Sunday, August 18, 2019

സാഹിത്യവാരഫലം --ഭാഷയും ഭാഷ്യവും

സാഹിത്യ വാരഫലം എന്തുകൊണ്ടു ചര്‍ച്ച ചെയ്യപ്പെടുന്നില്ല ?
ഇരുപത്തിയേഴ് വര്‍ഷങ്ങളിലൂടെ മലയാളികളായ വായനക്കാരുടെ  ശീലമായി മാറിക്കഴിഞ്ഞ ഒന്നാണ് സാഹിത്യ വാരഫലം . നല്ലതെന്ന് തനിക്ക് തോന്നുന്ന സാഹിത്യത്തെ താലോലിച്ചും അല്ലാത്തവയെ ആക്രമിച്ചും എം.കൃഷ്ണന്‍ നായർ കൊണ്ടുനടത്തുന്ന ഈ പംക്തി കാര്യമായ ഒരു വിലയിരുത്തലിനും വിധേയമായി കണ്ടിട്ടില്ല. പൈങ്കിളി സാഹിത്യമെന്നറിയപ്പെടുന്ന സാഹിത്യ ശാഖയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃഷ്ണന്‍ നായരോടും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളോടും വെറുപ്പാണ് . ആധുനിക -അത്യന്താധുനിക-ആധുനികോത്തര ശാഖകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പുച്ഛവും.ഈ രണ്ടു തീവ്രവാദ സംഘങ്ങളിലും പെടാതെ,വായനക്കാരെക്കൊണ്ട് നല്ലതും ചീത്തയും പറയിക്കാതെ കാലയാപനം നടത്തുന്ന മദ്ധ്യവര്‍ഗ സാഹിത്യകാ രന്മാരും ഭാഷയില്‍ വേണ്ടുവോളമുണ്ട്.എന്നിട്ടും,ഗൌരവ ബോധത്തോടെ നടത്ത പ്പെടുന്ന സെമിനാറുകളിലോ യോഗങ്ങളിലോ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ അപ്പൊഴപ്പോള്‍ അരങ്ങേറുന്ന ചര്‍ച്ചകളിലോ വാരഫലം ഒരു വിഷയമായി കണ്ടി ട്ടില്ല .
                                 ഓ.വി.വിജയന്‍റെ നോവലുകളും മാധവിക്കുട്ടിയുടെ കഥകളും വായിക്കുന്ന താത്പര്യത്തോടെ തന്നെ അവയെക്കുറിച്ച് കെ.പി.അപ്പനോ ആഷാമേ നോനോ എഴുതുന്ന നിരൂപണ ലേഖനങ്ങളും വായിക്കുന്നവനാണ് മലയാളി വായന ക്കാരന്‍ .ഒരു പടി കൂടി കടന്ന് കെ.പി.അപ്പന്‍റെ  നിരൂപണ സമ്പ്രദായത്തെ കുറിച്ചും ആഷാമേനോന്‍റെ ശൈലിയിലെ ഭാഷാപരമായ വ്യതിരിക്തതയെ കുറിച്ചും നമ്മള്‍ വായിക്കാറുണ്ട്.നാട്ടുനടപ്പില്‍ നിന്ന് വഴി മാറിയ ശൈലിയും അഭിപ്രായങ്ങളുമാ യി, ഏകദേശം മൂന്നു പതിറ്റാണ്ടുകളായി,വാരം തോറും നമ്മുടെ മുന്നിലെത്തുന്ന 'വാരഫല'ത്തിലെ ലേഖനങ്ങളെ കുറിച്ച്  എന്തെങ്കിലുമൊന്നു പറയണമെന്ന് നമുക്ക് തോന്നാത്തതെന്ത്?
                                  കുഞ്ചന്‍ നമ്പ്യാരെ  ഭാഷാ സാഹിത്യത്തിലെ കോമാളിയായി കരുതിയ കുട്ടികൃഷ്ണ മാരാരും നമ്പ്യാരുടെ വാങ്മയ ചിത്രങ്ങള്‍ അത്യുജ്ജ്വലങ്ങ ളെന്നു വിശ്വസിച്ച എം.ആര്‍.നായരും ജി.യുടെ കവിതകള്‍ സാഹിത്യ ഗുണം കുറ ഞ്ഞ ബുദ്ധിവ്യായാമങ്ങളാണെന്നു കരുതിയ മുണ്ടശ്ശേരിയും പ്രതിഭാധനനായ കവിയാണ്‌ ജി. എന്ന് വിശ്വസിച്ച എന്‍.വി.യും ഒരു വളച്ചെട്ടിയെക്കാളേറെ 'വളവള' കളും തൂക്കി നടക്കുന്ന 'കോരപ്പുഴ'യെന്നു  ചങ്ങമ്പുഴയെ പരിഹസിച്ച എം.ആര്‍.നായരും അഭൌമമായ അന്തരീക്ഷത്തിലേയ്ക്ക് വായനക്കാരനെ ഉയര്‍ത്തുന്ന അദ്ഭുതമാണ്‌ ചങ്ങമ്പുഴക്കവിത എന്ന് വിശ്വസിക്കുന്ന കൃഷ്ണന്‍ നായരും നമുക്ക് ഒരുപോലെ സ്വീകാര്യരാണ്‌.കൃഷ്ണന്‍ നായരെഴുതുന്ന വാരഫല വും വാരഫലമെഴുതുന്ന കൃഷ്ണന്‍ നായരും,പക്ഷേ, എന്നോ എവിടെയോ നടക്കു ന്ന  ചില പ്രഭാഷണങ്ങളില്‍ ഒറ്റപ്പെട്ട ശകാരങ്ങളില്‍ മാത്രം വിലയിരുത്തപ്പെടുന്നു. എന്താവാം കാരണം?എഴുത്തുകാരിലാരുടേയും ശ്രദ്ധ പിടിച്ചു പറ്റാന്‍ വാരഫല ത്തിന് കഴിയുന്നില്ല എന്ന് പറഞ്ഞുകൂട .അറിയപ്പെടുന്ന എഴുത്തുകാരുടെ നാടക ങ്ങളിലും കഥകളിലും കാര്‍ട്ടൂണുകളിലും കൃഷ്ണന്‍ നായരുടെ ശൈലിയില്‍ നടക്കു കയും സംസാരിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളെ കണ്ടിട്ടുണ്ട്. പരോക്ഷമായി അദ്ദേഹത്തെ പരിഹസിക്കാനോ വിമര്‍ശിക്കാനോ ആ വഴിക്ക് അവര്‍ മുതിര്‍ന്നി ട്ടുമുണ്ട്.മലയാളത്തിലെ സകല സമസ്ത പദങ്ങളും വിഗ്രഹിച്ച് അര്‍ ത്ഥം പറയുന്ന 'ചാത്തമംഗലത്തെ കിട്ടനെ' പറ്റി സാക്ഷാല്‍ വി.കെ,എന്നും പറഞ്ഞിട്ടുണ്ട്. 'കൃഷ്ണന്‍'  ലോപിച്ചിട്ടാണ് 'കിട്ടന്‍' ആയത് എന്നൊരഭിപ്രായമുണ്ട്.ഇത് ശരിയല്ല എന്നാണു വി.കെ,എന്‍. പറയുന്നത്.'പൊട്ടന്‍' ലോപിച്ചിട്ടാണത്രെ 'കിട്ട'നായത്. 
                                    ' ലിറ്റററി ജേണലിസം' മാത്രമാണെന്ന് കൃഷ്ണന്‍ നായര്‍ തന്നെ ചെറുതായി കാണുന്ന വാരഫലം ഗൌരവത്തോടെയുള്ള ഒരു പഠനം അര്‍ഹിക്കു ന്നില്ല എന്ന് വരുമോ? ഏതെങ്കിലും സാഹിത്യകൃതിയെ കുറിച്ചോ എഴുത്തുകാരനെ കുറിച്ചോ സമഗ്രമായ പഠനം സാഹിത്യ വാരഫലത്തില്‍ കാണാറില്ല എന്നത് സത്യം. ഉത്തരക്കടലാസ് പരിശോധിക്കുന്ന ഒരു പരീക്ഷകന്‍ ചെയ്യുന്നതില്‍ കവിഞ്ഞൊന്നും കൃഷ്ണന്‍ നായര്‍ ചെയ്യാറില്ല. കമ്പോള നിലവാരം പോലെയോ  സിനിമാ നിരൂപ ണം പോലെയോ ഉള്ള ഈ പ്രതിവാര റിപ്പോര്‍ട്ടിന് ഭാഷയില്‍ ചരിത്രപരമായ ദൌത്യമേതും നിര്‍വഹിക്കാനില്ല എന്ന് വേണമോ മനസ്സിലാക്കാന്‍?
                                     ഏതു ഭാഷയിലേയും സാഹിത്യത്തിന്‍റെ നിലനില്‍പ്പും പുരോ ഗതിയും എഴുത്തുകാരന്‍റേയും വായനക്കാരന്‍റേയും സജീവ സാന്നിദ്ധ്യത്തിലാണ് വേരൂന്നുന്നത്.ഒരു പക്ഷം അരങ്ങത്തും മറ്റേത് അമുഖമായ സദസ്സിലുമാണ്. സദ സ്സിന്‍റെ പ്രതികരണം പലപ്പോഴും ഒരു കൈയടിയിലോ ചൂളം വിളിയിലോ അവസാനിക്കും.അല്ലെങ്കില്‍ പത്രാധിപര്‍ക്കുള്ള കത്തുകളിലെ ഒരു കുറിപ്പില്‍ വായനക്കാരന്‍ എഴുത്തുകാരനായി മുഖം കാണിക്കും.കാര്യകാരണങ്ങളോടെയു ള്ള  ഒരു വിശകലനമോ ഇഴ പിരിച്ചുള്ള അപഗ്രഥനമോ അവന്‍റെ ലക്ഷ്യമല്ല-ചുമതലയുമല്ല.ഒരു സാഹിത്യ സൃഷ്ടി തന്‍റെ അന്തര്‍ മണ്ഡലങ്ങളില്‍ സൃഷ്ടിക്കുന്ന അനുരണനങ്ങളില്‍ അബോധമായി അഭിരമിക്കുക അല്ലെങ്കില്‍ അവയ്ക്കെതിരെ പ്രക്ഷുബ്ധ നാവുക മാത്രമാണവന്‍റെ കടമ.അവന്‍റെ മനസ്സില്‍ എന്തു നടക്കുന്നു എന്ന് കണ്ടെത്തി അവനെ അറിയിക്കേണ്ടത്,എഴുത്തുകാരന്‍റെ,നിരൂപകന്‍റെ ബാദ്ധ്യത യാണ് .ഖസാക്കിന്‍റെ ഇതിഹാസവും ഭാഷയില്‍ അതിന്‍റെ സ്ഥാനം ഉറപ്പിച്ചത് അതി നെക്കുറിച്ചുള്ള പഠനങ്ങളിലൂടെയാണ്.എഴുത്തുകാരന്‍ ബാഹ്യ ശരീരമാണെങ്കില്‍ വായനക്കാരന്‍ അവന്‍റെ സമസ്ത വ്യാപാരങ്ങളേയും നിയന്ത്രിക്കുന്ന ആന്തരിക ഘടനയാണ്.പരോക്ഷത്തിന്‍റെ സഹകരണമില്ലാതെ പ്രത്യക്ഷത്തിനു നിലനില്‍പ്പില്ല. സാഹിത്യ വാരഫലത്തിന്‍റെ സ്വഭാവത്തെ കുറിച്ച്,സാദ്ധ്യതകളെ കുറിച്ച്, പ്രസ ക്തിയെ കുറിച്ച്,പരിമിതികളെ കുറിച്ച് അനുകൂലിച്ചാവട്ടെ മറിച്ചാവട്ടെ എന്തെ ങ്കിലും പറയേണ്ടതുണ്ടെന്ന് നമ്മുടെ എഴുത്തുകാര്‍ക്ക് തോന്നാതിരുന്നത് ,ബോധ പൂര്‍വമല്ലാത്ത ഒരു വീഴ്ചയായി എനിക്ക് തോന്നുന്നു. 

സാഹിത്യ വാരഫലം ഇരുപത്തെട്ടാം വര്‍ഷത്തിലും ആരോഗ്യത്തോടെ നില നില്‍ക്കുന്നതെങ്ങനെ ?
   
നിലവാരമുള്ള  ഒരു  വാരികയിലാണ്‌ വാരഫലം ജന്മമെടുത്തത്.രണ്ടു തവണ രംഗം മാറിയിട്ടും അത് നിലനില്‍ക്കുന്നതും അത്തരമൊരു പ്രസിദ്ധീകരണത്തി ലാണ്.ഒരു വ്യക്തി മാത്രം കൈകാര്യം ചെയ്തിട്ടും ആ  വ്യക്തിയുടെ അഭിപ്രായങ്ങ ളെ  മാത്രം അവലംബിച്ചു നിന്നിട്ടും സമകാലീന എഴുത്തുകാരില്‍,ഒരു പക്ഷേ, എല്ലാവരുടെയും മുഷിപ്പ് സമ്പാദിച്ചിട്ടും ഈ പംക്തി ജീവിക്കുന്നു-അതുള്‍ക്കൊ ള്ളുന്ന പ്രസിദ്ധീകരണത്തിന്‍റെ പ്രചാരത്തെ അനുകൂലമായി സ്വാധീനിച്ചുകൊണ്ട് തന്നെ. വാരികയുടെ വായന വാരഫലത്തിന്‍റെ പേജില്‍ തുടങ്ങുന്ന ഒട്ടേറെ പേരുണ്ട്. ഇക്കൂട്ടര്‍ വായിക്കുന്നത് ഈ ലേഖനങ്ങളിലെ നേരമ്പോക്കുകളും വിചിത്രങ്ങളായ നിര്‍വചനങ്ങളും ചോദ്യോത്തരങ്ങളും സ്വകാര്യ സംഭാഷണങ്ങളിലെ സ്വകാര്യത കളഞ്ഞ് കൃഷ്ണന്‍ നായര്‍ അവതരി പ്പിക്കുന്ന പരദൂഷണങ്ങളും മാത്രമാണെന്ന വാദം പൂര്‍ണമായും ശരിയല്ല.ഓരോ ലേഖനവും ആദ്യാവസാനം വായിക്കുമ്പോള്‍ പുത്തനായ അറിവിന്‍റെ ഒരു ചെറിയ അംശം സ്വായത്തമാക്കാനാവുന്നുണ്ടെന്നു കരുതുന്നവരാണ് കൂടുതല്‍. വിശ്വസാഹിത്യത്തിലെ ശ്രദ്ധേയങ്ങളായ കൃതികളെ അവയുടെ മൂല്യ നിര്‍ണ്ണയത്തിനു സഹായകമാവാത്ത വിധം സംഗ്രഹിച്ച് അവത രിപ്പിക്കുക വഴി വികലമായ ഒരാസ്വാദക സംസ്കാരത്തെയാണ് കൃഷ്ണന്‍ നായര്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന വാദത്തിലും സത്യത്തിന്‍റെ അംശമേയുള്ളൂ. സാഹിത്യ ത്തെ ഗൌരവത്തോടെ സമീപിക്കുന്ന, സര്‍ഗ ശക്തിയുള്ള ഒരെഴുത്തുകാരനേയും കൃഷ്ണന്‍ നായരുടെ അഭിപ്രായങ്ങള്‍ സ്വാധീനിക്കില്ല.മറിച്ച്,ഏതെങ്കിലും ചേരി യില്‍ അംഗമാകണമെന്ന നിര്‍ബന്ധമില്ലാത്ത സാധാരണ വായനക്കാരന് ഉത്തമ സാഹിത്യത്തിലേയ്ക്കുള്ള ഒരു കിളിവാതിലായി പ്രവര്‍ത്തിക്കാന്‍ അതിനു കഴി യുന്നുമുണ്ട്.'ഡോറിയന്‍ ഗ്രേ'യുടെ കഥാസംഗ്രഹമോ അന്നാകരനീനയിലെ കഥാ സന്ദര്‍ഭങ്ങളോ നേരിട്ടുള്ള അദ്ധ്വാനം കൂടാതെ ഒരാള്‍ മനസ്സിലാക്കിയെടുക്കുന്നെ ങ്കില്‍ ‍ അത് നമ്മെ അലോസരപ്പെടുത്തേണ്ടതില്ല.എഴുത്തുകാരനല്ലാത്ത ഈ വായന ക്കാരന്‍റെ അഭിപ്രായ രൂപീകരണത്തിലും കൃഷ്ണന്‍ നായര്‍ എന്തെങ്കിലും സ്വാധീ നം  ചെലുത്തുന്നു എന്നു പറഞ്ഞുകൂട.വാരഫലത്തിന്‍റെ വായനക്കാര്‍, കൃഷ്ണന്‍ നായരുടെ അഭിപ്രായങ്ങളെ, സ്വകാര്യ സംഭാഷണങ്ങളില്‍, അദ്ദേഹത്തിന്‍റെ തന്നെ അഭിപ്രായങ്ങളായി ഉദ്ധരിക്കുന്നതായിട്ടാണ് അനുഭവം.മുണ്ടശ്ശേരി,മാരാര്‍, അഴീ ക്കോട്, കെ. പി. അപ്പന്‍  , ആഷാമേനോന്‍ തുടങ്ങി പലരുടേയും ചിന്താസരണികളെ സ്വയംവരിച്ച വായനക്കാര്‍ ഏറെയുണ്ട്.ഇങ്ങനെ ഒരനുയായി വൃന്ദം കൃഷ്ണന്‍ നായര്‍ക്ക് സ്വന്തമായി അവകാശപ്പെടാനാവില്ല.ഇത് ഒരു നിരൂപകന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്‍റെ കഴിവാണോ കഴിവുകേടാണോ എന്നതും വിവാദ വിഷയമാകാം.വിദ്യാര്‍ത്ഥികളില്‍ ചിന്താശക്തിയുടെ തീപ്പൊരി സൃഷ്ടിച്ച് പിന്‍വാ ങ്ങുന്നവനാണ്,അവരെ സ്വന്തം വിശ്വാസത്തിന്‍റെ പാതയിലൂടെ കണ്ണും കെട്ടി നടത്തുന്നവനല്ല യഥാര്‍ത്ഥ അദ്ധ്യാപകന്‍ എന്നു വായിച്ചിട്ടുണ്ട്.സമാനമായ ഒരു നിര്‍വചനത്തിന്‍റെ സഹായത്തോടെ കൃഷ്ണന്‍ നായരുടെ രീതിയേയും സാധൂകരി ക്കാം.
                                          കൃഷ്ണന്‍ നായരുടെ ഇഷ്ടാനിഷ്ടങ്ങള്‍ വായനക്കാര്‍ക്ക് സംശയമുണ്ടാവാത്ത വിധം വ്യക്തങ്ങളാണ്.സ്വന്തം ശരിയിലുള്ള അസന്ദിഗ്ദ്ധ മായ വിശ്വാസമാവാം കാരണം,ഒരു പ്രത്യേക അര്‍ത്ഥത്തില്‍ ശക്തമാണദ്ദേഹ ത്തിന്‍റെ ഭാഷ .വ്യക്തമായ കാഴ്ചപ്പാട്, കരുത്തുള്ള ഭാഷ, നിരന്തരമായ സാന്നിദ്ധ്യം, വളരെയേറെ വായനക്കാര്‍-ഒരു ചിന്താരീതിയുടെ പ്രയോക്താവായി എന്നിട്ടും കൃഷ്ണന്‍ നായര്‍ മാറാതിരുന്നതെന്തു കൊണ്ട് എന്നന്വേഷിക്കേണ്ടതാണ്.
                                          സാഹിത്യസംബന്ധിയും അല്ലാത്തതുമായ വിഷയങ്ങളെ പറ്റി കൊച്ചു കൊച്ചു കഥകളുടെ അകമ്പടിയോടെ വാരം തോറും കൃഷ്ണന്‍ നായര്‍ ഒരുക്കുന്ന 'കൊളാഷി'ന്‍റെ ഘടന തന്നെയാണ് ഇതിന്‍റെ പ്രചാരത്തിന്‍റെ മുഖ്യകാ രണം. വാരഫലത്തിന്‍റെ വായനക്കാരന് ഒരു തയ്യാറെടുപ്പ്  ആവശ്യമില്ല. ലളിതമായ അതിന്‍റെ ശൈലി ഒരു രണ്ടാം വായന പോലും ആവശ്യപ്പെടുന്നില്ല.ഈ ലാളിത്യവും കഥാസമൃദ്ധിയും അവ ഇഷ്ടപ്പെടുന്ന വായനക്കാരുമാണ്  സാഹിത്യ വാരഫലത്തെ നിലനിര്‍ത്തുന്നത്.

സാഹിത്യ വാരഫലം ഭാഷയുടെ അംഗീകാരമോ അഭിനന്ദനമോ അര്‍ഹിക്കുന്നു ണ്ടോ?
                            ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരം പംക്തികള്‍ മിക്കവാ റും  കൈകാര്യം ചെയ്യാറുള്ളത് ഒന്നിലേറെ എഴുത്തുകാരാണ്.നിയന്ത്രണാതീതമായ ചുറ്റുപാടുകളിലൊഴികെ ഒരിക്കലും വീഴ്ച വരുത്താതെ ഇരുപത്തേഴു കൊല്ലം പരസഹായമില്ലാതെ ഒരു പംക്തി കൊണ്ടുനടന്നു എന്ന ഒറ്റ കാര്യത്തിനു തന്നെ നാം കൃഷ്ണന്‍ നായരെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.അദ്ദേഹത്തിന്‍റെ അഭിപ്രായ ങ്ങളോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം പക്ഷേ,നല്ല സാഹിത്യത്തി ന്‍റെ പക്ഷം ചേര്‍ന്നുകൊണ്ടുള്ള ആ പ്രയത്നത്തിന്‍റെ വ്യാപ്തത്തെ മാത്രം മാനിച്ചെ ങ്കിലും നാം നമ്മുടെ കടപ്പാട് അറിയണം -വ്യക്തമാക്കണം.
                                    അതത് വാരങ്ങളില്‍ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണങ്ങളിലെ കഥകളേയും കവിതകളേയും ലേഖനങ്ങളേയും മാത്രം മിക്കവാറും ആശ്രയിച്ചു കൊണ്ടുള്ള ആദ്യകാല ഘടനയില്‍ നിന്ന് അതേറെ മാറിയിട്ടുണ്ട്. അഭിപ്രായങ്ങ  ളുടെയോ നുറുങ്ങു കഥകളുടെയോ ചിലപ്പോള്‍ കാണാറുള്ള ആവര്‍ത്തനമോ കയറ്റങ്ങളോ ഇറക്കങ്ങളോ ഇല്ലാത്ത,സവിശേഷതകളില്ലാത്ത, ഭാഷാ ശൈലിയോ അതിന്‍റെ പാരായണക്ഷമത കുറയ്ക്കുന്നില്ല.ഒരു വൈയാകരണന്‍റെ കാര്‍ക്കശ്യ ത്തോടെ ഭാഷയിലെ എഴുത്തുകാരുടെ തെറ്റായ പദപ്രയോഗങ്ങളെ കുറിച്ചും വ്യാകരണപ്പിശകുകളെ കുറിച്ചും ഉച്ചാരണ വൈകല്യങ്ങളെ കുറിച്ചും വിസ്തരി ക്കുന്ന കൃഷ്ണന്‍ നായരുടെ ലേഖനങ്ങള്‍,നിരൂപണ ലേഖനങ്ങള്‍ വായിക്കുന്നതില്‍ വൈമനസ്യം കാണിക്കാറുള്ള സാധാരണ വായനക്കാരന്‍,തള്ളി ക്കളയുന്നതിനു പകരം,രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണുണ്ടായത്. വായനക്കാരുടെ ഒരു പുതിയ സമൂഹത്തെ വാര്‍ത്തെടുത്തതിനു നാം കൃഷ്ണന്‍ നായരോട് നന്ദി പറയണം.
                                 സുഗതകുമാരിയെ പോലെ അംഗീകരിക്കപ്പെട്ട ഒരെഴുത്തു കാരിയുടെ/എഴുത്തുകാരന്‍റെ ഒരു കൃതിയുടെ കലാപരമായ മേന്മയെ പൂര്‍ണ മനസ്സോടെ വാഴ്ത്തുമ്പോള്‍ തന്നെ മറ്റൊന്നിന്‍റെ പരാജയത്തെ നിശിതമായി വിമര്‍ശിക്കാന്‍ ധൈര്യം കാണിക്കുന്ന കൃഷ്ണന്‍ നായരുടെ സ്വഭാവവും വാരഫ ലത്തെ മറ്റു നിരൂപണ ലേഖനങ്ങളില്‍ നിന്ന് വേറെ നിര്‍ത്തുന്നു.  ഇത്തരത്തിലൊരു നിഷ്പക്ഷത തീരെയില്ലെന്നു പറഞ്ഞുകൂടെങ്കിലും ഭാഷയിലെ നിരൂപകരുടെ ഒരു പൊതുസ്വഭാവമാണെന്നു കരുതുക വയ്യ.വ്യക്തി ബന്ധങ്ങള്‍, വാരഫലമെഴുതു മ്പോള്‍ ഒരിക്കലും കൃഷ്ണന്‍ നായരെ സ്വാധീനിക്കാറില്ല എന്നു വിവക്ഷയില്ല. സാഹിത്യ വാരഫലത്തിന്‍റെ പോരായ്മകളെ കുറിച്ചൊരന്വേഷണം ഈ ലേഖന ത്തിന്‍റെ ഉദ്ദേശ്യമല്ല എന്നു മാത്രം കരുതിയാല്‍ മതി.കേരളീയ സാംസ്കാരിക ത്തനിമയുടെ മുഖമുദ്രകളായി നാം വാഴ്ത്താറുള്ള കഥകളിയുടെ വേഷവിധാന ങ്ങളിലോ കൈകൊട്ടിക്കളിയുടെ ചുവടുകളിലോ അഭംഗിയുടെ ഒരംശമുണ്ടെന്ന് തുറന്നെഴുതാനുള്ള ചങ്കൂറ്റത്തെ അഭിനന്ദിക്കാന്‍ കഴിയണം. അപ്പോഴും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളോട് നമുക്ക് വിയോജിക്കാം.
                                   ലേഖനങ്ങള്‍ക്കുള്ള എഴുത്തുഭാഷയുടെ നിര്‍വചിക്കപ്പെട്ട ഗാംഭീര്യത്തേയും മാന്യതയേയും നോവിപ്പിക്കുന്ന പദപ്രയോഗങ്ങള്‍ വാരഫല ത്തില്‍ കാണാറുണ്ട്.'പീറ', 'പറട്ട', 'ഉഡാന്‍സ്' തുടങ്ങിയ പദങ്ങള്‍ കൊണ്ട് സാഹിത്യ കൃതികളെ വിലയിരുത്തുന്ന രീതി ശരിയോ എന്നത് മറ്റൊരു വിഷയം.('ആഭാസത്തിലാറാടിയ ഈ പീറക്കഥ വായിച്ച് ഞാന്‍ ലജ്ജിക്കുന്നു')    'ചൂര്', 'ചെത്തം' തുടങ്ങി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നാടന്‍ പദങ്ങളെ പുനരുദ്ധാരണം ചെയ്യാനുള്ള ഒരു ശ്രമം ഭാഷാസ്നേഹികളായ എഴുത്തുകാരില്‍ കാണാറുണ്ട്.സംസാര ഭാഷയിലെ കരുത്തുള്ള ചില വാക്കുകള്‍ക്ക്, പ്രയോഗ ങ്ങള്‍ക്ക് എഴുത്തു ഭാഷയിലേയ്ക്ക് സ്ഥാനക്കയറ്റം കൊടുക്കാന്‍ ഒരാള്‍ ഒരുമ്പെ ട്ടാല്‍ അയാളോടും നമുക്ക് മതിപ്പ് തോന്നേണ്ടതല്ലേ? നിയതമായ ഒരു ചട്ടക്കൂടില്ലാ ത്തതു കൊണ്ട് ശൈലിയില്‍ മാത്രമല്ല വിഷയസ്വീകരണത്തിലും കൃഷ്ണന്‍ നായര്‍ക്ക് അനന്തമായ സ്വാതന്ത്ര്യമുണ്ട്.ഒരു ഖണ്ഡികയില്‍ കാരൂരിന്‍റെ ചെറുകഥ യെ കുറിച്ചും അടുത്തതില്‍ പി.ടി.ഉഷയുടെ ഓട്ടത്തെ കുറിച്ചും അതിനടുത്തതില്‍ പ്രപഞ്ചോല്‍പ്പത്തിയിലെ സ്ഫോടനത്തെ കുറിച്ചും എഴുതാന്‍ കഴിയുന്ന ഈ രീതി അദ്ദേഹത്തിന്‍റെ തന്നെ കണ്ടുപിടുത്തമാണ്.നിരൂപണ ലേഖനങ്ങളെ, പഠനവിധേയ മാക്കാവുന്ന,സാഹിത്യകൃതികളില്‍ നിന്നുരുത്തിരിഞ്ഞ, സ്വതന്ത്ര സൃഷ്ടികളായി കാണാന്‍ ഭാഷയിലെ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഇന്ന് കഴിയുന്നുണ്ട്. സാഹിത്യവാരഫലം കൃഷ്ണന്‍ നായരുടെ സാഹിത്യ സൃഷ്ടിയാണ്.സമകാലീന സാഹിത്യത്തിന്‍റെ ഒരു പരിച്ഛേദം എപ്പോഴും ഉള്‍ക്കൊള്ളുന്നതു കൊണ്ട് ഭാവിയി ലെ സാഹിത്യ വിദ്യാര്‍ ത്ഥികള്‍ക്കും ഈ ലേഖനങ്ങള്‍ ഗുണം ചെയ്യും.
                                സവിശേഷതകളുള്ള, വായനക്കാര്‍ ഇഷ്ടപ്പെടുന്ന, ഈ നിരൂപണ ലേഖനങ്ങളേയും ഇവയുടെ കര്‍ത്താവിനേയും മലയാളം അറിഞ്ഞാദരിക്കേണ്ടി 
യിരിക്കുന്നു. 
(തുഞ്ചന്‍ സ്മാരക ട്രസ്റ്റ് പ്രസിദ്ധീകരണമായിരുന്ന 'മാതൃഭാഷ' യുടെ 1998 ജൂണ്‍- ജൂലൈ-ആഗസ്റ്റ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് )                                     
  










Friday, April 5, 2019

                                    മരണത്തിന്റെ മാമൂൽ  

തറവാട്ടുവളപ്പിൽ, തെക്കേ തൊടിയിൽ ,ചെടിപ്പടർപ്പുകൾ മാറ്റി ദീർഘചതുരാകൃതിയിൽ കുഴിയെടുത്തിരുന്ന  സ്ഥലത്തേയ്ക്ക് നടക്കുമ്പോൾ എല്ലാവരുടെ മനസ്സിലും ആ തോന്നൽ ഉണ്ടായിരുന്നു. :
“ഒരു പന്ത്യല്ലായ…..!”
ചെറിയ മുത്തശ്ശിയുടെയും വലിയ മുത്തശ്ശിയുടെയും ശവസംസ്കാരത്തിന് ഇങ്ങനെയായിരുന്നില്ല .
എവിടെയോ എന്തോ ശരിയല്ലാതെയുണ്ട്..
ആരും ചോദിച്ചില്ല - പറഞ്ഞില്ല- കുഴപ്പം എന്താണെന്ന് ആർക്കും മനസ്സിലായുമില്ല….
“ശശി മരിച്ച്ട്ട് ല്യലൊ ..! പിന്നെങ്ങന്യാ….?”
ഗോവിന്ദമ്മാമയുടെ, പൊടുന്നനെയുള്ള കണ്ടെത്തലിൽ, അന്തരീക്ഷം ഒന്ന് നടുങ്ങി.
എല്ലാവരും ശശിധരൻ നായരെ നോക്കി.
പെട്ടെന്നുണ്ടായ പകപ്പിൽ നായർ താഴെ പുല്ലിലിരുന്നു.
നിശ്ചലപ്രകൃതിയിൽ നിശബ്ദത താഴ്ന്നുനിറഞ്ഞു.
ശവക്കുഴി ഈർപ്പം മാറാതെ കിടന്നു. മഴയ്ക്ക് മുൻപെന്ന പോലെ വായുവിൽ ചൂട് വിങ്ങി.
നിരർത്ഥകമായി നീണ്ടുപൊയ്ക്കൊണ്ടിരുന്ന മൗനം  അവസാനിപ്പിച്ചുകൊണ്ട് കുട്ടമ്മാമ ചോദിച്ചു:
“നി പ്പൊ എന്താ വേണ്ട് ?”
“എന്താ വേണ്ട് ന്ന് ആലോയ്ക്കാനൊന്നൂല്യ...മടങ്ങി, വീട്ട്ല് യ്ക്കങ്ക്ട് പുവ്വാ ..അത്ര്യന്നെ! ...മരിക്ക്യാതെ ഒരാളെ സംസ്കരിക്യ വയ്യലോ!”
ഗോവിന്ദമ്മാമ വേറെയൊന്നും ആലോചിച്ചില്ല.
കൃഷ്ണമേനോൻ ഇടപെട്ടു:
“അങ്ങനെ അറ്ത്ത് മുറിച്ച് പറയാൻ വരട്ടെ, ഗോയ് ന്ദേട്ടാ...നമ് ക്കൊക്കെ കൂട്യൊന്ന് ആലോയ്ക്യ …”
കുട്ടമ്മാമ തന്നോട് തന്നെയെന്ന മട്ടിൽ പറഞ്ഞു :
“എന്ത് മൊഖോം കൊണ്ടാ നമ്മളങ്ക്ട് കേറിച്ചെല്വാ…? തറവാട്ട്ല് മുമ്പ്ണ്ടായ്ട്ട് ണ്ടോ?”
കേശവൻ നായർ കൃഷ്ണമേനോനെ സമീപിച്ചു.
“അപ്പൊ എന്തേ ങ്ങനെ ഒരബദ്ധം പറ്റാൻ..? ആരും ഒന്നും ആലോയ്ക്യണ്ടായ് ല്യാ ന്ന് ണ്ടോ ?”
“അല്ല ..അതൊരബദ്ധം ന്ന് കൂട്ടിക്കോളൂ ...ശശിധരൻ നായർക്കും ധാരണ അത്ര്യങ്ക്ട് പോയ്ട്ട്ണ്ടാവ്‌ല്യ …..ഉവ്വോ?”
നായർ മിണ്ടിയില്ല.
“വിഷമിച്ച് ങ്ങനെ ഇര്ന്ന്ട്ട് കാര്യല്യ...നിങ്ങളാ എന്തെങ്ക്ലും പറയ്‌ണ്ട്‌ .”
എന്നിട്ടും ശശിധരൻ നായർ മിണ്ടിയില്ല.
പാലക്കാടൻ  വേനൽ മദ്ധ്യാഹ്നത്തിന്റെ വേവ് അന്തരീക്ഷത്തിൽ നിറഞ്ഞുകവിഞ്ഞു.  അല്പം അകലെയായി മരത്തണലുകളിൽ നിന്നിരുന്നവർ മറ്റെന്തൊക്കെയോ ശ്രദ്ധിക്കുന്നതായും സംസാരിക്കുന്നതായും ഭാവിച്ചു. അത്യസാധാരണമായ സന്ദർഭത്തിന്റെ ഊരാക്കുടുക്കുകളിൽ  അവരും പെട്ടുപോയിരുന്നു.
ഒന്നുരണ്ടുപേർ കടന്നുപോകും വഴി വേലിയിറമ്പിൽ നിന്ന് വിളിച്ചുചോദിച്ചു.
“.......സംസ്കാരം കഴിഞ്ഞോ ..?”
കുട്ടമ്മാമ പരിഭ്രമിക്കാതെ, എങ്ങനെയൊക്കെയോ, അവരെ പറഞ്ഞയച്ചു:
“വൈന്നേരം കാണ്‌ണേയ്….!”
“..ആരെങ്ക്ലും വീട്ട്ലിക്ക് ണ്ടോ ?”
എല്ലാവരും ഗോവിന്ദമ്മാമയെ നോക്കി.
ആരുടെയും മുഖത്തേയ്ക്കല്ലാതെ നോക്കിക്കൊണ്ട് ഗോവിന്ദമ്മാമ ബാക്കി പറഞ്ഞു :
“ബടെ നിന്നാ യ്ക്ക് തലേല് വെയർപ്പെറങ്ങും …”
കുട്ടമ്മാമ, എന്തോ പറയാൻ വന്നത് വിഴുങ്ങി, പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:
“ഒന്ന് ക്ഷമിക്ക് ഗോയ്ന്ദാ …”
എന്നിട്ട് , ശശിധരൻ നായരുടെ അടുത്തേയ്ക്ക് നടന്നു:
“കുട്ട്യേയ്..”
ശശിധരൻ നായർ തലയുയർത്തിയില്ല.
“ശശിക്കുട്ടാ,,”
“..അമ്മാമ പറയു…”
“..... കൊഴപ്പൊക്കെ നീയറീണ്‌ ല്യേ ?”
“ ………….”
“...ന്നി പ്പൊ എന്താ ഒരു വഴി..? നീയന്നെ പറ...നെനക്ക് പഠിപ്പും വിവരോക്കില്യേ?”
“......... ഞാൻ ...എന്താ വേണ്ട് ..?”
“എന്താ വേണ്ട്, പറ ...ഈ അവസ്ഥേല് തിരിച്ച് ചെല്ലാൻ പറ്റ്വോ ..?”
“.........................”
“..കുട്ട്യേ..യ്..?”
“അമ്മാമ പറഞ്ഞോളു...ഞാൻ കേക്ക് ണ്ണ്ട് “
“ന്നാ …, അമ്മാമ്യോട് സ്നേഹണ്ട്ച്ചാല് …..”
കുട്ടമ്മാമ കരുതലോടെ വാക്കുകൾ തെരഞ്ഞെടുത്തു..ശബ്ദത്തിൽ, ആവശ്യത്തിലധികം മയം ചേർത്തു.
സന്ധ്യാസമയത്തെ ജലോപരിതലം പോലെ ഒന്നും വെളിപ്പെടുത്താത്ത മുഖഭാവവുമായി നായർ ഇരുന്നു.    
“ന്റെ കുട്ടിക്ക് വിരോധല്യാച്ചാല് …..!”
“ഇല്യാച്ചാല് …..?”
“....... അങ്ക്ട് ...അങ്ക്ട് ..എറങ്ങിക്കെടക്ക് ….അമ്മാമ …… കർമ്മം...കഴിഞ്ഞ് ..മടങ്ങട്ടെ ….”
കാതടപ്പിക്കുന്ന നിശബ്ദതയായിരുന്നു മറുപടി.ഇമ വെട്ടാതെ മുന്നിലേയ്ക്ക് ദൃഷ്ടി പായിച്ച് ശശിധരൻ നായർ ഇരുന്നു.
കുട്ടമ്മാമ, കുനിഞ്ഞ്, മരുമകന്റെ തോളിൽ കൈമർത്തി. ദുർബലമായ ശബ്ദത്തിൽ വിളിച്ചു: “……… ശശിക്കുട്ടാ….”
മുഖവും ശരീരവും ചലിപ്പിക്കാതെ, ഒന്ന് മൂളാതെ ശശിധരൻ നായർ, കുട്ടമ്മാമയുടെ മുഖത്ത് നോട്ടമുറപ്പിച്ചു.
കരയാൻ പോകുന്ന മുഖഭാവവുമായി കുട്ടമ്മാമ മറുപടിക്കായി കാത്തു.
അടുത്തേയ്ക്ക് വരാനിരുന്ന ആരെയോ കൈയുയർത്തി വിലക്കി. പിന്നെ പതുക്കെ മൂളി : “......ങ്...ഊം…. ?”
ഉറച്ച ശബ്ദത്തിൽ ശശിധരൻ നായരുടെ മറുപടി വന്നു:
“സാദ്ധ്യല്ല!”
സ്വന്തം വാ പൊത്തുന്ന മട്ടിൽ കൈയുയർത്തി, കുട്ടമ്മാമ, അമർത്തിപ്പിടിച്ച നിലവിളിയുടെ ശബ്ദത്തിൽ, അപേക്ഷിച്ചു: “കുട്ടീ….”
“പറ്റില്യാന്ന് പറഞ്ഞാ പറ്റില്യാ-അത്ര്യന്നെ …!”
“.......................!”
“ദൊക്കെ ആദ്യം ആലോയ്ക്കായ് ര്ന്നൂ”
“.... സമ്മതിച്ചു കുട്ടീ...ആരേപ്പൊ ങ്ങനെ ഒരബദ്ധം തൊടങ്ങ്യെ ന്ന് അമ്മാമയ്ക്കും നന്ന രൂപല്യ…..ന്നാലും നമ്മള് നാലാളെ മാനിക്കണ്ടേ..? ന്നി നെന്നീം കൂട്ടി മടങ്ങാൻ പറ്റ്വോ? വഴീലും ചുറ്റ്ലും ഒക്കെ അറിഞ്ഞ് ല്യേ ?”
“ന്നാലും ആര്ടീം  തലേല് കളിമണ്ണൊന്ന്വല്ലലോ….നാവെട്ത്തൊന്ന് പറയായ് ര് ന്നൂ ആർക്കായാലും.”
മുതിർന്നവർക്കെതിരെ ഒരു വാക്ക് മിണ്ടാത്ത മരുമകന്റെ വാക്കുകളിലെ കാർക്കശ്യം കുട്ടമ്മാമയെ തളർത്തി.
“...അമ്മാമ തെറ്റ് സമ്മതിക്ക് ണൂന്ന് പറഞ്ഞ് ല്യേ?....ന്നാലും ന്റെ കുട്ടി ഒന്നൂടി മനസ്സിര്ത്തി ആലോയ്ക്ക് “
പറഞ്ഞവസാനിപ്പിക്കുന്നതിനു മുൻപ്, സംശയങ്ങൾക്കിട കൊടുക്കാതെ നായരുടെ മറുപടി വന്നു.
“യ്ക്ക് ആലോയ്ക്കാനൊന്നൂല്യ ..ഞാൻ സമ്മതിക്ക് ല്യ ആരെന്ത് പറഞ്ഞാലും വേണ്ട് ല്യ ..ചീതാലും വേണ്ട് ല്യ ങ്ഹ! അങ്ങനിണ്ടോ?”
“ശശീ…!” ഗോവിന്ദമ്മാമ തോർത്ത് ഒരു തോളിൽ നിന്നെടുത്ത് മറ്റേ തോളത്തിട്ടു:
“നീയ്ങ്ക്ട് വന്നാ ...ബ് ര് ക്ക്‌ തലേല് നിലാവാ…!”
“ഗോവിന്ദാ! “ കുട്ടമ്മാമ കടുപ്പിച്ച ശബ്ദത്തിൽ വിളിച്ചു:
“ബോധല്യാണ്ടോരോന്ന് വിളിച്ച്പറഞ്ഞാ, മേലും കീഴും നോക്ക് ല്യ..ഞാൻ ഇട്പ്പ ങ്ക്ട് ചവ്ട്ടി നെരപ്പാക്കും….നിശ്ശണ്ടോ…?”
ശബ്ദം താഴ്ത്തി, എന്നാൽ കുട്ടമ്മാമയ്ക്ക് കേൾക്കാവുന്ന മട്ടിൽ ഗോവിന്ദമ്മാമ പിറുപിറുത്തു :
“അത് പ്പോ ആര്ട്യാ വേണ്ട് ന്നാ... സംശം..”
“യ്ക്ക് സംശൊന്നൂല്യ..കാണ് ണോ ?” കുട്ടമ്മാമയുടെ കണ്ണിൽ നിന്ന് തീ പാറി:
“ത്ര വല്യേ പ്രമാണ്യായ് ര്ന്നൂച്ചാല് പൊറപ്പെട് മ്പൊ അങ്ക്ട് കാര്യം പറയായ് ര്ന്ന് ല്യേ ഡോ..?ബടെത്യപ്‌ളേ വെളിപാട് ണ്ടായ് ളൂ ന്ന് ണ്ടോ..?മണ്ണും ചാണകോം അറിയാത്ത ജന്ധു!”
“ഹെയ് ന്റെ കൂട്ട് രേ നിങ്ങളൊന്ന് ചാടിക്കളിക്കാണ്ട് രിക്ക് ണ്‌  ണ്ടോ?”
വീണ്ടും കൃഷ്ണമേനോൻ ഇടയ്ക്ക് കയറി.
“ ...ശശിധരൻ നായര് ബ്ടെ വരു…”
അൽപനേരം ഇളകാതിരുന്ന് നായരെഴുന്നേറ്റു.
തണലത്തേയ്ക്ക് മാറിനിന്ന് കൃഷ്ണമേനോൻ ശാന്തമായ,അനുനയ ശബ്ദത്തിൽ ചോദിച്ചു :
“ ...നായര്‌  കാണ് ണില്യേ അമ്മാമടെ വെഷമം…? അതോ, ദൊന്ന്വരു വെഷമല്ലാ ന്ന്വെറ്റെ കര്ത്ണ് ണ്ടോ?”
“........................”
“..നായര്ക്ക് സമ്മയ്ച്ചൂടേ…?”
“ന്നെ സംസ്കരിക്ക്യാനോ?”
“കൊറച്ച് മെല്ലെ സംസാരിക്കൂ...നിക്ക് ചെവിക്ക് തകരാറ്വൊന്നൂംല്യ ..മൻസ്‌ലായ് ട്ട് ണ്ടോ ?.....അവരൊക്കെ പ്രായം ചെന്ന കൂട്ട് രാ..നി അവര് പറയ്‌ണത്‌ നമ്മള് കേക്ക് ണോ...നമ്മള് പറയ് ണത് അവര് കേക്കണോ ?”
“യ്ക്ക് വിവരല്യ …”
“ന്നാ യ്ക്ക് വിവരണ്ട്‌ ! അമ്മാമ പറയ്‌ ണതങ്ക്ട് അന്സരിക്യാ..ഏറിവന്നാ നി എത്ര കാലം…? ...നമ്മളെന്ത്‌ നാ ഈ പഠിക്കും പാസാവേം ഒക്കെ ചീത്..?”
ഗൗരവം വിടാതെ ശശിധരൻനായർ സംസാരിച്ചു:
“ശര്യന്നെ മേൻനേ...പക്ഷേ തീരെ വീണ്ട് വിചാരല്യാണ്ടെ ഒന്ന്നും എറങ്ങി പൊറപ്പെടര്ത്‌ …”
“അദ് പ്പൊ ...പറയ്‌ണുങ്കൊണ്ടോന്നും തോന്നര്ത് ...നായര്ക്കാവായ് ര്ന്ന് ല്യേ ഈ ആലോചന ? നിങ്ങളും ഞങ്ങള്ടെ കൂടെ നടന്ന് ട്ടാ ങ്ക്ട്  പോന്നത് ..ന്നതിനാണ്‌ പൊറപ്പെട്ട് രിക്ക് ണ്‌ ന്നറിയാം -ഉവ്വലോ ? ന്നാ ദാ ങ്ങന്യൊക്ക്യാണ്‌ സ്ഥിതി...പൊറപ്പെടണ്ടാ ന്ന് നായര് പറയണ്ടായ് ല്യ.. ഉവ്വോ? ……...അപ്പൊ, അദ്നൊന്നും നമ്മള് ഇന്യൊരാളെ പഴി ചാരണ്ട...ശശിധരൻ നായര് ആലോയ്‌ക്കു..”
“..........................”
“എന്താ…?”
“യ്ക്കൊന്നും പറയാൻ ല്യാ ന്ന് പറഞ്ഞ് ല്യേ? ഞാൻ സമ്മതിക്ക് ല്യ...അദന്നെ.. മരിക്കട്ടെ...ന്ന് ട്ട് എന്താച്ചാ ചീതോളിൻ….”
ശവക്കുഴിക്ക് ചുറ്റും ഒറ്റയായും കൂട്ടമായും മേഞ്ഞു..മണ്ണിൽ കണ്ട ഈർപ്പം നേർത്ത് നേർത്ത് വന്നു.
പൊള്ളുന്ന പാലക്കാടൻ കാറ്റ് -
ഗോവിന്ദമ്മാമ മടുപ്പോടെ, തോർത്ത് കൊണ്ട് മുഖം തുടച്ച്, തേക്കിന്റെ, തുളകൾ വീണ നിഴലിൽ നിന്ന് വിയർത്തൊലിച്ചു :
“അല്ല! ഒരന്തല്യായേയ്!!”
“പിന്നേയ് ,ഗോവിന്ദേട്ടാ!” കൃഷ്ണമേനോന് ക്ഷമ നശിച്ചു: “ ഇനി പിറുപിറുത്താ, ൻറേന്നാ കേക്ക്വാ ..വെയ് ലും ചൂടും എല്ലാര്ക്കൂംണ്ട് ..ബാക്കിള്ളോര് ബ്ടെ ഒരന്തോം കിട്ടാണ്ടെ നട്ടം തിരിയ് ണൂ ...നിങ്ങൾക്ക് …”
ഗോവിന്ദമ്മാമ തിരിഞ്ഞു നടക്കാനാരംഭിച്ചു.
“ഗോവിന്ദാ!” കുട്ടമ്മാമ പൊട്ടിത്തെറിച്ചു.
“ഞാൻ പുവ്വാ…!”
“നെന്നോട് ഞാനാ പറയ്‌ണ്  നിക്കാൻ!”
“...ഞാൻ പുവ്വാ..”
“പൊയ്ക്കോ! പക്ഷേ, പിന്നെ ഈ പടി ങ്ക്ട് ചവ്ട്ട് ല്യ ! ആങ് ഹ! കുട്ടനാ പറയ് ണ് ..ഒറപ്പിച്ചിട്ടാണ്‌ ച്ചാ പൊയ്ക്കോ..അഹമ്മത്യോ!”
“ഞാനും പുവ്വാണ്!” ശശിധരൻ നായർ എഴുന്നേറ്റു.
കുട്ടമ്മാമ ഞെട്ടി. കൃഷ്ണമേനോനും കേശവൻ നായരും മറ്റുള്ളവരും പകച്ചു.
“നായരേ, നിങ്ങക്കെന്താ ബുദ്ധിസ്ഥിരതല്യാണ്ടായോ?” കൃഷ്ണമേനോൻ നായരുടെ കൈ പിടിച്ചു.
കുട്ടമ്മാമ, മട്ടുമാറ്റി മയത്തിൽ വിളിച്ചു:
“ഗോവിന്ദാ...ബ്ടെ വാ..”
എന്നിട്ട് ,കാത്തുനിൽക്കാതെ, നടന്ന്, ഗോവിന്ദമ്മാമയുടെ അടുത്തെത്തി
“നീയ് പോയി അവന്റെ ഭാര്യോടും ഭാരത്യോടും ഒന്ന് വരാൻ പറ …”
നടന്നുതുടങ്ങിയ ഗോവിന്ദമ്മാമയെ തോളത്ത് തോണ്ടി തടഞ്ഞുകൊണ്ട്, കുട്ടമ്മാമതുടർന്നു :
“ഇനി, എട്ത്ത്ചാട്ടോം കൊണ്ടുപോയി നാട്ട്കാരോടൊക്കെ വഷളത്തം വെളമ്പാൻ നിക്കണ്ട..വേറെ ആര്വറിയണ്ട..ങും..നീയും,  ങ്ക്ട് ന്നെ പോരെ ..”
ശശിധരൻ നായർ വീണ്ടും താഴെ പുല്ലിൽ ചടഞ്ഞിരുന്നു -രണ്ട് കൈകൊണ്ടും മുഖം പൊത്തി, തലതാഴ്ത്തി.
“കൊഴഞ്ഞൂലോന്റെ ഗുരുവായ് രപ്പാ! “ കുട്ടമ്മാമയുടെ മുഖം വിളറി ..ചുവന്നു ..കറുത്തു….
ഭാരതീയമ്മയും വിലാസിനിയും വന്നു.
കുട്ടമ്മാമ, സംഗതികളുടെ കിടപ്പ്, അവരെ പറഞ്ഞു മനസ്സിലാക്കി.
കേട്ടുകൊണ്ടിരുന്നപ്പോളത്രയും , മുഖം കൈക്കുമ്പിളിൽ പൊതിഞ്ഞുപിടിച്ച്, തലകുനിച്ചിരിക്കുന്ന മകന്റെ മേലായിരുന്നു ഭാരതിയമ്മയുടെ കണ്ണ്
കുട്ടമ്മാമ നിർത്തിയപ്പോൾ അവർ  ദീർഘമായി നിശ്വസിച്ചു:
“ നിപ്പോ എന്താ വേണ്ട് ..?എന്താ മൂപ്പര്ടെ ഭാവം ?”
“അവന് വയ്യാത്രെ...ഞാനും കൃഷ്ണനും മാറിമാറി പറഞ്ഞ്വോക്കി….ചെറ്യേ കുട്ട്യോളെ പോലെ ശാഠ്യാച്ചാ എന്താ ചിയ്യാ? ഇനിപ്പൊ നിങ്ങള് പറയാഞ്ഞ്ട്ട് വേണ്ട ...ഗുണദോഷങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കി നോക്കിൻ…”
കുട്ടമ്മാമ ക്ഷീണിച്ച, കീഴാങ്ങിയ, ശബ്ദത്തിൽ പറഞ്ഞു
“കുട്ടീ …” ഭാരതിയമ്മ മകന്റെ മുടിയിലൂടെ വിരലോടിച്ചു.
“എന്താ ന്റെ കുട്ടിക്ക് വേണ്ട്?”
“അമ്മേ !” ശശിധരൻ നായർ മുഖമുയർത്തി >
മകന്റെ നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ ഭാരതിയമ്മ മേൽമുണ്ട് കൊണ്ട് തുടച്ചു.
“കാര്യൊക്കെ അമ്മാമ പറഞ്ഞു ...അയ്യയ്യേ...ദ് നാരെങ്ക്ലും  ..കരയ്വോ ..? ദാ ങ്ക്ട് നോക്ക് ... നമ്ക്ക് നാട്ട്കാരെ നോക്കണ്ടേ …?”
“..ന്നാലും അമ്മേ…”
“ശര്യാണ് ...അമ്മയ്ക്കറിയാം..എന്തൊക്ക്യായാലും ങ്ങനെ ഒരു ഘട്ടത്ത് ല് നമ്മള് മൂപ്പര്ടെ ഒപ്പം നിക്കണ്ടേ..?  അമ്മാമയ്ക്ക് വയസ്സ് ദ് എത്ര്യായീന്ന് മറ്റ്‌ള്ളോര് മറന്നാലും നമ്ക്ക്‌ ഓർമ്മ വേണ്ടേ …? ആ മനസ്സ് ഉഷ്ണിപ്പിക്കാൻ പാട്വോ…? നെന്നെ വളർത്താനും പഠിപ്പിക്കാനും നെണക്കൊരച്ഛൻ ണ്ടായ് ര് ന്ന്വോ ? ഒക്കെ കാരണോരല്ലേ അന്വേഷിച്ചീര്ന്ന്..? അതൊക്കെ മറക്കാൻ കഴിയ്വോ?...”
“അമ്മേ ...ദേ വരെ എന്നെങ്ക്ലും എന്തെങ്ക്ലും ഒരു വാക്ക്, എതിർത്ത് ഞാൻ പറയണ്ടായ്ട്ട് ണ്ടോ ? ...കല്യാണം കഴിച്ചതും കൂടി നിങ്ങളൊക്കെ പറഞ്ഞപ്പളല്ലേ ? ഞാനൊരക്ഷരം എതിർത്ത് പറഞ്ഞ്വോ..?
“അങ്ങനെ പറഞ്ഞൂന്ന് അമ്മ പറഞ്ഞ്വോ? അമ്മടെ കുട്ടി ദേവരെ ഒരാളീം വേദനിപ്പിച്ച്ട്ട് ല്യ- അമ്മയ്ക്ക് നന്നായറിയാം”  
“പത്തുമുപ്പത്തഞ്ച് കഴിഞ്ഞ ഒരാണല്ലേ, അമ്മേ,  ഞാൻ ...നിയ്ക്കൂല്യേ ചെല സ്വാതന്ത്റ്യൊക്കെ”
“ഉവ്വ്, കുട്ടാ...അമ്മയ്ക്കെതിരില്യ ..അതൊന്ന്വല്ല അമ്മ പറേണ് …”
ശശിധരൻ നായർ ഇമ വെട്ടാതെ അമ്മയെ നോക്കി….
“നീയ്‌ ബ്ളടെ കാര്യാലോയ്ക്ക്...രാജൂട്ടന്റെ കാര്യാലോയ്ക്ക്….അവന് ദ് പത്തും കഴിഞ്ഞ് പതിനൊന്നല്ലേ..? ദ് നാലാളറിഞ്ഞാ അവനോ ബ്ളോ ഇര്ന്ന്ട്ട് കാര്യണ്ടോ ..?”
“..........................
“നീയെന്താ പറേണ്..?
“സമ്മതിക്കു, ശശ്യേട്ടാ ..അമ്മ ങ്ങന്യൊക്കെ പറഞ്ഞ്ട്ട് ,ഏട്ടൻ മിണ്ടാണ്ടിര്ന്നാ ലോ?...ദാണോ ഏട്ടൻ നിക്ക് പറഞ്ഞ്തരാറ്ള്ളത്..?”
“.... വിലാസിനീ….”
“..ഞാൻ സഹിക്ക് ണ്‌ല്യേ..? ഭർത്താവില്യാത്ത ഒരു പെണ്ണിന്റെ സങ്കടം ആലോയ് ച്ചോക്കൂ...ഞാനും ----!”
വിലാസിനിക്ക് മുഴുമിപ്പിക്കാനായില്ല. കൈവിരലുയർത്തി, കണ്ണ് തുടച്ച്, അവൾ നോട്ടം പിൻവലിച്ചു.
മരുമകളുടെ മുഖം പിടിച്ചുയർത്തി ഭാരതിയമ്മ വാത്സല്യത്തോടെ ചോദിച്ചു:
“ദ് നാണോ ൻറെ കൂടെ പൊറപ്പെട്ടേ ..?”
“.....ല്യ, അമ്മായീ ..ഞാൻ കരയ് ണില്യ.. “
ഭാരതിയമ്മ വീണ്ടും മകന് നേരെ തിരിഞ്ഞു.
“നെൻറെ മര്വോളൊര്ത്തി ഒന്നിനോക്കോണം പോന്ന് ഇരിക്ക് ണ്ല്യേ...ദറിഞ്ഞാ പിന്നെ അവൾക്കാരെങ്ക്ലും വര്വോ..? ആ പാവത്തിൻറെ ശാപം വാങ്ങിവെയ്ക്കണോ തറവാട്ട്ല് യ്ക്ക്…”യൊക്കേ
“............ ഞാൻ പോയാല് ,.....അമ്മേ,..... രാജൂനീം…. വിലാസിനീം…?”
“അമ്മെ ഏൽപ്പിച്ച്ട്ടാണ് നീയ് പോണത് ...ഒരു തരി മണ്ണ് അവര്ടെ രണ്ടാൾടീം മേല് വീഴാണ്ടെ അമ്മ നോയ്‌ക്കോണ്ട്…”
“....................”
“എന്ത് തോന്ന്ണൂ, കുട്ടാ…?”
“...ഏട്ടാ …”
“........ 'അമ്മ…. കുട്ടമ്മാമെ വിളിച്ചോളൂ…. “
ഭാരതിയമ്മ മകൻറെ  കണ്ണുകളിലേയ്ക്ക് നോക്കി.
ശശിധരൻ നായർ, ഒരു ചെറുപുഞ്ചിരിയോടെ, കണ്ണടച്ചു, തുറന്നു -തലയാട്ടി .
ഭാരതിയമ്മ മകനെ കെട്ടിപ്പിടിച്ചു. ചുംബിച്ചു.
“കുട്ടീ, നീ തറവാടിൻറെ മാത്രല്ല, അമ്മകാരണവമ്മാര്ട്യൊക്കെ മാനം കാത്തു !”
“.........................”
“കുട്ടേട്ടാ, ശശി സമ്മയ്ച്ചു!”
കുട്ടമ്മാമയും കൃഷിമേനോനും ശശിധരൻ നായരെ തോളത്ത് തട്ടി അഭിനന്ദിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
“ന്നാ ഞാനങ്ക്ട് ചെല്ലട്ടെ .അട്ക്കളേല് ആ രണ്ട് പെങ്കുട്ട്യോളാ….ഉച്ച്യാവ്മ്പ്ലയ്ക് ഒരൂട്ടോക്കെ ഒര്ങ്ങണ്ടേ ? അവ് രും ബ് ര്വൊക്കെ വര് ല്യേ?” -ഭാരതിയമ്മ
കുട്ടമ്മാമ മൂളി.
“വിലാസിനീം പൊയ്‌ക്കോളൂ...ഭർത്താവ്ൻറെ ശവപ്പറമ്പ് ല് ഭാര്യ വരര്ത് ന്നൊ ക്ക്യാണ്...ഗോയ്ന്ദനെ ങ്ക്ട് പറഞ്ഞയയ്‌ക്കു…” ആ ശബ്ദത്തിൽ ഇടർച്ചയുണ്ടായിരുന്നു.
വിലാസിനി ഭർത്താവിൻറെ കാലിൽ തൊട്ട് യാത്ര ചോദിച്ചു. അടക്കിനിർത്തിയിട്ടും കണ്ണ് നിറഞ്ഞു. മുഖം പൊത്തിയപ്പോൾ എങ്ങലുയർന്നു.
“ങ്‌ഊംഹും കരയ് ര്ത് “ കുട്ടമ്മാമ അവളുടെ തോളത്ത് തട്ടി: “ഒര് വഴിക്ക് പോവ് മ്പൊ അവന്റെ മനസ്സ് മുഷിപ്പിക്കര്ത് ..”
അമ്മയും ഭാര്യയും പോയിക്കഴിഞ്ഞപ്പോൾ ശശിധരൻ നായർ എഴുന്നേറ്റു.
“കുട്ടമ്മാമേ ….കോടിമുണ്ട് കര്തീട്ട് ണ്ടോ? “
കൃഷ്ണമേനോൻ, തേക്കിൻ ചുവട്ടിൽ വെച്ചിരുന്ന കടലാസ് പൊതി എടുത്ത് നീട്ടി.
“ഈ വേഷം മാറ്റണോ? അതോ ഇത്ൻറെ പൊറത്ത് ….?”
“അതഴിച്ചോളു...കുളിപ്പിച്ച് കോടി ഉടുപ്പിക്കണം ന്നൊക്ക്യാണ് ..നേരം വൈക്യേ നേരത്ത് ന്നി പ്പൊ അതൊന്നും വേണ്ട..ഉടുത്തത് ഊരി വെച്ച് അങ്ക്ട് എറങ്ങിക്കെടന്നോളൂ ..കോടി കൊണ്ട് ഞങ്ങള് പൊതിഞ്ഞോളാം…”
കോടിമുണ്ട് നീളത്തിൽ പകുതി നിവർത്തി, കൃഷ്ണമേനോൻ കുഴിയിൽ വിരിച്ചു.
ശശിധരൻ നായർ, ദിഗംബരനായി, കുഴിയിലിറങ്ങി… മുണ്ടിൽ മലർന്നു കിടന്നു.
കുട്ടമ്മാമ തോർത്ത് കൊണ്ട് മൂക്ക് പിഴിഞ്ഞു. കണ്ണ് തുടച്ചു. കീഴ്ച്ചുണ്ട് കടിച്ചുപിടിച്ചു..
കൃഷ്ണമേനോൻ മുണ്ടിൻറെ ബാക്കികൊണ്ട് നായരെ തലവഴി മുഴുവൻ പൊതിഞ്ഞു…
“ദ്  കാണാൻ ന്നെ ഇര്ത്തീലോ ദൈവേ..”  കണ്ണുകൾ മേലോട്ട് പോയി, വശത്തേയ്ക്ക് ചെരിഞ്ഞ്, വീഴാൻ പോയ കുട്ടമ്മാമയെ കേശവൻ നായരും നടന്ന് , അടുത്തെത്തിയിരുന്ന ഗോവിന്ദമ്മാമയും ചേർന്ന് ,താങ്ങി താഴെ കിടത്തി ….