്യത്തിൻറെ പ്രശ്നങ്ങളുമായി കഴിയുന്ന അച്ഛൻ മകന് എഴുതുന്ന കത്തിൻറെ രൂപത്തിലാണ്. സുഹൃത്തിൻറെ മകൻറെ വിവാഹത്തിൽ ഭാര്യയോടൊപ്പം പങ്കെടുത്തപ്പോൾ ഉണ്ടായ അസുഖകരമായ അനുഭവം കത്തിൽ അച്ഛൻ പങ്കുവെയ്ക്കുന്നു. വരനോട് പറയാൻ വിചാരിച്ചിരുന്ന പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞില്ലല്ലോ എന്ന് മുഹൂർത്തസമയത്താണ് അയാൾക്ക് ഓർമ്മ വന്നത്. മുന്നിൽ വധു നിൽക്കെ ചടങ്ങിന് തയ്യാറെടുക്കുകയായിരുന്ന വരനെ അയാൾ പേരെടുത്ത് വിളിച്ചു. സന്നിഹിതരായിരുന്ന ആർക്കും അതിഷ്ടപ്പെട്ടില്ലെങ്കിലും ചെറുക്കൻ മണ്ഡപത്തിൽ നിന്നിറങ്ങി, നീരസം പ്രകടമാക്കാതെ, അയാൾക്കടുത്തെത്തി. ‘എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ടായിരുന്നു’ എന്ന് പറഞ്ഞുകഴിഞ്ഞപ്പോൾ ആണ് കാര്യം എന്തെന്ന് താൻ മറന്നുപോയി എന്ന് അസ്വസ്ഥതയോടെ അയാൾ അറിയുന്നത്. അതിഥികളുടെ പിറുപിറുപ്പ് അയാൾക്ക് കേൾക്കാമായിരുന്നു. സ്വന്തം ഭാര്യയുടെ മുഖത്തെ അസ്വാരസ്യം കാണുകയും ചെയ്യാമായിരുന്നു. സ്വസ്ഥമായി ഉറങ്ങാനാവാതെ കിടക്കവേ രാത്രി വൈകി എപ്പോഴോ ആ കാര്യം പൊടുന്നനെ അയാൾക്ക് ഓർമ്മ വന്നു. വെച്ചുതാമസിപ്പിച്ചാൽ ശരിയാവില്ലെന്ന ബോദ്ധ്യത്തോടെ അയാൾ വധൂവരമാരുടെ മുറിവാതിലിൽ തട്ടിവിളിച്ചു. ബഹളം കേട്ട് ചുറ്റുമുള്ള മുറികളിൽ നിന്നൊക്കെ ആൾക്കാർ ഉണർന്നെത്തി. കാര്യം അറിയുമ്പോൾ അവരൊക്കെ തന്നോട് പൊറുക്കുമെന്നയാൾ വിശ്വസിച്ചു. വാതിൽ തുറന്ന്, പരുഷമായ ഭാവവുമായി മുന്നിൽ നിന്ന വരനോട് അയാൾ പറഞ്ഞു : “നേരത്തേ ഞാൻ പറയാൻ വിചാരിച്ച കാര്യം ഇതാണ് ––” വിശദീകരിക്കാനാവാത്ത എന്തോ കാരണം കൊണ്ട് ഇത്തവണയും പറയാനിരുന്ന കാര്യം അയാൾ മറന്നു! സ്വന്തം നില വിശദീകരിച്ചു സംസാരിക്കാനാവാതെ നിന്ന അച്ഛൻ കത്ത് അവസാനിപ്പിക്കുന്നത്, തൻറെ ഭാഷ മനസ്സിലാവാത്ത ലോകത്തോട് സംസാരിക്കുന്നത് നിർത്തി എന്നു പറഞ്ഞാണ്. എന്തായിരുന്നു അച്ഛന് ആ വരനോട് പറയാനുണ്ടായിരുന്നത്? ‘വെളിച്ചം വിളക്കന്വേഷിക്കുന്നു‘ എന്ന സ്വന്തം നാടകത്തിൻറെ ആമുഖത്തിൽ സമാനമായ ഒരു ചോദ്യം സങ്കൽപ്പിച്ച് നാടകകൃത്ത് കെ ടി മുഹമ്മദ്‌ എല്ലാ എഴുത്തുകാർക്കും വേണ്ടി അതിനുത്തരം തരുന്നുണ്ട്. കേന്ദ്രകഥാപാത്രം രംഗത്ത് വരാത്ത നാടകമാണ് കെ ടി യുടേത്. അഥവാ പുറമെ നിൽക്കുന്ന ഒരാളെ കേന്ദ്രീകരിച്ചാണ് കഥ വളരുന്നത്. രാധയുടെ കാമുകൻ നാട് വിട്ട് പോയിരിക്കുന്നു. – ഹാജിയാരുടെ മകനും. ഗ്രാമത്തിൽ എവിടെനിന്നോ ഒരു ഭ്രാന്തൻ വന്നുചേർന്നിട്ടുണ്ട്. അയാളെ കുറിച്ച് ആർക്കും ഒന്നും അറിഞ്ഞുകൂട. അയാൾ ആരോടും ഒന്നും സംസാരിക്കുകയില്ല. അയാളെ കുറിച്ച് പറയുമ്പോഴൊക്കെ രാധ കാതോർക്കുന്നതായി സഹോദരൻ മനസ്സിലാക്കുന്നു. അയാൾ അവളുടെ, നാടുവിട്ട കാമുകനാണോ? ഭ്രാന്തൻറെ വിശേഷങ്ങൾ കേൾക്കുമ്പോൾ ഹാജിയാർക്ക് സംശയം : അയാൾ തൻറെ മകനാണോ? സംശയനിവർത്തിക്കായി രാധയുടെ സഹോദരനും ഹാജിയാരും സ്വന്തം വീടുകളിൽ നിന്ന് ഇറങ്ങിത്തിരിക്കുന്നിടത്ത് നാടകം അവസാനിക്കുന്നു ! കെ. ടി. ആമുഖത്തിൽ എഴുതുന്നു : ‘ഭ്രാന്തൻ രാധയുടെ കാമുകനാണോ ? – ഹാജിയാരുടെ മകനാണോ – രണ്ടും ഒരാളാണോ ? എനിക്ക് തീർച്ചയില്ല – നിങ്ങൾക്ക് തീർച്ചയാവുകയാണെങ്കിൽ ഞാൻ പരാജയപ്പെടുകയാണ്.’ അതാണ് ശരി – ‘നിങ്ങൾക്ക് തീർച്ചയാവുകയാണെങ്കിൽ ഞാൻ പരാജയപ്പെടുകയാണ്. ‘ കഥയിൽ കുത്തിട്ടുപോയ ആ ഭാഗത്ത് എന്ത്‌ നടന്നു എന്ന് അറിയില്ലെങ്കിലും പരാതികളില്ലെന്ന് വായനക്കാരൻ – അത്‌ കണ്ടെത്തേണ്ട ബാദ്ധ്യത തനിക്കില്ലെന്ന് എഴുത്തുകാരനും. ശുഭപര്യവസായിയായ കഥ!

എഴുതപ്പെടാത്ത ഒരു തിരക്കഥയെക്കുറിച്ച്

‘വലിയമ്മയ്ക്ക് രണ്ട് മക്കളാണ് -കുട്ട്യേടത്തിയും ജാന്വേടത്തിയും.. കുട്ട്യേടത്തി കറുത്തിട്ടാണ്. ജാന്വേടത്തിയുടെ അഭിപ്രായത്തിൽ, തൊട്ട് കണ്ണെഴുതാം…’ അമ്മയുടേയും വലിയമ്മയുടേയും ശകാരവും ഭേദ്യവും നിരന്തരം ഏറ്റുവാങ്ങിയും വ്യവസ്ഥിതിയെ പരസ്യമായി വെല്ലുവിളിച്ചും ജീവിച്ച കുട്ട്യേടത്തിയുടെ കഥ, കഥാപാത്രത്തിന്റെ സ്വഭാവത്തിലും രചനയുടെ ശൈലിയിലും വേറിട്ട് നിൽക്കുന്ന എം ടി കഥയാണ്.- മലയാളികൾക്ക് മന:പാഠമായ കഥ .. മോശമല്ലാത്ത മട്ടിൽ അതിന്റെ ചലച്ചിത്ര രൂപവും വന്നു.. കഥയോളം ഹൃദയസ്പർശിയായിരുന്നോ അത് എന്നതിനെ കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടാവും . പറയാൻ ഉദ്ദേശിക്കുന്നത് മറ്റൊരു കഥയെ കുറിച്ചാണ്. മരം കയറിയ- ആൺകുട്ടിയായ കുട്ടിനാരായണനെ അടിച്ച- കവിടി സഞ്ചിയുമായി വരുന്ന ജ്യോത്സ്യന്റെ പൊള്ളത്തരം വെളിച്ചത്താക്കാൻ, മച്ച് കിളയ്ക്കാൻ ആലോചിച്ച- കാതിൽ തൂങ്ങിനിന്നിരുന്ന ‘മണി’ എന്ന മാംസക്കഷണം, കറിക്കത്തി കൊണ്ട് പ്രാകൃതമായ ഒരു ശസ്ത്രക്രിയയിലൂടെ മാറ്റാൻ സ്വയം ശ്രമിച്ച- ‘അപ്പുണ്ണിച്ചോനാരു’മായി ആളൊഴിഞ്ഞയിടത്ത്, അസമയത്ത് ‘പന്ത്യല്ലാണ്ട് തവുതാരിച്ച്’ നിന്ന-, തന്റേടിയായ കുട്ട്യേടത്തിയോട് ഏതോ തരത്തിൽ ചേർത്തുവെച്ചു വായിക്കാവുന്ന ഒരു സ്ത്രീകഥാപാത്രത്തെ എം ടി ഹൃദ്യമായ മറ്റൊരു കഥയിലൂടെ അവതരിപ്പിക്കുകയുണ്ടായി, വർഷങ്ങൾക്ക് ശേഷം.. ‘അന്വേഷണം മാസിക’യുടെ ആദ്യലക്കത്തിൽ പതനം എന്ന എം ടി കഥ വന്നു. മൂന്നു ലക്കങ്ങൾക്ക് ശേഷം, വീണ്ടും, അദ്ദേഹത്തിന്റെ ഒരു കഥ അന്വേഷണത്തിൽ വന്നു. ‘മഹാനഗരത്തിന്റെ പശ്ചാത്തലത്തിൽ’ എന്ന സാമാന്യം ദീർഘമായ ഈ കഥ ചർച്ചകളിലൊന്നും പരാമർശിക്കപ്പെട്ടുകണ്ടിട്ടില്ല. സ്വന്തം ചെറുകഥകൾക്കും നോവലുകൾക്കും പുറമെ, പുരാണേതിഹാസങ്ങളിൽ നിന്നും ഐതിഹ്യങ്ങളിൽ നിന്നും വടക്കൻ പാട്ടിൽ നിന്നും ചരിത്രത്തിൽ നിന്നും കഥകൾ സ്വീകരിക്കാനും അവയെ, അവയിലെ കഥാപാത്രങ്ങളെ, വിവാദങ്ങൾക്ക് കാരണമാകാവുന്ന രീതികളിൽ മാറ്റി വ്യാഖ്യാനിക്കാനും മുതിരുന്ന ചലച്ചിത്രങ്ങൾ കുറച്ചുണ്ട് എം ടി യുടേതായി. അദ്ദേഹത്തിന്റെ കഥകൾക്കും തിരക്കഥകൾക്കും- തീരുമാനമാവാത്ത രണ്ടാമൂഴം അടക്കം- ഇന്നും കമ്പോളത്തിൽ തലമുതിർന്ന ആവശ്യക്കാരുണ്ട് -അഭിനേതാക്കൾ മുതൽ സംവിധായകർ വരെ . . ഈ തിരക്കുകൾക്കിടയിൽ ഒരു തിരക്കഥയായോ ചിത്രമായോ വളരാൻ ആവാതെ ‘വലിയ വീട്ടിലെ സുന്ദരി’ ഇരുന്നുപോയതിനെന്താവാം കാരണം ? മഹാനഗരത്തിന്റെ പശ്ചാത്തലത്തിൽ എന്ന കഥയുടെ ആശയം ഇങ്ങനെ: (സംഭാഷണങ്ങൾ അൻപത് വർഷം മുൻപ് കഥ വായിച്ച ഓർമ്മയിൽ നിന്ന് -തെറ്റുണ്ടാവാം.) വാസുവിന്റെ സമപ്രായക്കാരിയായ സുന്ദരി, പണക്കാരനും പ്രമാണിയുമായ അച്ഛന്റെ മകളാണ്. വാസുവിനൊപ്പം,നടന്നാണ് അവൾ സ്‌കൂളിൽ പോകുന്നത്. അവധി കഴിഞ്ഞ് അച്ഛൻ ജോലിസ്ഥലത്തേയ്ക്ക് പോയതിന് ശേഷം സുന്ദരി വാസുവിനോട് പറഞ്ഞു : “സ്‌കൂളിൽ പുവ്വാൻ, വില്ല് വെച്ച കാളവണ്ടി വാങ്ങിത്തരാം ന്ന് അച്ഛൻ പറഞ്ഞു. ഞാൻ വേണ്ടാന്ന് പറഞ്ഞു …..നാലടി നടന്നതോണ്ട് ഒരു നഷ്ടോം വരാൻ പോണ്ല്യ “ സ്‌കൂളിലേയ്ക്ക്, വലിയ വീട്ടിലെ കുട്ടിയുടെ ചോറ്റുപാത്രം ചുമക്കുന്നത്, സാമ്പത്തിക ശേഷി കുറഞ്ഞ തായ് വഴിയിലെ അംഗമായ, വാസുവാണ്. കൂടെ പഠിക്കുന്നവർ അതിനവനെ കളിയാക്കുന്നുണ്ടായിരുന്നു. എങ്ങനെ, ആരോട് , പറഞ്ഞ്, അതിൽ നിന്നൊഴിയും എന്നാലോചിച്ച് വിഷമിച്ചുകൊണ്ടിരിക്കെ, ഒരു ദിവസം സുന്ദരി തന്നെ വിഷയം എടുത്തിട്ടു. തീർപ്പും കൽപ്പിച്ചു . “വലിയ വീട്ടിലെ കുട്ടീടെ ചോറ്റുപാത്രം എട്ത്ത് നടക്കണേല് ഒരു കൊറച്ച്ലും ല്യ.ആരെങ്ക്ലും എന്തെങ്ക്ലും പറയ് ണ് ണ്ടെങ്ക്ല് അവ്ര്ക്ക് അദ് ന്ള്ള ഭാഗ്യല്യാത്തോണ്ട് പറയാന്ന് കര്ത്യാ മതി” സംസാരിക്കുന്നത് സുന്ദരിയാണോ മരിച്ചുപോയ മുത്തശ്ശിയാണോ എന്ന് അദ്‌ഭുതപ്പെടാനേ വാസുവിന് കഴിയാറുള്ളു .. വീട്ടിൽ നിന്ന് അല്പം ദൂരെ, ഇടവഴിയിലൂടെ വരുമ്പോൾ, പൊടുന്നനെ, തിരിവ് തിരിഞ്ഞ് ഒരു പശുക്കൂട്ടം പ്രത്യക്ഷപ്പെടുന്നു. ഓടാൻ നിർദ്ദേശം കൊടുത്ത്, വാസു അടുത്ത വീടിന്റെ പടി ചാടിക്കടന്ന് സുരക്ഷിതസ്ഥാനത്തെത്തി. സുന്ദരി കൂസലില്ലാതെ, പശുക്കൾക്കിടയിലൂടെ നടന്നുവന്നേയുള്ളു. ശ്വാസമടക്കി കാത്തുനിന്നിരുന്ന വാസുവിന് ഒറ്റ വാക്യത്തിൽ വിശദീകരണം കിട്ടി : “ഒരു പ്രായം കഴിഞ്ഞാ പെൺകുട്ട്യോള് ഓടിക്കൂട !” സമപ്രായക്കാരിയായ അയൽക്കാരി, ലക്ഷ്മിക്കുട്ടി (?), സുന്ദരിയാണ് എന്ന് വാസുവിന് തോന്നിത്തുടങ്ങിയ കാലമായിരുന്നു. വീട്ടിലെ കുളത്തിൽ കുളിക്കാൻ വന്നപ്പോൾ, സുന്ദരി വാസുവിനെ വിസ്തരിച്ചു : “…അവളെ കാണാൻ അത്രയ്‌ക്കൊക്കെ ഭംഗി ണ്ടോ” വാസുവിന് മറുപടി ഇല്ലായിരുന്നു. “ചിരിക്ക്യേ വർത്താനം പറയേ ചിയ്യണോൺടൊന്നൂല്യ..ലോഗ്യാവാനൊന്നും പോണ്ട ട്ട്വോ” “എന്താ സുന്ദരിക്കുട്ടി പറേണ്..?” അമ്മ അന്വേഷിച്ചു.. കുളത്തിലേയ്ക്ക് നടന്നുകൊണ്ട്, സുന്ദരിയുടെ മറുപടി : “ആങ്കുട്ട്യോളല്ലേ…., കൊറ്യൊക്കെ കണ്ട്ല്യാ കേട്ട്ല്യാന്ന് വിചാരിക്കാൻ നമ്മള് പഠിക്കണം” “പന്ത്രണ്ട് വയസ്സേള്ളൂ ന്ന് പറഞ്ഞിട്ടെന്താ കാര്യം –എന്തൊരു തന്റേടാ ആ കുട്ടിക്ക് !” സുന്ദരി പോയിക്കഴിഞ്ഞ്, അമ്മയുടെ , ഉറക്കെയുള്ള ആത്മഗതം – ആലോചിച്ച് ഉറപ്പിച്ച് നടത്തുന്ന കല്യാണത്തേക്കാൾ സ്വയംവരമാണ് നല്ലതെന്ന സ്വന്തം അഭിപ്രായം അവതരിപ്പിച്ച്, സുന്ദരി വാസുവിനോട് പറഞ്ഞു: “ സ്വയംവരായിര് ന്നെങ്കിലേയ് ….., ——— ത്തെ ചന്ദ്രനോട് (?) നല്ല ഒരു ഷർട്ടും ഇട്ട് ഒരറ്റത്ത് വന്നിരുന്നോളാൻ പറയും ഞാൻ ..!” വന്ന ആലോചനകളൊക്കെ ഇഷ്ടപ്പെട്ടില്ലെന്ന് സുന്ദരി മടക്കിയെന്നും ഇനിയൊരാലോചന ഉണ്ടാവില്ലെന്ന അച്ഛന്റെ തീർപ്പിനുമുന്നിൽ, ഒടുവിൽ വന്നതിന് വഴങ്ങി, സുന്ദരനല്ലാത്ത ശേഖരേട്ടനു(?)മായുള്ള വിവാഹത്തിന് സമ്മതിച്ചു എന്നും ആരോ പറഞ്ഞ്, വീട്ടിലറിഞ്ഞിരുന്നു. ഉറപ്പിക്കലിനു ശേഷം, വീട്ടിൽ വന്നപ്പോൾ സുന്ദരി അമ്മയോടും വാസുവിനോടുമായി പറഞ്ഞു : “ആള് കാണാൻ അത്ര സുന്ദരനൊന്ന്വല്ല ട്ട്വോ ……” സുന്ദരി തോറ്റോ എന്ന് വാസുവിനോ നമുക്കോ സംശയം തോന്നുന്നതിനു മുൻപ് അടുത്ത വാക്യം : “…അല്ലെങ്കിലും ചന്തൂം സൗന്ദര്യോം ഒക്കെ എത്രീസ്തിക്കാ..?’’ വിവാഹം കഴിഞ്ഞ്, മഹാനഗരത്തിലേയ്ക്ക് ഭർത്താവിനോടൊപ്പം യാത്ര തിരിച്ച സുന്ദരിയെ, മാസങ്ങൾക്ക് (വർഷങ്ങൾക്ക് ?) ശേഷം വാസു വീണ്ടും കാണുന്നത്, എന്തോ ജോലിയുമായി ബന്ധപ്പെട്ട് അവിടെയെത്തിയപ്പോൾ ആണ്. അഞ്ചാം നിലയിലെ, ആധുനിക സൗകര്യങ്ങളുള്ള ഫ്‌ളാറ്റിൽ, സുന്ദരിക്ക് ഒന്നും കുറവുള്ളതായി തോന്നിയില്ല. നേരത്തേ വരാമെന്നു പറഞ്ഞ് ഓഫീസിലേയ്ക്ക് പോയയാൾക്ക്, രണ്ട് ദിവസം കഴിഞ്ഞേ മടങ്ങാനാവു എന്ന വിവരം ഫോണിലൂടെ കേട്ടപ്പോഴത്തെ, സുന്ദരിയുടെ പൊട്ടിച്ചിരി മുതൽ പലതും വ്യാഖ്യാനിക്കാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു വാസു- വൈകുന്നേരം, സുന്ദരിയുടെ നിർദ്ദേശമനുസരിച്ച്, ശേഖരേട്ടന്റെ, വിലപ്പിടിപ്പുള്ള വസ്ത്രങ്ങൾ ധരിച്ച്, ഒരു ദിവസത്തെ രാജകുമാരനായി വാസു, നഗരം ചുറ്റിക്കണ്ടു. സുന്ദരിയുടെ മുന്നിൽ എന്നുമുണ്ടായിരുന്ന അപകർഷതാബോധവുമായി നടന്നിരുന്ന വാസുവിന് സുന്ദരി ധൈര്യം കൊടുത്തു.: “ ….ങ്ങനെ മുനിയെ പോലെ നടക്കേണ്ട ..എന്തെങ്കിലുമൊക്കെ പറഞ്ഞോളൂ..” ഹോട്ടലിനോട് ചേർന്ന ബാറിൽ നുരയുന്ന ലഹരി അകത്ത് പടർന്നു തുടങ്ങുമ്പോൾ, സുന്ദരി ചുണ്ടനക്കാതെ, ശബ്ദം താഴ്ത്തി പറഞ്ഞു : “ഇപ്പൊ നോക്കണ്ട ..അപ്രത്തിരിക്കണ സായ്പ്പ് അടുത്തിരിക്കണ ചെറ്പ്പക്കാരിയടെ തൊടേല് നുള്ളി..” തത്ക്കാലത്തേയ്ക്കാണെങ്കിലും ശേഖരേട്ടന്റെ വേഷവും സുന്ദരിയുടെ സംസാരരീതിയും മദ്യലഹരിയും ചേർന്നപ്പോൾ, വീട്ടിലെത്തിക്കഴിഞ്ഞ്, വാസു, ഒരു നിമിഷത്തേയ്ക്ക് സ്വയം മറന്നു ! “വാസൂ…!” സുന്ദരിയുടെ ഉച്ചത്തിലുള്ള വിളിയിൽ, അയാളുടെ ലഹരിയിറങ്ങി. ‘അപ്പൂപ്പൻ താടി പോലെ’ ഭാരമില്ലാതായി. നാട്ടിലേയ്ക്ക് മടങ്ങാൻ തയാറാവുമ്പോൾ അടുത്ത മുറിയിൽ നിന്ന് അടക്കാൻ ശ്രമിച്ചിട്ടും അടങ്ങാതെ സുന്ദരിയുടെ തേങ്ങലുകൾ ഉയർന്നു. മഹാനഗരത്തിന്റെ ചിത്രം മനസ്സിൽ മാഞ്ഞുപോയിരിക്കുന്നു എന്നുപറഞ്ഞാണ് കഥ തുടങ്ങുന്നത്..അവസാനിക്കുന്നതും – ‘ഓർമ്മയുള്ളത് അഞ്ചാം നിലയിലെ ജനാലയിലൂടെ താഴെ കല്ലുകൾ പാകിയ തറയിലേക്ക് അടർന്നു വീണ ഒരു തീപ്പൂവിന്റെ ചിത്രം മാത്രമാണ് – നാലഞ്ചു വരികളിൽ പത്രത്തിൽ, ചതഞ്ഞ അച്ചടിയക്ഷരങ്ങൾ വരച്ചുവെച്ച ചിത്രം -‘ സുന്ദരി സ്വന്തം ദാമ്പത്യത്തിൽ, ജീവിതത്തിൽ, അസംതൃപ്തയായിരുന്നോ– അറിയില്ല. കുട്ട്യേടത്തിയിൽ നിന്ന് ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞ്, എം ടി എഴുതിയ സുന്ദരിയുടെ കഥ – അതിന്റെ അവസാനം, നമ്മെ കൂടുതൽ നൊമ്പരപ്പെടുത്തും ‘കുട്ട്യേടത്തി’യും ‘മഹാനഗരത്തിന്റെ പശ്ചാത്തലത്തി’ലും ഒരേ മട്ടിൽ തുടങ്ങി, ഒരേ തലങ്ങളിലൂടെ വളർന്ന്, ഒരേതരത്തിൽ അവസാനിക്കുന്ന കഥകളാണ്. എന്നിട്ടും എന്തുകൊണ്ടോ സുന്ദരി, വായനക്കാരുടെ, ചലച്ചിത്രലോകത്തിന്റെ, ശ്രദ്ധയിൽ പെടാതെ പോയി. കുട്ട്യേടത്തി എന്തല്ലയോ അതാണ് സുന്ദരി. . ഈറൻ തുണിയുടെയോ നനഞ്ഞ വിറകിന്റെയോ ഒക്കെ മണമാണ് , കുട്ട്യേടത്തി അടുത്ത് വരുമ്പോൾ.. മയമില്ലാത്തതും പ്രാകൃതവുമാണവരുടെ രീതികൾ. ‘നെന്റെ നാമൂസ് ന്റെ അട്ത്ത് വേണ്ട മോളേ..അടിച്ച്‌ കൊല്ലി ഞാൻ തിരിക്കും..:’ എന്നതാണ് ആ സംസാര ഭാഷ. വലിയവീട്ടിലെ സുന്ദരി, സുന്ദരിയാണ്- വാക്കിലും നോക്കിലും ഒതുക്കവും ചിട്ടയും പ്രായത്തിൽ കവിഞ്ഞ പക്വതയും കാണിക്കുന്നവളാണ്. പൊങ്ങച്ചമാണോ എന്ന് വാസുവിന് തീർച്ചയില്ലാത്ത എന്തോ ഒന്ന് ഒരാവരണമായി എപ്പോഴും കൊണ്ടുനടക്കുന്നവളാണ്. കഥകൾ തമ്മിൽ കൗതുകകരമായ സാദൃശ്യങ്ങളുണ്ട്. രണ്ടിലും കഥ പറയുന്നത്, കുട്ടിയായ വാസുവാണ്. രണ്ടിലും അവന്റെ സ്നേഹവും ആരാധനയും പിടിച്ചുപറ്റിയ സ്ത്രീകളാണ് കഥാപാത്രങ്ങൾ.. ഒറ്റപ്പെട്ട സമാന്തര സംഭവങ്ങളിലൂടെയാണ് കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വം വായനക്കാരന് വെളിപ്പെട്ടുകിട്ടുന്നത്. കഥയുടെ തുടർച്ചയ്ക്ക് ഊനം തട്ടാതെ, സ്പൈരൽ ബൈൻഡിംഗിൽ ചെയ്യാനാവുന്നതുപോലെ, എടുത്തുമാറ്റുകയോ പുതുതായി ചേർക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യാവുന്ന കൊച്ചുകഥകൾ കുത്തിക്കെട്ടി ഉണ്ടാക്കുന്ന വലിയ കഥകളാണ് രണ്ടും. പ്രാകൃതമായ ശസ്ത്രക്രിയയ്ക്ക് ശേഷവും കാതിലെ ‘മണി പോയിട്ടില്ലെന്നും അറ്റുതൂങ്ങി നിൽക്കുന്നേയുള്ളു എന്നും കുട്ട്യേടത്തി കണ്ടെത്തുന്ന സന്ദർഭം വായനക്കാരന്റെ ഓർമ്മയിൽ എത്തിക്കും ‘മഹാനഗരത്തിന്റെ പശ്ചാത്തലത്തി’ലിന്റെ അവസാനഭാഗത്തുള്ള സുന്ദരിയുടെ തേങ്ങലുകൾ -ശക്തരായ കഥാപാത്രങ്ങൾ തളരുന്ന സന്ദർഭം, രണ്ടു കഥയിലും ഒരുപോലെ! രണ്ടും ഒരേമട്ടിൽ, ആത്മഹത്യകളിൽ അവസാനിക്കുന്നു സുന്ദരിയുടെ കഥയിൽ ഒരു ചലച്ചിത്രത്തിന്റെ തിരക്കഥ അവസരം കിട്ടാതെ ഇരിപ്പുണ്ട് എന്ന് ഏത് സംവിധായകനാണ് ,നിർമ്മാതാവാണ് , മലയാളത്തിന്റെ പ്രിയ കഥാകൃത്തിനെ അറിയിക്കുക? * കല യു കെ എന്ന സംഘടന ഡോ. സീന ദേവകിയുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിക്കുന്ന PALM LEAF ന്റെ 2019 പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുന:പ്രസിദ്ധീകരണം

കോവിഡ് -- മൂന്നു ചിത്രങ്ങള്‍

“വർക്കിങ് ഫ്രം ഹോം തുടങ്ങി, ഇന്ന് ഒരു വർഷം തികയുന്നു.” പിന്നിലെ ചെറിയ ബാൽക്കണിയിൽ കമ്പിവലയിൽ ചാരിനിൽക്കുകയായിരുന്നു, ഹേമന്ത്. അടുക്കള നിലത്തിന് കുറുകെ അറ്റം വരെയും ചുമരിലേയ്ക്ക് ഏന്തിയും അയാളുടെ മെലിഞ്ഞ നിഴൽ നീണ്ടു. ആരതിയുടെ പ്രതികരണം ഒരു മൂളലിലൊതുങ്ങി. ഇളവെയിൽ അടുക്കളച്ചുവരിൽ വീഴുന്ന അപൂർവ ദിവസങ്ങളാണ്…. കോഫിമേക്കറിൽ നിന്ന് ഡിക്കോക് ഷൻ പാത്രത്തിലേയ്ക്ക് പകരവേ അവൾ മനസ്സിൽ പറഞ്ഞു: വെളിച്ചത്തിൻറെ ആ പാളിയിൽ എൻറെയായാലും നിഴൽ വീഴുന്നത് എനിക്കിഷ്ടമല്ല. കിളിയൊച്ചകളും ദൂരെ കോവിലിലെ മണിയടിയും മറ്റേതോ ലോകത്തുനിന്നെത്തുന്ന തീവണ്ടിച്ചൂളവും . ഏതാനും ദിവസത്തേയ്ക്ക് മാത്രമായി ഈ വെയിൽക്കീറും. ദിവസം പുലരുന്നതങ്ങനെയാണ്.. കോഫിയിൽ നിന്നുള്ള ആവിച്ചുരുളുകളെ, ആ വെളിച്ചത്തിലേയ്ക്ക് മേയാൻ വിട്ട് ഇങ്ങനെ ഇരിക്കുന്നത് ഒരു അതീന്ദ്രിയാനുഭവമാണ് … ഒരു കൊല്ലം മുൻപ്……. ഈ നേരത്ത്, പ്രവർത്തിദിനങ്ങളിൽ ഹേമന്ത് യാത്രപറഞ്ഞ് പുറത്തേക്കിറങ്ങിക്കഴിഞ്ഞിട്ടുണ്ടാവും. അവധി ദിവസങ്ങളിൽ വെയിൽ മൂക്കുന്നതുവരെ നീളുന്ന ഉറക്കത്തിലും ആയിരിക്കും .. ഇത് ആരുമായും പങ്കിടേണ്ടതില്ലാത്ത എൻറെ, എൻ്റെ മാത്രം സ്വകാര്യസുഖം! ഭർത്താവിൻറെ ദിശയിൽ നോട്ടമെറിഞ്ഞ് അവൾ അവസാനിപ്പിച്ചു: അവസാനിക്കാത്ത ഒരു തീവണ്ടിയാത്രയിലെന്ന പോലെ ജീവിതം പെട്ടിക്കകത്ത് ഒതുങ്ങിയ ഇക്കാലത്ത്, അതിലേയ്ക്കാണ് കരടായി ആ നിഴലും വാക്യവും വന്നുവീണത്..! തൻറെ നിഴലിൽ നോട്ടമുറപ്പിച്ച് ചെറുപ്പക്കാരനായ ഭർത്താവ് കപ്പ് ചുണ്ടോടടുപ്പിച്ചു: വർഷങ്ങൾക്ക് മുൻപ്, ദിവസവും രാവിലെ എട്ടേമുക്കാലിന്, വിജയനഗർ ബസ് സ്റ്റോപ്പിൽ എത്താറുണ്ടായിരുന്നു, ജോലിസ്ഥലത്തേയ്ക്ക് ബസ്‌ കയറാൻ. അയാൾ അയാളോട് തന്നെ പറഞ്ഞു : പത്തൊമ്പത് കിലോമീറ്റർ ദൂരെയായിരുന്നു ഓഫീസ്. അടുക്കള ജോലിയിൽ മുഴുകിനിൽക്കുന്ന ഈ സ്ത്രീ, അന്ന് സെൻറ് തോമസ് കോളേജിലെ വിദ്യാർത്ഥിനി, ബസ് കാത്തുനിന്നിരുന്നത് അതേ ബസ് സ്റ്റോപ്പിൽ അതേ സമയത്തായിരുന്നു. വിളക്കുകാലിനെ തൊട്ടു- തൊട്ടില്ലെന്ന നിലയിൽ ഒരേയിടത്താണ് അവളെന്നും നിൽക്കുക. ബസ് സ്റ്റോപ്പിൽ നിന്ന് അല്പം മാറി ഞാനും . എട്ടുമണിസൂര്യൻറെ രശ്മികളിൽ എൻറെ നിഴലിൻറെ ശിരസ്സ് അവളുടെ പാദം തൊടണം ! അതായിരുന്നു പ്രേമത്തിൻറെ വാശി. അതിനായി ചാഞ്ഞും ചെരിഞ്ഞും നീങ്ങുന്നത്, കണ്ടിട്ടും കാണാതെ അവൾ നിൽക്കും. ശ്രമത്തിൽ ഞാൻ വിജയിക്കുന്ന നിമിഷം, കണ്ണുകൾ വലുതാക്കി, പുരികം ഉയർത്തി, അശ്രദ്ധമെന്ന മട്ടിൽ തലയാട്ടി, കീഴ്ച്ചുണ്ട് കടിച്ച്, ചുറ്റുമുള്ളവർക്കാർക്കും കാണാനാവാത്ത ഒരു ചിരി ആ മുഖത്ത്, എനിക്കായി വന്ന് മറയും .. ഇടയ്ക്കാരെങ്കിലും കയറിവന്ന് കാര്യം നടക്കാതെ പോയാൽ എനിക്കുണ്ടാവുന്ന അസഹിഷ്ണുതയുടെ സാക്ഷിയും അവൾ മാത്രം. അപ്പോഴും ചിരി എന്നു പറയാനാവാത്ത ആ ചിരി ആൾക്കാർക്കിടയിലൂടെ അവൾ എനിക്കെത്തിച്ചുതരും. ഇന്ന്, ആ ഓർമ്മ അവളുമായി പങ്കിടാൻ തനിക്ക് ആവുന്നില്ലെന്ന് അദ്‌ഭുതത്തോടെ, അസ്വസ്ഥതയോടെ അയാൾ അറിഞ്ഞു . അടച്ചിരുപ്പിൽ മനസ്സുകൾക്കിടയിലേയ്ക്ക് ഊർന്നിറങ്ങിയ ‘സാമൂഹ്യ അകലം’…! എന്നിട്ടും ഒരു രസത്തിന്, നിന്നിടത്തു നിന്ന് ഒന്ന് തെന്നി, നിഴലിനെ ആ കാൽക്കലേയ്ക്ക് എത്തിക്കാനൊരു ശ്രമം നടത്തി . കണ്ണിൽപെടാതെയെന്നതുപോലെ അതൊഴിവാക്കി, ആരതി എതിരിൽ വെയിലിന് എത്തിപ്പെടാനാവാത്ത മൂലയിൽ തിണ്ണയിൽ ചാരി. കണ്ണുകൾ വലുതാക്കി, പുരികം ഉയർത്തി, കീഴ്ച്ചുണ്ട് കടിച്ച്, തലയാട്ടി…! മുൻപിൽ, തിണ്ണയിൽ അഭിമുഖമായി പതിവ് പോലെ ഒരു മായാ ആരതിയെ സങ്കൽപ്പിച്ചു അവൾ . ഇരുപത്തിനാല് മണിക്കൂറും ഒരുമിച്ചിരിക്കണം എന്നാണ് മോഹമെന്ന് എഴുതിയ പെൺകുട്ടിക്ക് എന്തുപറ്റി..? മടുത്തോ..? വിശ്വസിക്കാനാവുന്നില്ല ! ആ ഇരുപത്തിനാലിലേയ്ക്ക് ഒരു പതിനാല് മണിക്കൂർ കൂടി തിരക്കിക്കയറി. ഓരോ ദിവസവും..! മുപ്പത്തെട്ട് മണിക്കൂർ ദൈർഘ്യമുള്ള ‘അതിദിനങ്ങൾ’..! ഹാളിൽ മേശപ്പുറത്തിരുന്ന കാൻവാസിൽ നിവർന്നുനിൽക്കുന്ന ഒരു സ്ത്രീരൂപം അവൾ മനസ്സിൽ കണ്ടു… ആ രൂപത്തിൽ നിന്ന് കവരങ്ങളായി നാല് ദിശയിലേയ്ക്കും വളരുന്ന ഒരു പുരുഷനേയും…!ഊണിലും ഉറക്കത്തിലും പിരിയാതെ , ഒരു വിചിത്ര അവയവമായി! പോയകാലത്തുനിന്ന്, പതിഞ്ഞ ഒരു തീവണ്ടിച്ചൂളം കാതിൽ വന്നുവീണു. അന്ന്, സ്കൂൾ അവധിക്കാലം കഴിഞ്ഞ് മുംബൈയിലെ ബന്ധുവീട്ടിൽ നിന്ന് മടങ്ങുന്ന ദിവസമായിരുന്നു. ആരതി, ആരതിയോട് പറഞ്ഞു ഞങ്ങളും അവരും സങ്കടത്തിലായിരുന്നു. സമപ്രായക്കാരിയായ കസിൻസ് അഭിജിത്തും നിവേദിതയും നിറഞ്ഞ കണ്ണുകളോടെ മാറിമാറി കൈപിടിച്ചു. ഞാനും കരയുകയായിരുന്നു. അതിനിടെ, വഴിയിലെവിടെയോ ട്രാക്കിൽ മണ്ണിടിഞ്ഞു വീണിട്ടുണ്ടെന്നും ഞങ്ങൾ കാത്തിരുന്ന ട്രെയ്ൻ ‘നൂറ്റിരുപത് മിനുട്ട്’ വൈകിയേ എത്തുവെന്നും അറിയിപ്പ് വന്നു. ഞങ്ങൾക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു.….. കളിയും സംസാരവും നീണ്ടുനീണ്ടുപോയി.. ഇടവിട്ടിടവിട്ടുള്ള അറിയിപ്പുകളിലൂടെ, ആ സമയം കഴിയുമ്പോഴേയ്ക്ക്, അത് അത്രയും കൂടി വൈകുമെന്നായി…… …..പതുക്കെപ്പതുക്കെ, കഥ മാറി. …..എല്ലാവർക്കും മതിയായി. യാത്രയാക്കിയേ പോകൂ എന്ന് ഉറപ്പിച്ചു നിന്നവരും യാത്രയാക്കിയേ പോകാവൂ എന്ന് നിർബന്ധിച്ചവരും കോട്ടുവായിട്ടും ഉറക്കം തൂങ്ങിയും സംസാരിക്കാൻ വിഷയങ്ങളില്ലാതെയും മുഷിഞ്ഞു. ട്രെയ്ൻ വന്ന്, ഞങ്ങൾ സ്റ്റേഷൻ വിടുമ്പോഴേയ്ക്ക് ചങ്ങാത്തത്തിൻറെ അവസാനത്തെ നനവും ഞങ്ങൾക്കിടയ്ക്ക് വറ്റിയില്ലാതെയായി. വിളറിയ ചിരികളോടെ ഒരു യാത്രയാക്കൽ- യാത്ര പോകൽ..– കോഫി കപ്പ് സിങ്കിൽ വെച്ച്, നിഴൽ പിൻവലിച്ച്, ഹേമന്ത് ഹാളിലേയ്ക്ക് നടന്നു. സിഗ്നൽ കിട്ടാൻ കാത്തുകിടക്കുന്ന ട്രെയ്‌നിൻറെ ക്ഷീണിച്ച ചൂളംവിളി ജനലിലൂടെ വന്ന് പുക പോലെ വീട്ടിനകത്ത് തളംകെട്ടി. കോഫിയിൽ നിന്ന് നാവിൽ തടഞ്ഞ പാൽപാട ആരതി വാഷ്ബേസിനിലേയ്ക്ക് തുപ്പി..

...അത് കഴിഞ്ഞ് വേതാളം ചോദിച്ചു : .....

രണ്ടോ മൂന്നോ പേജിലൊതുങ്ങുന്ന ചെറുകഥകളായി ജീവിതത്തിൽ വന്ന്, മറഞ്ഞവർ – അവരിൽ ചിലരെങ്കിലും മുന്നിൽ വന്നുനിന്ന്, ഓരോ ഓർമ്മക്കുറിപ്പ് അവകാശമായി ചോദിക്കാറുണ്ട് . ആരും വലിയ ജീവിതങ്ങൾ ജീവിച്ചവരല്ല. പലരും സമൂഹത്തിലെ കരടുകളായിരുന്നു എന്നും പറയേണ്ടിവരും. ജീവിച്ച കുഞ്ഞിയിടങ്ങളിൽ തങ്ങളുടെ വെളുത്തതോ കറുത്തതോ ആയ മുദ്രകൾ പതിപ്പിച്ച ശേഷം മറ്റു സ്ഥലങ്ങളിലേയ്ക്കും ജീവിതങ്ങളിലേയ്ക്കും ചേക്കേറിയവർ. ഓർമ്മകൾ ഒരുപക്ഷേ പിണങ്ങി, ഇറങ്ങിപ്പോകുന്നതിനു മുൻപ് അഥവാ കളി തീർന്ന് രംഗം വിടുന്നതിന് മുൻപ്, ആ കഥകളെ അക്ഷരങ്ങളിലാക്കി മുകളിലെ വായനശാലയിലെത്തിക്കണമെന്നൊരു മോഹം …. അങ്ങനെ ഒരു ശ്രമത്തിനൊരുങ്ങുമ്പോൾ ദിവാകുമാർ വരിയിൽ മുന്നിൽ എത്തിയത്, ഇക്കഴിഞ്ഞ ദിവസം പഴയ ഒരു സുഹൃത്തുമായി ഓർമ്മകൾ പങ്കുവെയ്ക്കുന്നതിനിടെ ആ പേരും കാലവും കയറിവന്നതു കൊണ്ടായിരിക്കാം. ശോഷിച്ച്, ഉൾവലിഞ്ഞ ശരീരമായിരുന്നു അവൻറേത്- ഈറൻ കണ്ണുകളിലേയ്‌ക്കേന്തി നിന്നിരുന്ന വേദന കലർന്ന പുഞ്ചിരിയും ‘പൊറുക്കണം!’ എന്ന മുഖഭാവവും — ഒരു ചെറിയ തിരക്കിൽ പോലും ആരും ശ്രദ്ധിക്കാനിടയില്ലാത്ത, അനാരോഗ്യം അച്ചിട്ട രൂപം- അതായിരുന്നു ദിവാകുമാർ ദിവായ്ക്ക് ഇപ്പോൾ അൻപത് വയസ്സിനുമേൽ പ്രായമുണ്ടാവും.എൻറെ മുന്നിൽ ഒരു സന്ധ്യയ്ക്ക് ആദ്യമായി വന്നുനിന്നത് ഒരു പത്തൊമ്പത് – ഇരുപതുകാരനാണ്. ഏതോ ഉത്തരേന്ത്യൻ സർവകലാശാലയുടെ തപാൽ വഴിയുള്ള പി യു സി ക്ക് കണക്ക് പഠിപ്പിച്ചുകൊടുക്കുമോ എന്നായിരുന്നു അവന് അറിയേണ്ടിയിരുന്നത്. അടുത്ത്, അമ്മാവൻ്റെ വീട്ടിൽ നിന്ന്, പത്തോ പതിനഞ്ചോ മിനുട്ട് നടന്ന്, അവൻ ക്ലാസിൽ വന്നുപോയി. സമയം കുറവായിരുന്നതിനാൽ, കഴിയാവുന്നത്ര പഠിപ്പിച്ചുതരാമെന്നേ ഏറ്റിരുന്നുള്ളു പതിഞ്ഞ മട്ടും പഠിക്കാൻ കാണിച്ച മിടുക്കും വഴി പെട്ടെന്ന് ദിവാ പ്രിയശിഷ്യനായി. ക്ലാസ് കഴിഞ്ഞാലും അവന് പോകാൻ മടിയായിരുന്നു “സാർ എന്തിനെയെങ്കിലും കുറിച്ച് സംസാരിക്കു … …കേട്ടിരിക്കാൻ എനിക്കിഷ്ടമാണ്..” വായിക്കുകയും ചെറിയ കഥകൾ എഴുതുകയും ചെയ്യുമായിരുന്നു ദിവാ “അത്യാവശ്യസാധനങ്ങൾ വാങ്ങിക്കാൻ – ബില്ലുകളടയ്ക്കാൻ – ടിക്കറ്റ് ബുക് ചെയ്യാൻ – ഒക്കെ, എന്നെ ഏൽപ്പിച്ചാൽ മതി,സർ !.” അക്കാലത്ത് ഞങ്ങളുടെ സമയത്തിലൊരു നല്ല ഭാഗം കൊണ്ടുപോയിരുന്ന ജോലികളായിരുന്നു അവ. അടുത്തുള്ള കടയിലേയ്ക്ക് ഇറങ്ങിയതായിരുന്നു ഞങ്ങൾ… “സാർ ബുദ്ധിമുട്ടണമെന്നില്ല…. വരുമ്പോഴോ പോകുമ്പോഴോ എനിക്ക്, വഴിയിൽ, ചെയ്യാവുന്നതേയുള്ളു…”.. വായിക്കുകയോ എഴുതുകയോ ചെയ്യുമ്പോൾ പലപ്പോഴും അവൻറെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടിരുന്നു. കൊല്ലങ്ങളായി അതങ്ങനെയായിരുന്നു എന്നറിഞ്ഞപ്പോൾ, സുഹൃത്തായിരുന്ന സ്‌പെഷലിസ്റ്റിനെ കാണിച്ചു. ഓപ്റ്റിക് നെർവുകളുടെ ക്ഷീണമല്ലാതെ കുഴപ്പമൊന്നും ഡോക്റ്റർ കണ്ടില്ല. കാഴ്ചയ്ക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല.ഭക്ഷണത്തിൽ അവശ്യം ഉൾപ്പെടുത്തേണ്ട പച്ചക്കറികളെ കുറിച്ചും മാംസ വിഭവങ്ങളെ കുറിച്ചും വിശദമായ ഒരു ക്ലാസ് എടുത്തതിന് ശേഷം ഡോക്റ്റർ, കൺഞരമ്പുകളെ പുഷ്ടിപ്പെടുത്താൻ വ്യായാമമുറകളും നിർദ്ദേശിച്ചു.. “ * തൊട്ടു മുന്നിൽ വലിയ ഒരു ക്ളോക്ക് സങ്കൽപ്പിക്കുക…കണ്ണടച്ചുപിടിച്ച് അതിലെ പന്ത്രണ്ടിൽ നോട്ടം ഉറപ്പിച്ച് ,ഒന്നുമുതൽ പത്തുവരെ എണ്ണുക…തലയനക്കാതെ നോട്ടം മൂന്നിലേയ്ക്കും ആറിലേയ്ക്കും ഒമ്പതിലേയ്ക്കും പന്ത്രണ്ടിലേയ്ക്കും മാറ്റുക…ഓരോ സ്ഥലത്തും പത്തുവരെ എണ്ണുക…അങ്ങനെ അഞ്ചുതവണ — ഒന്ന് വിശ്രമിച്ച്, ആവർത്തിക്കുക- ഇപ്രാവശ്യം അപ്രദക്ഷിണമായി… ** മുന കൂർപ്പിച്ച ഒരു പെൻസിൽ, കണ്ണിൽ നിന്ന് ആകാവുന്നത്ര ദൂരെ പിടിച്ച്, മുനയിൽ നോട്ടമുറപ്പിച്ച് അടുത്തേയ്ക്ക് കൊണ്ടുവരുക…ഒരു ഘട്ടത്തിൽ ഒന്നിന് പകരം രണ്ട് മുനകൾ കണ്ടുതുടങ്ങും… അവിടെ നിർത്തി, കണ്ണുകളെ ‘ബുദ്ധിമുട്ടിച്ച്’ അവയെ ‘ഒന്നാ’ക്കുക …പെൻസിൽ ആദ്യസ്ഥാനത്ത് എത്തിച്ച്, വ്യായാമം തുടരുക…ഇതും പത്ത് തവണ…“ രണ്ടര മാസത്തെ ക്ലാസിനേ സമയം കിട്ടിയുള്ളൂ. പരീക്ഷ തൃപ്തികരമായി എഴുതി എന്നും നല്ല മാർക്ക് കിട്ടി എന്നും വന്നുപറഞ്ഞപ്പോഴും ‘ക്ഷമിക്കണം!’ എന്ന മട്ടായിരുന്നു. പിന്നീടൊരിക്കൽ, ബിരുദപഠനത്തിനു ചേരണമെന്നും അതിന് ആരെയും സാമ്പത്തികമായി ആശ്രയിക്കരുതെന്നും ഉണ്ടെന്നും അതുകൊണ്ട്, ക്ലാസില്ലാത്ത സമയങ്ങളിൽ പാർട്ട് ടൈമായി ചെയ്യാവുന്ന എന്തെങ്കിലും ജോലി സമ്പാദിക്കാൻ സഹായിക്കണമെന്നും ആഗ്രഹങ്ങൾ പറഞ്ഞു …… ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞ്, ഒന്ന് മയങ്ങാനൊരുങ്ങുകയായിരുന്നു ഞാൻ. ചാരിക്കൊണ്ടിരുന്ന വാതിൽ തള്ളിത്തുറന്ന് പൊടുന്നനെ അകത്തെത്തിയ ദിവാ പറഞ്ഞു: “നാട്ടിൽ നിന്ന് മൂത്ത ഏട്ടനും ഏട്ടത്തിയമ്മയും എത്തിയിട്ടുണ്ട്.. എന്നെ കൈയോടെ കൊണ്ടുപോകാനാണവർ വന്നിരിക്കുന്നത്…… പഠിക്കണം… നല്ല ജോലി സമ്പാദിക്കണം… നാട്ടിൽ പോയാൽ രണ്ടും നടക്കില്ല…. വീട്ടിലെ കൃഷിപ്പണികളിൽ സഹായിച്ച്, ‘നാട്ടുകാര്യസ്ഥത’യുമായി ജീവിതം കഴിക്കേണ്ടിവരും. എനിക്കത് വയ്യ.”. ഇരുന്ന് സംസാരിക്കാൻ അവന് ധൈര്യമുണ്ടായിരുന്നില്ല. “എന്നെ അന്വേഷിച്ച് ഏത് നിമിഷവും അവർ സാറിൻറെ അടുത്ത് വരും..ഞാൻ ഇന്നലെ നാട്ടിലേയ്ക്ക് പോയി എന്ന് മാത്രം പറഞ്ഞാൽ മതി ! പിന്നെ വന്നുകണ്ട്‌ ഞാൻ സാറിനോട് കാര്യം വിശദമായി പറയാം..” പിറ്റേന്ന് രാവിലെ അവർ വന്നു. ഏട്ടനും ഏട്ടത്തിയമ്മയും – സ്വയം പരിചയപ്പെടുത്തിയതിനു ശേഷം ദിവായെ കുറിച്ച് ചോദിച്ചു.അവൻ നാട്ടിലേയ്ക്ക് പോയി എന്ന എൻറെ വാക്കുകൾ അവർ വിശ്വസിച്ചതായി തോന്നിയില്ല.ദിവായെ കുറിച്ച് എൻറെ അഭിപ്രായം അറിയേണ്ടിയിരുന്നു അവർക്ക്. മോശമായി ഒന്നും പറയാനില്ലെന്ന് പറഞ്ഞുനിർത്തുന്നതിനു മുൻപ് അയാൾ ചോദിച്ചു. “സാറിൻറെ ഫീസ് തന്നോ അവൻ ?” അതിന് മറുപടി പറയേണ്ടതുണ്ടോ എന്ന ആലോചനയിൽ അൽപനേരം മിണ്ടാതിരുന്ന് ഞാൻ പറഞ്ഞു. “……അഞ്ഞൂറ് രൂപയാണ് പറഞ്ഞിരുന്നത് …രണ്ടു തവണകളായി അവനത് തന്നുതീർത്തു —!” അവർ പരസ്പരം നോക്കി…പിന്നെ ഇടതുഭാഗത്തേയ്ക്ക് ചെരിഞ്ഞ ഒരു ചെറുചിരിയോടെ, രഹസ്യം പറയുന്നതുപോലെ, അയാൾ ചോദിച്ചു: . “ സാറിന് തരാനായി ഞങ്ങളുടെ അച്ഛന്റെ കൈയിൽ നിന്ന് അവൻ എഴുതി വാങ്ങിയത് എത്രയാണെന്ന് സാറിന് അറിയണോ .?” ഒരു നിമിഷം നിർത്തി ചെറുപ്പക്കാരൻ തുടർന്നു : ”…രണ്ടായിരം രൂപ .!” “ങ്ഹെ!……….. ഞാനത് വിശ്വസിക്കുന്നില്ല…!” എൻറെ സ്വരത്തിലെ നീരസം അവർക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ടാവണം. എനിക്ക് ദിവായെ വിട്ടുകൊടുക്കാൻ ആവുമായിരുന്നില്ല.അതും അവരറിയണം. “അതാണ്, സർ, അവൻറെ വിജയം…സ്‌കൂളിൽ പഠിപ്പിച്ച മാഷന്മാർക്കും നാട്ടുകാർക്കൊക്കെയും അവൻ കണ്ണിലുണ്ണിയാണ്…തെറ്റ് ചെയ്യാനറിയാത്ത പാവമാണ്…അത് പോട്ടെ, പരീക്ഷയിൽ ജയിച്ചു എന്ന് പറഞ്ഞില്ലേ ..? മാർക്ക് ലിസ്റ്റോ സർട്ടിഫിക്കറ്റോ കൊണ്ടുവന്നു കാണിച്ചോ, സാറിനെ ? “ ഇല്ലെന്ന് ഞാനോർത്തു.അതിൽ അസ്വാഭാവികതയുണ്ടെന്ന് എന്നെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ച അവരെ തടഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു.: “ഇനി വരുമ്പോൾ ഞാൻ ചോദിക്കും …അവനത് കൊണ്ടുവന്ന് കാണിക്കും – എനിക്ക് ഉറപ്പുണ്ട്…” പിരിയുന്നതിനു മുൻപ് അയാൾ എനിക്ക് കൈ തന്നു..എന്നിട്ട്, ശബ്ദം താഴ്ത്തി, സ്‌നേഹപൂർവം, മുന്നറിയിപ്പിൻറെ സ്വരത്തിൽ പറഞ്ഞു – “ മാഷിൻറെ വിശ്വാസം മാഷെ രക്ഷിക്കട്ടെ…ആ വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള നല്ല മനസ്സ് എൻറെ അനിയനുണ്ടാവുകയും ചെയ്യട്ടെ…സാറിനെ കുറിച്ച് മതിപ്പോടെയാണ് ദിവാ സംസാരിക്കാറ് —അവന് വലിയ കാര്യമാണ് നിങ്ങളെ …എങ്കിലും മാഷ് സൂക്ഷിക്കണം.. അവനുമായി കാര്യമായ ഇടപാടുകൾ വേണ്ട….ഒരു പരിധിക്കപ്പുറം ഒന്നിനും അവനെ ….വിശ്വസിക്കരുത്.. സ്വന്തം അനിയനാണ് – എന്നാലും എനിക്കിത് പറയാതെ വയ്യ..” അയാൾ ആ ‘ഒന്നി’ൽ വല്ലാതെ ഊന്നി! രണ്ട് ദിവസം കൂടി കഴിഞ്ഞ്, വീട്ടിലുള്ളവർ കോളേജിലേക്കും ഓഫീസിലേയ്ക്കും പോയ സമയത്ത് ദിവാ വീണ്ടും പ്രത്യക്ഷപ്പെട്ടു… ഏട്ടനും ഏട്ടത്തിയമ്മയും പറഞ്ഞതത്രയും ഞാൻ അവനെ അറിയിച്ചു. എനിക്ക് ഒന്നും മറച്ചുവെയ്ക്കണമെന്ന് തോന്നിയില്ല. പതിവുപോലെ, ക്ഷമ ചോദിക്കുന്ന മട്ടിൽ, വേദന നിറഞ്ഞ പുഞ്ചിരിയുമായി, നിശ്ശബ്ദം അവൻ കേട്ടിരുന്നു – പിന്നെ, മടിച്ചുമടിച്ച് പറഞ്ഞു : “ …സാറിന് എന്നെക്കുറിച്ച് എന്ത് തോന്നി എന്നറിയില്ല…!” “എൻറെ അഭിപ്രായം….ഒരിക്കലും തിരുത്തില്ല എന്നൊന്നും ഞാൻ പറയില്ല, ദിവാ ..ഇങ്ങനെ ഒരാൾ വന്നുപറഞ്ഞതു കൊണ്ട് മാത്രം എന്തായാലും അങ്ങനെ ഉണ്ടാവില്ല ..”ഞങ്ങളുടെ കുടുംബ സുഹൃത്ത്, ജോസ് സ്വന്തം സ്ഥാപനത്തിൽ മാർക്കറ്റിങ് ട്രെയ്‌നിയായി ദിവായ്ക്ക് ജോലി കൊടുത്തു. Automatic Water Pump Controller ൻറെ മാർക്കറ്റിങ്ങും വിൽപ്പനയും ആയിരുന്നു ജോലി – ദിവായെ പോലൊരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തിക്കൊടുത്തതിന്, പിന്നീട് കണ്ടപ്പോൾ, ജോസ് ആവർത്തിച്ച് നന്ദി പറഞ്ഞു. : “ഓഫീസിന് മൊത്തം ഒരുണർവ് വന്നതുപോലെ ! രാവിലെ ആദ്യം ജോലിക്കെത്തുന്നത് അവനാണ്. ബാഗും ലഘുലേഖകളുമായി ഫീൽഡിലേക്കിറങ്ങിയാൽ മൂന്ന് മണി വരെ വീടുകൾ കയറിയിറങ്ങിയുള്ള തകൃതിയായ മാർക്കറ്റിങ് തന്നെയാണ്. ഫീൽഡ് വർക്കിലുള്ള ആരും ചെയ്യാത്തത്ര വിസിറ്റ്‌സ് ദിവാകുമാർ നടത്തുന്നുണ്ട്. അവയിൽ നല്ലൊരു ശതമാനം പേർ ഡിവൈസിൻറെ ലൈവ് ഡെമോൺസ്റ്റ്രേഷന് തിയ്യതി ബുക് ചെയ്യുന്നതിൻറെ മുന്നോടിയായി ഒരു വിസിറ്റിനു കൂടി അവനെ ക്ഷണിച്ചിട്ടുണ്ട്… ചിലപ്പോൾ മൂന്നാമതൊരു വിസിറ്റ് കൂടി വേണ്ടിവന്നേക്കാം. ദിവസവും ചെയ്ത ജോലിയുടെ റിപ്പോർട്ട് തന്നുകഴിഞ്ഞ്, ഓഫീസ്‌ കാര്യങ്ങളിലും, അവൻ സഹായിക്കാറുണ്ട്, അതവൻറെ ജോലിയല്ലെങ്കിലും.! ദിവസച്ചെലവിന് കൊടുക്കുന്ന പൈസയിൽ ബാക്കിയുണ്ടെന്ന് പറഞ്ഞ്, ഒന്നിടവിട്ട ദിവസങ്ങളിലേ പൈസ വാങ്ങിക്കാറുള്ളു. അസാധാരണമായ പ്രവർത്തന സന്നദ്ധതയും അച്ചടക്കവും ആത്മാർത്ഥതയുമുള്ള ചെറുപ്പക്കാരൻ.!” അമ്മാമൻറെ വീട്ടിൽ സ്വസ്ഥമായിരുന്ന് വായിക്കാനോ പഠിക്കാനോ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോൾ ജോസാണ് ഓഫീസിനടുത്ത് ലോഡ്ജിൽ സഹപ്രവർത്തകനോടൊപ്പം ദിവായ്ക്ക് താമസസൗകര്യമൊരുക്കി ക്കൊടുത്തത് … ക്ലാസില്ലാത്ത സമയം നോക്കി ഒരു ദിവസം സന്ധ്യ കഴിഞ്ഞ് ജോസ് വീട്ടിൽ വന്നു. ക്ളാസുകളെ കുറിച്ചും ബിസിനസ്സിനെ കുറിച്ചുമുള്ള പതിവ് കുശലപ്രശ്നങ്ങൾക്ക് ശേഷം മടിച്ചുമടിച്ച് ജോസ് ചോദിച്ചു: “സാറിന്….ദിവാകുമാറിനെ… എത്രകാലമായി അറിയാം..?” കഥ മുഴുവൻ പറഞ്ഞുകഴിഞ്ഞ് ഞാൻ ചോദിച്ചു… : ” എന്തേ…ഓഫീസിൽ എന്തെങ്കിലും പ്രശ്നമുണ്ടായോ …?” “….. ഓഫീസിൽ ഒരു പ്രശ്നവും ഇല്ല.. ജോലി നന്നായിത്തന്നെ പോകുന്നു… മുറിയിൽ കൂടെ താമസിക്കുന്ന, ശിവജി, ഒരു…ഒരു .. പരാതിയുമായി വന്നു…. അയാളുടെ പോക്കറ്റിൽ നിന്ന് കുറച്ച് പൈസ നഷ്ടപ്പെട്ടു.. ദിവാ അല്ലാതെ ആരും മുറിയിൽ വന്നിട്ടില്ല.എന്നയാൾ ഉറപ്പിച്ചു പറയുന്നു..” “… അത് ചെലവായതോ മറ്റെവിടെയെങ്കിലും നഷ്ടപ്പെട്ടതോ ആയിക്കൂടേ…?” “ഞാനത് ചോദിച്ചു… രണ്ട് തവണ പൈസ നഷ്ടപ്പെട്ടതിനു ശേഷം പരീക്ഷിക്കാനായി പോക്കറ്റിൽ ഇട്ടുവെച്ച ഇരുപത് രൂപ കൂടി പോയതിനു ശേഷമാണ് പരാതിയുമായി വന്നതെന്ന് അയാൾ പറയുന്നു…” “ഞാൻ അവനുമായി സംസാരിക്കട്ടേ..?” എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.. “….മാഷ് ഇപ്പോൾ ചോദിക്കണ്ട….എനിക്ക് മനസ്സിലാവാത്തത്…, ദിവസച്ചെലവുകൾക്ക് പൈസ കൊടുത്താൽ വേണ്ടെന്ന് പറയുന്ന ദിവാ എന്തിനാണ് ചെറിയ തുകകൾ……വളരെ ചെറിയ തുകകൾ മോ..ഷ്ടി..ക്കു..ന്ന.. തെന്നാണ്. അവൻ സിഗററ്റ് വലിക്കുന്നത് ഞാൻ കണ്ടിട്ടില്ല.. ഒരിക്കലും മദ്യപിച്ചുകണ്ടിട്ടില്ലെന്ന് ശിവജി പറയുന്നു. സഹപ്രവർത്തകരോടായാലും കൂട്ടുകൂടി ചുറ്റുന്ന പ്രകൃതവുമല്ല…സിനിമയും ഹോട്ടലും ഒന്നും ശീലമല്ല എന്ന് അയാൾക്ക് തീർച്ചയാണ്.. പിന്നെ എന്തിനാണ്…..അതാണെനിക്ക് മനസ്സിലാവാത്തത്…. ? “ “ അവിടെ നിന്ന് താമസം മാറ്റാൻ പറയുന്നോ ?” “അയാൾ പറയുന്നത് അതിൻറെ ആവശ്യമില്ലെന്നാണ്..മറ്റെല്ലാ തരത്തിലും അതൊരു നല്ല സൗഹൃദമാണത്രെ ! വിലപ്പിടിപ്പുള്ള ഒന്നും അയാളുടെ കൈവശമില്ല.. അപ്പോൾ പണം മാത്രം സൂക്ഷിച്ചാൽ പോരേ …? ജീവിതത്തെ പറ്റി ഒരുപാട് ശുഭപ്രതീക്ഷകൾ വെച്ചുപുലർത്തുന്ന ദിവാ, അയാളെ പോലുള്ളവർക്ക് ഒരു വലിയ പ്രചോദനമാണ് പോലും! ’തോൽ‌വിയിൽ തളരരുത്’ എന്ന് ഉണർന്ന ഉടനെയും ഉറങ്ങുന്നതിനു തൊട്ടുമുൻപും സ്വയം പറഞ്ഞു ശീലിക്കണം എന്ന അയാളുടെ ഉപദേശം തനിക്ക് വലിയ ഗുണം ചെയ്യുന്നുണ്ട് എന്ന് ശിവജി വിശ്വസിക്കുന്നു…!” ഇടയ്ക്ക് ഒന്നോ രണ്ടോ തവണ കണ്ടപ്പോൾ ഞാൻ ദിവായോട് ജോലിയുടെ വിശേഷങ്ങൾ അന്വേഷിച്ചു .. . കാൽക്കുലസ്സിലേയും തൃകോണമിതിയിലേയും സംശയങ്ങൾ നിവർത്തിക്കാൻ ഒറ്റപ്പെട്ട ക്ളാസുകൾ എടുത്തു – ക്ലാസ് എടുക്കാൻ വെള്ള കടലാസിനു പകരം ഉപയോഗിച്ച് കഴിഞ്ഞ കമ്പ്യൂട്ടർ ഷീറ്റുകളുടെ കെട്ട് മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ലാഭകരമായ രീതി ദിവാ എനിക്ക് പരിചയപ്പെടുത്തിത്തന്നത് ആ ദിവസങ്ങളിലാണ്.. ലീക് ഉണ്ടായിരുന്ന ടാപ്പിന് പുതിയ വാഷർ ഇട്ടുശരിയാക്കിത്തന്നതും അപ്പോഴാണ്. “അമ്മാമൻറെ വീട് നിർമ്മാണം നടക്കുന്നിടത്ത് ഇത് ആവശ്യത്തിലധികം ഉണ്ടാവും. അതിൽ നിന്ന് ഒന്നെടുത്തുകൊണ്ടുവന്ന് ഞാൻ ശരിയാക്കിത്തരാം. ഇങ്ങനെയുള്ള കാര്യങ്ങൾക്കൊന്നും പ്ലംബറേയും ഇലക്ട്രിഷ്യനേയും വിളിക്കണ്ട, സർ!…ഒരുവിധം പടുപണികളൊക്കെ പഠിച്ചുവെച്ചിട്ടുണ്ട് !” . അത്രയേ ഞങ്ങൾ തമ്മിൽ ഉണ്ടായുള്ളൂ. ആഴ്ചകൾക്ക് ശേഷം ജോസ് വീണ്ടും വന്നത് ദിവായേയും കൂടെ കൂട്ടിക്കൊണ്ടായിരുന്നു. മുഖവുരയില്ലാതെ ജോസ് പറഞ്ഞു : ” മാഷേ…. എനിക്ക് ഇയാളെ അമ്മാമൻറെ കൈയിൽ ഏൽപ്പിച്ച് ഈ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയണം….” പതിവ് ചിരിയുമായി നിന്നതല്ലാതെ ദിവാ ഞാൻ നിർബന്ധിച്ചിട്ടും ഇരുന്നില്ല…ജോസ് പറഞ്ഞതിതാണ്.. : ‘ഒരുപാട് ഓർഡറുകൾ ശരിയാവുന്നു എന്ന് പറയുന്നതല്ലാതെ ഒരു ഐറ്റവും വിൽക്കാൻ ദിവാകുമാറിന് ഇതേവരെ കഴിഞ്ഞിട്ടില്ല…ഒരു തുടക്കക്കാരനെ അതിൽ കുറ്റപ്പെടുത്താനാവില്ല. അതിൽ എനിക്ക് പരാതിയുമില്ല…ജോലി നഷ്ടപ്പെടാതിരിക്കാൻ അല്ലറചില്ലറ നുണ പറഞ്ഞു എന്നതും ഞാൻ കാര്യമാക്കുന്നില്ല …അതൊരു പതിവാണ് .ഒരു കാലത്ത് ഞാനും പയറ്റിയിട്ടുണ്ട് ആ മുറകൾ..പക്ഷേ, ശിവജിയുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഒരു സംശയനിവൃത്തി വരുത്തണമെന്ന് തോന്നി. ഇയാളെ അറിയിക്കാതെ നേരിട്ടിറങ്ങി ഒരന്വേഷണം നടത്തി. ഞാൻ ഞെട്ടിപ്പോയി, മാഷേ. രണ്ടും മൂന്നും കൂടിക്കാഴ്ചകൾക്ക് ശേഷം അടുത്ത ദിവസങ്ങളിൽ ഞങ്ങളുടെ AWPC യൂണിറ്റ് വാങ്ങുമെന്ന് ഉറപ്പ് പറഞ്ഞിരുന്ന വീടുകളിൽ ഒന്നിലും ആരും ഒന്നും ഏറ്റിരുന്നില്ല.. ചിലർ, അങ്ങനെയൊരു പദ്ധതിയുമായി ഒരു തവണ ഒരാൾ വന്നതും സംസാരിച്ചതും അവ്യക്തമായി ഓർമ്മിച്ചു. മറ്റുള്ളവർ , അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് ഉറപ്പിച്ചു പറയുന്നു. മൂന്ന് തവണ കണ്ട് സംസാരിച്ച്, കാര്യങ്ങൾ പറഞ്ഞുറപ്പിച്ചു എന്ന് ഇയാൾ പറഞ്ഞവരിൽ ഒരു ഡോ. മാത്യു റോയ് കഴിഞ്ഞ രണ്ടുകൊല്ലമായി യു എസ് എ യിലാണ് – അന്ന് മുതൽ വീട് ആൾത്താമസമില്ലാതെ പൂട്ടിക്കിടക്കുകയുമാണ് !’ ഞാൻ ദിവായെ നോക്കി – ‘പൊറുക്കണം ‘ എന്ന ആ ചിരി മാത്രം ! ‘ഇപ്പോൾ വന്നത് മറ്റൊരു പ്രശ്നവുമായാണ്..ഇത്തവണ ശമ്പളത്തോടൊപ്പം ഒരു തുക മുൻ‌കൂർ കൈപ്പറ്റിയിരുന്നു. അതും വാങ്ങി പോയയാളെ പിന്നെ കാണുന്നത് പത്ത് ദിവസങ്ങൾക്ക് ശേഷം ഇന്നാണ്. അസുഖമായിരുന്നെന്നും അമ്മാമൻറെ വീട്ടിൽ വിശ്രമിക്കുകയായിരുന്നെന്നും പറഞ്ഞത് വിശ്വസിക്കാം. എന്നെ വിളിച്ച് അറിയിക്കാതിരുന്നതിന്, എങ്ങനെയൊക്കെ ചോദിച്ചിട്ടും വിശ്വസനീയമായ ഒരു കാരണം പറയാനില്ല… സത്യം പറഞ്ഞാൽ, ഈ കാണുന്ന ആളല്ല ശരിക്കുള്ള ദിവാകുമാർ എന്നൊരു ഭയം, മനസ്സിൽ .. ..! എനിക്ക് വീടറിയാം.. എന്നാലും, മാഷും കൂടി ഒന്ന് വരണം അതുവരെ…’ നടക്കുന്നതിനിടെ ജോസിനോട് മുന്നിൽ പോകാൻ നിർദ്ദേശിച്ച് ഞാൻ ദിവായെ നേരിട്ടു.: “ദിവായുടെ ശരിയായ പ്രശ്നം എന്താണെന്ന് പറയണം – അതെന്തായാലും നമുക്ക് പരിഹാരം കാണാം – ഞാൻ കൂടെ നിൽക്കും. എന്തിനാണ് ആൾക്കാരെ മുഷിപ്പിക്കുന്നത് ? തീരെ ദുർബലമായ ഒരടി പോലും താങ്ങാൻ ഉള്ള ആരോഗ്യം ഇല്ലാത്ത അവസ്ഥയിൽ എന്തിനാണ് സഹായിക്കാൻ തയ്യാറുള്ളവരെ നീരസപ്പെടുത്തുന്നത് ? എന്തിനാണ് നുണ പറയുന്നത് ?” വാക്കിലും പ്രവൃത്തിയിലും, അടുത്ത നിമിഷം കണ്ടുപിടിക്കപ്പെടാവുന്ന കളവുകൾ കൊണ്ട് എന്തായിരുന്നു ദിവായ്ക്ക് നേടാൻ ഉണ്ടായിരുന്നത് ? അദ്‌ഭുതപ്പെടുത്തിയ മറ്റൊരു കാര്യം എന്തുകൊണ്ട് ഒരെതിർപ്പും പ്രകടിപ്പിക്കാതെ ഒരു കൊച്ചുകുട്ടിയായി അവൻ ഞങ്ങളോടൊപ്പം നടന്നുവന്നു എന്നതാണ്.അനായാസം അവന് വഴിപിരിഞ്ഞ് പോകാമായിരുന്നു — റോഡിൽ നിന്ന് അമ്മാമൻറെ വീട്ടിലേയ്ക്കുള്ള തിരിവ് തിരിഞ്ഞ് പത്തടി നടന്നപ്പോൾ അവൻ നിന്നു : “സർ –” എൻറെ കൈവിരൽത്തുമ്പുകളിൽ ക്ഷമ ചോദിക്കുന്ന മട്ടിൽ രണ്ട് കൈകൊണ്ടും തൊട്ടുകൊണ്ട് അവൻ പറഞ്ഞു: “സർ … ഒരാഴ്ചയായി ഇവിടെയായിരുന്നു എന്ന് വെറുതെ പറഞ്ഞതാണ് .ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല !” ഞാൻ ഞെട്ടി – “… പിന്നെ…? പിന്നെ, എവിടെയായിരുന്നു, ദിവാ .. ?…” ചിരിയല്ലാതെ മറുപടിയില്ല ! ……….. അമ്മാമൻ ഇങ്ങനെയൊരു സന്ദർഭം നേരിടുന്നത് ആദ്യമായല്ലെന്ന് തോന്നി.. “…സാറിനെന്തെങ്കിലും നഷ്ടം പറ്റിയോ ?” ജോസാണ് മറുപടി പറഞ്ഞത്. : “മാഷക്ക് ഒന്നും പോയില്ല – എനിക്കൊരു എഴുനൂറ് രൂപ നഷ്ടമായി..അത് പോട്ടെ ..ബിസിനസ്സിൽ അതൊരു നഷ്ടമായി കണക്കാക്കാനില്ല “ പിറ്റേന്ന് തന്നെ ദിവായെ അവർ നാട്ടിലേയ്ക്ക് അയച്ചു. നാട്ടിലെത്തിയ വിവരത്തിന് ബന്ധുവിൻറെ കമ്പിയും കിട്ടി– വിവരം ജോസിൽ നിന്നാണ് ഞാനറിഞ്ഞത് “പോകുന്നതിനു മുൻപ് ആശാൻ എവിടെനിന്നോ എന്നെ വിളിച്ചിരുന്നു….” ജോസ് പറഞ്ഞു — ‘സാറിൻറെ മുന്നിൽ എന്നെ കള്ളനാക്കിയതിന് ഞാൻ നിങ്ങളെ വെറുതെ വിടുമെന്ന് കരുതണ്ട ..’ എന്ന മുന്നറിയിപ്പ് തരാൻ…….!” അയാൾ പ്രകടമായ നീരസത്തോടെ ചിരിച്ചു. ദിവാ സ്ഥലം വിട്ടതിനുശേഷം രംഗത്തെത്തിയ രണ്ട് ചെറുപ്പക്കാരികൾ കഥയെ അസംബന്ധതലങ്ങളിലേയ്ക്ക് വലിച്ചുകൊണ്ടുപോയി – എൻറെ ഉച്ചമയക്കത്തിൻറെ ആലസ്യത്തിലേയ്ക്ക്, ‘ദിവായുടെ സാറല്ലേ..?’ എന്ന ചോദ്യവുമായാണ് ആദ്യത്തെയാൾ കയറിവന്നത്..മുപ്പത് വയസ്സിനടുത്ത് പ്രായമുള്ള, അഭ്യസ്തവിദ്യയായ യുവതി – കൂടെ ഒരു അഞ്ച് വയസ്സുകാരനും..ദിവാ പറഞ്ഞുകേട്ട് എന്നെ അവൾക്ക് അടുത്തറിയാം..എൻറെ ക്ളാസുകളെ കുറിച്ച് അന്വേഷിച്ചു – അത് കഴിഞ്ഞ് എന്നെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് എൻറെ ആരോഗ്യത്തെ കുറിച്ചും !.. ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൌണ്ടൻറ് ആയി ജോലി നോക്കുകയാണെന്ന് പറഞ്ഞു. ഭർത്താവ് കെ എസ് ആർ ടി സി യിൽ കണ്ടക്റ്ററാണ്. ഒരു രശീതി എൻറെ നേരെ നീട്ടി വിനയത്തോടെ അവൾ ചോദിച്ചു… ” ആവശ്യം കഴിഞ്ഞാൽ…ഇതൊന്ന് എടുത്ത് തരുമോ സർ..? അനിയത്തിയുടെ കല്യാണമുണ്ട് “രണ്ടായിരം രൂപയ്ക്ക് അവളുടെ മാല, അടുത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ പണയം വെച്ചതിൻറെ രശീതിയായിരുന്നു അത്..!’ആസ്പത്രിയിൽ ചികിത്സച്ചെലവിന് പണമില്ലാതെ ഞാൻ വിഷമിച്ചുവെന്നും എനിക്കായി, ഞാൻ പറഞ്ഞതനുസരിച്ച്, ദിവാ അവളുടെ മാല വാങ്ങിക്കൊണ്ടു വന്നുവെന്നും ഞാനത് പണയം വെച്ചുവെന്നുമാണ് അവൾ പറയുന്നത് എന്ന് മനസ്സിലാക്കിയെടുക്കാൻ കുറച്ചു സമയമെടുത്തു. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ആ മട്ടിലൊരു ധനസഹായം ആവശ്യം വരുന്ന അവസ്ഥയിലല്ലെന്നും അവളെ ബോദ്ധ്യപ്പെടുത്താൻ എനിക്ക് അതിലധികം സമയമെടുക്കേണ്ടിവന്നു – അവൾ, പാവം, പിന്നീട് എന്തു ചെയ്തു എന്നെനിക്കറിയില്ല………. ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ്, ഒരു രാവിലെ വിശാലമായി ചിരിച്ചുകൊണ്ട് ജോസ് വീട്ടിൽ വന്നു: “ അര മണിക്കൂർ മുൻപ് അന്വേഷിച്ചറിഞ്ഞ് ദിവാകുമാറിൻറെ സഹോദരി ഓഫീസിൽ വന്നു – നല്ല ഇംഗ്ലീഷിൽ നന്നായി സംസാരിക്കുന്ന പരിഷ്‌കാരിയായ സ്ത്രീ- അനിയൻറെ കടം തീർക്കാൻ വന്നതാണെന്ന് പറഞ്ഞു. എഴുനൂറു രൂപ തന്നു.. എന്തെങ്കിലും ബാക്കിയുണ്ടോ എന്നന്വേഷിച്ചു. …ഞാൻ നന്ദി പറഞ്ഞു .. ബുദ്ധിമുട്ടിച്ചതിന് (ഞാനല്ല അതിനുത്തരവാദിയെങ്കിലും) ക്ഷമ ചോദിച്ചു. “മുഖത്തെ ചിരി മായ്ച്ചുകളഞ്ഞ്, വലതുകൈയിലെ ചൂണ്ടുവിരൽ ഉയർത്തി അവൾ പറഞ്ഞു : “ഇനി എന്തെങ്കിലും തരത്തിൽ എൻറെ അനിയനെ ഉപദ്രവിച്ചാൽ താങ്കൾ പശ്ചാത്തപിക്കേണ്ടിവരും!” .. വിവരം അറിയിച്ചപ്പോൾ അമ്മാമൻ നിഷേധാർത്ഥത്തിൽ തലയാട്ടി : “ദിവായ്ക്ക് സഹോദരിമാരില്ല, സാറേ !! അവർ നാലാണുങ്ങൾ ആണ് ! ഇവിടെ, ഈ സിറ്റിയിൽ, അവൻറെ ബന്ധുക്കൾ ഞങ്ങൾ മാത്രമാണ്.! “ ആരായിരുന്നു ആ സ്ത്രീ? എന്തിനായിരുന്നു വെറുതെ അവർ എഴുനൂറ്‌ രൂപ നഷ്ടപ്പെടുത്തിയത്..? കൊട്ടിക്കലാശം വരുന്നേ ഉണ്ടായിരുന്നുള്ളു ആഴ്ചകൾക്ക് ശേഷം, ഒരു രാത്രിയിൽ പരിഭ്രാന്തനായി ജോസ് വീട്ടിൽ വന്നു. “മാഷേ.. പോലീസ് സ്റ്റേഷനിൽ ദിവാകുമാറിനെതിരെ പരാതി എഴുതിക്കൊടുത്തിട്ടാണ് ഞാൻ വരുന്നത്..! ഇന്നലെയോ മിനിയാന്നോ അയാൾ നഗരത്തിൽ എത്തിയിരുന്നിരിക്കണം . അഞ്ചിടങ്ങളിലായി ഞങ്ങളുടെ യൂണിറ്റുകൾ ഘടിപ്പിച്ച അഞ്ച് വീടുകളിൽ കമ്പനിയുടെ പ്രതിനിധിയായി കയറിച്ചെന്നിരിക്കുന്നു.. ചട്ടപ്രകാരമുള്ള പരിശോധനയ്ക്കും മേൽനോട്ടജോലികൾക്കുമായാണ് എത്തിയതെന്ന് ബോദ്ധ്യപ്പെടുത്തി, ഡിവൈസിൻറെ ഒരു സെൻസർ തകരാറിലാക്കി സ്ഥലം വിട്ടിരിക്കുന്നു… അഞ്ചിടത്തും സംപിലെ വെള്ളം നിറയുന്ന മുറയ്ക്ക് ഓവർഹെഡ് ടാങ്കിലേയ്ക്ക് പമ്പ് ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു . കവിഞ്ഞൊഴുകിയ വെള്ളം പരിസരം മുഴുവൻ ഒഴുകിപ്പരന്നത് കണ്ട്, പരിഭ്രമിച്ച വീട്ടുകാരും അയൽക്കാരും എന്നെ അന്വേഷിച്ച് എത്തുകയായിരുന്നു…” ആ പരാതിയിൽ തുടർന്നെന്തെങ്കിലും നടന്നോ എന്നറിയില്ല……. അധികം താമസിയാതെ നഗരത്തിൻറെ മറ്റൊരറ്റത്തേയ്ക്ക് ഞങ്ങൾ താമസം മാറ്റി. മൊബൈൽ ഫോണുകൾക്ക് മുൻപുള്ള കാലം.. വീടുകളിൽ ലാൻഡ് ലൈൻ ഫോണുകൾ അത്യപൂർവമായിരുന്നു. ജോസുമായുള്ള സൗഹൃദം തപാൽ വഴി തുടരുകയുമുണ്ടായില്ല. ദിവായുടെ സ്വഭാവം പോലെ എന്നെ അദ്‌ഭുതപ്പെടുത്തുന്ന ഒരു കാര്യം, ഇത്രയൊക്കെ കഴിഞ്ഞിട്ടും ദിവായോട് വെറുപ്പോ ദേഷ്യമോ എനിക്കില്ലെന്ന തിരിച്ചറിവാണ്- ഏട്ടൻ പറഞ്ഞതുപോലെ അതാണവൻറെ വിജയം എന്ന് എഴുതി രാജിയാവാൻ എനിക്കാവുന്നില്ല എന്ന അസ്വസ്ഥതയാണ് . ദുരൂഹതയുടെ പരിവേഷം നേടിയെടുക്കാൻ നടത്തിയ തട്ടിപ്പിനും വെട്ടിപ്പിനും പിന്നിൽ യഥാർത്ഥ ദിവാകുമാർ മറ്റൊരാളായിരുന്നു എന്നാണ്, ജോസ് പറഞ്ഞ അർത്ഥത്തിലല്ലെങ്കിലും, ഞാനും വിശ്വസിക്കുന്നത്…. പുറമേയ്ക്ക് കാണുന്ന നന്മയല്ല യഥാർത്ഥ ദിവാ എന്നായിരുന്നു ജോസിൻറെ അഭിപ്രായം.പുറമേയ്ക്ക് കാണുന്ന തിന്മയുമല്ല എന്നത് എൻറേയും. രണ്ടും ശരിയാണ് എന്ന് ഈ നിമിഷവും ഞാൻ വിശ്വസിക്കുന്നു. കഥയായോ അല്ലാതെയോ നിങ്ങളിത് വായിക്കുക ! സാങ്കൽപ്പികം എന്ന് പറയാവുന്ന ഒരേയൊരു ഘടകം ഒഴിവാക്കിത്തരാം : ദിവകുമാറിൻറെ പേര് ദിവാകുമാർ എന്നല്ല ! ഞങ്ങളെ രണ്ടുപേരെയും അറിയാവുന്ന ആരുടെയെങ്കിലും ശ്രദ്ധയിൽ ഇത് എത്തിപ്പെടുമെന്നും ഏതെങ്കിലും വഴി എൻറെ പഴയകാലശിഷ്യൻ ഞാനുമായി ബന്ധപ്പെടുമെന്നും മനസ്സ് പറയുന്നു….

ജലച്ചായചിത്രം

അവസാനത്തെ ഇല എന്ന ഒ .ഹെൻറി കഥയിലെ കേന്ദ്ര കഥാപാത്രമാണ് ജോൺസി എന്ന പെൺകുട്ടി. ന്യുമോണിയ ബാധിച്ച് കിടപ്പിലായിരുന്ന അവൾ , ജനാലയ്ക്കപ്പുറത്ത് നിന്നിരുന്ന ഒലീവ് മരത്തിലെ അവസാന ഇല വീഴുന്നതോടൊപ്പം താൻ മരിക്കും എന്ന് വിശ്വസിച്ചു. ഒരു രാത്രി ആ ഇല വീണത് അവളറിഞ്ഞില്ല. അവൾ മരിച്ചുമില്ല. രാത്രി, മഞ്ഞ് കൊണ്ടുനിന്ന്, പഴുത്ത് വീഴാറായ ഒരിലയുടെ ചിത്രം വരച്ച്‌, മരക്കൊമ്പിൽ ഒട്ടിച്ചുനിർത്തി, ബെര്‍മാന്‍ എന്ന അലസനായ ചിത്രകാരൻ അവളേയും അവളുടെ വിശ്വാസത്തേയും കാത്തു.. ആ തണുപ്പ് ന്യൂമോണിയയായി വന്ന്, പക്ഷേ, ചിത്രകാരന്‍റെ ജീവനെടുത്തു.. തന്‍റെ, ഏറ്റവും നല്ല ചിത്രം വരയ്ക്കാനിരിക്കുന്നേയുള്ളൂ എന്ന് അത്രയും കാലം പറഞ്ഞു നടന്ന ബെര്‍മാന്‍, മരിച്ചതിനു ശേഷം, കഥയിൽ നിന്നിറങ്ങി നടന്നു. ഈ ഭൂമിയിൽ, എവിടെയോ, കഥാപാത്രങ്ങളുടെ നഗരത്തിൽ, താഴെ ആള്‍ത്താമസമില്ലാത്ത ഒരു രണ്ടുനിലക്കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിൽ, മറ്റൊരു കഥയിലേയ്ക്ക് നടന്നുകയറി- കാലപരിഗണനകളില്ലാതിരുന്ന അവിടെ താമസമാക്കി… അതൊരു നീണ്ട ഒറ്റമുറിയായിരുന്നു. എത്രയോ കാലമായിട്ടെന്ന പോലെ ഒരു വശത്ത് സ്റ്റാൻഡിൽ ഉറപ്പിച്ച കാൻവാസും മുന്നിൽ തളികകളിൽ അലങ്കോലപ്പെട്ട്, വരണ്ട്, ചായക്കൂട്ടുകളും ബ്രഷുകളും കിടന്നിരുന്നു . വശത്ത് ജനലിനോട്‌ ചേര്‍ന്ന് ഇട്ടിരുന്ന കട്ടിലില്‍, എത്രയോ കാലത്തെ പതിവെന്ന മട്ടിൽ ബെര്‍മാന്‍ ഉണര്‍ന്നു. …….അഴികളില്ലാത്ത ജനാലയിലൂടെ ഉച്ചയോടടുക്കുന്ന പകലിന്‍റെ ചൂടുള്ള വെളിച്ചം അകത്തേയ്ക്ക് ഒഴുകുന്നുണ്ടായിരുന്നു. ചിലന്തിവലകള്‍ മൂടിയ മേല്‍ത്തട്ടില്‍ നിന്ന് കണ്ണ് പിന്‍വലിച്ച് അയാള്‍ പുറംലോകത്തെ നോക്കി. കിടന്ന കിടപ്പില്‍, കാലെത്തിച്ച് ജനാലക്കൊളുത്ത് നീക്കി. ഒരതിസാധാരണ ദിവസം അവിടെ നിശ്ചലചിത്രമായി നിവര്‍ന്നു. പരന്നുള്ളോട്ട് വളഞ്ഞ മൈതാനത്തിനും കെട്ടിടത്തിനും ഇടയിൽ പ്രധാന പാത നെടുകെ നീണ്ടുകിടന്നു. ചുറ്റും ചിതറിയ വീടുകള്‍ക്കിടയിലൂടെ വളഞ്ഞും തിരിഞ്ഞും മറഞ്ഞും വെട്ടപ്പെട്ടും നാട്ടുവഴികള്‍ പടർന്നു. പാതയോരങ്ങളില്‍ പന്തലിച്ച മരങ്ങളില്‍ ഇലകൾ ചലനമറ്റ് നിന്നു – നാൽക്കാലികളും പക്ഷികളും അപ്പൊഴപ്പോൾ കാഴ്ചപ്പുറത്ത് വന്നുമറഞ്ഞു.. പതിവ് നന്മകളിലും തിന്മകളിലും മുഴുകി ഒറ്റപ്പെട്ട്, മനുഷ്യരും ! മറ്റാരോ തീര്‍ത്ത പാത്രങ്ങളില്‍ ജനിച്ച്, പുറത്തേയ്ക്ക് ഒഴുക്കപ്പെട്ടപ്പോഴൊക്കെ, മറ്റാരോ തീര്‍ത്ത വഴികളില്‍ ഒഴുകി ഒടുങ്ങുന്ന മനുഷ്യര്‍ സ്വന്തം കൈയൊപ്പ്‌ പതിഞ്ഞ ഒരു കഥയോ കവിതയോ ചിത്രമോ എഴുതാൻ ബാക്കിയുണ്ടെന്ന അലട്ടലോ ആധിയോ തീണ്ടാത്തവര്‍.ബെര്‍മാന്‍റെ താത്പര്യമില്ലാത്ത കണ്ണുകള്‍ അവരെ പിന്തുടര്‍ന്നു: എന്തൊരു സാന്ദ്രമായ ജഡത ! പതിവായിട്ടാവട്ടെ, അല്ലാതെയാവട്ടെ. ഈ കാഴ്ചകള്‍ ആരുടെ മനസ്സില്‍ എന്ത് മാറ്റമാവും ഉണ്ടാക്കുക?അയാള്‍ തിരിഞ്ഞുകിടന്നു..-മറിച്ചും ആലോചിക്കാം .. അങ്ങനെയൊരു മാറ്റംവേണമെന്ന് വാശി പിടിക്കാതെ ഓരോ ദിവസത്തേയും, വരുന്ന മുറയ്ക്ക് സന്തോഷത്തോടെ ജീവിച്ചു തീർക്കുകയും ആവാമല്ലോ .. ‘ആയിക്കൂടേ ..?’ എന്ന് ചോദിച്ചുകൊണ്ട് ഉസ്ബെക്കിസ്ഥാനിലെ ഒമർ മനസ്സിൽ കയറിവന്നു … ഒപ്പം മുടന്തനായ തിമൂറും അയാളുടെ പുതുമണവാട്ടിയും! മധുവിധുവിന്‍റെ ചൂടാറും മുന്‍പേ യുദ്ധം ചെയ്യാനും വെട്ടിപ്പിടിക്കാനുമായി നാടുവിട്ട സുല്‍ത്താന്, മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ അപ്രതീക്ഷിത ഉപഹാരമായി കൊടുക്കാന്‍ ബീവി പണി കഴിപ്പിച്ച കൊട്ടാരത്തിന്‍റെ ശില്‍പിയായിരുന്നു ഒമര്‍. പണി പാതിയായ കൊട്ടാരം കാണാനെത്തിയ റാണിയെ, മുഖപടമില്ലാതെ ഒരു മാത്ര ഒമര്‍ കണ്ടു – അയാളുടെ മനസ്സിന്‍റെ സ്വാസ്ഥ്യം നഷ്ടപ്പെട്ടു. കൊട്ടാരത്തിൻറെ പണി മുടങ്ങി.- ആഴ്ചകളും മാസങ്ങളും പണി നടക്കാതിരുന്നപ്പോള്‍ റാണിയുടെ ദൂതൻ ശില്പിയെ ആളയച്ചുവരുത്തി… കൊട്ടാരം പണി പറഞ്ഞ സമയത്ത് തീര്‍ക്കാന്‍ ഒമർ മുന്നിൽ വെച്ച നിബന്ധന ദൂതനെ ഞെട്ടിച്ചു : “റാണിയുടെ കവിളില്‍ എനിക്ക് ഒരു തവണ ചുംബിക്കണം !–’’ ഒന്നും പറയാനാവാതെ, അയാള്‍ മടങ്ങി- പണി മുന്നോട്ട് നീങ്ങാതിരുന്നപ്പോൾ പല വഴിക്ക് ഒമറെ അനുനയിപ്പിക്കാൻ നോക്കി – ശകാരിച്ചു – തടവിലിടുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ശില്‍പി വഴങ്ങിയില്ല. “ഒരു ചുംബനം – അതില്‍ കവിഞ്ഞൊന്നും ഈ ജന്മം കൊണ്ട് നേടാനില്ല.! അതിനായി കൊട്ടാരനിര്‍മ്മിതി, അനന്തമായി നീട്ടിവയ്‌ക്കേണ്ടി വന്നാലും തെറ്റില്ല-” അത് ഒമറിന്‍റെ തത്വശാസ്ത്രം- തനിക്ക് സ്വീകാര്യമായി തോന്നുന്നില്ല.- അതുകൊണ്ട് മാത്രം, പക്ഷേ, അത് ശരിയല്ലാതാവുന്നുമില്ല! ബെർമാൻ നിഷേധാർത്ഥത്തിൽ തലയാട്ടി. സുല്‍ത്താന് കൊടുക്കാനുള്ള പാരിതോഷികത്തിന്‍റെ പണി പൂർത്തിയായിക്കിട്ടാനുള്ള അതിമോഹത്തിൽ, പഴുതറ്റപ്പോള്‍, റാണി ഒമറിനെ കൊട്ടാരത്തിലേയ്ക്ക് വിളിപ്പിച്ചു. ചുംബനം ഏറ്റുവാങ്ങാനാവശ്യമായത്ര ഭാഗം മാത്രം കവിൾ അനാച്ഛാദനം ചെയ്ത്, ശില്പിയുടെ ആഗ്രഹം നിവർത്തിച്ചു കൊടുത്തു. ഉള്ളിലെ എതിർപ്പിന്‍റെ ചൂടിൽ, ഒമർ ചുംബിച്ച ഇടം ചുണ്ടുകളുടെ ആകൃതിയില്‍ പൊള്ളി- കരുവാളിച്ചു. അന്ത:പുരം വിട്ട് റാണി അതിനുശേഷം പുറത്ത് വന്നില്ല. യുദ്ധത്തിൽ നേടിയ പൊന്നും പണവുമായി മടങ്ങിയെത്തിയ തിമൂർ, തന്നെ സ്വീകരിക്കാൻ എത്താത്ത ബീവിയെ അകത്തെത്തി കണ്ടു ……. രാജസമ്മാനം വാങ്ങാൻ എത്താൻ ശിൽപിയ്ക്ക് ഉത്തരവ് പോയി. പുതിയ കൊട്ടാരത്തിൻറെ വിശാലമായ പൂമുഖത്ത്, സിംഹാസനത്തില്‍ തിമൂര്‍ കാത്തിരുന്നു. ഒമര്‍ വന്നു . കൊട്ടാരത്തിലേയ്ക്കുള്ള പടവുകള്‍ കയറി… മൂന്നാമത്തെ പടവില്‍, കരുതിയിരുന്നിടത്ത് കാലിലെ പെരുവിരല്‍ അമര്‍ന്നപ്പോള്‍ ഭൂഗർഭത്തിലേയ്ക്ക് വഴി തുറന്നു. സുല്‍ത്താനെ താണ് വണങ്ങി, പ്രണയസ്മാരകത്തെ സ്വന്തം ശവക്കല്ലറയുമാക്കി ഒമര്‍ അപ്രത്യക്ഷനായി… റാണി തൻറെ എതിർപ്പിൽ ഉറച്ചുനിന്നിരുന്നെങ്കിൽ കഥ എങ്ങനെയായിരുന്നിരിക്കും അവസാനിച്ചിരിക്കുക ? — ബെർമാൻ ആലോചിക്കാൻ ശ്രമിച്ചിട്ടുണ്ട്. …. ഒമർ വഴങ്ങിയിരിക്കാൻ സാദ്ധ്യതയില്ല.. അപൂർണമായ കോട്ടയും തുടർന്നൊന്നും നിർമ്മിക്കാതെ, സൃഷ്ടിക്കാതെ, ഒമറും എന്ന കഥയില്ലായ്മയിൽ കഥയ്ക്ക് അവസാനിക്കേണ്ടി വന്നിരുന്നേനേ… ദിനാന്തരീക്ഷസ്ഥിതിയില്‍ മാറ്റം അനുഭവപ്പെട്ടപ്പോള്‍ ബെര്‍മാന്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. വെയിലിന്‍റെ കാഠിന്യം കുറഞ്ഞിരിക്കുന്നു- ആകാശത്ത് ഒരു മുന്നറിയിപ്പിൻ്റെ കാർക്കശ്യത്തോടെ മേഘങ്ങള്‍ ഉരുണ്ടുകയറിയിരിക്കുന്നു. നോക്കിയിരിക്കെ പുറംലോകത്തിൻ്റെ മുഖം മങ്ങി –ഓര്‍ക്കാപ്പുറത്ത് വെള്ളത്തുള്ളികള്‍ മുഖത്ത് വീണു – വലിയ വലിയ തുള്ളികൾ– ചരല്‍ വാരിയെറിയുന്ന ഒച്ചയിൽ ദൂരെ നിന്ന് മഴ ഇരച്ചെത്തി..കാറ്റിന്‍റെ കരുത്തില്‍, ചെരിഞ്ഞ് പെയ്യുന്ന മഴ ! പുറത്തെ ഭാവമാറ്റങ്ങള്‍ പഠിച്ച്, ജനാലയില്‍ നിന്ന് പിൻവാങ്ങി അയാള്‍ നിന്നു. മൈതാനത്തിനപ്പുറത്തെ കാഴ്ചകള്‍ക്ക് മേല്‍ നിറംമങ്ങിയ യവനിക വീണു. അതിനപ്പുറവും ഇപ്പുറവും മുഖംമൂടികളഴിച്ച ജീവികള്‍ അഭയം തിരഞ്ഞു പാഞ്ഞു. നോക്കിയിരിക്കെ കാറ്റ് കനത്തു. മൈതാനത്തിന്‍റെ നടുവില്‍ എവിടെയോ നിന്ന് ചുഴലി രൂപപ്പെട്ടു.. ചുവന്ന മണ്ണും ഉണക്കിലകളും ചുള്ളിക്കമ്പുകളും ഭ്രാന്താവേശത്തില്‍ വട്ടം ചുറ്റി മുകളിലേയ്ക്ക് ഉയര്‍ന്നു. പിന്നെ നിരാലംബരായി സമതലങ്ങളിലേയ്ക്ക് മടങ്ങി. നനഞ്ഞ മണ്ണിന്‍റെ മണം –. കാറ്റിൽ പരിസരം ഉറഞ്ഞാടി. വലയിൽ പെട്ട വന്യമൃഗമായി നഗരം കുതറി. ചീറിയിരമ്പി.. വെള്ളം, ചൂടിന്‍റെ ഉറവിടങ്ങള്‍ അന്വേഷിച്ച് മണ്ണില്‍ ലയിച്ചു – ലയിക്കാന്‍ കഴിയാത്തിടങ്ങളില്‍ പാർശ്വങ്ങളിലേയ്ക്ക് വ്യാപിച്ചു. അവിടെ ശക്തിയാര്‍ജ്ജിച്ചു. അതിന് ചുവന്ന നാവുകള്‍ മുളച്ചു. പൊത്തുകളിലും പോടുകളിലും അവ കടന്നുചെന്നു. മൂടിവെച്ച വൃത്തികേടുകളും അന്ത:ക്ഷോഭങ്ങളും കലങ്ങിമറിഞ്ഞു പുറത്തേയ്ക്കൊഴുകി. നഗരം പുറംതോടിന്നുള്ളിലേയ്ക്ക് വലിഞ്ഞു. നഗരത്തിൻ്റെ അഹന്ത മുറിപ്പെട്ടു.. ബെര്‍മാന്‍ കട്ടിലില്‍ നിന്ന് താഴെയിറങ്ങി. കാറ്റില്‍ മൂലയിലെ കാന്‍വാസ് ചെറുതായി വിറച്ചു. അതിനെ നോiക്കിനിൽക്കേ ബെര്‍മാന്‍റെ മനസ്സില്‍ വേദനയുടെ നനവ് പരന്നു ..കാലമെത്രയോ മുന്‍പ് തുടങ്ങിയ കാത്തിരുപ്പ് …ചിത്രങ്ങൾക്ക് വേണ്ടി – ചുരുങ്ങിയത് ഒരു മഹാചിത്രത്തിനു വേണ്ടിയെങ്കിലും…. ”കൂട്ടത്തില്‍ ഞാനും കാത്തിരുന്നോ?” ബെര്‍മാന്‍ തലയാട്ടി- “ഞാൻ പിഗ്മാലിയാനല്ല.ഒരു രൂപം ചെയ്ത് അതിൻറെ അന്യൂനതയിൽ അഹങ്കരിക്കാൻ – സ്വയം മറക്കാൻ . അതുമായി പ്രണയത്തിലാവാൻ…. കൊല്ലങ്ങൾ ഇരുപതോ ഇരുനൂറോ കഴിയട്ടെ..വരയ്ക്കാനുള്ളത് വരച്ചുതീർത്തേ ബെർമാൻ പോകു..!” തണുത്ത റൊട്ടിയും ജാമും കഴിച്ചുകൊണ്ടിരുന്നപ്പോൾ മുറിയിൽ ചൂട് കുറഞ്ഞുവരുന്നതായി ബെർമാൻ മനസ്സിലാക്കി.– ഒരാലസ്യം പോലെ മോഹിപ്പിക്കുന്ന അനുഭവം.! മടങ്ങിവന്നപ്പോഴേയ്ക്ക് കാറ്റിൻറെ വികൃതിയിൽ കിടക്കയുടെ ഒരു ഭാഗം നനഞ്ഞിരുന്നു. തണുപ്പിൻറെ രശ്മികളെ ഭാഗികമായി തടഞ്ഞുകൊണ്ട് ബെർമാൻ ജനാലയുടെ ഗ്ളാസ് ഷട്ടറുകൾ താഴ്ത്തിയിട്ടു. മഴയുടെ ശബ്ദം അവ്യക്തമായി കേൾക്കാം. നനഞ്ഞ പുറംലോകം ഒരു ഗ്ളാസ് പാത്രത്തിൽ ഒതുങ്ങിയത് കാണാം. നനവിൽ നിന്ന് മാറി, പുതപ്പ് കൊണ്ട് തലവഴി മൂടി അയാൾ കണ്ണടച്ചു കിടന്നു.. ഉറക്കത്തിൽ ലയിച്ചു. ഉറക്കത്തിലും മഴയുടെ സംഗീതം വിരാമമില്ലാതെ തുടർന്നു. തണുപ്പിൽ അതിന് ഒരു താരാട്ടിൻറെ താളമുണ്ടായിരുന്നു. സൂര്യപ്രകാശത്തിൽ മഴയ്ക്ക് വർണ്ണപൊലിമയുണ്ടായിരുന്നു. നേർത്ത വെള്ളിക്കമ്പികളിൽ തൂങ്ങിനിൽക്കാനാവാതെ, ഒരു ചിത്രകാരനെ കാണാതെ, അതിന് ഭ്രാന്ത് പിടിച്ചിരുന്നു. ഇളംചുവപ്പായിരുന്നു അതിൻറെ ആദ്യഭാവം. ഭൂമിയുടെ ആശകളസ്തമിച്ചു കൊണ്ടിരിക്കെ കടുംചുവപ്പിലൂടെ അത് കറുപ്പായി മാറി – കറുത്ത മഴ ! ബെർമാൻ ഉണർന്നു. മഴ അതേ സാന്ദ്രതയിൽ തുടരുന്നുണ്ടായിരുന്നു. നഗരത്തിന് ബോധം നഷ്ടപ്പെട്ടിരിക്കുന്നു – പാതയും അപ്പുറത്തെ മൈതാനവും അപ്രത്യക്ഷമായിരിക്കുന്നു ജലത്തിൽ ഉയർന്നുനിൽക്കുന്ന ചെടികളും കെട്ടിടങ്ങളും–! ഏതോ ചില കടപ്പാടുകളാൽ ബദ്ധരായി മനുഷ്യരും മൃഗങ്ങളും അങ്ങുമിങ്ങും പ്രത്യക്ഷപ്പെട്ടു മറഞ്ഞു. ദിനകൃത്യങ്ങളുടെ ക്രമം തെറ്റിയതിനു നേരെയുള്ള നീരസം അവരുടെ ശരീര ഭാഷകളിൽ പ്രകടമായിരുന്നു . മുന്നിലെ ചെറിയ പ്രതിബന്ധങ്ങളെ കീഴടക്കിയും അല്ലാത്തവയ്ക്ക് ചുറ്റും തായ് വഴികളായി പടർന്നും ജലം മുന്നേറി. പാതയ്ക്ക് കുറുകെ വീണ മരത്തിനപ്പുറം ചുഴികൾ നിർമ്മിച്ചു. ആകാശത്തിൻറെ മുഖമുദ്രകളിൽ കറുപ്പ് വ്യാപിച്ചു. മുഷിഞ്ഞ കറുപ്പ്. ജനാലപ്പടിയിൽ ഇരുന്ന് ബെർമാൻ പുറത്തെ ഭാവമാറ്റങ്ങൾ പഠിച്ചു. “ആ നൈരന്തര്യം സുഖപ്രദമല്ല,തീർച്ച!” ഓറഞ്ചിൻറെ മരവിച്ച പുറംതൊലി അടർത്തിക്കൊണ്ട് ബെർമാൻ ആരോടുമല്ലാതെ പറഞ്ഞു. “ജഡത്തിന് മേലുള്ള ഈ കൈയേറ്റം തെറ്റാണ്- ഓരോരുത്തർക്കും നൂറോ അധികമോ കാര്യങ്ങൾ കിടക്കുന്നു ചെയ്തുതീർക്കാൻ. പോരാട്ടങ്ങൾ നിലനിൽപ്പിനു വേണ്ടിയാവണം. ശത്രുവിനെ സൃഷ്ടിച്ച് നശിപ്പിക്കാനല്ല . മൂല്യങ്ങൾ നിത്യസത്യങ്ങളല്ലാത്തിടത്തോളം കാലം അങ്ങനെ ഒരു മഴയിൽ ഇവിടം മൂടാൻ ആർക്കെന്തവകാശം…?” എന്നും പകലിൻറെ രണ്ടാം പകുതികളിൽ ബെർമാൻ അരോചകങ്ങളായ ദൈനംദിന ബാദ്ധ്യതകളിൽ കുരുങ്ങി. ഈ ഭൂമുഖത്ത് അതയാളുടെ ശാപമായിരുന്നു. ഒരു സൗരദിനം എന്ന ചുരുങ്ങിയ കാലയളവിൽ അയാൾക്കാകാവുന്നതിലേറെയായിരുന്നു ആ ഭാരം. അവ ചെയ്യാനാവാതെ, ചെയ്യാതിരിക്കാനാവാതെ, എന്നിട്ടും പുതിയതെന്തോ ചെയ്യണമെന്ന വ്യാമോഹത്തോടെ ബെർമാനും കൂട്ടരും ജീവിച്ചു. ഉറക്കത്തിലും ഉണർവിലും ബോധത്തിൻറെ അർദ്ധച്ഛായകളിൽ കാൻവാസുകൾ കാത്തുനിന്നു. അവ ഒരിക്കലും മുന്നിൽ വന്നുനിന്ന് ‘ഇത് ഞങ്ങളുടെ അവകാശമാ’ണെന്ന് ഊറ്റം കൊണ്ടില്ല. അകത്തെ ചൂടിൽ മുഖം മഞ്ഞളിച്ചപ്പോഴും കാലാന്തരത്തിൽ അവയിൽ നര പടർന്നപ്പോഴും പെയ്യാനിരുന്ന ഒരു മഴയെ സ്വപ്നം കാണുക മാത്രം ചെയ്തു. ഓറഞ്ചിൻറെ അല്ലികളിലും തണുത്ത പാനീയങ്ങളിലും കുറ്റബോധത്തിൻറെ വിഷാണുക്കൾ പെരുകി. ബെർമാൻറെ മനസ്സിൻറെ മൃദുലതകളിൽ കല്ലുവര ഏൽപ്പിച്ച് അവ ദൗത്യം നിർവഹിച്ചു. അയാൾ ചായക്കൂട്ടുകളുണ്ടാക്കി. തൂലികയുമായി കാൻവാസിന് മുന്നിലിരുന്നു. ഭൗതികമായ ഒരു ചോദനയിൽ, ശാപമേറ്റു മയങ്ങുന്ന, അലസമായ മനസ്സിൻറെ തോട്‌ പൊട്ടിക്കാൻ ശ്രമിച്ചു. മഴ തുടർന്നുകൊണ്ടേയിരുന്നു ..ഇഴമുറിയാതെ…! ധർമ്മാധർമ്മങ്ങളറിയാത്ത കൊടുങ്കാറ്റും — പകൽ മുഴുവൻ, വെളിച്ചത്തിൻറെ ഒരു പ്രതീക്ഷ ലോകത്തെ മൂടി. നിലാവിലെ നിഴൽ പോലെ അസുഖകരമായ കാഴ്ച . ”ഈ മഴയൊന്നു തോർന്നോട്ടെ..!” അത് ലോകത്തോട് പറയുന്നതു പോലെ തോന്നി……. ഒത്തുതീർപ്പിന് തയ്യാറാവാത്ത മഴയുടെ മുന്നിൽ സന്ധ്യയ്ക്ക് മറ്റൊരു പ്രഭാതത്തെ സൂചിപ്പിക്കുക കൂടി ചെയ്യാതെ, ഭയവിഹ്വലതയോടെ അത് വെള്ളത്തിൽ ലയിച്ചു. വെള്ളത്തിൻറെ മുഖം വീണ്ടും കറുത്തു ഒച്ചപ്പാടുകളില്ലാതെ…., ആവേശം സ്ഫുരിപ്പിക്കാതെ.., മടക്കുകളിൽ നിന്ന് ഇരുട്ടിൻറെ ചുരുളുകൾ നിവർത്തി, അത് വളർന്നുകൊണ്ടേയിരുന്നു. ബലാൽസംഗത്തിനെതിരെ അന്തരീക്ഷത്തിൻറെ മുഖത്തെ അറപ്പും രക്തച്ഛവിയും മാഞ്ഞിരിക്കുന്നു. പകരം അവിടെ മരണത്തിൻറെ ശാന്തമായ കറുപ്പ് പടർന്നു.- കെട്ടടങ്ങുന്ന സ്പന്ദനങ്ങളുടെ ശബ്ദം മാത്രം കേട്ടു–ഏതോ ഭൂതകാല സ്മരണയുടെ തിളക്കത്തിൽ – ഒരവസാന വ്യാമോഹത്തിൽ…..! തണുത്ത മുന്തിരിപ്പഴങ്ങൾ വായിലിട്ടുനുണഞ്ഞ്, വരയ്ക്കാനിരുന്ന ചിത്രത്തിൻറെ രൂപരേഖകൾ മനസ്സിൽ തിട്ടപ്പെടുത്തിക്കൊണ്ട് ബെർമാൻ തലയിണയിൽ ചാരി. ….. ലോകം ഒരു മയക്കത്തിലേയ്ക്ക് വഴുതി വർണഭേദങ്ങളും മാനങ്ങളും മറന്ന് കാൻവാസിൽ രേഖകൾ കെട്ടുപിണഞ്ഞു. അടിസ്ഥാന തലങ്ങളുടെ പരിധിയും പരിമിതിയും കടന്നു വളർന്നു. പ്രഭാതമോ പ്രദോഷമോ എന്നറിയാതെ ഒരിക്കൽ കൂടി ഉറക്കമുണർന്നപ്പോൾ ബെർമാൻറെ പേടകം സമുദ്രത്തിലൊരു ദ്വീപായിരുന്നു. അയാൾ ഞെട്ടി ഒഴുക്കിൽ ജീവജാലങ്ങൾ പുഴുക്കളെ പോലെ പിടഞ്ഞു–മനുഷ്യരും മൃഗങ്ങളും – ചെറിയ കെട്ടിടങ്ങളുടെ മേൽക്കൂരകൾ അവർക്കൊപ്പം സഞ്ചരിച്ചു. ചിലപ്പോൾ, എതിരെ വന്ന തിരയിൽ എടുത്തെറിയപ്പെടുകയും അന്തരീക്ഷത്തിൽ മലക്കം മറിഞ്ഞ്, അടുത്ത അഗാധതയിൽ മുങ്ങിത്താഴുകയും ചെയ്തു. മരത്തടിക്കഷണങ്ങൾ പോലെ മനുഷ്യശരീരങ്ങൾ എവിടെനിന്നൊക്കെയോ ഒഴുകിവന്നു.മുൻ‌കൂർ തയ്യാറാക്കിയ പഥങ്ങളിൽ ചുറ്റിത്തിരിഞ്ഞ് എങ്ങോട്ടോ മറഞ്ഞു. കണ്ടിരിക്കെ പ്രവാഹത്തിന് ശക്തി കൂടിക്കൊണ്ടിരുന്നു. ജീവൻ നശിച്ച ശരീരങ്ങൾ പായൽ പോലെ ജലോപരിതലം മൂടി. മരണത്തിന് മുൻപുണ്ടായിരുന്ന ബാദ്ധ്യതകളും വൈജാത്യങ്ങളും അവർ മറന്നതുപോലെ തോന്നി. ആവർത്തനം വഴി, ഒരു ഭീകരത സൃഷ്ടിക്കാൻ പോലും അവയ്ക്ക് ആവാതെ പോയി – ബെർമാൻ, യോഷിഹിദെ എന്ന ചിത്രകാരനെ കുറിച്ചോർത്തു. രാജാവിന് വേണ്ടി മഹാനരകചിത്രം വരയ്ക്കുകയായിരുന്നു യോഷിഹിദെ. സങ്കല്പിക്കാവുന്ന എല്ലാ ക്രൂരതകളും ചിത്രത്തിൻറെ ഭാഗമാവേണ്ടിയിരുന്നു. ഭീകരതയുടെ നിറം കാണാൻ, അയാൾ ശിഷ്യന്മാരെ അടച്ചിട്ട മുറിയിലേയ്ക്ക് വിഷപ്പാമ്പുകളെ തുറന്നുവിട്ടു. അവരെ ചാട്ട കൊണ്ട് അടിക്കുകയും ശവംതീനി പക്ഷികൾക്ക് ഭക്ഷണമായി എറിഞ്ഞുകൊടുക്കുകയും ചെയ്തു. വലിയ കാൻവാസിൻറെ നാല് മൂലകളും അവയുടെ ചിത്രങ്ങൾ നിറഞ്ഞു. ചിത്രത്തിൻറെ ഒഴിച്ചിട്ട വിശാലമായ മദ്ധ്യഭാഗത്ത് വരയ്ക്കാൻ മനസ്സിൽ കരുതിയ ആശയം യോഷിഹിദെ രാജാവിനെ അറിയിച്ചു: “ മൂന്ന് നിലകളുള്ള, അലങ്കരിച്ച ഒരു തേര് – മൂന്നാം നിലയിൽ യവനികയ്ക്ക് പിന്നിൽ വെള്ള വസ്ത്രമുടുത്ത് സുന്ദരിയായ യുവതി –. തേരിന് താഴെ നിന്ന് തീ കൊളുത്തണം. തീ കത്തിപ്പടരുന്നതോടെ യവനിക വശങ്ങളിലേയ്ക്ക് വകഞ്ഞുമാറണം. പടരുന്ന തീയിലേയ്ക്ക് ഒന്നോടെ കത്തിയമരുന്ന തേര് – സ്ത്രീയും! അതാണ് കാൻവാസിൻറെ നടുവിൽ പകർത്തേണ്ട ചിത്രം.” തൻറെ ഇംഗിതത്തിനു വഴങ്ങാതിരുന്ന, ചിത്രകാരൻറെ മകളെയാണ് ബന്ധിനിയാക്കി തേർത്തട്ടിൽ രാജാവ് നിർത്തിയിരുന്നത്. തീ പടർന്ന്, തിരശീല പകുത്ത് മാറുന്നതുവരെ യോഷിഹിദെ അതറിഞ്ഞില്ല. അറിഞ്ഞപ്പോൾ അയാളിലെ ചിത്രകാരന് അതിൽ ഇടപെടാൻ ആയതുമില്ല. തേരിൻറെ തകരുന്ന തട്ടും പുളയുന്ന തീനാളങ്ങൾക്കു മുന്നിൽ വൃദ്ധൻറെ വികൃതമായ മുഖവും ! “മഹാനരക ചിത്രം യോഷിഹിദെ പൂർത്തിയാക്കിയോ?” ജനലിന്നപ്പുറം കാണാവുന്ന ദൂരമത്രയും വെള്ളത്തിൻറെ വാൾമുനകൾ! –മഹാനരകചിത്രത്തിന് മറ്റൊരു മുഖം! ബെർമാൻ കാൻവാസിന് മുന്നിലിരുന്നു… ബ്രഷ് മയപ്പെടുത്തി– ഇരുട്ടിനേക്കാൾ ദയനീയമായ വെളിച്ചം.. ചീവീടിൻറെ സംഗീതമില്ലാത്ത രാത്രി.. കാറ്റിൻറെ പരുഷമായ മുഴക്കം. പുറംചുമരുകളിൽ തിരകളുടെ വിട്ടുവീഴ്ചയില്ലാത്ത കോപം . ബെർമാൻറെ കൺപോളകൾ കനത്തു . നിർമ്മമമായ, നിസ്സംഗമായ ഒരു പുതിയ ഭാവവുമായി കാൻവാസ്‌ ഉറക്കം തൂങ്ങി. ചായക്കൂട്ടുകൾ തളികകളിൽ ചിതൽപ്പുറ്റ് പോലെ വളർന്നു. അവയിൽ, അബോധാവസ്ഥയിൽ അർദ്ധജീവസ്ഫുലിംഗങ്ങൾ ജനിച്ചു. തരിശുഭൂമികളിൽ മേഞ്ഞുനടന്ന്, സംയോഗത്തിൻറെ രുചിയറിയാതെ, വിലക്കപ്പെട്ട ഒരു പഴവും ഭുജിക്കാതെ, പട്ടിണി കിടന്ന് അവ മരിച്ചു. മഴ അവസാനിച്ചതായി ബെർമാൻ സ്വപ്നം കണ്ടു. മരിച്ചവർ തിരിച്ചു വന്നതായും! കഴിഞ്ഞതെല്ലാം മറന്ന് പതിവ് ഭാവങ്ങളിൽ ലയിക്കാൻ അവർക്ക് സമ്മതമായിരുന്നു – തത്ക്കാലത്തേയ്ക്കായിട്ടാണെങ്കിലും ചിട്ടകൾ തെറ്റിക്കേണ്ടി വന്നതിൽ അവരുടെ മുഖങ്ങളിൽ അസംതൃപ്തി കവിഞ്ഞിരുന്നു. അപരിചിതമായ ഒരു പ്രേരണയിൽ കണ്ണ് തുറന്നപ്പോൾ സ്വന്തം പേടകം ഒരു തോണി പോലെ ഇളകിയാടുന്നതായി ബെർമാനറിഞ്ഞു. വിളക്കിലെ നാളം കാറ്റില്ലാതെയും ചുളിയുകയും നിവരുകയും ചെയ്തു. അടച്ച ഗ്ളാസ് ഷട്ടറിൻറെ മദ്ധ്യഭാഗം വരെ കറുത്ത ജലനിരപ്പ് ഉയർന്നുനിന്നു. ഭീകരമായ ഒരു വാദ്യസംഗീതത്തിൽ ആ മുറിയിലെ വസ്തുക്കൾക്ക് സമനില തെറ്റിക്കൊണ്ടിരുന്നു. നനഞ്ഞ തുണി കൊണ്ട് മുഖം തുടച്ച് ബെർമാൻ ഉറക്കത്തോട് യാത്ര പറഞ്ഞു. തണുത്ത കാൻവാസ്‌ ഒരു ഗർഭിണിയുടെ മുഖം പോലെ വിളറി. ചായക്കൂട്ടുകളിൽ മൃദുലഭാവങ്ങൾ ഉണർന്നു. ഒരു സംഹാരത്തിൻറെ ബഹളവും അധീശത്വവും മറന്ന് പ്രകൃതി സൃഷ്‌ട്യുന്മുഖയായി. വിളക്കിലെ തിരി നീട്ടിയപ്പോൾ മുറിയിൽ പ്രകാശം നിറഞ്ഞു. പുറംലോകത്തിന്, അകത്തേയ്ക്കുള്ള എല്ലാ കവാടങ്ങളും ഭദ്രമായി ബന്ധിച്ചുകൊണ്ട് ബെർമാൻ തൂലികയെടുത്തു.. ഭ്രാന്തമായ ഒരു പ്രകമ്പനത്തിൽ കെട്ടിടം ആടിയുലഞ്ഞു. കാൻവാസ്, നിലത്തുറപ്പിച്ച ഫ്റെയ്മോടുകൂടി കമിഴ്ന്ന് വീണു. ജനൽപ്പടിയിൽ പിടിമുറുക്കി ബെർമാൻ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു. കെട്ടിടത്തിൻറെ തായ്‌വേരുകളറ്റു…. അന്യരക്തത്തിനു നേരെ ശരീരത്തിൻറെ ആന്തരികാവയവങ്ങളെ പോലെ അതിൻറെ അന്തേവാസികൾ പ്രക്ഷുബ്ദരായപ്പോൾ അടുത്ത തിരയിലത് മുങ്ങിത്താഴുകയും ചെയ്തു. തിരശ്ചീനത്തിൽ നിന്നല്പം ചെരിഞ്ഞ് താഴെയെവിടെയോ അത് നിശ്ചലമായി. ബെർമാൻ വീണിടത്ത് നിന്നെഴുന്നേറ്റു. വിളക്ക് കത്തിച്ചു. കാൻവാസിൻറെ മൂല വ്രണപ്പെട്ടിരുന്നു. ചായങ്ങൾ അൽപ്പാൽപ്പം തുളുമ്പി നിലത്ത് വീണിരുന്നു. പുറത്ത് ജലത്തിൻറെ കൊലവിളി തുടർന്നു. ചിത്രത്തിന് രൂപം കൊടുക്കാൻ ബെർമാൻ കാൻവാസിന് മുന്നിലിരുന്നു. വിളറിയ മഞ്ഞയ്ക്ക് പിന്നിൽ ആ കാൻവാസ് മറ്റെല്ലാം മറന്നു. ഇളംചുവപ്പ് നിറത്തിൽ കാൻവാസിന് കുറുകെ ഒരു തരംഗം മനസ്സിൽ കണ്ട് ബെർമാൻ തൂലികയെടുത്തു. എവിടെനിന്നെന്നറിയാതെ ഒരു ചുവന്ന സൂചി കാൻവാസിൻറെ മുകളറ്റത്ത് തറച്ചു. ബെർമാൻ പരിഭ്രാന്തിയോടെ എഴുന്നേറ്റു. : പിന്നിലെ ചുവരിൽ ഒരു സുഷിരം! കാൻവാസ് കൂടുതൽ നനയുന്നതിനു മുൻപ് അയാൾ സമചിത്തത നേടി. ചായങ്ങളുടെ ഒരു ചേരുവ കൊണ്ട് അയാൾ ആ സുഷിരം അടച്ചു. ഒരു നിമിഷം കാത്ത്, വീണ്ടും കാൻവാസിനെ സമീപിച്ചു. “ഭയപ്പെടരുത് …എൻറെ ചിത്രം വരച്ചുതീർത്തേ ഞാനുറങ്ങു” ബ്രഷ് കാൻവാസിലെത്തിയില്ല… വെള്ളത്തിൻറെ അടുത്ത സൂചി എതിരെ നിന്ന് നെറ്റിയിൽ തറച്ചു…: മുന്നിൽ, കാൻവാസിന് മുകളിൽ ഒരു സുഷിരം.! ചായങ്ങൾ വീണ്ടും വെള്ളത്തെ നേരിട്ടു.. സൂചി പിൻവാങ്ങി. മനസ്സ് ചഞ്ചലമാവാതിരിക്കാൻ ശ്രദ്ധിച്ച്, നാല് ചുവരിലും ശത്രുവിനെ കാത്ത് അയാൾ നിന്നു. “നീ ഏതു മാർഗ്ഗത്തിലൂടെയും വരിക…കഴിയുമെങ്കിൽ നീ ബെർമാനെ തോൽപ്പിക്കുക” വെള്ളം സംശയിച്ചു . അപസ്മാരത്തിൻറെ പിടിയിലെന്ന പോലെ നുരയുകയും പതയുകയും ചെയ്ത് അതെന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. കണ്ണാടി ജനലുകൾക്കും ചുമരുകൾക്കും അപ്പുറത്തല്ലാതെ അതിനെ മുഖാമുഖം കാണണമെന്ന് അയാൾക്ക് ആഗ്രഹമുണ്ടായിരുന്നു. “ എന്നിട്ട് നിൻറെ മുഖത്തേയ്ക്ക് ഞാനീ ചിത്രം എറിഞ്ഞുതരാം…. നിനക്ക് അതിനോട് ഒന്നും ചെയ്യാൻ … ……!” വാക്യം മുഴുവനാക്കാതെ അയാൾ നിർത്തി., മുറിയിൽ പ്രകാശം കുറഞ്ഞത് അയാൾ ശ്രദ്ധിച്ചു.,ഭയപ്പാടോടെ – നാല് ചുമരുകളിലും ഒരേസമയം ഭാവപ്പകർച്ച നിഴലിച്ചു. അവരുടെ മുഖം മങ്ങി – കാൽക്കീഴെ നിലം, മുകളിലുള്ള ഭാരങ്ങൾക്ക് വഴങ്ങിക്കൊണ്ടിരുന്നു. കാൻവാസിലേയ്ക്ക് ഇനിയൊരു തവണ നോക്കാൻ ധൈര്യമില്ലാതെ, വിറയ്ക്കുന്ന ശരീരവുമായി ബെർമാൻ നിന്നു. അസാധാരണമായ ഒരു ഗന്ധം ആ മുറിയിൽ നിറഞ്ഞു. തണുപ്പിൻറെ ശക്തമായ ഒരു വല അയാളെയും കാൻവാസിനേയും പൊതിഞ്ഞു. ചായക്കൂട്ടുകളുടെ പാത്രം ബെർമാൻറെ കൈയിൽ നിന്ന് ഊർന്നു വീണു. അടുത്ത നിമിഷം, കഠിനമായ ഒരദ്ധ്വാനത്തിനു ശേഷം, ആ നാല് ഭിത്തികളും ഒരേസമയം വിയർപ്പിൽ കുളിച്ചു–