Wednesday, June 20, 2018

രണ്ടു പുസ്തകങ്ങള്‍ : 1.Ned Kelly:The Iron Outlaw 2.The Jerilderie Letter

 ഫെബ്രുവരി നാലാം തിയ്യതി- ആസ്ട്രേലിയയില്‍, വടക്കുകിഴക്കന്‍ വിക്റ്റോറിയയിലെ ദുര്‍ഗ്ഗമവനങ്ങളിലെ ഒളിസങ്കേതം വിട്ട് (എഡ്വേഡ്) ‘നെഡ്’ കെല്ലിയുടെ നേതൃത്വത്തില്‍, സുഹൃത്തും മന:സാക്ഷി സൂക്ഷിപ്പു കാരനുമായ ജോ ബയേണ്‍, അനിയന്‍ ഡാന്‍ കെല്ലി, ഡാനിന്‍റെ സുഹൃത്ത് സ്റ്റീവ് ഹാര്‍ട്ട്‌ എന്നിവരടങ്ങുന്ന നാലംഗ സംഘം വടക്ക് ന്യൂ സൌത്ത് വെയില്‍സിലേയ്ക്ക് നീങ്ങി. നാല് പേരുടെ തലയ്ക്കുമായി 4000 പൌണ്ട് വീതം രണ്ടു സംസ്ഥാനത്തിലേയും ഭരണകൂടം മൊത്തം 8000 പൌണ്ട് വിലക്കെട്ടിയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ ചരിത്രത്തിലെ ആ ഇനത്തിലുള്ള ഏറ്റവും വലിയ തുകയായിരുന്നു അത്. അന്നത്തെ ആസ്ട്രേലിയയിലെ ശരാശരി തൊഴിലാളിക്ക് നൂറു വര്‍ഷം ജോലി ചെയ്യണമായിരുന്നു അത്രയും സമ്പാദിക്കാന്‍!. നാല് ദിവസത്തെ യാത്രയ്ക്ക് ശേഷം സംഘം അടുത്ത സംസ്ഥാനമായ ന്യൂ സൌത്ത് വെയില്‍സിലെ ജെറില്‍ഡെറിയിലെത്തി. യാത്രാക്ഷീണം തീര്‍ത്തും ഭക്ഷണത്തിന് കയറിയ ഹോട്ടലിലും പരിസരത്തും കണ്ടവരോട് കുശലം പറഞ്ഞും പകല്‍ ചെലവിട്ടു. രാത്രി, ഓര്‍ക്കാപ്പുറത്തുള്ള ഒരാക്രമണത്തില്‍ പോലീസ് സ്റ്റേഷന്‍ കൈയടക്കി, ജോലിയിലുണ്ടായിരുന്ന രണ്ടേരണ്ടു പോലീസുകാരെ- -സീനിയര്‍ കോണ്‍സ്റ്റബ്ള്‍ ജോര്‍ജ് ഡിവൈനേയും പ്രോബേഷണറി കോണ്‍സ്റ്റബ്ള്‍ ഹെന്‍റി റിച്ചാര്‍ഡ്സിനേയും- കൈയും കാലും കെട്ടി ലോക്കപ്പിലടച്ചു. വരവിന്‍റെ ഉദ്ദേശ്യം അവരെ അറിയിച്ചു:
ഒന്ന്, മാസങ്ങള്‍ ചെലവഴിച്ച് നെഡ് തയ്യാറാക്കിയ ‘ജെറില്‍ഡെറി കത്ത്’, പ്രാദേശിക പത്രത്തിന്‍റെ പത്രാധിപരെ കണ്ട് പുസ്തകമായി പ്രസിദ്ധീ കരിപ്പിക്കണം-
രണ്ട്, അടുത്തുള്ള ബാങ്ക് ഓഫ് ന്യൂ സൌത്ത് വെയില്‍സ് കൊള്ളയടിക്കണം..

സ്റ്റേഷനോട് ചേര്‍ന്ന വീട്ടില്‍ തന്നെ താമസിക്കുന്ന കോണ്‍സ്റ്റബ്ള്‍ ഡിവൈനിന്‍റെ ഗര്‍ഭിണിയായ ഭാര്യയെ രണ്ടു ദൌത്യങ്ങള്‍ ഏല്‍പ്പിച്ചു:
ഒന്ന്, ഒരു സാധാരണ അത്താഴം അവര്‍ക്കായി പാകം ചെയ്യണം .
രണ്ട്, സ്വന്തം ഭാഗം കാര്യകാരണസഹിതം എഴുതി, പ്രസിദ്ധീകരണത്തിന് തയ്യാറാക്കിയ, അമ്പത്താറ് പേജുകളുള്ള, ‘ജെറില്‍ഡെറി കത്ത്’ മുഴുവന്‍ ഒരു തവണ വായിക്കുന്നത് ശ്രദ്ധയോടെ കേട്ടിരിക്കണം ! നെഡ് സംഘത്തിനെ ഉദ്ദേശിച്ച് തന്നെ സര്‍ക്കാര്‍ രൂപം നല്‍കിയ The Felons Apprehension Act 1878 അനുസരിച്ച്, ജീവനോടെയോ അല്ലാതെയോ പിടികൂടാന്‍ ഭരണകൂടം ചട്ടം കെട്ടിയിരിക്കുന്ന ജോ ബയേണും സ്റ്റീവ് ഹാര്‍ട്ടും പിറ്റേന്ന്, പോലീസുകാരുടെ യൂണിഫോമിട്ട്, കോണ്‍സ്റ്റബ്ള്‍ റിച്ചാര്‍ഡ്സിനോടൊപ്പം, പട്ടണം ചുറ്റിക്കണ്ടു! ‘കെല്ലിയേയും സംഘത്തേയും പിടിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് അയച്ചുകിട്ടിയ പോലീസ് കാരാണെ’ന്നാണ്, കോണ്‍സ്റ്റബ്ള്‍ റിച്ചാര്‍ഡ്സ് അവരെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയത്!
ബാങ്കിനടുത്തുണ്ടായിരുന്ന റോയല്‍ മെയില്‍ ഹോട്ടല്‍ പിടിച്ചെടുത്ത്, ആസ്ഥാനമാക്കി, അടുത്ത ദിവസം നെഡ് കെല്ലിയും ജോ ബയേണും ചേര്‍ന്ന് ബാങ്ക് കൊള്ളയടിച്ചു—. ബാങ്ക് മാനേജരും അക്കൌണ്ടന്‍റും ഗുമസ്തനും പോലീസുകാരോടൊപ്പം തടവിലായി.
ഒരു തുള്ളി ചോര ചിന്താതെ, നെഡും കൂട്ടരും, പോലീസ് സ്റ്റേഷന്‍ പിടിച്ചടക്കുകയും ബാങ്ക് കൊള്ളയടിക്കുകയും ചെയ്തത്, അത് രണ്ടാമത്തെ തവണയായിരുന്നു. ബാങ്കിലേയ്ക്ക് നടന്നു വന്നിരുന്ന മൂന്നുപേര്‍, ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.. രണ്ടുപേര്‍ പിടിക്കപ്പെട്ടു. രക്ഷപ്പെട്ട ആ ഒരേ ഒരാള്‍, സാമുവല്‍ ഗില്‍, നെഡ് തേടി വന്ന പത്രാധിപരായിരുന്നു-

ആ കൂടിക്കാഴ്ച നടക്കാതിരുന്നത് കൊണ്ട് ജെറില്‍ഡെറി കത്തിന്‍റെ പ്രസിദ്ധീകരണത്തിയ്യതി നീണ്ട അര നൂറ്റാണ്ട് വൈകി. . .

ബ്രാഡ് വെബ് എഴുതിയ Ned Kelly- The Iron Outlaw എന്ന ജീവചരിത്രം വായിച്ചുതുടങ്ങിയത് കള്ളനും കൊള്ളക്കാരനും കൊലപാതകിയുമായ ഒരാളെ കുറിച്ച് എന്തിന് ഇങ്ങനെയൊരു ഗ്രന്ഥം എന്നതിന് ഉത്തരം തേടിയായിരുന്നു. വായിച്ചുകഴിഞ്ഞപ്പോള്‍ ഇതേ ചോദ്യം The Jerilderie Letter എന്ന നെഡിന്‍റെ ആത്മകഥാപരമായ പുസ്തകത്തിലേയ്ക്കും നീണ്ടു. നെഡ് കെല്ലി പറഞ്ഞത് കേട്ടിരുന്ന്, കൂട്ടുകുറ്റവാളിയായിരുന്ന ജോ ബയേണ്‍ എഴുതിയതായിരുന്നു, അസ്പഷ്ടവും അസംസ്കൃതവുമായ ഇംഗ്ലീഷിലുള്ള ഈ ചെറിയ പുസ്തകം. സാധാരണ ചുറ്റുപാടില്‍, ചരിത്രരേഖയാവാന്‍ സാദ്ധ്യതയില്ലാതിരുന്ന കഥ ആസ്ട്രേലിയയുടെ ചരിത്രത്തിന്‍റെ ഭാഗമായി എന്നത് സമാനതകളില്ലാത്ത സംഭവമായിരിക്കും.
ചരിത്രത്തിന് താത്പര്യമുണ്ടാകുമായിരുന്നില്ലാത്ത ചരിത്രകഥ, എഴുത്തുകാരനും പ്രസാധകനും ഇടയിലെവിടെയോ ഒരിടനിലക്കാരനിലൂടെ അപ്രത്യക്ഷമായി.-
ഏറ്റുമുട്ടലില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ട കേസിലെ ജീവനോടെയിരുന്ന ഒരേയൊരു പ്രതിയായി 1880 നവംബര്‍ 11ന്, ഇരുപത്തഞ്ചാം വയസ്സില്‍ നെഡ് തൂക്കിക്കൊല്ലപ്പെട്ടു.
അതിന് ശേഷം ‘കെല്ലി-രാഷ്ട്രത്തി’ന്‍റേയും കെല്ലി-കഥകളുടേയും ഓര്‍മ്മ പോലും ബാക്കി നിര്‍ത്തരുതെന്ന് ബന്ധപ്പെട്ടവര്‍ക്കെല്ലാവര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു
‘There was a culture of hostility towards Kelly history, within the government and particularly the police force. The police lost or threw out an alarming number of Kelly relics’ –(historian Ian Jones ) കെല്ലിയുടെ റൈഫിളും ആയുധസഞ്ചിയും കളയുക മാത്രമല്ല അധികാരികള്‍ ചെയ്തത്. അയാളുടെ ജീവിതവുമായി ബന്ധപ്പെട്ട പല കെട്ടിടങ്ങളും അവര്‍ ഇടിച്ചുനിരപ്പാക്കി… Euroa യിലെ നെഡ് കൊള്ളയടിച്ച ബാങ്ക്, അയാള്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയനാവേണ്ടി വന്ന ബേനല്ലയിലെ പോലീസ് ആസ്ഥാനം, ബീച്ച് വര്‍ത്തില്‍, വിശ്വാസവഞ്ചനയ്ക്കുള്ള ശിക്ഷയായി, 20 റൌണ്ട് നീണ്ട മുഷ്ടിയുദ്ധത്തില്‍ വൈല്‍ഡ് റൈറ്റിനെ നെഡ് തോല്‍പ്പിച്ച ഹോട്ടല്‍ തുടങ്ങിയവ ഇവയില്‍ പെടും.
നശിപ്പിക്കപ്പെടാന്‍ താരതമ്യേന എളുപ്പമായിരുന്ന, വെറും 83 പേജുകള്‍ മാത്രമുള്ള ഒരു പുസ്തകം പ്രതിസന്ധികളെയൊക്കെ മറികടന്നു! ജീവിച്ചിരിക്കെത്തന്നെ നെഡിന്‍റെ ചെയ്തികള്‍ നാടോടിപ്പാട്ടുകളായി, നമ്മുടെ വടക്കന്‍ പാട്ടുകളെ പോലെ, വായ്ത്താരികളായി കുടിലുകളിലും നാട്ടുകൂട്ടങ്ങളിലും പ്രചരിച്ചിരുന്നു. ഭരണകൂടത്തിനും പോലീസിനും നാട്ടുപ്രമാണിമാര്‍ക്കും കള്ളനും തെമ്മാടിയുമായിരുന്ന അയാള്‍, അശരണരായ ഒരു ജനവിഭാഗത്തിന് സ്വാതന്ത്ര്യസമരനായകനായിരുന്നു. ചൂഷകര്‍ക്കെതിരെ ഇരജനതയുടെ പ്രതികരണങ്ങള്‍ പല തരത്തിലാണ്. – അസ്ഥിയില്‍ തൊടാത്തിടത്തോളം കാലം മുറുമുറുപ്പില്ലാതെ വഴങ്ങുന്നവര്‍- കാര്യമായ എതിര്‍പ്പില്ലെങ്കിലും നിരന്തരം വിയോജിക്കുകയും അത് വ്യക്ത മാക്കുകയും ചെയ്യുന്നവര്‍- അവസരം പ്രയോജനപ്പെടുത്തി, തിരിച്ചൊരു ചൂഷണം വഴി അത് ഒട്ടൊക്കെ ഒരു ലാഭക്കച്ചവടമാക്കുന്നവര്‍-
സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവാതെ വഴിയില്‍ ജീവിതമൊടുക്കുന്നവര്‍ അങ്ങനെയങ്ങനെ.
ഇവയിലൊന്നും പെടാത്ത, വിരലുകളില്‍ എണ്ണിത്തീര്‍ക്കാവുന്ന മറ്റൊരു കൂട്ടരുണ്ട്- സമൂഹത്തില്‍, പലപ്പോഴും, വലിയ മാറ്റങ്ങള്‍ക്ക് നിമിത്തമാവു ന്നവര്‍. എല്ലാ രംഗങ്ങളിലുമുള്ള ജയിച്ചതും തോറ്റതുമായ എടുത്തുചാട്ടങ്ങള്‍ക്ക് രൂപം കൊടുത്തതും നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയതും ഒരുപക്ഷേ, ഇവരായിരിക്കും.
അസാദ്ധ്യമെന്നു തോന്നുന്ന ചുറ്റുപാടുകളില്‍ അവര്‍ വ്യവസ്ഥിതിക്കെതിരെ, ഒറ്റയ്ക്ക്, ആത്മഹത്യാപരമായ ഏറ്റുമുട്ടലുകള്‍ക്ക് മുതിരുന്നു. സാഹസിക മായി ചരിത്രം തിരുത്തുകയും പുന:സൃഷ്ടിക്കുകയും ചെയ്യുന്നു- അത് അവരുടെ ജീവല്‍ക്കാലത്ത് തന്നെ മുഴുവനായിക്കൊള്ളണമെന്നില്ലെങ്കിലും. ജീവിച്ചിരിക്കെ ക്രൂശിക്കപ്പെടുകയും മിക്കവാറും, ചെറുപ്പം തീരുന്നതിനു മുമ്പ് യുദ്ധഭൂമിയില്‍ ഊതിയണയ്ക്കപ്പെടുകയും ചെയ്യാറുള്ള ഈ ജന്മങ്ങളെ പലപ്പോഴും മരണാനന്തര രണ്ടാം വായനയിലാണ്, അതേ ചരിത്രം കണ്ടെത്തുക- അര്‍ഹതപ്പെട്ട സ്ഥാനങ്ങളില്‍ കുടിയിരുത്തി, വാഴ്ത്തപ്പെട്ടവരാക്കുക.
വൃത്തം പൂര്‍ത്തിയാക്കി മുന്നിലെത്തുന്ന, കാലത്തെ അഭിമുഖം കാണാനും ബഹുമതികളേറ്റു വാങ്ങാനും കഴിഞ്ഞവര്‍ ഏറെ പേരുണ്ടാവില്ല.. രാഷ്ട്രീയത്തിലും ശാസ്ത്ര ശാഖകളിലും സാഹിത്യത്തിലും വിശ്വാസ പാതകളിലും ഇക്കൂട്ടരെ നമ്മള്‍ കണ്ടിട്ടുണ്ട്. ഒഴുക്കിനെതിരെയുള്ള നീന്തലില്‍ അവര്‍’ക്കൊപ്പം’ നിന്നവര്‍, ‘ഒപ്പ’മെത്താതെ അണികളായി മാത്രം തുടര്‍ന്നതിന്‍റെ കാരണം, ഈ ധിക്കാരികളുടെ നേതൃത്വഗുണങ്ങളില്‍ അന്വേഷിക്കേണ്ടി വരും.
‘Ned Kelly – The Iron Outlaw’ യെ ഒരു ചരിത്രരേഖയായി മാത്രം കാണുകയാവും ശരി. നിയമം കൈയില്‍ എടുക്കുകയും നിലവിലുണ്ടായിരുന്ന വ്യവസ്ഥിതിയോട് സായുധകലാപം നടത്തുകയും പിടിക്കപ്പെട്ട്, ഇരുപത്തഞ്ചാം വയസ്സില്‍ തൂക്കിക്കൊല്ലപ്പെടുകയും ചെയ്ത എഡ്വേര്‍ഡ്‌ ‘നെഡ്’ കെല്ലി(1855–1880)യുടെ കഥ വളച്ചുകെട്ടില്ലാതെ അതിശയോക്തിയില്ലാതെ 208 പേജുകളില്‍ പറഞ്ഞവസാനിപ്പിക്കുക മാത്രമാണ് പുസ്തകം ചെയ്യുന്നത്.
നെഡ് കെല്ലി, നെഡിന്‍റെ അച്ഛന്‍ ജോണ്‍ ‘റെഡ്’ കെല്ലി, അയാളുടെ സഹോദരന്‍ ജിമ്മി, അച്ഛന്‍റെ മരണശേഷം അമ്മ എല്ലന്‍റെ രണ്ടാം ഭര്‍ത്താ വായി വന്ന കാലിഫോര്‍ണിയക്കാരന്‍ ജോര്‍ജ് കിംഗ്, അയര്‍ലന്‍റില്‍ നിന്ന്‍ നാട് കടത്തപ്പെട്ട് എത്തിയ ഹാരി പവര്‍ (ഒരു ജോഡി ചെരുപ്പ് മോഷ്ടിച്ച കുറ്റത്തിനായിരുന്നു ഏഴുകൊല്ലത്തേയ്ക്കുള്ള ആ നാട് കടത്തല്‍! ) നെഡിക്ക് ദ്വന്ദയുദ്ധത്തില്‍ ഏര്‍പ്പെടേണ്ടി വന്ന ഇസയ വൈല്‍ഡ് റൈറ്റ്, നെഡിയുടെ സഹോദരന്‍ ഡാന്‍ കെല്ലി, സുന്ദരനും ‘എഴുത്തുകാര’നു മായിരുന്ന ജോ ബയേണ്‍, കാട്ടിലും മലഞ്ചെരിവുകളിലും ദ്രുതഗതിയില്‍ കുതിരസ്സവാരി ചെയ്യുന്നതില്‍ മിടുക്കനായിരുന്ന സ്റ്റീവ് ഹാര്‍ട്ട്‌, പോലീസ് ചാരനായിരുന്നു എന്ന് സംശയിക്കപ്പെടുന്ന ആറോണ്‍ ഷെറിറ്റ് തുടങ്ങി ഇതിലെ ഏകദേശം മുഴുവന്‍ പേരും മോഷ്ടാക്കളും പിടിച്ചുപറിക്കാരുമാണ്.! പന്നികളേയും കന്നുകാലികളേയും മോഷ്ടിച്ചതിനും അനധികൃതമായി മാംസം കൈവശം വെച്ചതിനുമാണ് ഇവരൊക്കെ പിടിക്കപ്പെട്ടതും മൂന്നും അഞ്ചും അതിലധികവും വര്‍ഷം അഴികളെണ്ണിയതും.
വിക്റ്റോറിയയിലെ അന്നത്തെ സാമൂഹ്യാവസ്ഥയുടെ പശ്ചാത്തല മറിഞ്ഞാല്‍ കഥയ്ക്ക് വ്യക്തത കൈവരും..
സ്ഥലത്തെ ജലസ്രോതസ്സുകള്‍ക്ക് അടുത്ത് കിടക്കുന്ന, വളക്കൂറുള്ള, കണ്ണായ സ്ഥലങ്ങള്‍ നേരത്തേ കൈക്കലാക്കി താവളമുറപ്പിച്ച ധനികരായ squatters ഉം പുതുതായി സ്ഥലം വാങ്ങി വീടും കൃഷിയും കാലിവളര്‍ത്തലുമായി ജീവിതം കരുപ്പിടിപ്പിക്കാന്‍ എത്തിയ പാവപ്പെട്ട Selectors ഉം ആയി സമൂഹം പ്രധാനമായും രണ്ടു തട്ടിലായിരുന്നു. കൃഷിസ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചും ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വഴികള്‍ മുടക്കിയും ഭീഷണിപ്പെടുത്തിയും ബിനാമികളെ ഉപയോഗിച്ച് ചുറ്റുമുള്ള ഭൂമികള്‍ കൈവശപ്പെടുത്തി, വെള്ളവും വളവും തടഞ്ഞും, വന്നവരെ, നിന്നവര്‍ ശ്വാസം മുട്ടിച്ചു.
വാങ്ങുന്ന ഭൂമിയുടെ വില, ഉയര്‍ന്ന നിരക്കിലുള്ള പലിശ ചേര്‍ത്ത് നിശ്ചിത സമയത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കാന്‍ കഴിയാതെ പോയാല്‍- പുറംമതിലും കെട്ടിടങ്ങളുമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നാല്‍- പ്രതീക്ഷയ്ക്കൊത്ത് ചെടികളും വൃക്ഷങ്ങളും വെച്ചുപിടിപ്പിക്കാതിരുന്നാല്‍- ഭൂമി, അത് വിറ്റവരുടെ കൈവശം തിരിച്ചെത്തുന്ന രീതിയായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്.
Squatters ന്‍റെ താത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന നയമായിരുന്നു അഴിമതിയില്‍ മുങ്ങിയ ബ്രിട്ടീഷ് പോലീസും പ്രാദേശിക ഭരണകൂടവും പിന്തുടര്‍ന്നിരുന്നത്.
സ്ഥലത്തെ നാല് മുഖ്യ Selectors ല്‍ ഒന്നായിരുന്നു നെഡിന്‍റെ കുടുംബം. ന്യായമായ വഴികള്‍ നിഷേധിക്കപ്പെട്ട ചുറ്റുപാടില്‍, ഉപജീവനത്തിനായി മോഷണം തൊഴിലാക്കുന്നത് നാട്ടുനടപ്പായിരുന്നു. സ്വതന്ത്രമായി അലയുന്ന കുതിരകളെ പിടിച്ചുകൊണ്ടു പോകുക- ഉടമയ്ക്ക് തിരിച്ചറിയാനാവുന്ന അടയാളങ്ങള്‍ അപ്രത്യക്ഷമാകുന്നതുവരെ ഒളിവില്‍ താമസിപ്പിക്കുക- പിന്നെ, ചന്തയില്‍ പുത്തന്‍ കുതിരയായി വില്‍ക്കുക- എന്നിങ്ങനെയായിരുന്നു പൊതുവേ പിന്തുടര്‍ന്നു പോന്നിരുന്ന ക്രമം. നെഡിന്‍റെ നേതൃത്വത്തില്‍ ഒരു നാലംഗ സംഘം അനീതികള്‍ക്കെതിരെ കലാപത്തിന് ഒരുങ്ങിയത് അങ്ങനെ അള മുട്ടിയപ്പോഴാണ്‌. മറ്റുള്ളവരെല്ലാം അതേ നിലയ്ക്ക് തന്നെ, കളവും പിടിച്ചുപറിയും പോലീസ് ലോക്കപ്പും ജെയിലുമായി ജീവിച്ചു മരിച്ചു പോയപ്പോള്‍ നിലനില്‍പ്പിനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെ അവിടെനിന്നും വേറെ എവിടേയ്ക്കോ ഉയര്‍ത്താനായി എന്നതാണ് നെഡിനെ വ്യത്യസ്തനാക്കുന്നത്. ചൂഷണത്തിന് ശാശ്വതമായ അറുതി വരുത്താന്‍,
നേരിട്ടുള്ള ഏറ്റുമുട്ടലു കളിലൂടെ വടക്ക്-കിഴക്കന്‍ വിക്റ്റോറിയയെ സ്വതന്ത്രമാക്കി, ഒരു റിപ്പബ്ലിക്കാക്കുക എന്നതായിരുന്നു, അവിശ്വസനീയമായി, കെല്ലി ഗാംഗ് ലക്ഷ്യമാക്കിയത്!
കര്‍ഷകരോട് ‘കട’മായി വാങ്ങിയ ഉഴവുപകരണങ്ങളില്‍ നിന്നും മറ്റും അടര്‍ത്തിമാറ്റി, ഉരുക്കി, അടിച്ചുപരത്തിയെടുത്ത ഇരുമ്പ് തകിട് കൊണ്ട് സ്വന്തമായി ഉണ്ടാക്കിയെടുത്ത ഭാരിച്ച ശരീര കവചം ഒരു നാടോടിക്കഥ യിലെ നായകകഥാപാത്രത്തിന് ചേരുന്നതാണ്.
നാല്‍പ്പത്തഞ്ചു കിലോഗ്രാം ആയിരുന്നു അതിന്‍റെ ഭാരം എന്ന് രേഖകള്‍ പറയുന്നു. (നെഡിന്‍റെ ജീവിതകഥ ചലച്ചിത്രമാക്കിയപ്പോള്‍ അലുമിനിയം കൊണ്ടുള്ള കവചം നിര്‍മ്മിച്ച്, ചായം കൊടുത്ത് ഇരുമ്പിന്‍റെ പ്രതീതി സൃഷ്ടിക്കുകയായിരുന്നു മൂന്നു സംഘാംഗങ്ങള്‍ക്ക് കൂടി അത്തരം കവചങ്ങള്‍ ഉണ്ടാക്കിയെടുത്തിരുന്നു.
പ്രസ്തുത കവചങ്ങളുടെ പ്രശസ്തി ആസ്ട്രേലിയയ്ക്ക് പുറമേയ്ക്കുമെത്തി. മൂന്നര പതറ്റാണ്ടുകള്‍ക്ക് ശേഷം
ഒന്നാം ലോക മഹായുദ്ധകാലത്ത്, ഷെര്‍ലക് ഹോംസിന്‍റെ സൃഷ്ടാവും ഡോക്റ്ററുമായിരുന്ന സര്‍ ആര്‍തര്‍ കോനന്‍ ഡോയില്‍ ലണ്ടനിലെ യുദ്ധകാര്യ ഓഫീസിന്‍റെ ശ്രദ്ധ ‘കെല്ലി-കവച’ത്തിലേയ്ക്ക് ക്ഷണിക്കുകയുണ്ടായി. ബ്രിട്ടീഷ് മുന്‍നിര പോരാളികള്‍ക്ക് യുദ്ധത്തില്‍ ജീവഹാനി സംഭവിക്കുന്നത് തടയാന്‍ ആയില്ലെങ്കിലും കുറയ്ക്കാന്‍ അങ്ങനെയൊരു നീക്കം കൊണ്ട് കഴിഞ്ഞേയ്ക്കും എന്ന് അദ്ദേഹം വിശ്വസിച്ചു:
‘when Ned Kelly walked unharmed before the Victorian police rifles in his own hand-made armour, he was an object-lesson to the world. If an outlaw could do it, why not a soldier? … The use of armour is possible for the protection of the vital parts of a soldier’s body, and ought to be supplied to stormers, whose business is to cross no man’s land, attack the machine-gunners, and clear the way for the infantry.’
ഔദ്യോഗികമായി ഈ നിര്‍ദ്ദേശം അംഗീകരിക്കപ്പെടുകയുണ്ടായില്ലെങ്കിലും പ്രായോഗികതലത്തില്‍ പോര്‍മുഖങ്ങളില്‍ ഇത് ഉപയോഗപ്പെടുത്തിയിരുന്നു പോലും.
‘The idea of the Kelly Gang’s armour inspired -and saved- hundreds if not thousands of soldiers fighting on the western front in World War I and other theatres of conflict.’
നെഡിന്‍റെ കഥ അടിസ്ഥാന അംശങ്ങളില്‍ പലയിടത്തും വീരപ്പനേയോ ചമ്പലിലെ മാന്‍സിംഗ്-ലാഖന്‍സിംഗ്-രൂപ-ഫൂലന്‍ദേവി പ്രഭൃതികളേയോ – ഓര്‍മ്മയില്‍ കൊണ്ടുവരും. വിശദാംശങ്ങളില്‍, പക്ഷേ, കാതലായ വ്യത്യാസങ്ങളുണ്ട്. അക്ഷരങ്ങളുടെ ശക്തിയില്‍ അയാള്‍ക്ക് അസാധാരണമായ വിശ്വാസമുണ്ടായിരുന്നു.
’The printed word was a currency more potent than bank notes, and he wanted access to that power.’- ‘The Jerilderie Letter’ ന്‍റെ അവതാരികയില്‍ മെല്‍ബേണ്‍ ചരിത്രകാരനായ Alex McDermott പറയുന്നു. കഴിവതും രക്തച്ചൊരിച്ചില്‍ ഒഴിവാക്കിയുള്ള ഏറ്റുമുട്ടലുകള്‍- കൊല്ലപ്പെട്ട പോലീസുകാരുടെ കുടുംബത്തോട് വാക്കുകളിലെങ്കിലുമുള്ള സഹാനുഭൂതി- സ്വന്തം ചെയ്തികളെ നീതീകരിക്കുമ്പോഴും അവയിലുള്‍ച്ചേര്‍ന്നിരിക്കുന്ന തിന്മയെക്കുറിച്ചുള്ള തിരിച്ചറിവ്- അപായകരമായ ചുറ്റുപാടുകളിലും കൂട്ടുകാരെ വിട്ടുകൊടുക്കാതിരിക്കാനുള്ള ധൈര്യവും മന:സാന്നിദ്ധ്യവും ഇതൊക്കെ ഈ മനുഷ്യനെ മറ്റുള്ളവരില്‍ നിന്ന് അകറ്റിനിര്‍ത്തുന്നു. ‘ജെറില്‍ഡെറി കത്തി’ലെ ഈ ഭാഗം ശ്രദ്ധിക്കു
I do not pretend that I have led a blameless life, or that one fault justified another, but the public judging a case like mine should remember, that the darkest life may have a bright side, and that after the worst has been said against a man, he may, if he is heard, tell a story in his own rough way, that will perhaps lead them to intimate the harshness of their thoughts against him, and find as many excuses for him as he would plead for himself.
നേരത്തെ സൂചിപ്പിച്ചതു പോലെ കൊടുംകുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളാന്‍ ഭരണകൂടത്തെ പ്രാപ്തമാക്കുന്ന The Felons Apprehension Act പ്രാബല്യത്തില്‍ വന്നത് നെഡിനേയും കൂട്ടരേയും ജീവനോടെയോ അല്ലാതെയോ പിടികൂടേണ്ടത് രാഷ്ട്രത്തിന്‍റെ ആവശ്യമായി തോന്നിയപ്പോള്‍ ആണ്. മറുവശത്ത് നെഡിന്‍റെ ശ്രമങ്ങള്‍ ഫലം കണ്ടില്ല എന്ന് പറയാനാവില്ല പോലീസ് വകുപ്പിലെ അഴിമതികളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 1881 Royal Commission രൂപീകരിക്കപ്പെട്ടത്- ഭൂമിയുടെ ക്രയവിക്രയങ്ങള്‍ക്കും കൈവശാവകാശത്തിനുമുള്ള നിബന്ധനകള്‍ നിയമം മൂലം ലഘുകരിച്ചത്- പാര്‍ലിമെന്‍റില്‍ പ്രാദേശിക പ്രാതിനിധ്യത്തിന് വഴിയൊരുക്കിയത് തുടങ്ങി ആധുനിക ആസ്ട്രേലിയയുടെ ചില നയമാറ്റങ്ങള്‍ക്ക് ആ ഹ്രസ്വ ജീവിതവും മരണവും നിമിത്തമായിട്ടുണ്ട്. നെഡിന്‍റെ ചരിത്രം എഴുതുമ്പോള്‍ അവഗണിക്കാനാവാത്തതാണ് ഈ ‘മരണാനന്തര’ ജീവിതം. ,കഥ പറയുന്ന, ആദ്യത്തെ മുഴുനീള ചലച്ചിത്രം. 1906 ല്‍ ആണ് പുറത്തുവന്ന,. The Story of the Kelly Gang ആയിരുന്നു. ജീവല്‍ക്കാലത്തുണ്ടായിരുന്ന അസ്പൃശ്യതയും അസ്വീകാര്യതയും നീങ്ങി നെഡ് സ്മരണ കൈവരിച്ച വളര്‍ച്ചയുടെ ആപേക്ഷികത ബോദ്ധ്യപ്പെടുത്താന്‍  ആസ്ട്രേലിയയില്‍ നടന്ന രണ്ട് ഒളിംപിക്സുകള്‍ രസകരമായ ഉദാഹരണമാവും. 1956 ലെ മെല്‍ബേണ്‍ ഒളിമ്പിക്സിന് അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന ഇനങ്ങളില്‍ ഒന്ന് ഡഗ്ലസ് സ്റ്റീവര്‍ട്ടിന്‍റെ നെഡ് കെല്ലി എന്ന നാടകമായിരുന്നു. കാര്യമായ ചര്‍ച്ചകള്‍ക്ക് ശേഷം ഇത് പരിപാടിയില്‍ നിന്ന് നീക്കി- നാടകം, രാഷ്ട്രത്തെക്കുറിച്ച് ലോകത്തിന് തെറ്റായ സന്ദേശം കൊടുക്കും എന്ന അധികൃതരുടെ ആശങ്കയായിരുന്നു കാരണം. 2000 ആം ആണ്ടിലെ സിഡ്നി ഒളിംപിക്സ് ആയപ്പോഴേയ്ക്ക് ഉദ്ഘാടന ആഘോഷങ്ങളുടെ ഒരു വലിയ ആകര്‍ഷണം സിഡ്നി നോലന്‍ രചനകളില്‍ നിന്ന് ആവേശം കൊണ്ട ഒരു തലമുറയുടെ പലതരം നെഡ് കെല്ലി അവതരണങ്ങളായിരുന്നു. എഴുപത്തിയാറാം ചരമദിനത്തില്‍ നിന്ന് നൂറ്റിയിരുപതാം ചരമദിനത്തിലേയ്ക്ക് എത്തിയപ്പോഴേയ്ക്ക് ആസ്ട്രേലിയന്‍ റോബിന്‍ഹുഡ് ഒരു വൃത്തം മുഴുമിപ്പിച്ചിരുന്നു. 

Tuesday, June 19, 2018

രാമെഗൌഡ ഓഫീസിലേയ്ക്ക് നേരത്തെ പുറപ്പെട്ട ദിവസം

ഇന്ന് നേരത്തേ ഓഫീസിലെത്തണം…ആരേയും പേടിച്ചിട്ടല്ല..ആരേയും ബോദ്ധ്യപ്പെടുത്താനുമല്ല…എങ്കിലും–‘
രാമെഗൌഡ കന്നടത്തില്‍ ചിന്തിച്ചു.
‘ശിവലിംഗു സെക് ഷന്‍ ഓഫീസറാണ്..ഞാന്‍ അയാളുടെ കീഴില്‍ ഒരു അക്കൌണ്ടന്‍റും. അല്ലെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ, ശിവലിംഗു ഓഫീസറായിട്ടല്ല ജനിച്ചത്. ഞാന്‍ അക്കൌണ്ടന്‍റായിട്ടുമല്ല. സാധാരണ മനുഷ്യക്കുട്ടികള്‍ ജനിക്കുന്നതു പോലെ ജനിച്ചു. സാധാരണ കുട്ടികളെ പോലെ വളര്‍ന്നു. പഠിച്ചു. വലുതായി. ഒരേ ഓഫീസില്‍ ജോലിക്ക് ചേര്‍ന്നു. ശിവലിംഗു കുറെ വര്‍ഷം തുടരെത്തുടരെ പരീക്ഷയെഴുതി എസ്.ഓ. ആയി. ഞാനും ചത്തില്ലെങ്കില്‍ കുറച്ചു കാലത്തിനുള്ളില്‍ എസ്.ഓ. ആവും. അത്രയേയുള്ളൂ. സെക് ഷനില്‍ പണി തീര്‍ന്നില്ലെങ്കില്‍ ധൃതിയില്‍ ചെയ്യണമെന്നു പറയാം. സമയത്ത് അക്കൌണ്ട്സ് കൊടുത്തില്ലെങ്കില്‍ തനിക്കും ബുദ്ധിമുട്ടാണെന്ന് പറയാം.’
ബ്രഷില്‍ ടൂത്ത് പെയ്സ്റ്റുമായി കുളിമുറിയിലേയ്ക്ക് നടക്കുമ്പോള്‍ രാമെഗൌഡ ഭാര്യയോട് വിളിച്ചുചോദിച്ചു:
“ഹൊന്നമ്മാ, ടൈംപീസില്‍ സമയമെത്രയായെന്നു നോക്ക്..”
ഒരു മിനുട്ടിന് ശേഷം ഹൊന്നമ്മയുടെ കഫം കെട്ടിയ ശബ്ദം കുളിമുറിയുടെ പാതിയടഞ്ഞ വാതിലിന്നിടയിലൂടെ കടന്നുവന്നു.:
“എട്ട് നാല്‍പ്പത്”
തേഞ്ഞും പൊട്ടിയും നിന്ന പല്ലുകള്‍ക്കിടയിലൂടെ ബ്രഷ് കറപറ നീക്കിക്കൊണ്ട് രാമെഗൌഡ ചിന്ത തുടര്‍ന്നു.
‘യു ആര്‍ എ ഹാബിച്വല്‍ ലേറ്റ്കമര്‍’ എന്ന് ശിവലിംഗു പറഞ്ഞു. എനിക്ക് വിരോധമില്ല. സിനിമയില്‍ അക്ഷരാഭ്യാസമില്ലാത്ത പുള്ളിയുടെ മുഖത്ത് നോക്കി പോലീസുകാരന്‍ ‘യു ആര്‍ അണ്‍ഡര്‍ അറസ്റ്റ്.’ എന്ന് പറയുന്നത് പോലെ അതൊരു ചടങ്ങാണ്. കൊല്ലുമെന്ന് പറഞ്ഞാല്‍ ഒരു വാക്യം ഇംഗ്ലീഷില്‍ പറയാന്‍ കൂട്ടാക്കാത്ത ശിവലിംഗുവും ഇടക്കിടെ ഓരോരുത്തരെ വിളിച്ച്, ഗൌരവത്തില്‍ പറയും, ‘യു ആര്‍ എ ഹാബിച്വല്‍ ലേറ്റ്കമര്‍’ രാമെഗൌഡ ചിരിച്ചു. പെട്ടെന്ന് ഗൌരവം വീണ്ടെടുത്തു. ‘ശിവലിംഗുവിന്‍റെ ഇംഗ്ലീഷിനെ പരിഹസിക്കാം. പക്ഷേ, അതല്ലാതെ അയാള്‍ പറഞ്ഞ വാക്കുകളോ..? അതിനു പിന്നിലെ അഹന്തയോ..? ‘സിനിമാതിയേറ്ററിലും കള്ളുഷോപ്പിലും കയറിവരുന്നത് പോലെ ഓഫീസില്‍ വരരു’തെന്ന്’ ബ്രഷ് മോണയില്‍ തട്ടിയപ്പോള്‍ വേദനിച്ചു. ചിന്ത മുറിഞ്ഞു. ‘അടുത്ത മാസം ശമ്പളം കിട്ടിയാല്‍ ഒരു ബ്രഷ് വാങ്ങണം. ഏതോ ടൂത്ത്പെയ്സ്റ്റിന്‍റെ വലിയ പാക്കറ്റ് വാങ്ങിയാല്‍ ബ്രഷ് വെറുതെ കിട്ടും. ഇനി ഇതുകൊണ്ട് വയ്യ. മരക്കമ്പ് പോലെയായിരിക്കുന്നു. ബാത്ത്റൂമില്‍ നിന്ന് പുറത്തു കടന്ന് രാമെഗൌഡ ഭാര്യയെ വിളിച്ചു.
‘ഹൊന്നമ്മാ, അണ്ടാവില്‍ കുറച്ചുകൂടി വെള്ളം ഒഴിച്ച്, ചൂടാക്ക്..’
ഡെക്കാന്‍ ഹെറാള്‍ഡിന്‍റെ തലക്കെട്ടുകളിലൂടെ ഓടിച്ചുനോക്കി, രാമെഗൌഡ ചിന്ത തുടര്‍ന്നു. ‘
‘ഒമ്പതര മണി മുതല്‍ ആറു മണി വരെ ജോലി ചെയ്യുന്നതിനാണ് നിങ്ങള്‍ക്ക് ശമ്പളം തരുന്ന’തെന്നും ശിവലിംഗു പറഞ്ഞു. ആര് ശമ്പളം തരുന്നത്? ശിവലിംഗുവാണോ എനിക്ക് ശമ്പളം തരുന്നത്- അതോ, കേന്ദ്ര ഗവണ്‍മെന്‍റോ? ‘നിങ്ങള്‍ ഒരു ഗവണ്‍മെന്‍റ് സെര്‍വന്‍റ് ആണെ’ന്ന് ശിവലിംഗു പറഞ്ഞു. ഭാഗ്യം പഴയ ചക്രവര്‍ത്തിയെ പോലെ താനാണ് ഗവണ്‍മെന്‍റ് എന്നും പറഞ്ഞില്ലല്ലോ! എങ്കില്‍ ഞാന്‍ ശിവലിംഗുവിന്‍റെ സെര്‍വന്‍റ് ആവേണ്ടി വന്നേനേ…’
രാമെഗൌഡ പത്രത്തിന്‍റെ പേജ് മറിച്ചു.
‘ടു ഇന്‍ വണ്‍’ ക്രോസ് വേഡ്-
പേപ്പറുമായി കക്കൂസില്‍ കയറി വാതിലടച്ചു.
സ്വസ്ഥമായിരുന്ന്‍ ആദ്യത്തെ ക്ലൂ വായിച്ചു:
Oliver’s turn (5)
രാമെഗൌഡ ശിവലിംഗുവിനെ തത്ക്കാലം മനസ്സില്‍ നിന്ന് മാറ്റിനിര്‍ത്തി. കാര്യമായ ആലോചന വേണ്ടിവന്നില്ല. വാക്ക് കിട്ടി :
Twist.
അതൊരു നല്ല തുടക്കമാണ്, ദിവസത്തിന്. ആദ്യത്തെ വാക്ക് തന്നെ കിട്ടി. അടുത്ത രണ്ടുമൂന്നെണ്ണം ശരിയായില്ല.
‘The most courageous form of men’s and women’s undergarment (7)’
കക്കൂസില്‍ ഇരുന്നുകൊണ്ടാണെങ്കിലും രാമെഗൌഡ ശബ്ദമുണ്ടാക്കി ചിരിച്ചു. ഏതാനും മിനുട്ട് നേരത്തെ ആലോചനയ്ക്ക് മുന്നില്‍ അതും വഴങ്ങി : bra–vest’.. bravest
ഇരുപതു മിനുട്ട് നേരത്തെ അദ്ധ്വാനത്തില്‍ പതിനാല് വാക്കുകള്‍ കിട്ടി. രാജ് കുമാറിന്‍റെ ഒരു പാട്ടും മൂളിക്കൊണ്ട് രാമെഗൌഡ കക്കൂസില്‍ നിന്ന് പുറത്തുവന്നു. കുളിമുറിയില്‍ കയറി. സാമാന്യം ചൂടുള്ള വെള്ളം ദേഹത്തുകൂടി ഒഴിക്കുമ്പോള്‍ രാമെഗൌഡ അഞ്ചു വയസ്സുകാരി മകളെ വിളിച്ചു:
“വാസുകീ, മോളേ, ടൈംപീസില്‍ സൂചികള്‍ എവിടെയൊക്കെയാണെന്നു നോക്കിപ്പറ.!”
വെള്ളിക്കൊലുസ്സിന്‍റെ ശബ്ദം കുളിമുറിക്ക് മുന്നിലൂടെ കടന്നുപോയി. “ചെറിയ സൂചി ഒമ്പതിന്‍റെ അടുത്ത്–വലിയ സൂചി എട്ടില്‍-”
രാമെഗൌഡ മനസ്സില്‍ കണക്കുകൂട്ടിയെടുത്തു….
‘എണ്ണഞ്ച് നാല്‍പ്പത്…എട്ട് നാല്പ്പത്..
‘ഇന്ന് നേരത്തെ പുറപ്പെടണം. ഒമ്പതര മണിക്ക് മുമ്പ് ഒപ്പിട്ട് സീറ്റിലിരിക്കണം.. ശിവലിംഗുവിനെ പേടിച്ചിട്ടല്ല..സാക്ഷാല്‍ ശിവനെ എനിക്ക് പേടിയില്ല.. ശിവലിംഗുവിന് എന്താണ് എന്നെക്കാള്‍ മേന്മ? ഞാന്‍ B ടൈപ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുമ്പോള്‍ ശിവലിംഗു C ടൈപ്പില്‍ താമസിക്കുന്നു…എന്താണ് വിശേഷം..? സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ ക്വാര്‍ട്ടേഴ്സിന്‍റെ പ്രാകൃതത്വം രണ്ടു കൂട്ടര്‍ക്കും ഒരുപോലെയാണ്.’ ‘ശിവലിംഗുവിന് വേണമെങ്കില്‍ ഒരു മേന്മ അവകാശപ്പെടാം’ കുസൃതിയോടെ രാമെഗൌഡ ഓര്‍ത്തു.
‘എവിടെനിന്ന് നോക്കിയാലും കാണത്തക്കവിധം ബാല്‍ക്കണിയില്‍ അടിവസ്ത്രങ്ങള്‍ ഉണങ്ങാനിടുന്ന പതിവ് എനിക്കില്ല. പഴകി മഞ്ഞനിറമായ ബനിയനുകളും അടിപ്പാവാടകളും വിവിധ വര്‍ണ്ണങ്ങളിലുള്ള ………………..! സൗകര്യം കിട്ടട്ടെ- ശിവലിംഗു വിനോട്‌ പറയണം, പൊതുജനങ്ങള്‍ക്ക് ഒരു സഹായമെന്ന നിലയില്‍ ആ തോരണങ്ങള്‍ അകത്തേയ്ക്കൊന്നു മാറ്റാന്‍.’ കുളിമുറിയില്‍ നിന്ന് പുറത്ത് വന്നപ്പോഴേയ്ക്ക് ഹൊന്നമ്മ പ്ലെയ്റ്റില്‍ ഒരു തേങ്ങയുടെ വലുപ്പത്തില്‍ ‘റാഗിമുദ്ദെ’ വിളമ്പി വെച്ചിരുന്നു. ഒരു വലിയ കപ്പില്‍ ചൂടുള്ള സാമ്പാറും. സാമ്പാറൊഴിച്ചു കുഴച്ച് രാമെഗൌഡ സമൃദ്ധമായി റാഗിമുദ്ദെ കഴിച്ചു. തലമുടി കോതിയൊതുക്കുമ്പോള്‍ അല്പം അസ്വസ്ഥതയോടെ കണ്ടു, കണ്ടമാനം മുടി കൊഴിയുന്നുണ്ട്. മുകളില്‍ പിന്‍ഭാഗത്ത് തൊടുമ്പോള്‍ തലയോടില്‍ തൊടുന്നതു പോലെയായിരിക്കുന്നു.
ഡൈ ചെയ്യിച്ചുകൂടേ എന്നാണ് ഹൊന്നമ്മ ചോദിച്ചത്!
സ്വാദുള്ള ചിത്രാന്നങ്ങളും ബിസിബെളെ ബാത്തും വാങ്കി ബാത്തും ഉണ്ടാക്കുമെന്നേയുള്ളൂ…. ഹൊന്നമ്മയുടെ വിശേഷബുദ്ധി വട്ടപൂജ്യമാണ്…..’ നീളമുള്ള പ്ലാസ്റ്റിക് ബാഗില്‍ ഉച്ചഭക്ഷണത്തിന്‍റെ പാത്രവുമായി വീട്ടില്‍നിന്നു പുറത്തിറങ്ങുമ്പോള്‍ രാമെഗൌഡ ഷെല്‍ഫിലിരിക്കുന്ന ടൈംപീസിലേയ്ക്ക് നോക്കി :
എട്ട് നാല്‍പ്പത്- ‘
'ഇന്ന് ഒമ്പതേകാല്‍ ആവുമ്പോഴേയ്ക്ക് ഞാന്‍ ഓഫീസില്‍ എത്തും. ശിവലിംഗു സീറ്റില്‍ എത്തുമ്പോഴേയ്ക്ക് ഞാന്‍ എത്രയോ ഫയലുകളില്‍ ജോലി തീര്‍ത്തുകഴിഞ്ഞിരിക്കും! 
എന്തും നടക്കാവുന്ന ഒരു രാത്രിക്ക് തൊട്ടുമുമ്പ്

ഒരിടത്തരം പട്ടണത്തിലെ റെയില്‍വേ സ്റ്റേഷന്‍ പരിസരം
കാലം: ഉദ്ദേശം ഒന്നര ദശകങ്ങള്‍ക്ക് മുമ്പ്
നഗരത്തില്‍, റെയില്‍വെ സ്റ്റേഷനും ഓവര്‍ബ്രിഡ്ജിനും ഇടയ്ക്ക് അര കിലോമീറ്റര്‍ നീളത്തില്‍ നിവര്‍ന്നു കിടക്കുന്ന റോഡ്‌. ‘
പൂവിന്‍ ഗന്ധമലിഞ്ഞ തെന്നലിളകിത്തെന്നുന്നുവോ?, സന്ധ്യയാള്‍, രാവിന്നാഗമനം നിനച്ചു കുളിരിന്‍ പൂമെത്ത നീര്‍ത്തുന്നുവോ?
നൂനം പ്രേമമയം, പ്രിയേ, പരിസരം …. ‘ എന്ന് ശ്ലോകം ചൊല്ലാന്‍ തോന്നുന്ന അന്തരീക്ഷം.
പാതയില്‍ ഇരു ദിശകളിലും ഇടമുറിയാത്ത ജനപ്രവാഹം.
സമയം എട്ടുമണിയോടടുപ്പിച്ച്… സന്ധ്യയ്ക്ക് പാതയോരത്തെ നടപ്പാത കൈയേറി, പെട്രോമാക്സിന്‍റെ വെളിച്ചത്തില്‍ നടക്കുന്ന കച്ചവടങ്ങള്‍ ചൂടുപിടിച്ചു വരുന്നു-
ഒരിടത്ത്, വിരിച്ച ചാക്കുകളില്‍ അഞ്ചു രൂപയും പത്തു രൂപയും വിലയിട്ട് ചെറിയ കൂനകളായി കൂട്ടിയിരിക്കുന്ന പച്ചക്കറികള്‍-
മറ്റൊരിടത്ത്, നിര്‍ത്തിയിട്ട വണ്ടിയില്‍, ചൂടുള്ള മണല്‍ച്ചട്ടിയില്‍ പാകമാകുന്ന നിലക്കടല-
അതിനപ്പുറത്ത് കനലില്‍ പാകമാവുന്ന ചോളം–
ഇനിയുമൊരിടത്ത്, മാലയായി കോര്‍ത്തതും കോര്‍ക്കാത്തതുമായ പൂക്കള്‍… പഴങ്ങള്‍.. ഫ്രെയിമിട്ട ദൈവ ചിത്രങ്ങള്‍… പുസ്തകങ്ങളും മാസികകളും..

ഈയറ്റത്ത്, വിളക്കുകാലിന് തൊട്ടുതാഴെ ചെറുപ്പക്കാരന്‍ നിന്നു.

മുട്ടുകവിഞ്ഞു നില്‍ക്കുന്ന മുറിയന്‍ കാലുറയും ഇറക്കം കുറഞ്ഞ നീല വരയന്‍ ടീ ഷര്‍ട്ടും ധരിച്ചു നില്‍ക്കുന്ന അയാള്‍ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ജോലി അന്വേഷിക്കുന്നവനാവാം. ഏതെങ്കിലും സ്ഥാപനത്തില്‍ ശരാശരിയിലും താഴെ ശമ്പളം കൈപ്പറ്റുന്ന താത്ക്കാലിക ജീവനക്കാരനുമാവാം.
ഒരു വലിയ കമ്പനിയില്‍ തടിച്ച ശമ്പളം വാങ്ങുന്ന ചെറുപ്പക്കാരുടെ ആത്മവിശ്വാസവും കൂസലില്ലായ്മയും അയാളില്‍ കാണാനില്ല.
റെയില്‍വെ സ്റ്റേഷന് നേരെ കണ്ണയച്ചു നില്‍ക്കുന്ന അയാള്‍ കാത്തുനിന്ന ആരെയോ തിരക്കില്‍ കണ്ടെത്തിയത് പോലെ സ്റ്റേഷന് നേരെ ധൃതിയില്‍ നടന്നു. നടപ്പാതയില്‍ എതിരെ വന്നവര്‍ക്ക് വഴിവിട്ട്, അപ്പോഴപ്പോള്‍, കടകള്‍ക്ക് മുന്നില്‍ ഗതിവേഗം കുറച്ച്, അപൂര്‍വം ചിലപ്പോള്‍ നില്‍ക്കാനാഞ്ഞ്, ഒരു തീര്‍ച്ചയിലെത്താനാവാത്തത് പോലെ അയാള്‍ നീങ്ങി. ചുറ്റും നടക്കുന്ന ബഹളങ്ങള്‍ അയാളെ ബാധിക്കുന്നില്ല- മറ്റെന്തൊക്കെയോ ബാധിക്കുന്നുണ്ട് താനും!
നടന്ന്, റെയില്‍വേ സ്റ്റേഷന് മുന്നിലെത്തി, എന്തോ മറന്നത്‌ പോലെ അയാള്‍ തിരിഞ്ഞു നിന്നു. തോളില്‍ തൂങ്ങിക്കിടക്കുന്ന സഞ്ചിയില്‍ കാര്യമായി എന്തോ പരതുകയാണിപ്പോള്‍.
ശരിയാണ്- അയാള്‍ എന്തോ എവിടെയോ മറന്നുവെച്ചിരിക്കുന്നു.
ഉടനെ മടങ്ങുന്നതിനു പകരം പിന്നിട്ട വഴിയിലെ, കൂടിവരുന്ന തിരക്കും നോക്കി, മനസ്സിലെന്തോ കണക്കുകൂട്ടി അയാള്‍ നിന്നു…
ഇപ്പോളയാള്‍ തിരിച്ചു നടക്കുകയാണ്. അങ്ങോട്ടുള്ള യാത്ര പോലെ വേഗം കൂട്ടിയും കുറച്ചും ഇടയ്ക്കൊന്നു നിന്നും തന്നെയാണ് മടക്കയാത്രയും. വഴിക്കൊരു പരിചയക്കാരന്‍ അയാളെ പിടിച്ചുനിര്‍ത്തിയിരിക്കുന്നു. അങ്ങനെയൊരു കൂടിക്കാഴ്ച ആ സമയത്ത് അയാള്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് നമുക്ക് തോന്നുന്നതാവുമോ?
അല്പസമയത്തിനു ശേഷം യാത്ര പറഞ്ഞ് സുഹൃത്ത് പിരിഞ്ഞു. നടത്തം തുടരുന്നതിന് പകരം അയാള്‍, നടപ്പാതയുടെ ഒഴിഞ്ഞ വശത്തേയ്ക്ക് മാറിനിന്ന്, കൈയിലെ തോള്‍സഞ്ചിയില്‍ വീണ്ടും എന്തോ തിരയുകയാണ്, അഞ്ചോ പത്തോ മിനുട്ട് അതങ്ങനെ തുടര്‍ന്നു.. തിരയുന്നതിന്നിടയിലും ഇടവിട്ടിടവിട്ട് അയാള്‍ തിരിഞ്ഞുനോക്കുന്നുണ്ട്.
വീണ്ടും നടത്തം-
നമ്മള്‍ ആദ്യം അയാളെ കണ്ട വിളക്കുകാലിനു സമീപമെത്തിയപ്പോള്‍, തിരിഞ്ഞുനോക്കി…
ആരെയോ പ്രതീക്ഷിച്ച് എന്ന മട്ടില്‍ നിന്നു ഇടവിട്ട്, മെല്ലെയും വേഗത്തിലും തിരിച്ചുനടന്നു…
സ്റ്റേഷനടുത്ത് എത്തിയപ്പോള്‍ വീണ്ടും പോക്കറ്റുകളിലും സഞ്ചിയിലും എന്തോ അന്വേഷിച്ചു….
നേരത്തെ നമ്മള്‍ കണ്ടതിന്‍റെ ഏറെക്കുറെ അതേ ക്രമത്തിലുള്ള ആവര്‍ത്തനം!
സ്റ്റേഷന്‍റെ ദിശയില്‍ നടന്നുവരുന്നവരെ നോക്കിനില്‍ക്കുമ്പോള്‍ ആ മുഖത്ത് ഒരു നേരിയ നിരാശയോ നീരസമോ നിഴലിച്ചു കാണുന്നുണ്ടോ? ചെറുപ്പക്കാരന്‍ രണ്ടാം തിരിച്ചുവരവിനുള്ള പുറപ്പാടിലാണ്.
ഒരു ഞെട്ടലോടെ നമ്മള്‍ മനസ്സിലാക്കുന്നു:
ഇത് ആദ്യത്തെ പോക്കോ തിരിച്ചുവരവോ അല്ല. അവസാനത്തേതുമായിക്കൊള്ളണമെന്നില്ല.
അയാള്‍ ആരെയും കാത്തുനില്‍ക്കുകയല്ല–
അയാള്‍ ഒന്നും എവിടെയും മറന്നുവെച്ചിട്ടില്ല–
സഞ്ചിക്കകത്ത് അയാള്‍ ഒന്നും തിരയുകയായിരുന്നില്ല..
മറ്റെന്തിനോ വേണ്ടി ‘സമയം വാങ്ങാനുള്ള ശ്രമത്തിലാണ് ചെറുപ്പക്കാരന്‍ ‍..!

നമ്മളയാളെ തുടക്കം മുതല്‍ വീണ്ടും വായിക്കേണ്ടിയിരിക്കുന്നു…

കരുതിയതില്‍ നിന്നും വ്യത്യസ്തമായി, തിരക്കേറിയ ആ സ്ഥലത്ത് ഒരു ഭീകരാക്രമണത്തിന് തയ്യാറെടുക്കുന്ന തീവ്രവാദിയായിരിക്കാം അയാള്‍.. പ്രതീക്ഷിച്ച വ്യക്തിയെ, വ്യക്തികളെ, ജനക്കൂട്ടത്തെ കാത്ത്, തോള്‍സഞ്ചിയിലെ തീവ്ര സംഹാര ശേഷിയുള്ള ആയുധങ്ങളുമായി, അങ്ങോട്ടുമിങ്ങോട്ടുമുള്ള ഈ നടപ്പ് അവസരം നോക്കിയാവാം ….?
ഇപ്പോള്‍ ചെറുപ്പക്കാരന്‍റെ ഓരോ ചലനത്തിലും, കത്തിയുടെ മൂര്‍ച്ചയുള്ള, ചോരയുറയുന്ന, ഒരു പുതിയ അര്‍ത്ഥം ഉരുത്തിരിയുന്നു- കൂടുതല്‍ വിശ്വസനീയമായ ഒരര്‍ത്ഥം!
തനിക്കു ചുറ്റും ജനസാന്ദ്രത ഏറ്റവും കൂടുതല്‍ ആവുന്ന അവസരം കാത്തിരിക്കുകയാണയാള്‍.
ആ സഞ്ചിയില്‍, റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന സ്ഫോടക വസ്തുവാകും.
ആകും എന്നല്ല, ആണ്!
അത് അശ്രദ്ധമായെന്നോണം എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ അവസരം നോക്കുകയാണ്..‍..
അഥവാ ജനക്കൂട്ടത്തിനിടയില്‍ സ്വയം പൊട്ടിത്തെറിക്കാന്‍ ഒരുങ്ങുകയാണയാള്‍
ആ മുഖം, ഈ രണ്ടാം വായനയില്‍, ഒരു തൊഴിലന്വേഷകന്‍റേതല്ല- ഒരു താഴ്ന്ന വരുമാനക്കാരന്‍റേതോ താത്ക്കാലിക ജീവനക്കാരന്‍റേതോ അല്ല- നിലവിലുള്ള വ്യവസ്ഥിതിയോട് ഏറ്റുമുട്ടാന്‍ തയ്യാറായ ഒരു കടുംവിശ്വാസിയുടേതാണ്….
ആ നിമിഷം, റോഡില്‍ കണ്മുമ്പില്‍, എഴുതിവെച്ച തിരക്കഥയിലെന്ന പോലെ ഓടിപ്പാഞ്ഞു വന്ന രണ്ടു കാറുകള്‍, വലിയ ശബ്ദമുണ്ടാക്കി കൂട്ടിയിടിച്ചു.
പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിച്ചതിനാലാവണം വശത്തുകൂടി പോയിരുന്ന രണ്ട് ഇരുചക്രവാഹനങ്ങളും തൊട്ടടുത്ത് നിലതെറ്റി മറിഞ്ഞു……… നിലവിളികളും ബഹളവും അല്പസമയത്തേയ്ക്ക് ജനങ്ങളുടെ ശ്രദ്ധ ആ വഴിക്ക് തിരിച്ചുവിടുന്നു…
നാലുവശത്തുനിന്നും ഓടിക്കൂടുന്ന ജനങ്ങളേയും വാഹനങ്ങള്‍ തിങ്ങി നിറഞ്ഞ് നിശ്ചലമാവുന്ന ഗതാഗതത്തേയും ശ്രദ്ധിച്ചപ്പോള്‍ വീണ്ടും ഒരു ഞെട്ടലോടെ നമ്മുടെ മനസ്സ് ജാഗരൂകമാകുന്നു:
ഇതാണ്…ഇതാണ് ചെറുപ്പക്കാരനായ ചാവേര്‍ കാത്തിരുന്ന നിമിഷം! റോഡില്‍ നടന്നത് ഒരു നാടകമാണ്-അതില്‍ അഭിനയിച്ചവരില്‍ ചിലരെങ്കിലും അയാളുടെ കൂട്ടത്തില്‍ പെട്ടവരുമാണ്.
നമ്മള്‍ ഈ കെണിയില്‍ വീഴരുത്.
അധികൃതരെ അറിയിക്കാന്‍ തത്ക്കാലം വഴികള്‍ ഇല്ലെങ്കില്‍, അയാളുടെ പദ്ധതി നടപ്പിലാവാതിരിക്കാന്‍ പറ്റിയ ഇടപെടലുകളെങ്കിലും നമ്മുടെ ഭാഗത്ത് നിന്നുണ്ടായേ പറ്റു-
അല്പം ഉഴറിത്തിരിഞ്ഞ്, കണ്ണുകള്‍ ചെറുപ്പക്കാരനെ കണ്ടുപിടിച്ചു.. പെട്രോമാക്സ് വെളിച്ചത്തില്‍ കച്ചവടം നടക്കുന്ന കടകളിലൊന്നില്‍, കടക്കാരനുമായി കാര്യമായെന്തോ സംസാരിക്കുകയാണെന്ന മട്ടില്‍ നില്‍ക്കുകയാണയാള്‍.
ഒരു സാധാരണ വഴിപോക്കന്‍ മാത്രമായിരുന്നെങ്കില്‍ അപകടസ്ഥലത്തെ തിരക്കില്‍ ആകൃഷ്ടനാവാതെ അയാള്‍ക്ക് ഇങ്ങനെ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല.
ആ കടക്കാരനും സംഘത്തിലൊരാളാവാം..
നമ്മള്‍ക്ക് അല്പം കൂടി അയാളുടെ അടുത്തേയ്ക്ക് മാറിനില്‍ക്കാം…… കടക്കാരന്‍ കടയുടെ ഒരുവശത്ത്, ഇരുട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഇരുചക്ര വാഹനത്തിന്‍റെ അടുത്തേയ്ക്ക് അയാളെയും കൂട്ടി നടന്നു. വണ്ടിയുടെ സീറ്റ് തുറന്നു പൊക്കിവെച്ചു.
ചെറുപ്പക്കാരന്‍ ചുറ്റും സംശയത്തോടെ നോട്ടമയച്ചു- കടക്കാരന്‍ അയാള്‍ക്ക് മുന്നില്‍ നിരത്തുന്നത് സുതാര്യമായ കവറിട്ട്, തുറക്കാനാവാത്ത മട്ടില്‍ ചുറ്റും ഒട്ടിച്ച പുസ്തകങ്ങളാണ് –
ചെറുപ്പക്കാരന്‍റെ കണ്ണുകളിലെ ആവേശം നമുക്ക് സങ്കല്പ്പിക്കാവുന്നതിലും അധികമാണ്.
വിലപേശാതെ, നോട്ടുകള്‍ കൈമാറി, വാങ്ങിയ പുസ്തകങ്ങള്‍, ചെറുപ്പക്കാരന്‍, ഷര്‍ട്ടിനടിയില്‍, ബനിയനകത്തേയ്ക്ക് തിരുകിക്കയറ്റി- ചുറ്റുമുള്ള ഒച്ചപ്പാടുകള്‍ കാണാനോ കേള്‍ക്കാനോ നില്‍ക്കാതെ, കടകള്‍ക്കിടയിലൂടെ പോകുന്ന, ഇപ്പോള്‍ ദ്രവിച്ചുകിടക്കുന്ന ഈ മേല്‍പ്പാലം വഴി, റോഡ്‌ മുറിച്ചുകടന്നു….
ഇരുട്ടിന്‍റെ കഥകള്‍ വായിച്ചു കേള്‍ക്കാന്‍ തയ്യാറെടുത്ത് മലര്‍ന്നുകിടന്ന, നഗരത്തിന്‍റെ കെട്ടുപിണച്ചിലുകളിലേയ്ക്ക് അയാള്‍ ഊളിയിട്ടു…. 
കൃഷ്ണോന്‍റെ വിലയിരുത്തലുകള്‍

 റെയില്‍വെ സ്റ്റേഷനും ഓവര്‍ ബ്രിഡ്ജിനും ഇടയില്‍ ആള്‍ക്കാരും വാഹനങ്ങളും തിരക്കിട്ട് പായുന്ന ‘മുക്കുട്ട’യുടെ മറുവശം, പെട്ടിക്കടകള്‍ നിരന്ന പാതയോരം ചേര്‍ന്ന്, എല്ലാറ്റിലും കണ്ണയച്ച്, കൃഷ്ണോന്‍ നിന്നു. ഉച്ചത്തെ ചൂടിന്‍റെ ബാക്കി അന്തരീക്ഷത്തില്‍ ഒഴിഞ്ഞു പോയിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും കടകളില്‍ നിന്നും റോഡില്‍ നിറയുന്ന ആള്‍ക്കാരുടെ മുഖങ്ങളില്‍ ആ ചൂട് തളര്‍ച്ചയായി പടര്‍ന്നു. കാത്തു നില്‍ക്കാന്‍ സമയമില്ലാതെ എല്ലാവരും ഓടുന്നത് എവിടെയെങ്കിലുമൊന്നിരിക്കാന്‍- ഒന്ന് തല ചായ്ക്കാന്‍ ബദ്ധപ്പെട്ടാണ്.
ഓഫീസ് വിട്ട് മരുമകന്‍ ഈ വഴിയാണ് വരുക. അതിനിനിയും അര-മുക്കാല്‍ മണിക്കൂറാകും. ഇവിടെ വരെയേ വരാന്‍ അനുവാദമുള്ളു- ഇവിടെ വരെയേ ഒറ്റയ്ക്ക് വരാന്‍ ധൈര്യവുമുള്ളു.
ഈ പരക്കംപാച്ചിലില്‍ നിന്നുപിഴയ്ക്കാന്‍, പച്ചച്ചാണകത്തില്‍ തീപ്പിടിച്ച പ്രകൃതവും വെച്ച്, ശിവശങ്കരന് പറ്റുന്നത് സര്‍ക്കാര്‍ ജോലിയായത് കൊണ്ടുമാത്രം! മകളുടെ ഭാഗ്യം—
‘അപ്പൂപ്പന്‍ ഒന്നങ്ങോട്ട്‌ മാറി നില്‍ക്കാമോ?’
പത്തുവയസ്സ് തോന്നിക്കുന്ന ചെറുക്കന്‍റെ കൈയില്‍ മടക്കിപ്പിടിച്ച ഒരു ജമുക്കാളം. തൊട്ടടുത്ത് നിറഞ്ഞ രണ്ടു ചാക്കുകള്‍.
‘ആവാലോ!’ –
കൃഷ്ണോന്‍ അടുത്ത കടയുടെ വശത്തേയ്ക്ക് മാറി.
ജമുക്കാളം വിരിച്ച്, ചെറുക്കന്‍ ചാക്കിലെ ജംഗമങ്ങള്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ തരംതിരിച്ചു നിരത്തി. കളിപ്പാട്ടങ്ങള്‍, തൂവാലകള്‍, പ്ലാസ്റ്റിക് കൂടകള്‍, ബാഗുകള്‍, പെട്ടികള്‍ …. കുട്ടികളും സ്ത്രീകളും ഒന്നും രണ്ടുമായി ചുറ്റും നില്‍പ്പുറപ്പിച്ചു. ഉച്ചത്തില്‍ വിളിച്ചു പറഞ്ഞും വിലപേശിയും കിഴിവുകള്‍ നല്‍കിയും കഥ പറഞ്ഞും കച്ചവടം ചെറുക്കന്‍ ചൂട് പിടിപ്പിച്ചു.
കൃഷണോന്‍ കൌതുകത്തോടെ കാഴ്ചക്കാരനായി…….
അന്തരീക്ഷത്തില്‍, പെട്ടെന്ന്, എവിടെനിന്നെന്നില്ലാതെ ഒരു ഒച്ചപ്പാടും ബഹളവും വന്നുനിറഞ്ഞു.. മരത്തണലുകളില്‍ ഇരുന്ന് വ്യാപാരം നടത്തിയിരുന്ന നാട്ടുകൂട്ടത്തെ, വാനില്‍ നിന്നിറങ്ങി ഓടിയെത്തിയ, പോലീസുകാര്‍ വളഞ്ഞു. വില്‍പ്പനസാധനങ്ങളും കച്ചവടക്കാരും പോലീസ് അകമ്പടിയോടെ വാനിലേയ്ക്ക് ആനയിക്കപ്പെട്ടു. തിരക്കുള്ള ഒരു ചന്ത കണ്മുന്നില്‍ ഇല്ലാതായതു പോലെ ! എല്ലാം കഴിഞ്ഞപ്പോള്‍, കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന പോലീസ് ഇന്‍സ്പെക്റ്റര്‍‍‍, തൊപ്പിയൂരി കൈയില്‍ പിടിച്ച്, മറ്റേ കൈയിലൊരു വടിയുമായി രംഗ നിരീക്ഷണം നടത്താന്‍ വന്നു. കൃഷ്ണോന്‍ ശ്രദ്ധിച്ചു:
ചെറുപ്പം-ഒത്ത ശരീരം-പൊക്കം- കട്ടിക്കറുപ്പ് മീശ-
‘ഒരിരുപത്തഞ്ചു വയസ്സ് വര്വോ..?’ –
മുഖത്ത് ചിരിയുടെ അംശമില്ലാതെ, ചുറ്റും കൂടിനിന്നവരോട്‌ കനത്ത ശബ്ദത്തില്‍ പറഞ്ഞു:
‘കൂടിനില്‍ക്കാതെ എല്ലാവരും സ്ഥലം വിട്ടാട്ടെ! ‘
ചുറ്റും തിരക്കൊഴിയുന്നത് നോക്കി, വാനില്‍ കയറി, ചെറുപ്പക്കാരന്‍ സ്ഥലം വിട്ടപ്പോള്‍ കൃഷ്ണോന്‍ മനസ്സ് നിറഞ്ഞ് അഭിനന്ദിച്ചു:
‘മിടുക്ക!’
വളവു തിരിഞ്ഞ് പോലീസ് വാന്‍ പോയിക്കഴിഞ്ഞപ്പോള്‍, അന്തരീക്ഷത്തിന് ശ്വാസം വീണു. മാറിനിന്നവര്‍ ഓരോരുത്തരായി തിരിച്ചുവന്നു. പൂരം കഴിഞ്ഞ പൂരപ്പറമ്പില്‍ കഥയുടെ ബാക്കിക്കായി കാത്തു.
ആള്‍ക്കാര്‍ക്ക് അസൌകര്യമുണ്ടാകരുതെന്ന് കരുതി, കൃഷ്ണോന്‍ നിന്നിരുന്നയിടത്തു നിന്ന് വീണ്ടും  മാറിനിന്നു. ‘
അപ്പൂപ്പാ….ഒന്നങ്ങോട്ട് മാറി നിന്നാല്‍….!’
കൃഷ്ണോന്‍ ഞെട്ടി-
മുന്നില്‍ നിന്ന് ചിരിക്കുന്ന മുഖം കണ്ട്, ഒന്നുകൂടി ഞെട്ടി:
അതേ ചെറുക്കന്‍– ജമുക്കാളം– ചാക്കുകള്‍…
നിവര്‍ത്തി വിരിച്ച ജമുക്കാളത്തില്‍ വീണ്ടും സാധനങ്ങള്‍ നിരന്നു– കളിപ്പാട്ടങ്ങള്‍, തൂവാലകള്‍, പ്ലാസ്റ്റിക് കൂടകള്‍, ബാഗുകള്‍, പെട്ടികള്‍ …. ചുറ്റും, വീണ്ടും, സ്ത്രീകളും കുട്ടികളും — വിളിച്ചു പറയലുകള്‍…വിലപേശലുകള്‍…കിഴിവുകള്‍…കഥകള്‍….
കൃഷ്ണോന്‍റെ മനസ്സ് വീണ്ടും നിറഞ്ഞു:
‘മിടുമിടുക്ക!!’ 

Friday, February 2, 2018

ഇരുപത്തിമൂന്ന് വര്‍ഷം കാത്തിരുന്ന ചെരിപ്പുകള്‍…

 നമ്മുടെ ബഹിരാകാശ ശാസ്ത്ര രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിച്ച ശാസ്ത്രജ്ഞന്‍റെ ആത്മകഥ എന്ന നിലയിലല്ല നമ്പി നാരായണന്‍റെ ‘ഓര്‍മകളുടെ ഭ്രമണപഥത്തില്‍’ വായന ക്കാരന്‍ കൈയിലെടുക്കുക. അത് മറ്റാരെക്കാളും അറിയുന്നുണ്ടാവുക അദ്ദേഹത്തിന് തന്നെയാവും. അതുകൊണ്ടുതന്നെ, ചാരക്കഥയ്ക്കെത്രയോ മുമ്പ് തുടങ്ങിയ തന്‍റെ ജീവിതകഥയുടെ ഓരോ ഘട്ടവും വിസ്തരിച്ചവസാനിപ്പിക്കുമ്പോള്‍ രണ്ടു കാര്യങ്ങളില്‍ അദ്ദേഹം അടിവരയിട്ടും ആവര്‍ത്തിച്ചും ഊന്നുന്നു. ഒന്ന്‍, റോക്കറ്റ് ശാസ്ത്രം പോലെ സങ്കീര്‍ണ്ണമായ വിഷയത്തില്‍, രാജ്യം ഗവേഷണം നടത്തി സ്വായത്തമാക്കിയ സാങ്കേതിക ജ്ഞാനം ഏതാനും രേഖകളിലൂടെ മറ്റൊരു രാജ്യത്തിനു കൈമാറാനോ നേടിയെടുക്കാനോ ആവില്ല. കേസില്‍ പരാമര്‍ശിക്കുന്ന സംഭവത്തെ മാത്രമല്ല അങ്ങനെയൊന്നു നടക്കാനുള്ള സാധ്യതയെ തന്നെ തള്ളിക്കളയുന്നതാണ് ഈ വാദം. ‘ഉദാഹരണത്തിന്, വൈക്കിംഗ് എന്‍ജിന്‍ ടെക്നോളജി കരസ്ഥമാക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ 150 മനുഷ്യവര്‍ഷം ഫ്രാന്‍സില്‍ താമസിച്ചു…………………………………………….. അസ്സംബ്ലിംഗ്, ഫാബ്രിക്കേഷന്‍, ടെസ്റ്റിംഗ്, ടെസ്റ്റ് റിസള്‍ട്ട് അനാലിസിസ് തുടങ്ങിയ എല്ലാ മേഖലകളിലും ഞങ്ങള്‍ക്ക് നല്ല പരിശീലനം അവിടെ കിട്ടിയിട്ടുണ്ട്. ഈ പരിശീലനം മുഴുവന്‍ കിട്ടിയിട്ടും നമ്മള്‍ വൈക്കിംഗ് എന്‍ജിന്‍ ഉണ്ടാക്കാന്‍ പത്ത് വര്‍ഷത്തില്‍ കൂടുതലെടുത്തു. അതുകൊണ്ടുതന്നെ റോക്കറ്റ് ടെക്നോളജി ഡോക്യുമെന്‍റ്സായിട്ടോ ഡ്രോയിങ്സായിട്ടോ കൈമാറ്റം ചെയ്യാന്‍ പറ്റില്ല. ആര്‍ക്കും അത് വാങ്ങാനും കഴിയില്ല.’ ‘…കൂടാതെ കണ്‍സെപ്ച്വല്‍ ഡ്രോയിംഗ്സ് എല്ലാ ടെക്സ്റ്റ് ബുക്കുകളിലും ജേര്‍ണല്‍സിലും ലഭ്യമാണ്. ആര്‍ക്കും അത് പണം കൊടുത്ത് വാങ്ങേണ്ട ആവശ്യമില്ല.’ രണ്ട്, രാജ്യത്തിനു വേണ്ടി സ്വന്തം അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ, വലിയ സാമ്പത്തിക നഷ്ടങ്ങള്‍ സഹിച്ചും ജോലിയെടുക്കാന്‍ കീഴുദ്യോഗസ്ഥരേയും നിര്‍ബന്ധിതരാക്കിയ, പ്രതികൂല സാഹചര്യങ്ങളില്‍, ഒരു വിഭാഗം സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും നിരന്തരം നിരുത്സാഹപ്പെടുത്തിയിട്ടും ശുഭാപ്തി വിശ്വാസത്തോടെ റോക്കറ്റിന് ദ്രാവക ഇന്ധനം എന്ന സ്വന്തം ലക്ഷ്യവുമായി മുന്നോട്ടു പോകുകയും ലക്‌ഷ്യം നേടുകയും ചെയ്ത വ്യക്തിയാണ് താന്‍. അങ്ങനെയൊരാള്‍ക്ക് ഒരു ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഒരിക്കലും ഭാഗഭാക്കാകാനാവില്ല. സ്വയം കുറ്റവിമുക്തനാക്കുന്ന പ്രഖ്യാപനമാണ് അത്. പുസ്തകത്തിന്‍റെ ഒരു വലിയ ഭാഗം, ആത്മകഥയുടെ താളം പിഴയ്ക്കാതെ തന്നെ, ഈ വാദം ഉറപ്പിക്കാനുള്ള പശ്ചാത്തല നിര്‍മ്മിതിയാണ്‌. സ്വന്തം കഥ പറഞ്ഞുപോകുന്നതോടൊപ്പം ഉത്സാഹശാലികളായ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ വിക്രം സാരാഭായ്, സതീഷ്‌ ധവാന്‍, പ്രഫസര്‍ യു.ആര്‍.റാവു എന്നീ ദീര്‍ഘദര്‍ശികളുടെ സമര്‍ത്ഥമായ സാരഥ്യത്തിന്‍ കീഴില്‍ ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തേയും ഐ.എസ്ആര്‍.ഒ. വിനേയും ഇന്നത്തെ നിലയിലേയ്ക്ക് വളര്‍ത്തിക്കൊണ്ടുവന്നതിന്‍റെ ആവേശകരമായ ചരിത്രവും വിസ്തരിക്കുന്നുണ്ട്. സ്വന്തമായി ഒരു വാക്വം പമ്പോ ലെയ്ത്തോ വര്‍ക്ക്ഷോപ്പോ വാഹന സൌകര്യമോ ഇല്ലാതിരുന്ന ആദ്യകാലം.. അഞ്ചു പേര്‍ക്ക് ജോലി ചെയ്യാന്‍ നാല് മേശ മാത്രം കടപ്പുറത്തെ വലിയൊരു ക്രിസ്ത്യന്‍ പള്ളിയായിരുന്നു അന്നത്തെ അഡ്മിനിസ്ട്രേറ്റിവ്‌ ഓഫീസ്. തൊട്ടടുത്തുള്ള ബിഷപ്‌ ഹൌസിലായിരുന്നു ഡയരക്റ്റര്‍ മൂര്‍ത്തി സാറിന്‍റെ മുറി. തിരുവനന്തപുരത്തെ തുമ്പയ്ക്കടുത്ത് കടപ്പുറത്തെ വിശാല ഭൂമിയില്‍ കെട്ടിയുയര്‍ത്തിയ ആ പഴയ ചര്‍ച്ചും അവിടത്തെ ബിഷപ് ഹൌസുമായിരുന്നു അന്നത്തെ തുമ്പ ഇക്വിറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷന്‍ എന്ന TERLS. കേസിന്‍റെ കയ്ക്കുന്ന ഓര്‍മ്മകളുമായി ജീവിച്ചിരിക്കുന്ന പ്രതികള്‍‍, അനുകൂലമായ കോടതിവിധിയില്‍ തൃപ്തരായി, മറ്റൊരു വിധിക്ക് കീഴടങ്ങി ഒതുങ്ങിക്കഴിയുന്നു. ഒരാള്‍ മാത്രം, അന്ന്‍ ചോദ്യം ചോദിച്ചവരെ ചോദ്യങ്ങളുമായി നേരിടുന്നു. രണ്ടു ദശകങ്ങള്‍ക്ക് ശേഷം, അന്ന് ജയിച്ചു നിന്നവരെ ‘ഇപ്പോഴെങ്കിലും’ സത്യം ‘പറഞ്ഞു തുലയ്ക്കാന്‍’, അതികായനായി നിന്ന്‍, വെല്ലുവിളിക്കുന്നു. കള്ളക്കേസില്‍ കുടുക്കി തങ്ങളുടെ ജീവിതം നശിപ്പിക്കുകയും രാജ്യത്തിന്‍റെ ശാസ്ത്ര പുരോഗതിയേയും സാമ്പത്തിക വളര്‍ച്ചയേയും മന്ദഗതിയിലാക്കുകയും ചെയ്തു എന്നാരോപിച്ചുകൊണ്ട് അന്നത്തെ പോലീസിനും ഐ.ബി.ക്കും എതിരെ ഇനിയുമൊരങ്കത്തിനുള്ള ബാല്യവുമായി പുസ്തകരചന നടത്തുന്നു. 336 പേജുള്ള പുസ്തകത്തിന്‍റെ അവസാന 78 പേജുകള്‍ കേസുമായി ബന്ധപ്പെട്ട സി.ബി.ഐ. റിപ്പോര്‍ട്ടിന്‍റെ മലയാള പകര്‍പ്പ് ആണ്. ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ചാരക്കേസ്, പ്രകടമായ ദിശാവ്യതിയാനത്തോടെ., അഭിമുഖങ്ങളായും ചര്‍ച്ചകളായും, സംസ്ഥാനത്ത്, ഒരു തവണ കൂടി മാധ്യമ അരങ്ങിലെത്തുകയാണ്. നടന്നതെന്ത് എന്ന്‍ അന്തിമമായി കണ്ടുപിടിക്കപ്പെടാതിരിക്കുന്ന കാലത്തോളം ആരൊക്കെ എത്രയൊക്കെ കാര്‍പ്പെറ്റിനടിയിലേയ്ക്ക് തള്ളിയാലും ഈ ഭൂതകാലം സമൂഹ മന:സാക്ഷിയുടെ ഉറക്കം കെടുത്താന്‍ എത്തിക്കൊണ്ടേയിരിക്കും. മുഴുവനായി തെളിയിക്കപ്പെടാതെ കിടക്കുന്ന അഭയ – ചേകന്നൂര്‍ മൌലവി കേസുകളില്‍ നിന്ന്‍ ഒരുപാട് വ്യത്യാസമുണ്ട് ഈ കേസിന്. വിഷയം‍, രാജ്യത്തിന്‍റെ സുരക്ഷിതത്വത്തെ അപകടത്തിലാക്കുന്നതാണെന്ന്, രണ്ടു കൂട്ടരും കരുതുന്നു- രണ്ടു വിധത്തിലാണെങ്കിലും! കേസില്‍ മുഖ്യപ്രതിയാക്കപ്പെട്ടയാള്‍ പരമോന്നത കോടതിയില്‍ നിന്നും കുറ്റവിമുക്തി നേടി, തന്നെ കുറ്റവാളിയാക്കിയവരുടെ മുന്നില്‍ ഒരു ജീവന്മരണ പോരാട്ടത്തിന് തയ്യാറായി എത്തിയിരിക്കുന്നു എന്നതാണ് കാതലായ വ്യത്യാസം. താന്‍ കുറ്റവിമുക്തനായി എന്നതില്‍, കൂട്ടുപ്രതികളെ പോലെ, ‘സംതൃപ്തി’ കണ്ടെത്താന്‍ തയ്യാറല്ല നമ്പി നാരായണന്‍. ആരാണ് കുറ്റം ചെയ്തതെന്നും എന്തായിരുന്നു അതിനു പിന്നിലെ ലക്ഷ്യമെന്നും കണ്ടെത്താന്‍ ഒരന്വേഷണം കൂടി വേണമെന്ന വാശിയിലാണദ്ദേഹം. ഇത് രാജ്യത്തെ കുറ്റാന്വേഷണ- നീതിന്യായ ചരിത്രത്തില്‍ അസാധാരണമാണ്. “What the CBI said was that it was a false case. Not that it is not proved. False means it was fabricated by someone. There must be a motive for fabricating a case. I suspect there are people outside the country behind it,” “What I have lost is gone, nothing can be recovered. What the government needs to do is simple; order a fresh probe in the case and subject the suspect to one-tenth the torture that I have gone through, then the truth will come out”. ഐ.എസ്.ആര്‍.ഒ യിലെ തന്നെ ശാസ്ത്രജ്ഞനും കൂട്ടുപ്രതിയുമായ ശശികുമാരന്‍ ഒരാരോപണവും ഉന്നയിക്കാത്തത് ചാരപ്രവര്‍ത്തനം നടന്നു എന്നതിന്‍റെ വ്യക്തമായ തെളിവായി അന്നത്തെ ഡി.ഐ.ജി. സിബി മാത്യൂസ് കരുതുന്നു. എങ്കില്‍ വീണ്ടുമൊരന്വേഷണം വേണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന നമ്പി നാരായണന്‍ അങ്ങനെയൊന്നു നടന്നിട്ടില്ല എന്നും തെളിയിക്കുന്നില്ലേ? അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അതിലെ കുറ്റാരോപിതരാവില്ലേ ഒരു പുതിയ അന്വേഷണത്തെ ആദ്യമേ എതിര്‍ക്കുക? സി.ബി.ഐ. ക്കാരുടെ കൈയില്‍ വന്നതിനു ശേഷം പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല എന്ന്‍ കോടതി മുമ്പാകെ പറഞ്ഞത് ഉദ്ധരിച്ച് ആ ആദ്യദിവസങ്ങളില്‍ പോലീസ് മൂന്നാംമുറ പ്രയോഗിച്ചിട്ടില്ലെന്ന്‍ സമര്‍ത്ഥിക്കാനും സിബി മാത്യൂസ് ശ്രമിക്കുന്നു. യുക്തിഭദ്രമായി ചിന്തിക്കുന്ന ആരെങ്കിലും ഈ വാദങ്ങളെ ഗൌരവബോധത്തോടെ അംഗീകരിക്കുമെന്ന് തോന്നുന്നില്ല പോലീസ്- ഐ.ബി.- മാധ്യമ വൃത്തങ്ങളിലെ ഒരു വിഭാഗം ചാര പ്രവര്‍ത്തനം നടന്നു എന്നും അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു ഉള്‍പ്പെടെ ശക്തരായ ചിലരുടെ ഇടപെടലിനെ തുടര്‍ന്ന്‍, സി.ബി.ഐ., കേസ് അട്ടിമറിച്ചു എന്നും കരുതുന്നു. കേസന്വേഷണം തുടങ്ങിവെച്ച സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ വിജയന്‍, തന്‍റെ സംശയത്തിന് കെ.മുരളീധരനേയും കൂട്ടുപിടിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കരുണാകരനെ പുറത്താക്കാന്‍ ആന്‍റണി വിഭാഗത്തിലെ ചിലര്‍ കളിച്ച കളിയാണ് കേസായി വളര്‍ന്നത് എന്നും പൂര്‍ണമായും ഇതൊരു കള്ളക്കേസാണെന്നും വിശ്വസിക്കുന്നവരുണ്ട്. ഇതിനിടയില്‍ എവിടെയോ അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ സാന്നിദ്ധ്യവും നമ്പി നാരായണന്‍ സംശയിക്കുന്നു. ഒരു അഗതാക്രിസ്റ്റി കഥ പോലെ സംശയത്തിന്‍റെ ഒട്ടേറെ മുനകളുള്ള അസാധാരണമായ കേസാണ് ചാരക്കേസ് സാഹചര്യത്തെളിവുകളില്‍ ഊന്നി, എളുപ്പം തള്ളിക്കളയാനാവാത്ത ചില അനുമാനങ്ങളില്‍ നമ്പി നാരായണന്‍ എത്തുന്നുണ്ട്. ‘എങ്ങനെയാണ് മാലി യുവതിയോട് ഒരു പോലീസ് ഓഫീസര്‍ക്ക് തോന്നിയ ആസക്തി പ്രമാദമായ ഒരു ചാരക്കേസായി മാറിയതെന്നും, കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം സര്‍ക്കാരിനെ വീഴ്ത്താനുള്ള തങ്ങളുടെ രാഷ്ട്രീയ താത്പര്യത്തിനായി അതിനെ ഉപയോഗിച്ചതെന്നും എങ്ങനെയാണ് നമ്മുടെ ഇന്‍റലിജെന്‍റ്സ് ബ്യൂറോ ആഗോളതലത്തിലെ പല ശക്തികളുമായി കൈകോര്‍ത്ത് ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പിനു തടയിടാന്‍ ഈ സംഭവത്തെ ഉപയോഗിച്ചതെന്നും ഈ പുസ്തകം വ്യക്തമാക്കുന്നു’ . ഇതുമായി ബന്ധപ്പെട്ട ഒരു ടി.വി. ചര്‍ച്ചയില്‍ ഇതിലെ കോണ്‍ഗ്രസ് കക്ഷിയെ കുറിച്ചുള്ള പരാമര്‍ശം അന്ന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ചെറിയാന്‍ ഫിലിപ് ശരിവെയ്ക്കുന്നുണ്ട്. കേസിനെക്കുറിച്ച് ഏറെ പഠിക്കുകയും പുസ്തകമെഴുതുകയും ചെയ്ത രാജശേഖരന്‍ നായര്‍ പറയുന്നത് ഇങ്ങനെ: അമേരിക്കയുടെ എതിര്‍പ്പിനെ തുടര്‍ന്ന്‍ ക്രയോജനിക് സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറുന്നതില്‍ നിന്ന് തത്വത്തില്‍ പിന്മാറുകയും അതിന് നഷ്ടപരിഹാരം കൈപ്പറ്റുകയും ചെയ്തു കഴിഞ്ഞ്, രഹസ്യമായി റഷ്യ, അത് ഐ.എസ്.ആര്‍.ഓ.വിന് എത്തിച്ചു കൊടുത്തതാണ് അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ടാവുക. അങ്ങനെ നിയമവിരുദ്ധമായ കാര്യം ചെയ്ത ഐ.എസ്.ആര്‍.ഓ.ആണ് ആദ്യം നിയമനടപടി നേരിടേണ്ടത്. ആത്മകഥകളും സര്‍വീസ് സ്റ്റോറികളും‍, സാധാരണ, എഴുത്തുകാരന്‍റെ വളര്‍ച്ചയുടെ ഘട്ടങ്ങളെ, സമൂഹത്തില്‍ അയാള്‍ നടത്തുന്ന ഇടപെടലുകളെ, അവ നടന്ന ക്രമത്തില്‍ അവതരിപ്പിക്കുകയാണ് ചെയ്യാറുള്ളത്. ആദ്യത്തെ അഞ്ച് അധ്യായങ്ങളില്‍ കേസിന്‍റെ ആദ്യനാളുകളിലൂടെ നമ്പി നാരായണന്‍ നമ്മെ കൊണ്ടുപോകുന്നുണ്ട്. അതിന്‍റെ വിശദാംശങ്ങള്‍ ഇനിയൊരു വിശദീകരണം ആവശ്യമില്ലാത്തത്ര നമുക്ക് സുപരിചിതമാണ് താഴെ ചേര്‍ത്തിരിക്കുന്ന ഉദാഹരണങ്ങള്‍ തരുന്ന, ആത്മകഥാകാരന്‍റെ തിളങ്ങുന്ന വ്യക്തിത്വചിത്രങ്ങളാണ് പുസ്തകം വായിച്ചവസാനിപ്പിക്കുന്ന വായനക്കാരന്‍ കൂടെ കൊണ്ടുപോകുക – ഖര ഇന്ധന മിശ്രിതം ഉപയോഗിച്ച് എ.പി.ജെ. അബ്ദുല്‍ കലാമിന്‍റെ നേതൃത്വത്തില്‍ ഉള്ള ടീം റോക്കറ്റ് വിക്ഷേപണ രംഗത്ത്, സാമ്പത്തികമായതടക്കമുള്ള പരിമിതികള്‍ക്കുള്ളില്‍ സാധ്യമാവുംവിധം പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന കാലം കാര്യക്ഷമതയില്‍ വ്യക്തമായ മേല്‍ക്കൈ ഉണ്ടെന്നറിയാമായിരുന്നിട്ടും സാങ്കേതിക ബുദ്ധിമുട്ടുകള്‍ മറികടന്ന് ദ്രാവക ഇന്ധനം പരീക്ഷിക്കാന്‍ സമയമായിട്ടില്ല എന്നായിരുന്നു കലാം ഉള്‍പ്പെടെ നല്ലൊരു വിഭാഗം ശാസ്ത്രജ്ഞരുടെ വിശ്വാസം. ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ നമ്പി നാരായണന്‍റെ ഏറ്റവും തിളക്കമാര്‍ന്ന നേട്ടം റോക്കറ്റുകളില്‍ ദ്രവ ഇന്ധനം ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത് തന്നെയാണ്. തട്ടിയും തടഞ്ഞും മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന ഒരു ശാസ്ത്രശാഖയ്ക്ക് വഴിത്തിരിവായതും മംഗള്‍യാന്‍ വരെ എത്തിനില്‍ക്കുന്ന ആ യാത്രയില്‍ പി.എസ്.എല്‍.വി., ജി. എസ്.എല്‍.വി. റോക്കറ്റുകളുടെ ഊര്‍ജ്ജസ്രോതസ്സായ വികാസ് എഞ്ചിന്‍ ഒരു യാഥാര്‍ത്ഥ്യമാക്കിയതും ഈ പ്രിന്‍സ്റ്റോണിയന്‍ തലച്ചോറാണ്. – ‘1980കളില്‍ ഒരിക്കല്‍ റോക്കറ്റിന്‍റെ സെക്കന്‍റ് സ്റ്റേജ് എയര്‍ ലിക്വിഡ് ടാങ്ക് ആവശ്യമായി വന്നപ്പോള്‍ ഞങ്ങള്‍ ഒരു ഫ്രഞ്ച് കമ്പനിക്ക് ഓര്‍ഡര്‍ നല്‍കി.’ രണ്ടെണ്ണമേ ഒരു വിമാനത്തില്‍ കൊണ്ടു വരാനാവു. വേണ്ടിയിരുന്ന നാല് ടാങ്കുകളില്‍ ഒന്ന്‍ മാത്രമേ പൂര്‍ത്തിയായ നിലയില്‍ ഉണ്ടായിരുന്നുള്ളു. അന്താരാഷ്‌ട്ര സാഹചര്യങ്ങളില്‍ അവിചാരിതമായി വരുന്ന എതെങ്കിലും മാറ്റത്തിന്‍റെ പേരില്‍, വിദേശ കമ്പനികള്‍ കരാറുകള്‍ റദ്ദാക്കിയ ഉദാഹരണങ്ങളുണ്ട്. ടാങ്കിന്‍റെ സങ്കീര്‍ണമായ ഘടന കാരണം നമുക്കവ സ്വന്തമായി നിര്‍മ്മിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നേയ്ക്കും. തയ്യാറായിക്കഴിഞ്ഞ ഒരു ടാങ്ക് മാത്രമായി ഇന്ത്യയിലെത്തിച്ച്, ബാക്കിക്ക് കാത്തിരിക്കാന്‍ നമ്പി നാരായണന്‍ തീരുമാനിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായ ക്രമത്തില്‍ ബാക്കി മൂന്നെണ്ണവും പിന്നീട് വന്നുചേര്‍ന്നു. രണ്ടിനു പകരം മൂന്നു തവണ വിമാനസര്‍വീസിനെ ആശ്രയിക്കേണ്ടിവന്നത് കൊണ്ട് വന്ന സാമ്പത്തിക നഷ്ടം 30 ലക്ഷം രൂപയായിരുന്നു. വകുപ്പില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് കിട്ടി. മറുപടി കൊണ്ട് തൃപ്തിപ്പെടാതെ അധികൃതര്‍ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ വരെ എത്തിച്ചു.) – നമ്മുടെ റോക്കറ്റ് ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക്, ഫ്രാന്‍സില്‍, വേര്‍നോണില്‍ സ്ഥിതി ചെയ്യുന്ന സൊസൈറ്റി യൂറോപ്യന്‍ ദ പ്രോപല്‍ഷന്‍ കമ്പനിയില്‍ നിന്ന്, 40 ടണ്‍ ത്രസ്റ്റ് ഉള്ള M 40 എഞ്ചിന്‍റെ വിവര സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ഒരു സഹകരണം വേണ്ടിയിരുന്നു. നിര്‍മ്മാണ ഘട്ടത്തിലിരുന്ന M 50 എഞ്ചിന്‍റെ കാര്യത്തിലും! ടെക്നോളജി കൈമാറുന്നത് കോടിക്കണക്കിന് ഫ്രാങ്ക് ചെലവുള്ള ഏര്‍പ്പാടാണ്. നമ്മുടെ നൂറോളം എഞ്ചിനീയര്‍മാര്‍ അവരോടൊപ്പം അഞ്ചു വര്‍ഷമെങ്കിലും ജോലിചെയ്ത് വേണം പരിശീലനം നേടാന്‍ എന്നായിരുന്നു കണക്കുകൂട്ടല്‍‍. സാമ്പത്തികമായി ഏറെ ക്ഷീണിച്ചു നിന്ന ഐ.എസ്.ആര്‍.ഒ. വിന് ആലോചിക്കാന്‍ കൂടി ആവാത്ത വിലയായിരുന്നു കമ്പനി ആവശ്യപ്പെട്ടത്. നമ്പി നാരായണന്‍, രണ്ടു കൂട്ടര്‍ക്കും ഗുണപ്രദമായ ഒരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചു. ഇന്ത്യന്‍ എഞ്ചിനീയര്‍ക്ക് അവര്‍ കൊടുക്കാന്‍ തയ്യാറായ 25000 ഫ്രാങ്ക് ശമ്പളത്തില്‍, അവിടെ ജീവിക്കാന്‍ ആവശ്യമായ 2500 ഫ്രാങ്ക് മാത്രം കൈപ്പറ്റി, ബാക്കി കമ്പനിക്ക് കൊടുക്കേണ്ട തുകയിലേയ്ക്ക് വകയിരുത്താം. അങ്ങനെ 50 ശാസ്ത്രജ്ഞര്‍ മൂന്നു വര്‍ഷം ജോലി ചെയ്‌താല്‍ കമ്പനി ആവശ്യപ്പെട്ട തുക അവര്‍ക്ക് കിട്ടും. സംശയിച്ചു കൊണ്ടാണെങ്കിലും കമ്പനി അധികൃതര്‍ സമ്മതിച്ചു. ഇതേ വിഷയത്തില്‍ തുടര്‍ന്നും രണ്ടു ഘട്ടങ്ങളില്‍ കൂടിയെങ്കിലും അദ്ദേഹം ഈ രീതിയില്‍ കാര്യങ്ങള്‍ നമുക്ക് പ്രയോജനപ്രദമാവുന്ന രീതിയില്‍ നേടിയെടുത്തതായി പുസ്തകത്തിലുണ്ട്.. -ഫ്രാന്‍സിലെ കമ്പനിയുമായുണ്ടാക്കിയ, തൊഴിലെടുത്ത് കടം വീട്ടുന്ന, കരാറനുസരിച്ച് 53 ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഫ്രഞ്ച് ശാസ്ത്രജ്ഞരുമായി ചേര്‍ന്ന്‍ പരിശീലനം നടത്തുന്ന കാലം- ഒരു മലയാളി എഞ്ചിനീയറുടെ മൂന്നു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ശ്വാസംമുട്ടലോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ഇടതു ശ്വാസകോശത്തില്‍ സുഷിരമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‍ ഹാര്‍ട്ട്‌-ലങ്ഗ് മെഷീനിലേയ്ക്ക് മാറ്റി. സോഷ്യല്‍ സെക്യൂരിറ്റി ഇല്ലാത്ത അവസ്ഥയില്‍, ദിവസം 800 ഫ്രാങ്ക് ചെലവ് വരുന്ന ചികിത്സ അവസാനിപ്പിക്കുന്നതായിരിക്കും ബുദ്ധിപരം എന്ന് ആസ്പത്രി അധികൃതര്‍ ഉപദേശിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ മറ്റേ ശ്വാസ കോശത്തിലും സുഷിരം രൂപപ്പെട്ട അവസ്ഥയില്‍, വിശേഷിച്ചും, കുട്ടി രക്ഷപ്പെടാനുള്ള സാധ്യത തീര്‍ത്തും കുറവായിരുന്നു. ബോധപൂര്‍വം ഒരു ജീവന്‍ ഒടുക്കാന്‍ വിസമ്മതിച്ച്, ചികിത്സ തുടരാന്‍ നമ്പി നാരായണന്‍ ഡോക്റ്റര്‍മാരോട് അഭ്യര്‍ഥിച്ചു. ചികിത്സയുടെ ഫലമായി ശ്വാസകോശത്തിലെ സുഷിരങ്ങള്‍ അടയുകയും സുഖപ്പെട്ട്, കുട്ടിയും അമ്മയും ആസ്പത്രി വിടുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരത്ത് പാര്‍ത്ഥാസില്‍ നില്‍ക്കുമ്പോള്‍ ആ അമ്മയും ബാംഗ്ലൂരില്‍ ഡോക്റ്റര്‍ ആയി ജോലി ചെയ്യുന്ന കുട്ടിയും അപ്രതീക്ഷിതമായി തന്നെ വന്നു കണ്ടത്‌ നമ്പി നാരായണന്‍ ഓര്‍മ്മിക്കുന്നുണ്ട്. – ‘വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്ന കാലത്ത് സെക്കന്‍റ് സ്റ്റേജ് റോക്കറ്റ് പ്രോജക്ടില്‍ ടൈറ്റാനിയം അലോയ് ഫോര്‍ജിങ്സ് എന്നൊരു സാധനം ആവശ്യമായി വന്നു.’ ഓര്‍ഡര്‍ അനുസരിച്ച് സാധനം കപ്പല്‍ വഴി കയറ്റി അയച്ചതിന് ശേഷമാണ് ഗവണ്മെന്‍റ് ക്ലിയറന്‍സ് കിട്ടിയിട്ടില്ലെന്ന് അമേരിക്കന്‍ കമ്പനി കണ്ടെത്തിയത്. ഇന്ത്യയില്‍ എത്തിയ ഉടന്‍ തിരിച്ചയയ്ക്കണം എന്ന അറിയിപ്പ് ഐ.എസ്ആര്‍.ഒ.യ്ക്കും പോര്‍ട്ട് അതോറിറ്റിക്കും കിട്ടി. അങ്ങനെ ചെയ്യാമെന്ന്‍ നമ്പി നാരായണന്‍ കമ്പനിക്ക് ഉറപ്പ് കൊടുത്തു. കമ്പനിയുടെ അറിയിപ്പ് കിട്ടിയില്ലെന്നും ഐ.എസ്.ആര്‍.ഒ. യില്‍ നിന്നുള്ളവര്‍ സാധനം ഡെലിവറി എടുത്തു പോയി എന്നും അന്വേഷണം വന്നാല്‍ പറയാന്‍ പോര്‍ട്ട് അതോറിറ്റിയെ ചട്ടം കെട്ടി, നമ്പി നാരായണന്‍, ടൈറ്റാനിയം അലോയ് ഫോര്‍ജിങ്സ് കൈപ്പറ്റി. കമ്പനിയുടെ അന്വേഷണം വന്നപ്പോള്‍, ആരാണ് സാധനം ഡെലിവറി എടുത്തതെന്ന് അറിയില്ലെന്നും ഐ.എസ്.ആര്‍.ഒ. യില്‍ അന്വേഷിച്ച് മറുപടി അയയ്ക്കാമെന്നും അറിയിച്ചു. തുടര്‍ന്നൊരു ചോദ്യമോ മറുപടിയോ ഇക്കാര്യത്തില്‍ ഉണ്ടായില്ലെന്നും അദ്ദേഹം ഓര്‍ക്കുന്നു. – ചാരനെന്ന് വിളിച്ചും ഇരിപ്പിടം നിഷേധിച്ചും വെള്ളം ചോദിച്ചപ്പോള്‍ അത് മുഖത്തേയ്ക്കൊഴിച്ചും ക്രൂരമായ ചോദ്യം ചെയ്യലിന്‍റെ ഭാഗമായി മൂന്നാം മുറയ്ക്ക് വിധേയനാക്കിയും പീഡിപ്പിച്ച ഐ.ബി.യിലെ ഉദ്യോഗസ്ഥരോട് പറഞ്ഞതായി നമ്പി നാരായണന്‍ പറയുന്നു: ‘ഒരു കാര്യം മറക്കരുത് എന്നെ കൊല്ലാതെ വിട്ടാല്‍ നിങ്ങളെക്കൊണ്ട് ഇതിനെല്ലാം ഞാന്‍ ഉത്തരം പറയിക്കും. നിങ്ങള്‍ക്കും ഇല്ലേ കുടുംബം? എന്‍റെ ജീവിതം തകര്‍ത്തതിന്‍റെ കണക്ക് ഞാന്‍ ചോദിച്ചിരിക്കും’ അദ്ദേഹത്തിന്‍റെ ഒരു FB പോസ്റ്റ് പറയുന്നു: They picked on the wrong guy, to settle their internal squabbles….. Never should they even think of doing this to another person. -വഞ്ചിയൂര്‍ കോടതിയില്‍ വെച്ച്, തന്‍റെ വശം കേള്‍ക്കാന്‍ താത്പര്യപ്പെടാതെ, പതിനൊന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ തന്നെ വിട്ട അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അനില്‍കുമാര്‍, കുറച്ചു കാലത്തിനു ശേഷം, കോളിളക്കം സൃഷ്ടിച്ച ബിസ്കറ്റ് രാജന്‍ പിള്ള കേസില്‍ അനധികൃതമായി ജാമ്യം അനുവദിച്ചതിന് സര്‍വീസില്‍ നിന്ന്‍ ഡിസ്മിസ് ചെയ്യപ്പെട്ടു – നമ്പി നാരായണന്‍ ഓര്‍ക്കുന്നു- ‘ക്രയോജനിക് സാങ്കേതിക വിദ്യ മീന്‍കുട്ടയില്‍ വെച്ച് പാക്കിസ്ഥാന് വിറ്റു. അതും 400 കോടിക്ക് !’ എന്നും “മറിയം കിടപ്പറയിലെ റ്റ്യൂണ” എന്ന്‍ ‘മംഗളം’ പത്രത്തില്‍ എഴുതിയ അജിത്‌ കുമാറും വാര്‍ത്ത തുടങ്ങിവെച്ച തനിനിറത്തിലെ ജയചന്ദ്രനുമാണ് ഈ അടുത്ത കാലത്ത് മംഗളം ടി.വി.യുടെ തുടക്കത്തില്‍ മന്ത്രിയെ ഹണിട്രാപ്പില്‍ കുടുക്കിയതിന് അറസ്റ്റിലായത് എന്നും! അനീതി ചെയ്തവരെ ശിക്ഷിക്കുന്ന അദൃശ്യ ശക്തി…? നമ്പി നാരായണന് സംശയം തോന്നാം . “സാര്‍ ഇത് കള്ളക്കഥയാണ്. ചാരനല്ലെങ്കില്‍ കേസില്‍ നിന്ന് മോചിതനായി സാര്‍ വരൂ.വന്ന്‍ ആ ചെരിപ്പൂരി ഞങ്ങളെ അടിക്കു. അതു കൊള്ളാന്‍ ഞങ്ങള്‍ റെഡിയായിരിക്കാം” ഞാന്‍ ചിരിച്ചില്ല പകരം സൂക്ഷിച്ചു വെച്ചു. 23 വര്‍ഷം എന്‍റെ ആ പഴയ ചെരിപ്പുകള്‍.ആ ദ്രോഹികളുടെ കരണത്തടിക്കാനല്ല എന്‍റെ പ്രതിഷേധത്തിന്‍റെ തീയണയാതിരിക്കാന്‍ …..’ അങ്ങനെ, അറിവും ദിശാബോധവും ദീര്‍ഘദര്‍ശിത്വവുമുള്ള ശാസ്ത്രജ്ഞന്‍, വേണ്ട ഘട്ടങ്ങളില്‍ വരുംവരായ്കകളെ മനസ്സില്‍ നിന്ന്‍ മാറ്റിനിര്‍ത്തി സാഹസിക തീരുമാന ങ്ങളെടുക്കാനും നടപ്പാക്കാനും കഴിവുള്ള ടീം ലീഡര്‍, സാമ്പത്തികമായി, രാജ്യത്തിന്‍റെ/ സ്ഥാപനത്തിന്‍റെ കൊക്കിലൊതുങ്ങാത്ത വിവര-സാങ്കേതിക പരിശീലനങ്ങളായാലും വില കൂടിയ യന്ത്രസാമഗ്രികളായാലും അവ കൈക്കലാക്കാന്‍, അന്താരാഷ്‌ട്ര കമ്പോളത്തില്‍, അന്യോന്യം പ്രയോജനപ്പെടുന്ന അസാധാരണ ബാര്‍ട്ടര്‍ രീതികള്‍ കണ്ടെത്തുന്ന തന്ത്രശാലി യായ കച്ചവടക്കാരന്‍, സഹപ്രവര്‍ത്തകരുടെ വ്യക്തിപരമായ കഷ്ടനഷ്ടങ്ങളില്‍ സന്ദര്‍ഭ ത്തിന്‍റെ ഗൌരവം വിലയിരുത്തി യുക്തമായ നടപടി കൈക്കൊള്ളുന്ന പ്രായോഗിക മനുഷ്യസ്നേഹി, ബഹിരാകാശ ശാസ്ത്രരംഗത്തെ ശക്തിയായി രാജ്യത്തെ വളര്‍ത്തി യെടുക്കാനുള്ള ശ്രമത്തില്‍, നിര്‍ണായക ഘട്ടങ്ങളില്‍, കാര്യസാധ്യത്തിനായി സത്യത്തി ന്‍റേയോ ധാര്‍മ്മികതയുടേയോ അതിര്‍ത്തികള്‍ അല്‍പ്പമൊന്നു മാറ്റി സ്ഥാപിക്കുന്നതില്‍ കുറ്റബോധം തോന്നാത്ത സൂത്രശാലി, മുന്നോട്ടുള്ള കുതിപ്പില്‍ രാഷ്ട്രത്തിന്‍റേയും വ്യക്തിപര മായി തന്‍റേയും ഗതി മുടക്കുകയും അവമതിപ്പെടുത്തുകയും ചെയ്ത ശക്തികളെ പിന്തുടരാനും കണക്കു തീര്‍ക്കാനും ക്ഷമയോടെ കാത്തിരുന്ന, പോരാളി— നമ്പി നാരായണന്‍ ഇവരെല്ലാമാണ്. read more http://malayalanatu.com/archives/5712

മഞ്ഞുപാളിയുടെ മൂര്‍ച്ച

                               

When I Hit You,വായിച്ചവസാനിപ്പിച്ച്, ഒരാസ്വാദനക്കുറിപ്പെഴുതാനിരുന്നപ്പോള്‍, പ്രശസ്ത ഹൊറര്‍ നോവലെഴുതിയ ചെറുപ്പക്കാരിയായ ഇംഗ്ലീഷ് എഴുത്തുകാരിയെ കുറിച്ച് പണ്ട് ഒരു സാഹിത്യ ചരിത്രാന്വേഷകന്‍ ചോദിച്ച മട്ടിലൊരു ചോദ്യം മനസ്സില്‍ വന്നു . മീന കന്തസാമി എന്ന യുവ എഴുത്തുകാരിക്ക് ഇങ്ങനെയൊരു കഥ എങ്ങനെ ഒരാഖ്യായികയാക്കി എഴുതാന്‍ തോന്നി? എഴുതി മുഴുമിപ്പിക്കാനായി..? പ്രകാശത്തിനു പകരം ഇരുള്‍ പരത്തുന്നു, ഒരര്‍ത്ഥത്തില്‍ വായനാക്ഷമത ഏറെയുള്ള, ഈ പുസ്തകം- സമൂഹമര്യാദകളെ, ശീലിച്ചു പോന്ന സദാചാര ചിട്ടവട്ടങ്ങളെ, എഴുത്ത് ഭാഷയില്‍ പാലിക്കേണ്ട അച്ചടക്കത്തെ ധിക്കരിച്ചു കൊണ്ടുള്ള ഈ കഥയുടെ വായന വഴിയില്‍ നിര്‍ത്തുന്ന സമാധാനകാംക്ഷികളായ വായനക്കാരൊരുപാട് പേരുണ്ടാവും നാല് മാസം മാത്രം നീണ്ടുനിന്ന ദുരന്ത ദാമ്പത്യത്തിന്‍റെ കഥയാണ് ഇരുനൂറ്റിയമ്പത് പേജുകളില്‍, നോവല്‍ രൂപത്തില്‍ എഴുതപ്പെട്ട (ആത്മ)കഥ പറയുന്നത്. നായകന്‍റെ പേര് മാത്രമാണ് കഥാകാരി മറച്ചുവെയ്ക്കുന്നത്. അപ്പോഴും അടുത്ത പരിചയ വൃത്തങ്ങളില്‍ അയാള്‍ തീര്‍ച്ചയായും അറിയപ്പെടുന്നുണ്ടാവും. പുസ്തകത്തിന്‍റെ തലക്കെട്ട്‌ അയാളെഴുതിയ ഒരു കവിതയുടെ ആദ്യവരിയാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്… കവിത തുടങ്ങുന്നതിങ്ങനെ: When I hit you, Comrade Lenin weeps. വളച്ചുകെട്ടില്ലാതെ, പൊടിപ്പും തൊങ്ങലുമില്ലാതെ, പ്രതീകങ്ങളും അധ്യാരോപങ്ങളുമില്ലാതെ, വായനക്കാരന്‍ അവശ്യം പ്രതീക്ഷിക്കുന്ന എഡിറ്റിംഗിന്‍റെ ഔചിത്യം പോലും സംഭാഷണങ്ങളിലോ വിവരണങ്ങളിലോ പാലിക്കാതെ അവതരിപ്പിച്ചിരിക്കുന്ന കഥ. ആ അര്‍ത്ഥത്തില്‍ ഇതിന്‍റെ മലയാള പരിഭാഷയില്‍ ചിലയിടത്തെങ്കിലും വാക്കുകളില്‍ പകച്ചും അറച്ചും നില്‍ക്കേണ്ടിവരും, പരിഭാഷകനായാലും വായനക്കാരനായാലും. എഴുത്തുഭാഷയുടെ വെളിമ്പറമ്പുകളില്‍ നിന്ന്‍ ദ്വക്ഷരി / ത്ര്യക്ഷരി പദങ്ങളൊക്കെ എടുത്ത് നിര്‍ലോഭം ഉപയോഗിക്കേണ്ടിയും വരും. കവിയും കാമുകനും വിപ്ലവകാരിയുമായാണ് ഇതിലെ സ്ത്രീയുടെ ജീവിതത്തിലേയ്ക്ക് പുരുഷന്‍ എത്തുന്നത്. ഒരുമിച്ചുള്ള ഹ്രസ്വകാലത്തിനിടെ അതിര് വിട്ട പുരുഷാധിപത്യ സ്വഭാവങ്ങള്‍ പ്രകടിപ്പിച്ചും ഭാര്യയുടെ സ്വഭാവശുദ്ധിയിലുള്ള സംശയത്തിന്‍റെ സംസ്കാരമില്ലാത്ത വെളിപ്പെടുത്തലുകള്‍ നടത്തിയും രതിയേയും പീഡനത്തിന്‍റെ മൃഗീയ ആയുധമാക്കാനുള്ള അവിശ്വസനീയമായ ഉദാഹരണങ്ങള്‍ ആവര്‍ത്തിച്ചും തിന്മയുടെ ആള്‍രൂപമായി അയാള്‍ മാറുന്നത് മഞ്ഞുപാളിയുടെ മരവിച്ച മൂര്‍ച്ചയോടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ശാരീരിക-മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന കേന്ദ്രകഥാപാത്രവും സൂക്ഷ്മാംശങ്ങളില്‍ പിശുക്ക് കാണിക്കാതെ അവ പകര്‍ത്തുന്ന ദൃക്സാക്ഷിയും ഒരാളാണ് .. We are in the kitchen, having coffee. He lights a match, brings it to his bare elbow,extinguishes it against his skin.I smile nervously.Then another match is lit. ‘What kind of party trick is that?’I ask. ‘Are you listening?’ ‘yes.’ Another lit match. Another self-inflicted ordeal. I do not get the joke. ‘So I have your attention.’ His head tilted to the right.He is staring at me intensely. ‘Yes, sir’ – I’m tempted to say, but I don’t. ‘yes. Of course I’m listening.You don’t to have to burn yourself, for god’s sake.’ ‘Come off Facebook.’ ‘What?’ ‘Come off Facebook.’ ‘I heard you the first time.But why the hell?’ ‘I’m going to keep doing this until you see my point.’ ‘Darling, please cool down. What’s your point? What have you got against Facebook?’ ‘There is no reason why you should be on Facebook.it’s narcissism.It’s exhibitionism.It’s a waste of time.I’ve said this to you a thousand times.It’s merely you voluntarily feeding information straight to the CIA, to the RAW, to the IB, to everyone who is hounding my life.Every fucking thing is being monitored.Your life may be a peep show, but I’m a revolutionary.I cannot let you endanger me. We’ve had this argument so often that I’ve lost count.I’m not going to repeat everything I’ve said.’ I could smell the match heads and the burnt hair. ‘This is plain and simple blackmail. I’m not going to do anything if you blackmail me.’ ‘ I don’t have to tell you what to do.You’re pushing me into this corner where I’m forced to tell you what’s good for you and what’s not.’ ‘If you put the matches down, we can talk about Facebook.’ ‘If you love me, this is the quickest way you will make up your mind.’ …………………… Now the lit matches are being extinguished on the inside of his left forearm, each leaving a tiny red welt on the skin. He doesn’t look up at me,he doesn’t say a word and that in itself scares me. In the next ten minutes, I deactivate my facebook account. എഫ്.ബി, അക്കൌണ്ട് നിര്‍ജീവമാക്കിയും ഇ-മെയില്‍ ഐ.ഡി പുതുക്കിയും പാസ്‌ വേഡ് പങ്കിട്ടും ഭാര്യയുടെ സ്വകാര്യതയുടെ കവചങ്ങള്‍ അഴിച്ചുമാറ്റി ഒപ്പം അവളുടെ പൊതുവിജ്ഞാനക്കുറവിനെ പരിഹസിച്ച്, സൌഹൃദങ്ങളെ അശ്ലീലവത്ക്കരിച്ച്, സ്വഭാവശുദ്ധിയെ തരംതാണ തമിഴില്‍ കുറ്റവിചാരണ ചെയ്ത് , ചെറിയ പ്രകോപനങ്ങളെ കായികശക്തിയുടെ അധീശത്വം ഉപയോഗപ്പെടുത്തി ശാരീരികമായി തളച്ച് , എഴുത്തുകാരിയെന്ന ഭാര്യയുടെ അഹന്തയെ, അവകാശവാദത്തെ അവമതിപ്പോടെ കണ്ട് , ഇതിലെ പ്രതിനായകന്‍ നടത്തുന്ന ബഹുമുഖ ആക്രമണം ഒരു മന:ശാസ്ത്ര നോവലിലെ രക്തം ഉറയുന്ന കഥാസന്ദര്‍ഭങ്ങളെ ഓര്‍മ്മിപ്പിക്കും. ഈ അപനിര്‍മ്മാണത്തിനു സമാന്തരമായി, താന്‍ കൊണ്ടുനടക്കുന്ന രാഷ്ട്രീയവിശ്വാസത്തിന്‍റെ വളയ്ക്കാനാവാത്ത ചട്ടക്കൂടുകളിലേയ്ക്ക് ഒതുക്കി നായികയുടെ പുനര്‍നിര്‍മ്മാണശ്രമങ്ങളുടെ സ്റ്റഡി ക്ലാസുകളും പുരോഗമിക്കുന്നു — Do you not know that LPG stands for Liberalization-Privatization-Globalization? Really?)– –And within the next hour, there are suggestions that I have slept with the entire editorial team at Outlook– –The cord of my Mac-book which left thin,red welts on my arms.The back of the broomstick that pounded me across the length of my back.The writing pad whose edges found my knuckles…..the drain hose of the washing machine…. — –Depression is the word, isn’t it? Three inches of clevage, two books of poetry,plenty of sex and depression …that’s all it takes to make a woman a famous writer.Beginning from Sylvia plath to Kamala Das, that is the only trajectory you have all followed.– –Q:Where does the sun set? A:On the ruling classes,who exploit the working masses. Q:What does the sky hold? A: The red star. Q: What is love? A: …… Q:I said, what is love? A: Communism? Q: correct! And what is communism? A:Love? A: No! Communism is not love;It is a hammer we use to correct ourselves and to crush our enemies. എതിരാളിയുടെ ദുരൂഹനീക്കങ്ങളെ ചെറുക്കാനോ പ്രത്യാക്രമണത്തിനോ തന്ത്രങ്ങള്‍ മെനയാനാവാതെ ഇരുട്ടില്‍ തപ്പുന്ന ആദ്യഘട്ടത്തില്‍ നിന്ന്‍ ‘ഇര’ മുക്തിമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നടപ്പിലാക്കുന്നത് പെട്ടെന്നാണ്. ലൈംഗിക സര്‍വേകളെ അടിസ്ഥാനമാക്കിയുള്ള Outlook മാസികയുടെ വാര്‍ഷികപ്പതിപ്പിലേയ്ക്ക് ലേഖനം ആവശ്യപ്പെട്ട് പത്രാധിപരുടെ കത്ത് വരുന്നു. അതെങ്ങനെ തടയാമെന്ന്, രാജ്യത്തോട് ഒളിപ്പോരില്‍ ഏര്‍പ്പെട്ടിരിക്കുന്ന, കോളേജ് അദ്ധ്യാപകനായ ഭര്‍ത്താവിന് ആലോചിക്കേണ്ടി വന്നില്ല. സൈബര്‍ കഫേകള്‍ ഇല്ലാത്ത ഉള്‍നാടന്‍ പ്രദേശമായ സ്വദേശത്തേയ്ക്ക്, ലാപ്ടോപ്‌ എടുക്കാതെ ഒരു യാത്ര. ബന്ധുവീടുകളില്‍ സന്ദര്‍ശനം കഴിഞ്ഞ് പതുക്കെ മടക്കം. വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍ മുടക്കിയുള്ള ആക്രമണത്തെ ഗറില്ലായുദ്ധമുറകളുടെ പുത്തന്‍ അറിവുകള്‍ ഉപയോഗിച്ച് എങ്ങനെ തോല്‍പ്പിക്കാം ? My fear of him gives way to my fear of missing the dead-line.in desperation I come up with the riskiest of strategies.I remember that my husband and the USB dongle that allows us to connect to the internet are never parted. What makes the dongle an internet-ready device is the data- powered SIM card inside it. When he has gone off to have his evening bath, I rummage through the pockets of his clothes and find the dongle.I quickly remove the SIM card and hide it in the side seams of my kurta, and leave everything looking as untouched as before. When my turn to use the bathroom comes, I hurry inside, my phone well hidden within a towel,replace the SIM card and send the article across a very slow Opera browser, with no formatting, no italics.When I bathe that night, looking at the black starlit sky out of the window,I’m the happiest woman I’ve ever known.I’m radiant when I step out.I hurriedly put the SIM card back in the dongle so that there is no trace of the crime.My husband calls me to the bed, and I coo back to him.This is not the tme to hold a grudge. When I get back to Mangalore, I check my email.There’s a message from my editor at Outlook. three words.Got it. Brilliant. കഥയിലെ സ്ത്രീ, പലപ്പോഴും ശരീരത്തെ പീഡന മുറകള്‍ക്ക് വിട്ടുകൊടുത്ത്, സ്വയം മാറിനിന്ന്‌ കാഴ്ച്ചക്കാരിയാവുന്നുണ്ട്. പീഡനരംഗങ്ങളെ സീനുകളാക്കി തിരിച്ച്, ശബ്ദവും സംഗീതവും ക്യാമറയുടെ ആംഗിളുകളും വരെ നിശ്ചയിച്ച് വാക്കുകള്‍ കൊണ്ടുള്ള വീഡിയോ ചിത്രങ്ങളായി വായനക്കാരുടെ മുന്നില്‍ എത്തിക്കുന്നുണ്ട്. ന്യൂനോക്തിയില്‍ പൊതിഞ്ഞ ആക്ഷേപഹാസ്യത്തില്‍ എതിരാളിയായ പുരുഷനേയും അയാളുടെ ശ്രമങ്ങളേയും നിസ്സാരവത്ക്കരിക്കുന്നുണ്ട്. സങ്കല്പ കാമുകന്മാര്‍ക്ക് പ്രേമലേഖനങ്ങളെഴുതി, ഭര്‍ത്താവ് ജോലികഴിഞ്ഞെത്തുന്നതിനു മുമ്പ്, തെളിവുകള്‍ അവശേഷിപ്പിക്കാതെ നശിപ്പിക്കുന്നുണ്ട്. ദാമ്പത്യത്തിന്‍റെ ഭദ്രതയ്ക്ക് സ്ത്രീ ചെയ്യേണ്ട വിട്ടുവീഴ്ചകളെ കുറിച്ചും അവള്‍ക്കുണ്ടാവേണ്ട അനന്തമായ സഹന ശക്തിയെ കുറിച്ചും മുന്‍തലമുറയുടെ, യുക്തിക്ക് നിരക്കാത്ത, സാരോപദേശങ്ങള്‍ ഇടതടവില്ലാതെ ഫോണ്‍സംഭാഷണങ്ങളില്‍ കേട്ടിരിക്കുന്നുണ്ട്. ‘I’m a blinking red dot lying flat at the bottom left of a large,flat-screen monitor. The screen is blank except for a red star at the top right.’ എന്ന് തുടങ്ങുന്ന അവസാനമില്ലാത്ത ഒരു ഭ്രാന്തന്‍ കാവ്യ സങ്കല്‍പ്പത്തിന്‍റെ ചങ്ങലക്കണ്ണികളില്‍ സ്വയം നഷ്ടപ്പെടുത്തി അഭയം കണ്ടെത്തുന്നുണ്ട്. ‘That night he prepares the bed, plumps the pillows,and calls me to join him. I’m doing the last of the dinner dishes, watching the clear moon from the window.He calls me again, a note of irritation in his voice.I wash the last dish and wave goodbye to the moon, who watches me leave before turning her gaze to the graveyard next door, where the newly buried dead sleep away their deffered dreams,the finicky dead rejoice in a rainless night, the friendly dead squat in a circle and tell each other stories,the silent dead soak in the faint white light,the melancholic dead think of loved ones they have left behind.The moon has a difficult job cut out for her night after night.’എന്ന്‍ പരിസരം അനുവദിച്ചുതരുന്ന അളവില്‍ നിലാവില്‍ സ്വപ്നം കാണുന്നുണ്ട്.. When I Hit You ദുരന്തദാമ്പത്യത്തിന്‍റെ മാത്രം കഥയല്ല. തന്‍റെ കടുത്ത സ്ത്രീപക്ഷ ചിന്തകളും സ്വാതന്ത്ര്യപ്രഖ്യാപനങ്ങളും മറയില്ലാത്ത ലൈംഗിക കാഴ്ചപ്പാടുകളും കഥയ്ക്ക് സമാന്തരമായി എഴുത്തുകാരി കൊണ്ടുപോകുന്നുണ്ട്.വിവാഹപൂര്‍വപ്രണയബന്ധങ്ങളെ കുറിച്ചും (കേരളത്തിലെ, വാഗ്മിയും വിപ്ലവനേതാവിന്‍റെ പൌത്രനും മാദ്ധ്യമങ്ങളുടെ കണ്ണിലുണ്ണിയുമായ യുവരാഷ്ട്രീയനേതാവുമായുണ്ടായിരുന്ന അടുത്ത ബന്ധത്തെക്കുറിച്ചും വിശദമായ പരാമര്‍ശമുണ്ട്.) ശാരീരിക വേഴ്ച്ചകളെ കുറിച്ചുമുള്ള തുറന്നെഴുത്തുകള്‍ പ്രദര്‍ശനപരതയായോ ലൈംഗിക അരാജകത്വമായോ ഇന്ത്യന്‍ വായനക്കാര്‍ക്കിടയിലെങ്കിലും വിലയിരുത്തപ്പെടും. പക്ഷേ ആ കാഴ്ചപ്പാടില്‍ നിന്ന്‍ പുറത്തുകടക്കാനായാല്‍ അതിലെ അനിഷേദ്ധ്യമായ സത്യസന്ധത നിങ്ങളെ അസ്വസ്ഥരാക്കും. ലൈംഗികത ആസ്വദിക്കുകയോ രതിയെ കുറിച്ച് തുറന്നു സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്ന സ്ത്രീയെ, മുഴുമനസ്സോടെ, മാന്യയായി അംഗീകരിക്കാന്‍ നമ്മള്‍ പഠിച്ചുവരുന്നേയുള്ളൂ. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ അശ്ലീലമായിപ്പോകാവുന്ന വിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കുന്ന ടി.വി.പരിപാടികളില്‍ വ്യക്തമായ സ്ത്രീസാന്നിദ്ധ്യം കണ്ടു തുടങ്ങിയത് ഈയിടെയാണ്. ‘I never understood rape until it happened to me.’ എന്ന് തുടങ്ങുന്ന പത്താം അദ്ധ്യായം മുതല്‍ പാസ്പോര്‍ട്ടും എടിഎം കാര്‍ഡും ഫോണും ലാപ്ടോപ്പും തോള്‍സഞ്ചിയില്‍ ആക്കി പടിയിറങ്ങുന്നിടത്ത് ശുഭപര്യവസായിയാവുന്ന പന്ത്രണ്ടാം അദ്ധ്യായം വരെ ഗാര്‍ഹിക പീഡനത്തിന്‍റെ അതിക്രൂര ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ രതി, ബലാത്സംഗം, ഭാഷയിലെ ലൈംഗികത, മരണം തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള തുറന്ന ചിന്തകളാണ്. പറയുന്നത് മുഴുവന്‍ സത്യമാണെങ്കില്‍ അവള്‍ എന്തുകൊണ്ട് നേരത്തെ വീടുവിട്ടോടി പോന്നില്ല? രക്ഷപ്പെടാന്‍ സന്ദര്‍ഭങ്ങള്‍ കണ്ടെത്തിയില്ല ? എന്ന നാട്ടുകാരുടെ ചോദ്യങ്ങള്‍ക്കുള്ള പ്രതികരണത്തില്‍ മീന കന്തസാമി എഴുതുന്നു. ‘Let me tell you a story.Not mine this time around.It is the story of a girl we call after the place of her birth, lacking the integrity to even utter her name.TheSurynelli Girl. Forty-two men rape this girl, over a period of forty days. She is sixteen years old. The police do not investigate her case.The high court questions her character. Why did she not run away?Why did she not use the opportunities that she had for escape?Why did she stay if, indeed, the conditions were as bad as she claims? how much of this wasn’t really consensual? Sometimes the shame is not the beatings, not the rape. The shame is in being asked to stand to judgment. read more 
http://malayalanatu.com/archives/5161

സഫലം -ഈ പുസ്തകവും

                                         
 കവിതക്കമ്പക്കാരല്ലാത്തവര്‍ക്കും ആസ്വദിക്കാവുന്ന കവിതകള്‍ എഴുതുന്ന കവിയായിരുന്നില്ല എന്‍.എന്‍.കക്കാട്. വൃത്ത നിബന്ധനകള്‍ പാലിക്കാതിരിക്കാന്‍ ശ്രദ്ധിച്ച്, സംഗീതത്തെ പലപ്പോഴും മന:പൂര്‍വം കവിതയില്‍ നിന്ന്‍ ദൂരെ നിര്‍ത്തി, ഭാഷയിലും പ്രയോഗങ്ങളിലും ക്ലിഷ്ടത പതിവാക്കി, വേദങ്ങളില്‍ നിന്നും പുരാണങ്ങളില്‍ നിന്നും ഉപനിഷത്തുകളില്‍ നിന്നും ടിപ്പണികളില്ലാതെ സന്ദര്‍ഭങ്ങളും പ്രയോഗങ്ങളും എടുത്തവതരിപ്പിച്ച്, നടത്തിയ രചനകള്‍ സാഹിത്യാസ്വാദകരില്‍ തന്നെ സംശയങ്ങളും  ആശയക്കുഴപ്പങ്ങളും ഉണ്ടാക്കിയിരുന്നു. കക്കാട് എഴുതുന്നത് കവിത തന്നെയോ എന്ന്‍ സന്ദേഹിച്ച പണ്ഡിതന്മാരും ഉണ്ടായിരുന്നു. വൃത്തനിബദ്ധമായ ശ്ലോകങ്ങളും ഭാഷാകവിതകളും രചിക്കുന്നതിലുള്ള കഴിവുകേടല്ല ഇതിനു പിന്നില്‍ എന്നതിനുദാഹരണങ്ങള്‍ സമാഹാരങ്ങളില്‍ വേണ്ടത്രയുണ്ട്. അതിലളിതമാക്കിയും സംഗീതസാന്ദ്രമാക്കിയും മധുരപദങ്ങളുടെ മാലകള്‍ കോര്‍ത്തും  ഇടപ്പള്ളിക്കവികള്‍ കവിതയെ മലയാളി മനസ്സിനോട് ഏറ്റവും അടുപ്പിച്ച കാലത്തിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. സമകാലീനരായ മറ്റു കവികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജനപ്രിയത കുറവായ എഴുത്തുകാരനായിരുന്നു അദ്ദേഹം എന്നിട്ടും, ‘പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും പലമുഖംകൊണ്ടുനാം തമ്മിലെതിരേറ്റും നൊന്തും, പരസ്പരം നോവിച്ചും, മുപതി- റ്റാണ്ടുകള്‍ നീണ്ടൊരീയറിയാത്ത വഴികളില്‍ എത്ര കൊഴുത്ത ചവര്‍പ്പു കുടിച്ചുവറ്റിച്ചു നാം ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍!’ എന്ന്‍ ചങ്ങമ്പുഴക്കവിതകളുടെ ലാളിത്യവും താളവും വികാര സാന്ദ്രതയും പാലിച്ചു കൊണ്ടെഴുതിയ ഒറ്റക്കവിതയിലൂടെ അതേവരെയുള്ള കഥ മാറ്റി, മലയാളിക്ക് പ്രിയങ്കരനായി മാറിയ കക്കാടിനെക്കുറിച്ച് (പ്രിയങ്കരമായ കവിതയെഴുതിയ കക്കാടിനെക്കുറിച്ച്?), ഭാര്യ ശ്രീദേവി കക്കാടിന്‍റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ‘ആര്‍ദ്രമീധനുമാസരാവില്‍..’ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും ഓര്‍മ്മകളെ പൂര്‍ണമായും അവലംബിച്ച് എഴുതിയ കവിയുടെ ബാല്യകൌമാരങ്ങളെ കുറിച്ചുള്ള ഭാഗങ്ങളായാലും സ്വന്തം ജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞ്, ഓര്‍ക്കാപ്പുറത്ത് എത്തി ജീവിതതാളം തെറ്റിച്ച രോഗം കൂടെക്കൊണ്ടു വന്ന ടെസ്റ്റുകളുടേയും മരുന്നുകളുടേയും വേദനകളുടേയും നടുവില്‍ ഒപ്പം കഴിഞ്ഞ  കാലത്തെക്കുറിച്ചായാലും രണ്ടു കാര്യങ്ങളില്‍ എഴുത്തുകാരി മനസ്സിരുത്തിയതായി കാണാം: എഴുത്ത് അതിവൈകാരിതയിലേയ്ക്ക് കൂപ്പുകുത്തരുത്. വ്യക്തിപരമാകുന്നതോടൊപ്പം അത് അദ്ദേഹം ജീവിച്ച കാലഘട്ടത്തെ കൂടി വെളിപ്പെടുത്തു ന്നതാവണം. എഴുത്തുകാരിയല്ലാത്ത ഒരാളില്‍, ഒരുപക്ഷേ നമ്മള്‍ പ്രതീക്ഷിക്കാത്ത വകതിരിവ് ഈ വിഷയത്തില്‍ ശ്രീദേവി കക്കാട് പ്രദര്‍ശിപ്പിക്കുന്നു. ‘ആറാം വയസ്സില്‍ വിദ്യാരംഭവും ചൌളവും (മുടി കളയല്‍) കാതുകുത്തും കഴിഞ്ഞതോടെ മാറ്റങ്ങളുടെ തുടക്കമായി. അതുവരെ ഇല്ലത്തെ പരിചാരകരെ തൊടാന്‍ തടസ്സമില്ലായിരുന്നു. മേലില്‍ അവരെ തൊട്ടാല്‍ മുങ്ങിക്കുളിച്ചശേഷമേ അകത്തു കടക്കാവു. അക്കൊല്ലം തന്നെ ഉപനയനവും കഴിഞ്ഞു. മാറില്‍ പൂണൂലും കൃഷ്ണാജിനവും (കൃഷ്ണമൃഗത്തോല്‍ ചെറിയ നാട പോലെ മുറിച്ചുണ്ടാക്കുന്നത്) അരയില്‍ കിങ്ങിണിക്ക് പകരം മേഖലപ്പുല്ല് എന്ന പ്രത്യേകതരം പുല്ലുകൊണ്ട് പിരിച്ചുണ്ടാക്കിയ മേഖലയും കൈയില്‍ ചമതക്കോലും (ദണ്ഡ്)- അങ്ങനെയാണ് ഉപനയിച്ചുണ്ണി (ഓനിച്ചുണ്ണി)യായിട്ടുള്ള രൂപമാറ്റം. നീണ്ട കുടുമ കെട്ടിവെയ്ക്കണം കൂമ്പാളക്കോണകത്തിന് പകരം ശീലക്കോണകം. മുണ്ടുടുക്കാന്‍ പാടില്ല. തണുപ്പുകാലമെന്നോ മഴക്കാലമെന്നോ ഭേദമില്ലാതെ അതിരാവിലെ ഉണര്‍ന്ന്‍ കുളത്തില്‍ പോയി മുങ്ങിക്കുളിക്കണം.സന്ധ്യാവന്ദനവും സമിധ(ചമത)എന്ന ഹോമവും ചെയ്യണം.പിന്നെ പ്രാതലൂണ്. ചായപലഹാരങ്ങളൊന്നും അക്കാലത്ത് പതിവില്ല. ഇന്ന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ കുട്ടികള്‍ ഇംഗ്ലീഷിലേ സംസാരിക്കാവു എന്ന നിബന്ധനയുള്ളതുപോലെ ഓനിച്ചുണ്ണി ഭക്ഷണസമയത്തെങ്കിലും സംസ്കൃതത്തിലേ സംസാരിക്കാവു എന്ന ചിട്ടയുണ്ട്.’ “ഭവതി ഭിക്ഷാം ദേഹി, ഭവതി തക്രം ദേഹി.” (അമ്മേ ചോറ് തരു, മോരു തരു) എന്നിങ്ങനെ വേണം ആവശ്യങ്ങളറിയിക്കാന്‍.’ എട്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പത്തെ ഈ ഉപനയന-സമാവര്‍ത്തനങ്ങളെ ഇന്നത്തെ തലമുറ എങ്ങനെയാവും കാണുന്നുണ്ടാവുക? സമുദായത്തിലെ കര്‍ക്കശമായ ആചാരാനുഷ്ഠാനങ്ങളും ജീവിതരീതിയും തളച്ചിട്ട ചുറ്റുപാടില്‍ നാലും അഞ്ചും ക്ലാസ് വരെ പഠിച്ച് വിദ്യാഭ്യാസം അവസാനിപ്പിച്ച്, കുലത്തൊഴിലും ഉപജീവനമാര്‍ഗ്ഗവുമായിരുന്ന തന്ത്രദര്‍ശനത്തിലേയ്ക്കും തന്ത്രക്രിയകളിലേയ്ക്കും ചുരുങ്ങുക യായിരുന്നു ജ്യേഷ്ഠസഹോദരന്മാര്‍. മുകളിലേയ്ക്ക് പഠിക്കണമെന്ന്‍ മോഹിക്കുകയും അച്ഛന്‍റെ പിന്തുണയോടെ അത് സാധിക്കുകയും ചെയ്ത കക്കാട്, ഗ്രാമത്തില്‍, സമുദായത്തില്‍ നിന്ന് ആദ്യമായി ബിരുദധാരികളായ മൂവരില്‍ ഒരാളായിരുന്നു– സമുദായത്തിന്‍റെ അന്നത്തെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം.! അദ്ധ്വാനിക്കേണ്ടിടത്ത് അത് ചെയ്യാതെയും, കൈവശമുള്ള കൃഷിഭൂമികള്‍ തരിശിട്ടും, ഉള്ള പണം വ്യവഹാരങ്ങളില്‍ നഷ്ടപ്പെടുത്തിയും നമ്പൂതിരിയില്ലങ്ങള്‍ സ്വയംവരിച്ച പട്ടിണി യുടേയും  ദാരിദ്ര്യത്തിന്‍റേയും സ്വാഭാവിക ചുറ്റുപാടിലേയ്ക്കാണ് രണ്ട് ലോകമഹായുദ്ധ ങ്ങളും ആഗോള സാമ്പത്തിക മാന്ദ്യവും കൊണ്ടുവന്ന ക്ഷാമം അതിഥിയായെത്തുന്നത്. . ‘റേഷന്‍കാലത്ത് കടുത്ത മണ്ണെണ്ണക്ഷാമം അനുഭവപ്പെട്ടപ്പോള്‍ ഒരു നാട്ടറിവ് പരീക്ഷിച്ചു നോക്കി.കടലാവണക്കിന്‍കുരു ഈര്‍ക്കിലില്‍ കോര്‍ത്ത് തിരികളാക്കി ഉണക്കിവെയ്ക്കും.അതു കത്തിച്ചുവെച്ചാല്‍ കുറെ സമയത്തേയ്ക്ക് വെളിച്ചം കിട്ടും.’ വളരെ മുതിര്‍ന്ന തലമുറയില്‍ ചിലര്‍ക്കെങ്കിലും നേരിയ ഓര്‍മ്മ ഉണ്ടായേയ്ക്കാവുന്ന വിദൂര ഭൂതകാലം. വര്‍ത്തമാനപത്രം പോലും കാണാതെ ഗ്രാമത്തില്‍ വളര്‍ന്ന കുട്ടി, ഹൈസ്കൂള്‍ പഠനത്തിന് കോഴിക്കോട് എത്തിക്കഴിഞ്ഞാണ്, ഇരുപതാം നൂറ്റാണ്ട്, രാജ്യത്തും ലോകത്തും കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ച് അറിയുന്നത്- അതില്‍ ചെറിയ തോതില്‍ ഭാഗഭാക്കായിത്തുടങ്ങുന്നത്. ‘അഴിച്ചിട്ടാല്‍ പിന്നില്‍ മുട്ടിറങ്ങിക്കിടക്കുന്ന മുടി മുറിച്ചുകൊണ്ടാരംഭിച്ച ആ യാത്ര ഒരുപക്ഷേ ഒരു രണ്ടാം ജന്മമായിരിക്കാം.’ എന്ന്‍ കക്കാടിന്‍റെ  ആത്മനിരീക്ഷണം ! സമുദായത്തിലെ മൊത്തം കൌമാരങ്ങളെ വിലയിരുത്താനുള്ള ശ്രമമായി അതിനെ കണ്ടാലും തെറ്റില്ല.  . ‘ചേലപ്പുതപ്പും മറക്കുടയും ഉപേക്ഷിച്ച് സമുദായപ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങിയ പാര്‍വതി നെന്മിനിമംഗലം, ആര്യാപള്ളം എന്നീ അന്തര്‍ജനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, വി.ടി ഭട്ടതിരിപ്പാടിന്‍റെ അടുക്കളയില്‍നിന്ന്‍ അരങ്ങത്തേയ്ക്ക് എന്ന നാടകം സമുദായത്തില്‍ സൃഷ്ടിച്ച കൊടുങ്കാറ്റ്, എം.ആര്‍.ബി……. , എം.പി. ഭട്ടതിരിപ്പാട്….. എന്നിവരുടെ വിധവാവിവാഹം, കുമ്മിണി രാമന്‍ നമ്പൂതിരി ……………, പാണ്ടം വാസുദേവന്‍ നമ്പൂതിരി എന്നിവരുടെ ‘പരിവേദനവിവാഹം’, ഹരിജനങ്ങള്‍ക്ക് ക്ഷേത്രപ്രവേശനാനുവാദത്തിനുവേണ്ടിയുള്ള വൈക്കം സത്യാഗ്രഹം, സ്വാതന്ത്ര്യസമരമുന്നേറ്റങ്ങള്‍ ……………’ : ‘നമ്പൂതിരിയെ മനുഷ്യനാക്കുക’ എന്ന ഓങ്ങല്ലൂര്‍ യോഗക്ഷേമ സഭയുടെ മുദ്രാവാക്യം യുവതയുടെ ചെവിയിലെത്തിക്കാന്‍ പോന്നതായിരുന്നു, പശ്ചാത്തലം. സ്വാതന്ത്ര്യപ്രാപ്തിയേയും തുടര്‍ന്നുണ്ടായ ഗാന്ധിജിയുടെ വധത്തേയും കുറിച്ച് കക്കാടിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചിരിക്കുന്നത് ഇങ്ങനെ: ‘സ്വാതന്ത്ര്യലാഭം വലിയൊരാമോദമായിരുന്നു.ഗാന്ധിജിയുടെ വധം അത്രയും തന്നെ തളര്‍ത്തിയ ആഘാതവും.പുത്തനധികാരത്തിന്‍റെ സിംഹാസനലഹരി നമ്മുടെ സ്വതന്ത്രഭാരത ഭരണ സംവിധാനത്തെ എത്ര ഉദാസീനവും നിരര്‍ത്ഥകവുമാക്കിത്തീര്‍ത്തു എന്ന അമ്പരപ്പിലേയ്ക്കാണ് പല ചെറുപ്പക്കാരോടൊപ്പം ഞാനുണര്‍ന്നത്. നൂല്‍ നൂല്‍ക്കാതെ തന്നെ ഖാദിവസ്ത്രം കിട്ടും എന്ന അറിവ്, സിംഹാസനത്തിനു ചുറ്റും കൂടുന്ന പുതിയ വിലപിടിച്ച കൂട്ടത്തെ, ഖാദിയുടെ പുതിയ മാന്യതയെ മനസ്സിലാക്കിത്തന്നു. അതോടെ ഖാദി ഉപേക്ഷിച്ചു…………….’ ‘എതിര്‍ക്കാന്‍ വേണ്ടി ഇതുവരെ ശ്രദ്ധാപൂര്‍വ്വം പഠിച്ച മാര്‍ക്സിയന്‍ ദര്‍ശനം ഈ നിറഞ്ഞ ഇരുട്ടില്‍ പ്രയോജനപ്പെട്ടു.’ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട്, കോണ്‍ഗ്രസ് കക്ഷിയുമായി ചേര്‍ന്നോ അവരുടെ വിശ്വാസപ്രമാണങ്ങള്‍ അനുസരിച്ചോ ഉള്ള പ്രവര്‍ത്തനം ആദര്‍ശ – സംശുദ്ധരാഷ്ട്രീയമായി കണക്കാക്കപ്പെട്ടിരുന്നു. യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിലെ ഒരാള്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനാകുന്നത് ഗ്രാമപ്രദേശങ്ങളില്‍ വിശേഷിച്ചും ഒരു വല്ലാത്ത വഴി തെറ്റലായിരുന്നു. ‘ആന പോകുന്ന പൂമരത്തിന്‍റെ ചോടേ പോകുന്നതാരെടാ ആരാനുമല്ല കൂരാനുമല്ല കക്കാട്ടില്ലത്തെ നമ്പൂരി’ എന്ന്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് തെരഞ്ഞെടുപ്പിലെ മാര്‍ക്സിസ്റ്റ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയെ ഗ്രാമം പരിഹസിച്ചു. ആനയായിരുന്നു തെരഞ്ഞെടുപ്പ് ചിഹ്നം ! ശ്രീദേവി കക്കാടിന്‍റെ പുസ്തകം വെറും ഒരനുസ്മരണം എന്ന അവസ്ഥയില്‍ നിന്ന്‍ എങ്ങനെ മാറിനില്‍ക്കുന്നു എന്ന് വ്യക്തമാക്കാനാണ് ഇത്രയും എഴുതിയത്. കക്കാടിന്‍റെ കാവ്യരചനയെ കുറിച്ച് പ്രതിപാദിക്കുമ്പോള്‍, സമാന്തരമായി അന്നത്തെ മലയാളസാഹിത്യരംഗവും പശ്ചാത്തലത്തില്‍ വരുന്നുണ്ട്. എന്‍.വി.കൃഷ്ണവാരിയര്‍,എം.എസ്.മേനോന്‍, എം.ആര്‍.ബി., ഒളപ്പമണ്ണ, കെ.പി.ശങ്കരന്‍, എം.ആര്‍ ചന്ദ്രശേഖരന്‍, എ.പി.പി.നമ്പൂതിരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി തുടങ്ങിയവരുടെ ഉത്സാഹത്തില്‍, പലയിടത്തായി നടന്ന, നാലും അഞ്ചും ദിവസം നീണ്ട, സാഹിത്യസമിതി ക്യാമ്പുകളെകുറിച്ചും, അന്നവയില്‍ പങ്കെടുത്ത  ചിലരിലെങ്കിലും ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പരാമര്‍ശങ്ങള്‍ കാണാം. വിശേഷിച്ച് ഒന്നുമില്ലാത്ത ‘സംഭവ’ങ്ങള്‍, വായനക്കാരില്‍ കൌതുകമുണര്‍ത്തുന്ന വിധം ഗ്രന്ഥകര്‍ത്രി അവതരിപ്പിക്കുന്നതിന് ഒരുദാഹരണം: പാലക്കാട്ട് നല്ലനിലയില്‍ നടന്നിരുന്ന സി.കെ.മൂസ്സത് ടൂട്ടോറിയലിന്‍റെ കോഴിക്കോട് ശാഖയില്‍ ജോലിയിലായിരുന്നു കക്കാട്. ‘എന്തോ കാര്യത്തിനായി ഞാന്‍ നാട്ടില്‍ പോയി. അന്ന് തനിയെ യാത്ര പതിവില്ല. തിരികെ കൂട്ടിക്കൊണ്ടുപോകാന്‍ വരാമെന്നു പറഞ്ഞ ആളെ കാണാനില്ല. വന്നപ്പോള്‍ പറഞ്ഞത്, ‘എം.ബി.യിലെ രണ്ടദ്ധ്യാപകര്‍ പെട്ടെന്ന് ലീവെടുത്ത് പോയി…എക്സ്ട്രാ ക്ലാസ് എടുക്കേണ്ടിവന്നു..അതാണ്‌ വരാന്‍ വൈകിയത്’ – ആ അദ്ധ്യാപകര്‍ എം.ടി.യും പ്രമീള ടീച്ചറുമായിരുന്നു.’. ഉറൂബ്, തിക്കോടിയന്‍, അക്കിത്തം, കെ.എ..കൊടുങ്ങല്ലൂര്‍ തുടങ്ങിയവരുടെ സഹപ്രവര്‍ത്തകനായി കക്കാട്, ആകാശവാണിയുടെ കോഴിക്കോട് നിലയത്തില്‍ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവസ്മരണകളിലും ഫലിതബോധവും ചെറിയ തോതിലെങ്കിലുമുള്ള ചരിത്രാഖ്യാനവും കാണാം: ‘1950 ലായിരുന്നു കോഴിക്കോട് ആകാശവാണി നിലയത്തിന്‍റെ ഉദ്ഘാടനം. അന്ന്‍ ഉദ്ഘാടകനായ മഹാകവി വള്ളത്തോള്‍ ‘ഈ പ്രക്ഷേപണകേന്ദ്രം ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു.’ എന്നു പ്രഖ്യാപിക്കുമ്പോള്‍ മഹാകവിക്കൊരു നാക്കുപിഴ ‘ഈ പ്രക്ഷോഭണകേന്ദ്രം’ എന്ന് പറഞ്ഞുപോയത്രെ.’ ഉടനെ തിരുത്തുകയും ചെയ്തു. ചരിത്രത്തില്‍ ആദ്യമായി ഒരു പ്രക്ഷോഭണം നടന്നപ്പോള്‍ മഹാകവിയുടെ വാക്കിന് അറം പറ്റി എന്ന്‍ ഒരു രസികന്‍ നിരീക്ഷിക്കുകയുണ്ടായി.’ ‘മാതൃഭൂമി പത്രത്തില്‍ നമ്പൂതിരിയുടെ ‘നാണിയമ്മയും ലോകവും’ എന്ന പോക്കറ്റ് കാര്‍ട്ടൂണില്‍ സമരത്തെ ‘അവകാശവാണി’ എന്നാണ് പരാമര്‍ശിച്ചത്.’ ‘ഇക്കാലത്തിനിടയ്ക്ക് ആകാശവാണിയില്‍ പല മാറ്റങ്ങളുമുണ്ടായി..പണ്ട് ഫ്രഞ്ചുകാരുടെ ആസ്ഥാനമായിരുന്ന പഴയ ആകാശവാണികെട്ടിടത്തിനു പകരം ആധുനികസൌകരങ്ങളുള്ള പുതിയ മൂന്നുനിലക്കെട്ടിടവും കൂടുതല്‍ സജ്ജീകരണങ്ങളോടുകൂടിയ സ്റ്റൂഡിയോകളും ഉണ്ടായി. തല്‍സമയ പ്രക്ഷേപണത്തിനു പകരം പരിപാടികള്‍ മുന്‍കൂട്ടി റെക്കോഡ് ചെയ്യാനും എന്തെങ്കിലും തെറ്റു പറ്റിപ്പോയാല്‍ തിരുത്താനുമുള്ള സംവിധാനവും ആയി……’ ദേശാഭിമാനിയിലും പിന്നീട് മാതൃഭൂമിയിലും പ്രൂഫ്‌ റീഡറായി ജോലി ചെയ്തിരുന്ന സ്വന്തം ജോലിക്കാലത്തെ കുറിച്ചുള്ള ആനുഷംഗിക പരാമര്‍ശങ്ങളുമുണ്ട്. കവിതയും രാഷ്ട്രീയവും ആകാശവാണിയിലെ പരിപാടികളുമായി കഴിയുന്നതിന്നിടെയാണ്, മാറാത്ത ചുമയായും പിന്നീട് തൊണ്ടവേദനയായും കടന്നുവന്ന, എപിഗ്ലോട്ടിസിലെ അര്‍ബുദം രംഗം കയ്യേറുന്നത്… ‘…………………………………, നീയെ- ന്നണിയത്തു തന്നെ നില്‍ക്കു, ഇപ്പഴങ്കൂ_ ടൊരു ചുമയ്ക്കടിയിടറി വീഴാം ‘ എന്നും ‘വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി- ക്കുറവുണ്ട്,………………………………..’ എന്നും തുടങ്ങുന്ന സഫലമീയാത്രയെ കുറിച്ച് എഴുത്തുകാരി പറയുന്നതിങ്ങനെ: ‘രോഗാവസ്ഥയില്‍ എഴുതപ്പെട്ടത് എന്ന ഒരു പൊതുധാരണ ‘സഫലമീയാത്ര’യെപ്പറ്റി പ്രചരിച്ചിട്ടുണ്ട്. രോഗമെന്താണെന്ന് സ്ഥിരീകരിക്കുന്നതിനു മാസങ്ങള്‍ക്ക് മുന്‍പ് സാമാന്യേന സാധാരണ ജീവിതം നയിക്കുന്ന കാലത്ത്, 1981 ഡിസംബറില്‍, ആകാശവാണിയില്‍ ‘സ്വന്തം കവിത’ വിഭാഗത്തില്‍ അതു പ്രക്ഷേപണം ചെയ്തിരുന്നു. അപ്പോള്‍ ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ പോലും രോഗവിവരം അറിഞ്ഞിരുന്നില്ല..എന്നാല്‍ 1982ലെ മാതൃഭൂമി ഓണപ്പതിപ്പില്‍ കവിത അച്ചടിച്ചു വന്നപ്പോഴാകട്ടെ അദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തൊണ്ടയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്‍ററില്‍ റേഡിയേഷന്‍ ചികിത്സയിലായിരുന്നു.’ വേദനയുടേയും ദുരിതത്തിന്‍റേയും അവസാന നാളുകളെ കുറിച്ചെഴുതുമ്പോള്‍ തികഞ്ഞ മനോനിയന്ത്രണവും ഇരുത്തം വന്ന ഒരെഴുത്തുകാരിയുടെ കൈയടക്കവും പാലിക്കുന്നുണ്ട് ശ്രീദേവി കക്കാട് എന്ന് നിരീക്ഷിക്കാതെ വയ്യ. കക്കാടിന്‍റെ അപ്രകാശിത കവിതകളും സുഹൃത്തുകളുടേയും മക്കളായ ശ്രീകുമാറിന്‍റേയും ശ്യാമിന്‍റേയും ഓര്‍മ്മക്കുറിപ്പുകളും വിഷ്ണുനാരായണന്‍ നമ്പൂതിരി എഴുതിയ ഉപക്രമവും പുസ്തകത്തിന്‍റെ സ്വഭാവത്തോട് ചേര്‍ന്ന് പോകുന്നു . ആര്‍ദ്രമീ ധനുമാസരാവില്‍. read more 
http://malayalanatu.com/archives/2657